Slider

അമ്മ

0
അയാൾ വീണ്ടും വീണ്ടും തിരഞ്ഞു .പേഴ്സിലും അലമാരയിലെ മേശയുടെ വലിപ്പിലും ഒക്കെ ..എങ്ങും കാണാൻ ഇല്ല .അയാളുടെ തിരച്ചിൽ കണ്ട് ഭാര്യ അടുത്ത് വന്നു
"നിങ്ങളെന്താ നോക്കുന്നത് കുറച്ചു നേരമായല്ലോ "
"അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് .ഞാൻ എന്റെ പേഴ്സിൽ വെച്ചിരുന്നതാ.രണ്ടു അഞ്ഞൂറിന്റ ഉണ്ടായിരുന്നു .ഇപ്പോൾ നോക്കിയപ്പോൾ ഒന്നേയുള്ളു .അയാൾ വെപ്രാളത്തോടെ പറഞ്ഞു .
"ഈശ്വര അഞ്ഞൂറ് രൂപയോ ?"ഭാര്യ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു പോയി."മാസാവസാനം ആണ് ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ ബാക്കി കിടക്കുന്നു "
"ഒന്ന് കൂടി നോക്കാം നമുക്ക് "അവർ ചൂലെടുത്തു കട്ടിലിനടിയിൽ അടിച്ചു വാരി .പാറിപ്പറന്നു വീണിട്ടുണ്ടാകുമോ ?ഒടുവിൽ നിരാശയോടെ നിലത്തിരുന്നു തലയിൽ കൈ താങ്ങി അയാൾ കട്ടിലിലും
"ശരിക്കും ഒന്നാലോചിച്ചു നോക്. ഇന്നലെ ഓഫീസിൽ വിട്ടു വന്നപ്പോൾ എന്തെങ്കിലും വാങ്ങിക്കാനോ മറ്റോ എടുത്തോ ?"
ഭാര്യ ദയനീയമായി ചോദിച്ചു
"ഇല്ലാടി ഒരു കവർ പാലല്ലേ വാങ്ങിയുള്ളു ..ഇരുപതു രൂപ ഷർട്ടിന്റെ പോക്കറ്റിൽ നിന്നെടുത്താ കൊടുത്തത്"
"പിന്നെവിടെ പോയി ?"ഭാര്യ ഏറെക്കുറെ കരച്ചിലിന്റെ വക്കിലെത്തി
"മോളിന്നും കൂടി പറഞ്ഞു ..വൈകിട്ടു വരുമ്പോ ഇത്തിരി മീൻ വാങ്ങി കൂട്ടാൻ വെയ്ക്കണേ അമ്മെന്നു ..എത്ര ദിവസമായി ചീരത്തോരനും തൈരും ചമ്മന്തിയും തന്നെ ..പാവം ...ഒരു ദിവസം മീൻ വാങ്ങണമെങ്കിൽ രൂപ ഇരുന്നൂറു ആകുമെന്ന് അറിയാഞ്ഞിട്ടല്ല വല്ലപ്പോളുമല്ലേ അവൾ ആശിക്കുന്നെ?തേയിലയും പഞ്ചസാരയുമൊക്കെ തീർന്നു... "അവർ മെല്ലെ പറഞ്ഞു
അയാൾ പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവളുടെ നേരെ തിരിഞ്ഞു
"എടി ഈ മുറിയിൽ ആരെങ്കിലും കേറിയോ പുറത്തു നിന്ന്?"
"ആരു വരാനാ ഇവിടെ "? ഭാര്യ തെല്ലിട ചിന്തിച്ചു നിന്ന് പറയാണോ വേണ്ടയോ എന്ന് മടിച്ചിട്ടെന്ന വണ്ണം അവർ തെല്ലു നിശബ്ദയായി
"എന്താ ?"അയാൾ ചോദിച്ചു
"അത്...."
"എന്താടി ?ഞാൻ ആകെ ഭ്രാന്തെടുത്തു നിൽക്കുകാ .നീ കാര്യം പറ "
"'അമ്മ ഇച്ചിരി പൈസ ചോദിച്ചു ..ചേച്ചിയുടെ വീട്ടിൽ പോകാൻ ..കുഞ്ഞുങ്ങൾക്കെന്തെങ്കിലും വാങ്ങി കൊടുക്കാനാവും "
"അതിന്?"അയാളുടെ മുഖം ചുവന്നു .
"അല്ല ...'അമ്മ ഇന്ന് രാവിലെ മുറിയിൽ നിന്നിറങ്ങി പോകുന്നത് കണ്ടു ..ഇനി അമ്മയെങ്ങാനും ..."അയാളുടെ ഓങ്ങിയ കൈവശത്തു നിന്ന് അവർ ഒഴിഞ്ഞു മാറിയില്ലായിരുന്നെകിൽ പുറം നെടുകെ ഒരു അടി വീണേനെ
"എന്നെ എന്തിനാ തല്ലാൻ വരുന്നത് ?ഞാൻ കണ്ടത് പറഞ്ഞെന്നേയുള്ളൂ "
"അപ്പോൾ നീയോടി?നീ ഇവിടെ കയറിയില്ലേ?നമ്മുടെ മോൾ കയറിയില്ലേ ?എന്റെ 'അമ്മ രണ്ടാം തരം...അല്ലെങ്കിലും അമ്മായിഅമ്മ അമ്മയാകില്ലല്ലോ അല്ലെ ?"
"ആരെയും എപ്പോളും വിശ്വസിക്കാൻ പറ്റില്ലല്ലോ "അവർ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
"വേറെ ആരേം വിശ്വസിച്ചില്ലെങ്കിലും എന്റെ അമ്മയെ ഞാൻ വിശ്വസിക്കുമെടി ...എന്റെ 'അമ്മ എടുക്കില്ല ...ഇനി എടുത്താൽ തന്നെ അതെന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാ..എന്റെ വിയർപ്പിന്റെ വിലയാ അത്. അമ്മയുടെ മുലപ്പാലിന്റെതിനേക്കാളും വലിയ വില അതിനില്ല "
"ഓ ഞാൻ ഒന്നും പറഞ്ഞില്ല "ഭാര്യ മുറി വിട്ടു പോയി
ഗേറ്റ് കടന്നു 'അമ്മ നടന്നു വരുന്നത് കണ്ടു അയാൾ ഉമ്മറത്തേക്ക് ചെന്നു
"അമ്മയ്ക്കൊരു ഓട്ടോയിൽ വന്നൂടാരുന്നോ ?എന്താ വെയിൽ ..."
'അമ്മ വാടിയ ഒരു ചിരി ചിരിച്ചു
"ദീപേ ഇച്ചിരി മോരും വെള്ളമിങ്ങെടുത്തേ മോളെ "
അവർ വിയർപ്പാറ്റി ഉമ്മറത്തിരുന്നു
"മോനെന്താടാ ഇനി പോയില്ലേ ?"
"ചെറിയ ഒരു തലവേദന "അയാൾ പരുങ്ങലോടെ പറഞ്ഞു
'അയ്യോ എപ്പോ മുതൽ ?" അവർ ചാടിയെഴുന്നേറ്റു അയാളുടെ നെറ്റിയിൽ കൈ വെച്ചു..അയാൾ ആ കൈത്തലം ഒന്നമർത്തിപ്പിടിച്ചു .അമ്മയുടെ കൈക്കു ചന്ദനത്തിന്റെ തണുപ്പ്.
"നല്ല സുഖമില്ല അമ്മെ "അയാൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു
അയാളുടെ പ്രാരാബ്ദമെല്ലാം അവർക്കു മനസിലാകുന്നുണ്ടയിരുന്നു ...മെലിഞ്ഞ ശുഷ്കിച്ച വിരല് കൊണ്ട് അവർ ആ തലയിൽ മെല്ലെ തലോടി
"ദേ അമ്മെ വെള്ളം "ദീപ വന്നു അടുത്തിരുന്നു
"ദേ ആ സഞ്ചിയിലിച്ചിരി മീനും പലചരക്കും പച്ചക്കറിയുമൊക്കെയുണ്ട് ..നീ ആ മീൻ എടുത്തു കൂട്ടാൻ വെയ്ക്കു ..കൊച്ചു വരുമ്പോൾ കൊടുക്കാമല്ലോ പാവം കൊതിച്ചിട്ട പോയേക്കുന്നെ "
ദീപ സംശയം നിറഞ്ഞ കണ്ണുകളോടെ സഞ്ചിയിലേക്കും പിന്നെ അയാളുടെ മുഖത്തേക്കും നോക്കി .പിന്നെ ഒന്നും മിണ്ടാതെ സഞ്ചിയുമെടുത്തു അകത്തോട്ടു പോയി
"വിരലിലെ മോതിരം അങ്ങൂരിപ്പോവാ എപ്പോളും ..വയസായില്ലേ വിരലൊക്കെ ശുഷ്കിച്ചു ..."വല്ലയിടത്തും കളഞ്ഞു പോയാലോന്നു പേടി അത് കൊണ്ട് ഞാൻ ഇന്ന് അതങ്ങു വിറ്റു"
'
അമ്മ മെല്ലെ പറഞ്ഞു അയാൾ സ്തംഭിച്ചു പോയി
"എന്തിനാ അമ്മെ അമ്മയ്ക്കാകെയുള്ള മോതിരമല്ലേ അത് ?'
"ഓ സ്വർണമൊക്കെ ഇട്ടോണ്ട് നടന്നിട്ടിനി എത്ര കാലം .."ഇന്ന കുറച്ചേ കിട്ടിയുള്ളൂ ..മോനിത് വെച്ചോ ,,"അമ്മ മടക്കി പിടിച്ച നോട്ടുകൾ അയാളുടെ കൈയിൽ പിടിപ്പിച്ചു ശിശുവിനെ പോലെ ചിരിച്ചു .കണ്ണ് നിറഞ്ഞതു 'അമ്മ കാണാതിരിക്കാൻ അയാൾ മുഖം തിരിച്ചു
വിനയേട്ടാ ഒന്നിങ്ങു വന്നേ "ദീപ വിളിക്കുന്നത് കേട്ടു അയാൾ അകത്തേക്ക് ചെന്നു്
"അഞ്ഞൂറ് രൂപ എവിടെ വെച്ചുന്ന പറഞ്ഞത് ?"
"പേഴ്സിൽ "
'അപ്പൊ ഇതോ ?"നനയ്ക്കാനിട്ടിരിക്കുന്ന പാൻറ്സിൻറ് പോകെറ്റിൽ നിന്ന് അവൾ നോട്ടെടുത്തു നീട്ടി
അയാൾ ശൂന്യമായ മനസോടെ അത് വാങ്ങി
"അപ്പൊ 'അമ്മ ഈ സാധനമൊക്കെ വാങ്ങിയത് എങ്ങനെ ?"
അയാൾ വിളറി ഒന്ന് ചിരിച്ചു
"അതാണ് ഭാര്യയും അമ്മയും തമ്മിലുള്ള വലിയ വ്യത്യാസം ...കുറ്റപ്പെട്ത്തുകയല്ല കേട്ടോ ...'അമ്മ കാണുന്നതും ചിന്തിക്കുന്നതും ഒക്കെ എപ്പോളും മകന്റെ മനസിനെക്കുറിച്ചും അവന്റെ അലച്ചിലിന്റെ ആഴത്തെ കുറിച്ചുമായിരിക്കും ..ഭാര്യ പലപ്പോളും നിർഭാഗ്യവശാൽ ആ ഉള്ളൂ കാണുകയുമില്ല.അവൾ ഇല്ലായ്മയുടെ കണക്കെടുപ്പിൽ ആയിരിക്കും. കാപ്പിപ്പൊടി തീർന്നു, മീനില്ല, കറന്റ് ചാർജ് അടച്ചില്ല അങ്ങനെ.... "
"ഏട്ടാ ഞാൻ ..."
"സാരോല്ലടി കുറ്റം പറഞ്ഞതല്ല ...കൈയിൽ കാശില്ലാതാകുമ്പോൾ കാണാത്ത പോലെ കേൾക്കാത്ത പോലെ പൊയ്‌പ്പോകും ചിലപ്പോ "
അയാൾ നടന്നു തന്റെ മുറിക്കുള്ളിലേക്ക് പോയി ..
രണ്ടഞ്ഞൂറിന്റെ നോട്ട് കൊണ്ട് ഇനിം കഴിയേണ്ട ദിവസങ്ങളുടെ കണക്കൊന്നും അപ്പോൾ അയാൾക്കോര്മയുണ്ടായിരുന്നില്ല.

By: Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo