നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 5

----------------------------------
രചന:അഞ്ജന ബിജോയ്
പിന്നീട്  പ്രിയക്ക് ആഹാരം കൊടുക്കുമ്പോൾ  സതിയുടെ കൂടെ വർഷയും  ചെന്നുതുടങ്ങി..പ്രിയയുടെ കാര്യങ്ങൾ നോക്കാൻ  വർഷ സതിയെ സഹായിച്ചു. പ്രിയയ്ക്കും  അതിഷ്ടമായിരുന്നു.വർഷ മിക്കസമയവും പ്രിയയുടെ മുറിയിലായിരുന്നു.പ്രിയയുടെ സ്വാഭാവത്തിൽ പതിയെ മാറ്റം വരുന്നത് ആദിത് ശ്രദ്ധിച്ചു.വർഷ പ്രിയയെയും കൊണ്ട് ഇടയ്ക്കിടയ്ക്ക്  ആ മുറിക്ക് പുറത്തിറങ്ങി അവിടെ കുറച്ചൊന്നു നടക്കും .ആദിത്തും സതിയും ഒന്നും അടുത്തില്ലാത്തപ്പോ മാത്രമേ പ്രിയ മുറിക്ക് പുറത്തേക്ക് ഇറങ്ങു. പക്ഷെ സ്റ്റെയർകേസ്  ഇറങ്ങി താഴെ വരാനോ മറ്റു മുറികളിൽ കയറാനോ അവൾ കൂട്ടാക്കിയില്ല.ഒരു ദിവസം സതിയും ആദിത്തും ഡൈനിങ്ങ് ടേബിളിൽ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"ഇന്ന് നിങ്ങളുടെ കൂടെ ഇരിക്കാൻ ഒരാളും കൂടെ ഉണ്ടേ.." സ്റ്റെയർകേസ് ഇറങ്ങിവന്ന വർഷ പറഞ്ഞു.
ആദിത്തും സതിയും അങ്ങോട്ട്  നോക്കിയതും ഞെട്ടിപ്പോയി!
വർഷയുടെ പിറകിൽ അവളുടെ കൈപിടിച്ച് പതുക്കെ നടന്നുവരുന്നു പ്രിയ! ആരെയും നോക്കുന്നില്ല.തലതാഴ്ത്തിപ്പിടിച്ചിരിക്കുകയാണ്.ഒരു ബലത്തിനെന്നോണം വർഷയുടെ കൈകളിൽ മുറുകെപ്പിടിച്ചിരിക്കുന്നു. സതിയുടെ കണ്ണുകൾ നിറഞ്ഞുപോയി.അവർ പ്രിയക്കായി കസേര വലിച്ചിട്ടു.
വർഷ പ്രിയയെ അവരുടെ അടുത്ത്  കൊണ്ടുപോയിരുത്തിയിട്ട്  അവളുടെ തൊട്ടടുത്ത്  നിന്നു..പ്രിയ അപ്പോഴും മുഖം താഴ്ത്തി ഇരിപ്പാണ്.
ആദിത് നിറകണ്ണുകളോടെ പ്രിയയെ നോക്കി.
എത്ര നാളുകൾക്ക് ശേഷമാണ്  പ്രിയേച്ചി  ആ ഇരുട്ടുമുറിയിൽ നിന്നും ഒന്ന് പുറത്തേക്കിറങ്ങുന്നത്..വൃത്തിയായി വസ്ത്രം ധരിക്കുന്നത്..തങ്ങളുടെ കൂടെ വന്നിരിക്കുന്നത്..കണ്ണുകൾ തുടച്ച് അവൻ ഒരു പ്ലേറ്റ് എടുത്ത് അവളുടെ മുൻപിൽ വെച്ചു .
"വേണ്ട.." പ്രിയ അവനെ നോക്കാതെ പതുക്കെ പറഞ്ഞു.
"ഞാനും വർഷേം  മുകളിൽ പോയി പ്രിയമോൾക്ക് ആഹാരം കൊടുത്തിരുന്നു മോനെ."സതി പറഞ്ഞു.
"ചേച്ചി കഴിച്ചതാ.ഇപ്പൊ നിങ്ങളുടെ കൂടെ ഇരിക്കണമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നതാ .."വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
ആദിത് വർഷയെ  നന്ദിയോടെ നോക്കി.അവൾ അവന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.
"ചേച്ചി ഇവരുടെ കൂടെ ഇരുന്ന് കൊച്ചുവർത്തമാനം ഒക്കെ പറയ് കേട്ടോ.ഞാൻ ഇപ്പൊ വരാം." വർഷ അടുക്കളയിലേക്ക് പോവാൻ തുടങ്ങിയതും പ്രിയ അവളെ വിടാതെ അവളുടെ  കൈയിൽ മുറുകെ പിടിച്ചു.
"കുട്ടിയൊന്നും  കഴിച്ചതല്ലല്ലോ. ഇന്നിവിടെ ഞങ്ങളുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കാം." സതി വർഷയോട് പറഞ്ഞു.
"ഞാൻ അടുക്കളയിൽ ചെന്നിട്ട് കഴിച്ചോളാം അമ്മെ."വർഷ പറഞ്ഞു.
"എങ്കിൽ ഇവിടെ കുറച്ച് നേരം വെറുതെ ഞങ്ങളുടെ ഒപ്പം ഒന്നിരിക്ക് കുട്ടി.ഇത്ര വാശി വേണോ?" സതി വർഷയോടു ചോദിച്ചു.
"ധിക്കാരം ആണെന്ന് വിചാരിക്കല്ലേ അമ്മെ..ഞാൻ പറഞ്ഞില്ലേ എനിക്കിതൊന്നും ശീലമില്ല.എന്റെ സ്ഥാനം അടുക്കളയിലാ..ഞാൻ അവിടിരുണ്  കഴിച്ചോളാം.." വർഷ ആദിത്തിനെ  നോക്കി പറഞ്ഞു.അന്ന് കഴിച്ചുകൊണ്ടിരുന്നതിനിടയിൽ താൻ അപമാനിച്ചതിന്റെ  ദേഷ്യമാണവൾക്കെന്ന്  അവന് മനസ്സിലായി.അവൻ ഒന്നും മിണ്ടാതെ തലതാഴ്ത്തി.
പ്രിയയോട് എന്ത് ചോദിക്കണമെന്ന് ആദിത്തിന്  നിശ്ചയമില്ലായിരുന്നു.
അവർ കഴിച്ചുകഴിയുന്നതുവരെ വർഷ പ്രിയയുടെ  കൈയും പിടിച്ച് അവിടെ നിന്നു.
സതി ചോദിച്ച എന്തിനൊക്കെയോ ഒന്നോ രണ്ടോ വാക്കുകളിലൂടെ പ്രിയ ഉത്തരം പറഞ്ഞു.
കഴിച്ച് കഴിഞ്ഞ് സതി പാത്രമെല്ലാമെടുത്ത് അടുക്കളയിലേക്ക് പോയി.പ്രിയ വർഷയുടെ കൈയിൽ  പിടിച്ച് തിരികെ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.ആദിത് കൈകഴുകിയിട്ട് പ്രിയയുടെ മുറിയുടെ വാതിൽക്കൽ ചെന്ന് നിന്നു.അവനെ കണ്ടതും വർഷ മുറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങി.പ്രിയ ഒരാശ്രയത്തിനെന്നോണം അവളുടെ കൈയിൽ പിടിച്ചു.
"എന്തിനാ പേടിക്കുന്ന?ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ.നിങ്ങൾ ആങ്ങളയും പെങ്ങളും സംസാരിച്ച് കഴിഞ്ഞ് ഞാൻ വന്നേക്കാം." വർഷ ബലമായി അവളുടെ കൈകൾ വിടുവിച്ച്   വെളിയിലേക്ക് പോയി.
ആദിത് മെല്ലെ പ്രിയയുടെ അടുത്തേക്ക്  നടന്നു.പ്രിയ അവനെ നോക്കാതെ കട്ടിലിൽ കാലുകയറ്റിവെച്ച് പേടിച്ച് ചുരുണ്ടുകൂടി ഇരുന്നു.
ആദിത് പ്രിയയുടെ കട്ടിലിന്റെ താഴെ അവളുടെ തൊട്ടുമുൻപിലായി  ഒരു കൈ അകലത്തിൽ നിലത്തിരുന്നു.
"പ്രിയേച്ചി.." ആദിത്  വിളിച്ചു.പ്രിയ അവനെ നോക്കാതെ കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി വെച്ചു.
"എന്നെ ഒന്ന് നോക്ക് പ്രിയേച്ചി.."ആദിത്തിന്റെ കണ്ണുകൾ നിറഞ്ഞുവന്നു..ആദിത് മെല്ലെ പ്രിയയുടെ കൈകളിൽ തൊട്ടു.അവൾ അവന്റെ കൈകൾ തട്ടിമാറ്റി.
"ശപിക്കപ്പെട്ട ജന്മമാ പ്രിയേച്ചി എന്റേത്. എന്നെ സ്നേഹിക്കുന്ന ആരെയും സംരക്ഷിക്കാൻ  കഴിവില്ലാതെ പോയ ശപിക്കപ്പെട്ട ജന്മം! " ആദിത് അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു. അവന്റെ കരച്ചിൽ കേട്ട് പ്രിയ പതിയെ മുഖമുയർത്തി അവനെ നോക്കി.അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.മെല്ലെ അവന്റെ മുടിയിഴകളിൽ തലോടി.അവൻ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അതിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ച്  കരഞ്ഞു..നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് വർഷയും  സതിയും  വാതിൽക്കൽ നിന്ന് ഇതെല്ലം കാണുന്നുണ്ടായിരുന്നു..
വർഷ അവളുടെ മുറിയിൽ ചെന്നിരുന്ന് അവളുടെ ഫോൺ കൈയിലെടുത്തു.
"അങ്ങനെ ആദ്യത്തെ കടമ്പ കടന്നുകിട്ടി." അവളുടെ പ്രിയപ്പെട്ട ആളുടെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു.ആ ഫോട്ടോ നെഞ്ചോടു ചേർത്തുപിടിച്ച് അവൾ കരഞ്ഞു.
പ്രിയ പതിയെ ആദിത്തിനോടും സതിയോടും  കുറച്ചൊക്കെ സംസാരിച്ചും അവരുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കുകയും ചെയ്തു തുടങ്ങി.പ്രിയ ആഹാരം കഴിക്കുന്ന സമയമത്രയും വർഷ അവളുടെ കൂടെ ടേബിളിന്റെ സൈഡിൽ നിൽക്കും.സതിയോ പ്രിയയോ നിർബന്ധിച്ചിട്ടുപോലും  അവൾ അവരുടെ കൂടെ ഇരുന്ന് കഴിക്കാൻ തയ്യാറായില്ല.അത് തന്നോടുള്ള പ്രധിഷേധം ആണെന്ന് ആദിത്തിന്  മനസ്സിലായി.പ്രിയയുടെ ഓരോ മാറ്റത്തിന്  പിന്നിലും  വർഷ ആണെന്ന് ആദിത്തിനും സതിക്കും അറിയാം ..അതുകൊണ്ട് തന്നെ സതി
വർഷയെ  അടുക്കളജോലികൾ അധികം ഏൽപ്പിക്കാതെ പ്രിയയുടെ കൂടെ തന്നെ സദാ സമയവും ചിലവഴിക്കാൻ സമ്മതിച്ചു. വർഷ പക്ഷെ ആദിത്തിനോട് അകലം പാലിച്ച് തന്നെ നിന്നു..
പ്രിയ വീണ്ടും മുറിക്കു പുറത്തിറങ്ങുകയും സംസാരിച്ചുതുടങ്ങിയതിൽ പിന്നെ ആദിത് പലപ്രാവശ്യം  വർഷയോട്  സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ മുഖംകൊടുത്തില്ല. അന്ന് പ്രിയയോട്  എന്താണ്  പറഞ്ഞതെന്ന് ചോദിച്ചുകൊണ്ട് വർഷയുടെ  കൈപിടിച്ച് വേദനിപ്പിച്ചതിൽ  പിന്നെ അവൾ ആദിത് വീട്ടിൽ ഉള്ളപ്പോൾ ആദിത്തിന്റെ മുറിയിൽ കയറുകയോ അവനോട്  കാര്യമായി ഒന്നും സംസാരിക്കുകയോ ചെയ്തിരുന്നില്ല.. ആദിത് മിക്കപ്പോഴും ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് ലാപ്ടോപ്പിന്റെ മുൻപിൽ തന്നെ ആയിരിക്കും.ഇടയ്ക്ക് ആദിത് ലാപ്ടോപ്പിൽ അന്ന് കണ്ട പെൺകുട്ടിയുടെ അതെ പടം നോക്കി ഇരിപ്പുണ്ടാവും...അവന്റെ കണ്ണിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതും കാണാം... കാണാൻ ഏകദേശം തന്നെപോലെ തന്നെ ഇരിക്കുന്ന ആ പെൺകുട്ടി ആരാണെന്നറിയാൻ വർഷയ്ക്ക് ആഗ്രഹമുണ്ടായിരുന്നു .ചോദിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്തത്കൊണ്ട് അവൾ ഒന്നും ചോദിച്ചില്ല..
പിറ്റേന്ന്  വർഷ സതിയുടെ കൂടെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ..
"കുട്ടി പ്രിയമോൾക്ക് വേണ്ടി കാച്ചിയ എണ്ണ അവിടെ ഇരിപ്പുണ്ട്..ഇഷ്ടാണെങ്കിൽ അതെടുത്ത് തേച്ചോളു കേട്ടോ.മുടി നന്നായിട്ട് വളരും "സതി വർഷയോട് പറഞ്ഞു. വർഷ നന്ദിയോടെ സതിയെ നോക്കി. സതി നല്ല മൂഡിലാണെന്ന് മനസ്സിലായതും ആദിത്തിന്റെ ലാപ്ടോപ്പിൽ കണ്ട പെൺകുട്ടിയെ പറ്റി അവരോട് ചോദിക്കാൻ തന്നെ അവൾ തീരുമാനിച്ചു.
"അമ്മെ ഇവിടുത്തെ സാറിന് ആരോടെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ?" വർഷ രണ്ടും കൽപ്പിച്ച് സതിയോട് ചോദിച്ചു.
"ഹേയ് മോന് അങ്ങനെ ഒരു ഇഷ്ടം ഉള്ളതായിട്ട്  എനിക്കറിയില്ല കുട്ടി.എന്താ ചോദിച്ചത്?"സതി ചോദിച്ചു.
പറയണോ  വേണ്ടയോ എന്നവൾ ഒരുനിമിഷം ആലോചിച്ചു.
"അല്ല..മിക്കപ്പോഴും സാറ് ആ കൊച്ചു കമ്പ്യൂട്ടറിൽ ഒരു കുട്ടിയുടെ  ഫോട്ടോ  നോക്കി ഇരിക്കുന്നത് കാണാം.മുടിയൊക്കെ റിബ്ബൺ കൊണ്ടുകെട്ടി വലിയ കണ്ണുകളും നുണക്കുഴികളുമുള്ള ഒരു സുന്ദരിക്കുട്ടി .രസം എന്താണെന്നറിയോ അമ്മെ ആ കുട്ടിയെ കണ്ടാൽ എന്റെ അനിയത്തി ആണെന്നെ പറയു..നല്ല മുഖസാമ്യം  ഉണ്ട്  " വർഷ അത് പറഞ്ഞതും സതിയുടെ മുഖത്ത് സങ്കടം നിറഞ്ഞു..അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവർ ഒന്നും മിണ്ടാതെ അവരുടെ ജോലി തുടർന്നു .ചോദിക്കേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.
പെട്ടെന്ന് ആദിത്  അങ്ങോട്ട് ചെന്നു .
"വർഷേ.." ആദിത്  വിളിച്ചു.വർഷ ആദിത്തിനെ  നോക്കി.
"എന്താ എന്റെ മുറി മാത്രം ക്ലീൻ ചെയ്യാത്തെ ?"ആദിത് ചോദിച്ചു.
വർഷ ഒന്നും മിണ്ടിയില്ല.
"ഇന്നലെ വർഷ  ചെയ്യാൻ തുടങ്ങിയതാ മോനെ.അപ്പൊ പെട്ടെന്ന് അവൾക്ക്  തലകറങ്ങി..അതുകൊണ്ട് പിന്നീട് മതീന്ന് ഞാനാ പറഞ്ഞെ."സതി പറഞ്ഞു
ഇന്നലെ ആദിത് മുറിയിൽ ഉണ്ടായിരുന്നത്കൊണ്ടാണ് അവിടം വൃത്തിയാക്കാൻ പോവാതെ വർഷ തനിക്ക് വയ്യ എന്ന സതിയോട്  കള്ളം പറഞ്ഞത്. കുറച്ച് കഴിഞ്ഞ് ആദിത് വെളിയിൽ പോയ നേരം സതിയും പ്രിയയും  ഉച്ചയുറക്കത്തിൽ ആയിരുന്നു. വർഷ മുറികളെല്ലാം അടിച്ചുവാരിക്കൊണ്ടിരുന്നു.മുകളിൽ ആദിത്തിന്റെ മുറിയിലെത്തിയപ്പോൾ കയറണോ  വേണ്ടയോ എന്ന് സംശയിച്ചു.
ആദിത് വെളിയിൽപോയ സമയമായതിനാൽ അവൾ തുടയ്ക്കാനുള്ള സാമഗ്രികൾ എല്ലാം എടുത്ത്   അകത്ത്  കയറി പണി തുടങ്ങി. മുറി തുടച്ചിട്ട് അവൾ ബാത്റൂം  തുടയ്ക്കാൻ കയറിയപ്പോൾ ആദിത് വന്നു.അവൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല.വർഷ അകത്തുണ്ടെന്ന് അവന് മനസ്സിലായി. അവൻ പെട്ടെന്ന് വെളിയിൽ പോയി ഷൂസ് ഇട്ടോണ്ട് വന്നു.  ഒച്ചയുണ്ടാക്കാതെ തുടച്ച് വൃത്തിയാക്കിയിട്ട തറയിൽ  അങ്ങോട്ടും ഇങ്ങോട്ടും  നടന്നു.വർഷ വന്ന് കാണുമ്പോൾ ഇതിന്റെ പേരിൽ  എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കാൻ വരും എന്നവന് അറിയാമായിരുന്നു.അങ്ങനെയെങ്കിലും അവൾ തന്നോടൊന്ന് സംസാരിക്കുമല്ലോ എന്നവൻ ആഗ്രഹിച്ചു.
അവൻ ഒന്നുമറിയാത്തപോലെ മുറിയിൽ അവന്റെ സോഫയിൽ ചെന്നിരുന്നു.
ബാത്‌റൂമിൽ  നിന്നിറങ്ങിയ വർഷ ആദിത്തിനെ  കണ്ടൊന്നു പകച്ചു.പിന്നീടാണ്  അവൾ അവൻ ചെയ്തുവെച്ച പണി കാണുന്നത്.തറ മുഴുവൻ ഷൂസ് ഇട്ട് നടന്ന് വൃത്തികേടായിക്കിടക്കുന്നു.ആദിത് അവളെ ഒന്ന് നോക്കി.ഒരു പൊട്ടിത്തെറി അവൻ പ്രതീക്ഷിച്ചു.അവൻ മനപ്പൂർവം ചെയ്താതാണെന്ന് അവൾക്ക് മനസിലായി.വർഷ ആദിത്തിനെ നോക്കുകപോലും ചെയ്യാതെ ഒന്നെയെന്ന് എല്ലാം തുടച്ച് വൃത്തിയാക്കാൻ  ആരംഭിച്ചു..
"വർഷേ..എന്നോട് ദേഷ്യമാണോ ?" ആദിത് അവളോട് ചോദിച്ചു.
വർഷ ഒന്നും മിണ്ടിയില്ല
" എന്താ ഞങ്ങടെ  കൂടെ ഇരുന്ന് കഴിക്കാൻ വരാത്തത്?"ആദിത് ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ ജോലി തുടർന്നു.
"വിഷമം ഉണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ സോറി.." ആദിത് ആത്മാർത്ഥമായി തന്നെ അവളോട് ക്ഷമാപണം നടത്തി.
ആദിത് പറഞ്ഞതുകേട്ട് വർഷ  മനസ്സുകൊണ്ട് സന്തോഷിച്ചെങ്കിലും അവനെ ദേഷ്യം പിടിപ്പിക്കാൻ അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
"വർഷേ  നിന്നോടാ ഞാൻ സംസാരിക്കുന്നത് .." ആദിത് വീണ്ടും പറഞ്ഞു . വർഷ അത് കേട്ടഭാവം നടിച്ചില്ല.
ആദിത്തിന് നല്ല ദേഷ്യം വന്നു.അവൻ സോഫയിൽ നിന്നെഴുന്നേറ്റ് ചെന്ന് വാതിൽ അടച്ച്  കുറ്റി  ഇട്ടു.എന്നിട്ട് വർഷയുടെ നേരെ പാഞ്ഞടുത്തു!

(കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ...?)

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot