നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സണ്ണിക്കുട്ടന്റെ ഹണിമൂൺ !

Image may contain: Shoukath Maitheen, sitting and indoor

==========
കല്ല്യാണ നിശ്ചയം കഴിഞ്ഞ് പിറ്റേന്നു മുതൽ ആളുകൾ ചോദിക്കാൻ തുടങ്ങി,
'സണ്ണിക്കുട്ടാ 'ഹണിമൂൺ 'എവിടെയാണ് ...?
''ഹണി എവിടെ യാണെന്നറിയില്ല....മൂൺ ആകാശത്തുണ്ടല്ലോ ..??...എന്ന് മറുപടി പറയാൻ തോന്നിയെങ്കിലും സണ്ണിക്കുട്ടൻ മൗനം പാലിച്ചു,...
മൗനം ആർക്കാണ് ഭൂഷണം ?.. വിജയനല്ലേ ഭൂഷണം.... അല്ല വിദ്വാനാണ് ഭൂഷണം ... !!
''ശരിക്കും എന്താണ് ഈ ഹണിമൂൺ,?
ഹണിയെന്നു പറഞ്ഞാൽ തേനാ ണെന്നും, മൂൺ ചന്ദ്രനാണെന്നും മാത്രമറിയാവുന്ന പാവം യുവാവായിരുന്നു സണ്ണിക്കുട്ടൻ....
ഹണിമൂണിനെ കുറിച്ച് ആരോടെങ്കിലും ചോദിച്ചാലോ, ..? സണ്ണിക്കുട്ടൻ ചിന്തിച്ചു....
പത്താം തരം കഷ്ടിച്ച് പാസായി അത് വലിയ അഹങ്കാരമായി കൊണ്ടു നടക്കുന്ന അയൽക്കാരൻ വർഗീസിനോട് ചോദിച്ചാലോ, ...?
വേണ്ട,..... അവൻ നാട് മുഴുവൻ പറഞ്ഞ് നടക്കും,... നാറ്റിക്കും ...
ശരിക്കും, ഈ ഹണിമൂണും, ആദ്യരാത്രിയും തമ്മിൽ എന്തേലും ബന്ധമുണ്ടോ, ??.... ആവോ ? ആർക്കറിയാം ....
ആകെപ്പാടെ കൺഫ്യൂഷനായല്ലോ കർത്താവേ.... !!
അങ്ങനെ ചിന്തിച്ചിരിക്കുന്ന സമയത്താണ് എക്സ് മിലിട്ടറി രവിയുടെ വരവ്,... പ്രഭാത സവാരിക്കിറങ്ങിയതാണ് കക്ഷി... ബർമുഡയും, ബനിയനും, തൊപ്പിയും ധരിച്ച് .... ഊന്നു വടിയും കറക്കി കൊണ്ടുളള ആ വരവ് കണ്ടാൽ സിനിമ നടൻ ശങ്കരാടിയെ പോലെ തോന്നിപ്പിക്കും....
'' രവി സാറെ ....സണ്ണിക്കുട്ടൻ വിളിച്ചു,...!!
''എന്താ സണ്ണിക്കുട്ടാ ...നിന്റെ കല്ല്യാണം എന്തായി ?
''അത് സെറ്റപ്പായി ..... പക്ഷേ, സാറെ കുറെ ദിവസമായി ഒരു വലിയ സംശയം എന്നെ വലം വയ്ക്കുന്നു ...
''വലം വയ്ക്കാൻ നീയെന്താടാ ചുറ്റമ്പലമോ, ...?
'' ആകെപ്പാടെ ചുറ്റിയിരിക്കുവാ .. അതേയ്......ഒരു സംശയം തീർത്ത് തരണം...അറിവുളളവരാണല്ലോ പട്ടാളക്കാര് ...
''അതെയതെ ഞങ്ങൾ പട്ടാളക്കാർ അതിർത്തിയില്ലാത്ത അറിവുകളുടെ ഭൂഖണ്ഡമാണ് ....
അതിർത്തി ...വെടി ...യുദ്ധം ...ചാരന്മാർ ...തീവ്രവാദം ... ഇതിലേത് വിഷയത്തെ കുറിച്ചാണ് അറിയേണ്ടത് ...? പറയൂ ...
''എന്റെ വിഷയം അതൊന്നുമല്ല അങ്കിൾ ...!!
''പിന്നെ ..?
''ഈ ആദ്യരാത്രിയും, ഹണിമൂണും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ, ?
''ങ്ങ ങ്ങ ങ്ങ ..അടിസക്കെ .വിഷയം സെക്സോളജി ആൻഡ് ബയോളജി ഡിപ്പാർട്ട്മെന്റാണല്ലേ .....എടാ ഈ ആദ്യരാത്രി യെ പറ്റി പട്ടാളക്കാരുടെ ഭാഷയിൽ പറഞ്ഞാൽ അതൊരു തരം ചാവേറാക്രമണമാണ് ...!!
''ചാവേറാക്രമണമോ...?
''അതേന്ന്.....
''ഹണിമൂണോ...?
''ഹണിമൂൺ എന്നു പറഞ്ഞാൽ ചാവേറാക്രമണം നടത്താൻ തിരഞ്ഞെടുക്കുന്ന പ്രദേശമാണ് ...
''അങ്കിളെന്താണ് ഈ പറയുന്നത് ....
''മനസിലായില്ലേ .... എടാ ഭാരതീയ പൗരാ ....ജീവിതമാകുന്ന പുരുഷന്റെ സൈര്വ ദേശത്തേക്ക് താലിയണിഞ്ഞ കഴുത്ത് ബോംമ്പുമായി അതിർത്തി കടന്നു വരുന്ന ചാവേറാണെടാ ഭാര്യ ....
''ങെ ...അപ്പോൾ പൊട്ടിത്തെറിക്കൂലേ അങ്കിൾ ...
''ആ പൊട്ടിയും തെറിയുമാണെടാ പിന്നീടുണ്ടാകുന്ന ദാമ്പത്യ ജീവിതത്തിലെ യഥാർത്ഥ ''പൊട്ടിത്തെറികളാകുന്നത് ...
.ബൈ ദ ബൈ സണ്ണിക്കുട്ടാ നിനക്കിപ്പം ഇതൊന്നും മനസിലാകില്ല ...കല്ല്യാണം കഴിയട്ടെ സാവധാനം മനസിലാകും...
മിലിട്ടറി മുന്നോട്ടു ഓടി എന്തോ ഓർത്തതു പോലെ പെട്ടന്ന് നിന്നു ....എന്നിട്ട് തിരിഞ്ഞു നോക്കി കൈകൊട്ടി സണ്ണിക്കുട്ടനെ അടുത്തേക്ക് വിളിച്ചു,...
'സ്വരം താഴ്ത്തി മെല്ലെ പറഞ്ഞു,..
അതേയ് ...ദാമ്പത്യ ലൈഫിൽ പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ എന്നോടു പറയാൻ മടിക്കരുത് ... പണ്ട് ലഡാക്കിലെ പട്ടാള ക്യാമ്പിൽ കൗൺസലിംങ്ങ് ക്ളാസെടുത്തവനാ ഈ കേണൽ രവി ....
''ബാച്ചിലർ ലൈഫിൽ അമ്മാതിരി ഒരു കാര്യമുണ്ട് പറയട്ടെ അങ്കിൾ ... പക്ഷേ ആരുമറിയരുത് ...
''ഒരിയ്ക്കലുമില്ല ...തനിക്കറിയോ ... ധാരാളം വെടി കഥകളുടെ രഹസ്യം സൂക്ഷിക്കുന്ന ആയുധ പുരയാണ് ഈ ബനിയനടിയിലെ തിരു ഹൃദയം.....
''വെടി കഥകളുടെയോ ...?
''നീ ഉദ്ദേശിച്ച ലോക്കൽ വെടിയല്ല .... ട്രീ കോച്ചുന്ന കൂളിങ്ങിൽ, അതായത് '' മരം കോച്ചുന്ന തണുപ്പത്ത് '' അതിർത്തിയിലെ കൂടാരത്തിൽ നുഴഞ്ഞു കയറിയ പാക്ക് ചാരന്മാരെ പീസ് പീസാക്കി കൊന്നു തളളിയ വെടിക്കഥകൾ .... ഈ നെഞ്ചിനുളളിലെ രഹസ്യങ്ങളാണ് അതെല്ലാം ... പാക്കിസ്ഥാൻ പോലുമറിയാത്ത രഹസ്യങ്ങൾ ...
''ആരുമറിയരുത് അങ്കിൾ ...
''നോ നോ ടെൽ മി,!!
''പുറത്ത് പറയാൻ മടിക്കുന്ന കുറച്ച് കടമുണ്ട് അങ്കിൾ ....ഒരു ലക്ഷത്തോളം വരും....അതിനൊരു പരിഹാരം പറയാമോ,...?
'' ..... ഹൊ .... ഒരു തോക്കുണ്ടായിരുന്നെങ്കിൽ ഇവനെ ഞാൻ ....... മിലിട്ടറി പല്ലിറുമ്മികൊണ്ടു ഓടി പോയി .....
പകലൽ അസ്തമിക്കാറായി,
വീടിന്റെ ഉമ്മറത്തിരുന്ന് സണ്ണിക്കുട്ടൻ ഓരോന്ന് ആലോചിച്ചു ...
തൂമ്പായുമെടുത്ത് പറമ്പിലേക്കിറങ്ങി കർഷകനായ സമയത്ത് പത്തക്ഷരം പഠിച്ചാ മതിയായിരുന്നു ....ലോക പരിക്ജഞാനം അത്യാവശ്യ ഘടകം തന്നെ, ....എന്നാ ചെയ്യാനാ,...
അതെങ്ങിനെയാ...പത്തിൽ തോറ്റപ്പോൾ അപ്പച്ചനറ്റാക്ക് വന്ന് കർത്താവിന്റെടുത്തേക്ക് പോയില്ലേ....അമ്മച്ചിയാണേൽ പശുവും, തൊഴുത്തും, പുല്ലരിയലും,
വീട്ടുജോലിയും .....ശോശാമ്മ പെങ്ങളാണെങ്കിൽ എട്ടാം തരത്തിലും....
പത്തിൽ പരാജയമടഞ്ഞ ഞാൻ മറ്റൊന്നും ആലോചിച്ചില്ല ....തൊഴുത്തിനോട് ചേർന്നുളള വിറകു പുരയിൽ അപ്പൻ ചാരിവച്ച തൂമ്പയെടുത്തു...മണ്ണിലേക്കിറങ്ങി,
കൗമാരത്തിലെ വിയർപ്പെല്ലാം മണ്ണിലേക്ക് ദാനം ചെയ്തു,....
പത്തിൽ ജയിച്ച വറുഗീസ് പ്രീഡിഗ്രിക്ക് ചേർന്നു ടൗണിലെ പാരലൽ കോളേജിൽ...വർഗീസിന്റെ അപ്പൻ പലചരക്കു കടക്കാരനാ...ഒരു പെങ്ങളുളളത് ലൗലി കന്യാസ്ത്രിയുമായി,...
ശോശാമ്മയുടെ ഉറ്റ കൂട്ടുകാരിയായിരുന്നു ലൗലി...
അവളിപ്പോൾ ബാംഗ്ളൂരിലെവിടയോയുളള പളളിയിലാണ് ...
രാവിലെ പത്ത് ലിറ്ററും, വൈകിട്ട് ഏഴ് ലിറ്റർ പാലും തരുന്ന മണിക്കുട്ടി പശുവായിരുന്നു വീട്ടിലെ ഏക വരുമാനം...ഇടക്കിടെ ഞാൻ കൂലിപ്പണിക്കും പോകും....
ശോശാമ്മയെ നല്ലൊരു വീട്ടിലേക്ക് കെട്ടിച്ചു വിടണമെന്നായിരുന്നു ആഗ്രഹം....
പക്ഷേ ,
പാൽസൊസൈറ്റിയിലെ ബെന്നിയുമായി അവൾ ഇഷ്ടത്തിലാണെന്ന് പറഞ്ഞപ്പോൾ
ഞാനും അമ്മയും എതിരൊന്നും പറഞ്ഞില്ല,.... കാരണം ,
മുമ്പും പിമ്പും ചിന്തിക്കാത്ത പ്രായമല്ലേ... പെങ്ങള് പെണ്ണ് എന്തേലും ചെയ്താൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ എന്തർത്ഥം ....
ഇടവക പളളിയിലെ കപ്യാരുടെ മൂത്തമകനാണ് ബെന്നി, ...
അവരുടെ വീട്ടിലും ഈപ്പറഞ്ഞ മാതിരി കഷ്ടപ്പാടാ.... ബെന്നിയുടെ അമ്മ മോളിയമ്മ നല്ല സ്നേഹമുളള സ്ത്രീയാ... ബെന്നിയുടെ ഇളയത്തുങ്ങൾ ടോണിയും, ഷീബയും ഹൈസ്ക്കൂളിൽ പഠിക്കുവായിരുന്നു....
ശോശാമ്മയ്ക്ക് ഒരാൺക്കുഞ്ഞ് പിറന്നപ്പോൾ മണിക്കുട്ടി പ്രസവിച്ച മൂരിക്കിടാവിനെ വിറ്റാണ് അലമാര വാങ്ങിയതും, ഭർതൃവീട്ടിലേക്ക് അവളെ കൊണ്ടു വിട്ടതും ....
അമ്മച്ചിക്ക് വയ്യാണ്ടായിരിക്കുന്നു.....
അമ്മച്ചീടെ വീട്ടുകാരെല്ലാം കോട്ടയം ചിങ്ങവനത്താ.... ഹൈറേഞ്ചീന്ന് ഏലയ്ക്കാ കച്ചോടത്തിന് പോയതാ അപ്പച്ചൻ.... അമ്മച്ചീടെ വീടിനടുത്തായിരുന്നു അപ്പച്ചന്റെ താമസം....
''അളിയാ....! ആ വിളി കേട്ടാണ് സണ്ണിക്കുട്ടന് പരിസര ബോധമുണ്ടായത്......
ബെന്നിച്ചനും . ശോശാമ്മയും , മകൻ ഇമ്മാനുവലും ,
ഇമ്മാനുവൽ വന്ന് സണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ചു....തോളിൽ ചാടി കയറി ,
അമ്മച്ചിയെന്ത്യേ ഇച്ചായാ''....എന്ന ചോദ്യത്തോടെ ശോശാമ്മ വീടിനകത്തേക്കു കയറി പോയി....
സണ്ണിക്കുട്ടനെ സൂക്ഷിച്ചു നോക്കി കൊണ്ട് ബെന്നിച്ചൻ ചോദിച്ചു,...
''അളിയെനെന്തോ കാര്യമായ പ്രശ്നമുണ്ടല്ലോ...? മുഖം കണ്ടാലറിയാം....!
ഇമ്മാനുവലിനെ തോളിൽ നിന്നിറക്കി വീടിനുളളിലേക്ക് വിട്ട്, ബെന്നിയുടെ തോളിൽ കൈയ്യിട്ട് മുറ്റത്തേക്കിറങ്ങി സണ്ണിക്കുട്ടൻ ....
''അളിയാ ...എല്ലാവരും ചോദിക്കുവാ ഹണിമൂണിനെവിടേക്കാ പോകുന്നതെന്ന്,....സത്യത്തിൽ ഈ ഹണിമൂൺ എന്നുവച്ചാലെന്താണളിയാ .....!!
''ഹഹഹ ....ബെന്നി ചിരിച്ചു ...ഇതാണോ അളിയന്റെ നീറുന്ന പ്രശ്നം,.... അളിയാ ,ഹണി യെന്നാൽ തേൻ, ...മൂൺ ...
നിർത്ത് ...നിർത്ത്.... അതൊക്കൊ എനിക്കറിയാം.... ഞാനും പത്ത് വരെ പഠിച്ചവനാ... ഹണിമൂണിന്റെ പ്രത്യേകതയെന്താ അതാണറിയേണ്ടത്.....അല്ല , അളിയൻ ശോശാമ്മയെ കെട്ടിയ കാലത്ത് ഈ കണിമൂൺ പരിപാടി ഉണ്ടായിരുന്നോ,....
''പിന്നെ ... ഞങ്ങടെ ഹണിമൂൺ അങ്ങ് കുട്ടിക്കാനത്തല്ലായിരുന്നോ എസ്ത്താപ്പനങ്കിളിന്റെ വീട്ടിൽ ....
''ഓ ഇപ്പം മനസിലായി ഹണിമൂൺ എന്നാൽ തേനും ചന്ദ്രനുമൊന്നുമല്ല...വിരുന്നിനു പോകുന്ന ഏർപ്പാടിനാണ് ഈ കണിമൂൺ കണിമൂൺ എന്നു പറയുന്നത്....ഹൊ ,ഞാനങ്ങ് മൊത്തത്തിൽ ടെൻഷനടിച്ചു പോയളിയാ ..... ഏതായാലും കല്ല്യാണം കഴിഞ്ഞ് ഉടനെ വിരുന്നിനു പോകുന്ന കണിമൂൺ പരിപാടിക്ക് ഞാനില്ല....
''അതെന്താ അളിയാ ...
''എങ്ങനെ പോകാനാ ബെന്നിച്ചാ...മണിക്കുട്ടി പശു പേറടുത്ത് നില്ക്കുവാ...അമ്മച്ചിക്കാണേൽ വയ്യ...അതു കൊണ്ട് കല്ല്യാണം കഴിഞ്ഞ് ആദ്യമൊരു കുട്ടി ഒക്കൊ ആകട്ടെ എന്നിട്ടു കൊച്ചിനേം തളേളനേം കൂട്ടി ഒരുമിച്ച് ഹണിമൂൺ ആഘോഷിക്കാം പോകാം .....
''വാ പൊളിച്ചു നില്ക്കുന്ന ബെന്നിയോട് ഒരു കാര്യം കൂടി പറയാൻ സണ്ണിക്കുട്ടൻ മറന്നില്ല,
''അളിയാ, ..കല്ല്യാണം കഴിഞ്ഞ് തത്ക്കാലം ആഘോഷിക്കാൻ രണ്ട് ആദ്യരാത്രി ഉണ്ടല്ലോ .....!
''രണ്ട് ആദ്യരാത്രിയോ ....?
''ങാ ...എന്റെ ഓരെണ്ണം, പിന്നെ പെണ്ണിന്റേയും ഓരെണ്ണം ...അങ്ങനെ രണ്ടെണ്ണമുണ്ടല്ലോ .... അതിലൊരണ്ണം വച്ച് തത്ക്കാലം അഡ്ജസ്റ്റ് ചെയ്യാം ഹണിമൂൺ അവിടെ
നില്ക്കട്ടെ .........എല്ലാം കൂടി ഒന്നിച്ചാഘോഷിച്ച് തീർത്താൽ ,ഒന്നാഘോഷിക്കാൻ തോന്നുമ്പോൾ എന്തേലും കരുതണ്ടേ അളിയാ ....ശരിയല്ലേ ....!
''ശരിയാ അളിയ....അല്ലെങ്കിൽ പെണ്ണ് വീട്ടുകാരോർക്കും ചെറുക്കൻ പക്കാ ധൂർത്തനാണെന്ന് ....
''അതാണ് ....നമ്മളെപ്പോഴും നമ്മുടെ ഇമേജ് കാത്തു സൂക്ഷിക്കണം പ്രത്യേകിച്ച് ഭാര്യ വീട്ടുകാരുടെ മുന്നിൽ .... ഞാൻ പറഞ്ഞ് വന്നത്,
അവളുടെ ആദ്യരാത്രി ആദ്യം ആഘോഷിക്കാം ... എന്റെ ആദ്യരാത്രി അവിടെ നില്ക്കട്ടെ , എന്നേലും ഹണിമൂണിനു പോകുമ്പോൾ ആഘോഷിക്കാം ...അതു പോരെ അളിയാ ....!!
''അതുമതി അളിയാ....അളിയന്റെ ആദ്യരാത്രി എടുത്ത് മടക്കി അലമാരയിൽ ആധാർ കാർഡിനൊപ്പം സൂക്ഷിച്ചു വച്ചേക്ക് ...
ആദ്യരാത്രി ക്ക് ദാരിദ്രം വരുമ്പോൾ ആഘോഷിക്കാം ....അല്ല പിന്നെ ...
അത്രയും പറഞ്ഞ് ബെന്നി അകത്തേക്ക് പോയപ്പോൾ ,
''ഹണിമൂണിന്റെ'' കാര്യത്തിൽ തീരുമാനമായല്ലോ എന്ന് ആശ്വസിച്ച് സണ്ണിക്കുട്ടൻ ഒരു കെട്ട് വയ്ക്കോലുമെടുത്ത് മണിക്കുട്ടിയുടെ അരികിലേക്ക് നടന്നു .....
===========
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot