ബഷീർ വാണിയക്കാട്
**********************
**********************
ഇത് അരനൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു പ്രണയകഥ.
ഏഴ് വയസ്സ് കാരന്റെ ഇഷ്ടത്തെ പ്രണയം എന്ന് പറയാൻ കഴിയില്ല.
എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണെങ്കിലും എനിക്ക് അതൊരു ആദ്യ പ്രണയം തന്നെ ആയിരുന്നു.
രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം.
ഞങ്ങളുടെ വീടിന്റെ തെക്കേ ചായ്പിലായിരുന്നു അന്ന് ഓത്ത് പള്ളി..
ഇബ്രായിൻ മൊല്ലാക്കയാണ് ഉസ്താദ്.
നാട്ടിലുള്ള കുട്ടികളൊക്കെ അന്ന് ഓതാൻ വരുന്നത് വീട്ടിലാണ്..
അക്കൂട്ടത്തിൽ അനുജനോടൊപ്പം കുറെ ദൂരം താണ്ടി ഓതാൻ വരുന്നൊരു മൊഞ്ചത്തി.
അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും നിറം മങ്ങാതെ മനസ്സിൽ ആ കൊച്ച് സുന്ദരിയുണ്ടു്.
കുട്ടിപ്പാവാടയും ഉടുപ്പും തട്ടവുമിട്ട്, കരിമഷി എഴുതിയ പരൽമീൻ കണ്ണുകളും പവിഴച്ചുണ്ടുകളുമുള്ള ഹൂറി.
എന്റെ അതേ പ്രായമുള്ള പാല് പോലെ വെളുത്ത് കൊല്ലുന്നനെയുള്ള അവളായിരുന്നു അന്ന് ആ ഏഴ് വയസ്സ് കാരന്റെ ഖൽബ് നിറയെ..
കണ്ണി മാങ്ങ പറിച്ച് വള്ളിനിക്കറിന്റെ പോക്കറ്റിലിട്ട് അവളുടെ വരവും കാത്തിരുന്ന കാലം.
അവളറിയാതെ അവളുടെ "ഖാഇദ" (മദ്രസാ പുസ്തകം) യിൽ മയിൽ പീലി ഒളിപ്പിച്ചു് വെച്ച് പിറ്റേന്ന് വരുമ്പോഴുള്ള അവളുടെ വിടർന്ന കണ്ണുകളുടെ സൗന്ദര്യത്തിനും കൊഞ്ചലുകൾക്കും കാതോർത്തിരുന്ന ബാല്യം..
സ്കൂളിൽ നിന്ന് അവൾക്ക് വേണ്ടി ഈച്ച മിഠായി പൊതിഞ്ഞ് കൊണ്ട് വന്ന് അവളെ കൊതിപ്പിച്ചിരുന്ന വൈകുന്നേരങ്ങൾ.
മൊല്ലാക്ക വരുന്നതിന് മുൻപ് തെക്കേമുറ്റത്തെ പുളിഞ്ചുവട്ടിൽ വട്ട് കളിക്കുമ്പോൾ മനപ്പൂർവം പൂ പോലെ മൃദുലമായ ആ കൈകളിൽ സ്പർശിക്കുമ്പോൾ അനുഭവിച്ചിരുന്ന അവാച്യമായ അനുഭൂതി..
കഞ്ഞിപ്പെങ്ങളുടെ കുപ്പിവളകൾ കട്ടെടുത്ത് മൊല്ലാക്ക കാണാതെ ആ കുഞ്ഞികൈകളിൽ അണിയിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ട കുസൃതിച്ചിരി..
മൊല്ലാക്കയുടെ ചൂരൽ ആ കുഞ്ഞു കൈകളിൽ ആഞ്ഞു് പതിച്ചപ്പോൾ നിറഞ്ഞൊഴുകിയത് തന്റെ കണ്ണുകളായിരുന്നു..
പിന്നീടെപ്പോഴാണെന്നറിയില്ല, അവളുടെ ഓർമകൾ കാലം തന്നിൽ നിന്ന് മറപ്പിച്ചത്...
ഒരു പാട് വർഷങ്ങൾക്ക് ശേഷം അവളെ വീണ്ടും കണ്ടു മുട്ടുമ്പോൾ അവളോടൊപ്പം ഏഴ് വയസ്സ് കാരിയായ പേരക്കുട്ടിയും ഉണ്ടായിരുന്നു.
അന്നത്തെ ഏഴ് വയസ്സ് കാരിയുടെ കണ്ണുകളിലെ തിളക്കം അവളുടെ പേരക്കുട്ടിയുടെ കണ്ണുകളിൽ കണ്ടപ്പോൾ വീണ്ടും ആ സുന്ദര ബാല്യം കൺമുന്നിൽ തെളിഞ്ഞു..
By: Basheer KMM
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക