നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 21



അദ്ധ്യായം ഇരുപത്തി ഒന്ന്‌
രാഹുലിന്റെ അറിവില്ലായ്മ പരമാവധി ചൂഷണം ചെയ്ത ചെല്ലപ്പൻ മാഷും മകൾ ജയന്തിയും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പാർട്ടിയിൽ ഉണ്ടായത്.
പള്ളിപ്പുഴയിൽ നിന്നും തന്നെ മാറ്റിയത് ഉപകാരമെന്നു
കരുതിയാണ് ചെല്ലപ്പൻ മാഷ് കുറ്റിപ്പുഴയിൽ തന്റെ പ്രചരണം ആരംഭിച്ചത്....എന്നാൽ അവിടെയും സ്ഥിതി വിഭിന്നമല്ലായിരുന്നു.
ചെല്ലപ്പൻ മാഷ് പ്രസംഗം തുടങ്ങിയാൽ അവിടെ പ്ലക്കാർഡുമായി ന്യുജെൻ എത്തുക ഒരു ഫാഷൻ ആയി തീർന്നു.
"ചെല്ലപ്പൻ മാഷ് ഞങ്ങളുടെ മണ്ഡലത്തിൽ പ്രസംഗിക്കുവാൻ വരേണ്ട" റെവല്യൂഷനറി പാർട്ടിയുടെ ചില സ്ഥാനാർത്ഥികൾ ജിഷ്ണുവിനോട് തുറന്നു തന്നെ പറഞ്ഞു.
"ഞാൻ അച്ഛനോട് പറഞ്ഞതല്ലേ മത്സരിക്കേണ്ടെന്ന്....ഇതുവരെയില്ലാത്ത പൂതി ഇപ്പോൾ തോന്നുവാൻ കാരണമെന്താണ്?" ജയന്തി ചെല്ലപ്പൻ മാഷിനോട് ചോദിച്ചു.
"ഇത്തവണ പാർട്ടി വൻഭൂരിപക്ഷത്തിൽ ജയിച്ചാൽ ഞാൻ അല്ലേ മുഖ്യമന്ത്രി.." ചെല്ലപ്പൻ മാഷ് പറഞ്ഞു.
"അപ്പോൾ ജിഷ്ണു..? ജയന്തി ചോദിച്ചു..
അച്ഛന്റെ പൂതി കൊള്ളാമെല്ലോ എന്ന് അവൾ മനസ്സിൽ ഓർത്തു.
"അവൻ ജയിച്ചിട്ടു വേണ്ടേ...അതിനുള്ള വഴികളൊക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്" ചെല്ലപ്പൻ മാഷ് അറിയാതെ പറഞ്ഞുപോയി.
"അതു നടക്കില്ല...എന്നെ വിവാഹം കഴിക്കുന്നത് മുഖ്യമന്ത്രി ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.." ജയന്തിക്ക് അച്ഛനോട് ഈർഷ്യ തോന്നി.
"ഞാൻ ഒരു തമാശ്ശ് പറഞ്ഞതല്ലേ? ജിഷ്ണു ജയിക്കുമെന്നുള്ളത് എനിക്ക് ഉറപ്പാണ്" മാഷ് പ്ലേറ്റ് തിരിച്ചുവെച്ചു.
ജയന്തിക്ക് അത് അത്ര തൃപ്തിയായില്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മാഷിന് മനസ്സിലായി.
വാർത്തയുടെ സമയമായപ്പോൾ ജയന്തി ടീവി യുടെ റിമോട്ട് കൈയ്യിലെടുത്തു
റെവല്യൂഷനറി പാർട്ടിയെ സപ്പോർട്ട് ചെയ്യുന്ന ചാനൽ തന്നെ അവൾ തിരഞ്ഞെടുത്തു.
ന്യൂജെൻ മുന്നേറ്റത്തെക്കുറിച്ചായിരുന്നു വാർത്തയിൽ കൂടുതലും വിവരിച്ചത്..
"തമിഴ് നാട്ടിലും ന്യൂജെൻ മുന്നേറ്റം എന്നാണല്ലോ വാർത്തയിൽ പറയുന്നത്" ബൈക്കുകളിൽ കറുത്ത കണ്ണടവെച്ചവരുടെ കൂറ്റൻ റാലി ടീവിയിൽ വീക്ഷിച്ചുകൊണ്ട് ജയന്തി പറഞ്ഞു.
"എല്ലാം അവന്റെ ആൾക്കാരാണ്....ആ രാഹുലിന്റെ" മാഷ് പറഞ്ഞു.
"രാഹുലിന്റെ എന്ന് പറയുവാൻ സാധിക്കില്ല..
അശ്വതിയുടെ ആൾക്കാരാണ് ന്യുജെൻ" ജയന്തി അതുപറഞ്ഞുകൊണ്ട് ടീവി ഓഫ് ചെയ്തു.
"എന്തു ചെയ്യണമെന്ന് എനിക്കറിയാം"അതും പറഞ്ഞു മാഷ് ഫോൺ കൈയ്യിലെടുത്തു.
"അച്ഛൻ ആരെയാണ് വിളിക്കുന്നത്? ജയന്തി ചോദിച്ചു.
"മുഖ്യമന്ത്രിയെ ഒന്ന്‌ വിളിക്കണം..രാഹുലിന്റെ വിളച്ചിൽ സ്വൽപ്പം കൂടുന്നുണ്ട്" മാഷ് പറഞ്ഞു.
"അച്ഛാ...അതു വേണോ?മുഖ്യമന്ത്രി നമ്മുടെ എതിർ കക്ഷിക്കാരനല്ലേ?" ജയന്തി ചോദിച്ചു.
"അതേ...പക്ഷെ അയാളും രാഹുലിന്റെ ശത്രു ആണ്....ന്യൂജെൻ അയാൾക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശത്രുവിന്റെ ശത്രുവിനെ മിത്രമായിട്ടു കാണുന്നതിൽ ഒരു തെറ്റുമില്ല" മാഷിന്റെ മുഖം വലിഞ്ഞു മുറുകി.
മാഷ് മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ എടുത്തില്ല...എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി മാഷിനെ തിരിച്ചു വിളിച്ചു.
അഴിമതികൾ മുഴുവനും ചെയ്തത് മാഷും ജയന്തിയും ചേർന്നായതുകൊണ്ട് തെളിവ് സഹിതമാണ് മാഷ് രാഹുലിന്റെ കഥകൾ മുഖ്യമന്ത്രിയോട് പറഞ്ഞത്..
അദ്ദേഹം എല്ലാം മൂളിക്കേട്ടതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
ഏതായാലും പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രി മാഷിന്റെ ആരോപണഖങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
അശ്വതി രാവിലെ അമ്മുവിനൊപ്പം പുറത്തേക്കിറങ്ങിയപ്പോൾ രാഹുൽ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു.അയാളുടെ വേഷം കണ്ടപ്പോൾ പുറത്തേക്ക് ഇറങ്ങുവാനുള്ള തയ്യാറെടുപ്പാണെന്ന് അവൾക്ക് തോന്നി.
"സ്വാമി എങ്ങോട്ടാണ്...കുളിച്ചു കുറിയും തൊട്ട് സുന്ദരനായിട്ടുണ്ടല്ലോ?"അവൾ ചോദിച്ചു.
"ഞാൻ ഇന്ന് റവന്യു വകുപ്പിൽ ജോയിൻ ചെയ്യുകയാണ്...."രാഹുൽ പറഞ്ഞു.
"രാഹുൽ ഇലക്ഷന് നിൽക്കുന്നില്ലേ?"അശ്വതി ചോദിച്ചു.
"ഇല്ല....എനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം...മാത്രമല്ല ഇനിയുള്ള കാലം എന്റെ സമയം കൂടുതലും എന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കണം" രാഹുൽ പറഞ്ഞു.
അശ്വതിക്ക് ചിരി വന്നുവെങ്കിലും അവൾ അത് പുറമെ കാണിച്ചില്ല.
"എല്ലാം...സ്വാമിയുടെ ഇഷ്ടം..ഞാൻ വേണമെങ്കിൽ സിറ്റിയിൽ ഡ്രോപ്പ് ചെയ്യാം" അശ്വതി ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
"വേണ്ട...മൂന്നുപേർ യാത്ര ചെയ്തു നീ നിയമം തെറ്റിക്കേണ്ട...ഞാൻ ബസ്സിന്‌ പൊയ്ക്കൊള്ളാം" രാഹുൽ പറഞ്ഞു.
രാഹുലിനെ കണ്ടപ്പോൾ തഹസീൽദാർ എഴുനേറ്റു നിന്നു.
"സാർ ഇരിക്കണം..."അയാൾ പറഞ്ഞു.
"സാർ ഞാൻ ഇവിടെ ജോലിക്ക് ജോയിൻ ചെയ്യുവാൻ വന്നതാണ്" രാഹുൽ പറഞ്ഞു.
"സാറിന്റെ പേര് ഞാൻ കണ്ടിരുന്നു..അത്രക്കും വേണമോ സാർ..."തഹസീൽദാർ ചോദിച്ചു.
"വേണം...എനിക്ക് ഒരു ജോലി ആവശ്യമാണ് എനിക്കും ജീവിക്കേണ്ടേ?"രാഹുൽ ചോദിച്ചു.
"സാർ ഇലക്ഷന് നിന്നാൽ തീർച്ചയായും ജയിക്കും....ചിലപ്പോൾ മന്ത്രിയും ആകും...ഈ ജോലി ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കുന്നതല്ലേ നല്ലത്" തഹസീൽദാർ ചോദിച്ചു....രാഹുലിന് കുറേശ്ശേ ദേഷ്യം വന്നുതുടങ്ങിയിരുന്നു.
"എനിക്ക് ഇപ്പോൾതന്നെ ജോയിൻ ചെയ്യണം"അയാൾ പറഞ്ഞു.
"സാർ...ചെറിയൊരു പ്രേശ്നമുണ്ട്.....സാറിനെ ഉടനെ ജോയിൻ ചെയ്യിപ്പിക്കേണ്ട എന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്" തഹസീൽദാർ പറഞ്ഞു.
"കാരണം?"രാഹുൽ ചോദിച്ചു.
"എനിക്കറിയില്ല സാർ.....റവന്യു മന്ത്രി നേരിട്ടു കലക്ടറോട് വിളിച്ചു പറഞ്ഞതാണ്"
രാഹുൽ അമ്പരപ്പോടെ തഹസീൽദാരെ നോക്കി.അയാൾ ചിരിച്ചുകൊണ്ട് ഇരുന്നതേയുള്ളൂ.
രാഹുൽ താലൂക്ക് ഓഫീസിൽ നിന്നും ഇറങ്ങി.
തന്നെ ഒരു രീതിയിലും ജീവിക്കുവാൻ മറ്റുള്ളവർ അനുവദിക്കുകയില്ലെന്ന് അയാൾക്ക് ബോധ്യം വന്നു.
ഇന്നല്ലെങ്കിൽ നാളെ തനിക്ക് ജോലിക്ക് ജോയിൻ ചെയ്യുവാൻ പറ്റുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു....എന്നാൽ താൻ ഒരു വേട്ട മൃഗമാണെന്ന തോന്നൽ അയാളെ വല്ലാതെ നൊമ്പരപ്പെടുത്തി.
സിറ്റിയിലൂടെ അലഞ്ഞു നടന്ന അയാൾ വീട്ടിലെത്തിയപ്പോൾ ചിത്രയും മുകുന്ദനും അയാളെ കാത്തുനിൽപ്പുണ്ടായിരുന്നു.
അവരുടെ വിലകൂടിയ കാർ റോഡിൽ പാർക്കുചെയ്തിരുന്നു.
"രാഹുൽ സാറെ...എന്നോട് ക്ഷമിക്കണം...പണം കണ്ടപ്പോൾ എന്റെ കണ്ണു മഞ്ഞളിച്ചുപോയി"
മുകുന്ദൻ പറഞ്ഞു.
"സാറിന്റെ സ്വത്തും പണവും തിരിച്ചു തരുവാനാണ് ഞങ്ങൾ വന്നത്" ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെന്താണ് ഇപ്പോൾ മുകുന്ദൻ ചേട്ടന് ഇങ്ങിനെ തോന്നുവാൻ? ...എന്റെ ഷെയർ ഞാൻ ചോദിച്ചപ്പോൾ എന്നെ ഗുണ്ടകളെ വിട്ടു തല്ലിക്കും എന്നല്ലേ അന്ന് ചേട്ടൻ പറഞ്ഞത്?" രാഹുൽ ചോദിച്ചു.
"സാർ....പഴയതെല്ലാം മറക്കണം....സാറിനർഘതപ്പെട്ടതു തിരിച്ചുമേടിക്കണം. എന്റെ മോൾ ഇന്ന് ലണ്ടനിൽ പോവുകയാണ്. സാറിന്റെ പണം ഞാൻ തിരിച്ചു തരാതെ അവൾ ലണ്ടന് പോവുകയില്ല എന്ന് പറഞ്ഞു വീട്ടിൽ വലിയ ബഹളമാണ്" മുകുന്ദൻ പറഞ്ഞു.പുറത്തേക്കു പോയ അയാൾ തിരികെ വന്നത് രണ്ട് കൂറ്റൻ പെട്ടികളുമായിട്ടാണ്.
"ഇത്‌ നിറച്ചും പണം ആണ്....സാർ ഇത്‌ സ്വീകരിക്കണം...."അയാൾ പെട്ടികൾ രാഹുലിന്റെ മുറിയുടെ ഉള്ളിൽ കയറ്റി വെച്ചു.
അപ്പോഴാണ് അശ്വതിയും മോളും വീട്ടിലേക്ക് കയറിവന്നത്...മുകുന്ദനെയും ചിത്രയെയും കണ്ട അശ്വതി ചിരിച്ചു....മുകുന്ദൻ അവളോട് വിവരങ്ങളെല്ലാം പറഞ്ഞു...
അശ്വതി അടുക്കളയിൽക്കയറി ചായ ഉണ്ടാക്കി അവർക്ക് കൊടുത്തു.
മുകുന്ദൻ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അശ്വതി പറഞ്ഞു.
"ചേട്ടൻ കൊണ്ടുവന്ന പെട്ടികൾ ചേട്ടൻ തന്നെ എടുത്തുകൊള്ളൂ"
'അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ്" മുകുന്ദൻ പറഞ്ഞു.
"മനസ്സിലായില്ല"
"രാഹുൽ സാർ മന്ത്രിയായിരുന്നപ്പോൾ എന്റെ പേരിലാണ് ബിസ്സിനെസ്സ് നടത്തിയിരുന്നത്.ആ പെട്ടികളിൽ വെറും ഇരുപത്തിയഞ്ച് ലക്ഷം രൂപ മാത്രമേ ഉളളൂ. ഇലക്ഷനല്ലേ.... പണത്തിന്റെ ആവശ്യം ധാരാളമുള്ള സമയമല്ലേ?"മുകുന്ദൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
അശ്വതി ചിരിച്ചില്ല..
അവൾ ആ പെട്ടികൾ രണ്ടും എടുത്തുകൊണ്ട് മുകുന്ദന്റെ കാറിനടുത്തേക്ക് നടന്നു . അമ്പരപ്പോടെ മുകുന്ദൻ അവളെ പിന്തുടർന്നു.
"മുകുന്ദൻ ചേട്ടൻ കാർ ഒന്ന്‌ തുറക്കാമോ?"
റിമോട്ട് ഉപയോഗിച്ചു മുകുന്ദൻ കാർ തുറന്നു.
അവൾ കാറിന്റെ ബാക്‌ഡോർ തുറന്ന് പെട്ടികൾ രണ്ടും കാറിനുള്ളിൽ വെച്ചു.
"അശ്വതി എന്താണ് ചെയ്യുന്നത്? ഇത് രാഹുൽ സാറിന്റെ പണം ആണ്" ചിത്ര പറഞ്ഞു.
"ഇത് രാഹുൽ അധ്വാനിച്ചുണ്ടാക്കിയ പണമാണെങ്കിൽ ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുമായിരുന്നു....അഴിമതിയിലൂടെ ലഭിച്ച പണം ഞങ്ങൾക്ക് ആവശ്യമില്ല" അശ്വതി പറഞ്ഞു.
ചിത്ര അശ്വതിയുടെ കൈകൾ കവർന്നുകൊണ്ടു പറഞ്ഞു.
"ഞങ്ങളുടെ കുറ്റബോധം മാറ്റുവാണെങ്കിലും നിങ്ങൾ ആ പണം സ്വീകരിക്കണം"
രാഹുൽ അവിടേക്ക് വന്നുവെങ്കിലും അയാൾ ഒന്നും സംസാരിച്ചില്ല.
"ഐ ആം സോറി...ചിത്ര.....നിങ്ങൾ അത് ആരെയെങ്കിലും സഹായിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ് ." അശ്വതി വീടിനകത്തേക്ക് നടന്നു.
മുകുന്ദനും ചിത്രയും കുറച്ചു സമയം ചുറ്റിപ്പറ്റി നിന്നതിനുശേഷം അവരുടെ വീട്ടിലേക്കു തിരിച്ചുപോയി.
"അവരോട് അങ്ങിനെ പെരുമാറിയത് മോശമായി പ്പോയി" വീടിനുള്ളിൽ കയറിയപ്പോൾ രാഹുൽ പറഞ്ഞു.
"രാഹുൽ ഇനിയും പഠിച്ചില്ലേ?നമ്മുടെ സമാധാനം കളയുന്ന ഒരു വസ്തുവും നമ്മുടെ വീട്ടിൽ വേണ്ട"
അശ്വതി അടുക്കളയിലേക്കു കയറിപ്പോയി.
അരമണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നു കാറുകൾ റോഡിൽ വന്നു നിന്നു...
അതിൽ നിന്നും ഇറങ്ങിയ ആളുകൾ തിടുക്കത്തിൽ അശ്വതിയുടെ വീട്ടിലേക്ക് നടന്നു.
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് കതക്‌തുറന്ന രാഹുലിനെ നോക്കി അവർ പറഞ്ഞു.
"ഇൻകം ടാക്സിൽ നിന്നും വന്നതാണ്...ഒരു സെർച്ച് വാറണ്ട് ഉണ്ടായിരുന്നു"
അവർ അകത്തേക്ക് നടക്കുമ്പോൾ രാഹുലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഒരേ സമയം മൂന്നു സ്ഥലങ്ങളിൽ ഇൻകം ടാക്സിന്റെ റെയ്ഡ് നടന്നു.
രാഹുലിന്റെ വീട്...
ചെല്ലപ്പൻ മാഷിന്റെ വീട്..
ജിഷ്ണുവിന്റെ വീട്...
രാഹുലിന്റെ വീട്ടിലെ പരിശോധന കഴിഞ്ഞപ്പോൾ മുതിർന്ന ഇൻകം ടാക്സിലെ ഉദ്യാഗസ്ഥൻ രാഹുലന്റെ അടുക്കൽ എത്തി.
"സോറി സാർ....ഇവിടെ കള്ളപ്പണം ഉണ്ടെന്ന് ഞങ്ങളെ ഒരാൾ രഹസ്യമായി അറിയിച്ചതുകൊണ്ടാണ് ഞങ്ങൾ വന്നത്"
അയാൾ പറഞ്ഞു.
രാഹുൽ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
ഉദ്യോഗസ്ഥർ പോയപ്പോൾ അയാൾ അടുക്കളയിലേക്ക് ഓടിച്ചെന്നു...അമ്മുവിന്റെ സാനിധ്യം മറന്ന അയാൾ അശ്വതിയെ പുണർന്ന് അവളുടെ ഇരുകവിളിലും ചുംബിച്ചു...
"എന്നെ വിട്...എന്നെ വിട്..."അവൾ അയാളുടെ നെഞ്ചിൽ ഇടിച്ചുകൊണ്ടിരുന്നു.
പരിസരബോധം വീണ്ടുകിട്ടിയ രാഹുൽ അവളെ താഴെ നിർത്തി.
"താങ്ക്സ് അശ്വതി"അയാൾ പറഞ്ഞു.
"എന്തിന്?"അവൾ ചോദിച്ചു.
"എന്നെ രക്ഷിച്ചതിന്"അയാൾ പറഞ്ഞു.
"എന്റെ അനുവാദം ഇല്ലാതെ നിങ്ങൾ എന്തിനാണ് എന്റെ ശരീരത്തിൽ സ്പർശിച്ചത്?"അശ്വതി ചോദിച്ചു.
"എനിക്ക് അതിന് ആരുടെയും അനുവാദം ആവശ്യമില്ല ബ്രോ..."രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
അശ്വതി അയാളെ രൂക്ഷമായി നോക്കിയിട്ട് അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി.
പിറ്റേദിവസത്തെ പത്രത്തിൽ റെയ്ഡിന്റെ വാർത്ത വിശദമായി എഴുതിയിട്ടുണ്ടായിരുന്നു.
ജിഷ്ണുവിന്റേയും ചെല്ലപ്പൻ മാഷിന്റെയും വസതികളിൽ നിന്നും പണവും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആ വാർത്തയും പ്രമുഖ പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ടായിരുന്നു.
ചെല്ലപ്പൻ മാഷ് മുഖ്യമന്ത്രിയെ വിളിച്ചു തന്റെ വായിൽ തോന്നിയതൊക്കെ പറഞ്ഞു എന്നുള്ളതാണ് ജന സംസാരം!!!
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot