Slider

അച്ഛന്റെ സിംഹാസനം

0
" അച്ഛാ ദേ വേണിച്ചേച്ചി വരുന്നുണ്ടേ "ഗേറ്റ് കടന്നു വേണി നടന്നു വരുന്നത് കണ്ടു മീനാക്ഷി ഉറക്കെ വിളിച്ചു പറഞ്ഞു
നന്ദൻ ഒരു ചെറിയ പനിയുടെ ക്ഷീണത്തിലായിരുന്നു
അയാൾ പൂമുഖത്തേക്കു ഇറങ്ങി വന്നു
"ഇന്നും സംശയമായിരിക്കും " മീനാക്ഷി കള്ളച്ചിരിയോടെ പറഞ്ഞു .വേണിയുടെ മുഖം ചുവന്നു നന്ദനും വല്ലാതായി
നന്ദനും വേണിയും ഒരു സ്കൂളിലെ കണക്കധ്യാപകരാണ് .,
വേണി ബുക്ക് നീട്ടി
'മാഷ് പറഞ്ഞത് പോലെ ചെയ്തു നോക്കി പക്ഷെ ഉത്തരം കിട്ടുന്നില്ല "
നന്ദൻ അതിലൂടെ ഒന്ന് കണ്ണോടിച്ചു
ചെറിയ ഒരു പിശകെ ഉള്ളു .അയാൾ അത് തിരുത്തി തിരിച്ചു കൊടുത്തു
"കാല്കുലേഷൻ തെറ്റിയതാ ..ചെയ്തത് ശരിയാണ് വേണി "
"കാല്കുലേഷൻ തെറ്റല്ലെട്ട രണ്ടു പേർക്കും ."മീനാക്ഷി വീണ്ടും കള്ളച്ചിരി ചിരിച്ചു
"നീ കോളേജിൽ പോകാൻ നോക്ക് മീനു "നന്ദൻ കപടഗൗരവത്തോടെ പറഞ്ഞു
"ഞാൻ പോയേക്കാമെ ..അതെ രണ്ടു പേരോടും കൂടി ഒരു ചോദ്യം ...ഇങ്ങനെ കണക്കു കൂട്ടിയും കുറച്ചുമൊക്കെ നടന്നാൽ മതിയോ ?"
വേണിക്കു അവിടെ നിന്നും പോയാൽ മതിയെന്നായി. അവൾ മുഖം കുനിച്ചു ചിരിയോടെ നടന്നു പോയി
"നിന്നെ ഞാൻ ..."നന്ദൻ പിന്നാലെ ചെന്നപ്പോളേക്കും അവൾ ഓടി അകത്തു പോയി
"നീയിങ്ങനെ ഒന്നും പറയല്ലേ മീനു അവളെന്തു കരുതി കാണും ?"
ചുരിദാറിനു ഷാൾ തിരയുകയായിരുന്നു മീനു .
"അയ്യോടാ കുഞ്ഞാവ ..ഒന്നും അറിഞ്ഞൂടാ ..എനിക്ക് രണ്ടു പേരെയും അറിയാം ഒന്നുമില്ലേലും എനിക്ക് ഇരുപതു വയസായില്ലേ എന്റെ അച്ഛാ ?"
"മോളെ ഇത് തമാശയല്ല "നന്ദൻ ഷാൾ എടുത്തു അവളുട തോളിൽ വെച്ച് പിന് ചെയ്തു .പിന്നെ മുടി ചീകി പിന്നി തുടങ്ങി
"അല്ല തമാശയല്ല .അതല്ലേ പറയുന്നത് ..കല്യാണം കഴിക്കാൻ ..ഒന്നല്ല ഇരുപതു വർഷമായി അച്ഛൻ തനിച്ചായിട്ട് "അയാൾ ഒന്നും മിണ്ടാതെ അവളുട മുടിയുടെ താഴെ ബാൻഡ് ഇട്ടു കൊടുത്തു .
"എനിക്ക് നീയില്ലെടാ ?"
"അയ്യടാ എനിക്ക് നീയില്ലെടാ ..ഞാൻ പഠിത്തം കഴിഞ്ഞു എന്റെ സൂരജിന്റെ കൂടെ അങ്ങ് പോകും ..പാവം വേണിച്ചേച്ചി..എത്ര വർഷമായി ഇങ്ങനെ .കഷ്ടം ല്ലേ അച്ഛാ ?"
നന്ദൻ മെല്ലെ ചിരിച്ചു
"വയസ്സായില്ലേ മോളെ?"
"നാല്പത്തിയാറു വയസ്സൊക്കെ ഒരു വയസ്സാണോ അച്ഛാ ?"
നന്ദൻ ഒന്നും പറഞ്ഞില്ല ഒരു പൊട്ട് അവളുട നെറ്റിയിൽ ഒട്ടിച്ചു .പിന്നെ ചുരിദാറിനു ചേരുന്ന കമ്മൽ ഇട്ടു കൊടുത്തു .മീനാക്ഷി ചിരിയോടെ അച്ഛനെ കെട്ടിപിടിച്ചു
"ഇങ്ങനെ തുടങ്ങിയാൽ ഞാൻ മടിച്ചിയായി പോകും കേട്ടോ "
"എന്റെ മോള് നന്നയി പഠിച്ച മതി ..അച്ഛന്റ്റെ സ്വപ്ന അത് ഈ ഗേറ്റിൽ ഒരു ബോർഡ് ഡോക്ടർ മീനാക്ഷി നന്ദകുമാർ "
"ഞാൻ നന്നായി പഠിക്കുന്നുണ്ടല്ലോഅച്ഛാ ...ഞാൻ വേഗം പോയി വരട്ടെ ..സമയം ആയി "
അവൾ പോകുന്നത് നന്ദൻ നോക്കി നിന്നു.കാലമെത്ര വേഗമാണ് കടന്നു പോകുന്നത് അയാൾ ദീർഘനിശ്വാസത്തോടെ ഓർത്തു
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ മീനാക്ഷി സൂരജിനോട് പിന്നെയും അച്ഛനെക്കുറിച്ചും വേണിയെ കുറിച്ചും പറഞ്ഞു
"അച്ഛനെ കല്യാണം കഴിപ്പിക്കുന്ന മകൾ .സോഷ്യൽ മീഡിയയിൽ ഒക്കെ നല്ല ഫേമസ് ആകാം..എനിക്കെന്തോ ഇതിനോടൊന്നും യോജിക്കാൻ പറ്റില്ല മീനു .. നിനക്കറിയാമല്ലോ നമ്മുട റിലേഷൻ എത്ര പ്രയാസപ്പെട്ടാണ് ഞാൻ വീട്ടിൽ പറഞ്ഞു സമ്മതിപ്പിച്ചത് എന്ന് "
"ഞാൻ നിർബന്ധിച്ചില്ലല്ലോ സൂരജ് "
"അതല്ല ഇതിനുള്ള മറുപടി ..ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ..ഒരു പാട് പക്ഷെ ..ഒന്ന് നിർത്തി അവൻ തുടർന്നു.നിനക്കറിയാമല്ലോ എന്റെ അച്ഛൻ മരിച്ചിട്ട് പത്തു വർഷമായി 'അമ്മ വേറെ കല്യാണം കഴിച്ചിട്ടില്ല ..ഒരാൾക്ക് ഒരു കൂട്ട് മതി ഒരു ജന്മം..ഞാൻ മരിച്ചാൽ നീ വേഗം വേറെ കല്യാണം കഴിക്കുമല്ലോ ഇക്കണക്കിനു .?"
അവന്റെ ദേഷ്യം കണ്ട് അവൾ ഒന്ന് ചിരിച്ചു
"ഈ പറഞ്ഞതിൽ വലിയ ഒരു വ്യത്യാസമുണ്ട് .എന്റെ അച്ഛൻ കഷ്ടിച്ച് ഒരു വർഷമാണ് എന്റെ അമ്മയ്‌ക്കൊപ്പം ജീവിച്ചിട്ടുള്ളത് ..ഇരുപത്തിഅഞ്ചാമത്തെ വയസ്സിൽ എന്റെ അച്ഛന് കൂട്ട് നഷ്ടപ്പെട്ടു .എന്നെ കാണാതെയ എന്റെ 'അമ്മ മരിക്കുന്നത് .അന്ന് തൊട്ടു ഇന്ന് വരെ എന്റെ അച്ഛൻ മറ്റൊരു ജീവിതം ചിന്തിച്ചിട്ടില്ല .എന്നെ അച്ഛനാർക്കും വളർത്താൻ കൊടുത്തില്ല. ആ നെഞ്ചിലാ ഞാൻ ഉറങ്ങിയിരുന്നത് .അച്ഛനുറങ്ങാത്ത രാത്രികൾ ..അച്ഛൻ അമ്മയും ഒരാളായി മാറിയ വർഷങ്ങൾ ..നിനക്കറിയുമോ ആറാംക്ലാസ്സിൽ പഠിക്കുമ്പോളാണ് ഞാൻ പ്രായമാകുന്നത് ..ഒന്നും അറിഞ്ഞൂടാ എനിക്ക് .."
അവൾ ഒന്ന് ഏങ്ങലടിച്ചു ..പിന്നെ കണ്ണ് തുടച്ചു
"രക്തം പുരണ്ട അടിവസ്ത്രങ്ങൾ കഴുകുന്ന അച്ഛന്റെ രൂപം എന്റെ ഓർമയിലുണ്ട് .ആണ് വളരും പോലെ അല്ല ഒരു പെണ്ണ് വളരുക . അടിവസ്ത്രങ്ങൾക്കടക്കം മാറ്റമുണ്ട് ..സമയാസമയങ്ങളിൽ ഒക്കെ കണ്ടറിഞ്ഞു ചെയ്തിട്ടുണ്ട് അച്ഛൻ .എന്റെ അച്ഛന്റെ ലോകം ഞാൻ തന്നെയാ ..പക്ഷെ ഞാൻ കല്യാണം കഴിഞ്ഞു പോകുമ്പോൾ എന്റെ അച്ഛൻ ഒറ്റയ്ക്കാകും .കാരണം ഞാൻ പെണ്ണായാതു കൊണ്ട് തന്നെ ....ഇനിയെങ്കിലും എന്റെ അച്ഛൻ അച്ഛന് വേണ്ടി ജീവിക്കണം "
അവൾ ദീർഘംയി ശ്വാസം കഴിച്ചു
"അച്ഛൻ വെറും അച്ഛൻ മാത്രമല്ല എനിക്ക് ..ഗുരു 'അമ്മ എന്റെ ദൈവം എല്ലാം ..എല്ലാം...സമയം കിട്ടുമ്പോൾ നീ അമ്മയോട് ചോദിക്കണം സൂരജ് ...എപ്പോളെങ്കിലും കഴിഞ്ഞ പത്തു വര്ഷത്തിലെപ്പോളെങ്കിലും കട്ടിലിന്റെ ഒഴിഞ്ഞ മറുപതിയിൽ ആളുണ്ടായിരുന്നെങ്കിൽ എന്ന് 'അമ്മ കൊതിച്ചിട്ടില്ലേ എന്ന് ..തല ചേർത്ത് വെക്കാൻ ഒരു ചുമൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ല എന്ന് ...എല്ലാത്തിനും ഒരു കൂട്ടു വേണം മനുഷ്യന് .."
സൂരജ് മിണ്ടിയില്ല
"എന്നെ മറക്കാൻ ഞാൻ സൂരജിനോട് പറയില്ല കാരണം എനിക്കും നിന്നെ വലിയ ഇഷ്ടമാണ് പക്ഷെ ആലോചിക്കണം ..എന്നിട്ടു നിനക്ക് യോജിക്കുന്നില്ലെങ്കിൽ എന്നെ വിട്ടുകളഞ്ഞേക്ക് .."അവൾ മെല്ലെ ചിരിച്ചു
ദിവസങ്ങൾക്കു ശേഷം ഒരു പകൽ
"മോൾ ചോദിച്ചത് സത്യമാണ് ..ഒരു തവണയല്ല ഒരായിരം തവണ തോന്നിയിട്ടുണ്ട് എല്ലാം പറയാനെങ്കിലും ഒരു കൂട് ഉണ്ടായിരുന്നെങ്കിൽ എന്ന് ...സൂരജിന് പകരം ഒരു മകൾ ആയിരുന്നെകിൽചിലപ്പോൾ എനിക്ക് അത്രയും ഫീൽ ചെയ്യില്ല ..."
സൂരജിന്റ 'അമ്മ വിളിപ്പിച്ചിട് അവരുടെ വീട്ടിൽ എത്തിയതായിരുന്നു മീനാക്ഷി
"അച്ഛനോട് ഞാൻ സംസാരിക്കാം അവർ സന്തോഷം ആയി ജീവിക്കട്ടെ ..ഇപ്പോളാണ് എനിക്ക് നിന്നെ കൂടുതൽ ഇഷ്ടമായത് ..എനിക്കും നല്ല കൂട്ടാവില്ലേ നീ ?"
അവൾ മെല്ലെ തലയാട്ടി
പിന്നീട്. പിന്നെയും പിന്നീട്.
"നീ നോക്കിക്കോടി നിന്റെ അച്ഛൻ നിന്റെ ദൈവമാണെന്നല്ലേ പറയുക ..എന്റെ മോൾ ഒന്നിങ്ങു വന്നോട്ടെ ..ഞാൻ ആകും അവളുട ഹീറോ .."
സൂരജ് മീനാക്ഷിയുടെ വീർത്തുന്തിയ ഉദരത്തിൽ മുഖം ചേർത്ത് പറഞ്ഞു
അവൾ അവന്റെ ശിരസ്സിൽ മെല്ലെ തലോടി
"എന്റെ അച്ഛനെ പോലെ ആകില്ല ഒരിക്കലൂം ആകാൻ കഴിയില്ല .."അവൾ മനസ്സിൽ പറഞ്ഞു .
കടലോളം സ്നേഹം പുരുഷൻ കൊടുക്കുമ്പോളും പെണ്ണ് എപ്പോളും ഉള്ളിൽ ഒരു സിംഹാസനം ഒഴിച്ചിടും ..ആരെയും പ്രതിഷ്ഠിക്കാത്ത ഒരു സിംഹാസനം അവളുട അച്ഛന്റെ സിംഹാസനം .

By : Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo