
കളഞ്ഞു കിട്ടിയ കടലാസ്സുതുണ്ടിലും ഒരു കഥയോ, കവിതയോ വായിച്ചെടുക്കാൻ ശ്രിമിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. വായിച്ചു തീർന്ന വരികൾ ആ കുട്ടി തന്റെ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ടു.
ഏകാന്തതകളിൽ സ്വന്തമായി എന്തൊക്കെയോ ആ പുസ്തകത്തിൽ കുറിച്ചിട്ടു. കുത്തിക്കുറിച്ച വരികളിൽ ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു..., കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുണ്ടായിരുന്നു.
തന്റെ കവിതകൾക്ക് ചിത്രം വരച്ചും, ചിത്രങ്ങൾക്ക് കവിതകളെഴുതിയും നോട്ടുപുസ്തകം നിറച്ചു.
ഒറ്റയ്ക്കിരിക്കുമ്പോൾ, വരച്ച ചിത്രങ്ങളുമായി സംവദിച്ചു. ചിലപ്പോൾ കണ്ണു നനഞ്ഞു.., ചിലപ്പോൾ പൊട്ടിച്ചിരിച്ചു.
മാറത്ത് അടുക്കിപ്പിടിച്ച പുസ്തകങ്ങളുമായി കുട്ടി സ്‌കൂളിലേക്ക് പോകുമ്പോൾ, മറ്റു പല കുട്ടികളുo വിലപിടിപ്പുള്ള ബാഗ് തോളിലിട്ട് പോകുന്നതു കണ്ട് നോക്കി നിൽക്കുമായിരുന്നു.
" ഇതുപോലൊരു ബാഗ് എനിക്കും ഉണ്ടായിരുന്നെങ്കിൽ..." എന്നാശിച്ചുപോയിരുന്നു.
വെയിലിലും, മഴയിലും നനുത്ത നഗ്നപാദങ്ങൾ കല്ലിലോ, മുള്ളിലോ തട്ടി വേദനിയ്ക്കുമ്പോൾ..., നല്ല ഭംഗിയുള്ള ചെരിപ്പോ, ഷൂസോ കാലിലണിഞ്ഞ് തുള്ളിച്ചാടി നടന്നു നീങ്ങുന്ന മറ്റു പല കുട്ടികളേയും നോക്കി നിൽക്കുമായിരുന്നു.
"എനിക്കും ഇതുപോലൊന്ന് കാലിലണിയാൻ കഴിഞ്ഞിരുന്നെങ്കിൽ...", എന്നാശിക്കുമായിരുന്നു.
പരുപരുത്ത കോട്ടൺ ഉടുപ്പുമിട്ട്, തൊട്ടടുത്ത അമ്പലത്തിലെ വേലയ്ക്ക് അച്ഛന്റെ കയ്യും പിടിച്ച് പോകുമ്പോൾ, പുതുപുത്തൻ ഉടുപ്പിട്ട് അച്ഛനമ്മമാരുടെ കൂടെ നടന്നു നീങ്ങുന്ന കൂട്ടുകാരിയെ കണ്ട് സങ്കടപ്പെടുമായിരുന്നു.
"എന്ത് ഭംഗ്യാ ആ കുട്ടീടെ ഉടുപ്പ് കാണാൻ അല്ലേ, അച്ഛാ...?" എന്ന് അച്ഛനോട് പറയുമായിരുന്നു.
അന്നച്ഛന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി നിസ്സഹായതയുടേതാണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു.
ഇന്നാ കുട്ടിയുടെ കയ്യിൽ എല്ലാമുണ്ട്.., നല്ല വസ്ത്രങ്ങൾ, മാറി മാറിയണിയാൻ പല ജോഡി ചെരുപ്പുകൾ, നല്ല നല്ല പുസ്തകങ്ങൾ..., എല്ലാമെല്ലാം...!
പക്ഷെ..., ജീവിതമെന്ന നോട്ടുപുസ്തകം നെഞ്ചോട് ചേർത്തുപിടിച്ച് പകച്ചു നിൽക്കുകയാണ് ആ കുട്ടി...., കുത്തിക്കുറിച്ച വരികളിലെ സ്വപ്നങ്ങളെല്ലാം സ്പ്നങ്ങൾ മാത്രമാണെന്നറിഞ്ഞപ്പോൾ....!!
തട്ടിപ്പറിച്ചും വെട്ടിപ്പിടിച്ചും തമ്മിൽ കലഹിച്ചും, ദൈവാനുഗ്രഹത്താൽ നേടിയ മനുഷ്യജന്മo നഷ്ടപ്പെടുത്തുന്നത് കാണുമ്പോൾ കുട്ടി പകച്ചുപോയി...!
മൂർച്ചയേറിയ വാക്കുകളാൽ സ്വന്തം വ്യക്തിത്വം കീറി മുറിക്കപ്പെടുമ്പോൾ, സ്വയം ഉൾവലിഞ്ഞുൾവലിഞ്ഞ് താനാരെന്നുപോലും തിരിച്ചറിയാനാകാത്ത ഒരവസ്തയിലേയ്ക്ക് ചെന്നെത്തുമ്പോൾ, നഷ്പ്പെടാനൊന്നുമിനി ബാക്കിയില്ല എന്ന തിരിച്ചറിവിൽ കുട്ടി തരിച്ചിരുന്നു പോയി....!
ഒരു നിമിഷത്തിനുള്ളിൽ അവസാനിക്കാവുന്ന തുഛമായ ഈ ജീവിതത്തിൽ നന്മ മാത്രം കാണാനായിരുന്നെങ്കിൽ... എന്ന് കുട്ടി ആശിച്ചുപോയി...!
~ ~ ~ ~ ~ ~ ~ ~
Ambika Menon,
05/02/19
~ ~ ~ ~ ~ ~ ~ ~
Ambika Menon,
05/02/19
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക