നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യക്ഷി

Image may contain: Giri B Warrier, smiling, closeup

ഗിരി ബി. വാരിയർ
~~~~~~~~~~~~
ഞാനൊരു പാവം യക്ഷി
പണ്ടൊരു നാളിലേതോ
മന്ത്രവാദിയെന്നെത്തളച്ചൊരു
വെള്ളിലം പാലയിൽ.
പിന്നീടെന്നോ പാലമരങ്ങൾ
മുറിച്ചു കഷ്ണങ്ങളാക്കി.
ഒരു പ്രളയകാലത്താ മരക്കഷ്ണം
കടലിലേക്കൊഴുകിയെത്തി.
വർഷങ്ങൾ കഴിഞ്ഞ് കരക്കടിഞ്ഞ
മരക്കഷ്ണത്തിലെ ആണി
വലിച്ചൂരിയൊരു പറ്റം
യുവാക്കളെന്നെ സ്വതന്ത്രയാക്കി.
എന്റെ സൌന്ദര്യം കണ്ട്
മയങ്ങിയെന്നെപ്പുണരാൻ
അവരോടിയടുത്തപ്പോൾ
മാനം കാക്കാനായ് ഞാനോടി
ഒരേഴിലം പാലമരം തേടി.
പാലമരങ്ങൾ കണ്ടില്ല, പകരം
കോൺക്രീറ്റ് വനങ്ങൾ മാത്രം
ഓടിയോടിത്തളർന്ന ഞാൻ
കണ്ടു പനപോലിടതുർന്ന
മൊബയിൽ ടവറുകൾ
അതിലോടിക്കയറിയൊരു
വിധം സ്വയരക്ഷക്കായ്.
ചൂടുള്ള സൂര്യകിരണങ്ങളും
ടവറിലെ റേഡിയേഷനും
മലിനമാം വായുവുമേറ്റെന്റെ
വെളുത്തയുടൽ കറുത്തു.
ഇടയ്ക്കിടെ മുഖം തുടച്ചെൻ
വെളുത്ത സാരി കറുപ്പായി
കാത്തിരുന്നു ഒന്നിരുട്ടുവാൻ
താഴെയൊന്നിറങ്ങി കുറച്ച്
ചുടുചോര കുടിച്ച്
ദാഹം ശമിപ്പിക്കുവാൻ,
രാത്രിയുടെ രണ്ടും മൂന്നും
യാമങ്ങൾ കഴിഞ്ഞു പോയിട്ടും
വിജനമായില്ല വീഥികൾ.
ഇരുട്ടിൻ മറവിൽ കണ്ടു
മാനം കാക്കാനോടുന്ന
വൃദ്ധകളും യുവതികളും
പതിയിരുന്നക്രമിക്കുന്ന
അക്രമികളും പിടിച്ചുപറിക്കാരും,
തലമൂടി നടക്കും പകൽ മാന്യരും
കയ്യിൽ വാളുകളുമേന്തി
കൊല്ലാൻ പായുന്ന രാഷ്ട്രിയകിങ്കരരും
കാമാർത്തി തീർത്ത് കൊന്ന്
വലിച്ചെറിഞ്ഞ സ്ത്രീയുടെ
ജഡത്തിൻ മുകളിൽ കിടന്ന്
വിശപ്പകറ്റാൻ മുലപ്പാലിനായ്
കരയുന്ന കുഞ്ഞും.
ഇതൊന്നും കാണാതെ
കൈയ്യിൽ ഫോണുമായി
എല്ലാം മറന്ന് നടന്ന്
കണ്ടിട്ടും കാണാതെ
പോകും വഴിപ്പോക്കരും.
വയ്യ കാണാൻ എനിക്കിത്തരം
കലിയുഗക്കാഴ്ചകൾ.
പണ്ട് ഞാനെൻ കൂർത്ത
ദ്രംഷ്ടങ്ങളാൽ
രക്തമൂറ്റികുടിച്ചപ്പോഴും
വേദനിക്കാറുണ്ടീ ഹ്യദയമനാഥമാം
കുടുംബങ്ങളെയോർത്ത്‌.
ഇത്രയും ക്രൂരനാകാൻ
എങ്ങിനെ കഴിയുന്നീ മർത്ത്യർക്ക്!
താഴെയിറങ്ങിയാരോ വലിച്ചെറിഞ്ഞ
തുരുമ്പെടുത്ത ആണിയുമായ്
ഞാനോടിയൊരു മന്ത്രവാദിയേത്തേടി
സൂര്യനുദിക്കും മുൻപേ ഏതെങ്കിലും
പാലയിൽ ഒരാണിയുടെ ബലത്തിൽ
മാന്യമായ് രക്ഷപ്പെടാമെന്ന വ്യാമോഹത്താൽ.
ഗിരി ബി. വാരിയർ
19 ഫെബ്രുവരി 19

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot