Slider

നൂലുകെട്ട്

0
Image may contain: 1 person

കുറച്ചു നേരം ഫോൺ തൊടാതിരിയ്ക്കാം എന്നോർത്താണ് കൈയ്യെത്തും ദൂരത്തു നിന്നല്പം നീട്ടിവച്ചത് പക്ഷെ കാതെത്തുംദൂരത്തുനിന്നാ നോട്ടിഫിക്കേഷൻ വിശ്വാമിത്രതപസ്സിളക്കുന്ന മേനകയുടെമോഹനരാഗമായ് മാടിവിളിച്ചപ്പോൾ ശിലാഹൃദയനായിഇരിക്കാനായില്ല.
ഫേസ്ബുക്ക് നോക്കണ്ട വാട്ട്സ്പ്പ് മാത്രം നോക്കാം എന്ന് മനസ്സിനെ പറഞ്ഞു മയക്കി ഫോണെടുത്തു.
പണ്ട് പത്തു മുപ്പത്തഞ്ചു വർഷം മുമ്പ് പത്തിലൊന്നിച്ചു പഠിച്ചിരുന്നവരുടെ പുതിയഗ്രൂപ്പാണെങ്കിലും ഗ്രൂപ്പിൽ കയറിയാൽ പിന്നെ ശരീരവും മനസ്സുമെല്ലാം പഴയ പതിനഞ്ചുകാരുടെ ആയി മാറുന്നു എന്നതാണീ ഗ്രൂപ്പിലെ പ്രത്യേക സുഖം.
എല്ലാരും ചേർന്നാൽ പിന്നെ ഗ്രൂപ്പിൽ നിന്നിറങ്ങാനേ തോന്നില്ല. കഥ പറഞ്ഞിരുന്നു കാര്യം പറയാൻ മറന്നു.
നോട്ടിഫിക്കേഷൻ കണ്ടുചെന്നപ്പോൾ ഒരേയൊരു മെസേജേ ഉള്ളൂ അത് അരുണിൻ്റെ വകയുള്ളതാണ്. ബിഗ് ബ്രേക്കിംഗ് ന്യൂസ് നിങ്ങളേവരേയും അത്ഭുതപരതന്ത്രരാക്കുന്ന, ആനന്ദത്തിൽ ആറാടിക്കുന്ന ഒരസുലഭ വാർത്തയുടെ കേൾവിക്കായി നിങ്ങൾ കാതോർത്തിരുന്നോളു , ഏതാനും നിമിഷങ്ങൾക്കകം നിങ്ങളുടെ മുന്നിൽ ആ വാർത്ത അനാവൃതമാകുകയാണ്. മെസേജ് ഒന്ന് ഓടിച്ചു വായിച്ച ഉടനെ മെസേജ് ഡിലേറ്റഡ് എന്നും വന്നു. വേറെ ആരും വായിച്ചില്ലെന്ന് തോന്നുന്നു അല്ലെങ്കിൽ ഇതിനിടയിൽ ഗ്രൂപ്പിൽ നിന്ന് അഞ്ചാറു മെസേജ് വരേണ്ടതാണ്.
വാട്ട്സ്പ്പ് ക്ലോസ്സ് ചെയ്ത്
അരുണിനെ വിളിച്ച് കാര്യം തിരക്കാം എന്നോർത്ത് ഫോൺ എടുത്ത് അരുണിൻ്റെ നമ്പർ ഡയൽ ചെയ്യുന്നതിനു മുമ്പ് അരുണിൻ്റെ ഫോൺ എത്തി.
എന്തോ ഞെട്ടിത്തരിയ്ക്കുന്ന വാർത്ത എന്നു പറഞ്ഞിട്ട് മെസേജ് വായിച്ചു തീരുന്നതിന് മുമ്പ് ഡിലേറ്റ് ചെയ്തതെന്താണ്.
അതു പറയാനല്ലേ ഞാൻ നേരിട്ടു വിളിച്ചത് മെസേജ് അയച്ചാൽ അതിൻ്റെ ത്രിൽ കിട്ടില്ല.
എന്നാൽ ത്രിൽ കളയണ്ട ഉടനെ പറഞ്ഞോ.
വാർത്ത മറ്റൊന്നുമല്ല ഞെട്ടാൻ തയ്യാറായിക്കോ നമ്മുടെ സന്തോഷിൻ്റെ കുട്ടിയുടെ നൂലുകെട്ടാണ് അടുത്ത മൂന്നാം തീയതി. എല്ലാരും പങ്കെടുക്കണം എന്ന് മെസേജ് വന്നിട്ടുണ്ട്.
അതിന് അവന് ആകെ ഒരു മകൾ മാത്രമല്ലേ ഉള്ളൂ, ആ കുട്ടിയ്ക്കാണെങ്കിൽ പത്തിരുപത്തിരണ്ട് വയസ്സായില്ലെ, അതിന് ഇതുവരേ ഇരുപത്തെട്ടിന് നൂലുകെട്ടും, പേരിടൽ ചടങ്ങുമൊന്നും നടത്തിയിട്ടില്ലേ.
അതെല്ലാം അന്നേ നടത്തിയതാണ് ഇതിവന് ഇപ്പോൾ ജനിച്ച ആൺക്കുട്ടിയുടെ കാര്യമാണ്.
നീയാക്കുട്ടിയ്ക്കിടാൻ നല്ലൊരു പേരു കണ്ടു വച്ചോളു. നമുക്ക് ഗ്രൂപ്പിൽ പൊങ്കാല തുടങ്ങാം.
എനിക്ക് വിശ്വസിക്കാനാവുന്നില്ല, നീ
സത്യം തന്നേയാണോ പറയുന്നത്, നീ സന്തോഷിനെ
വിളിച്ചോ, ഞാൻ വിളിച്ചു നോക്കട്ടെ.
സന്തോഷിനെ ഞാൻ വിളിയ്ക്കാൻ പോകുന്നു, അറിഞ്ഞത് സത്യമാണ് അത്ര വിശ്വസനീയമായ ആളുടെ മെസേജാണ് വന്നത്. അതു ഞാൻ വേണമെങ്കിൽ നിനക്ക് ഫോർവേഡ് ചെയ്യാം. അതിനു മുമ്പ് സന്തോഷിനേയും എനിക്ക് മെസേജ് അയച്ചു തന്ന സായി ശങ്കറിനേയും ഒന്ന് വിളിച്ച് സംഗതി കൺഫേം ആക്കിയേക്കട്ടെ.
എന്നാലും സന്തോഷിൻ്റെ ഒരു കാര്യമേ. വയസ്സ് അമ്പതു കഴിഞ്ഞപ്പോൾ ആണ് അവന് ആൺക്കുട്ടി വേണമെന്ന ആഗ്രഹം സഫലമായത്. ദൈവമേ ഇനി ഗ്രൂപ്പിൽ ഇതെല്ലാം അറിയുമ്പോൾ ഉണ്ടാകുന്ന പുകിൽ ഓർക്കാനേ വയ്യ. പൊങ്കാല കൊണ്ട് അയ്യരുകളിയായിരിക്കും. ഏതായാലും അരുണിൻ്റെ ഫോൺ വന്നിട്ട് അമിട്ടിന് തീ കൊളുത്താം വെയ്റ്റ് ആൻ്റ് സീ.
സന്തോഷിൻ്റെ മകൾ ഈ കാര്യം അറിഞ്ഞ് എങ്ങിനെയാണ് പ്രതികരിച്ചത് എന്നറിയാനുള്ള ഒരു ആകാംക്ഷയോടെ അല്പനേരം
ഓർമ്മയിൽ മുഴുകിയിരുന്നു.
അരുണിൻ്റെ ഫോണിൻ്റെ മണിനാദം തന്നേയാണ് ഓർമ്മയിൽ നിന്ന് തട്ടിയുണർത്തിയത്.
എന്തായി അരുണേ,
സംഗതി സത്യം തന്നേയാണോ? ആഘോഷങ്ങൾ തുടങ്ങാം, ഗ്രൂപ്പിൽ ചെന്നാകെ ഇളക്കിമറിയ്ക്കാം.
ഒന്നും പറയണ്ട. ഗ്രൂപ്പിൽ പോക്കും പൊങ്കാലയും ഒന്നും വേണ്ട. അതെല്ലാം അവിടെ നിൽക്കട്ടെ.
അതെന്താ താമസം. ഞാൻ ഏതായാലും ഒന്ന് സന്തോഷിനെ വിളിച്ചിട്ട് കൺഗ്രറ്റ്സ് പറയട്ടെ.
നീ അവനെ വിളിയ്ക്കാൻ വരട്ടെ, ആദ്യം ഞാനൊന്നു വിളിച്ചല്പം സംസാരിയ്ക്കട്ടെ.
പിന്നെ നീ വിളിച്ചാൽ മതി.
അപ്പോൾ നീയിപ്പോൾ അവനെയല്ലേ വിളിച്ചത് പിന്നെ ആരെ വിളിച്ചാണ് കൺഫേം ചെയ്തത്.
ഞാൻ വിളിച്ചത് സായ്ശങ്കറെ ആയിരുന്നു, അതാദ്യം വിശദമായി പറയാം. അതിനു മുമ്പ് ഒരു മിനിട്ട് ഞാൻ ഒന്നു സന്തോഷിനെ വിളിച്ചിട്ട്
നിന്നെ തിരിച്ചുവിളിയ്ക്കാം.
പറഞ്ഞ പോലെ തന്നേ അഞ്ചു മിനിട്ടിനകം അരുണിൻ്റെ ഫോൺ വീണ്ടും വന്നു.
നേരത്തെ ഞാൻ പറഞ്ഞില്ലെ
സായ്ശങ്കറിൻ്റെ മെസേജ് വന്നിരുന്ന കാര്യം. മെസേജ് ഇങ്ങിനെയായിരുന്നു.
എടാ ഒരു സന്തോഷവാർത്ത. നമ്മുടെ സന്തോഷിന് കുറേ നാൾകാത്തിരുന്നിട്ടാണെങ്കിലും ദൈവം സഹായിച്ച് ഒരു ആൺക്കുട്ടി ജനിച്ചു. വരുന്ന മൂന്നാം തീയതിയാണ് നൂലുകെട്ട് എല്ലാവരും വരണം. ഇതായിരുന്നു മെസേജ്, ഇതിലെന്തെങ്കിലും
തെറ്റിദ്ധാരണയുണ്ടോ?
ഇല്ല. നല്ല ക്ലിയർ ആയ മെസേജാണ്.
ശരി സമ്മതിച്ചു, ഞാൻ നിന്നെ വിളിച്ചിട്ട് സായ് ശങ്കറിനെ വിളിച്ചു.
ഹലോ സായ് മെസേജ് കിട്ടി,
വളരെ സന്തോഷമായി, നല്ല വാർത്തയാണ് . നിനക്കെങ്ങിനെയാണ് ഈ വിവരം കിട്ടിയത്. സന്തോഷാണോ നിന്നെ വിളിച്ചു പറഞ്ഞത്.
നീ എന്തെല്ലാമാണ് പറയുന്നത് എന്നു മനസ്സിലാകുന്നില്ലല്ലോ. ഞാൻ നിനക്ക് ഇന്ന് ആകെ വിട്ട മെസേജ് ഒരു ശുഭദിനവും പിന്നെ ഒരു ഭംഗിയുള്ള പൂച്ചക്കുട്ടിയുടെ ഫോട്ടോ എനിക്ക് കിട്ടിയപ്പോൾ അതും മാത്രമാണല്ലോ, അതിനിടയിൽ സന്തോഷിന് എന്തു കാര്യം.
അപ്പോൾ നീ സന്തോഷിൻ്റെ കാര്യം പറഞ്ഞ് മെസേജ് വിട്ടില്ലേ.
ഇല്ല. എന്താണ് കാര്യമൊന്ന് പറയെടാ.
ഞാൻ ആ മെസേജ് ഒന്നും കൂടെ നോക്കട്ടെ.
മെസേജ് രണ്ടാമതെ നോക്കിയപ്പോൾ ആണ് പെട്ടു പോയതറിഞ്ഞത്. എൻ്റെ സ്വന്തം അമ്മാവൻ സായങ്കിൾ അയച്ച മെസേജായിരുന്നു അത്. അമ്മാവൻ്റെ മകൻ്റെ പേരും സന്തോഷെന്നാണ്, അവന് കുട്ടി ജനിച്ചതിന് അമ്മാവൻ അയച്ച മെസേജ് ആയിരുന്നു ഞാൻ ഓർത്തത് സായ്ശങ്കർ വിട്ടതാണെന്ന്. ഏതായാലും
അതറിഞ്ഞപ്പോൾ
സായ്ശങ്കർ ചിരിയോട് ചിരി.
ഇനി അതിൻ്റെ കഥ എപ്പോൾ
എഴുതിയെന്ന് ചോദിച്ചാൽ മതി.
ആഹാ അടിപൊളി ആയി അതെല്ലാം അവിടെ നിൽക്കട്ടെ സന്തോഷിനെ വിളിച്ചിട്ട് എന്തായി.
ഹ ഹ ഹ അതതിനേക്കാൾ രസമായി. ഞാൻ വിളിച്ചപ്പോൾ സന്തോഷ് കമ്പനിയുടെ മീറ്റിംഗിനായി അഹമ്മദാബാദിന് പൊയ്ക്കൊണ്ടിരിയ്ക്കുകയായിരുന്നു, അവൻ ഇനി നാലാം തീയതിയേ മടങ്ങിവരുകയുള്ളു. കാര്യം
കേട്ടപ്പോൾ അവനും എൻ്റെ മണ്ടത്തരം അറിഞ്ഞ് ചിരിച്ചു മറിയുന്നു. അവസാനം അവൻ്റെ പറച്ചിൽ കേട്ട് ഞാൻ വീണ്ടും ഐസായി.
അവൻ പ്രിയയോട് വിളിച്ചു പറഞ്ഞേക്കാം എല്ലാരും കൂടെ ചെന്ന് മൂന്നാം തീയതി ചടങ്ങ് ഗംഭീരമാക്കിയേക്കാൻ, ജോൺസൺ ആൻറ് ജോൺസണിൻ്റെ പൗഡറും, സോപ്പും, ബേബിക്രീമും, സ്വർണ്ണ മോതിരവും മറക്കണ്ടെന്നും. സ്വർണ്ണ മോതിരം വാങ്ങുമ്പോൾ ഇത്തിരി വലുതായിക്കോട്ടെ
അവൻ്റെ അളവിനുള്ളത് മതിയെന്ന്.
അതും പോരാതെ ഇപ്പോൾ എല്ലാരും കൂടെ ഗ്രൂപ്പിൽ പൊങ്കാലയിട്ട് എന്നെ കീറി ചുമരിൽ തേച്ച് തുടങ്ങിയിട്ടുണ്ടാവും. ഏതായാലും ഇതൊരു ഏറ്റനല്ല പൊങ്കാലയായി.
എങ്കിലും ഇതൊരു വല്ലാത്ത
നൂലുകെട്ടായി പോയിമോനെ .

PS AnilKumar

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo