നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 14



അദ്ധ്യായം പതിന്നാല്
പത്തു മിനിറ്റിനുള്ളിൽ ഉമ ചായയുമായി പൂമുഖത്തെത്തി രാജേഷ് പറഞ്ഞു തുടങ്ങി......
"എനിക്ക് ഇപ്പോഴും വിശ്വാസമാകുന്നില്ല ഞാൻ രാഹുലിനെ തന്നെയാണ് കണ്ടതെന്ന്. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു മനുഷ്യന് ഇത്രയധികം വീഴ്ച ഉണ്ടാകുന്നത് എന്റെ കണ്മുൻപിൽ കാണുന്നത്.....ഒരു പക്ഷെ ഞാൻ അവനെ നേരിൽ കാണാതെ ആരെങ്കിലും എന്നോട് അവന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ വിശ്വസിക്കുകയില്ലായിരുന്നു"
"രാജേഷ്....എനിക്ക് ബോറടിക്കുന്നു...അയാൾക്ക്‌ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞാൽ മതി" ഹേമ ഇടക്കു കയറിപ്പറഞ്ഞു.രാജേഷ് തുടർന്നു.
"ഇന്ന് സിറ്റിയിൽപ്പോയ ഞാൻ ബസ്‌സ്റ്റാന്റിനടുത്തു നമ്മുടെ കാർ പാർക്ക് ചെയ്തതിനു ശേഷം റോഡ് ക്രോസ്സ് ചെയ്യന്നതിനായി സിഗ്നലും വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. കുറച്ചു ദൂരെ മാറിനിന്ന് എന്നെ ഒരാൾ സൂക്ഷിച്ചു നോക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു" രാജേഷ് ഒരു കവിൾ ചായ മൊത്തിക്കുടിച്ചു. ഹേമ അക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.അയാൾ തുടർന്നു.
"ഞാൻ റോഡ് ക്രോസ്സ് ചെയ്തു റോഡിന്റെ മറുവശത്തു ചെന്നു ഏകദേശം മൂന്നടി നടന്നപ്പോൾ അയാൾ എന്നെ പുറകിൽ നിന്നും വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപിന്നിൽ താടിയും മുടിയും നീട്ടിയ ഒരു മനുഷ്യരൂപം!!!. അയാളുടെ ഡ്രസ്സ് വളരെ മുഷിഞ്ഞതായിരുന്നു... എന്തെങ്കിലും സഹായം ചോദിക്കുവാൻ വിളിച്ചതായിരിക്കും എന്ന് കരുതി ഞാൻ സ്പീഡിൽ നടന്നു......
"രാജേഷ്....ഒന്ന്‌ നിൽക്കൂ ....അയാൾ അപേക്ഷിച്ചു....എന്നെ പേരുചൊല്ലി വിളിക്കണമെങ്കിൽ എന്നെ അറിയാവുന്ന ആളായിരിക്കണം .....ഞാൻ നിന്നു. അയാൾ അടുത്തു വന്നു...
"രാജേഷിന് എന്നെ മനസ്സിലായില്ലേ?'" അയാൾ ചോദിച്ചു. നല്ല പരിചയമുള്ള ശബ്ദം.. ഞാൻ ഒർത്തുനോക്കി....
"ഞാൻ...ഞാൻ... രാഹുൽ ആണ്" .....അയാൾ പറഞ്ഞു
"ഏതു രാഹുൽ?"....ഞാൻ ചോദിച്ചു....പെട്ടെന്ന് അയാളുടെ മുഖത്തെ രോമക്കാടിനിടയിലൂടെ എന്റെ പഴയ സുഹൃത്ത് രാഹുലിനെ ഞാൻ തിരിച്ചറിഞ്ഞു.
"റെവന്യു മന്ത്രി രാഹുൽ?" ഞാൻ ചോദിച്ചു.
"അതേ... "അയാൾ ചിരിച്ചു.
ഞാൻ അമ്പരന്നുപോയി....സുമുഖനും ചെറുപ്പക്കാരനുമായിരുന്ന എന്റെ പഴയ സുഹൃത്ത് രാഹുൽ ആണ് അതെന്നു വിശ്വസിക്കുവാൻ എനിക്ക് പ്രയാസം തോന്നി.
മന്ത്രിയായിരുന്നപ്പോൾ രാഹുൽ എന്നെ അവഗണിച്ചത് എന്റെ ഓർമ്മയിൽ വന്നുവെങ്കിലും അവന്റെ അവസ്ഥയിൽ എനിക്ക് സഹതാപമാണ് വന്നത്.
"എന്തു പറ്റി രാഹുൽ? ഞാൻ എന്താണ് കാണുന്നത്? " ഞാൻ ചോദിച്ചു.
രാഹുലിന്റെ കണ്ണുകളിലെ നനവ് എന്റെ ശ്രദ്ധയിൽപ്പെട്ടു.
"എനിക്ക് അത്യാവശ്യമായി ഒരു അഞ്ഞൂറ് രൂപ വേണം മരുന്നു മേടിക്കാനാണ്' രാഹുൽ പറഞ്ഞു.
"മന്ത്രിയായിരുന്ന നിനക്ക് ഞാൻ അഞ്ഞൂറ് രൂപ തരണമെന്നോ? നിനക്ക് പെൻഷൻ കിട്ടുന്നില്ലേ?"
ഞാൻ ചോദിച്ചു.
"പെൻഷൻ കിട്ടുന്നതുകൊണ്ടു ഒന്നിനും തികയുന്നില്ല ....മരുന്നു മേടിക്കുവാൻ തന്നെ ദിവസം ആയിരത്തിലധികം രൂപ വേണം" രാഹുൽ പറഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല...
"വരൂ...നമുക്ക് ഒരു ചായ കുടിക്കാം..."ഞാൻ അവനെ വിളിച്ചു.
"എന്തു പറ്റി...രാഹുൽ...എനിക്ക് ഒന്നും മനസ്സിലാകുന്നില്ല" ആർത്തിയോടെ ചായ കുടിക്കുന്ന അവനെ നോക്കി ഞാൻ പറഞ്ഞു... അവൻ പറയുവാൻ തുടങ്ങി....
ആർട്സ് ക്ലബ്‌ സെക്രട്ടറി ആയിരുന്ന റഹുൽ സ്റ്റുഡന്റ് റെവല്യൂഷനറി പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ആയിരുന്നു.
പ്രസിഡന്റ് ചെല്ലപ്പൻ മാഷിന്റെ മകൾ ജയന്തിയും!!!
മിടുമിടുക്കിയായിരുന്ന ജയന്തി തന്നെയായിരുന്നു പാർട്ടിയുടെ സ്റ്റുഡന്റസ് കൗൺസിലറും!!!
മദ്യപിക്കാത്ത,സിഗററ്റുവലിക്കാത്ത, പെൺകുട്ടികളെ കമന്റടിക്കാത്ത രാഹുലിനെ എല്ലാവരും 'സ്വാമി' എന്നാണ് കോളേജിൽ വിളിച്ചിരുന്നത്. അവന്റ വിനയം നിറഞ്ഞ പെരുമാറ്റവും നെറ്റിയിൽ സ്ഥിരമായി കാണുന്ന ചന്ദനക്കുറിയും ആയിരുന്നു അവന്‌ ആ പേര് വരുവാൻ കാരണം.
പൊതുവെ പെൺകുട്ടികൾ രാഹുലിനോട് വലിയ അടുപ്പം കാണിക്കാറില്ലായിരുന്നു. അവർക്കെല്ലാം അടിപൊളിയായി നടക്കുന്ന ചെറുപ്പക്കാരെയായിരുന്നു താല്പര്യം .
ഒരു പെൺകുട്ടിയെ പ്രണയിക്കണം എന്ന് തോന്നുക ആ പ്രായത്തിൽ സ്വാഭാവികമാണെല്ലോ? രാഹുലിനോട് വളരെ അടുപ്പം കാണിച്ച ജയന്തിയോട് രാഹുലിന് ഉള്ളിൽ പ്രണയം തോന്നി.
ജയന്തിയോട് തുറന്നു പറയുവാൻ ധൈര്യം ഇല്ലാത്ത അവൻ പ്രണയം തന്റെ മനസ്സിൽതന്നെ ഒളിപ്പിച്ചു വെച്ചു.
ഒരു ദിവസം അവൻ അവളോട് തന്റെ മനസിലിരുപ്പ് തുറന്നു പറഞ്ഞു.
"സ്വാമി കൊള്ളാമെല്ലോ....ഇതായിരുന്നു മനസ്സിലിരുപ്പ് അല്ലേ?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്നാൽ അവനെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞില്ല. ഇഷ്ടമില്ലെന്നും പറഞ്ഞില്ല. എന്നാൽ അവൾ മറ്റു ചെറുപ്പക്കാരോടൊക്കെ കാണിക്കുന്നതുപോലെ രാഹുലിനോടും അടുപ്പം കാണിച്ചുകൊണ്ടിരുന്നു.
ജോലികിട്ടിയതിനു ശേഷവും അയാൾ പലതവണ ജയന്തിയെകണ്ടു...എന്നാൽ അവൾ ഒരു ചിരിയിൽ എല്ലാം ഒതുക്കി.
താഴ്ന്ന ജാതിയിലുള്ള ജയന്തിയുമായുള്ള പ്രണയത്തെക്കുറിച്ച് സ്വന്തം വീട്ടിൽ അവതരിപ്പിക്കുവാൻ രാഹുലിന് ധൈര്യം ഉണ്ടായിരുന്നില്ല.
എന്നാൽ അശ്വതിയുടെ വിവാഹാലോചന വന്നപ്പോൾ രാഹുൽ ജയന്തിയോട് തന്റെ പ്രണയം ഒരിക്കൽക്കൂടി പറഞ്ഞു.
"രാഹുൽ..എനിക്ക് തന്നെ ഇഷ്ടമാണ്...പക്ഷെ അത് താൻ കരുതുന്ന ഒരു ബന്ധമല്ല....വിവാഹം....കുട്ടികൾ....ഇതൊന്നും എനിക്ക് ഇഷ്ടമല്ല"
രാഹുലിന് വളരെ സങ്കടം തോന്നിയ ദിവസമായിരുന്നു അത്....ആ ദിവസം അവൻ എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു.
അശ്വതിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു ദിവസം രാഹുലിനെകണ്ടപ്പോൾ ജയന്തി പറഞ്ഞു.
"രാഹുൽ...ഞാൻ ഒരുപാട് ആലോചിച്ചു...ഞാൻ തന്നെ വിവാഹം കഴിക്കുവാൻ ഒരുക്കമാണ്"
രാഹുൽ ഞെട്ടിപ്പോയി....അവൻ പറഞ്ഞു.
"എന്റെ....എന്റെ വിവാഹനിശ്ചയം കഴിഞ്ഞു"
"യൂ ബ്ലഡി ചീറ്റ്....'അവൾ പറഞ്ഞു.
"വീട്ടുകാരെ എതിർക്കുവാനുള്ള കഴിവ് എനിക്കില്ല ജയന്തി ......ഞാൻ എന്തു ചെയ്യും?
രാഹുൽ ചോദിച്ചു.
"ഒരു പണച്ചാക്കിനെ വിവാഹം കഴിക്കുവാൻ അവസരം കിട്ടിയപ്പോൾ നീ എന്നെ ചതിച്ചു...അല്ലേടാ ..."ജയന്തി അവന്റെ കോളറിൽപ്പിടിച്ചുകൊണ്ടു ചോദിച്ചു.
കല്യാണം മുടക്കുവാനായി ജയന്തി എന്തെങ്കിലും കുതന്ത്രങ്ങൾ ഒപ്പിക്കുമെന്ന് രാഹുലിന് തോന്നിയെങ്കിലും അവൾ ഒന്നും ചെയ്തില്ല...
കല്യാണത്തിന്റെ തലേദിവസം രാഹുലിനെ ജയന്തി ഫോണിൽ വിളിച്ചു.
"രാഹുൽ നാളെ വൈകുന്നേരം എന്റെ വീട്ടിൽ നീ വരണം....അച്ഛൻ തിരുവന്തപുരത്തിനു പോയിരിക്കുകയാണ്....തനിച്ചു രാഹുലിനെ എനിക്ക് കാണണം"
"നാളെ ഞാൻ വരില്ല...."രാഹുൽ പറഞ്ഞു.
"നാളെ നീ ഇവിടെ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും....."ജയന്തി പറഞ്ഞു.
ജയന്തി വന്നാൽ പ്രശ്നമാകുമെന്ന് രാഹുലിന് തോന്നി അയാൾ പറഞ്ഞു......
"ഞാൻ വരാം.... പക്ഷെ....എനിക്ക് ഉടനെ തിരിച്ചു പോരണം"
കല്യാണത്തിന്റെ അന്ന് രാത്രി ഏഴുമണിക്ക് രാഹുൽ ജയന്തിയുടെ വീട്ടിൽ ചെന്നു. ജയന്തി അയാളെ സ്വീകരിച്ചു.
"നീ വരുമെന്ന് ഞാൻ ഓർത്തില്ല...'
ജയന്തി അയാൾക്ക്‌ കുടിക്കുവാൻ ഒരു ഗ്ലാസ്സ് മുന്തിരി ജ്യൂസ് കൊടുത്തു കൊണ്ട് പറഞ്ഞു.
"എന്തിനാണ് എന്നെ ഇന്നുതന്നെ കാണണമെന്ന് പറഞ്ഞത്? വേഗം പറയൂ..
എനിക്ക് വീട്ടിൽ പോകണം" രാഹുൽ തിടുക്കംക്കൂട്ടി.
"കുറച്ചു സമയംകൂടി എനിക്ക് വേണ്ടി നീ വെയിറ്റ് ചെയ്യണം...പ്ലീസ്..
അത് പറഞ്ഞുകൊണ്ട് അവൾ രാഹുലിന്റെ കവിളിൽ തലോടി..
"ജയന്തി....ഞാൻ ഇന്നൊരു ഭർത്താവാണ്...എന്നെക്കാത്ത് ഒരു കന്യക മണിയറയിൽ ഇരിക്കുന്നുണ്ട് " രാഹുൽ പറഞ്ഞു.
ജയന്തി ഉച്ചത്തിൽ ചിരിച്ചു...രാഹുൽ ഒരു വിഡ്ഢിയെപ്പോലെ അവളെ നോക്കി. ശരീരത്തിന് ചെറിയ തളർച്ച അവന്‌ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
"നീ ഒരു പമ്പര വിഡ്ഢി ആയിപ്പോയല്ലോ?അവൾ കന്യക ആണെന്ന് നിനക്ക് ഉറപ്പുണ്ടോ?"അവൾ ചോദിച്ചു...ആ ചോദ്യത്തിൽ രാഹുൽ ഒന്ന്‌ പതറിയെങ്കിലും അവൻ എഴുനേറ്റു.
"എനിക്ക് ഒരു പോളിസി ഉണ്ട്....രണ്ടു വർഷം പ്രണയിച്ചിട്ടും നിന്റെ ശരീരത്തു ഞാൻ തൊട്ടുനോക്കാത്തത് അതുകൊണ്ടാണ്"
അവൻ പറഞ്ഞു.
"അതുതന്നെയാണ് ഞാൻ നിന്നെ ഇങ്ങോട്ട് വിളിച്ചത്....എന്നെ പ്രണയിച്ചത് ഒരു പുരുഷനാണോ എന്ന് എനിക്കിന്ന് അറിയണം" അവൾ അവനെ സ്വന്തം ശരീരത്തോട് ചേർത്തുപിടിച്ചു..
രാഹുലിന്റെ കൈകാലുകൾ കുഴയുന്നതുപോലെ അവന്‌ തോന്നി...കണ്ണുകളിൽ ഇരുട്ടുകയറി....അവന്‌ പിന്നീട് ഓർമ്മ ഒന്നും ഉണ്ടായിരുന്നില്ല...
അവൻ ഉണർന്നപ്പോൾ സമയം രാവിലെ നാലര ആയിരുന്നു!!!
ജയന്തി അവന്റെയടുക്കൽ തന്നെ ഉണർന്നിരുപ്പുണ്ടായിരുന്നു......
"ഞാൻ ....ആരെയും വിവാഹം കഴിക്കില്ല...
എനിക്ക് എന്റെ പൊളിറ്റിക്കൽ കരിയർ നോക്കണം....പക്ഷെ നിന്നെ നഷ്ടപ്പെടുവാൻ എനിക്ക് താല്പര്യമില്ല....അതിനുവേണ്ടി ചെറിയ ചില തെളിവുകൾ ശേഖരിക്കേണ്ടി വന്നു. ഐ ആം സോറി " ജയന്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
"നീ...നീ ..എന്നെ ചതിച്ചു....ഞാൻ ഇനി എങ്ങിനെ അശ്വതിയെ സമീപിക്കും.?" രാഹുൽ ചോദിച്ചു.
"രാഹുൽ കൂൾ ഡൗൺ...,ഞാൻ ഒന്നുരണ്ടു ഫോട്ടോ ഗ്രാഫ്സ് എടുക്കുക മാത്രമാണ്....തനിക്കതു കാണണമോ?" ജയന്തി ചോദിച്ചു.
"വേണ്ട...,വേണ്ട എനിക്ക് അത് കാണേണ്ട..."രാഹുൽ കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി...ബീച്ചിൽ അലഞ്ഞു നടന്ന അയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പോലീസ് ചോദ്യം ചെയ്തപ്പോൾ ആരോ തട്ടിക്കൊണ്ടു പോയന്ന് അയാൾ അവരോട് നുണ പറഞ്ഞു"രാജേഷ് ഒന്ന്‌ നിർത്തി.
"ഇത്‌ ഞാൻ വിശ്വസിക്കുകയില്ല..അതിന് കാരണമുണ്ട്. രാഹുൽ പഠിച്ച ഒരു കള്ളനാണ്" ഹേമ പറഞ്ഞു..
"ഞാനും വിശ്വസിച്ചില്ല...പക്ഷെ രാഹുൽ കഥകൾ മുഴുവൻ പറഞ്ഞപ്പോൾ എനിക്ക് നേരിയ വിശ്വാസം വന്നു" രാജേഷ് പറഞ്ഞു.
"ഏതായാലും കേൾക്കുവാൻ രസമുണ്ട്..ബാക്കികൂടി പറയൂ' ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു...രാജേഷ് വീണ്ടും പറയുവാൻ തുടങ്ങി.
അശ്വതിയോട് വിവരങ്ങൾ തുറന്നു പറയണമെന്ന് രാഹുൽ പലപ്രാവശ്യം ആലോചിച്ചതാണ്...പക്ഷെ ജയന്തിയെ ഭയന്ന അയാൾ ഒന്നും തന്നെ അവളോട് പറഞ്ഞില്ല.മാത്രമല്ല വിവരങ്ങൾ അറിയുമ്പോഴുള്ള അശ്വതിയുടെ പ്രതികരണത്തെയും അയാൾ ഭയപ്പെട്ടു.
പോലീസ് സ്റ്റേഷനിൽ വെച്ച് ജിഷ്ണു ചന്ദ്രനോട് ജയന്തി തന്നെ തടഞ്ഞു വെച്ച കാര്യം രാഹുൽ പറഞ്ഞിരുന്നു.
ജിഷ്ണു ചന്ദ്രൻ വിവരങ്ങൾ അറിഞ്ഞു എന്ന് രാഹുൽ ജയന്തിയോട് പറഞ്ഞു.
"അവനാണ് എന്റെ എതിരാളി....അവൻ അതുചിലപ്പോൾ എനിക്കെതിരെ പ്രായോഗിക്കുവാൻ സാധ്യതയുണ്ട്...."
ജയന്തിയെ വിറക്കുന്നുണ്ടായിരുന്നു ജിഷ്ണുവിനെ സപ്പോർട്ട് ചെയ്യുന്ന മന്ത്രി നകുലനും ഈ വിവരം അറിഞ്ഞുകാണും എന്ന് ജയന്തി ഊഹിച്ചു..അവൾ ഒരു മുഴം മുൻപേ എറിഞ്ഞുതുടങ്ങി.
നകുലനും ജിഷ്ണുചന്ദ്രനും പാർട്ടിക്ക് പുറത്താകുവാൻ പിന്നെ അധിക സമയം വേണ്ടിവന്നില്ല...
ആ സമയത്താണ് എം .എൽ.എ വിൽസൺ സാർ നിര്യാതനായത്....ജയന്തിയെ ഇലക്ഷന് നിർത്തിയാൽ ചെല്ലപ്പൻ മാഷിന്റെ ഇമേജ് പോകുമെന്ന് ഭയന്ന് രാഹുലിനെ നിർത്തുവാൻ അച്ഛനും മകളും തീരുമാനിച്ചു. അധികാരം തന്റെ കൈയ്യിൽ ഉറപ്പാക്കുക....അതായിരുന്നു ചെല്ലപ്പൻ മാഷിന്റെ ലക്ഷ്യം.
രാഹുലിന് ഇലക്ഷന് നിൽക്കുവാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.....അയാൾ തന്റെ ജോലി രാജി വെക്കുവാൻ മടിച്ചു.
അവിടെയും ജയന്തി വജ്രായുധമായി ഫോട്ടോ ഗ്രാഫ്സ് എടുത്തിട്ടു. രാഹുൽ മനസ്സില്ലാമനസ്സോടെ ഇലക്ഷന് നിൽക്കുവാൻ സമ്മതിക്കുകയായിരുന്നു.
ഇലക്ഷൻ പ്രചരണം,, പാർട്ടിഫണ്ട് , എന്നൊക്കെ പറഞ്ഞു അപ്പനും മകളും മണ്ടനായ രാഹുലിൽ നിന്നും ധാരാളം പണം പറ്റിച്ചെടുത്തു.
മന്ത്രി നകുലൻ രാജിവെച്ച ഒഴിവിലും രാഹുൽ തന്നെ മതി എന്ന് ചെല്ലപ്പൻ മാഷും ജയന്തിയും തീരുമാനിച്ചു.
പിന്നെ അച്ഛനും മകൾക്കും ചാകര ആയിരുന്നു.
രാഹുലിന് ഒന്നും അറിയില്ലായിരുന്നു...വകുപ്പ് കൈകാര്യം ചെയ്ത ചെല്ലപ്പൻ മാഷും മകളും പണം വാരിക്കൂട്ടി....ചില്ലറത്തുട്ടുകൾ രാഹുലിന്
അവർ എറിഞ്ഞുകൊടുത്തു.
പണം ധാരാളം
വന്നുചേർന്നപ്പോൾ രാഹുലിനും സന്തോഷമായി...അയാളുടെ രഹസ്യം മുഴുവൻ അറിയാവുന്ന ജയന്തിയെ സന്തോഷിപ്പിച്ചു നിർത്തേണ്ടത് അയാളുടെ ഒരാവശ്യവുമായി.
എന്നാൽ ഒരു ദിവസം രണ്ടുപേരും ടൂറും കഴിഞ്ഞ് രാത്രിയിൽ മന്ത്രിമന്ദിരത്തിൽ വന്നപ്പോൾ അശ്വതി അവരെ കൈയ്യോടെ പിടികൂടി ....അവൾ അപ്പോൾതന്നെ അവിടെ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തു .
രാജേഷ് ഒന്ന്‌ നിർത്തി...ഹേമയുടെ മുഖത്തേക്ക് നോക്കി.
"അശ്വതി ചെയ്തത് ശരിയാണ്...അശ്വതിയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അതു തന്നെ ചെയ്യുകയുള്ളൂ" ഹേമ പറഞ്ഞു.
"ഇതിൽ രാഹുൽ കുറ്റക്കാരനാണ് എന്ന് നമുക്ക് പറയുവാൻ പറ്റുമോ?" രാജേഷ് ചോദിച്ചു.
"രാഹുൽ ഇപ്പോൾ തകർന്നിരിക്കുന്ന അവസ്ഥയിൽ സഹതാപം ലഭിക്കത്തക്ക രീതിയിൽ മാത്രമേ കാര്യങ്ങൾ പറയുകയുള്ളൂ" ഹേമ പറഞ്ഞു.
"അതു ശരിയാണ്...പക്ഷെ..."
"നിങ്ങൾ അയാളുടെ അടുത്ത സുഹൃത്തല്ലേ? വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച നമ്മൾ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടെന്താണ് ഈ കാര്യങ്ങൾ നിങ്ങളോട് അയാൾ പറയാത്തത്?"ഹേമ ചോദിച്ചു
'അതു ശരിയാണ്...."രാജേഷ് സമ്മതിച്ചു.
"അതാണ് ഞാൻ പറഞ്ഞത് രാഹുൽ ഡീപ് ആണെന്ന്....ഏതായാലും ബാക്കി ഭാഗങ്ങൾ കൂടി കേൾക്കട്ടെ എന്നിട്ടു നമുക്ക് തീരുമാനം എടുക്കാം" ഹേമ പറഞ്ഞു.
രാജേഷ് വീണ്ടും പറയുവാൻ തുടങ്ങി.
"ജയന്തിയുമായി പലസ്ഥലത്തും കറങ്ങി നടന്നുവെങ്കിലും രാഹുലിനെ അവർ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചിട്ടില്ല എന്നുള്ളത് എനിക്ക് അവിശ്വസനീയമായി തോന്നുന്നു."
അശ്വതിയെ അമിതമായി സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന രാഹുലിന് അശ്വതിയെ ഈ വിവരങ്ങൾ അറിയിക്കുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല..
എന്നാൽ ജയന്തിയെ ഒഴിവാക്കുവാനുള്ള കഴിവും അയാൾക്കില്ലാതെ പോയി.
അശ്വതി വിവരങ്ങൾ നേരിട്ട് അറിഞ്ഞാൽ ജയന്തിയെ അവൾ നേരിട്ടുകൊള്ളും എന്ന് അയാൾക്ക്‌ തോന്നി. അങ്ങിനെ ജയന്തിയുടെശല്യം ഒഴിവാക്കാം എന്നും അയാൾ കരുതി. മന്ത്രിയായ തന്നെ നഷ്ടപ്പെടുവാൻ അശ്വതി ആഗ്രഹിക്കുകയില്ല എന്ന് അയാൾ കണക്കുകൂട്ടി.
അവിടെയാണ് അവന്‌ തെറ്റിയത്.
"ഇത്‌ ഞാൻ വിശ്വസിക്കുകയില്ല...എവിടെയൊക്കെയോ പൊരുത്തക്കേടുകൾ ഉണ്ട്" ഹേമ ഇടക്കു കയറി.
"അത് നിനക്കു രാഹുലിന്റെ സ്വഭാവം അറിയുവാൻ പാടില്ലാഞ്ഞിട്ടാണ്....അവനെ ഞങ്ങൾ പലപ്പോഴും "സ്വയം പാരവെക്കുന്നവൻ"
എന്നാണ് വിളിക്കുന്നത്....കാരണം അവന്റെ അതിബുദ്ധി ചിലപ്പോൾ അവനുതന്നെ വലിയ പാര ആകാറുണ്ട്." രാജേഷ് പറഞ്ഞു.
"ഇന്ററെസ്റ്റിംഗ്...." ഹേമ പിറുപിറുത്തു.
അപ്പു ജോലിചെയ്യുന്ന ഹോട്ടലിൽ രാഹുൽ മനപ്പൂർവ്വം മുറിയെടുത്തതാണ്....അശ്വതി അറിയുമെന്നും ജയന്തിയെ നേരിടുമെന്നും അയാൾ കണക്കുകൂട്ടി....എന്നാൽ ഒന്നും സംഭവിച്ചില്ല.
കുട്ടിയുടെ പിറന്നാൾ കഴിഞ്ഞു അശ്വതി താമസിച്ചേ തിരുവന്തപുരത്തിനു വരുന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ തന്നെ അശ്വതി ഇടക്ക് വരുവാനുള്ള സാധ്യത രാഹുലിന് അറിയാമായിരുന്നു.
അഗ്നിശുദ്ധി വരുത്തുവാൻ അയാൾക്ക് തിരക്കായിരുന്നു.
രാത്രിയിൽ മന്ത്രി മന്ദിരത്തിന് മുവശാത്തതായി രാഹുലിന് പരിചയമുള്ള ടാക്സി കിടക്കുന്നതു കണ്ടപ്പോൾ തന്നെ അശ്വതി അകത്തുണ്ടാവും എന്ന കണക്കുകൂട്ടൽ അയാൾക്കുണ്ടായിരുന്നു. അശ്വതി കാണുവാൻ വേണ്ടിതന്നെ അയാൾ ജയന്തിയോട് മനപ്പൂർവ്വം അടുപ്പം കാണിച്ചു. അശ്വതി ജയന്തിയെ മന്ത്രിമന്ദിരത്തിൽ നിന്നും അടിച്ചിറക്കുമെന്നു തന്നെ രാഹുൽ കണക്കുക്കൂട്ടി" രാജേഷ് ഒന്ന്‌ നിർത്തി..
കപ്പിലുള്ള ചായ മുഴുവൻ തീർന്നിരിക്കുന്നു.അകത്തേക്ക് പോയ രാജേഷ് തിരിച്ചു വന്നത് രണ്ടുഗ്ലാസ്സ് വെള്ളവുമായിട്ടാണ്.
"ഇപ്പോൾ എനിക്ക് സംശയം.....രാഹുൽ ആണോ മണ്ടൻ, അതോ രാഹുൽ പറഞ്ഞത് മുഴുവൻ വിഴുങ്ങിയ രാജേഷ് ആണോ മണ്ടൻ എന്നാണ്.."ഹേമ പറഞ്ഞു.
"രാഹുലിന്റെ പ്രതേക സ്വഭാവം അറിയാവുന്ന കൊണ്ടാണ് ഞാൻ അത് വിശ്വസിച്ചത്.."
രാജേഷ് തുടർന്നു.
"മന്ത്രി മന്ദിരത്തിലെ സുഖ സൗകര്യങ്ങൾ ഉപേക്ഷിച്ചു അശ്വതി എന്നന്നേക്കുമായി പോകുമെന്ന് രാഹുൽ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...
അവൾ ജയന്തിയെ അക്രമിക്കുമെന്നും അങ്ങിനെ ജയന്തിയുടെ ശല്യം ഒഴിവാക്കാമെന്നും അയാൾ കണക്കുകൂട്ടി...എന്നാൽ അശ്വതി അപ്പോൾതന്നെ അവിടെനിന്നും ഇറങ്ങി."
"രാജേഷ്.....ഇത്‌ രാഹുൽ പറഞ്ഞ കഥയാണ്..
എനിക്ക് പൂർണമായി വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ട്" ഹേമ പറഞ്ഞു.
"ശരിയായിരിക്കാം....പക്ഷെ ഒരുകാര്യം എനിക്ക് മനസ്സിലായി....ആ ജയന്തി എന്ന രാക്ഷസി രാഹുലിനെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു..അയാളുടെ കഴിവില്ലായ്മയുടെ ചൂഷണം ആണ് അവിടെ നടന്നത് "രാജേഷ് പറഞ്ഞു.
"അത് ശരിയാണ്...പക്ഷെ....ഏതായാലും ബാക്കികൂടി പറയൂ...."ഹേമ ആകാംഷയോടെ രാജേഷിന്റെ മുഖത്തേക്ക് നോക്കി.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot