Part 1
'വൈറ്റ് പേൾ മാൻഷൻ' എന്ന് സുവർണ്ണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന നെയിം ബോർഡിലേക്ക് വർഷ ഒന്നുകൂടി നോക്കി. പൊള്ളുന്ന വെയിലേറ്റ് ആ അക്ഷരങ്ങൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഗേറ്റിന്റെ സൈഡിലുള്ള ആ നെയിം ബോർഡിന് താഴെ ഉള്ള കാളിങ് ബെല്ലിൽ അവൾ വിരലമർത്തി.വീഡിയോ ഇന്റർകോമിൽ അവളെ കണ്ടതും അകത്ത് നിന്നും ആരോ ആ റിമോട്ട് ഗേറ്റ് തുറന്നു കൊടുത്തു.ഷോൾഡർ ബാഗ് ഒന്നുകൂടി ചുമലിലേക്ക് വലിച്ച് അവൾ പതിയെ ആ വീട്ടിലേക്ക് നടന്നു.
ഇംഗ്ലീഷ് സിനിമകളിൽ കാണുന്നതുപോലെ വലിപ്പം കൊണ്ടും ഭംഗി കൊണ്ടും അലങ്കാരപ്പണികൾ കൊണ്ടും അതിമനോഹരമായ ഒരു ബംഗ്ലാവായിരുന്നു അത്! ഐ.റ്റി ഇന്ടസ്ട്രിയലിസ്റ്റ് ആയ മൾട്ടി നാഷണൽ കോർപറേഷൻ ഉടമ വികാസ് മേനോൻ തന്റെ അവധിക്കാല വസതി ആയി മുംബൈയിൽ പണികഴിപ്പിച്ചതായിരുന്നു ആ വീട്. മുംബൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി തുടങ്ങിയതായിരുന്നു വികാസ് മേനോൻ.അദ്ദേഹത്തിന്റെ സഹപ്രവർത്തക ആയ ശാരദ പിന്നീട് അദ്ദേഹത്തിന്റെ പത്നിയുമായി .വളരെ നാളുകൾക്ക് മുൻപ് മുബൈയിൽ സെറ്റിൽ ആയ ഒരു മലയാളി കുടുംബമായിരുന്നു ശാരദയുടേത്. വികാസ് മേനോനും ശാരദയ്ക്കും രണ്ടു മക്കൾ ആണ്.പ്രിയ മേനോനും ആദിത് മേനോനും.പ്രിയ ആണ് മൂത്തയാൾ . കുറച്ച് നാൾ മുംബൈയിൽ ജോലി ചെയ്ത ശേഷം അദ്ദേഹത്തിന് ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യാൻ അവസരം കിട്ടി.ശാരദയെയും കുഞ്ഞുങ്ങളെയും മുംബൈയിൽ ശാരദയുടെ മാതാപിതാക്കളുടെ കൂടെ നിർത്തി അദ്ദേഹം അമേരിക്കയിൽ പോയി.താമസിയാതെ വിസ ശരിയായി ശാരദയും കുഞ്ഞുങ്ങളും അദ്ദേഹത്തോടൊപ്പം ചെന്നു. വികാസ് മേനോൻന്റെ ആത്മാർത്ഥതയും ജോലിയോടുള്ള അർപ്പണബോധവും കൊണ്ട് കുറച്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം ആ കമ്പനിയിൽ ഡയറക്ടർ പദവിയിലെത്തി .ഇതിനിടയ്ക്ക് അദ്ദേഹം സ്വന്തം നാട്ടിലെ തന്റെ കളിക്കൂട്ടൂകാരനും ഉറ്റ സുഹൃത്തുമായ ജയശങ്കറിനെ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് റെഫർ ചെയ്തു.ജോലി കിട്ടി കമ്പനി സ്പോൺസർ ചെയ്ത വിസയിൽ ജയശങ്കറും താമസിയാതെ അദ്ദേഹത്തിന്റെ പത്നി മായയും മകൻ ജയദേവനും അമേരിക്കയിൽ എത്തി. പിന്നീട് വികാസ് മേനോൻ സ്വന്തമായി അമേരിക്കയിൽ ആർട്ടിൻ സൊല്യൂഷൻസ് എന്ന പേരിൽ ഒരു ഐ.റ്റി കമ്പനി ആരംഭിച്ചു . കുറച്ച് നാളുകൾ കഴിഞ്ഞ് ജയശങ്കറും വികാസ് മേനോന്റെ കമ്പനിയിൽ ജോയിൻ ചെയ്തു.ആദിത്തും ജയശങ്കറിന്റെ മകൻ ജയദേവനും ഒരേ പ്രായം.അവർ ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്...വെക്കേഷന് അമേരിക്കയിൽ നിന്നും രണ്ടു കുടുംബങ്ങളും ഒരുമിച്ചായിരുന്നു നാട്ടിൽ വന്നുകൊണ്ടിരുന്നത്.നാട്ടിൽ വരുമ്പോൾ അവരെല്ലാവരും കൂടി മുംബൈയിലുള്ള വൈറ്റ് പേൾ മാൻഷനിൽ കുറച്ച് ദിവസം താമസിക്കും.ആദിത് ഒറ്റയ്ക്ക് ഒരു കമ്പനി നടത്തിക്കൊണ്ട് പോകാൻ പ്രാപ്തനായിരിക്കുന്നു എന്ന് മനസ്സിലാക്കിയ വികാസ് മേനോൻ അദ്ദേഹത്തിന്റെ കമ്പനി മകനെ ഏൽപ്പിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന സമയത്തായിരുന്നു അമേരിക്കയിൽ വെച്ച് ഒരു കാർ ആക്‌സിഡന്റിൽ അദ്ദേഹവും ഭാര്യയും മരണപ്പെട്ടത്..അച്ഛനെ പോലെ തന്നെ ജോലി കാര്യങ്ങളിൽ കണിശക്കാരനായിരുന്നു മകനും.അതുകൊണ്ട് തന്നെ അച്ഛൻ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കാതെ കമ്പനി വൻലാഭത്തിൽ നടത്തിക്കൊണ്ട് പോകാൻ ആദിത്തിന് കഴിഞ്ഞു.കുറച്ചുനാളായി ആദിത് ഇപ്പൊ മുബൈയിലുള്ള വൈറ്റ് പേൾ മാൻഷനിലാണ് താമസം.…….***
ഗേറ്റിൽ നിന്നും ടൈൽസ് ഇട്ട പാതയിലൂടെ കുറച്ച് ദൂരം നടക്കണം വീടിന്റെ മുൻപിലെത്താൻ . ഇരുവശത്തും ലക്ഷങ്ങൾ വില കൊടുത്ത് പല സ്ഥലങ്ങളിൽ നിന്നും വാങ്ങിവെച്ചരിക്കുന്ന പലതരം ചെടികളുള്ള മനോഹരമായ ഒരു ഗാർഡൻ ആണ്.വർഷ അതെല്ലാം ആസ്വദിച്ച് വീടിന്റെ സിറ്റൗട്ടിൽ ചെന്ന് നിന്നു.അപ്പോഴേക്കും മുണ്ടും നേര്യതും ഉടുത്ത് ഒരു മധ്യവയസ്‌ക അകത്തുനിന്നും ഇറങ്ങി വന്നു.വർഷ അവരെ നോക്കി ചിരിച്ചിട്ട് അവളുടെ ബാഗ് താഴെ വെച്ചു.
"എന്തിനാ കുട്ടി നീ ഇതും കൊണ്ട് പിന്നേം പിന്നേം വരുന്നേ?എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഇതൊന്നും ഇവിടെ വേണ്ട എന്ന് " അവർ അവളോട് പറഞ്ഞു.
"സതി അമ്മയെ എനിക്കറിയില്ലേ..രണ്ടുമൂന്നു മാസ്സമായിലെ ഞാൻ ഇവിടെ വരാൻ തുടങ്ങിയിട്ട്.വേണ്ട വേണ്ട എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും അമ്മ എന്റെ കൈയിൽ നിന്ന് എന്തെങ്കിലും ഒന്ന് മേടിക്കുമെന്ന് എനിക്കറിയാം"വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ ബാഗ് തുറന്ന് അതിൽ നിന്നും കുറച്ച് പാത്രങ്ങളും കറി കത്തികളും അടുക്കളയിലേക്ക് ആവശ്യമായ കുറച്ച് സാധനങ്ങളുമെടുത്ത് സതിയോട് എന്തോ പറയാൻ തുടങ്ങി.
"എന്റെ പൊന്നു മോളെ ഇനി ഇതിന്റെ ഗുണഗണങ്ങളെ പറ്റി വിവരിക്കണ്ട.ഇത് തന്നെ അല്ലെ നീ കഴിഞ്ഞ മാസവും കൊണ്ടുവന്നത്.അന്ന് നിന്റെ പ്രസംഗം ഞാൻ കുറെ കേട്ടതാ.ഓവനിൽ വെച്ചാ ഒരു കുഴപ്പോം പറ്റില്ല മൈക്രോവേവ് സേഫ് ആണ് എന്നൊക്കെ പറഞ്ഞ് തന്നിട്ടുപോയ പാത്രം ദാണ്ടെ കത്തി കരിഞ്ഞ് അകത്തിരിപ്പുണ്ട്.നല്ല മൂർച്ചയുള്ള കത്തിയാ കച കച അരിയാം എന്ന് പറഞ്ഞ് മേടിച്ച സാധനം കച കച എന്ന് രണ്ടു പീസ് ആയി കിടപ്പുണ്ട്.ഇങ്ങോട്ട് കാശൊന്നും തരണ്ട നീ അത് കൊണ്ടുപോക്കോ." സതി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ജീവിച്ചുപോകണ്ടേ അമ്മെ.മനപ്പൂർവ്വമല്ല .ഞങ്ങൾക്ക് തരുന്ന സാധനങ്ങൾ എങ്ങനെയെങ്കിലും വിറ്റുതീർക്കണം.അതാ കരാർ.ഓരോ ദിവസവും ടാർഗറ്റ് ഉണ്ട്.ഇത്ര സാധനങ്ങൾ വിറ്റു തീർത്തില്ലെങ്കിൽ നല്ല ചീത്ത കേൾക്കേണ്ടി വരും..പിന്നെ ഈ സെയിൽസ് ഗേൾസിന്റെ കാര്യം അറിയാമല്ലോ.ചെകുത്താൻ കുരിശ് കാണുന്നപോലെയാ ആൾക്കാർ ഞങ്ങളെ കാണുന്നത്.കാണുമ്പോഴേ അകത്ത് കയറി വാതിലടയ്ക്കും.കണ്ടാലോ ചിലരാണെങ്കിൽ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും.കുടിക്കാൻ പച്ചവെള്ളം തരില്ല.എല്ലാരുടേം ആട്ടും തുപ്പും കേട്ട് ഈ വെയിലത്തും മഴയത്തും ഭക്ഷണം പോലും കഴിക്കാതെ വിശന്ന് പൊരിഞ്ഞ് ഇതെല്ലം പൊക്കിപിടിച്ചോണ്ട് നടക്കുന്നത് വയറ്റിപ്പിഴപ്പിനാണമ്മേ.അമ്മയുടെ അടുത്തെത്തുമ്പഴാ ഒരാശ്വാസം.എന്നോട് മുഖം കറുത്ത് കാണിച്ചിട്ടില്ല ഇതുവരെ.ചോദിക്കാതെ തന്നെ കുടിക്കാനും കഴിക്കാനും ഒക്കെ തരും. അമ്മ മാത്രമേ എന്നെപോലുള്ളവരോട് ഇത്ര സ്നേഹത്തോടെ പെരുമാറുന്നത് കണ്ടിട്ടുള്ളു."വർഷയുടെ കണ്ണുകൾ നിറഞ്ഞു.
കേട്ട് നിന്ന സതിയുടെയും ..
"നിനക്ക് വേറെ വല്ല ജോലിക്കും പൊയ്ക്കൂടേ മോളെ" സതി ചോദിച്ചു.
"ഓർഫനേജിലെ അച്ഛന്റെ കാരുണ്യം കൊണ്ട് പത്താം ക്ലാസ് വരെ പഠിച്ചു .പിന്നീട് അവിടുത്തെ മദർ ഏർപ്പാടാക്കിയ ഒരു വീട്ടിൽ ജോലിക്ക് നിന്നു .വീട് വൃത്തിയാക്കണം ഭക്ഷണം വെക്കണം പിന്നെ അവിടെ പ്രായമായ ഒരമ്മച്ചി ഉണ്ട്.അമ്മച്ചിയെ കുളിപ്പിക്കുവേം മരുന്നും ആഹാരോം ഒക്കെ സമയത്തിന് കൊടുക്കുവേം ചെയ്യണം.അതൊക്കെ ചെയ്യാം പക്ഷെ അവിടുത്തെ സാറിന്റെ പെരുമാറ്റം ശരിയല്ലായിരുന്നു .സഹിക്കാൻ വയ്യാതായപ്പോ ഞാൻ പോന്നു . ഒരു കൂട്ടുകാരി ഇവിടെ മുംബൈയിൽ ഉണ്ട് .എന്തെങ്കിലും ജോലി കിട്ടുമോ എന്നറിയാൻ ഇങ്ങോട്ട് വന്നു.അവളാ ഈ ഏജന്റിനെ പരിചയപ്പെടുത്തി തന്നത്.അവളുടെ കൂടെ ആയിരുന്നു കുറച്ച് നാൾ. പിന്നെ അവൾക്കും ബാധ്യത ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ അവിടുന്നിറങ്ങി.ഏജന്റ് തന്നെ ഒരു വീട് ശരിയാക്കിത്തന്നു . പക്ഷെ കിട്ടുന്നതിന്റെ പകുതി കാശ് അങ്ങേരെടുക്കും.ബാക്കി ഉള്ളത്കൊണ്ട് വേണം ജീവിക്കാൻ. ."വർഷയുടെ കണ്ണുകൾ നിറഞ്ഞുവന്നു.
സതി സഹതാപത്തോടെ അവളെ നോക്കി.
"എനിക്ക് ഇവിടെ എന്തെങ്കിലും ജോലി തരാമോ അമ്മെ?"വർഷ പ്രതീക്ഷയോടെ സതിയെ നോക്കി.
അവളെ തന്റെ കൂടെ നിർത്താൻ ആഗ്രഹമുണ്ടെങ്കിലും അങ്ങനെ ഒരു ചോദ്യം സതി പ്രതീക്ഷിച്ചില്ലായിരുന്നു.
"ഞാൻ ഈ വീട്ടിലെ വെറും ജോലിക്കാരി അല്ലെ മോളെ.ഞാൻ എങ്ങനെയാ നിന്നെ ഇവിടെ ജോലിക്കെടുക്കുന്നെ ?" സതി വിഷമത്തോടെ പറഞ്ഞു.
"ഞാൻ ഒരു പ്രശ്നക്കാരി ആണെന്ന് അമ്മയ്ക്ക് എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ?രണ്ടു മൂന്നു മാസ്സമായില്ലെ ഞാൻ ഇവിടെ സാധനങ്ങൾ വിൽക്കാൻ വരുന്നു..ഞാൻ എല്ലാ ജോലീം ചെയ്തോളാം അമ്മെ.അടുക്കളയിൽ ഒരു മൂലയ്ക്ക് ഒതുങ്ങിക്കോളാം.ഇവിടുത്തെ കൊച്ചമ്മയോട് അമ്മ ഒന്ന് പറയുവോ?" വർഷ കെഞ്ചി.
"മോൾ കേട്ടിട്ടുണ്ടോ എന്നറിയില്ല.ആർട്ടിൻ സൊല്യൂഷൻസ് കമ്പനി ഉടമ വികാസ് മേനോൻന്റെ വീടാ മോളെ ഇത്.കുറച്ചുനാളുകൾക്ക് മുൻപ് അദ്ദേഹവും ഭാര്യയും മരിച്ചുപോയി..അദ്ദേഹത്തിന്റെ മോനാ ഇപ്പൊ ഇവിടെ താമസം.എനിക്ക് മോനോട് ചോദിക്കാതെ ഒന്നും പറയാൻ പറ്റില്ല..മാത്രമല്ല തൽക്കാലം ഇവിടെ ഒരാൾക്ക് ചെയ്യാനുള്ള പണികളെ ഉള്ളു."സതി പറഞ്ഞു.
"ആ ഒരാളുടെ പണികളൊക്കെ ഞാൻ ചെയ്തോളാം അമ്മെ .ഈ വീട് കണ്ടാൽ തന്നെ അറിയാം ഇതിന്റെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകണമെങ്കി ഓട്ടോറിക്ഷ വേണമെന്ന്.എന്ത് വലിയ വീടാ ഇത്! ഈ വീടൊക്കെ തൂത്ത് തുടച്ച് വൃത്തിയാക്കാൻ അമ്മയ്ക്ക് ഒറ്റയ്ക്ക് പറ്റുവോ?ഞാനും കൂടി വന്നോട്ടെ അമ്മെ..സാറിനോട് ഒന്ന് ചോദിക്കുവോ? ഇങ്ങനെ അലഞ്ഞ് നടക്കാൻ വയ്യാത്തതുകൊണ്ട് ചോദിക്കുവാ അമ്മെ.." വർഷ വീണ്ടും കെഞ്ചി..
എന്ത് പറയണം എന്നറിയാതെ സതി നിന്നു .പ്രതീക്ഷയോടെ നിൽക്കുന്ന വർഷയുടെ ദയനീയമായ മുഖവും അവളുടെ അമ്മെ എന്നുള്ള വിളിയും കേട്ടപ്പോൾ അവർക്ക് അവളോട് മറുത്ത് പറയാൻ തോന്നിയില്ല ."മോൻ വരട്ടെ ഞാൻ ചോദിക്കാം."ഒടുവിൽ സതി പറഞ്ഞു. വർഷ സന്തോഷത്തോടെ സതിയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.ഏതോ ഓർമ്മയിൽ സതിയുടെ കണ്ണുകൾ നിറഞ്ഞു.
"സോറി അമ്മെ എന്റെ മേല് മുഴുവൻ വിയർപ്പാ..ഞാൻ അറിയാതെ ചെയ്തുപോയതാ."വർഷ പേടിയോടെ പറഞ്ഞു.
സതി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
അടുക്കളയിൽ ചെന്ന് വർഷയ്ക്ക് കഴിക്കാൻ ചോറും കറികളും എടുത്ത് അവർ ഡൈനിങ്ങ് ടേബിളിൽ വെച്ചു.
"മോളിരിക്ക്..ഊണ് കഴിക്കാം ."സതി പറഞ്ഞു.
"ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം അമ്മെ.."വർഷ മടിയോടെ പറഞ്ഞു.
"എന്തിനാ കുട്ടി ഓരോ തവണ വരുമ്പോഴും എന്നെകൊണ്ട് പറയിപ്പിക്കുന്നെ?ഇവിടെ മേശയിൽ ഇരുന്ന് കഴിക്കുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല. .."സതി അവളെ നിർബന്ധിച്ച് അവിടെ ഇരുത്തി. ചോറും കറികളും വിളമ്പിക്കൊടുത്തു.അവൾ കഴിക്കുന്നതും നോക്കി സതി അടുത്ത് തന്നെ ഇരുന്നു ..
പെട്ടെന്ന് എന്തോ ഓർത്തത് പോലെ സതി മുകളിലേക്ക് നോക്കി.
"ഞാൻ ഇപ്പൊ വരാം..കുട്ടി കഴിച്ചോളൂ..കറികൾ ആവശ്യമുള്ളതൊക്കെ എടുക്കണം കേട്ടോ. " വർഷയോട് പറഞ്ഞിട്ട് സതി പെട്ടെന്ന് സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.
ഈ സമയം വീടിന്റെ പോർച്ചിൽ ഒരു കാർ വന്ന് നിന്നു.അതിൽ നിന്നും ആർട്ടിൻ സൊല്യൂഷൻസ് സി.ഇ.ഓ ആദിത് മേനോൻ ഇറങ്ങി. പതിവില്ലാതെ വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അവൻ അതിശയിച്ചു.ഡൈനിങ്ങ് ഹാളിലേക്ക് വന്നപ്പോൾ അവിടെ ഇരുന്ന് ഊണ് കഴിക്കുന്ന വർഷയെ കണ്ട് അവൻ ഒന്നും മനസ്സിലാകാതെ നിന്നു.പുറംതിരിഞ്ഞിരിക്കുകയായിരുന്നതിനാൽ അവളുടെ മുഖം ശരിക്ക് കാണാൻ കഴിഞ്ഞില്ല..
കാൽപ്പെരുമാറ്റം കേട്ട് വർഷ തിരിഞ്ഞ് നോക്കിയപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ആദിത്തിനെ കണ്ടു. വർഷയുടെ മുഖം കണ്ടതും ആദിത് ഒരു നിമിഷം തരിച്ച് നിന്നു! അവന്റെ ചുണ്ടുകൾ എന്തോ പേര് മന്ത്രിക്കുന്നത് അവൾ കണ്ടു..
(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക