Slider

വിവേകിൻ്റെ ചിന്തകൾ

0
Image may contain: 1 person, eyeglasses, selfie and closeup

വിവേക് വളരെ വിവേകത്തോടെയാണ് ചിന്തിച്ചു തുടങ്ങിയത്. നീലാകാശത്തെ ചെറിയ വെളുത്തമേഘങ്ങൾ പോലുള്ള ചെറിയ ചിന്തകൾ,
തെളിഞ്ഞചിന്തകൾ . പിന്നീട് എപ്പോഴോ അല്പം കറുപ്പ് കലർന്ന വലിയ മേഘം വന്നവയ്ക്ക് മുകളിലൂടെ കേറി മറിഞ്ഞു. കൂടിക്കുഴഞ്ഞ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പഴയ തെളിമയുള്ള മേഘങ്ങളെ കണ്ടെത്താൻ വൃഥാ ശ്രമിച്ചു.
വിവേകേ, വിശാലമനസ്സേ, വിധിയുണ്ടെങ്കിൽ വീണ്ടും കാണാം പാറി പറന്നു വീണ
ഒരോട്ടോഗ്രാഫിൻ്റെ ഇളം നീലനിറമാർന്ന ഒരു പേജ്, കഴിഞ്ഞ പത്തുനാല്പതു വർഷങ്ങൾ കൊണ്ട് ഇളം നീലനിറം ഒന്നൂടെ വിളർത്തിട്ടുണ്ടോ, അതോ മങ്ങിയതാണോ? സുന്ദരമായ കൈയ്യക്ഷരങ്ങൾ, കനവിൽ കോറിയിട്ട കവിത പോലെ, തുടുത്ത കവിളുകൾ, തിളങ്ങുന്ന കണ്ണുകൾ, കവിത തുളുമ്പുന്ന ചുണ്ടുകൾ, വെളുത്ത് കൊലുന്നനേയുള്ള കൈവിരലുകൾ കടുമ്പച്ചനിറത്തിലുള്ള ഹീറോ പേനകൊണ്ട് അന്നാ ഓട്ടോഗ്രാഫിൽ എഴുതിയത് നന്നായി ഓർക്കുന്നു. ഒരു വാലൻ്റയിൻസ് ഡേയിൽ ആയിരുന്നോ? മണ്ടൻ തന്നേ,
അന്നെവിടെ വാലൻ്റയിൻസ് ഡേ അതെല്ലാം ഇന്നാളല്ലേ തുടങ്ങിയത്, ജ്വവല്ലറിക്കാർ അക്ഷരത്രീദീയ ആഘോഷങ്ങൾ തുടങ്ങുന്നതിന് അല്പം മുമ്പ് കാർഡ് കച്ചവടക്കാരും, ഫാൻ്റസി കച്ചവടക്കാരും തുടങ്ങി വച്ചത് ചൈനാ കമ്പോളവും, മൊബൈൽ കമ്പനികളും, ചാനലുകളും കൂടെ ജീവിതത്തിൻ്റെ ഒരു ഭാഗമാക്കിയ ഫെബ്രുവരി പതിനാല്. എന്നെങ്കിലും ആകട്ടെ, പക്ഷെ
ആരാണതെഴുതിയത്. വിനീത,വിമല,വിസ്മയ ആ മൂന്നു സുന്ദരികളിൽ ഏതു സുന്ദരിയാണ് ഇതെഴുതിയത്.
വിധി ഉണ്ടെകിൽ വീണ്ടും കാണാം,വിധി.
വിധി തന്നെയല്ലേ തന്നെ വിദേശത്തെത്തിച്ചത്.
ഒഴുക്കിനെതിരേ നീന്താൻ ഒത്തിരിയിഷ്ടമായിരുന്നു പക്ഷെ ഒഴുക്കു പോയിട്ട്
ഒഴുകാൻ പോലും ഒരു തുള്ളി വെള്ളമില്ലാത്തിടത്തു ഒതുങ്ങിപ്പോയ ഒരായിരം പേരിലൊരുവൻ, ഒരു തരി നേരംകളയരുതെന്നോർത്തെങ്കിലും, ഒഴുകിപോകുന്നതൊത്തിരിക്കാലങ്ങൾ, കൈകാലുകളിൽ കാണാത്തൊത്തിരിവിലങ്ങുകളുളള്ളവനാണ് പ്രവാസി. താനും അവരിലൊരുവൻ
അരക്കില്ലം പണിതൊരുക്കിയ
മായനും ഞാൻ. പാണ്ഡവനിഗ്രഹത്തിന് ക്വട്ടേഷൻ കൊടുത്ത കൗരവനും ഞാൻ. അരക്കില്ലത്തിൽ അകപ്പെട്ട്, മായക്കാഴ്ചകളിൽ പുറത്തേയ്ക്കുള്ള വഴി കാണാതെ ഉരുകുന്ന ചൂടിൽ വെന്തുരുകാൻ വിധിയ്ക്കപ്പെട്ട പാണ്ഡവനും ഞാൻ. ജനിച്ചു വീഴുന്നതിൻ മുമ്പേ കേട്ടു പഠിച്ച പാഠങ്ങളിൽ പത്മവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടുന്ന രീതികൾ സ്വായത്തമാക്കിയതാണല്ലോ എന്നൊരഹങ്കാരമാണോ വിനയായത്. നേടിയ നേട്ടങ്ങളെല്ലാം നഷ്ടങ്ങളായിരുന്നോ, നഷ്ടപ്പെട്ടു പോയതും, നേടിയെടുത്തതും തമ്മിലുള്ള ലാഭനഷ്ടങ്ങളുടെ കണക്ക്, വഴിക്കണക്ക് എന്നുമൊരു ബാലികേറാമലയായിരുന്നല്ലോ, എത്ര ശ്രദ്ധിച്ചെഴുതിയാലും ടീച്ചർ മാർക്കിടുമ്പോൾ ഉത്തരത്തിൻ്റെ നടുവിലൂടെ രണ്ടു ചുവന്ന വരകൾ കൊണ്ട് പൂജ്യം മാർക്കു തരുന്ന വഴിക്കണക്കുകൾ.
വഴിയെഴുതി മുന്നോട്ടു പോകുമ്പോൾ എല്ലാം ശരിയായിരുന്നു എന്ന തോന്നൽ പക്ഷെ എല്ലാത്തിനേയും പൂജ്യം കൊണ്ട് ഗുണിച്ച് അവസാന
കണക്കുകൂട്ടലിൽ കിട്ടിയ ഉത്തരവും പൂജ്യം ജീവിത പരീക്ഷയിൽ ലഭ്യമായ മാർക്കും പൂജ്യം.
കാറ്റടിച്ചു കരിമേഘങ്ങളെങ്ങോ പറന്നകന്നു, തെളിഞ്ഞ ആകാശത്ത് വീണ്ടും വെളുത്ത കുഞ്ഞുമേഘങ്ങൾ പാറി പറന്നു തുടങ്ങി. വിവേക് വീണ്ടും വിവേകത്തോടെ എന്തോ ചിന്തിച്ചിരുന്നു.

By: PS Anilkumar Devidiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo