Slider

കെട്ടഴിയും പൊറോട്ടക്കാലങ്ങൾ

0
Image may contain: Ganesh Gb, closeup and outdoor

***********************************
ഡിഗ്രി കഴിഞ്ഞ് ഗൾഫ് മോഹവുമായി നടന്ന് സമയം വെറുതേ പാഴാക്കി നടന്ന ഒരു പകലിൽ 'ദുർഗ്ഗാ ഹോട്ടലിലെ' പൊറോട്ടയും ബീഫ് കറിയുമായി ഒരു റെസ്ലിംഗ് നടത്തുകയായിരുന്നു ഞാനും രാജേഷും. അപ്പോഴാണ് ഗൾഫിലേക്ക് വിസ ശരിയായ കാര്യം പറഞ്ഞ് മനോജെത്തിയത്. ഒരു നാണവുമില്ലാതെ ആ എമ്പോക്കി ഞങ്ങളുടെ പാത്രത്തിൽ നിന്ന് അറഞ്ചം പുറഞ്ചം വെട്ടി വിഴുങ്ങി, സ്വന്തം കാശിന് ഒരു സോഡ വാങ്ങി പാപക്കറ കഴുകിക്കളഞ്ഞ്, ചുണ്ടുതുടച്ച് ഇറങ്ങിപ്പോയി.
ഓസിന് കാര്യം നടത്തിയിട്ട് കാപ്പിക്കാശ് പോലും കൊടുക്കാതെ അന്നവിടന്ന് പിരിഞ്ഞ് ഗൾഫിലേക്ക് പോയ ആ മഹാപാപി കൃത്യം രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങൾക്ക് കത്തയച്ചു. അവന്റെ സ്പോൺസറായ ചിറ്റപ്പനും കുഞ്ഞമ്മയും ആ മാസം നാട്ടിലെത്തുന്നുണ്ടെന്നും അവരെ ഒന്ന് ഇംപ്രസ് ചെയ്താൽ ഞങ്ങളിൽ ആരെങ്കിലും ഒരാൾക്ക് ഗൾഫിലേക്കുള്ള വിസ ശരിയാവുമെന്നായിരുന്നു കത്തിന്റെ രത്നച്ചുരുക്കം.
''അവന്റെ കുഞ്ഞമ്മയും ചിറ്റപ്പനും എന്നും ഓർക്കത്തക്ക ഒരു ഇവന്റായിരിക്കണം നിങ്ങൾ ഒരുക്കേണ്ടത്." ഈ കത്ത് കണ്ട ഞങ്ങളുടെ ഫ്രണ്ട് ജ്യോതിസ് പി. വർഗ്ഗീസ് പറഞ്ഞു. ''നിങ്ങള് പേടിക്കണ്ട ...എന്റെ വീട്ടിൽ വച്ചിത് അടിപൊളിയായി നടത്താം... മമ്മി സൂപ്പറായി കുക്ക് ചെയ്യും'' എന്നും പറഞ്ഞ് അവൻ സ്വയം അപ്പോയിൻറ്മെന്റ് ഓർഡറടിച്ച്, ഒപ്പുമിട്ടു ചാർജ്ജ് ഏറ്റെടുത്തു. അങ്ങനെ കൈനീട്ടം കിട്ടിയതും, കടം വാങ്ങിയതും, പറങ്കിയണ്ടിയും തേങ്ങയും വിറ്റതും ഉൾപ്പെടെ 500 രൂപ ഞങ്ങൾ ആ ഈവന്റ് മാനേജരെ ഏൽപ്പിച്ചു.
''ആറര ഏഴ് മണിക്കെങ്കിലും തുടങ്ങണം നമുക്ക്... പക്ഷെ നിങ്ങൾ കുറച്ച് നേരത്തേ വരണം... അറിയാലോ മമ്മിക്കും പെങ്ങൾക്കും എല്ലാം കൂടി പറ്റില്ല. അടുത്ത വീട്ടീന്ന് ഒരു ചേച്ചി കൂടി വരാമെന്ന് പറഞ്ഞിട്ടുണ്ട്... ഉള്ളി അരിയൽ തുടങ്ങിയ ചെറിയ ചെറിയ ജോലികളുണ്ടവിടെ, സഹായിക്കണം'' ഡയറക്ടർ, ഇരട്ട പ്രൊഡ്യൂസർമാർക്കിട്ട് ആദ്യ ക്ലാപ്പടിച്ചു.
അണിഞ്ഞൊരുങ്ങി നാലു മണിയോടെ ലൊക്കേഷനിൽ എത്തിച്ചേർന്ന പ്രൊഡ്യൂസർമാരെ കാത്ത് സ്യൂട്ടും കോട്ടുമണിഞ്ഞ് സവാള - വെളുത്തുള്ളി - ചുവന്നുള്ളി തുടങ്ങിയ ലൊക്കേഷൻ ബോയ്സ് നിരന്ന് കിടന്നു. മൈദാ മാവുമായുള്ള ഫൈറ്റ് സീൻ എടുക്കാൻ ഡയറക്ടർ ജ്യോതിസ് ഒരു കൂറ കൈലി ഉടുത്ത്, കഥാപാത്രമായി മാറി അടുക്കളയിൽ എത്തി.
"നന്നായിട്ട് ഇടിച്ച് കുഴയ്ക്കെടാ എന്നാലെ പൊറോട്ടയ്ക്ക് നല്ല പതം വരൂ" എന്നും പറഞ്ഞ് ലൊക്കേഷനിലെത്തിയ ജ്യോതിസിന്റെ മമ്മി ഞങ്ങൾ പ്രൊഡ്യൂസർമാർക്ക് ഇരിക്കാൻ കസേരയും, പൊളിക്കാൻ സവാളയും, അരിയാൻ കത്തിയും, കുടിക്കാൻ ലൈംജ്യൂസും ചവയ്ക്കാൻ മിക്ചറും സ്നേഹപൂർവ്വം സമ്മാനിച്ചു.
ആദ്യ ഷെഡ്യൂൾ 'പായ്ക്കപ്പ്' പറഞ്ഞപ്പോൾ കരഞ്ഞ് കലങ്ങി ചുവന്ന കണ്ണോടെ ഞങ്ങളും, ഉടൽ മുഴുവനും മൈദാ മാവിന്റെ വെൺമയിൽ ജ്യോതിസ്സും ഈവന്റിന്റെ മറ്റൊരു അട്രാക്ഷനായ ലിമിറ്റഡ് ഓവർ ക്രിക്കറ്റിനിറങ്ങി. അടുത്ത വീട്ടിലെ നാല് ഹൈസ്ക്കൂൾ കുട്ടികളായിരുന്നു ഞങ്ങളുടെ എതിരാളികൾ...!
കളി തുടങ്ങി ആദ്യ ഓവറിൽത്തന്നെ അവൻമാർ ടീം ആസ്ട്രേലിയയും, ഞങ്ങൾ പള്ളിക്കൽ സുഗുണാ ക്ലബ്ബിന്റെ ബി ടീമുമാണെന്നുള്ള നഗ്നസത്യം ഉടലോടെ തിരിച്ചറിഞ്ഞു. കളിയുടെ തുടക്കത്തിൽത്തന്നെ അടിവയറ്റിൽ ഇടത് ഭാഗത്ത് പന്തേറേറ്റ് ഒരു പഴുത്ത തക്കാളി വാങ്ങിയ ജ്യോതിസ് 'സജീവ ക്രിക്കറ്റിൽ' നിന്ന് വിരമിച്ച്, ഒരു കാറിന്റെ ഒച്ചയ്‌ക്കൊപ്പം അകത്തേക്ക് പോയി...!
"ടേയ്! അവരൊക്കെ എപ്പഴേ വന്നു... കളി മതിയാക്കീട്ട് വേഗം വാ'' മേലാസകലം ടൈഗർ ബാം പുരട്ടിയ ആ സംവിധായകൻ തിരിച്ചു വന്ന് കട്ട് പറഞ്ഞു. അങ്ങനെ 'കളിക്കളം' ലൊക്കേഷനിൽ നിന്ന് മടൽ ബാറ്റുപേക്ഷിച്ച് മുടന്തി മുടന്തി ഞങ്ങളും സ്കൂട്ടായി.
ഈവന്റ് പ്രൊഡക്ഷനൊപ്പം, തക്കാളികളുടെ മൊത്തവ്യാപാരം കൂടി ഏറ്റെടുത്ത യുവ പ്രൊഡ്യൂസർമാർ ഒന്നു ഫ്രഷായി ഡ്രോയിംഗ് റൂമിലേക്ക് നടന്നു. പയ്യൻമാർ ഫ്രീയായി വയറിന് ചുറ്റും തന്ന സ്റ്റോക്ക് ഉൾപ്പെടെയുള്ള എന്നെ ഞാൻ തന്നെ അവിടെയുള്ള കസേരയിലേക്ക് പതുക്കെ ചാരി നിർത്തി. മനോജിന്റെ കുഞ്ഞമ്മയും ചിറ്റപ്പനും ജ്യോതിസ്സിന്റെ പപ്പയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഒരു വളിച്ച ചിരിയൊക്കെ ചിരിച്ച് ഞങ്ങളും അതിൽ പങ്കു ചേർന്നു.
ആറരയ്ക്ക് വളരാൻ തുടങ്ങിയ എന്റെ വയറ്റിലെ കൊക്കപ്പുഴു ഏഴരയായപ്പോഴേക്കും ഒത്ത ഒരു അനക്കോണ്ടയായി മാറി. ഞാൻ രാജേഷിനെ നോക്കിയപ്പോൾ അവിടം പറശ്ശിനിക്കടവ് പാമ്പു വളർത്തൽ കേന്ദ്രമായി മാറിയതിന്റെ ടിക്കറ്റ് അവൻ എടുത്തു കാണിച്ചു. ദൈന്യതയോടെ ഞങ്ങൾ ജ്യോതിസിനെ നോക്കി വയർ തടവി.
അപ്പോഴാണ് പുറത്ത് ഒരു കാർ വന്ന് നിന്നത്. കരിയോയിൽ സ്പ്രേ പെയിന്റ് ചെയ്തിട്ട് അതിന് തൂവെള്ള കോസ്റ്റ്യൂം ഇടുവിച്ച പോലുള്ള ഒരു ക്ലീൻ ഷേവ് തടിയനും അതേ ഫിഗറുള്ള ഒരു തടിച്ചിയും ഇറങ്ങി. പിറകേ കരിയോയിൽ ലൈറ്റാക്കി അടിച്ച രണ്ടു പന്നിക്കുട്ടൻമാരും...! വന്നപാടെ ചാടി അകത്തു കയറി ഉറക്കെ അഞ്ചാറ് 'ഹല്ലേലുയ സ്തോത്രം' എല്ലാവർക്കുമായി കുടഞ്ഞിട്ടു. വയറ്റിലെ അനക്കോണ്ടകൾക്ക് കുറച്ച് സ്തോത്രം ഇട്ടു കൊടുത്ത് ഞങ്ങളും കരിഞ്ഞുണങ്ങി ആ തുപ്പൽ മഴ നനഞ്ഞുനിന്നു.
''പാസ്റ്റർ ജോൺസൻ ആരാന്നറിയ്യോ? ഹൊ! ഉഗ്രൻ പ്രാർത്ഥനയാ... പുള്ളി ഭയങ്കര ബിസിയാ...ആറു മണിക്ക് വേറൊരു പ്രാർത്ഥന കഴിഞ്ഞാ ഇങ്ങോട്ട് വന്നത്" രണ്ട് ഹല്ലേലുയയ്ക്കിടയിലെ ഗ്യാപ്പിൽ ജ്യോതിസ് ഞങ്ങളോട് അഭിമാനത്തോടെ പറഞ്ഞു. 'ഈവന്റിൽ ഇല്ലാത്ത ഈ ഐറ്റം ഇവിടെങ്ങനെ വന്നു?' എന്നോർത്തെങ്കിലും, നിരത്തി വച്ച വിഭവങ്ങൾ എന്നെ നോക്കി 'പോട്ടെടാ സാരമില്ല' എന്ന് പറഞ്ഞു. അതോടെ മര്യാദക്ക് അമ്പലത്തിൽപ്പോലും പോകാത്ത ഞങ്ങൾ കണ്ണടച്ച്, പല്ലുകടിച്ച് വീണ്ടും സ്തോത്രം പറഞ്ഞു.
പതിഞ്ഞ താളത്തിൽ തുടങ്ങിയ ജോൺസച്ചായൻ ആരാധനയുടെ ഉത്തുംഗ തലത്തിൽ എത്തിയ കാഴ്ചയ്ക്കാണ് ജ്യോതിസ്സിന്റെ വീട് പിന്നീട് സാക്ഷ്യം വഹിച്ചത്. വണ്ടി പാർക്ക് ചെയ്ത വിഷയത്തിൽ സ്ഥലം എം.എൽ.എയുടെ മകനുമായി തെറ്റി പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിയ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വീട്ടിൽ പ്രാർത്ഥനയ്ക്ക് പോയ കാര്യം അച്ചായന്റെ സുവിശേഷ ജീവിതത്തിൽ മറക്കാനാവാത്ത ഏടായി പ്രാർത്ഥനയിൽ വെളിപ്പെട്ടു. എസ്.ഐ സെലക്ഷൻ കഴിഞ്ഞ് നിൽക്കവേ അവിചാരിതമായി ഒരു കൊലപാതകക്കേസിൽ കുടുങ്ങിയ ആ കോൺസ്റ്റബിളിന്റെ മകനെ മാനസാന്തരപ്പെടുത്തി ജയിലിലയച്ച കഥാചരിത്രം ആ വീട്ടിലെങ്ങും കണ്ണീർപ്പൂക്കൾ വാരി വിതറി.
സമയം എട്ടേകാൽ..! എന്റെ തല യന്തിരൻ സിനിമയിലെപ്പോലെ 360 ഡിഗ്രിയിൽ കറങ്ങിത്തുടങ്ങി. ഒടുവിൽ സ്വന്തം ഫാമിലെ പന്നിക്കുട്ടൻമാരുടെ 'കത്തി താഴെയിട് ജോൺസാ' എന്ന മട്ടിലുള്ള സ്തോത്രം വിളിയിലാണ് അച്ചായൻ ഡിന്നിറിന് തയ്യാറായത്. തുടർന്ന് ഭിത്തിയിൽ പിടിച്ച് പിടിച്ച് വീഴാതെ ഞാൻ ഡൈനിംഗ് ടേബിളിലെത്തി. രാജേഷിന്റെ അവസ്ഥയും അങ്ങനെതന്നെ..!ടേബിളിനു ചുറ്റും എല്ലാവരും നിരന്നിരിക്കുമ്പോൾ 'ആക്രാന്തം കാണിക്കരുത് ' - ഞാനെന്റെ അനക്കോണ്ടയോട് കരഞ്ഞ് പറഞ്ഞു.
പാസ്റ്റർ ജോൺസൺ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് കൈകൾ മുകളിലേക്കുയർത്തി ആഹാരം നൽകിയ കർത്താവിന് ചൂടോടെ അഞ്ചാറ് 'ഹല്ലേലുയാ സ്തോത്രം' കൊടുത്തു. തുടർന്ന് പൊറോട്ടയ്ക്ക് മുകളിൽ കറിയൊഴിച്ച് അടുക്കിയത് അഞ്ചാറെണ്ണം ഒരു തട്ടാക്കി പാത്രത്തിൽ വച്ച് മുകളിലേക്കുയർത്തി ഒരു നിമിഷം കണ്ണടച്ചു നിന്നു.
എങ്ങും പൂർണ്ണ നിശബ്ദത!
''ഗ്ലക്ക് ഗ്ലക്ക്" എന്ന ശബ്ദം കേട്ട് എല്ലാവരും നോക്കിയപ്പോൾ കണ്ട കാഴ്ച വായിൽ നിന്ന് പുറത്തേക്ക് വന്ന ഒരു പൊറോട്ടയെ, മുതുകാട് റോപ്പ് മാജിക്ക് ചെയ്യുന്ന സ്റ്റൈലിൽ പിടിച്ച് പിടിച്ച് പ്ലേറ്റിലേക്ക് തിരികെ ചുറ്റി വയ്ക്കുന്ന രാജേഷിനേയാണ്...!
പൊറോട്ടയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ പഠിച്ചു തുടങ്ങിയ ആ കാലത്ത് മമ്മി ഉണ്ടാക്കിയ ആ സംഭവം മൈദാ മാവുകൊണ്ടുള്ള ഒരു കയർ ചുറ്റായിരുന്നു. ഇരുന്ന പാടെ അതൊരെണ്ണം ചുരുട്ടി വായിലിട്ട ലവൻ പ്രാർത്ഥന കേട്ട് ടെൻഷനടിച്ച് പുറത്തെടുത്തപ്പോൾ, പല്ലിൽ കുരുങ്ങിയ പൊറോട്ട ചുറ്റഴിഞ്ഞു വീണ മായക്കാഴ്ചയാണ് ഞങ്ങളപ്പോൾ കണ്ടത്...!
വിരുന്നിനെത്തിയ ഗസ്റ്റുകൾക്കും അത് സ്പോൺസർ ചെയ്ത ജ്യോതിസിന്റെ വീട്ടുകാർക്കും വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിച്ച്, വലിഞ്ഞുകയറി വന്ന് മാജിക് ഷോ കാട്ടിയ അവനേയും, എന്നേയും കർത്താവിന്റെ സമക്ഷം വലിച്ചു കീറി ഒട്ടിച്ചിട്ട്, കൈയ്യിൽ തട്ടുകളാക്കി വച്ചിരുന്ന പൊറോട്ടകളെ രണ്ട് സൈഡിലും പിടിച്ച് ബർഗറിനെ കൈകാര്യം ചെയ്യും മട്ടിൽ ഫിനിഷ് ചെയ്തിട്ട് അടുത്ത തട്ട്‌ പണിക്കായി സിമന്റ് കുഴച്ചു നമ്മുടെ ജോൺസച്ചായൻ...!
''നാറാനുള്ളത് എന്തായാലും നാറി... ഇനിയിപ്പം ഒന്നും നോക്കണ്ട'' ഞാനവനോട് മെല്ലെ പറഞ്ഞു. പ്രിയദർശൻ സിനിമകളുടെ ക്ലൈമാക്സ് പോലെ ഒരു കൂട്ടപ്പൊരിച്ചിലാണ് പിന്നവിടെ നടന്നത്. ഡൈനിംഗ് ടേബിൾ ഒരു കുരുക്ഷേത്രഭൂമിയായി മാറി. പൊറോട്ടകൾ അങ്ങിങ്ങായി കെട്ടഴിഞ്ഞ് വീണു കിടന്നു. മാംസവും അസ്ഥികൂടങ്ങളും രക്തവർണമായ ഗ്രേവിയും എങ്ങും വീണു നിറഞ്ഞു. രാജേഷെന്ന ഭീമസേനന്റെ അതിക്രൂരമായ ആക്രമണത്തിൽ കരിയോയിൽപ്പട തോൽവിയടഞ്ഞു. അഞ്ചു പേർ കടിക്കാൻ മൽസരിച്ച അവസാന ചിക്കൻ കാലിൽ ആദ്യ കടി കടിച്ച് ഞാനും ഒരു സ്റ്റാറായി മാറി. ഇന്റർവ്യൂ നടത്താൻ വന്ന മനോജിന്റെ കുഞ്ഞമ്മയും ചിറ്റപ്പനും ഇതിനിടയിൽ പോയത് ഞങ്ങൾ മനപ്പൂർവ്വം മറന്നുകളഞ്ഞു.
പാസ്റ്റർ പോകാൻ തുടങ്ങിയപ്പൊ ഞാൻ മെല്ലെ അടുത്തുചെന്ന് അദ്ദേഹത്തിന് ഒരു ഷേക്ക് ഹാന്റ് കൊടുത്തു. ''അതേയ് സേതുമാധവൻ ശിക്ഷ കഴിഞ്ഞ് ഇറങ്ങി... ഇപ്പൊ മീൻ കച്ചോടവും ആയിട്ട് രാമപുരത്ത് തന്നെയുണ്ട് ഒന്ന് പോയിക്കാണണേ... ഇനിയും പ്രശ്നമുണ്ടാക്കിയാലോ... ഹല്ലേലുയാ സ്തോത്രം'' എന്ന് എല്ലാവരും കേൾക്കത്തക്കവണ്ണം പറഞ്ഞു...!
ഒരാഴ്ച കഴിഞ്ഞു.
''അവര്ടമ്മേടെ ഇൻറർവ്യൂ...ശ്ശെ ! സ്വന്തക്കാരെ കൊണ്ടുപോകാനാണേൽ പിന്നെ ഈ കോപ്പൊക്കെ എന്തിനാരുന്നു'' എന്ന ഒറ്റ ആത്മഗതത്തിൽ ജ്യോതിസ് എന്തിനാണ് ഈ കേസിന്റെ ഈവന്റ് മാനേജരായത് എന്നും ഒട്ടും കളിയറിയാത്ത അവൻ എന്തിന് ഈവൻറിൽ ഒരു ക്രിക്കറ്റ് കളികൂടി ചേർത്തു എന്നുമുള്ള പൊറോട്ടയുടെ ചുറ്റ് എന്നന്നേക്കുമായി അഴിഞ്ഞു വീണു.
കളിയുടെ ഇടയിൽ ഓവർ ആക്ഷൻ കാട്ടി അവൻ പോയത് ഞങ്ങളെ ഒഴിവാക്കിയുള്ള ഇൻർവ്യൂവിന് ആയിരുന്നു എന്നതും ചുറ്റഴിഞ്ഞ ആ പൊറോട്ട കാട്ടിത്തന്നു. ചതി കൊണ്ട് നമുക്കൊന്നും നേടാൻ കഴിയില്ല. അഥവാ എന്തെങ്കിലും നേടിയാൽ അത് ഒരിക്കലും ശാശ്വതമാവില്ല എന്ന പാഠം മനസ്സിലാക്കിത്തന്ന ദൈവത്തിന് 'ഹല്ലേലുയാ സ്തോത്രം'.
മനോജ് പിന്നീടിന്നുവരെ ഞങ്ങളെ വിളിച്ചിട്ടില്ല...!
''കാത്തിരിക്കുമ്പം ഏറ്റവും സുഖം തോന്നുന്നത് എപ്പഴാ നിന്റെ അഭിപ്രായത്തിൽ?'' ഈയിടെ ഒരു ദിവസം രാജേഷെന്നോട് ചോദിച്ചു.
"പൊറോട്ടയും ഇറച്ചിക്കറിയും ഓർഡർ കൊടുത്തിട്ട് അത് കൊണ്ടുവരാൻ സപ്ലയർ എടുക്കുന്ന സമയമാണ് ഏറ്റവും സുഖകരം എന്നാണ് എന്റെ ഒരിത് ...പക്ഷെ എല്ലാം മുന്നിൽ നിരത്തി വച്ചിട്ടും വെറുതേ കാത്തിരിക്കുന്നത് ഏറ്റവും ദു:ഖകരവും...!"
ഉറക്കെയൊരു ചിരിയായിരുന്നു അവന്റെ ഉത്തരം.
സത്യമല്ലേ? നല്ല മൊരിഞ്ഞ ചൂട് പൊറോട്ടയുടെ പുറത്ത് കടും ചെങ്കൽ നിറത്തിൽ കുറുകി, മസാല മണം പറക്കുന്ന ബീഫ് കറി ഒഴിച്ചാൽ, അവരിങ്ങനെ കണ്ണിലൂടെ - മൂക്കിലൂടെ - നാവിലെത്തുമ്പോഴേക്കും മട്ടന്നൂർ ആശാന്റെ സ്പെഷ്യൽ തായമ്പകയായിരിക്കും വായ്ക്കുള്ളിൽ!. ഒരു നവോഢയെപ്പോലെ ഗ്രേവിയിൽ കുതിർന്ന്, പ്ലേറ്റിൽ നാണിച്ചു കിടക്കുന്ന പൊറോട്ടയെ മെല്ലെയൊന്നിളക്കി ബീഫ് കഷണവും, സവാള അരിഞ്ഞതും കൂട്ടി വായിൽ വയ്ക്കുമ്പൊൾ 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ' വിരണ്ട് വന്നാലും ''പ്ലീസ് രണ്ടു മിനിട്ട്'' എന്ന് അറിയാതെ പറഞ്ഞു പോകും..!
എന്താന്നറിയില്ല എനിക്കിപ്പഴും അങ്ങനെ തന്നാ...!
- ഗണേശ് -
22 -2- 2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo