Slider

വിശപ്പ്

0
Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup

പൊടുന്നനെ മാനം ഇരുണ്ടു മൂടി..
'കറുത്ത ഒരു പകൽ'
കറിയ..,
കറിയായില്ലേ... മറിയേ ന്നും ചോദിച്ചോണ്ട് അകത്തു കയറി ..
കയറിയപാടെ ഇറയത്തു കിടക്കണ
കയറെടുത്ത് വയറും തിരുമ്മി...
പയറു കായ്ച്ചു.. തഴച്ചു ..
പാറത്താഴെ വീണു കിടക്കണ വള്ളിയെടുത്തു പാറോത്തിന്റെ
കൊമ്പേൽ കുറുക്കി കെട്ടി ...
തൊഴുത്തിൽ നിക്കണ കറുമ്പിയക്ക് ലേശം കറുകപുല്ല് ഇളക്കിയിട്ടുകൊടുത്തു
ഇറയത്തെ മാറാല..,
കറിയ കുറിയവനാണേലും
കൈയെത്തിച്ചു തട്ടിയിട്ടു ..
ഇല്ലനക്കരി കുറിയിട്ട തിരുനെറ്റിയുമായി
വറുത്തരച്ച മസാല അറക്കവരഞ്ഞതിൽ കറിയുപ്പും ചേർത്ത് മറിയ തേച്ചുപിടിപ്പിച്ചു .
നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ചാലിട്ടു ഒഴുകിയിറങ്ങി തുടിച്ചു വീർത്ത മാറിൽ വീണുടഞ്ഞു ...
ഒന്നു ചാറിയിരുന്നേൽ വേവൽപ്പം കുറഞ്ഞേനെ..
വറാന്തയിൽ റാന്തലു തൂക്കിയ പടിഞ്ഞാറേ കോണിനു താഴെ ചാരു നുറുങ്ങിയ
കസേരപ്പുറത്തിരുന്നു കറിയ അകത്തേയ്ക്ക് നോക്കി ..
കറിയായില്ലേ .. !
വിശപ്പുണർന്നു പെരുമ്പറ കൊട്ടിയാർക്കാൻ തുടങ്ങി
പറ വടിച്ചതീന്നൊരരനാഴി മുറമെടുത്ത്
ചേറ്റി കൊഴിച്ചു നിറച്ചാർത്തണിയുകയാണ്
ചിതറുന്ന വെളിച്ചത്തിൽ പുറകിലെ ചാർത്തിലെ വാതിൽപ്പുറത്ത് മറിയ ...
ചലിയ്ക്കുന്ന കൈകൾക്കൊപ്പം താളം
വിരിയിക്കുന്ന വിരലുകളും ..
പതിയെ കുലുങ്ങുന്ന
നിതംബ കാഴ്ചയ്ക്കു മുന്നിലായ്
നിറവയർ അർമാദം മറക്കുന്നു...
കറിയായില്ലേ ..!
വിശപ്പുണർന്ന് നൂറുംപാലും തേടി കുടവയർ
കൊത്തി പൊളിക്കാൻ തുടങ്ങി ..
ചൂട് ആവിയായുയരുന്ന ഒരു കിണ്ണം കഞ്ഞിക്കു മുൻപിൽ ഇരിപ്പ് ചമ്രം പടിഞ്ഞു....
തലതാഴ്ത്തി
കെറുവിച്ചിരുന്ന കറിയയുടെ മുൻപിൽ
വറുത്ത അറക്ക കഷണം വെന്തു മൊരിഞ്ഞ
രുചിയായി മാറി .
ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് കെറുവിന്റെ ഒരു കുറുമ്പു കഷണം നുള്ളിയെടുത്ത് .. കറിയ
മറിയയുടെ വാപുറത്തേയ്ക്ക് നീട്ടി...
ദാ ..വാ തുറക്ക് ..
കരുതലിന്റെ നിറവായി ആ കുഞ്ഞു തുണ്ട്
തൊണ്ട വഴിയിറങ്ങി നിറവയർ നികത്തി ..
ഒന്നു ചാറിയിരുന്നെങ്കിൽ വേവൽപ്പം കുറയുമായിരുന്നു ...,
# അറക്കമീൻ ... അയ്ക്കൂറ
19 - Feb - 2019
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo