Slider

കഥ പറയുന്ന കണ്ണുകൾ..... (കഥ)

0
Image may contain: 1 person, smiling, closeup
"ഗുപ്തന് പോവാതിരിന്നൂടെ ...?
നറുനിലാവിൽ കുളിച്ച് ഈ മാറിലെ ചൂടിൽ അന്തിയുറങ്ങിയിട്ട് മതിയാവുന്നില്ല .. പാദങ്ങൾ ചവുട്ടുപടിയാക്കി നിന്റെ ചുണ്ടുകളോട് കിന്നാരം പറയാൻ ഇനി എത്ര കാലം കാത്തിരിക്കണം നിന്റെയീ ചിത്രലേഖ ..?
ഈ നശിച്ച മൗനമെങ്കിലും ഒന്ന് വെടിയൂ ... നിന്റെ പ്രണയാക്ഷരങ്ങൾ കവിതകളായി എന്റെ ശ്രവണപുടങ്ങളിൽ അമൃത് പെയ്യുന്നതും കാത്ത് ഒരു വേഴാമ്പലിനെപ്പോലെയീ ഞാൻ ..."
അവളവന്റെ നെറ്റിയിയിൽ തുരുതുരാ ചുംബനങ്ങൾ ചൊരിഞ്ഞു... കേശഭാരത്തിൽ വിരലോടിക്കവേ വീർപ്പുമുട്ടുന്ന വല്ലാത്തൊരേകാന്തത അനുഭവപെട്ടു.
"അല്ലെങ്കിലും നിന്നെത്തടയാൻ എനിക്കെന്തധികാരം .... ഞാൻ നിനക്കാരുമല്ലല്ലോ ... വടവൃക്ഷത്തെക്കണ്ട് പറ്റുമരത്തിൽ നിന്ന് താഴെയിറങ്ങിയ വെറുമൊരു വള്ളിപ്പടർപ്പ് ....! തിരിച്ചു കയറാൻ ഇടമില്ലാത്ത വിധം അവിടമാകെ വസന്തം വിരിഞ്ഞതും ഞാനറിഞ്ഞില്ല. ... വിഡ്ഢി ... അതെ ... ശരിക്കുമൊരു വിഡ്ഢി ... പക്ഷെ നിന്റെ പ്രണയം ... ഗുപ്താ ... എന്റെ കാൽപ്പാദങ്ങൾ ഇപ്പോഴുമറിയുന്നു നിന്റെ ചൂടുള്ള ചുംബനത്തിന്റെ മാസ്മരിക സുഖം ..നിന്നിൽ പടരുമ്പോൾ ലഭിക്കുന്ന അനുഭൂതി .... !
സാരമില്ല നീ പൊയ്ക്കോ ...തടയുന്നില്ല ഞാൻ ... എന്റെ മിഴിനീരിൽ കുതിരാനുള്ളതല്ല നിന്റെ ജീവിതം .... ഞാൻ വരും .. തികഞ്ഞൊരന്യയെപ്പോലെ ... ദൂരെ നിന്നെങ്കിലും ആ ഭാഗ്യവതിയെ കാണാൻ ...
പൊയ്ക്കോള്ളൂ ... " ധൂപപാത്രത്തിൽ ഒരുപിടി അഷ്ടഗന്ധം വിതറി ചിത്രലേഖ നടന്നകന്നു .
...................... .................. ....................
Write something here....
എന്തെങ്കിലും എഴുതൂ....
രേഖ നായർ, ... തന്റെ പ്രൊഫൈൽ പിക്ചറിൽ ഒന്നു പാളി നോക്കി ...
നഗരത്തിലെ വാഹന ഘോഷയാത്രയ്ക്ക് ഇന്നും അറുതിയില്ല. ... മണിക്കൂറുകൾ റോഡിൽ വൃഥാ പാഴാവുന്നതിൽ
അവൾക്കരിശം തോന്നി ... തിരക്കുപിടിച്ച ജീവിതത്തിന്റെ വലിയൊരു ഭാഗം റോഡിൽ ഹോമിക്കുന്ന ഹതഭാഗ്യരുടെ കൂട്ടത്തിൽ താനും ... കളിപ്പാട്ടം വിൽക്കുന്ന ഒരു നാടോടി സ്ത്രീ വന്നു ഗ്ലാസിൽ തട്ടി ...
പതിവുകാഴ്ചകൾ ....!
നോട്ടിഫിക്കേഷനിൽ വിരലുകൾ ചലിച്ചു ...
തന്നെ മെൻഷൻ ചെയ്ത പോസ്റ്റിൽ കമന്റുകളുടെ ബഹളം ... അതേ, ഗുപ്തന്റെ കഥ ... നാല് ദിവസമായി എഫ് ബി നോക്കിയിട്ട്. ഗുപ്തന്റെ കഥയിലേക്ക് നീണ്ട വിരലുകൾ അവിടെ നിശ്ചലമായി ... ഓൺലൈൻ എഴുത്തിലെ വേറിട്ട രീതി ... ദുർഗ്രാഹ്യതയുടെ മൂടുപടമണിഞ്ഞ് എണ്ണം പറഞ്ഞ സൃഷ്ടികൾ പടച്ചുവിടുന്ന ഒരുഗ്രൻ എഴുത്തുകാരൻ ... ഗുപ്തനെ തന്റെ സേവ്ഡ് ലിസ്റ്റിലേക്ക് മാറ്റി വീണ്ടും റോഡിലേക്ക് മിഴികളയച്ചു. ...
എന്തായിരിക്കും ഗുപ്തന്റെ പുതിയ കഥ ..?ഇതു വരെയുള്ള കഥകളുടെ കുരുക്കുകൾ അഴിച്ചാണ് അയാളെ മനസ്സിലാക്കിയത് .. പക്ഷെ തികച്ചും ഒരന്തർമുഖൻ. ... അടുക്കും തോറും അകന്നു പോവുന്ന ഒരു മരീചിക . ... ഈയിടെയായി ഒരു പ്രണയ ലാഞ്ചന കാണാം ആ വരികളിൽ . ഒരുതരം അസ്വാഭാവിക പ്രണയം ...!
വരികൾക്കിടയിൽ നിന്നും അടർത്തിയെടുത്ത മണിമുത്തുകൾ കോർത്തെടുക്കുന്ന മാല്യങ്ങൾ ഇന്നോളം പൊട്ടിയിട്ടില്ല. ...
കുടുംബത്തിലെ കുഞ്ഞോളങ്ങളിൽ നീന്തിത്തുടിക്കുമ്പോഴും ഗുപ്തൻ ഒരു പൊങ്ങുതടിയായി ഇടയ്ക്കിടെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ...
അസ്തമിക്കുന്ന അർക്കന്റെ മാനസിക വ്യാപാരങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കഥ...! ഒരോ അസ്തമയങ്ങളും മറ്റൊരുദയമാണെന്ന് പറഞ്ഞവസാനിപ്പിക്കുന്നു ..
ഒരു പകലിനായി എരിഞ്ഞടങ്ങി ആഴിയിൽ മുങ്ങി മറ്റൊരു പുലരി സമ്മാനിച്ച് തന്റെ കർത്തവ്യങ്ങൾ നിറവേറ്റാനുള്ള നിത്യ പരിശ്രമം .
ഈ കഥയിൽ എവിടെയോ ഒരു മരണഗീതത്തിന്റെ നേർത്ത ശ്രുതി കേൾക്കാം ... രേഖ കമന്റുകളിൽ മിഴിയോടിച്ചു. ... ആരും ഇതുവരെ അത്തരം സൂചനകൾ പറഞ്ഞതായി കാണുന്നില്ല.
ഇത്രയും കാലത്തെ കഥകൾ ഗുപ്തൻ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിത്തന്നെയാണ് പറഞ്ഞത് ...അങ്ങിനെയാണെങ്കിൽ ..?
അവളുടെ ഉള്ളൊന്നു പിടഞ്ഞു ...
രാവിന്റെ രഥവും പേറി അശ്വങ്ങൾ കുതിച്ചു പാഞ്ഞു... ഗുപ്തൻ എന്ന മരീചികയിൽ നിന്നടർന്നുവീണ മിഴിനീർ കണങ്ങൾ അവളുടെ നിദ്രയെ ഈറനണിയിപ്പിച്ചു.
രേഖ ഞെട്ടിയുണർന്നു .
വയ്യ... ഗുപ്തൻ വല്ലാതെ വേട്ടയാടുന്നു ... എന്തു സംഭവിച്ചു കാണും ...?
എഫ് ബി വീണ്ടും മിഴി തുറന്നു... മുകളിലെ മെസേജ് കൗണ്ട് അവളുടെ ശ്രദ്ധയിൽ പതിഞ്ഞു ...
ഗുപ്തനെ തേടുക തന്നെ.
മെസഞ്ചർ വീണ്ടും ഇൻസ്റ്റാൾ ചെയ്തു ... ഗുപ്തന്റെ മെസേജുണ്ട് ...
അവന്റെ വിവാഹത്തിന്റെ ക്ഷണപത്രം ...!
തീയ്യതി പക്ഷെ ...?
നാളെയാണ്... ലൊക്കേഷൻ അറ്റാച്ച് ചെയ്തതിലൂടെ മനസ്സ് പാഞ്ഞു ...
.......... .......... .......... ............... ................
മംഗളദിനത്തിന്റെ നിറശോഭ നിറയേണ്ട ഭവനത്തിൽ കരിന്തിരികൾ എണ്ണച്ചാലുകൾ തേടുന്ന പൂമുഖത്തേക്ക് ചിത്രലേഖ തന്റെ വലംകാൽ വെച്ചു ..തളം കെട്ടി നിൽക്കുന്ന നിശ്ശബ്ദതയുടെ കമ്പളം അവിടമാകെ ദൃശ്യമായിരുന്നു ... തെക്കിനിയിലെ വെറുംനിലത്ത് വാടിക്കുഴഞ്ഞ അമ്മനിഴലിൽ ചിത്ര പതിയെ തലോടി ...
"എന്താ അമ്മേ പറ്റിയത് ...? ഗുപ്തൻ എവിടെ .."
അമ്മയുടെ മുഖത്തെ ഭാവങ്ങൾ അവൾക്ക് വായിക്കാമായിരുന്നു ...
''ഞാൻ ചിത്രലേഖ ... ഗുപ്തന്റെ ഫ്രണ്ടാണ് ."
"അവനെക്കുറിച്ച് രണ്ടീസായിട്ട് വിവരൊന്നുമില്ല ... എന്റെ നിർബന്ധാർന്നു ഈ പുടമുറി ...വാസുന്റെ കുട്ടി നിയ്ക്ക് അനിയന്റെ കുട്ടിയല്ല ... ന്റെ മോളു തന്ന്യാ.... അമ്മല്ലാത്ത കുട്ടില്ല്യേ ...!
ഇനി അവന് ഇഷ്ടല്ല്യാച്ചാൽ ....? ന്റെ കുട്ടി ഒന്നിങ്ങ് വന്നാ മത്യാർന്നു .. "
ചിത്രയുടെ ഉള്ളിൽ സമ്മിശ്രഭാവങ്ങൾ വേഷമാടി..
പൂമുഖത്തും തൊടിയിലും വിരലിലെണ്ണാവുന്നവർ അടക്കം പറയുന്നു. .. കുറച്ചു നേരം അവിടെത്തങ്ങിയെങ്കിലും തന്റെ മിഴികൾ തേടുന്ന മുഖം പക്ഷെ കണ്ടെത്താനായില്ല. .. പകരം അവൾക്കു മുന്നിൽ രണ്ട് മിഴികളുടക്കി ... പൂമുഖത്തെ ചാരുകസേരയ്ക്ക് സമീപം ഭവ്യതയോടെ നിൽക്കുന്ന ഒരു സ്ത്രീരൂപം ...
ഇതാരായിരിക്കും ...ഗുപ്തന്റെ അച്ഛനോട് സംസാരിക്കുന്നത് ... ?
തന്നെ വീക്ഷിക്കുന്ന ചിത്രലേഖയെ
രേഖ ഒളികണ്ണാൽ ഒന്നളന്നു .
വലിയപൊട്ട്, ഇടതൂർന്ന കേശഭാരം, ഭംഗിയാർന്ന കൊലുസ്സ് ... മിഴികളിൽ ഒളിഞ്ഞിരിക്കുന്ന വശ്യത ...
രേഖയുടെ മനസ്സിൽ ഗുപ്തന്റെ വരികൾ തിങ്ങിനിറയാൻ തുടങ്ങി ...
എവിടെയോ ഒരു പന്തികേട്തോന്നിയ ചിത്രലേഖ പതിയേ തിരിച്ചിറങ്ങി .. രേഖയുടെ മിഴിമുനകൾ പക്ഷെ അവളെ അപ്പാടെ പകർത്തിക്കഴിഞ്ഞിരുന്നു. ...
............. ................ ....................... ............
അഷ്ടഗന്ധ സുഗന്ധം നിറഞ്ഞ മുറിയിൽ ചിത്രലേഖ വിഷണ്ണയായിരുന്നു .... ഗുപ്തന്റെ മൗനവും തന്റെ പ്രണയവും ഇഴചേരാതെ നാഴികകൾ നീങ്ങി ... അവന്റെ മിഴികൾ ഏതോ വിദൂരതയിൽ തറച്ചു നിൽക്കുന്ന പോലെ ...
"ഗുപ്താ ... നിനക്കെന്നോട് ക്ഷമിക്കാനാവില്ലേ...? നിന്റെ പ്രണയത്തിനപ്പുറം എനിക്കിനിയൊരു സ്വപ്നമില്ല ... ഒരുതവണ ... ഒരുതവണമാത്രം നിന്റെ ചുംബനങ്ങൾ എന്നിൽ നിറയ്ക്കുമോ ...? "
അവളവന്റെ ദേഹം പിടിച്ചുലച്ചു ... അവളുടെ മോഹങ്ങൾ ബാലാനിലനിൽ നിന്നും കൊടുങ്കാറ്റായി മാറുന്നുണ്ടായിരുന്നു ... ഉറുമ്പിൻ കൂട്ടങ്ങളെ അപ്പാടെ ഓടിനടന്നവൾ ചവിട്ടിയരച്ചു.
"ഗുപ്താ നീയെന്റേതാണ് ...എന്റേത് മാത്രം ... "
അട്ടഹാസങ്ങളും പൊട്ടിച്ചിരികളും മുഖരിതമായി .... സകല നിയന്ത്രണവും കൈമോശം വന്ന ചിത്രലേഖ കളിപ്പാട്ടം കിട്ടിയ കുട്ടി കണക്കെ ഇടയ്ക്ക് തുള്ളിച്ചാടി ... പക്ഷെ അതിന്റെ വർണ്ണപ്പകിട്ട് ഇളകിയതിൽ ക്ഷോഭിച്ചു ...
മനസ്സെന്ന യാഗാശ്വം അതിദ്രുതം പായുമ്പോഴും അവളുടെ ചേഷ്ടകൾ രണ്ടു മിഴികൾ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വരികൾക്കിടയിലെ വായനയിൽ തെളിഞ്ഞ കാര്യങ്ങൾ കോർത്തിണക്കി രേഖ നായർ ഞെട്ടിപ്പിക്കുന്ന സത്യത്തിന്റെ തീരത്തണഞ്ഞിരിക്കുന്നു.
തന്റെ പ്രിയ കഥാകാരൻ തൊട്ടു മുന്നിൽ ...
എപ്പോഴെങ്കിലും നേരിൽ കാണുമ്പോൾ നൽകാൻ കരുതി വെച്ച സമ്മാനങ്ങൾ ഒരുപിടി കണ്ണീർപുഷ്പങ്ങളായി അവനേകി ... തികട്ടി വന്ന ഗദ്ഗദത്തെ പിടിച്ചു നിർത്തി അവന്റെ മിഴികൾ മനസ്സാലെയവൾ എന്നേക്കുമായി അടച്ചു.
കഥാമൃതമൂട്ടി വായനയുടെ ഉത്തുംഗശൃംഗത്തിലേക്ക് വായനക്കാരെ കൂടെ കൊണ്ടുപോവാറുള്ള ഗുപ്തന്റെ അടയാത്ത മിഴികൾ അപ്പോഴും പുതിയ കഥകൾ രചിക്കുന്നുണ്ടായിരുന്നു ...
അവസാനിച്ചു.
✍️ ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo