Slider

കാതരയായൊരു പക്ഷിയെൻ..

0
Image may contain: Saji M Mathews, smiling, selfie and closeup
============================
ഡാ ചെക്കാ..."
തൊട്ടുപിന്നിൽ നിന്നുള്ള ആ വിളിയിൽ ഞാനറിയാതൊന്നു ഞെട്ടിപ്പോയി, വായിച്ചുകൊണ്ടിരുന്ന പുസ്തകം കൈയ്യിൽ നിന്ന് വഴുതി താഴെവീണു. ശബ്ദത്തിന്റെ ഉടമ തെല്ലൊരു കുറ്റബോധത്തോടെ മുന്നിലേക്ക് വന്നു, നിലത്തു വീണ പുസ്തകം എടുത്ത് പൊടി തട്ടി എന്റെ കൈയ്യിൽ തന്നു.
"എന്നതാടി ആളെ പേടിപ്പിക്കുന്നെ ? ..."
"ഡാ നിന്റെ കൈയ്യിൽ ഒരു ഇരുനൂറ് രൂപയെടുക്കാനുണ്ടോടാ ?"
"എന്തിനാടി നിനക്കിപ്പോ ഇരുനൂറ് രൂപ "
" കഞ്ചാവടിക്കാൻ.."
"കഴിഞ്ഞ തവണ നീ വെള്ളമടിക്കാനല്ലേ കാശ് വാങ്ങിയത്, ഇപ്പൊ വെള്ളമടി വിട്ട് കഞ്ചാവടിക്കാൻ തുടങ്ങിയോ"
"വെള്ളമടി ഭയങ്കര ബോറാടാ. ഒരു പെഗ് അടിക്കുമ്പോഴേക്കും ശർദ്ധിച്ചാകപ്പാടെ വശക്കേടായിപ്പോകുന്നു. കെട്ടുവിട്ടു കഴിയുമ്പോ മുടിഞ്ഞ തലവേദനയും. കഞ്ചാവാണെങ്കിൽ ആരും അറിയാതെ അടിച്ചു കോൺ തെറ്റി വെല്ലോടത്തും കിടക്കാം. തലവേദനിക്കുമെന്നോ ശർദ്ധിക്കുമെന്നോ പേടിക്കുകയും വേണ്ട.."
"ടീ പെണ്ണേ .. ഇപ്പൊ കഞ്ചാവിനേക്കാൾ നല്ല മുന്തിയ സാധനങ്ങൾ കിട്ടാനുണ്ട് , നാക്കിനടിയിൽ വെക്കുന്ന സ്റ്റിക്കറും, മൂക്കിൽ വലിക്കാവുന്ന പൊടിയുമൊക്കെ, അതൊരു കൈ നോക്കാൻ പാടില്ലായിരുന്നോ. ഏതായാലും ഇന്നോടെ ക്ലാസ് തീരുവല്ലേ, തിരിച്ചു നാട്ടിൽ ചെന്നാൽ ഇതൊക്കെ വല്ലതും നടക്കുമോ."
"നീ നിന്ന് കിന്നരിക്കാണ്ട് ഇരുന്നൂറ് രൂപ താ. കഞ്ചാവടിക്കണോ സ്റ്റിക്കർ വെക്കണോന്നൊക്കെ ഞാൻ തീരുമാനിച്ചോളാം".
പഴ്സ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അലീഷയുടെ കൈയ്യിൽ കൊടുത്തു,
"ചില്ലറയില്ല, നീ കഞ്ചാവടിച്ചിട്ട് ബാക്കിയുണ്ടേൽ തിരിച്ചു തന്നാ മതി ".
"ശരി നീ ഇവിടെത്തന്നെ ഇരിക്കണേ , ഞാനിപ്പോ തിരികെ വരാം"
കാശുംവാങ്ങി അവൾ നടന്നു മറയുമ്പോൾ ഞാൻ മനസ്സിലോർത്തു - പാവം.
വീണ്ടും വായനയിൽ മുഴുകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മനസ്സിൽ ഒളിഞ്ഞിരിക്കുന്ന വിഷാദം മറയ്ക്കാനെന്നപോലെ, ചുണ്ടിലെപ്പോഴും നറുചിരിയുമായ് മാത്രം കണ്ടിട്ടുള്ള അലീഷയുടെ സുന്ദരമായ മുഖമാണിപ്പോഴും കണ്മുന്നിൽ.
കുറച്ചുകഴിഞ്ഞപ്പോൾ, വീണ്ടുമാ പദചലനം എന്നരികിലെത്തി.
"ഡാ.. നീയിവിടെ കിടന്നുറങ്ങിപ്പോയോ.. ദേ നിന്റെ ബാക്കി മുന്നൂറു രൂപ ".
എഴുന്നേറ്റിരുന്നു. അവളും അരികിൽ വന്നിരുന്നു.
"കഞ്ചാവിന് എത്രയായി ..."
"പതിനോരായിരത്തി അഞ്ഞൂറ് "
"മാമൻ എത്രയയച്ചു തന്നു "
"പതിനായിരം"
"ബാക്കി ആയിരത്തിയഞ്ഞൂറ് " ?
" കുറച്ചു പേരുടെ മുൻപിൽ നാണമില്ലാതെ കൈ നീട്ടി . നിന്നെ പോലെ ബുദ്ധിയില്ലാത്തവരായതുകൊണ്ട് തിരിച്ചുകിട്ടില്ലന്നറിഞ്ഞിട്ടും അവരെനിക്ക് കടം തന്നു”
അവൾ ഒരു തമാശ പറഞ്ഞിട്ടെന്ന പോലെ ചിരിച്ചു. കണ്ണിലെ വിഷാദഛായ ആ ചിരിയിക്കിടയിലും തെളിഞ്ഞു നിന്നു.
"ഇതോടെ തീർന്നു.. ഇനി ആരുടെ മുൻപിലും കൈ നീട്ടേണ്ടി വരില്ല. ബാലൻസ് ഫീസ് കൊടുത്തില്ലെങ്കിൽ സെർട്ടിഫിക്കറ്റ്സ് തരില്ലെന്ന് പറഞ്ഞു പേടിപ്പിക്കുന്നു കള്ള തെമ്മാടികൾ "
അവൾ ഒരു ചെറിയ കല്ലെടുത്ത് കോളജിനെ നോക്കി എറിഞ്ഞു, അവരോടുള്ള ദേഷ്യം തീർക്കാനെന്നവണ്ണം.
"നിനക്ക് ആദ്യമേ തന്നെ എന്നോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ, ആയിരത്തിഅഞ്ഞൂറ് രൂപയും ഞാൻ തരുമായിരുന്നല്ലോ .. അതെങ്ങനെയാ നിനക്കിപ്പോഴും ഞാൻ ഒരന്യനാണല്ലോ"
അവളോട് ദേഷ്യപ്പെടാൻ തോന്നുന്ന ചില അപൂർവ്വ സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്.
" ഒരു മുതലാളി വന്നിരിക്കുന്നു, എന്റെ ഫീസ് മുഴുവൻ എന്നാ പിന്നെ നിനക്കങ്ങ് കൊടുക്കാൻ പാടില്ലായിരുന്നോ ആരെയായാലും ബുദ്ധിമുട്ടിക്കുന്നതിന് ഒരതിരുണ്ട്. പിന്നെ മോൻ എന്താ പറഞ്ഞേ അന്യനെന്നോ.. അല്ലാണ്ട് പിന്നെ നീയെന്റെ ആരാ ?"
അവൾ എഴുന്നേറ്റ് പോകാനൊരുങ്ങി. ഞാനും മെല്ലെ എഴുന്നേറ്റു അവളുടെ കൂടെ നടന്നു. ആ മുഖം പതിവില്ലാത്ത വിധം വാടിയിരിക്കുന്നു. എന്റെ വാക്കുകൾ അതിര് കടന്നുവോ.
ജീവിതത്തിൽ ആദ്യമായ് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത് അലീഷയോടാണ്.
നല്ല സുഹൃത്തുക്കളായ് അടുത്തിടപഴകുമെങ്കിലും ഒരിക്കലും അവളോടത്‌ തുറന്നു പറഞ്ഞിരുന്നില്ല, അതിനൊരു കാരണം ഉണ്ട്.
സെക്കണ്ടിയർ പഠിക്കുമ്പോളാണ് അലീഷയുടെ ബാപ്പ ഹാർട്ടറ്റാക്ക് വന്ന് മരിക്കുന്നത്. പിന്നീട് അവളുടെ ചിലവുകൾ വഹിച്ചിരുന്നത് ബന്ധുക്കളായിരുന്നു. മനസ്സില്ലാ മനസ്സോടെ അവരയക്കുന്ന പണം മിക്കവാറും തികയാറില്ല.
ഞങ്ങൾ ചില സഹപാഠികൾ അറിഞ്ഞുകൊണ്ട് തന്നെ ആ കുറവ് നികത്തി. അവളുടെ ഈ കഷ്ടപ്പാടുകൾക്കിടയിൽ ഒരു കാമുക വേഷവുമായി അവതരിക്കുന്നത് ഔചത്യമില്ലായ്മയാണെന്ന് എനിക്ക് തോന്നി.
ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച പ്രണയം ഇനിയെങ്കിലും തുറന്നു പറയണം.
കാരണം ഇന്നത്തോടെ ഈ കലാലയജീവിതം അവസാനിക്കുകയാണ്.
ഇന്നെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കൽ പറയാൻ കഴിയാതെ പോയേക്കാം.
" എനിക്ക് വിശക്കുന്നു, വാ നമുക്ക് കാന്റീനിൽ പോയി വല്ലതും കഴിക്കാം"
"നീ കഴിക്ക്. ഞാൻ വേണേ കൂട്ടിരിക്കാം, കഞ്ചാവടിച്ചിട്ടാണെന്നു തോന്നുന്നു എനിക്കിപ്പോ നല്ല വിശപ്പില്ല "
അവളുടെ മുഖത്തു പഴയ പ്രസന്നത മെല്ലെ തിരിച്ചു വന്നു. കാന്റീനിൽ ഒരു മേശക്കിരുവശവുമായി ഇരുന്നു,
കാന്റീനിലെ വെയ്റ്റർ അടുത്ത് വന്നു. അലീഷയെ കണ്ടപ്പോൾ തമാശയ്‌ക്കെന്നവണ്ണം അയാൾ ചോദിച്ചു -
"എന്ന മാഡം ബൺ താനാ ഇന്നേയ്ക്കും ?"
ഹോസ്റ്റലിലെ മെസ് ഫീസ് കൊടുക്കാൻ പലപ്പോഴും തികയാതെ വന്നപ്പോൾ അലീഷ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു ബൺ. വയറിന് പിടിക്കുന്നില്ലെന്ന് പറഞ്ഞ് മെസ്സിലെ ഭക്ഷണം കഴിക്കുന്നത് നിർത്തി. പകരം മൂന്ന് നേരവും ഓരോ ബണ്ണു വീതം കഴിക്കും.
"രണ്ടു മസാലദോശ " ഞാൻ ഓർഡർ കൊടുത്തു.
"എനിക്ക് ബൺ മതി " അലീഷ ഇടയ്ക്കു കയറി പറഞ്ഞു. എതിർക്കാൻ നിന്നില്ല. പക്ഷെ സപ്ലയർ മസാലദോശയും ബണ്ണും കൊണ്ട് വന്നപ്പോൾ ഞാൻ പെട്ടെന്ന് പ്ലേറ്റുകൾ തമ്മിൽ മാറ്റി.
"ബൺ മാത്രം കഴിക്കുന്നത് കൊണ്ടായിരിക്കും നിൻറെ സൗന്ദര്യവും ബുദ്ധിയും ഈയിടെ ഇത്തിരി കൂടിയിട്ടുണ്ട് ഞാനും ഒന്ന് കഴിച്ചു നോക്കട്ടെ “
പറഞ്ഞു തീരും മുൻപ് ബൺ എടുത്ത് കഴിക്കാൻ തുടങ്ങി , മസാലദോശയുടെ പ്ലേറ്റ് അലീഷയുടെ മുൻപിലേക്ക് നീക്കി വെച്ചു. അവൾ മടിച്ചുമടിച്ച് മസാലദോശ കഴിക്കുന്നതും നോക്കി ഞാനിരുന്നു.
ഇത്രയേറെ കഷ്ടപാടുകൾക്കിടയിലും അലീഷ വളരെ നന്നായി പഠിക്കുമായിരുന്നു. ഫൈനൽ എക്സാം റിസൾട്ട് വരുമ്പോൾ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് കിട്ടാൻ സാധ്യതയുണ്ട്.
" നാട്ടിലേക്ക് നമുക്കിന്ന് ഒരുമിച്ചു പോകാം, ഞാൻ ശർമ്മ ട്രാവൽസിൽ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് "
"ഞാൻ ട്രെയിനിൽ പോകുമായിരുന്നല്ലോ എന്തിനാ നീ എനിക്ക് ട്രാവൽസിൽ ടിക്കറ്റെടുത്തത്."
"ഒന്ന് പോടീ ..ഒരു ബസ് ടിക്കറ്റ് എടുത്തത് കൊണ്ട് ഞാൻ മുടിഞ്ഞു പോകത്തൊന്നുമില്ല. പിന്നെ എനിക്ക് നിന്നോട് ചില കാര്യങ്ങൾ തുറന്ന് സംസാരിക്കാനുണ്ട്". പിന്നീടവൾ തർക്കിക്കാൻ നിന്നില്ല.
വൈകിട്ട് ഏഴുമണിക്ക് ട്രിച്ചി- എറണാകുളം സെമി സ്ലീപ്പർ ബസിൽ നാല് വർഷം പഠിച്ച കോളേജിനോടും ട്രിച്ചി നഗരത്തോടും മനസ്സുകൊണ്ട് വിടപറഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു.
ജനലരികിൽ പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ച് അവൾ ഇരുന്നു, അരികിൽ ഞാനും. വിശാലമായ നെൽവയലുകളാണ് റോഡിനിരുവശവും.
നെൽക്കതിരുകളെ തഴുകി വരുന്ന ഇളം കാറ്റ് ഞങ്ങളെ തലോടി യാത്രയാക്കി.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം, ഞാൻ അവളുടെ അരികിലേക്ക് ചേർന്നിരുന്നു. മൃദുലമായ വലതു കൈത്തലം എന്റെ ഇരുകരങ്ങളാലും കവർന്നിട്ട് മെല്ലെയവളുടെ കാതോരം മന്ത്രിച്ചു.
"ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുകയാണ്. ചുറ്റി വളച്ചുപറയാനൊന്നും എനിക്കറിയില്ല-
അവൾ തെല്ലൊരാകാംക്ഷയോടെ തിരിഞ്ഞെന്നെ നോക്കി.
" പെങ്ങന്മാരുടെ രണ്ടുപേരുടേം നിക്കാഹ് നടന്നാലുടൻ ഞാൻ വന്ന് കൂട്ടികൊണ്ടുപൊന്നോളം. എനിക്ക് വേണ്ടി കുറച്ചു കാലം കാത്തിരിക്കാൻ നീ തയ്യാറാണോ? "
അവളുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചത്ര അമ്പരപ്പൊന്നുമുണ്ടായിരുന്നില്ല. പകരം അവൾ എന്റെ കൈവിരലുകളിൽ മുറുകെ പിടിച്ചു. കുറച്ചു നേരത്തെ നിശബ്ദദയ്ക്ക് ശേഷം പറഞ്ഞു തുടങ്ങി.
"നീ പറഞ്ഞില്ലെങ്കിലും നിന്റെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന പ്രണയം ഞാനറിയുന്നുണ്ടായിരുന്നു. എന്റെ സാഹചര്യം ഇതല്ലായിരുന്നെങ്കിൽ ഒരു പക്ഷെ നീയതെന്നോട് മുന്നേ തുറന്ന് പറയുമായിരുന്നു എന്നും എനിക്കറിയാം. ഏതൊരു പെൺകുട്ടിയേയും പോലെ നിന്നേപ്പോലെ സ്നേഹവും കരുതലുമുള്ള ഒരാണിന്റെ തുണ ജീവിതത്തിൽ വേണമെന്ന് ഞാനും ആഗ്രഹിക്കുന്നു. പക്ഷെ ഇപ്പോൾ തന്നെ ബന്ധുക്കൾ എനിക്ക് ചില ആലോചനകൾ കൊണ്ടുവന്നു തുടങ്ങി. ഒരു പണക്കാരന്റെ രണ്ടാം കെട്ടിനുള്ള ആലോചന ഏകദേശം ഉറപ്പിച്ച മട്ടാണ്. അതാവുമ്പോ ഉമ്മയുടെയും അനിയത്തിയുടെയും ബാധ്യതയിൽ നിന്ന് കൂടി അവർക്ക് തലയൂരാം. സ്വന്തമായി ഒരു ജോലി നേടണമെന്നും ഉമ്മയ്ക്കും അനിയത്തിക്കും തുണയായി മാറണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ജീവിതത്തിൽ ഇനിയെന്ത് എന്നെനിക്കറിയില്ല. നോക്കട്ടെ, ഉറപ്പ് പറയുന്നില്ല. നീ നിന്റെ കടമകൾ തീർത്തിട്ട് വരൂ, പടച്ചവൻ ആഗ്രഹിക്കുന്നത് അപ്രകാരമെങ്കിൽ നമുക്ക് ഒരുമിക്കാം"
അവളുടെ വാക്കുകൾ എനിക്ക് ഒരേ സമയം ആശ്വാസവും ആശങ്കയുമാണ് നൽകിയത്. എന്റെ പ്രണയമവൾ തിരസ്ക്കരിച്ചില്ല, കാത്തിരിക്കാൻ അവളെക്കൊണ്ടാകും വിധം ശ്രമിക്കാമെന്നും സമ്മതിച്ചു. ഇനി ദൈവം പാതി ഞാൻ പാതി. എന്റെ ഉത്തരവാദിത്തങ്ങൾ ഞാൻ എത്രയും വേഗം നിറവേറ്റണം. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി അലീഷ മറ്റൊരാളെ വിവാഹം കഴിക്കാൻ പടച്ചവൻ ഇടവരുത്തരുത്.
പുലർച്ചെ അലീഷ പാലക്കാട് ഇറങ്ങി, വിടപറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു, എന്റെയും.
നാട്ടിലെത്തി ഒന്ന് രണ്ടു ദിവസം കഴിഞ്ഞ് ഞാനവൾക്കൊരു കത്തയച്ചു. മൊബൈൽ ഫോണുകളൊക്കെ അന്ന് വിരളമായി മാത്രമേയുണ്ടായിരുന്നുള്ളു. ഒരാഴ്ച്ച കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടിയില്ല. അടുത്ത ദിവസം അലീഷയുടെ നാട്ടിലേക്ക് പോകണമെന്ന് വിചാരിച്ചിരിക്കുമ്പോൾ, സൗദിയിൽ നിന്ന് ഒരു ബന്ധുവിന്റെ ഫോൺ, അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരൊഴിവുണ്ടെന്നും തിരുവനന്തപുരത്തുള്ള അതിന്റെ മുതലാളിയെ എത്രയും വേഗം ചെന്ന് കാണണമെന്നും അദ്ദേഹമറിയിച്ചു. ദൈവത്തിന്റെ ഇടപെടലായിട്ടാണ് ഞാനതിനെ കണ്ടത്. അല്ലെങ്കിൽ പിന്നെ എക്‌സാമിന്റെ റിസൾട്ട് വരും മുൻപേ തന്നെ ഒരു ജോലിക്ക് ഓഫർ കിട്ടുമോ?.
പിറ്റേന്ന് തന്നെ തിരുവന്തപുരത്തുപോയി മുതലാളിയെ കണ്ടു, ജോലി ശരിയായി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.
ഒരാഴ്ചകൊണ്ട് വിസയും ടിക്കറ്റും റെഡിയായി ഞാൻ സൗദിയിലേക്ക് പുറപ്പെട്ടു. ഇതിനിടയിൽ അലീഷയുടെ നാട്ടിൽ പോകണമെന്ന് കരുതിയെങ്കിലും നടന്നില്ല.
പോകുന്നതിനു മുൻപ് അവൾക്ക് വീണ്ടും കത്തയച്ചു . സൗദിയിലെ അഡ്രസ്സും കമ്പനി ഫോൺ നമ്പറുമെല്ലാം അതിലെഴുതിയിട്ടുണ്ടായിരുന്നു. ആദ്യത്തെ തവണ ലീവ് കിട്ടിയത് രണ്ടര വർഷം കഴിഞ്ഞായിരുന്നു. അതിനിടയിൽ പലതവണ അലീഷയ്ക്ക് കത്തെഴുതി. ഒന്നിന് പോലും മറുപടി കിട്ടിയില്ല. ബന്ധുക്കൾ നിർബന്ധിച്ച് അവളുടെ നിക്കാഹ് നടത്തി കാണുമോയെന്ന ഭയമായിരുന്നു മനസ്സിൽ.
ലീവിന് നാട്ടിലെത്തി രണ്ടാം ദിവസം അലീഷയുടെ വീട് തേടിപ്പിടിച്ചു ചെന്നു.
വളരെ പരുഷമായാണ് അലീഷയുടെ ബന്ധുക്കൾ എന്നോട് സംസാരിച്ചത്. അലീഷ കാരണം അവർക്കാകെ മാനക്കേടായത്രേ.
അവർ ഏർപ്പാട് ചെയ്ത വിവാഹത്തിന് സമ്മതിക്കാതെ നിക്കാഹിന് ഒരു ദിവസം മുൻപ്, ഉമ്മയെയും അനിയത്തിയേയും കൂട്ടി ഹൈദരാബാദിലുള്ള ഒരു അകന്ന ബന്ധുവിന്റെ വീട്ടിലേക്കവൾ പോയെന്ന് മാത്രം പറഞ്ഞു.
ഹൈദരാബാദിലെ അഡ്രസ് പല തവണ ചോദിച്ചിട്ടും തന്നില്ല. അവർക്കറിയില്ല എന്ന് പറഞ്ഞു കൈയ്യൊഴിഞ്ഞു. മാത്രവുമല്ല ഞാൻ അലീഷയ്ക്കയച്ച കത്തുകളൊന്നും അവൾക്ക് കൈമാറിയിട്ടില്ല എന്നും ഞാനറിഞ്ഞു.
വെറുതെയല്ല എനിക്കവൾ ഇതുവരെ കത്തൊന്നും അയക്കാതിരുന്നത്
മനസ്സുടഞ്ഞായിരുന്നെന്റെ മടക്കം .
ആ പ്രാവശ്യത്തെ ലീവിൽ മൂത്ത പെങ്ങളുടെ നിക്കാഹ് നടത്തി.
അവധികഴിഞ്ഞപ്പോൾ തിരികെ പ്രവാസത്തിലേക്ക്. തികച്ചും യാന്ത്രീകമായി വീണ്ടും രണ്ടുവർഷം തള്ളിനീക്കി.

രണ്ടാമത്തെ ലീവിനെത്തിയപ്പോൾ പിന്നെയും അലീഷയുടെ നാട്ടിലെത്തി. അപ്പോഴും അവളെക്കുറിച്ച് കൂടുതലായൊന്നും അറിയാൻ സാധിച്ചില്ല.
രണ്ടാമത്തെ പെങ്ങളുടെ വിവാഹവും നടത്തി ലീവ് കഴിഞ്ഞു തിരികെ പോരുമ്പോൾ മനസ്സിൽ പ്രതീക്ഷകളൊന്നും അവശേഷിച്ചിരുന്നില്ല.
ചില പ്രത്യേക കാരണങ്ങളാൽ ബാംഗ്ലൂരിൽ നിന്നായിരുന്നു എനിക്ക് വിമാനം കയറേണ്ടിയിരുന്നത്.
ബാംഗ്ലൂർ എയർപോർട്ടിൽ എമിഗ്രേഷൻ കൗണ്ടറിൽ ക്യൂ നിൽക്കെ -പിന്നിൽ നിന്ന് ഒരുപാട് നാളുകൾക്ക് ശേഷം ഞാനാ വിളികേട്ടു
" ഡാ ചെക്കാ " .
തൊട്ടുപിന്നിൽ നിന്നുള്ള ആ വിളിയിൽ ഞാനറിയാതൊന്നു ഞെട്ടിപ്പോയി, പാസ്പോർട്ട് കൈയ്യിൽ നിന്ന് വഴുതി താഴെവീണു. ശബ്ദത്തിന്റെ ഉടമ തെല്ലൊരു കുറ്റബോധത്തോടെ മുന്നിലേക്ക് വന്നു, നിലത്തു വീണ പാസ്പോർട്ട് എടുത്ത് പൊടി തട്ടി എന്റെ കൈയ്യിൽ തന്നു.
എന്നിട്ടെന്റെ മുഖത്തു നോക്കി ആ കസ്റ്റംസ് ഓഫീസർ ചോദിച്ചു ...
"ഡാ, നിന്റെ കൈയ്യിൽ ഒരു ഇരുനൂറ് രൂപയെടുക്കാനുണ്ടോടാ .... കഞ്ചാവടിക്കാനാ "
By Saji M Mathews
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo