നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Last Partവൈദേഹി - Last Part
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
ഇലക്ഷന് ഇനി പത്തു ദിവസം മാത്രം!!!
രാഹുൽ പ്രതിയായിട്ടുമുള്ള കേസ് ഇരുപത്തിനാലാം തീയതി തന്നെ വിധിപറയുവാൻ വെച്ചതിന്റെ പിന്നിലുള്ള ശക്തി മുഖ്യമന്ത്രി ആണെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു.
ജഡ്ജി മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ആളാണെന്ന് ചിലർ പറഞ്ഞു. മറ്റുചിലർ പറഞ്ഞത് അവർ ഒരേ ജാതിയാണെന്നാണ് .
ഇലക്ഷൻ ഫലത്തെ അട്ടിമറിക്കുവാനുള്ള മുഖ്യമന്ത്രയുടെ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ചെല്ലപ്പൻ മാഷും കൂട്ടരും വിശ്വസിച്ചു.
പ്രശസ്തരായ വക്കീലന്മാർ വാദിച്ചതുകൊണ്ടു ചെല്ലപ്പൻ മാഷും, ജിഷ്ണുവും, ജയന്തിയും ശിക്ഷയിൽ നിന്നും ഒഴിവാകും എന്ന് തന്നെ വിശ്വസിച്ചു...എങ്കിലും കോടതിയിൽ നിന്നും എതിർ പരാമർശം ഉണ്ടായാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്ക്യമെന്നുള്ള കാര്യം പാർട്ടിയെ പ്രതിരോധത്തിലാക്കി.
നാൽപ്പതു മണ്ഡലങ്ങളിൽ ന്യൂജെൻ വിജയിക്കുമെന്നുള്ള കാര്യം കിച്ചുവിന് ഉറപ്പായിരുന്നു. എന്നാൽ രാഹുലിന്റെ കേസ് ഇരുപത്തിനാലാം തീയതി തന്നെ വിധിപറയുവാൻ തിരഞ്ഞെടുത്തത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്ന് ന്യൂജെനും ഉറച്ചു വിശ്വസിച്ചു.
"രാഹുൽ ബ്രോ ജയിക്കുന്നതിനെ തടയുക...അതാണ് അവരുടെ ലക്ഷ്യം...' അപ്പു പറഞ്ഞു.
"ഞാൻ അന്വേഷിച്ചപ്പോൾ ജഡ്ജി നമ്മുടെ മുകുന്ദൻ ചേട്ടന്റെ സ്വന്തമാണെന്നാണ് അറിഞ്ഞത് " പ്രാഞ്ചിയുടെ അഭിപ്രായം അതായിരുന്നു.
"ജഡ്ജിയുടെ മകളെ ലണ്ടന് കൊണ്ടുപോയത് ചിത്രയാണ്..." അപ്പുവിന്റെ അറിവ് അതായിരുന്നു.
രാഹുൽ മാത്രം വളരെ സന്തോഷവാനായി കാണപ്പെട്ടു. അശ്വതിക്ക് അയാളെ ഒട്ടും മനസ്സിലായില്ല.
ഇരുപത്തി രണ്ടാം തീയതി ആയിരിക്കുന്നു!!!
ശിക്ഷിക്കപ്പെട്ടാൽ ഈ മനുഷ്യൻ ഇനി ജയിലിൽ ആണ്...എന്നിട്ടും അയാൾ ചിരിച്ചു കളിച്ചു നടക്കുന്നു!!!
അശ്വതിക്ക് ഊണും ഉറക്കവും ഇല്ലാതെയായി!!!
രാത്രിയിൽ പതിവുപോലെ രാഹുൽ അമ്മുവിന് ഗുഡ് നൈറ്റ് പറഞ്ഞു സ്വന്തം മുറിയിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അശ്വതി അയാളുടെ മുറിയുടെ വാതിൽക്കൽ ചെന്നു.
"രാഹുൽ, എന്താണ് ഇങ്ങിനെ? എനിക്കാകെ പേടിയാകുന്നു"അവൾ പറഞ്ഞു..
"ഞാൻ...ഞാൻ ...കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്. ചില കാര്യങ്ങൾ നിന്നോട് മറച്ചു വെച്ചു. അതിനുള്ള ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ലേ?"അയാൾ ചോദിച്ചു.
അശ്വതി ഒന്നും പറഞ്ഞില്ല.അയാൾ തുടർന്നു.
"വിധിയെക്കുറിച്ച് എനിക്ക് ഒരു ആകാംഷയുമില്ല നിന്റെ മുറിയിൽ പ്രവേശനം ഇല്ലാതെയുള്ള ഒരു ജീവിതം എനിക്ക് എന്തും നേരിടാനുള്ള മാനസികാവസ്ഥ നെല്കിയിട്ടുണ്ട്." രാഹുൽ പറഞ്ഞു.
അശ്വതിക്ക് വല്ലാത്ത വിഷമം തോന്നി. അവൾ രാഹുലിന്റെ സമീപത്തെത്തി.
'ചെയ്യാത്ത കുറ്റത്തിന് ഞാൻ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു....ഇനി ചെയ്ത കുറ്റങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ചോർത്തു വേവലാതിപ്പെടേണ്ട ആവശ്യമെന്താണ്?' ശൂന്യതയിൽ നോക്കികൊണ്ട് അയാൾ ചോദിച്ചു.
അവൾ രാഹുലിന്റെ തോളിൽ തന്റെ കൈ വെച്ചു.
"രാഹുൽ...എന്നോട് ക്ഷമിക്കണം...എല്ലാം മറന്ന് അഭിനയിക്കുവാൻ എനിക്കറിയില്ല." അവൾ പറഞ്ഞു.
"അതാണ് ക്യാരക്ടർ...എനിക്ക് അത് ഇഷ്ടമാണ്...."അയാൾ പറഞ്ഞു.
"രാഹുലിന് ഇപ്പോൾ മുതൽ എന്റെ മുറിയിൽ പ്രവേശിക്കാവുന്നതാണ്"അവൾ പറഞ്ഞു.
"അത് വേണ്ട....ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ്ണ ബോധ്യമാകുമ്പോൾ അശ്വതി എന്നെ സ്വീകരിച്ചാൽ മതി" അയാൾ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല.
പിറ്റേദിവസം ടിവിയിൽ ന്യൂജെൻ ഡെമോക്രാറ്റിക്‌ പാർട്ടിയെക്കുറിച്ച് ഒരു സ്പെഷ്യൽ പ്രോഗ്രാം ഉണ്ടായിരുന്നു.
രാഹുൽ ആയിരുന്നു അതിലെ താരം..മന്ത്രി ആയിരുന്ന ഒരാൾ തെരുവിൽ ചെരുപ്പിടാതെ നടക്കുന്നതും...ലോഡ്ജിൽ അന്തിയുറങ്ങുന്നതും ആ പ്രോഗ്രാമിൽ വീഡിയോ സഹിതം കാണിച്ചു.
മന്ത്രിയുടെ ഭാര്യ കനമുള്ള ബാഗുമായി മെഡിക്കൽ റെപ്രെസെന്റേറ്റീവിന്റെ പണി ചെയ്യുന്നതും', അവരുടെ ഏക മകൾ സർക്കാർ സ്കൂളിൽ പഠിക്കുന്നതും ആ പ്രോഗ്രാമിൽ ഉണ്ടായിരുന്നു.
അവർക്ക് സ്വന്തം വീടുപോലും ഇല്ല എന്നും ഇപ്പോഴും വാടകവീട്ടിൽ താമസിക്കുകയാണെന്നും അറിഞ്ഞപ്പോൾ പ്രോഗ്രാം കണ്ടവർ മൂക്കത്തു വിരൽ വെച്ചു.
മുൻ മന്ത്രിക്ക് ഭരിച്ചുകൊണ്ടിരുന്ന വകുപ്പിൽ തന്നെ ലാസ്റ്റ് ഗ്രേഡ് ആയി ജോലി ലഭിച്ചതും അയാൾ ജോയിൻ ചെയ്യുവാൻ ചെന്നപ്പോൾ തഹസീൽദാർ തടഞ്ഞതും വിശദമായി തന്നെ ചിത്രീകരിച്ചിരുന്നു.
അന്ന് രാത്രിയിൽ ആ പ്രോഗ്രാമിനെക്കുറിച്ചും ചാനെൽ ചർച്ചകൾ പൊടിപൊടിച്ചു..
രാഹുൽ സ്ഥാനാർത്ഥി ആയതുകൊണ്ട് പ്രസ്തുത പ്രോഗ്രാം തിരഞ്ഞടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചെല്ലപ്പൻ മാഷ് മുറവിളികൂട്ടി.
വീഡിയോ തയാറാക്കി ചാനലുകാർക്ക് എത്തിച്ചത് പ്രാഞ്ചിയും അപ്പുവും ചേർന്നായിരുന്നു!!!
കേസിന്റെ വിധി പറയുന്ന ദിവസമെത്തി.
രാഹുലും, ചെല്ലപ്പൻ മാഷും , ജയന്തിയും.ജിഷ്ണുവും ഹാജരായിരുന്നു..
രാഹുലിനെ ശിക്ഷിച്ചാൽ ജാമ്യം നിൽക്കുന്നതിനായി നൂറു കണക്കിന് ന്യൂജെൻ തയ്യാറായിരുന്നു.
ജഡ്ജി വിധിന്യായം വായിക്കുവാൻ തുടങ്ങി.
"അഴിമതി നടന്നു എന്ന് പറയുന്ന നൂറോളം രേഖകൾ പരിശോധിച്ചതിൽ നിന്നും ഈ കോടതിക്ക് നിയമവിധേയമായി തന്നെയാണ് മന്ത്രി പ്രവർത്തിച്ചിരുന്നത് എന്ന് ബോധ്യമായിട്ടുണ്ട്."
ചെല്ലപ്പൻ മാഷിന്റെയും, ജയന്തിയുടെയും, ജിഷ്ണുവിന്റേയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
അശ്വതി കണ്ണുകൾ തുടക്കുവാൻ പാടുപെട്ടു. കോടതി തുടർന്നു.
"എന്നാൽ അനധികൃതമായി സ്വത്ത് സമ്പാദന കേസ് നിലനിക്കുന്നതിനാൽ അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ കോടതി ഉത്തരവിട്ടിരുന്നു.
ചെല്ലപ്പൻ മാഷിന്റെയും കൂട്ടരുടെയും മുഖത്തെ ചിരി ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി . രാഹുൽ ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ.
കോടതി തുടർന്നു.
"അനധികൃതമായി സ്വത്തു സമ്പാദിച്ച മുകുന്ദന്റെ മൊഴികളിൽ നിന്നും രാഹുൽ നിരപരാധിയാണെന്നും മറ്റു പ്രതികൾ കുറ്റക്കാരാണെന്നും കോടതിക്ക് ബോധ്യമായിട്ടുണ്ട്...പ്രതികളുടെ വീട്ടിൽ നിന്നും ലഭിച്ച തെളിവുകൾ പൂർണ്ണമായും ആ നിഗമനത്തെ പിന്താങ്ങുന്നു. പക്ഷെ മന്ത്രിയായിരുന്ന ഒരാൾ തെരുവിൽ ജീവിക്കേണ്ടി വന്നതിന്റെ സാഹചര്യം കോടതിക്ക് ബോധ്യമായിട്ടില്ല...മന്ത്രിമാരുടെ പെൻഷൻ വർദ്ധിപ്പിക്കുന്നത് ഗെവേർമെൻറ് പരിഗണിക്കണമെന്ന് ഈ കോടതി ശിപാർശ ചെയ്യുകയാണ്"
കോടതിയിൽ നിശബ്ദത പരന്നു...പലർക്കും ജഡ്ജി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസ്സിലായില്ല. ജഡ്ജി തുടർന്നു.
"കുറ്റക്കാരനല്ലാത്ത രാഹുലിനെ വെറുതെ വിടാനും....അഴിമതിയിലൂടെ പണം സമ്പാദിച്ച ചെല്ലപ്പൻ , ജയന്തി, ജിഷ്ണു എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാനും ഈ കോടതി ഉത്തരവിടുന്നു."
ചെല്ലപ്പന്റെയും കൂട്ടരുടെയും മുഖത്തു ചെറിയൊരു ആശ്വാസം വിരിഞ്ഞു.കോടതി തുടർന്നു.
"കൂടാതെ ചെല്ലപ്പൻ ജയന്തി എന്നിവരെ മൂന്നു വർഷത്തെ കഠിന തടവിനും.. ജിഷ്ണുവിനെ അഞ്ചു വർഷം കഠിന തടവിനും ഈ കോടതി ഉത്തരവിടുന്നു.
ന്യൂജെൻ ആഹ്ലാദത്തിൽ മതിമറന്നാടുമ്പോൾ ചെല്ലപ്പൻ മാഷും കൂട്ടരും ജ്യാമമെടുക്കുവാനുള്ള പേപ്പറുകൾ ഒപ്പിടുവാനുള്ള തിരക്കിലായിരുന്നു.എന്നാൽ ജിഷ്ണുവിന് ജാമ്യം ഉടനെ ജാമ്യം ലഭിക്കുകയില്ല എന്നാണ് അഡ്വക്കേറ്റ് പറഞ്ഞത്.
തനിക്ക് കൂടുതൽ വർഷങ്ങൾ തടവ് ശിക്ഷ ലഭിച്ചതിന്റെ കാരണം ചെല്ലപ്പന്റെയും ജയന്തിയുടെയും കളിയാണെന്നു ജിഷ്ണു അടിയുറച്ചു വിശ്വസിച്ചു.
കോടതിയിൽ നിന്നും അശ്വതിയും രാഹുലനെയും തോളിൽ ഇരുത്തിയാണ് ന്യൂജെൻ ഡെമോക്രാറ്റിക്‌ അണികൾ പുറത്തേക്ക് കൊണ്ടുവന്നത്.
പോലീസിന്റെ അകമ്പടിയോടെ പുറത്തേക്ക് വന്ന ജിഷ്ണു അശ്വതിയെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് വന്നു.
"ഇതെല്ലാം അവരുടെ കളികൾ ആയിരുന്നു.. രാഹുൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് ബോധ്യമുണ്ട്...ജയന്തി അയാളെ ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു" അയാൾ പറഞ്ഞു.
"ഇതെല്ലാം എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്.
എന്റെ ഭർത്താവിന്റെ അറിവില്ലായ്മ എല്ലാവരും മുതലെടുക്കുകയല്ലേ ചെയ്തത്?" അശ്വതി ചോദിച്ചു.
"എന്നോട് ക്ഷമിക്കൂ അശ്വതി...തന്റെ ഭർത്താവ് വെറും ഒരു ശുദ്ധഗതിക്കാരനാണ്...
പക്ഷെ മനസ്സിൽ കളങ്കമില്ലാത്തവരുടെ കൂടെ ദൈവം നിൽക്കുമെന്ന് അശ്വതിക്ക് മനസ്സിലായില്ലേ?" ജിഷ്ണു ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
തിരഞ്ഞെടുപ്പിൽ ന്യൂജെന് അറുപതു സീറ്റാണ് ലഭിച്ചത്....മുഖ്യമന്ത്രിയുടെ പാർട്ടിക്ക് അൻപത്തി നാല് സീറ്റ് ലഭിച്ചു. റെവല്യൂഷനറി പാർട്ടി പതിനഞ്ച് സീറ്റിൽ ഒതുങ്ങി.
രാഹുലിന് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്.ന്യൂജെൻ തരംഗത്തിൽ ജിഷ്ണു ഉൾപ്പെടെ പല പ്രമുഖരും അടിപതറി. അധികാരമോഹമില്ലാത്ത ചെല്ലപ്പൻ മാഷിന് അകെ കിട്ടിയത് മൂവായിരത്തിൽ താഴെ വോട്ടാണ്.
ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ കൂട്ടുമന്ത്രിസഭക്കുള്ള സാധ്യത വന്നുചേർന്നു.
രാഹുൽ അടുത്ത മുഖ്യമന്ത്രി ആകുമെന്ന് പത്രക്കാരും ചാനെൽ ചർച്ചക്കാരും ഉറപ്പിച്ചു പറഞ്ഞു.
രാജേഷ് സന്തോഷത്തോടെയാണ് ദുബൈക്ക് തിരിച്ചുപോയത്.
ഒരു ദിവസം രാത്രിയിൽ മുഖ്യമന്ത്രി രാഹുലിനെ വിളിച്ചു.
"രാഹുൽ മുഖ്യമന്ത്രി ആകുന്നതിന് എനിക്ക് വിരോധമില്ല...ഞങ്ങൾ നിങ്ങളോട് ചേർന്നു നിൽക്കുവാനാണ് താൽപര്യപ്പെടുന്നത് " അദ്ദേഹം പറഞ്ഞു.
"വേണ്ട സാർ...അങ്ങുതന്നെ മുഖ്യllമന്ത്രി അയാൾ മതി....എനിക്ക് താല്പര്യം ഒരു എം.എൽ .എ മാത്രം ആയി തുടരാനാണ്" രാഹുൽ പറഞ്ഞു.
ഞാൻ മുഖ്യമന്ത്രി ആകാം...പക്ഷെ രാഹുൽ റെവെന്യു മന്ത്രി ആകുമെങ്കിൽ മാത്രം"മുഖ്യൻ പറഞ്ഞു.
"ഇല്ല...സാർ...എനിക്ക് ഭരിക്കുവാൻ അറിയില്ല.
കഴിഞ്ഞ തവണ ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടെന്നേയുള്ളൂ" രാഹുൽ പറഞ്ഞു.
"അത് സാരമില്ല...കഴിഞ്ഞതെല്ലാം മറക്കണം..
രാഹുലിനെപ്പോലെയുള്ള ഒരാൾ മന്ത്രിസ്ഥാനം നിരസിക്കരുത്...നമുക്ക് ഒരു അഴിമതിരഹിത ഭരണം ഇവിടെ കാഴ്ചവെക്കുവെക്കുവാനുള്ളതാണ് " മുഖ്യൻ ഫോൺ കട്ട് ചെയ്തപ്പോൾ അശ്വതി രാഹുലിന്റെ അടുക്കൽ വന്നു.
"രാഹുൽ മന്ത്രിയാകണം....പാളിച്ചകളെ അനുഭവങ്ങളായി കരുതണം ...രാഹുൽ കളങ്കമില്ലാത്തവനാണ് എന്ന് തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്"അവൾ പറഞ്ഞു.
"ഇനി നിന്റെ മുറിയിൽ എനിക്ക് കയറുവാൻ സാധിക്കുമോ?"രാഹുൽ ചോദിച്ചു.
"ഇല്ല.."അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇനിയും എന്നെ ശിക്ഷിച്ചത് നിനക്ക് മതിയായില്ലേ?" അയാൾ ചോദിച്ചു.
"അതുകൊണ്ടല്ല ഞാൻ ഇന്നുമുതൽ ഉറങ്ങുന്നത് രാഹുലിന്റെ മുറിയിലാണ്" അവൾ അയാളുടെ മുഖത്തുനോക്കാതെ തന്നെ പറഞ്ഞു.
അയാൾ അമ്പരപ്പിൽ അവളെ നോക്കി.....
അമ്മ മുറിയിൽ നിന്നും ഇറങ്ങിയതറിയാതെ അമ്മു ഗാഢനിദ്രയെ പ്രാപിച്ചു കഴിഞ്ഞിരുന്നു.
(അവസാനം )
സ്നേഹപൂർവ്വം
---അനിൽ കോനാട്ട് 
പിന്തുണക്കും അഭിപ്രായത്തിനും നന്ദി രേഖപ്പെടുത്തട്ടെ.....
Read published parts here  : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot