Slider

വൈദേഹി - Part 19

0


അദ്ധ്യായം പത്തൊൻപത്
രാഷ്ട്രീയത്തിലെ അതികായനായ ചെല്ലപ്പൻ മാഷാണ് പള്ളിപ്പുഴയിൽ ഇലക്ഷന് നിൽക്കുന്നതെന്ന് ജനസംസാരം തുടങ്ങിയിട്ട് രണ്ടു ദിവസമായി.
ചെല്ലപ്പൻ മാഷിന്റെ പ്രസംഗം ആണ് ആളുകളെ പിടിച്ചിരുത്തുന്നത്...പാവപ്പെട്ടവന്റെ മനോവികാരം മനസ്സിലാക്കിയുള്ള അയാളുടെ പ്രസംഗം കേൾക്കുവാൻ ആളുകൾ തടിച്ചു കൂടുന്നത് പാർട്ടിക്ക് എന്നും ആവേശം നൽകിയിരുന്നു.
"ഡാ...കിളവന്റെ പ്രസംഗം ഇന്ന് ചന്തക്കവലയിൽ ഉണ്ട്... നീ അറിഞ്ഞോ?"
അപ്പു കീരുവിനെ വിളിച്ചു.
"എത്ര മണിക്കാണ്?" കീരു ചോദിച്ചു .
"വൈകുന്നേരം അഞ്ചു മണിക്ക്"അപ്പു പറഞ്ഞു.
"കൊളാക്കണ്ടേ?"
"കൊളം ആക്കിയാൽ മാത്രം പോരെ...കിളവൻ ഇനി ഈ മണ്ഡലത്തിൽ കാലുകുത്തുവാൻ പാടില്ല."
"പിള്ളേർ റെഡിയല്ലേ?"
"റെഡിയാണ്...പക്ഷെ എല്ലാം നല്ല തീറ്റയാണ്..
കുറെ പണം ചിലവാകും" അപ്പു പറഞ്ഞു.
"സാരമില്ല...രാഹുൽ ബ്രോ മന്ത്രിയാകുമ്പോൾ നമുക്ക് കണക്കു പറഞ്ഞു മേടിക്കാം"
അധികാര മോഹം തൊട്ടുതീണ്ടിയില്ലെന്നു പറഞ്ഞു നടന്ന ചെല്ലപ്പൻ മാഷ് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ പാർട്ടിയുടെ യുവജന വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു...എന്നാൽ ജയന്തിയോടും വിഷ്ണുവിനോടും എതിർത്ത രാഹുലിനുണ്ടായ അനുഭവം അവരെ തീർത്തും നിശ്ശബ്ദരാക്കി.
നാമനിർദ്ദേശ പത്രിക നൽകുന്നതിന് ഇനി ഒരു മാസം ഉണ്ടെങ്കിലും ചെല്ലപ്പൻ മാഷ് പ്രചരണം നേരത്തെതന്നെ തുടങ്ങിയിരുന്നു.
കൃത്യം നാലരക്ക് തന്നെ ചെല്ലപ്പൻ മാഷ് യോഗസ്ഥലത്തേക്കു തിരിച്ചു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ വല്ലാത്ത ട്രാഫിക് ബ്ലോക്ക്‌!!!!
"എടൊ....അഞ്ചുമണിയാകുവാൻ പത്തുമിനിറ്റ് കൂടിയേ ഉളളൂ.. വേഗം വിട്ടോ" ചെല്ലപ്പൻ മാഷ് തിരക്കുകൂട്ടി.
"ട്രാഫിക് ബ്ലോക്ക്‌ ആണ് മാഷെ...മുന്നോട്ട് ഒരിഞ്ചു പോലും നീങ്ങുകയില്ല" ഡ്രൈവർ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടിയുടെ എഞ്ചിൻ ഓഫ് ചെയ്തു.
ചെല്ലപ്പൻ മാഷ് കാറിൽ നിന്നും പുറത്തിറങ്ങി.....തന്റെ പടം വെച്ച ഫ്ലക്സ് പാർട്ടിക്കാർ നേരത്തെ തന്നെ പള്ളിപ്പുഴയുടെ പലഭാഗങ്ങളിലും പ്രദർശിപ്പിച്ചു തുടങ്ങിയിരുന്നു.
കുറെ ആളുകൾ ഒരു ഫ്ളക്സിന് മുന്നിൽ കൂടിനിൽക്കുന്നതുകണ്ട ചെല്ലപ്പൻ മാഷ് അങ്ങോട്ട് നടന്നു.
ഒരു ഊശാൻ താടിവെച്ച ഒരാളുടെ പടമായിരുന്നു ആ ഫ്ലെക്സിൽ മാഷ് കണ്ടത്.
നമ്മുടെ സ്ഥാനാർത്ഥി കിച്ചുവിനെ വിജയിപ്പിക്കുക....ഫ്ലെക്സിൽ വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു.
"ആരാണ് ഈ കിച്ചു..?" ചെല്ലപ്പൻ മാഷ് അടുത്തു കണ്ട തട്ടുകടക്കാരനോട് ചോദിച്ചു.
"മാഷെ....അതാണ് കിച്ചു....നമ്മുടെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്" കടക്കാരൻ ഭവ്യതയോടെ പറഞ്ഞു.
'നമ്മുടെ' എന്ന് കടക്കാരൻ പറഞ്ഞത് മാഷിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
"ഇവനൊന്നും വേറെ പണിയില്ലേ?" മാഷ് ചോദിച്ചു.
"അയ്യോ...അങ്ങിനെ പറയുവാൻ സാധിക്കില്ല. അവരുടെ പ്രകടനം കണ്ടില്ലേ?...
അതാണ് വഴി ബ്ലോക്ക്‌ ആയിരിക്കുന്നത്."
കടക്കാരൻ പറഞ്ഞു.
"നൂറു കണക്കിന് ബൈക്കല്ലേ പ്രകടനത്തിന് വന്നിരിക്കുന്നത്....എല്ലാം ചെറുപ്പക്കാർ ആണ്"
ചായ കുടിച്ചുകൊണ്ടിരുന്ന ഒരാൾ പറഞ്ഞു.
ചെല്ലപ്പൻ മാഷിന്റെ മനസ്സിൽ ചെറിയ ഒരു അസ്വസ്ഥത തോന്നി...
മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ അയാൾ നോക്കി. ജിഷ്ണു ആണ്.
"മാഷ് മൈതാനത്ത് എത്തിയോ?"ജിഷ്ണു ചോദിച്ചു.
"ഇല്ല....ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടുപോയി..ഏതോ ഒരു കിച്ചുവിന്റെ പ്രകടനം നടക്കുന്നു" ചെല്ലപ്പൻ മാഷ് പറഞ്ഞു.
"മാഷെ മീറ്റിംഗ് ക്യാൻസൽ ചെയ്യുവാൻ സാധിക്കുമോ?" ജിഷ്ണു ചോദിച്ചു.
"താൻ എന്താണ് പറയുന്നത്?..,മീറ്റിംഗ് ക്യാൻസൽ ചെയ്യുവാനോ? അതിന്റെ ആവശ്യം എന്താണ്? എന്റെ പ്രസംഗം കേൾക്കുവാൻ തടിച്ചു കൂടിയവരോട് പാർട്ടിക്കാർ എന്തു പറയും?"ചെല്ലപ്പൻ മാഷിന് ദേഷ്യം വന്നു.
"മാഷെ...സ്ഥാനാർത്ഥി നിർണയത്തിൽ ഒരു കൺഫ്യൂഷൺ പറ്റി. മാഷിന് കുറ്റിപ്പുഴ തന്നാലോ എന്ന് ഒരു ആലോചന"ജിഷ്ണു പറഞ്ഞു.
"അതങ്ങു പള്ളിയിൽ പറഞ്ഞാൽ മതി...ഞാൻ പള്ളിപ്പുഴയിൽ തന്നെ നിൽക്കും... എന്നോടിത് പറയുവാൻ തനിക്ക് ധൈര്യം വന്നതെങ്ങനെ"
മാഷ് കലിതുള്ളി.
"മാഷെ....ചെറിയ പ്രശ്നമുണ്ട്...
പള്ളിപ്പുഴ രാഹുൽ ചോദിച്ചിരിക്കുകയാണ്" ജിഷ്ണു പറഞ്ഞു...
"ഹാ...തനിക്കെന്താണ് തലയിൽ കളിമണ്ണ് ആണോ? സിറ്റിയിൽ തെണ്ടി നടക്കുന്ന അവന്‌ സീറ്റ് നൽകേണ്ട ആവശ്യമെന്താണ്?" മാഷ് ചോദിച്ചു.
"മാഷെ...സിറ്റിയിൽ തെണ്ടി നടന്നാലും അവന്റെ പിറകിൽ ധാരാളം ആളുകൾ ഉണ്ട്...ഇപ്പോൾ ട്രാഫിക് ബ്ലോക്ക്‌ ആയ പ്രകടനം കണ്ടോ? അത് അവന്റെ ആൾക്കാരാണ്" ജിഷ്ണു പറഞ്ഞു.
"താൻ പോടോ...അത് സ്വതന്ത്രൻ കിച്ചുവിന്റെ ആൾക്കാരാണ്"ചെല്ലപ്പൻ മാഷിന് ജിഷ്ണുവിനോട് വല്ലാത്ത കാലിയാണ് തോന്നിയത്...
"കിച്ചുവും കൊച്ചുവും എല്ലാം അവന്റെ ആൾക്കാർ തന്നെ...മാഷ് ഇന്ന് മീറ്റിങ്ങിന് പോകാതിരിക്കുകയായിരിക്കും ഭംഗി" ജിഷ്ണു പറഞ്ഞു.
ചെല്ലപ്പൻ മാഷിന്റെ നിയന്ത്രണം വിട്ടു.
"എടൊ.....താനൊക്കെ പുതുവെള്ളത്തിലെ പരൽ മീനുകൾ ആണ്...ഈ ചെല്ലപ്പൻ ഈ പണി തുടങ്ങിട്ടു വർഷം അറുപത്തിയഞ്ച് ആകുന്നു.."
"മാഷെ...ഞാൻ പറയുന്നത് ഒന്ന്‌ കേൾക്കൂ.."
"താൻ ഒന്നും പറയേണ്ട....ഞാൻ ചന്തക്കവലയിൽ ഇന്ന് പ്രസംഗിക്കും....പള്ളിപ്പുഴയിൽ നോമിനേഷൻ കൊടുക്കുകയും ചെയ്യും....
എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കാണാം" മാഷ് ഫോൺ കട്ട് ചെയ്തു.
മാഷ് വീണ്ടും കാറിൽ കയറി....
കാറിന്റെ മുൻവശത്തും പിൻ ഭാഗത്തും ബൈക്കുകളുടെ നീണ്ട നിരയാണ് അയാൾക്ക്‌ കാണുവാൻ സാധിച്ചത്!!!
അയാൾ ചന്തക്കവലയിലെ മൈതാനത്ത് എത്തിയപ്പോൾ സമയം എട്ടു മണി...
പകുതിയിലധികം ആളുകൾ പിരിഞ്ഞു പോയിരുന്നു.....റെവല്യൂഷനറിക്കാർ മാത്രം അവിടെ ചുറ്റിപ്പറ്റി നിന്നു.
"എന്തു പറ്റി....ആളുകൾ ഇല്ലാതെ പ്രസംഗിച്ചിട്ട് എന്തുകാര്യം?....ഞാൻ താമസിക്കുമെന്നു പറഞ്ഞു ആളുകളെ പിടിച്ചു നിർത്താൻ നോക്കാത്തതെന്താണ്?"
മാഷ് കമ്മറ്റിക്കാരനോട് ചോദിച്ചു.
"ആളുകൾ ഇവിടെ ധാരാളം തടിച്ചു കൂടിയിരിന്നു.അപ്പോഴാണ് ന്യൂജെൻകാരുടെ പ്രകടനം വന്നത്..." കമ്മറ്റിക്കാരൻ പറഞ്ഞു.
"അനുജന്റെ പ്രകടനമോ?" ചെല്ലപ്പൻ മാഷ് ചോദിച്ചു.
"അനുജൻ അല്ല...ന്യു ജെനെറേഷൻ പിള്ളേർ..നല്ല രസമായിരുന്നു....ഡാൻസും പാട്ടും എല്ലാം ഉണ്ടായിരുന്നു.....ഇവിടെ ഉണ്ടായിരുന്നവരെല്ലാം അവരുടെ പിറകെ പോയി....മാഷ് വരുന്നത് കൊണ്ട് മാത്രമാണ് ഞാൻ പോകാത്തത്" കമ്മറ്റിക്കാരൻ പറഞ്ഞു.
മീറ്റിംഗ് തുടങ്ങിയപ്പോൾ ഒറ്റക്കും പെട്ടെക്കും ആളുകൾ വരുവാൻ തുടങ്ങി...ചെല്ലപ്പൻ മാഷിന് ആവേശം കുറേശ്ശേ കൂടിത്തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ സദസ്സിന്റെ ഒരു മൂലക്കുനിന്നു കൂവലുകൾ ഉയർന്നു....താൻ അബദ്ധം ഒന്നും പറഞ്ഞില്ലല്ലോ? മാഷ് ഓർത്തു.
മാഷ് അധ്യക്ഷനെ നോക്കി...
അയാൾ മാഷിനോട് തുടർന്നുകൊള്ളാൻ പറഞ്ഞു. കമ്മറ്റിക്കാരൻ കൂവൽ ഉയർന്ന ഭാഗത്തേക്ക്‌ ഓടിപ്പോയി.
വീണ്ടും കൂവലുകൾ ഉയർന്നു...കുറെ ചെറുപ്പക്കാർ പ്ലക്കാഡുകൾ ഉയർത്തിപ്പി ടിച്ചിരിക്കുന്നു.
ചെല്ലപ്പൻ മാഷിന് ദേഷ്യം വന്നു...
അയാളും മൈക്കിലൂടെ ഉറക്കെ കൂവി..
മൂലയിൽ നിന്നുള്ള കൂവൽ നിന്നു.
കമ്മറ്റിക്കാർ ഓടി വന്നു ചെല്ലപ്പൻ മാഷിന്റെ ചെവിയിൽ പറഞ്ഞു.
"മാഷെ സംഗതി അപകടമാണ്...മാഷ് ചെയ്ത അഴിമതിയാണ് അവർ പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത്. പത്രക്കാർ അങ്ങോട്ട് പോയിട്ടുണ്ട്."
ചെല്ലപ്പൻ മാഷിന് കലിയിളകി....അയാൾ മുണ്ട് മടക്കികുത്തി വേദിയിൽ നിന്നും ഇറങ്ങി.
തിടുക്കത്തിൽ കാറിൽകയറിയ അയാൾ ഡ്രൈവറോട് പറഞ്ഞു.
"വേഗം...ജിഷ്ണുവിന്റെ വീട്ടിൽ നമുക്ക് പോകണം"
ചെല്ലപ്പൻ മാഷ് ഒരു ഭൂലോക തോൽവി ആയി എന്നവിധത്തിലുള്ള വാർത്തകൾ മുൻപേജിൽ തന്നെ പിറ്റേദിവസം പ്രമുഖ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ന്യൂജെൻ പ്രകടനങ്ങൾ പത്രക്കാർ ഒരു ആഘോഷമാക്കി.
ഇതുകണ്ട് ആവേശം മൂത്ത കേരളത്തിലെ മറ്റു സ്ഥലങ്ങളിലുള്ള ന്യൂജെൻസ് കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി.
ചെല്ലപ്പൻ മാഷിനെ സമാധാനമായി പ്രസംഗിക്കുവാൻ ന്യൂജെൻ ഒരിക്കലും അനുവദിച്ചില്ല.
സംസ്ഥാനത്തു ന്യുജെൻ ഒരു തരംഗമായി മാറുവാൻ ദിവസങ്ങൾ വേണ്ടിവന്നില്ല.അഴിമിതിക്കെതിരെ ന്യുജെൻസിന്റെ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണ് ലഭിച്ചത്.
പരമ്പരാഗത രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ചു സംസ്ഥാനത്തെ രക്ഷിക്കുവാനും പുതിയൊരു മൂവേമെന്റ് ഉണ്ടാക്കുവാനും കിച്ചുവിനും കൂട്ടർക്കും സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ന്യുജെൻ പാർട്ടിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു.
റെവല്യൂഷനറി പാർട്ടിയിലെ ന്യുജെൻസ് അവരുടെ ആവശ്യങ്ങൾ കമ്മറ്റിയിൽ പറയുവാൻ ധൈര്യം കാണിച്ചു.സ്ഥാനാർത്ഥി പട്ടിക പൊളിച്ചെഴുതണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുവാൻ അധികം താമസം വേണ്ടിവന്നില്ല.!!"
ന്യുജെൻസിനെ ഇളക്കിവിട്ടതിനു പാർട്ടിയിലെ തലമൂത്ത കാരണവന്മാർ ജിഷ്ണുവിനെ കുറ്റപ്പെടുത്തുവാൻ തുടങ്ങി.
കിച്ചുവിന്റെ നേതൃത്വത്തിൽ ന്യുജെൻ ഡെമോക്രാറ്റിക്‌ മൂവേമെന്റ് എന്ന സംഘടന രൂപം കൊണ്ടപ്പോൾ റെവല്യൂഷനറി പാർട്ടിയിലെ ചെറുപ്പക്കാർ പാർട്ടിയിൽ പുതിയ ഡിമാന്റുകൾ വെക്കുവാൻ തുടങ്ങി. ജിഷ്ണുവിനോടും ജയന്തിയോടും എതിർപ്പുണ്ടായിരുന്നവർ ഈ അവസരം നോക്കി പതുക്കെ തലപൊക്കുവാൻ നോക്കി.
മറ്റു പാർട്ടികളിൽ നിന്നും ന്യുജെനിലേക്കുള്ള ഒഴുക്ക് തുടർന്നുകൊണ്ടിരുന്നു.
പള്ളിപ്പുഴയിലെ സ്ഥാനാർത്ഥിയെ മാറ്റണമെന്ന ആവശ്യം പാർട്ടിയിലെ ന്യുജെൻസ് മുന്നോട്ട് വെച്ചു . മാത്രമല്ല മാഷ് നിന്നാൽ കിച്ചു അവരുടെ വോട്ടുകൾ മറിക്കുവാനുള്ള സാധ്യത പാർട്ടി തള്ളിക്കളഞ്ഞതുമില്ല. ന്യൂജെൻ മറ്റു മണ്ഡലങ്ങളിലെ വോട്ടുകൾ കൂടി മറിക്കുമോ എന്ന ഭയം പാർട്ടിയിൽ ഉണ്ടായി.
ന്യൂജെൻ പിള്ളേരെ സ്വാധീനിക്കുവാൻ രാഷ്ട്രീയ നേതാക്കൻമാർ നെട്ടോട്ടമാരംഭിച്ചു.
കുറച്ചു ദിവസംകഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.
പള്ളിപ്പുഴയിൽ ചെല്ലപ്പൻ മാഷിൻറെ സ്ഥാനത്തു രാഹുലിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു!!!!

(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo