നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 12


അശ്വതിയെ കണ്ടയുടനെ ഗേറ്റിൽ കാവൽ നിന്നിരുന്ന പോലീസുകാരൻ ചാടിയെഴുന്നേറ്റു.
"മാഡം....ഈ സമയത്ത്....?"അയാളുടെ ശബ്ദത്തിലെ പരിഭ്രമം അവൾ തിരിച്ചറിഞ്ഞു. അവൾ വീടിന്റെ മുൻവശത്ത് നോക്കിയപ്പോൾ രാഹുലിന്റെ കാർ അവിടെ പാർക്കുചെയ്തിട്ടുണ്ട്....എന്നാൽ സ്റ്റേറ്റ് കാറോ പോലീസ് വാഹനങ്ങളോ അവിടെ കണ്ടില്ല.
"സാർ....അകത്തുണ്ടോ?" അശ്വതി ചോദിച്ചു.
അയാൾ അത്ഭുതത്തോടെ അശ്വതിയെ നോക്കി..
"സാർ മാഡത്തിന്റെ കൂടെയല്ലേ നാട്ടിലേക്കു പോയത്"അയാൾ ചോദിച്ചു.
'അതേ...പക്ഷെ സാർ കുറച്ചു നേരത്തെ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു വന്നു " അവൾ ഒന്നും അറിയാത്തതു പോലെ പറഞ്ഞു.
രാഹുലിന് കള്ളത്തരങ്ങൾ ഉണ്ട് എന്ന് അവൾക്കുറപ്പായി. ചിലപ്പോൾ അയാൾ കോയമ്പത്തൂരോ ഊട്ടിയിലോ ജയന്തിയോടൊപ്പം പോയതായിരിക്കും....
കാവൽക്കാരൻ അപ്പോൾ തന്നെ ഫോൺ ചെയ്തു ജോലിക്കാരെ ഉണർത്തി...ഉറക്കം നഷ്ടപ്പെട്ടതിന്റെ പരിഭവത്തിൽ അവർ കണ്ണു മിഴിച്ചു നോക്കിയപ്പോൾ മുന്നിൽ അവരുടെ മാഡം നിൽക്കുന്നു.
"മാഡം....ഭക്ഷണം തീർന്നുപോയി...അറിയിപ്പില്ലാത്തതുകൊണ്ട് വൈകുന്നേരം ഞങ്ങൾക്കുള്ള ഭക്ഷണം മാത്രമേ പാചകം ചെയ്തുള്ളൂ. ഞങ്ങൾ
പെട്ടെന്ന് തന്നെ എന്തെങ്കിലും റെഡിയാക്കാം"
ജോലിക്കാരിലൊരാൾ പറഞ്ഞു.
"വേണ്ട....നിങ്ങൾ ഉറങ്ങിക്കോളൂ..." അവൾ കുട്ടിയെ തൊട്ടിലിൽ കിടത്തി..
ജോലിക്കാർ ഉറങ്ങുവാനായി അവരവരുടെ മുറികളിലേക്ക് പോയി..
ഒന്ന്‌ ഞരങ്ങി ഉണർന്ന അമ്മുവിനെ അവൾ വീണ്ടും തൊട്ടിലിൽ ആട്ടി ഉറക്കി.
അപ്പോഴാണ് അവൾ ടാക്സിക്കാരന്റെ കാര്യം ഓർത്തത്‌.... അയാളെ പറഞ്ഞു വിട്ടേക്കാം....അവൾ ഓർത്തു...
പണവും എടുത്തുകൊണ്ടു അവൾ പുറത്തേക്കിറങ്ങി.....
അകലെനിന്നും വാഹനങ്ങളുടെ ലൈറ്റുകൾ കണ്ട അവൾ അകത്തേക്ക് തിരിച്ചു കയറി...
അകത്തെ ലൈറ്റുകൾ കെടുത്തി വീടിനകത്തു തന്നെ അവൾ നിന്നു.
കാവൽക്കാരൻ ഗേറ്റ് തുറന്നയുടനെ ഒരു കാർ ചീറിപ്പാഞ്ഞു വന്ന് പോർച്ചിൽ നിന്നു. പിറകെ വന്ന പോലീസ് ജീപ്പ് തിരുച്ചു പോകുന്നതും വഴിയിൽ കിടന്ന ടാക്സിയുടെ അടുത്ത് നിർത്തുന്നതും അശ്വതി കണ്ടു. ഒരു നിമിഷം കഴിഞ്ഞപ്പോൾ പോലീസ് ജീപ്പ് വീണ്ടും ചീറിപാഞ്ഞുപോയി.
അശ്വതി ശ്വാസമടക്കി നിന്നു...പോർച്ചിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി തെളിഞ്ഞതുകൊണ്ട് പോർച്ചിൽ നിന്ന കാർ അശ്വതിക്ക് വ്യക്തമായി കാണാമായിരുന്നു.
പുറത്തു നിന്ന പോലീസ്‌കാരൻ ഫോൺ ചെയ്തിട്ടാവണം ജോലിക്കാരിലൊരാൾ ഓടി വന്ന് അകത്തെ ലൈറ്റിട്ടു.
അവൾ അശ്വതിയെ കണ്ടു. ആകെത്തേക്കു പോകുവാൻ അവൾ ജോലിക്കാരിയോട് ആംഗ്യം കാണിച്ചു. അവർ അകത്തേക്ക് കയറിപ്പോയി.
കാറിൽ നിന്നും ഇറങ്ങിയ ഡ്രൈവർ പിറകിലത്തെ ഡോർ തുറന്നു പിടിച്ചു...അവളുടെ ഹൃദയമിടിപ്പ് കൂടി.
അവൾ പ്രതീക്ഷിച്ചതുപോലെ ജയന്തിയായിരുന്നു ആദ്യം കാറിൽ നിന്നും ഇറങ്ങിയത്..
ജയന്തി ഒരു രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു.
അവൾക്ക് പുറമെ രാഹുൽ കാറിൽ നിന്നും ഇറങ്ങി...
അശ്വതി സ്വയം നിയന്ത്രിച്ചു.
"പുറത്ത് ഒരു കാർ കിടക്കുന്നുണ്ടല്ലോ....ആ ജിഷ്ണു നമ്മളെ ചെക്കുചെയ്യുവാൻ ആരെയെങ്കിലും ഏർപ്പാടാക്കിയതാണോ?" രാഹുൽ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അതായിരിക്കില്ല...പോലീസ് ആ കാർ ചെക്ക് ചെയ്യുന്നത് ഞാൻ കണ്ടു. കുഴപ്പം ഒന്നും കാണുകയില്ല.അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പോൾ പോവുകയല്ലേ? "ജയന്തി ചോദിച്ചു
കാർ പോർച്ചിൽ ഉപേക്ഷിച്ചു ഡ്രൈവർ ഔട്ട് ഹൗസിലേക്കു പോയി.
"ഇനി നാളെ രാവിലെ പോകാം..."രാഹുൽ ജയന്തിയോട് പറഞ്ഞു.
"അതുവേണ്ട...ഡ്രൈവറോട് എന്നെ എന്റെ താമസസ്ഥലത്തു ഡ്രോപ്പ് ചെയ്യുവാൻ പറയണം." ജയന്തി പറഞ്ഞു.
"ഏതായാലും കയറിയിട്ട് പോകാം.....നാശം കതകു തുറന്നില്ലെന്നു തോന്നുന്നു" രാഹുൽ അത് പറഞ്ഞു കഴിഞ്ഞതേ കതക് തുറക്കപ്പെട്ടു.
അയാൾ ജയന്തിയുടെതോളിൽ കൈവെച്ചു..
"കൊതിയൻ..കൈ എടുക്ക്...ആ പോലീസുകാരൻ കാണും"ജയന്തി പറഞ്ഞു.
"അയാൾ ഉറക്കം പിടിച്ചുകാണും..."രാഹുൽ പറഞ്ഞു.
അവർ രണ്ടു പേരും അകത്തേക്ക് കയറി..ആരെയും കാണാതായപ്പോൾ രാഹുൽ അകത്തേക്ക് നോക്കി. ഈ സമയം കൊണ്ട് ജയന്തിയുടെ നെറുകയിൽ ചുംബിക്കുവാൻ അയാൾ മറന്നില്ല
"ഇവിടെയുള്ള നാശങ്ങളൊക്കെ എവിടെപ്പോയി?" രാഹുലിന്റെ ശബ്ദം ഉയർന്നു
ആ സമയം അമ്മുവിനെ എടുത്തുകൊണ്ട് അശ്വതി പുറത്തേക്ക് വന്നു. അശ്വതിയെ കണ്ട രാഹുലും ജയന്തിയും ഒരുപോലെ ഞെട്ടി. സപ്‌തനാഡികളും തളർന്ന രാഹുൽ സെറ്റിയിൽ ഇരുന്നു. ജയന്തി പുറത്തേക്ക് പോകുവാൻ ഒരു ശ്രമം നടത്തി.
ഒരു നിമിഷത്തെ പതർച്ചക്കുശേഷം രാഹുൽ സംയമനം വീണ്ടെടുത്തു. അയാൾ ചിരിക്കുവാൻ ശ്രമിച്ചുവെങ്കിലും അത് ഒരു ഗോഷ്ടിയായിട്ടാണ് പുറത്തേക്ക് വന്നത്.
"അച്ചൂ...നീ എപ്പോളാണ് വന്നത്?" രാഹുൽ ചോദിച്ചു.
അവൾ അയാളെ നോക്കി ചിരിച്ചു.
"മിസ്റ്റർ രാഹുൽ....എന്നോട് പലരും നിങ്ങൾ ചതിയനാണെന്ന് സൂചിപ്പിച്ചെങ്കിലും ഞാൻ വിശ്വസിച്ചില്ല....കാരണം... എനിക്ക് തെളിവ് ആവശ്യമായിരുന്നു" അശ്വതി പറഞ്ഞു.
"ഞാൻ...ഞാൻ....എന്തു ചെയ്‌തെന്നാണ് നീ പറയുന്നത്? അയാൾ രക്ഷപെടുവാൻ ഒരു ശ്രമം നടത്തി. അശ്വതി തുടർന്നു.
"നിങ്ങൾ ഒന്നും ചെയ്തില്ല....ഞാനാണ് നിങ്ങളെ സ്നേഹിച്ചത്...നിങ്ങളോടുള്ള സ്നേഹം കൊണ്ട് ഞാൻ സ്വയം മാറി....എല്ലാം അവസാനിപ്പിക്കുവാൻ സമയം ആയെന്നു തോന്നുന്നു" അവളുടെ ശബ്ദം ഇടറിയിരുന്നു.
"അശ്വതി വെറുതെ തെറ്റിദ്ധരിക്കുന്നതാണ്...
ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല"
ജയന്തി പറഞ്ഞു. അശ്വതി ജയന്തിയെ നോക്കി.
"ഞാൻ നിങ്ങളെ കുറ്റം പറയുന്നില്ല...എന്റെ ഭർത്താവിനെ ഞാൻ സൂക്ഷിക്കണമായിരുന്നു. പക്ഷെ നിങ്ങൾക്ക് ഇയാളെ വിവാഹം കഴിച്ചു അന്തസ്സായി ജീവിക്കുവാൻ സാധിക്കുമായിരുന്നു...എനിക്ക് രാഹുലിനെ തന്നെ വിവാഹം കഴിക്കണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല....ഞാൻ എന്റെ അച്ഛനെ അനുസരിച്ചു...അത്രമാത്രം"
അവൾ മുറിയുടെ മൂലയിൽ ചാരി വെച്ചിരുന്ന മൊബൈൽ തന്റെ കൈയ്യിൽ എടുത്തു.
"ഈ മൊബൈലിൽ നിങ്ങൾ കാറിൽ വന്നിറങ്ങിയതുമുതൽ ഇപ്പോൾ വരെയുള്ള കാര്യങ്ങൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്" അശ്വതി പറഞ്ഞു.
"ഇത്‌ ചതിയാണ്" ജയന്തി പറഞ്ഞു.
"അതേ...ചതിക്ക് പകരം ചതിയല്ലേ വേണ്ടത്.?
പക്ഷെ ഇത്‌ നിങ്ങളെ നശിപ്പിക്കുവാൻ ഞാൻ ഉപയോഗിക്കുകയില്ല....നാളെ ഈ ദുഷ്ടൻ എനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുമ്പോൾ എന്റെ കൈയ്യിൽ ഒരു തെളിവായി ഇതുണ്ടാവും" അശ്വതി പറഞ്ഞു.
"അച്ചൂ....നീ...നീ...എന്നോട് ക്ഷമിക്കണം.." രാഹുൽ പറഞ്ഞു
അശ്വതി അയാളെ രൂക്ഷമായി നോക്കി...അമ്മു ഉണരുകയാണെന്നു സംശയം തോന്നിയ അവൾ അവളുടെ തോളിൽ മൃദുവായി തട്ടി.
"നിങ്ങൾ ഒരു സാധുവാണെന്നു വിചാരിച്ചു ഞാൻ സ്വയം മാറിയിരുന്നു.ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി....ആർക്കുവേണ്ടിയും നമ്മൾ സ്വന്തം വ്യക്‌തിത്വം ഉപേക്ഷിക്കരുത്.. .ഞാൻ ആയിരുന്നു ശരി...ഞാൻ മാത്രം"
അവൾ ഉറച്ച കാൽ വെപ്പുകളോടെ പുറത്തേക്ക് നടന്നു. ജോലിക്കാരും കാവൽക്കരനും ഡ്രൈവറും ഇതിനെല്ലാം സാക്ഷികൾ ആയിരുന്നു. എന്നാൽ അവർ അന്ധരായി അഭിനയിക്കുകയാണ് ചെയ്തത്.
"ആ മൊബൈൽ അവളുടെ കൈയ്യിൽ നിന്നും പിടിച്ചു മേടിച്ചു നശിപ്പിക്കണം" ജയന്തി രാഹുലിനോട് പറഞ്ഞു.
അശ്വതി തിരിഞ്ഞു നിന്നു.
"നിങ്ങൾ എന്താണ് ഈ അശ്വതിയെക്കുറിച്ചു ചിന്തിച്ചത് ? ആ വീഡിയോ ഇപ്പോൾ തന്നെ എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞു." അവൾ മൊബൈൽ ജയന്തിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
ജയന്തി ഒന്നും പറഞ്ഞില്ല..
അവളുടെ മുഖം വിളറിവെളുത്തിരുന്നു...വിഷണ്ണനായി സെറ്റിയിൽ ഇരിക്കുന്ന രാഹുലിനോട് അവൾക്ക് പുച്ഛമാണ് തോന്നിയത്.
അശ്വതി പിന്നീട് തിരിഞ്ഞു നോക്കിയില്ല..അവൾ കാവൽക്കരനോട് ഗേറ്റ് തുറക്കുവാൻ ആവശ്യപ്പെട്ടു. അവളുടെ കണ്ണിൽ നിന്നും അഗ്നി സ്ഫുലിംഗങ്ങൾ പുറത്തേക്ക് വരുന്നതായിട്ടാണ് അയാൾക്ക് തോന്നിയത്.
അയാൾ ഓടിവന്ന് ഗേറ്റ് തുറന്നു.ഗേറ്റിനുപുറത്തു വ്യാപിച്ചു കിടന്ന അന്ധകാരം അവളിൽ തെല്ലും ഭയം ജനിപ്പിച്ചില്ല.
അശ്വതി ടാക്സിയിൽ കയറി ഇരുന്നു. മോളെ അവൾ തന്റെ മടിയിൽ കിടത്തി.....
"നമുക്ക് തിരിച്ചു പോകാം.." അവൾ പറഞ്ഞു. അവളെയും വഹിച്ചുകൊണ്ട് ആ ടാക്സി കൂരിരുട്ടിനെ വകഞ്ഞു മാറ്റി അതിന്റെ മുന്നോട്ടുള്ള യാത്ര ആരംഭിച്ചു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot