നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 2Part 2 
വർഷയുടെ മുഖം കണ്ടതും ആദിത് ഒരു നിമിഷം തരിച്ച്  നിന്നു! അവന്റെ ചുണ്ടുകൾ എന്തോ പേര് മന്ത്രിക്കുന്നത് അവൾ കണ്ടു..
അത് ആദിത് മേനോൻ ആണെന്ന് മനസ്സിലായതും കഴിക്കുന്നതിനിടയിൽ വർഷ  ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു .രണ്ടു മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും അവൾ  ആദിത്തിനെ  നേരിട്ട് കാണുന്നത് ആദ്യമായിരുന്നു.എച്ചിൽക്കൈയുമായി എന്ത് ചെയ്യണമെന്നറിയാതെ അവൾ പേടിയോടെ അവനെ നോക്കി നിന്നു .
"ഹു ആർ യു ?"ആദിത് അവളോട് ചോദിച്ചു.
"ഞാൻ..ഞാൻ .." വർഷ ഉത്തരം പറയാൻ വിക്കി.
"ഓഹ് മലയാളി ആണോ..ചോദിച്ചത് മനസ്സിലായില്ലേ?നീ ആരാ?"ആദിത് ശബ്ദമുയർത്തി ചോദിച്ചു .
"സെയിൽസ് ഗേൾ  ആണ്.." വർഷ പറഞ്ഞു.
"ഡു  യു തിങ്ക് ദിസ് ഈസ് എ ചോൾട്രി ?" ആദിത് ഒച്ചവെച്ചു.
"എന്താ?.." വർഷ അവനെ നോക്കി കണ്ണുമിഴിച്ചു.
"കണ്ട വഴിപോക്കർക്ക്  കേറി നിറങ്ങാനുള്ള സത്രമല്ലിത് ." ആദിത് ചൂടായി.
"സാറിന്  മലയാളം അറിയാമായിട്ടാണോ എനിക്കറിയാത്ത ഭാഷ പറഞ്ഞ് എന്നെ പേടിപ്പിക്കാൻ  നോക്കുന്നത് ?" ധൈര്യം സംഭരിച്ച് വർഷ   ചോദിച്ചു.
അവളുടെ സംസാരം കേട്ട് ആദിത് അവളെ തന്നെ നോക്കി നിന്നു .ആദ്യമായിട്ടാണ്  തനിക്കൊരു പരിചയവും ഇല്ലാത്ത ഒരു പെണ്ണ് തന്നോട് തറുതല  സംസാരിക്കുന്നത്.
അവരുടെ സംസാരം കേട്ട് മുകളിൽ നിന്നും സതി ഇറങ്ങിവന്നു.
"മോൻ എപ്പോ  വന്നു ?"സതി ചോദിച്ചു.
"ആരാ സതിയാന്റി ഇത്?" ആദിത് വർഷയെ  അവജ്ഞയോടെ നോക്കി സതിയോട് ചോദിച്ചു.
"ഞാൻ പറയാം.മോൻ വാ.കുറച്ച് സംസാരിക്കാനുണ്ട്.മോൾ അവിടിരുന്ന്  കഴിക്ക് " സതി അവനെ വിളിച്ച് അകത്തെ റൂമിലേക്ക് പോവാൻ തുടങ്ങി.
"ഞാൻ പോവാ  അമ്മെ.ഉണ്ടോണ്ടിരുന്ന  ചോറിനു മുൻപിൽ  നിന്നാ ഇദ്ദേഹം എന്നെ അപമാനിച്ച് വിടുന്നത്." വർഷ ടേബിളിൽ ഇരുന്ന പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി.
"മോൾ അവിടെ നിന്നെ.ഞാൻ അല്ലെ കുട്ടിയെ ഇവിടെ വിളിച്ചിരുത്തിയത്.മോനോട് ഞാൻ സംസാരിക്കട്ടെ.അന്നം കളയരുത്.അത് കഴിച്ചിട്ട് വാ." സതി അവളെ സമാധാനിപ്പിച്ചു.
"ഞാൻ ഈ ഭക്ഷണം കളയാനോ നല്ല കഥ!.  ഈ സാറൊക്കെ സമ്പത്തിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്നവർ ആണ്.  ഉണ്ണാനും ഉടുക്കാനും  ഇഷ്ടംപോലെ ഉള്ളവർക്ക് ഞങ്ങളെ പോലെ കിട്ടുന്ന കാശ് ഒരുനേരത്തെ ആഹാരത്തിനു പോലും തികയാതെ വരുന്നവരുടെ  ഗതികേടും നിസ്സഹായാവസ്ഥയും മനസ്സിലാകില്ല അമ്മെ.ഞാൻ ഈ മേശയിൽ ഇരുന്നു കഴിച്ചതല്ലേ സാറിന്  ഇഷ്ടപ്പെടാഞ്ഞത്. ഞാൻ അടുക്കളയിലേക്ക് പോവാ.അവിടിരുന്ന്  കഴിച്ചോളാം." വർഷ കരഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.
"ഇതേതാ ഈ സാധനം?" ആദിത് സതിയോട് ചോദിച്ചു.
"പാവമാ മോനെ.ഓരോ സാധനങ്ങൾ  വിൽക്കാൻ ഇടയ്ക്കിടെ വരും.വേണ്ട എന്നുണ്ടെങ്കിലും ഞാൻ ഓരോന്ന് മേടിക്കും.ഇതുപോലെ കഴിക്കാൻ എന്തെങ്കിലും കൊടുക്കും.അനാഥകുട്ടിയാ.വലിയ കഷ്ടപ്പാടാ.ഇവിടെ എന്തെങ്കിലും ജോലി തരുവോ എന്ന് ചോദിച്ചു.മോനോട് ചോദിക്കട്ടെ എന്ന്  ഞാൻ പറഞ്ഞു." സതി പ്രതീക്ഷയോടെ അവനെ നോക്കി.
"മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഞാൻ ചിലപ്പൊ  സമ്മതം മൂളിയേനേം .പക്ഷെ ഇപ്പൊ..അമേരിക്കയിലെ കമ്പനിയും അവിടുത്തെ  ജോലിയും തിരക്കുകളും മാറ്റി വെച്ച് ഞാൻ എന്തിനാ ഇവിടെ വന്ന് നിൽക്കുന്നതെന്ന്  സതിയാന്റിക്ക് അറിയാമല്ലോ."ആദിത് സതിയോട് പറഞ്ഞു.
"എനിക്കറിയാം മോനെ.അതുകൊണ്ടാ മോനോട് ചോദിച്ചിട്ട്  പറയാമെന്ന് പറഞ്ഞത്.മോനിഷ്ടമല്ലെങ്കിൽ പറഞ്ഞ് വിട്ടേക്കാം.."സതി വിഷമത്തോടെ പറഞ്ഞു.
ആദിത് കുറച്ചുനേരം എന്തോ ആലോചിച്ചു.
"ഞാൻ വേണ്ട എന്ന് പറഞ്ഞാൽ  സതിയാന്റിയുടെ മനസ്സിൽ അവളുടെ മുഖം എന്നുമൊരു വിങ്ങലായി കിടക്കും എന്നെനിക്ക് അറിയാം.." ആദിത് സതിയെ സൂക്ഷിച്ച് നോക്കി.അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി."അതുകൊണ്ട് തൽക്കാലം അവൾ ഇവിടെ നിൽക്കട്ടെ.പക്ഷെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്നവളോട് പ്രത്യേകം പറഞ്ഞേക്കണം."ആദിത് പറഞ്ഞു.
"പുണ്യം കിട്ടും മോനെ.ഞാൻ ആ കുട്ടിയോട് പറഞ്ഞിട്ട് വരം." സതി സന്തോഷത്തോടെ പറഞ്ഞു.
അവർ അടുക്കളയിൽ ചെന്നപ്പോൾ വർഷ പാത്രം കഴുകുകയായിരുന്നു.
"ഞാൻ ഇറങ്ങുവാ അമ്മെ" പാത്രം  തിരിച്ച് പാതകത്തിൽ  വെച്ചിട്ട്  വർഷ തന്റെ ബാഗ് എടുത്ത് പോവാൻ ഒരുങ്ങി .
"മോള് ഇവിടെ എന്റെ കൂടെ കൂടുന്നോ ?" സതി വർഷയോട് ചോദിച്ചു.
"സാർ സമ്മതിച്ചോ?" വിശ്വാസം വരാത്തപോലെ അവൾ സതിയെ നോക്കി.
"സമ്മതിച്ചു.പക്ഷെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.അടുക്കളക്കാര്യത്തിനപ്പുറം വീട്ടുകാര്യങ്ങളിൽ ഇടപെടാൻ വരരുത്.ഇവിടെ നടക്കുന്ന പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം.വീട്ടിനകത്തെ  കാര്യങ്ങൾ  പുറത്താരോടും ചെന്ന് പറയരുത്. മനസ്സിലായോ? "സതി വർഷയോട് ചോദിച്ചു..
"ഞാൻ പരദൂഷണം പറഞ്ഞ് നടക്കാറില്ല അമ്മെ.അമ്മയ്ക്ക് എന്നെ വിശ്വസിക്കാം ." വർഷ അവർക്ക് ഉറപ്പ് നൽകി.
"ഞാൻ എന്റെ തുണിയൊക്കെ   എടുത്തിട്ട് വരാം  അമ്മെ.ഈ  സാധനങ്ങൾ ഒക്കെ തിരിച്ച് ഏൽപ്പിക്കുകയും വേണം." വർഷ അവരോട് യാത്ര പറഞ്ഞ്  അടുക്കളയുടെ പിൻവശത്തുകൂടി ഇറങ്ങി ഗേറ്റിനരികിലേക്ക് നടന്നു..
മുറ്റത്ത് എത്തിയതും അവൾ തിരിഞ്ഞു നോക്കി.അവിടെ വീടിന്റെ ബാൽക്കണിയിൽ അവളെ തന്നെ നോക്കി ആദിത് നിൽപ്പുണ്ടായിരുന്നു.അവൾ അവനെ ദേഷ്യത്തോടെ ഒന്ന്  നോക്കിയതിനു ശേഷം തന്റെ ഷോൾഡർ ബാഗ് ഒന്നുകൂടി വലിച്ചിട്ട് വെളിയിലേക്ക് നടന്നു.
വർഷയുടെ  മുഖം കാണും തോറും  മറ്റാരുടെയോ ഓർമ്മകൾ തികട്ടി വന്ന് അവന്റെ മനസ്സിനെ  ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു!
അന്ന് വൈകിട്ട് വർഷ വൈറ്റ് പേളിലേക്ക്  താമസം മാറി.താഴത്തെ നിലയിൽ അടുക്കളയുടെ സൈഡിലുള്ള സതിയുടെ മുറിയിൽ ഒരു ചെറിയ ബെഡ് ഇട്ട് അവർ അവൾക്കായി മുറി ഒരുക്കിയിരുന്നു.തന്റെ സാധനങ്ങൾ എല്ലാം അവിടെ ഒതുക്കി വെച്ച ശേഷം കുളിച്ച് വേഷം മാറി അവൾ അടുക്കളയിൽ കയറി ജോലികൾ തുടങ്ങി.എട്ടു പത്ത് മുറികളുള്ള ഭീകര വീടായിരുന്നു അത്.മുകൾ നിലയിൽ ആദ്യത്തെ മുറി ആദിത്തിന്റെതായിരുന്നു.മുകൾ നിലയിൽ തന്നെയുള്ള   മുറികളിൽ മൂന്നെണ്ണം പൂട്ടികിടക്കുന്നത് കണ്ടു.വർഷ അന്വേഷിച്ചപ്പോൾ ഒന്ന് വികാസ് മേനോന്റെ സുഹൃത്ത് ജയശങ്കറിന്റെയും ഭാര്യ മായയുടെയും മുറിയും രണ്ടാമത്തേത് അവരുടെ മകൻ  ജയദേവന്റെ മുറിയുമാണെന്ന് അറിയാൻ കഴിഞ്ഞു.വെക്കേഷന് വരുമ്പോൾ അവർ താമസിക്കുന്ന മുറികളാണത്..താക്കോൽക്കൂട്ടം സതിയുടെ കൈയിൽ  ഉണ്ടെങ്കിലും അവർ വരുമ്പോൾ മാത്രമേ അത് തുറക്കാറുള്ളു എന്നറിയാൻ കഴിഞ്ഞു.അവിടെ  നിന്നും കുറച്ച്  മാറി അങ്ങേയറ്റത്  ഉള്ള മുറിയും അടഞ്ഞ് തന്നെ കിടക്കുന്നു.  ഈ  മൂന്ന്  മുറികളൊഴിച്ച് ബാക്കി എല്ലാം ഇടയ്ക്ക്  തൂത്ത് തുടച്ച് വൃത്തിയാക്കണമെന്ന് സതി വർഷയോട് പറഞ്ഞു.രാത്രി ആദിത്തിന്  കഴിക്കാനുള്ള ചപ്പാത്തിയും കറികളും അവൾ ഉണ്ടാക്കി.സതി കുറച്ച് കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി.അതുമായി അവർ സ്റ്റെയർകേസ് കയറി മുകൾ നിലയിലേക്ക് പോയി.ആദിത്തിനായിരിക്കും ആ ഭക്ഷണം എന്നവൾ ഊഹിച്ചു.പിന്നെന്തിനാണ് ആദിത്തിന് വേണ്ടി തന്നോട് ചപ്പാത്തിയും കറികളും ഉണ്ടാക്കാൻ സതി പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല.കുറച്ച് കഴിഞ്ഞ് കാലിയായ പ്ലേറ്ററും കൊണ്ട് സതി ഇറങ്ങി വന്നു.അവരുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു എന്ന് വർഷ ശ്രദ്ധിച്ചു.ആദിത് മുകളിൽ അവന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.ആ ഭൂതം സതിയോട്  എന്തെങ്കിലും പറഞ്ഞ് ദേഷ്യപ്പെട്ടുകാണുമെന്ന് വർഷ മനസ്സിൽ ഓർത്തു.കുറച്ച് കഴിഞ്ഞ്  ആദിത്  താഴേക്ക് ഇറങ്ങി വന്ന് ഡൈനിങ്ങ് ടേബിളിന്റെ അരികിലെ കസേരയിൽ ഇരുന്നു.
"സതിയാന്റി.." ആദിത്  വിളിച്ചു.
"ഹോ മുകളിൽ ഇരിക്കുന്നിടത്തോട്ട്  ഭക്ഷണം കൊണ്ടുപോയി കൊടുത്തിട്ടും ആയമ്മയെ കരയിപ്പിച്ചതും പോരാ ഇപ്പൊ തേനും പാലും ഒഴുക്കി സതിയാന്റി എന്ന് വിളിക്കുന്നു." വർഷ അവൻ കേൾക്കാതെ ദേഷ്യത്തിൽ പിറുപിറുത്തു.
"കഴിക്കാൻ ഇപ്പൊ എടുക്കാം മോനെ." സതി വർഷ തയ്യാറാക്കി വെച്ചിരുന്ന ചപ്പാത്തിയും കറികളും എടുത്തുകൊണ്ട് വന്നു.
"ഇയാളുടെ വയറ്റിൽ എന്താ കൊക്കോ  പുഴു ഉണ്ടോ ?കുറച്ച്  മുൻപല്ലേ സതിയമ്മ  കൊണ്ടുകൊടുത്ത കഞ്ഞിയും ചമ്മന്തിയും വെട്ടി വിഴുങ്ങിയത്? ഇപ്പൊ പിന്നേം വിശക്കുന്നോ ?" വർഷ മനസ്സിൽ വിചാരിച്ചു.ആദിത് കഴിക്കുന്ന സ്ഥലത്തേക്ക് വർഷ വന്നില്ല.ആദിത്തിന്  ഭക്ഷണം വിളമ്പിക്കൊടുത്ത് സതിയും അവന്റെ അടുത്ത് തന്നെ ഇരുന്നു.വർഷ  അടുക്കളയിൽ തന്നെ നിന്നു .ഇനി തന്നെ കണ്ടിട്ട് അദ്ദേഹത്തിന് ഭക്ഷണം ഇറങ്ങാതിരിക്കണ്ട.
"വർഷേ." സതി വിളിച്ചു.
"എന്തോ അമ്മെ"വിളികേട്ടുകൊണ്ട്  വർഷ പെട്ടെന്ന് അവിടേക്ക് ചെന്നു .
"മോളും വാ.ഒരുമിച്ചിരുന്ന് കഴിക്കാം." സതി വർഷയോട് പറഞ്ഞു.അവൾക്ക് വേണ്ടി അവരുടെ അടുത്തായി കസേര നീക്കി ഇട്ടു.
ആദിത് അവളെ നോക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
"വേണ്ട അമ്മെ.ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചുകൊള്ളാം." വർഷ മടിയോടെ പറഞ്ഞു.
"അങ്ങനെ ഒന്നും വിചാരിക്കണ്ട കുട്ടി.കഴിക്കുമ്പോ എല്ലാരും ഒരുമിച്ചിരുന്നു കഴിക്കുന്നതാ ഇവിടുത്തെ പതിവ്..മോളിവിടെ വന്നിരിക്ക്."സതി അവളെ പിന്നെയും വിളിച്ചു.
"വേണ്ട അമ്മെ.അഹങ്കാരം ആണെന്ന് വിചാരിക്കല്ലേ.എനിക്കിതൊന്നും ശീലമില്ലാത്തത്  കൊണ്ടാ.ഉച്ചയ്ക്ക് അമ്മ നിർബന്ധിച്ചതുകൊണ്ടാ  ഞാൻ ഇവിടെ മേശയിൽ ഇരുന്നത്..അത് തെറ്റായിപ്പോയി..ഞാൻ അടുക്കളയിൽ തന്നെ ഇരുന്ന് കഴിച്ചോളാം."വർഷ പറഞ്ഞിട്ട് ആദിത്തിനെ  ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോവാൻ തുടങ്ങി.
"ഇന്ന് എന്താ കറിക്കൊരു വൃത്തികെട്ട ടേസ്റ്റ്?സതിയാന്റി ഉണ്ടാക്കുന്നതിന്റെ ഏഴയലത്ത് വരില്ല.. " വർഷയെ  നോക്കാതെ ആദിത് പറഞ്ഞു..
കഴിപ്പ് കണ്ടിട്ട് അങ്ങനെ അല്ലല്ലോ മനുഷ്യാ തോന്നുന്നത് എന്നുറക്കെ വിളിച്ച് പറയണമെന്നുണ്ടായിരുന്നു വർഷയ്ക്ക്.പക്ഷെ അവൾ നാവടക്കി  നിന്നു.
സതി അവളെ നോക്കി ആദിത്  തമാശ പറഞ്ഞതാണെന്ന അർത്ഥത്തിൽ കണ്ണിറുക്കി.വർഷ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
കഴിച്ച് കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി അടുക്കള വൃത്തിയാക്കി വർഷയും സതിയും ഉറങ്ങാൻ കിടന്നു. രാത്രി ആയപ്പോ ഒരു അലർച്ച  കേട്ട് വർഷ ഞെട്ടി എഴുന്നേറ്റു .നോക്കിയപ്പോൾ സതി അരികിലില്ല.മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നു. തനിക്ക് തോന്നിയതാകുമെന്നോർത്ത്  അവൾ  കിടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും അതേ  അലർച്ച! അത് മുകൾ നിലയിലെ ഏതോ മുറിയിൽ നിന്നാണ് വരുന്നതെന്നവൾക്ക് തോന്നി.അവൾ പതിയെ സ്റ്റെയർകേസ്  കയറി മുകൾ നിലയിൽ ചെന്നു .ആദിത്തിന്റെ മുറിയും തുറന്ന് കിടക്കുകയായിരുന്നു.അവൾ അകത്തേക്ക് നോക്കിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല.പൂട്ടിക്കിടക്കുന്ന മൂന്ന് മുറികളിൽ ജയശങ്കറിന്റേയും  കുടുംബത്തിന്റെയും അല്ലാത്ത അങ്ങേയറ്റത്തുള്ള മുറി പാതി തുറന്നുകിടക്കുകയായിരുന്നു.അവിടെ നിന്നും വീണ്ടും അലർച്ച കേട്ടു .പേടി തോന്നിയെങ്കിലും അവൾ പതിയെ അങ്ങോട്ട്  നടന്നു.. .കുറച്ച് കഴിഞ്ഞ് അലർച്ചയും ബഹളവും ഒതുങ്ങിയപ്പോൾ സതി കരഞ്ഞുകൊണ്ട് ആ മുറിയിൽ നിന്നും ഇറങ്ങിവന്നു!പിറകെ ആദിത്തും ! രണ്ടുപേരും വർഷയെ  കണ്ട് ഞെട്ടി.
വർഷ അവരെ നോക്കി പകച്ച് നിന്നു .
ആദിത് ആ മുറി പൂട്ടി താക്കോൽ സതിയെ ഏൽപ്പിച്ച് വർഷയെ  നോക്കാതെ അവന്റെ മുറിയിലേക്ക് പോയി.സതി താക്കോൽകൂട്ടം കൈയിൽ  പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. പതിയെ അവർ സ്റ്റെയർകേസ്  ഇറങ്ങി അവരുടെ മുറിയിലേക്ക് പോയി.വർഷ ആ മുറിയുടെ മുൻപിൽ ചെന്ന് കുറച്ച് നേരം നിന്നു.അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മിന്നിമറഞ്ഞു.
ഒടുവിൽ താൻ അന്വേഷിച്ച് വന്നത് കണ്ടെത്തിയിരിക്കുന്നു!

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot