Slider

നിറങ്ങളും നിലാ എന്ന പെണ്‍കുട്ടിയും

0
Image may contain: one or more people, eyeglasses and closeup

****************************************
എന്റെ പേര് മരണം.
പേടിക്കണ്ട.
പേടിച്ചു ?
സാരമില്ല.
ആരാണേലും പേടിക്കും.നിങ്ങള് മനുഷ്യര്പ്രത്യേകിച്ചും.മരിക്കുന്നതിനു തൊട്ടുമുന്പ് വരെ തനിക്ക് മാത്രം മരണം ഉണ്ടാവില്ല എന്നൊരു നേരിയ വിശ്വാസം മനസ്സിന്റെ ഉള്ളിന്റെയുള്ളിന്റെയുള്ളില് കൊണ്ട് നടക്കുന്നവരല്ലേ നിങ്ങള്?ഈ ഭൂമുഖത്തില് ജനിച്ച ആ അപൂര്വതയുള്ള ഒരേ ഒരു മനുഷ്യനാണ് താന് എന്ന് ഓരോരുത്തരും ജനിക്കുമ്പോള് മുതല് ചിന്തിക്കുന്നു.
അങ്ങിനെയല്ലാത്തവരും ഉണ്ട്.
അവരിലൊരാളുടെ മുറിയിലാണ് ഞാനിപ്പോള്നില്ക്കുന്നത്.നിലാ എന്ന പെണ്കുട്ടി.മനോഹരമായ പേര് .മനോഹരിയായ പെണ്കുട്ടി.നഗരപ്രാന്തത്തിലെ ഈ വലിയ അപ്പാര്ട്ട്മെന്റിന്റെ നാലാം നിലയിലെ ഏഴാമത്തെ മുറിയില്അവള് ചിന്തിച്ചിരിക്കുകയാണ്.
അവള് തന്നെ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചുപോയ കാമുകനെയോ ,പരസ്പരം വിവാഹം വേര്പെടുത്തിയ മാതാപിതാക്കളെകുറിച്ചോ ,കഴിഞ്ഞ ദിവസം നഷ്ടപെട്ട തന്റെ ജോലിയെ കുറിച്ചോ അല്ല ഇപ്പോള് ആലോചിക്കുന്നത്.
നിലാ എന്ന പെണ്കുട്ടി എന്നെക്കുറിച്ചാണ് ആലോചിക്കുന്നത്.
ഞാനിപ്പോള് നിലായുടെ കാമുകനാണ്.
അവളുടെ മുറിയിലെ,കട്ടിലില് ചുളിവു വീണു കിടക്കുന്ന നീലപുതപ്പ് ,ദിവസങ്ങള് ഉറക്കം നഷ്ടപ്പെട്ടു വീര്ത്ത കണ്പോളകള് ,കാറ്റില് ഉലയുന്ന എണ്ണമയം നഷ്ടപ്പെട്ട മുടിയിഴകള് ,കവിളില് ഉണങ്ങിയ കണ്ണീര്പാടകള് ,ഉള്ളില്ആരും കേള്ക്കാതെ തേങ്ങുന്ന ഹൃദയഞരമ്പുകള്..എല്ലാം എന്നെകുറിച്ചാണ് ആലോചിക്കുന്നത്.
അങ്ങിനെയാണ് ഞാന് അവളുടെ അരികില് വന്നത്.എന്റെ കൊതിപ്പിക്കുന്ന സാന്നിധ്യം അവള് അറിയുന്നു.കേള്ക്കാന്കൊതിക്കുന്ന ഹൃദയഗാനം അവള് കേള്ക്കുന്നു.
മരണം പാട്ട് പാടുമോ ?
ശബ്ദം അതെന്റെ ഏറ്റവും വലിയ കഴിവാണ്.ചിത്രങ്ങളും.
എന്റെ കാഴ്ച ഒരു നിശ്ചലചിത്രം പോലെയാണ്. നിങ്ങള്ഒരിക്കലും കേള്ക്കാത്ത ശബ്ദങ്ങള് ആ ചിത്രങ്ങള്ക്ക് സൂക്ഷ്മത പകരുന്നു.
നിലാ എന്ന പെണ്കുട്ടിയുടെ ബാല്യകാലത്ത് ,അവളുടെ വീടിനരികില് വലിയൊരു പാടമുണ്ടായിരുന്നു.വേനല്ക്കാലത്തു ചുട്ടുപൊള്ളുന്ന ആ വയല്ഒരു മഞ്ഞക്കടല് പോലെ തോന്നിച്ചിരുന്നു.അവള് സ്കൂളില്നിന്ന് വീട്ടിലേക്ക് ഉച്ചക്ക് ഉണ്ണാന് വരുന്നത് ആ പാടം മുറിച്ചുകടന്നാണ്.ആ പാടത്തിനു നടുക്ക് ഒരു വലിയ മരമുണ്ടായിരുന്നു.ഒരു വലിയ കറുത്ത വൃത്തത്തില് തണല്പടര്ത്തി നില്ക്കുന്ന ഒറ്റമരം.അവള് ഊണ് കഴിഞ്ഞു തിരികെ സ്കൂളിലേക്ക് പോകുമ്പോള് ചിലപ്പോള് ആ മരത്തിന്റെ ചുവട്ടിലിരിക്കും.തണല്തണുപ്പ് ആസ്വദിക്കുന്ന ആ ബാലികയുടെ അരികില് ചിത്രശലഭങ്ങള് പറക്കും.അവള്അവിടെയിരുന്നു ഉറക്കം തൂങ്ങും...
അവളിപ്പോള് കിടക്കാന് തുടങ്ങുകയാണ്.മരിക്കുണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കുന്നതിനിടയില്അവളുടെ മനസ്സില് ഇപ്പോള് തെളിയുന്നത് ബാല്യകാലത്തെ ആ മരത്തണലുകളാണ്.എന്നെ വേണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നതില്നിന്ന് അവളെ തടയുകയാണ് ഓര്മ്മകളുടെ നക്ഷത്രകുഞ്ഞുങ്ങള്.
അല്പനേരം ഈ ജനാലയ്ക്കല് നില്ക്കാം.അവള്തീരുമാനത്തിലെത്തുന്നത് വരെ താഴെയുള്ള കാഴ്ചകള് കാണാം.
താഴെ റോഡില് വലിയ തിരക്കില്ല.ഒരു ഇടത്തരം സൂപ്പര്മാര്ക്കറ്റ്.അതിന്റെയരികില് രണ്ട് വാഹനങ്ങള് പാര്ക്ക് ചെയ്തിരിക്കുന്നു.അതിനപ്പുറം ഒരു ഹൌസിംഗ് കോളനിയാണ്.ഇളം നീലയും ചുവപ്പും പെയിന്റു അടിച്ച ചതുരകട്ടകള് പോലെ ആ കോളനിയിലെ വില്ലകള്.ചുട്ടു പഴുത്ത ഉച്ച നേരമാണ് .റോഡിലെങ്ങും ആരുമില്ല.
ഹൗസിംഗ് കോളനിയിലെ ആദ്യത്തെ വില്ലയില് എഴുപതു വയസ്സ് കഴിഞ്ഞ സ്തീ എന്നെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നു.അതിനപ്പുറത്തെ വില്ലയില് ഒരു വീട്ടമ്മ തന്റെ ജാരനുമായ് ഇണ ചേരുന്നു.അവരുടെ ദേഹങ്ങള്വിയര്പ്പില് കുതിരവേ ഒരു വെള്ളപൂച്ച നിശബ്ദയായി മന്ദം മന്ദം റോഡു മുറിക്കാന് തുടങ്ങുന്നു.
റോഡിലൂടെ ഒരു ഡ്യൂക്ക് ബൈക്ക് പാഞ്ഞു വരുന്നു.
എതിരെ ഒരു ടിപ്പര് ലോറിയും.
കുതിച്ചുവരുന്ന ആ വാഹനങ്ങള്ക്കിടയില്നിന്ന് ഒരു വെളുത്ത മിന്നായം പോലെ പൂച്ച കുതിച്ചു ചാടി.
“എന്താ ഒരു ഒച്ച.ഒന്ന് നോക്കാമോ ?” കാമുകന്റെ വിയര്ത്ത നെഞ്ചില്നിന്ന് മുഖമുയര്ത്തി രണ്ടാമത്തെ വില്ലയിലെ സ്ത്രീ ചോദിക്കുന്നു.
“എന്താ ഒരു ഒച്ച ?”ആദ്യത്തെ വില്ലയില് എഴുപതു വയസ്സുകാരിയും ആലോചിക്കുന്നു.
വലിയ ശബ്ദങ്ങളും ,പൊട്ടിത്തെറിയും രൂക്ഷമായ ദുര്ഗന്ധവും എന്റെ സാന്നിധ്യമായി നിങ്ങള് കരുതുന്നു.അത് നിങ്ങളെ ആകുലരാക്കുന്നു.
നിലാ എന്ന പെണ്കുട്ടി ആ ശബ്ദം കേട്ടില്ല.അവള്ഉറങ്ങുകയാണ്.
ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനുശേഷം ടിപ്പര് ലോറി നിര്ത്താതെ പാഞ്ഞുപോയി.ഒരു നിമിഷം റോഡിലേക്ക് ഭയന്ന് നോക്കിനിന്നതിനു ശേഷം പൂച്ചയും അലസമായ തന്റെ നടത്തം തുടര്ന്നു.
തരിതരിപ്പന് ടാര് റോഡിന്റെ പ്രതലം ഉച്ച ചൂടില്പഴുത്തുപൊള്ളുന്നു.
അതിനുമുകളിലൂടെ ആ പൂച്ചയുടെ അലസനടത്തംപോലെ ബൈക്കില്നിന്ന് വീണ ചെറുപ്പക്കാരന്റെ രക്തം ഒഴുകിതുടങ്ങുന്നു.
ഇതൊരു ഉച്ചവെയില് ചിത്രമാണ്.
റോഡില് രക്തം വാര്ന്നു കിടക്കുന്ന ഒരു ചെറുപ്പക്കാരന്.അല്പം മാറി വില്ലകളിലെ ജനാലകൾ തുറന്ന് ആ കാഴ്ച കാണുന്ന വൃദ്ധയും ജാരനും.സൂപ്പര്മാര്ക്കറ്റില് നിന്ന് പുറത്തിറങ്ങി വരുന്ന മഞ്ഞ സാരിയുടുത്ത ഒരു സ്ത്രീ.സൂപ്പര്മാര്ക്കറ്റിന്റെ അരികിലെ വാഹനങ്ങളിലൊന്നിലിരുന്നു കൊണ്ട് ആ കാഴ്ച കാണുന്ന ഒരു മധ്യവയസ്കന്.ഈ നിശ്ചലദ്രശ്യത്തില് ആ കാഴ്ച കണ്ടുനില്ക്കുന്ന മനുഷ്യരുടെ ചിന്തകള് ചായം
പടര്ത്തുന്നുത് ഞാന് കാണുന്നു.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ചുവപ്പ് ::
സൂപ്പര്മാര്ക്കറ്റില് നിന്ന് സാധനങ്ങള് വാങ്ങാന് വന്നതാണ് ഞാന്.എന്റെ ഷര്ട്ടിന്റെ ചുവപ്പ് നിറമാണ് റോഡില്പടരുന്നത്‌.ആ പയ്യന് ഡ്യൂക്കില് പാഞ്ഞുവരുന്നത് കണ്ടപ്പോഴേ ഞാന് അപകടം മണത്തു.എന്റെ മകനു അത്തരം ബൈക്ക് വേണമെന്ന് പറഞ്ഞു ഈയിടെ ബഹളമുണ്ടാക്കി.ഞാന്അനുവദിച്ചില്ല.അതിപ്പോള് നന്നായെന്നു തോന്നുന്നു.എന്റെ ഈ കാര് പുതിയതാണ്.ഇതില് ആ ചെറുപ്പക്കാരനെയെടുത്ത് ആശുപത്രിയില് പോയാല് പുത്തന് വണ്ടി അലമ്പാകും.ഭാര്യ അവളുടെ വീട്ടില് പോയിരിക്കുകയാണ്.വീട്ടില് കുറച്ചു കൂട്ടുകാര് വന്നിട്ടുണ്ട്.ബക്കാര്ഡിയും ബ്ലൂലേബലുമുണ്ട്.കൂട്ടുകാരില് ഒരാള് നല്ല പാചകക്കാരനാണ്.ഞാന് ചെന്നിട്ടു വേണം കോഴിയെ വറുക്കാന്.ബക്കാര്ഡി ,ചിക്കന് ഫ്രൈ..വയ്യ ആരെങ്കിലും വന്നു ആ ചെക്കനെ രക്ഷിക്കട്ടെ..അല്ല..എന്ത് രക്ഷിക്കാന് മിക്കവാറും അവന് കാഞ്ഞു പോയിട്ടുണ്ടാകും.അമ്മാതിരി ഇടിയല്ലാരുന്നോ..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
മഞ്ഞ ::
വെയിലിനു മഞ്ഞനിറമാണ്.ചൂടിന്റെ നിറമാണ് മഞ്ഞ.എന്റെ സാരിയുടെ നിറവും മഞ്ഞ.
എന്റെ കെട്ടിയോന് മരിച്ചിട്ട് ഇന്നേക്ക് അഞ്ചു വര്ഷമായി.ഇന്ന് ജോണിച്ചായന്റെ ഓര്മ്മ ദിവസമാണ്.ജോണിച്ചായനു പൊട്ടുവെള്ളരിക്കാ ജ്യൂസ് ഇഷ്ടമായിരുന്നു.പിന്നെ ചെമ്മീന്മാങ്ങയിട്ടു വയ്ക്കുന്നത്..എല്ലാ ഓര്മ്മദിവസവും ഞാന്ജോണിച്ചായന് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കും.ഓര്മ്മകള്ഇഷ്ടങ്ങളാണല്ലോ.അഞ്ചു വര്ഷം മുന്പ് നടക്കാനിറങ്ങിയ ജോണിച്ചായനെ ബൈക്കില് വന്ന ഒരു പയ്യന് ഇടിച്ചിട്ട് പോയി.അവന് ഒന്ന് നിര്ത്തിയിരുന്നെങ്കില് ,ആശുപത്രിയില്എത്തിച്ചിരുന്നെങ്കില് ജീവന് രക്ഷപെടുമായിരുന്നു.ടിപ്പര്ലോറി ആ ബൈക്ക് ഇടിച്ചു തെറിച്ചപ്പോള് എന്റെ മനസ്സില്ശൂന്യതയാണ് നിറഞ്ഞത്‌.ഒരു ചുവടു മുന്പോട്ടു വയ്ക്കാനാവാതെ എന്റെ കാലുകള് ഭൂമിയില്തറഞ്ഞിരിക്കുന്നു.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
വെള്ള ::
ആ ശബ്ദം കേട്ടപ്പോള് വല്ലാതെ കൊതിച്ചുപോയി.ഒരു ഭൂകമ്പം തുടങ്ങുകയാവും എന്നാണ് ആശിച്ചത്.ഒരു നിമിഷംകൊണ്ട് ഒന്നുമറിയാതെ ഈ ഭൂമുഖത്തില്നിന്ന് മറയാമല്ലോ.എങ്കിലും ഇവിടെ എവിടെയോ മരണം ചുറ്റിത്തിരിയുന്നതുപോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.അമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ ബൈക്ക് ദേഷ്യത്തില് ചവിട്ടി സ്റ്റാര്ട്ട് ചെയ്തു പോയ കോളേജ് കുമാരന് മകനെപോലെയാണ് മരണം.അടുത്തുവരാതെ മാറി മാറി നടക്കുകയാണ് കള്ളത്തിരുമാലി.
എനിക്ക് നടക്കാന് വയ്യ.റോഡിലെ ചുവപ്പ് നിറം ഇവിടെ നിന്നാല് എനിക്ക് കാണാം.വെളുപ്പ്‌ എനിക്ക് വല്ലാതെ മടുത്തു.ഫ്ലാറ്റിലെ ഭിത്തിയുടെ നിറം,എന്റെ മുടിയുടെ നിറം,ഈ നൈറ്റിയുടെ നിറം എല്ലാം വെളുപ്പ്‌.പ്രായമായാല്പിന്നെ വെളുപ്പിനോട് ഒരു ഇഷ്ടം തോന്നും.ഏതു വണ്ടിയാണ് അപകടത്തില്പെട്ടത് എന്ന് വ്യക്തമാകുന്നില്ല.കണ്ണിന്റെ കാഴ്ച കുറഞ്ഞിരിക്കുന്നു.അതൊരു ബൈക്കാകാതിരുന്നാല്മതിയായിരുന്നു.ഒരു ബൈക്ക് അപകടം കാരണമാണല്ലോ ഞാനിത്രയും ഒറ്റക്കായി പോയത്.അതൊരു ബൈക്കാകാതിരിക്കട്ടെ.ആരെങ്കിലും അപകടത്തില്പെട്ടവരെ ആശുപത്രിയില് കൊണ്ട് പോകുമായിരിക്കും.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
നീല ::
പ്രണയത്തിന്റെ നീല നിറമുള്ള ഷര്ട്ടുകളാണ് അവള്ക്ക് ഇഷ്ടം.അത് കൊണ്ട് ഈ വില്ലയില് അവളെ കാണാന്രഹസ്യമായി വരുമ്പോള് നീലയാണ് എന്റെ നിറം.
ഞങ്ങള് ഉറങ്ങുകയായിരുന്നു.റോഡില് അപകടം നടന്ന ശബ്ദം കേട്ടാണ് അവള് ഉണര്ന്നത്.അവള്ക്ക് നല്ല ധൈര്യമുണ്ട്.എനിക്ക്...എനിക്കത്ര ധൈര്യം പോര.പുറമേ ധൈര്യം ഭാവിക്കുന്നുവെങ്കിലും ഈ ഫ്ലാറ്റില് വരുമ്പോഴെല്ലാം അവളുടെ ഭര്ത്താവിനെകുറിച്ച് ഞാന്ആലോചിക്കും.എപ്പോഴെങ്കിലും അയാള് മുറിയുടെ വാതില്തുറന്നു വരുമെന്ന് ഞാന് ഭയപെടുന്നു.മരണത്തെ പോലെ..അപ്രതിക്ഷിതമായി വരുന്ന അതിഥി.അത് കൊണ്ട് തന്നെ ഈ ഫ്ലാറ്റില് വരുമ്പോള് സമീപത്തു മരണം ഒളിച്ചിരുന്നു എന്നെ നോക്കുന്നത് പോലെ തോന്നും.ഈ ശബ്ദം കേട്ടപ്പോള്അതുകൊണ്ടാണ് ഞാന് എഴുന്നേറ്റു ജനാല തുറന്നു വെളിയിലേക്ക് നോക്കിയത്.എനിക്ക് അങ്ങോട്ട്‌ പോകണമെന്നുണ്ട്.പക്ഷേ ഒരു ജാരനെ സംബന്ധിച്ചു അതൊക്കെ റിസ്ക്കുകളാണ്. എന്റെ കാമുകിയാകട്ടെ ഒരിക്കലും സമ്മതിക്കില്ല.
റോഡിലെ ചുവപ്പ് ഒരു വാണിംഗ് സിംബല് പോലെ തോന്നുന്നു.ഇനി ഇത് തുടരരുത് എന്ന് ആരോ മുന്നറിയിപ്പ് തരുന്നത് പോലെ.ശരിയാണ് .വയ്യ.ഇനി ഇത് തുടരാന് വയ്യ.
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ഞാന് ആ ദൃശ്യം ആസ്വദിക്കുകയായിരുന്നു.എല്ലാവരും എന്നെക്കുറിച്ച് രഹസ്യമായി ചിന്തിക്കുന്നതു കാണുമ്പോള്ചിലപ്പോള് ചിരി വരും.ചിലപ്പോള് വെറുപ്പും.മരണം സ്വയം വെറുക്കുമോ എന്ന് നിങ്ങള് ആലോചിക്കുന്നത് ഒരു തമാശയാണ്.പക്ഷേ അതാണ്‌ സത്യം.ആ റോഡില്വീണുകിടക്കുന്ന ചെറുപ്പക്കാരന്റെ ആത്മാവ് ഒരു വെള്ളതുവാലയായി എന്റെയടുക്കലെക്ക് പറക്കാന്തുടങ്ങുന്നു.
അരികില് ഒരു സാന്നിധ്യം അനുഭവപ്പെട്ടു.അത് നിലാ എന്ന പെണ്കുട്ടിയാണ്.എന്തോ സ്വപ്നം കണ്ടു അവള്ഉണര്ന്നിരിക്കുന്നു.എന്റെ അരികില് നിന്നുകൊണ്ട് നീല ജനാലവിരികള് മാറ്റി അവളും ആ അപകട ദൃശ്യം കാണുകയാണ്.ഭീതിയുളവാക്കുന്ന ഒരു ചിത്രം കാണുന്നത് പോലെ ഒരു ഞെട്ടല് അവളുടെ മുഖത്തുണ്ടായി.
അതാ അവിടേക്ക് ഒരു കാര് വന്നു നില്ക്കുന്നു.അതില്നിന്ന് ഒരു ചെറുപ്പക്കാരന് ചാടിയിറങ്ങി റോഡില് വീണു കിടക്കുന്ന ചോരയില് കുളിച്ചു കിടക്കുന്ന പയ്യനെയെടുത്ത് വാഹനത്തിന്റെ പുറകില് കിടത്തുന്നു.ആ വണ്ടി ആശുപത്രിയിലേക്ക് പായുകയാണ്.
ഇപ്പോള് നിലാ എന്ന പെണ്കുട്ടിയുടെ മുഖത്ത് ഒരു തെളിച്ചം വന്നിരിക്കുന്നു.ആശ.ജീവിക്കാനുള്ള ആശ.അത് ഒരു തരി മതി.അഗ്നിപോലെ അത് ആത്മാവിലാകെ പടര്ന്നു പിടിക്കും.
അവള് പ്രതീക്ഷയോടെ പുറത്തേക്ക് നോക്കിനില്ക്കുകയാണ്.
എന്റെ അരികിലേക്ക് പറക്കാന് വെമ്പിയ ആ വെളുത്ത തൂവാല എന്നില്നിന്നും അകന്നു പോകുന്നുത് അവള്കാണുന്നുണ്ടോ ?
അറിയില്ല.
(അവസാനിച്ചു)
**************************************

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo