
മരത്തിലിരുന്ന ഉറുമ്പിന് അപ്പുറത്തെ മരത്തിലെ ഇല കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി അതാണ് മുന്നിലേക്ക് ചാഞ്ഞു വന്നു പ്രലോഭിപ്പിച്ച അതിലേക്ക് ചാടികയറിയതും. ദൗർഭാഗ്യം എന്നു പറയട്ടെ ഒരുനാൾ ഇലയും ഉറുമ്പും കൂടി താഴെ കലങ്ങി മറിഞ്ഞു കുലം കുത്തിയൊഴുകുന്ന നദിയിലേക്ക് വീണു. ആ വീഴ്ചയിൽ ഉറുമ്പിനെ ഒറ്റയ്ക്കാക്കി ആ ഇല ഒഴുകിപ്പോയി. നിലയില്ലാ കയത്തിൽ മുങ്ങി താഴുന്ന ഉറുമ്പിനെ വെള്ളത്തിലൂടെ ഒഴുകിവന്ന മറ്റൊരില രക്ഷപ്പെടുത്തി. ജീവൻ വീണ്ടുകിട്ടിയ ഉറുമ്പ് ഇലയോട് ഒത്തിരി നന്ദി പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കില്ല, പിരിയില്ല എന്നൊക്കെ... ഇല അത് വിശ്വസിച്ചു ഉറുമ്പിന് വേണ്ടി ഒഴുകി. സുരക്ഷിതമായ കരയുടെ തീരത്ത് ഉറുമ്പിനെ എത്തിച്ചു. കരയിൽ എത്തിയ ആദ്യ നാളുകളിൽ ഉറുമ്പ് ഇലയെ ചുറ്റിപ്പറ്റി നടന്നു. പിന്നീട് അത് ഇലയെ ശ്രദ്ധിക്കാതെയായി. കാരണം ഉറുമ്പിന്റെ കണ്ണുകൾ തിരഞ്ഞത് ആദ്യത്തെ ഇലയെ ആയിരുന്നു. അല്ലെങ്കിൽ പുതിയ ഇലകളെ... കാരണം വൃക്ഷങ്ങൾ തഴച്ചു വളർന്നു നിൽക്കുന്ന കരയിൽ ഞെട്ടറ്റ ഇല ഒരു അധികപ്പറ്റായിരുന്നു. അത് മനസ്സിലാക്കിയ ഇല വീണ്ടും ആ കുലംകുത്തി കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയിലേക്കിറങ്ങി. നോക്കി നോക്കി നിൽക്കെ അത് ആ നദിയുടെ അഗാധങ്ങൾക്ക് അടിയിലേക്ക് താഴ്ന്നു താഴ്ന്നു പോയി. അപ്പോഴും വൃക്ഷങ്ങളിൽ ഒരുപാടിലകൾ കാറ്റേറ്റ് ഇളകുന്നുണ്ടായിരുന്നു. വൃക്ഷങ്ങളുടെ മുകളിലും താഴെയുമായി ഒരുപാട് ഉറുമ്പുകളും.... നദിയിൽ മുങ്ങുന്ന ഉറുമ്പുകളും ഇലകളും... കാലങ്ങളിൽ മാറ്റമില്ലാതെ തുടരുന്ന പ്രക്രിയ.
ജയ്സൺ ജോർജ്ജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക