Slider

അസ്വസ്ഥരാകുന്ന പ്രവാസി സമൂഹം

0

ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിയും, സുരക്ഷിതത്വമില്ലാത്ത തൊഴിലും, കച്ചവട രംഗത്തെ മാന്ദ്യവും, വർദ്ധിച്ച ജീവിത ചിലവുകളും ഒക്കെ കൂടി തൊണ്ണൂറ് ശതമാനം പ്രവാസികളും പലവിധത്തിൽ ടെൻഷന് അടിപ്പെട്ട് കഴിയുകയാണ്. അതിന്റെ പ്രതിഫലനമാണ് അടുത്ത ദിവസങ്ങളിൽ കണ്ടുവരുന്ന ഹൃദയാഘാത മരണങ്ങളും, ആത്മഹത്യകളും. അതിൽ ഏറ്റവും ഒടുവിലത്തേതാണ്, ബഹറൈനിൽ രണ്ടു മുതിർന്ന പെൺമക്കളെ അനിശ്ചിതാവസ്ഥയിൽ തള്ളിവിട്ട് ജീവനൊടുക്കിയ ഒരു പിതാവിന്റെ പ്രവൃത്തി. സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മർദ്ദവുമാണ് അതിന്റെയും പിന്നിൽ എന്നാണറിയാൻ കഴിഞ്ഞത്. ഈ അടുത്ത ദിവസങ്ങളിൽ ഇത് പോലെ അനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടു്.
ധാരാളം പേർ കടത്തിന്റെയും പലിശയുടെയും രോഗങ്ങളുടെയും പിടിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. ആർക്കും ആരെയും പരിധി വിട്ട് സഹായിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാരണം എല്ലാവരും ഇത്തരം പ്രശ്നങ്ങളുടെ നടുവിലാണ്. നാട്ടിൽ പോയാൽ ഒരു നിവൃത്തിയുമില്ലാത്തവരാണ് സമ്മർദ്ദങ്ങൾക്കടിമപ്പെട്ടും ഇവിടെ പിടിച്ച് നിൽക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നവർ.
തൊഴിൽ മേഘലയിലേക്കാളും പ്രതിസന്ധി അഭിമുഖീകിക്കുന്നത് സ്വന്തമായി ബിസിനസ്സും കരാർജോലികളും നടത്തി ജീവിക്കുന്നവരാണ്.
കരാർജോലി ചെയ്ത് സമയത്തിന് പണം ലഭിക്കാതെ പ്രയാസപ്പെടുന്ന അനവധി പേർ മക്കളുടെ സ്കൂൾ ഫീസ്, ചികിത്സാ ചിലവ്, ഭക്ഷണ ചിലവു് എന്നിവക്ക് പോലും നിവൃത്തിയില്ലാതെ ബ്ലേഡ് മാഫിയകളുടെ പിടിയിൽ പെട്ട് നരകിക്കുന്നു. പലരും പാസ്സ്പോർട്ട് വരെ പണയം വെച്ചാണ് ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. ഈ നിസ്സഹായവസ്ഥയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടവരാണ് ഏറെ പേരും.
എന്താണിതിന് കാരണം ?
ഒരു ചെറിയ ഉദാഹരണം പറയാം. ചെറിയ ഫ്ലാറ്റിൽ ഒതുങ്ങി ലളിത ജീവിതം നയിച്ചിരുന്ന എന്റെ ഫ്ലാറ്റിൽ അടിച്ച് പൊളിച്ച് ജീവിച്ചിരുന്ന ഒരു സുഹൃത്ത് ഒരിക്കൽ വരാനിടയായി. ഞങ്ങളുടെ ജീവിത നിലവാരത്തെയും അസൗകര്യങ്ങളെയും പരിഹസിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ ഉന്നത ജോലി നഷ്ടപ്പെടുകയും പെട്ടെന്ന് നാട്ടിൽ പോകേണ്ട അവസ്ഥ വരികയും ചെയ്തു.. വർഷങ്ങൾക്കുള്ളിൽ ലക്ഷങ്ങളുടെ കടക്കാരനായ അദ്ദേഹം നാട്ടിലുള്ള സകലമാന സ്വത്തുക്കളും വിറ്റ് പെറുക്കി ഇന്ന് മറ്റുള്ളവരുടെ കാരുണ്യത്തിൽ കഴിഞ്ഞ് കൂടുന്നു.
പ്രവാസികളിൽ ഏറെ പേർക്കും സംഭവിക്കുന്ന ദുരന്തമാണിത്. അപ്രതീക്ഷിത വരുമാനം ലഭിക്കുമ്പോൾ പഴയതെല്ലാം മറന്ന് ധൂർത്തൻ മാരായി ജീവിക്കും. നാളെയെ കുറിച്ചോ മക്കളെ ക്കുറിച്ചോ ചിന്തയില്ലാതെ എന്നും ഈ വരുമാനം ലഭിക്കുമെന്ന അമിത പ്രതീക്ഷയിൽ ദൈവത്തെ മറന്ന് പ്രശസ്തിക്കും അന്തസ്സിനും വേണ്ടി ധനം ദുർവ്യയം ചെയ്യും.
ഇത്തരക്കാരിൽ ജനിപ്പിച്ച തന്തക്കും പെറ്റ തള്ളക്കും വരെ ചിലവിന് കൊടുക്കാത്തവരുമുണ്ടു്.
അവസാനം വന്നത് പോലെ വെറും കയ്യോടെ മടങ്ങേണ്ടിയും വരും.
വർഷങ്ങളോളം നല്ല ജോലിയും വരുമാനവുമുള്ള പലരും പെട്ടെന്ന് ജോലി നഷ്ടപ്പെടുമ്പോൾ നിരാശരാകുന്നതിന്റെ കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മ തന്നെയാണ്.
മറ്റൊരു കൂട്ടർ ഇടത്തരക്കാരാണ്. കിട്ടുന്ന വരുമാനത്തിന് പുറമെ കടം കൂടി വാങ്ങി ഭാര്യയെയും മക്കളെയും സന്തോഷിപ്പിക്കാൻ വേണ്ടി ചിലവഴിച്ച്, അവസാനം വാർദ്ധക്യവും രോഗവും പേറി കറിവേപ്പിലയാകുന്നവർ.
എത്ര കേട്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് പ്രവാസികൾ.
അവരെ പല തരത്തിൽ ചൂഷണം ചെയ്യാൻ നാട്ടിൽ വലിയ ഒരു മാഫിയ തന്നെയുണ്ട്. ഇതിൽ നിന്നൊക്കെ ഇനിയും പാഠം പഠിച്ചില്ലെങ്കിൽ നമ്മളെ രക്ഷിക്കാനും സഹായിക്കാനും കുടുംബം പോലും ഉണ്ടാകില്ലെന്ന് ഓർത്തിരിക്കുക.
ചുറ്റുപാടുകൾ നിരീക്ഷിച്ച് സ്വയം രക്ഷക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. സമ്പത്ത് കാലത്ത് ഒന്ന് ഒതുങ്ങി ജീവിച്ചാൽ ആപത്ത് കാലത്ത് തെണ്ടാതെ കഴിയാം.
ഗൾഫിന്റെ വരുമാനം നിലച്ചാൽ നമ്മുടെ നാടും സോമാലിയ ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രത്യേകിച്ചും കോർപറേറ്റുകൾക്ക് വേണ്ടി മാത്രം ദല്ലാൾ പണി ചെയ്യുന്ന ഭരണാധികാരികളുള്ളപ്പോൾ .
ബഷീർ വാണിയക്കാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo