Showing posts with label VaidehiNovel. Show all posts
Showing posts with label VaidehiNovel. Show all posts

വൈദേഹി - Last Part



വൈദേഹി - Last Part
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
ഇലക്ഷന് ഇനി പത്തു ദിവസം മാത്രം!!!
രാഹുൽ പ്രതിയായിട്ടുമുള്ള കേസ് ഇരുപത്തിനാലാം തീയതി തന്നെ വിധിപറയുവാൻ വെച്ചതിന്റെ പിന്നിലുള്ള ശക്തി മുഖ്യമന്ത്രി ആണെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു.
ജഡ്ജി മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ആളാണെന്ന് ചിലർ പറഞ്ഞു. മറ്റുചിലർ പറഞ്ഞത് അവർ ഒരേ ജാതിയാണെന്നാണ് .
ഇലക്ഷൻ ഫലത്തെ അട്ടിമറിക്കുവാനുള്ള മുഖ്യമന്ത്രയുടെ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് ചെല്ലപ്പൻ മാഷും കൂട്ടരും വിശ്വസിച്ചു.
പ്രശസ്തരായ വക്കീലന്മാർ വാദിച്ചതുകൊണ്ടു ചെല്ലപ്പൻ മാഷും, ജിഷ്ണുവും, ജയന്തിയും ശിക്ഷയിൽ നിന്നും ഒഴിവാകും എന്ന് തന്നെ വിശ്വസിച്ചു...എങ്കിലും കോടതിയിൽ നിന്നും എതിർ പരാമർശം ഉണ്ടായാൽ അത് തിരഞ്ഞെടുപ്പിനെ ബാധിക്ക്യമെന്നുള്ള കാര്യം പാർട്ടിയെ പ്രതിരോധത്തിലാക്കി.
നാൽപ്പതു മണ്ഡലങ്ങളിൽ ന്യൂജെൻ വിജയിക്കുമെന്നുള്ള കാര്യം കിച്ചുവിന് ഉറപ്പായിരുന്നു. എന്നാൽ രാഹുലിന്റെ കേസ് ഇരുപത്തിനാലാം തീയതി തന്നെ വിധിപറയുവാൻ തിരഞ്ഞെടുത്തത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്ന് ന്യൂജെനും ഉറച്ചു വിശ്വസിച്ചു.
"രാഹുൽ ബ്രോ ജയിക്കുന്നതിനെ തടയുക...അതാണ് അവരുടെ ലക്ഷ്യം...' അപ്പു പറഞ്ഞു.
"ഞാൻ അന്വേഷിച്ചപ്പോൾ ജഡ്ജി നമ്മുടെ മുകുന്ദൻ ചേട്ടന്റെ സ്വന്തമാണെന്നാണ് അറിഞ്ഞത് " പ്രാഞ്ചിയുടെ അഭിപ്രായം അതായിരുന്നു.
"ജഡ്ജിയുടെ മകളെ ലണ്ടന് കൊണ്ടുപോയത് ചിത്രയാണ്..." അപ്പുവിന്റെ അറിവ് അതായിരുന്നു.
രാഹുൽ മാത്രം വളരെ സന്തോഷവാനായി കാണപ്പെട്ടു. അശ്വതിക്ക് അയാളെ ഒട്ടും മനസ്സിലായില്ല.
ഇരുപത്തി രണ്ടാം തീയതി ആയിരിക്കുന്നു!!!
ശിക്ഷിക്കപ്പെട്ടാൽ ഈ മനുഷ്യൻ ഇനി ജയിലിൽ ആണ്...എന്നിട്ടും അയാൾ ചിരിച്ചു കളിച്ചു നടക്കുന്നു!!!
അശ്വതിക്ക് ഊണും ഉറക്കവും ഇല്ലാതെയായി!!!
രാത്രിയിൽ പതിവുപോലെ രാഹുൽ അമ്മുവിന് ഗുഡ് നൈറ്റ് പറഞ്ഞു സ്വന്തം മുറിയിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അശ്വതി അയാളുടെ മുറിയുടെ വാതിൽക്കൽ ചെന്നു.
"രാഹുൽ, എന്താണ് ഇങ്ങിനെ? എനിക്കാകെ പേടിയാകുന്നു"അവൾ പറഞ്ഞു..
"ഞാൻ...ഞാൻ ...കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്. ചില കാര്യങ്ങൾ നിന്നോട് മറച്ചു വെച്ചു. അതിനുള്ള ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ലേ?"അയാൾ ചോദിച്ചു.
അശ്വതി ഒന്നും പറഞ്ഞില്ല.അയാൾ തുടർന്നു.
"വിധിയെക്കുറിച്ച് എനിക്ക് ഒരു ആകാംഷയുമില്ല നിന്റെ മുറിയിൽ പ്രവേശനം ഇല്ലാതെയുള്ള ഒരു ജീവിതം എനിക്ക് എന്തും നേരിടാനുള്ള മാനസികാവസ്ഥ നെല്കിയിട്ടുണ്ട്." രാഹുൽ പറഞ്ഞു.
അശ്വതിക്ക് വല്ലാത്ത വിഷമം തോന്നി. അവൾ രാഹുലിന്റെ സമീപത്തെത്തി.
'ചെയ്യാത്ത കുറ്റത്തിന് ഞാൻ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു....ഇനി ചെയ്ത കുറ്റങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ചോർത്തു വേവലാതിപ്പെടേണ്ട ആവശ്യമെന്താണ്?' ശൂന്യതയിൽ നോക്കികൊണ്ട് അയാൾ ചോദിച്ചു.
അവൾ രാഹുലിന്റെ തോളിൽ തന്റെ കൈ വെച്ചു.
"രാഹുൽ...എന്നോട് ക്ഷമിക്കണം...എല്ലാം മറന്ന് അഭിനയിക്കുവാൻ എനിക്കറിയില്ല." അവൾ പറഞ്ഞു.
"അതാണ് ക്യാരക്ടർ...എനിക്ക് അത് ഇഷ്ടമാണ്...."അയാൾ പറഞ്ഞു.
"രാഹുലിന് ഇപ്പോൾ മുതൽ എന്റെ മുറിയിൽ പ്രവേശിക്കാവുന്നതാണ്"അവൾ പറഞ്ഞു.
"അത് വേണ്ട....ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ്ണ ബോധ്യമാകുമ്പോൾ അശ്വതി എന്നെ സ്വീകരിച്ചാൽ മതി" അയാൾ പറഞ്ഞു.
അവൾ ഒന്നും പറഞ്ഞില്ല.
പിറ്റേദിവസം ടിവിയിൽ ന്യൂജെൻ ഡെമോക്രാറ്റിക്‌ പാർട്ടിയെക്കുറിച്ച് ഒരു സ്പെഷ്യൽ പ്രോഗ്രാം ഉണ്ടായിരുന്നു.
രാഹുൽ ആയിരുന്നു അതിലെ താരം..മന്ത്രി ആയിരുന്ന ഒരാൾ തെരുവിൽ ചെരുപ്പിടാതെ നടക്കുന്നതും...ലോഡ്ജിൽ അന്തിയുറങ്ങുന്നതും ആ പ്രോഗ്രാമിൽ വീഡിയോ സഹിതം കാണിച്ചു.
മന്ത്രിയുടെ ഭാര്യ കനമുള്ള ബാഗുമായി മെഡിക്കൽ റെപ്രെസെന്റേറ്റീവിന്റെ പണി ചെയ്യുന്നതും', അവരുടെ ഏക മകൾ സർക്കാർ സ്കൂളിൽ പഠിക്കുന്നതും ആ പ്രോഗ്രാമിൽ ഉണ്ടായിരുന്നു.
അവർക്ക് സ്വന്തം വീടുപോലും ഇല്ല എന്നും ഇപ്പോഴും വാടകവീട്ടിൽ താമസിക്കുകയാണെന്നും അറിഞ്ഞപ്പോൾ പ്രോഗ്രാം കണ്ടവർ മൂക്കത്തു വിരൽ വെച്ചു.
മുൻ മന്ത്രിക്ക് ഭരിച്ചുകൊണ്ടിരുന്ന വകുപ്പിൽ തന്നെ ലാസ്റ്റ് ഗ്രേഡ് ആയി ജോലി ലഭിച്ചതും അയാൾ ജോയിൻ ചെയ്യുവാൻ ചെന്നപ്പോൾ തഹസീൽദാർ തടഞ്ഞതും വിശദമായി തന്നെ ചിത്രീകരിച്ചിരുന്നു.
അന്ന് രാത്രിയിൽ ആ പ്രോഗ്രാമിനെക്കുറിച്ചും ചാനെൽ ചർച്ചകൾ പൊടിപൊടിച്ചു..
രാഹുൽ സ്ഥാനാർത്ഥി ആയതുകൊണ്ട് പ്രസ്തുത പ്രോഗ്രാം തിരഞ്ഞടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചെല്ലപ്പൻ മാഷ് മുറവിളികൂട്ടി.
വീഡിയോ തയാറാക്കി ചാനലുകാർക്ക് എത്തിച്ചത് പ്രാഞ്ചിയും അപ്പുവും ചേർന്നായിരുന്നു!!!
കേസിന്റെ വിധി പറയുന്ന ദിവസമെത്തി.
രാഹുലും, ചെല്ലപ്പൻ മാഷും , ജയന്തിയും.ജിഷ്ണുവും ഹാജരായിരുന്നു..
രാഹുലിനെ ശിക്ഷിച്ചാൽ ജാമ്യം നിൽക്കുന്നതിനായി നൂറു കണക്കിന് ന്യൂജെൻ തയ്യാറായിരുന്നു.
ജഡ്ജി വിധിന്യായം വായിക്കുവാൻ തുടങ്ങി.
"അഴിമതി നടന്നു എന്ന് പറയുന്ന നൂറോളം രേഖകൾ പരിശോധിച്ചതിൽ നിന്നും ഈ കോടതിക്ക് നിയമവിധേയമായി തന്നെയാണ് മന്ത്രി പ്രവർത്തിച്ചിരുന്നത് എന്ന് ബോധ്യമായിട്ടുണ്ട്."
ചെല്ലപ്പൻ മാഷിന്റെയും, ജയന്തിയുടെയും, ജിഷ്ണുവിന്റേയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു.
അശ്വതി കണ്ണുകൾ തുടക്കുവാൻ പാടുപെട്ടു. കോടതി തുടർന്നു.
"എന്നാൽ അനധികൃതമായി സ്വത്ത് സമ്പാദന കേസ് നിലനിക്കുന്നതിനാൽ അതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ കോടതി ഉത്തരവിട്ടിരുന്നു.
ചെല്ലപ്പൻ മാഷിന്റെയും കൂട്ടരുടെയും മുഖത്തെ ചിരി ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയി . രാഹുൽ ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ.
കോടതി തുടർന്നു.
"അനധികൃതമായി സ്വത്തു സമ്പാദിച്ച മുകുന്ദന്റെ മൊഴികളിൽ നിന്നും രാഹുൽ നിരപരാധിയാണെന്നും മറ്റു പ്രതികൾ കുറ്റക്കാരാണെന്നും കോടതിക്ക് ബോധ്യമായിട്ടുണ്ട്...പ്രതികളുടെ വീട്ടിൽ നിന്നും ലഭിച്ച തെളിവുകൾ പൂർണ്ണമായും ആ നിഗമനത്തെ പിന്താങ്ങുന്നു. പക്ഷെ മന്ത്രിയായിരുന്ന ഒരാൾ തെരുവിൽ ജീവിക്കേണ്ടി വന്നതിന്റെ സാഹചര്യം കോടതിക്ക് ബോധ്യമായിട്ടില്ല...മന്ത്രിമാരുടെ പെൻഷൻ വർദ്ധിപ്പിക്കുന്നത് ഗെവേർമെൻറ് പരിഗണിക്കണമെന്ന് ഈ കോടതി ശിപാർശ ചെയ്യുകയാണ്"
കോടതിയിൽ നിശബ്ദത പരന്നു...പലർക്കും ജഡ്ജി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും മനസ്സിലായില്ല. ജഡ്ജി തുടർന്നു.
"കുറ്റക്കാരനല്ലാത്ത രാഹുലിനെ വെറുതെ വിടാനും....അഴിമതിയിലൂടെ പണം സമ്പാദിച്ച ചെല്ലപ്പൻ , ജയന്തി, ജിഷ്ണു എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാനും ഈ കോടതി ഉത്തരവിടുന്നു."
ചെല്ലപ്പന്റെയും കൂട്ടരുടെയും മുഖത്തു ചെറിയൊരു ആശ്വാസം വിരിഞ്ഞു.കോടതി തുടർന്നു.
"കൂടാതെ ചെല്ലപ്പൻ ജയന്തി എന്നിവരെ മൂന്നു വർഷത്തെ കഠിന തടവിനും.. ജിഷ്ണുവിനെ അഞ്ചു വർഷം കഠിന തടവിനും ഈ കോടതി ഉത്തരവിടുന്നു.
ന്യൂജെൻ ആഹ്ലാദത്തിൽ മതിമറന്നാടുമ്പോൾ ചെല്ലപ്പൻ മാഷും കൂട്ടരും ജ്യാമമെടുക്കുവാനുള്ള പേപ്പറുകൾ ഒപ്പിടുവാനുള്ള തിരക്കിലായിരുന്നു.എന്നാൽ ജിഷ്ണുവിന് ജാമ്യം ഉടനെ ജാമ്യം ലഭിക്കുകയില്ല എന്നാണ് അഡ്വക്കേറ്റ് പറഞ്ഞത്.
തനിക്ക് കൂടുതൽ വർഷങ്ങൾ തടവ് ശിക്ഷ ലഭിച്ചതിന്റെ കാരണം ചെല്ലപ്പന്റെയും ജയന്തിയുടെയും കളിയാണെന്നു ജിഷ്ണു അടിയുറച്ചു വിശ്വസിച്ചു.
കോടതിയിൽ നിന്നും അശ്വതിയും രാഹുലനെയും തോളിൽ ഇരുത്തിയാണ് ന്യൂജെൻ ഡെമോക്രാറ്റിക്‌ അണികൾ പുറത്തേക്ക് കൊണ്ടുവന്നത്.
പോലീസിന്റെ അകമ്പടിയോടെ പുറത്തേക്ക് വന്ന ജിഷ്ണു അശ്വതിയെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് വന്നു.
"ഇതെല്ലാം അവരുടെ കളികൾ ആയിരുന്നു.. രാഹുൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് ബോധ്യമുണ്ട്...ജയന്തി അയാളെ ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു" അയാൾ പറഞ്ഞു.
"ഇതെല്ലാം എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്.
എന്റെ ഭർത്താവിന്റെ അറിവില്ലായ്മ എല്ലാവരും മുതലെടുക്കുകയല്ലേ ചെയ്തത്?" അശ്വതി ചോദിച്ചു.
"എന്നോട് ക്ഷമിക്കൂ അശ്വതി...തന്റെ ഭർത്താവ് വെറും ഒരു ശുദ്ധഗതിക്കാരനാണ്...
പക്ഷെ മനസ്സിൽ കളങ്കമില്ലാത്തവരുടെ കൂടെ ദൈവം നിൽക്കുമെന്ന് അശ്വതിക്ക് മനസ്സിലായില്ലേ?" ജിഷ്ണു ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
തിരഞ്ഞെടുപ്പിൽ ന്യൂജെന് അറുപതു സീറ്റാണ് ലഭിച്ചത്....മുഖ്യമന്ത്രിയുടെ പാർട്ടിക്ക് അൻപത്തി നാല് സീറ്റ് ലഭിച്ചു. റെവല്യൂഷനറി പാർട്ടി പതിനഞ്ച് സീറ്റിൽ ഒതുങ്ങി.
രാഹുലിന് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്.ന്യൂജെൻ തരംഗത്തിൽ ജിഷ്ണു ഉൾപ്പെടെ പല പ്രമുഖരും അടിപതറി. അധികാരമോഹമില്ലാത്ത ചെല്ലപ്പൻ മാഷിന് അകെ കിട്ടിയത് മൂവായിരത്തിൽ താഴെ വോട്ടാണ്.
ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നപ്പോൾ കൂട്ടുമന്ത്രിസഭക്കുള്ള സാധ്യത വന്നുചേർന്നു.
രാഹുൽ അടുത്ത മുഖ്യമന്ത്രി ആകുമെന്ന് പത്രക്കാരും ചാനെൽ ചർച്ചക്കാരും ഉറപ്പിച്ചു പറഞ്ഞു.
രാജേഷ് സന്തോഷത്തോടെയാണ് ദുബൈക്ക് തിരിച്ചുപോയത്.
ഒരു ദിവസം രാത്രിയിൽ മുഖ്യമന്ത്രി രാഹുലിനെ വിളിച്ചു.
"രാഹുൽ മുഖ്യമന്ത്രി ആകുന്നതിന് എനിക്ക് വിരോധമില്ല...ഞങ്ങൾ നിങ്ങളോട് ചേർന്നു നിൽക്കുവാനാണ് താൽപര്യപ്പെടുന്നത് " അദ്ദേഹം പറഞ്ഞു.
"വേണ്ട സാർ...അങ്ങുതന്നെ മുഖ്യllമന്ത്രി അയാൾ മതി....എനിക്ക് താല്പര്യം ഒരു എം.എൽ .എ മാത്രം ആയി തുടരാനാണ്" രാഹുൽ പറഞ്ഞു.
ഞാൻ മുഖ്യമന്ത്രി ആകാം...പക്ഷെ രാഹുൽ റെവെന്യു മന്ത്രി ആകുമെങ്കിൽ മാത്രം"മുഖ്യൻ പറഞ്ഞു.
"ഇല്ല...സാർ...എനിക്ക് ഭരിക്കുവാൻ അറിയില്ല.
കഴിഞ്ഞ തവണ ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടെന്നേയുള്ളൂ" രാഹുൽ പറഞ്ഞു.
"അത് സാരമില്ല...കഴിഞ്ഞതെല്ലാം മറക്കണം..
രാഹുലിനെപ്പോലെയുള്ള ഒരാൾ മന്ത്രിസ്ഥാനം നിരസിക്കരുത്...നമുക്ക് ഒരു അഴിമതിരഹിത ഭരണം ഇവിടെ കാഴ്ചവെക്കുവെക്കുവാനുള്ളതാണ് " മുഖ്യൻ ഫോൺ കട്ട് ചെയ്തപ്പോൾ അശ്വതി രാഹുലിന്റെ അടുക്കൽ വന്നു.
"രാഹുൽ മന്ത്രിയാകണം....പാളിച്ചകളെ അനുഭവങ്ങളായി കരുതണം ...രാഹുൽ കളങ്കമില്ലാത്തവനാണ് എന്ന് തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്"അവൾ പറഞ്ഞു.
"ഇനി നിന്റെ മുറിയിൽ എനിക്ക് കയറുവാൻ സാധിക്കുമോ?"രാഹുൽ ചോദിച്ചു.
"ഇല്ല.."അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഇനിയും എന്നെ ശിക്ഷിച്ചത് നിനക്ക് മതിയായില്ലേ?" അയാൾ ചോദിച്ചു.
"അതുകൊണ്ടല്ല ഞാൻ ഇന്നുമുതൽ ഉറങ്ങുന്നത് രാഹുലിന്റെ മുറിയിലാണ്" അവൾ അയാളുടെ മുഖത്തുനോക്കാതെ തന്നെ പറഞ്ഞു.
അയാൾ അമ്പരപ്പിൽ അവളെ നോക്കി.....
അമ്മ മുറിയിൽ നിന്നും ഇറങ്ങിയതറിയാതെ അമ്മു ഗാഢനിദ്രയെ പ്രാപിച്ചു കഴിഞ്ഞിരുന്നു.
(അവസാനം )
സ്നേഹപൂർവ്വം
---അനിൽ കോനാട്ട് 
പിന്തുണക്കും അഭിപ്രായത്തിനും നന്ദി രേഖപ്പെടുത്തട്ടെ.....
Read published parts here  : - https://goo.gl/wqBx8m

വൈദേഹി - Part 22


അദ്ധ്യായം ഇരുപത്തി രണ്ട്.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായുണ്ടായ ന്യുജെൻ തരംഗം മുഖ്യമന്ത്രിയെ ഇരുത്തി ചിന്തിപ്പിച്ചു..
അഴിമതിരഹിത കേരളത്തെ സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തിനെതിരെയും ന്യൂജെൻ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അത് കാര്യമായിട്ടെടുത്തില്ല.
ചെല്ലപ്പൻമാഷിനെയും, ജയന്തിയെയും കുടുക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ന്യൂജെൻ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
പക്ഷേ അഴിമതി നടന്ന കാലയളവിൽ മന്ത്രി ആയിരുന്ന രാഹുലിനെതിരെയും കേസ് വന്നപ്പോൾ കിച്ചു മുഖ്യമന്ത്രിയെ വിളിച്ചു.
"മന്ത്രിയെന്ന നിലയിൽ രാഹുലിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ സാധിക്കില്ല......നിങ്ങൾ വിഷമിക്കേണ്ട...രാഹുൽ അഗ്നിശുദ്ധി ചെയ്തു തിരിച്ചുവരണം...എങ്കിലേ അയാളുടെ രാഷ്ട്രീയ ഭാവി ശോഭനമാകുകയുള്ളൂ" മുഖ്യമന്ത്രി പറഞ്ഞു.
പ്രതികളായ രാഹുൽ, ചെല്ലപ്പൻ മാഷ്, ജയന്തി, ജിഷ്ണു എന്നിവരെ പലപ്രാവശ്യം അന്വേഷണോദ്യോഗസ്ഥർ ചോദ്യം ചെയ്തു.
രാഹുൽ തന്റെ പരിചയക്കുറവും..അറിവില്ലായ്മയും തുറന്ന് സമ്മതിച്ചു.
മറ്റുള്ളവർ എല്ലാക്കുറ്റവും ചെയ്തത് രാഹുൽ ആണെന്ന് മൊഴികൊടുത്തു.
റെവല്യൂഷനറി പാർട്ടിയിലെ ന്യൂജെൻ രാഹുലിനെ ഇലക്ഷന് നിൽക്കുവാൻ നിർബന്ധിച്ചുകൊണ്ടിരുന്നു.
രാഷ്ട്രീയം വെറുത്തുപോയ രാഹുൽ വില്ലേജ് ഓഫീസിൽ വില്ലേജ്മാൻ ആയി ജോലി ചെയ്യുവാൻ മാനസികമായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
റെവല്യൂഷനറി പാർട്ടിയുടെ സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നും തന്നെ ഒഴിവാക്കണമെന്നു ജിഷ്ണുവിനോട് രേഖാമൂലം ആവശ്യപ്പെടുവാൻ രാഹുൽ തീരുമാനിച്ചു.
"രാഹുൽ ബ്രോ അവിവേകം കാണിക്കരുത്..ബ്രോ അവരുടെ ലിസ്റ്റിൽ നിന്നും ഒഴിവായാലും ബ്രോ തന്നെയാണ് നമ്മുടെ എം.എൽ.എ" കിച്ചു പറഞ്ഞു.
'അതെങ്ങിനെ? രാഹുൽ ചോദിച്ചു.
"കാണാൻ പോകുന്ന പൂരം പറഞ്ഞു നടക്കേണ്ട ആവശ്യം എന്താണ് ബ്രോ?" കിച്ചു ചോദിച്ചു.
നാമനിർദ്ദേശ പത്രിക കൊടുക്കുന്നതിന്റെ തലേ ദിവസം മുഖ്യമന്ത്രി രാഹുലിനെ വിളിച്ചു.
"രാഹുലിന് വേണ്ടി പള്ളിപ്പുഴയിലെ ഞങ്ങളുടെ സ്ഥാനാർത്ഥി മാറിത്തരുവാൻ ഒരുക്കമാണ്."അദ്ദേഹം പറഞ്ഞു.
"അത് വേണ്ട സാർ.. എന്നെ വില്ലേജോഫീസിൽ ജോയിൻ ചെയ്യുവാൻ സമ്മതിച്ചാൽ മാത്രം മതി"
രാഹുൽ പറഞ്ഞു.
"ആർക്ക് ഭൂരിപക്ഷം കിട്ടും എന്ന് പറയുവാൻ ഇപ്പോൾ സാധിക്കുകയില്ല...ഞങ്ങൾക്ക് ഭൂരിപക്ഷം കിട്ടുകയും...രാഹുൽ ജയിക്കുകയും ചെയ്താൽ റെവെന്യു വകുപ്പ് രാഹുലിന്റെ കൈയ്യിൽ സുരക്ഷിതമായിരിക്കും." മുഖ്യമന്ത്രി പറഞ്ഞപ്പോൾ രാഹുൽ ചിരിച്ചു.
"സാർ...ഞാൻ ഒരിക്കൽ വകുപ്പ് സുരക്ഷിതമാക്കിയതിന്റെ ഫലമാണ് ഇപ്പോൾ നിയമനടപടികൾ നേരിടുന്നത്...ഇനിയും അത് ആവർത്തിക്കാൻ എനിക്ക് താല്പര്യമില്ല"രാഹുൽ പറഞ്ഞു.
"അത് സാരമില്ല....രാഹുൽ...അതെല്ലാം പരിചയക്കുറവു കൊണ്ട് സംഭവിച്ചതല്ലേ?....രാഹുൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നാണ് എന്റെ വ്യക്തിപരമായ
അഭിപ്രായം.പിന്നെ എല്ലാം രാഹുലിന്റെ ഇഷ്ടം"
മുഖ്യമന്ത്രി ഫോൺ കട്ട് ചെയ്തു.
രാഹുൽ പള്ളിപ്പുഴയിൽ നിൽക്കുവാൻ വിസമ്മതം പറഞ്ഞതോടെ റെവല്യൂഷനറി പാർട്ടി, ചെല്ലപ്പൻ മാഷിനെ തന്നെ അവിടെ നിർത്താം എന്ന് പ്ലാനിട്ടു. മാഷിനാണെങ്കിൽ ഇപ്പോൾ എല്ലായിടവും ഒരുപോലെയാണ്...എങ്ങിനെയെങ്കിലും റെവല്യൂഷനറി പാർട്ടി അധികാരത്തിൽ വന്ന് മാഷിന്റെയും മകളുടെയും പേരിലുള്ള കേസുകൾ തേയ്ച്ചു മായ്ച്ചു കളയണം. അതുമാത്രമായിരുന്നു മാഷിന്റെ ഊണിലും ഉറക്കത്തിലും ഉള്ള ചിന്ത!!!
രാഹുൽ പിന്മാറിയതോടെ മാഷിന് ചെറിയ ഒരു പ്രതീക്ഷ കൈവന്നിട്ടുണ്ട്.
നാമനിർദ്ദേശ പത്രിക കൊടുക്കുന്ന ദിവസം വന്നു. ചെല്ലപ്പൻ മാഷും എതിർ സ്ഥാനാർത്ഥിയും രാവിലെ തന്നെ പത്രിക കൊടുക്കുന്നതിനായി എത്തിച്ചേർന്നു.ന്യൂജെൻ പാർട്ടിയുടെ കിച്ചു ഇതുവരെ എത്തിച്ചേർന്നിട്ടില്ല.
രാഹുൽ രാവിലെ തന്നെ താലൂക്കോഫീസിൽ പോകുവാനുള്ള തിരക്കിലാണ്..
അശ്വതി അവധിയിലാണ്....അമ്മുവിനെ അവൾ ബൈക്കിൽ സ്കൂളിൽ വിട്ട് തിരിച്ചു വന്നു.
"രാഹുൽ..ഞാൻ ഒരു സംശയം ചോദിക്കട്ടെ?
മന്ത്രിയാകേണ്ട രാഹുൽ വില്ലേജ് മാൻ അയാൽ
ശരിയാകുന്നതെങ്ങിനെ?
രാഹുൽ പുറത്തേക്ക് ഇറങ്ങുവാൻ തുടങ്ങുമ്പോൾ അശ്വതി ചോദിച്ചു.
രാഹുൽ അശ്വതിയെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
"ഞാൻ ഒരു കാര്യം പറഞ്ഞാൽ രാഹുൽ അനുസരിക്കുമോ?" അവൾ ചോദിച്ചു.
"എന്താണ്? അച്ചു എന്തുപറഞ്ഞാലും ഞാൻ അനുസരിക്കും"അയാൾ പറഞ്ഞു.
"അച്ചു എന്ന് വിളിക്കുവാൻ ഞാൻ പെർമിഷൻ തന്നിട്ടില്ല"അവൾ ഗൗരവത്തിൽ പറഞ്ഞു.
"ശരി...അശ്വതി എന്താണ് ചോദിക്കുവാൻ തുടങ്ങിയത്" രാഹുൽ ചോദിച്ചു.
"രാഹുൽ ഈ ഇലക്ഷനിൽ മത്സരിക്കുമെന്ന് ഞാൻ ന്യൂജെൻസിനു വാക്ക്‌ കൊടുത്തു"
അശ്വതി പറഞ്ഞു.
"അതിന് ചെല്ലപ്പൻ മാഷ് ഇപ്പോൾ പത്രിക കൊടുത്തുകാണും" രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
"അവരുടെ പാർട്ടിയുടെ സ്ഥാനാർത്ഥി ആയിട്ടല്ല..കിച്ചുവിന് പകരമാണ് രാഹുൽ നിൽക്കുന്നത്" അശ്വതി പറഞ്ഞു.
രാഹുൽ സംശയത്തിൽ അശ്വതിയെ നോക്കി.
"രാഹുൽ വിസമ്മതം പറഞ്ഞാൽ ഞാൻ ഈ ഇലക്ഷനിൽ നിൽക്കും" അശ്വതി പറഞ്ഞു. രാഹുൽ ഒന്നും പറഞ്ഞില്ല.
പുറത്തുനിന്നും കൂട്ടത്തോടെ ബൈക്കുകൾ അടുത്തുവരുന്ന ശബ്ദം!!!
രാഹുൽ കതകു തുറന്നുനോക്കി.കിച്ചുവിന്റെ നേതൃത്വത്തിൽ ബൈക്കിലെത്തിയ യുവജനങ്ങളുടെ ഒരു നീണ്ടനിരയാണ് രാഹുൽ കണ്ടത്!!!
ബൈക്കിൽ നിന്നും ഇറങ്ങിയ കിച്ചു രാഹുലിനെ ഒരു ഹാരമണിയിച്ചു.
"ബ്രോ...ന്യൂജെൻ പാർട്ടിക്ക് പറ്റിയ സ്ഥാനാർഥി ബ്രോ ആണ്...എനിക്ക് പകരം ബ്രോ ആണ് നോമിനേഷൻ പള്ളിപ്പുഴയിൽ കൊടുക്കുന്നത്"
കിച്ചു പറഞ്ഞു...
രാഹുൽ അശ്വതിയെ നോക്കി...അവൾ അയാളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ കൈ ഉയർത്തി കാണിച്ചു.
പിന്നീട് രാഹുലിന് ആലോചിക്കുവാൻ പോലും സമയം ലഭിച്ചില്ല....ആയിരങ്ങളുടെ അകമ്പടിയോടെ നോമിനേഷൻ കൊടുക്കുവാൻ രാഹുൽ പുറപ്പെട്ടു.
ന്യൂജെൻ പ്രകടനം കണ്ട ചെല്ലപ്പൻ മാഷും സിറ്റിങ് എം.എൽ.എയും മനസ്സുകൊണ്ട് തോൽവി സമ്മതിച്ചു കഴിഞ്ഞിരുന്നു.
ഇലക്ഷൻ പ്രചരണം പൊടിപൊടിച്ചു. ന്യൂജെനിൻറെ മുന്നേറ്റം കാരണം ക്ഷീണം സംഭവിച്ചത് കൂടുതലും റെവല്യൂഷനറി പാർട്ടിക്കായിരുന്നു.
ജിഷ്ണുവും ചെല്ലപ്പൻ മാഷും പ്രചാരണത്തിന് വളരെ അപൂർവ്വമായി മാത്രമേ ഇറങ്ങിയുള്ളൂ.
തിരഞ്ഞെടുപ്പ് അടുക്കും തോറും ആരാണ് ഭരണത്തിൽ വരുക എന്ന് പ്രവചിക്കുവാൻ വയ്യാത്ത അവസ്ഥയായിരിക്കുന്നു!!!
ന്യൂജെൻ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ചെറുപ്പക്കാർ എല്ലാ മണ്ഡലങ്ങളിലും നോമിനേഷൻ കൊടുത്തിരുന്നത് മുക്കോണ മത്സരമാക്കി തിരഞ്ഞെടുപ്പിനെ തന്നെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രമുള്ളപ്പോൾ കോടതി രാഹുൽ പ്രതിയായ കേസിന്റെ ഫയൽ പൊടിതട്ടിയെടുത്തു.
പത്രക്കാർ അത് ആഘോഷമാക്കി...രാഹുൽ, ചെല്ലപ്പൻ മാഷ്, ജയന്തി, ജിഷ്ണു ഇവരിൽ ആരെ ശിക്ഷിച്ചാലും അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് എല്ലാവരുടെയും അഭിപ്രായം.
രാഹുലിന് മാത്രം ഒരു ടെൻഷനും ഇല്ല..
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത്രയും നല്ലതെന്നാണ് അയാൾ കരുതുന്നത്.
കോടതി പ്രതികളെയെല്ലാം വിസ്തരിച്ചു. വാദപ്രതിവാദങ്ങൾ കോടതിയിൽ ആവേശകരമായിതന്നെ നടന്നു. രാഹുൽ അഡ്വക്കേറ്റിനെ വെച്ചതേയില്ല.
അയാൾ കേസ് സ്വയം വാദിച്ചു.
കേസ് വിധിപറയുവാൻ ഇരുപത്തിനാലാം തീയതിക്ക് മാറ്റിവെച്ചു.
ഇരുപത്തി ആറാം തീയതിയാണ് തിരഞ്ഞെടുപ്പ്!!!
"നമ്മൾ ഒരു അഡ്വക്കേറ്റിനെ വെക്കേണ്ടതായിരുന്നു.."കിച്ചു അശ്വതിയോട് പറഞ്ഞു.
അവൾക്കും തോന്നി അത് .....രാഹുലെങ്ങാനും ശിക്ഷിക്കെപ്പെടുമോ? അവളുടെ മനസ്സിൽ ആശങ്കകൾ അടിഞ്ഞുകൂടി.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

വൈദേഹി - Part 21



അദ്ധ്യായം ഇരുപത്തി ഒന്ന്‌
രാഹുലിന്റെ അറിവില്ലായ്മ പരമാവധി ചൂഷണം ചെയ്ത ചെല്ലപ്പൻ മാഷും മകൾ ജയന്തിയും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പാർട്ടിയിൽ ഉണ്ടായത്.
പള്ളിപ്പുഴയിൽ നിന്നും തന്നെ മാറ്റിയത് ഉപകാരമെന്നു
കരുതിയാണ് ചെല്ലപ്പൻ മാഷ് കുറ്റിപ്പുഴയിൽ തന്റെ പ്രചരണം ആരംഭിച്ചത്....എന്നാൽ അവിടെയും സ്ഥിതി വിഭിന്നമല്ലായിരുന്നു.
ചെല്ലപ്പൻ മാഷ് പ്രസംഗം തുടങ്ങിയാൽ അവിടെ പ്ലക്കാർഡുമായി ന്യുജെൻ എത്തുക ഒരു ഫാഷൻ ആയി തീർന്നു.
"ചെല്ലപ്പൻ മാഷ് ഞങ്ങളുടെ മണ്ഡലത്തിൽ പ്രസംഗിക്കുവാൻ വരേണ്ട" റെവല്യൂഷനറി പാർട്ടിയുടെ ചില സ്ഥാനാർത്ഥികൾ ജിഷ്ണുവിനോട് തുറന്നു തന്നെ പറഞ്ഞു.
"ഞാൻ അച്ഛനോട് പറഞ്ഞതല്ലേ മത്സരിക്കേണ്ടെന്ന്....ഇതുവരെയില്ലാത്ത പൂതി ഇപ്പോൾ തോന്നുവാൻ കാരണമെന്താണ്?" ജയന്തി ചെല്ലപ്പൻ മാഷിനോട് ചോദിച്ചു.
"ഇത്തവണ പാർട്ടി വൻഭൂരിപക്ഷത്തിൽ ജയിച്ചാൽ ഞാൻ അല്ലേ മുഖ്യമന്ത്രി.." ചെല്ലപ്പൻ മാഷ് പറഞ്ഞു.
"അപ്പോൾ ജിഷ്ണു..? ജയന്തി ചോദിച്ചു..
അച്ഛന്റെ പൂതി കൊള്ളാമെല്ലോ എന്ന് അവൾ മനസ്സിൽ ഓർത്തു.
"അവൻ ജയിച്ചിട്ടു വേണ്ടേ...അതിനുള്ള വഴികളൊക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്" ചെല്ലപ്പൻ മാഷ് അറിയാതെ പറഞ്ഞുപോയി.
"അതു നടക്കില്ല...എന്നെ വിവാഹം കഴിക്കുന്നത് മുഖ്യമന്ത്രി ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.." ജയന്തിക്ക് അച്ഛനോട് ഈർഷ്യ തോന്നി.
"ഞാൻ ഒരു തമാശ്ശ് പറഞ്ഞതല്ലേ? ജിഷ്ണു ജയിക്കുമെന്നുള്ളത് എനിക്ക് ഉറപ്പാണ്" മാഷ് പ്ലേറ്റ് തിരിച്ചുവെച്ചു.
ജയന്തിക്ക് അത് അത്ര തൃപ്തിയായില്ലെന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മാഷിന് മനസ്സിലായി.
വാർത്തയുടെ സമയമായപ്പോൾ ജയന്തി ടീവി യുടെ റിമോട്ട് കൈയ്യിലെടുത്തു
റെവല്യൂഷനറി പാർട്ടിയെ സപ്പോർട്ട് ചെയ്യുന്ന ചാനൽ തന്നെ അവൾ തിരഞ്ഞെടുത്തു.
ന്യൂജെൻ മുന്നേറ്റത്തെക്കുറിച്ചായിരുന്നു വാർത്തയിൽ കൂടുതലും വിവരിച്ചത്..
"തമിഴ് നാട്ടിലും ന്യൂജെൻ മുന്നേറ്റം എന്നാണല്ലോ വാർത്തയിൽ പറയുന്നത്" ബൈക്കുകളിൽ കറുത്ത കണ്ണടവെച്ചവരുടെ കൂറ്റൻ റാലി ടീവിയിൽ വീക്ഷിച്ചുകൊണ്ട് ജയന്തി പറഞ്ഞു.
"എല്ലാം അവന്റെ ആൾക്കാരാണ്....ആ രാഹുലിന്റെ" മാഷ് പറഞ്ഞു.
"രാഹുലിന്റെ എന്ന് പറയുവാൻ സാധിക്കില്ല..
അശ്വതിയുടെ ആൾക്കാരാണ് ന്യുജെൻ" ജയന്തി അതുപറഞ്ഞുകൊണ്ട് ടീവി ഓഫ് ചെയ്തു.
"എന്തു ചെയ്യണമെന്ന് എനിക്കറിയാം"അതും പറഞ്ഞു മാഷ് ഫോൺ കൈയ്യിലെടുത്തു.
"അച്ഛൻ ആരെയാണ് വിളിക്കുന്നത്? ജയന്തി ചോദിച്ചു.
"മുഖ്യമന്ത്രിയെ ഒന്ന്‌ വിളിക്കണം..രാഹുലിന്റെ വിളച്ചിൽ സ്വൽപ്പം കൂടുന്നുണ്ട്" മാഷ് പറഞ്ഞു.
"അച്ഛാ...അതു വേണോ?മുഖ്യമന്ത്രി നമ്മുടെ എതിർ കക്ഷിക്കാരനല്ലേ?" ജയന്തി ചോദിച്ചു.
"അതേ...പക്ഷെ അയാളും രാഹുലിന്റെ ശത്രു ആണ്....ന്യൂജെൻ അയാൾക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശത്രുവിന്റെ ശത്രുവിനെ മിത്രമായിട്ടു കാണുന്നതിൽ ഒരു തെറ്റുമില്ല" മാഷിന്റെ മുഖം വലിഞ്ഞു മുറുകി.
മാഷ് മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ എടുത്തില്ല...എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി മാഷിനെ തിരിച്ചു വിളിച്ചു.
അഴിമതികൾ മുഴുവനും ചെയ്തത് മാഷും ജയന്തിയും ചേർന്നായതുകൊണ്ട് തെളിവ് സഹിതമാണ് മാഷ് രാഹുലിന്റെ കഥകൾ മുഖ്യമന്ത്രിയോട് പറഞ്ഞത്..
അദ്ദേഹം എല്ലാം മൂളിക്കേട്ടതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
ഏതായാലും പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രി മാഷിന്റെ ആരോപണഖങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.
അശ്വതി രാവിലെ അമ്മുവിനൊപ്പം പുറത്തേക്കിറങ്ങിയപ്പോൾ രാഹുൽ ചിരിച്ചുകൊണ്ട് മുന്നിൽ നിൽക്കുന്നു.അയാളുടെ വേഷം കണ്ടപ്പോൾ പുറത്തേക്ക് ഇറങ്ങുവാനുള്ള തയ്യാറെടുപ്പാണെന്ന് അവൾക്ക് തോന്നി.
"സ്വാമി എങ്ങോട്ടാണ്...കുളിച്ചു കുറിയും തൊട്ട് സുന്ദരനായിട്ടുണ്ടല്ലോ?"അവൾ ചോദിച്ചു.
"ഞാൻ ഇന്ന് റവന്യു വകുപ്പിൽ ജോയിൻ ചെയ്യുകയാണ്...."രാഹുൽ പറഞ്ഞു.
"രാഹുൽ ഇലക്ഷന് നിൽക്കുന്നില്ലേ?"അശ്വതി ചോദിച്ചു.
"ഇല്ല....എനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം...മാത്രമല്ല ഇനിയുള്ള കാലം എന്റെ സമയം കൂടുതലും എന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കണം" രാഹുൽ പറഞ്ഞു.
അശ്വതിക്ക് ചിരി വന്നുവെങ്കിലും അവൾ അത് പുറമെ കാണിച്ചില്ല.
"എല്ലാം...സ്വാമിയുടെ ഇഷ്ടം..ഞാൻ വേണമെങ്കിൽ സിറ്റിയിൽ ഡ്രോപ്പ് ചെയ്യാം" അശ്വതി ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
"വേണ്ട...മൂന്നുപേർ യാത്ര ചെയ്തു നീ നിയമം തെറ്റിക്കേണ്ട...ഞാൻ ബസ്സിന്‌ പൊയ്ക്കൊള്ളാം" രാഹുൽ പറഞ്ഞു.
രാഹുലിനെ കണ്ടപ്പോൾ തഹസീൽദാർ എഴുനേറ്റു നിന്നു.
"സാർ ഇരിക്കണം..."അയാൾ പറഞ്ഞു.
"സാർ ഞാൻ ഇവിടെ ജോലിക്ക് ജോയിൻ ചെയ്യുവാൻ വന്നതാണ്" രാഹുൽ പറഞ്ഞു.
"സാറിന്റെ പേര് ഞാൻ കണ്ടിരുന്നു..അത്രക്കും വേണമോ സാർ..."തഹസീൽദാർ ചോദിച്ചു.
"വേണം...എനിക്ക് ഒരു ജോലി ആവശ്യമാണ് എനിക്കും ജീവിക്കേണ്ടേ?"രാഹുൽ ചോദിച്ചു.
"സാർ ഇലക്ഷന് നിന്നാൽ തീർച്ചയായും ജയിക്കും....ചിലപ്പോൾ മന്ത്രിയും ആകും...ഈ ജോലി ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കുന്നതല്ലേ നല്ലത്" തഹസീൽദാർ ചോദിച്ചു....രാഹുലിന് കുറേശ്ശേ ദേഷ്യം വന്നുതുടങ്ങിയിരുന്നു.
"എനിക്ക് ഇപ്പോൾതന്നെ ജോയിൻ ചെയ്യണം"അയാൾ പറഞ്ഞു.
"സാർ...ചെറിയൊരു പ്രേശ്നമുണ്ട്.....സാറിനെ ഉടനെ ജോയിൻ ചെയ്യിപ്പിക്കേണ്ട എന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്" തഹസീൽദാർ പറഞ്ഞു.
"കാരണം?"രാഹുൽ ചോദിച്ചു.
"എനിക്കറിയില്ല സാർ.....റവന്യു മന്ത്രി നേരിട്ടു കലക്ടറോട് വിളിച്ചു പറഞ്ഞതാണ്"
രാഹുൽ അമ്പരപ്പോടെ തഹസീൽദാരെ നോക്കി.അയാൾ ചിരിച്ചുകൊണ്ട് ഇരുന്നതേയുള്ളൂ.
രാഹുൽ താലൂക്ക് ഓഫീസിൽ നിന്നും ഇറങ്ങി.
തന്നെ ഒരു രീതിയിലും ജീവിക്കുവാൻ മറ്റുള്ളവർ അനുവദിക്കുകയില്ലെന്ന് അയാൾക്ക് ബോധ്യം വന്നു.
ഇന്നല്ലെങ്കിൽ നാളെ തനിക്ക് ജോലിക്ക് ജോയിൻ ചെയ്യുവാൻ പറ്റുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു....എന്നാൽ താൻ ഒരു വേട്ട മൃഗമാണെന്ന തോന്നൽ അയാളെ വല്ലാതെ നൊമ്പരപ്പെടുത്തി.
സിറ്റിയിലൂടെ അലഞ്ഞു നടന്ന അയാൾ വീട്ടിലെത്തിയപ്പോൾ ചിത്രയും മുകുന്ദനും അയാളെ കാത്തുനിൽപ്പുണ്ടായിരുന്നു.
അവരുടെ വിലകൂടിയ കാർ റോഡിൽ പാർക്കുചെയ്തിരുന്നു.
"രാഹുൽ സാറെ...എന്നോട് ക്ഷമിക്കണം...പണം കണ്ടപ്പോൾ എന്റെ കണ്ണു മഞ്ഞളിച്ചുപോയി"
മുകുന്ദൻ പറഞ്ഞു.
"സാറിന്റെ സ്വത്തും പണവും തിരിച്ചു തരുവാനാണ് ഞങ്ങൾ വന്നത്" ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതെന്താണ് ഇപ്പോൾ മുകുന്ദൻ ചേട്ടന് ഇങ്ങിനെ തോന്നുവാൻ? ...എന്റെ ഷെയർ ഞാൻ ചോദിച്ചപ്പോൾ എന്നെ ഗുണ്ടകളെ വിട്ടു തല്ലിക്കും എന്നല്ലേ അന്ന് ചേട്ടൻ പറഞ്ഞത്?" രാഹുൽ ചോദിച്ചു.
"സാർ....പഴയതെല്ലാം മറക്കണം....സാറിനർഘതപ്പെട്ടതു തിരിച്ചുമേടിക്കണം. എന്റെ മോൾ ഇന്ന് ലണ്ടനിൽ പോവുകയാണ്. സാറിന്റെ പണം ഞാൻ തിരിച്ചു തരാതെ അവൾ ലണ്ടന് പോവുകയില്ല എന്ന് പറഞ്ഞു വീട്ടിൽ വലിയ ബഹളമാണ്" മുകുന്ദൻ പറഞ്ഞു.പുറത്തേക്കു പോയ അയാൾ തിരികെ വന്നത് രണ്ട് കൂറ്റൻ പെട്ടികളുമായിട്ടാണ്.
"ഇത്‌ നിറച്ചും പണം ആണ്....സാർ ഇത്‌ സ്വീകരിക്കണം...."അയാൾ പെട്ടികൾ രാഹുലിന്റെ മുറിയുടെ ഉള്ളിൽ കയറ്റി വെച്ചു.
അപ്പോഴാണ് അശ്വതിയും മോളും വീട്ടിലേക്ക് കയറിവന്നത്...മുകുന്ദനെയും ചിത്രയെയും കണ്ട അശ്വതി ചിരിച്ചു....മുകുന്ദൻ അവളോട് വിവരങ്ങളെല്ലാം പറഞ്ഞു...
അശ്വതി അടുക്കളയിൽക്കയറി ചായ ഉണ്ടാക്കി അവർക്ക് കൊടുത്തു.
മുകുന്ദൻ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അശ്വതി പറഞ്ഞു.
"ചേട്ടൻ കൊണ്ടുവന്ന പെട്ടികൾ ചേട്ടൻ തന്നെ എടുത്തുകൊള്ളൂ"
'അത് നിങ്ങൾക്ക് അവകാശപ്പെട്ടതാണ്" മുകുന്ദൻ പറഞ്ഞു.
"മനസ്സിലായില്ല"
"രാഹുൽ സാർ മന്ത്രിയായിരുന്നപ്പോൾ എന്റെ പേരിലാണ് ബിസ്സിനെസ്സ് നടത്തിയിരുന്നത്.ആ പെട്ടികളിൽ വെറും ഇരുപത്തിയഞ്ച് ലക്ഷം രൂപ മാത്രമേ ഉളളൂ. ഇലക്ഷനല്ലേ.... പണത്തിന്റെ ആവശ്യം ധാരാളമുള്ള സമയമല്ലേ?"മുകുന്ദൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
അശ്വതി ചിരിച്ചില്ല..
അവൾ ആ പെട്ടികൾ രണ്ടും എടുത്തുകൊണ്ട് മുകുന്ദന്റെ കാറിനടുത്തേക്ക് നടന്നു . അമ്പരപ്പോടെ മുകുന്ദൻ അവളെ പിന്തുടർന്നു.
"മുകുന്ദൻ ചേട്ടൻ കാർ ഒന്ന്‌ തുറക്കാമോ?"
റിമോട്ട് ഉപയോഗിച്ചു മുകുന്ദൻ കാർ തുറന്നു.
അവൾ കാറിന്റെ ബാക്‌ഡോർ തുറന്ന് പെട്ടികൾ രണ്ടും കാറിനുള്ളിൽ വെച്ചു.
"അശ്വതി എന്താണ് ചെയ്യുന്നത്? ഇത് രാഹുൽ സാറിന്റെ പണം ആണ്" ചിത്ര പറഞ്ഞു.
"ഇത് രാഹുൽ അധ്വാനിച്ചുണ്ടാക്കിയ പണമാണെങ്കിൽ ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുമായിരുന്നു....അഴിമതിയിലൂടെ ലഭിച്ച പണം ഞങ്ങൾക്ക് ആവശ്യമില്ല" അശ്വതി പറഞ്ഞു.
ചിത്ര അശ്വതിയുടെ കൈകൾ കവർന്നുകൊണ്ടു പറഞ്ഞു.
"ഞങ്ങളുടെ കുറ്റബോധം മാറ്റുവാണെങ്കിലും നിങ്ങൾ ആ പണം സ്വീകരിക്കണം"
രാഹുൽ അവിടേക്ക് വന്നുവെങ്കിലും അയാൾ ഒന്നും സംസാരിച്ചില്ല.
"ഐ ആം സോറി...ചിത്ര.....നിങ്ങൾ അത് ആരെയെങ്കിലും സഹായിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ് ." അശ്വതി വീടിനകത്തേക്ക് നടന്നു.
മുകുന്ദനും ചിത്രയും കുറച്ചു സമയം ചുറ്റിപ്പറ്റി നിന്നതിനുശേഷം അവരുടെ വീട്ടിലേക്കു തിരിച്ചുപോയി.
"അവരോട് അങ്ങിനെ പെരുമാറിയത് മോശമായി പ്പോയി" വീടിനുള്ളിൽ കയറിയപ്പോൾ രാഹുൽ പറഞ്ഞു.
"രാഹുൽ ഇനിയും പഠിച്ചില്ലേ?നമ്മുടെ സമാധാനം കളയുന്ന ഒരു വസ്തുവും നമ്മുടെ വീട്ടിൽ വേണ്ട"
അശ്വതി അടുക്കളയിലേക്കു കയറിപ്പോയി.
അരമണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നു കാറുകൾ റോഡിൽ വന്നു നിന്നു...
അതിൽ നിന്നും ഇറങ്ങിയ ആളുകൾ തിടുക്കത്തിൽ അശ്വതിയുടെ വീട്ടിലേക്ക് നടന്നു.
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് കതക്‌തുറന്ന രാഹുലിനെ നോക്കി അവർ പറഞ്ഞു.
"ഇൻകം ടാക്സിൽ നിന്നും വന്നതാണ്...ഒരു സെർച്ച് വാറണ്ട് ഉണ്ടായിരുന്നു"
അവർ അകത്തേക്ക് നടക്കുമ്പോൾ രാഹുലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഒരേ സമയം മൂന്നു സ്ഥലങ്ങളിൽ ഇൻകം ടാക്സിന്റെ റെയ്ഡ് നടന്നു.
രാഹുലിന്റെ വീട്...
ചെല്ലപ്പൻ മാഷിന്റെ വീട്..
ജിഷ്ണുവിന്റെ വീട്...
രാഹുലിന്റെ വീട്ടിലെ പരിശോധന കഴിഞ്ഞപ്പോൾ മുതിർന്ന ഇൻകം ടാക്സിലെ ഉദ്യാഗസ്ഥൻ രാഹുലന്റെ അടുക്കൽ എത്തി.
"സോറി സാർ....ഇവിടെ കള്ളപ്പണം ഉണ്ടെന്ന് ഞങ്ങളെ ഒരാൾ രഹസ്യമായി അറിയിച്ചതുകൊണ്ടാണ് ഞങ്ങൾ വന്നത്"
അയാൾ പറഞ്ഞു.
രാഹുൽ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
ഉദ്യോഗസ്ഥർ പോയപ്പോൾ അയാൾ അടുക്കളയിലേക്ക് ഓടിച്ചെന്നു...അമ്മുവിന്റെ സാനിധ്യം മറന്ന അയാൾ അശ്വതിയെ പുണർന്ന് അവളുടെ ഇരുകവിളിലും ചുംബിച്ചു...
"എന്നെ വിട്...എന്നെ വിട്..."അവൾ അയാളുടെ നെഞ്ചിൽ ഇടിച്ചുകൊണ്ടിരുന്നു.
പരിസരബോധം വീണ്ടുകിട്ടിയ രാഹുൽ അവളെ താഴെ നിർത്തി.
"താങ്ക്സ് അശ്വതി"അയാൾ പറഞ്ഞു.
"എന്തിന്?"അവൾ ചോദിച്ചു.
"എന്നെ രക്ഷിച്ചതിന്"അയാൾ പറഞ്ഞു.
"എന്റെ അനുവാദം ഇല്ലാതെ നിങ്ങൾ എന്തിനാണ് എന്റെ ശരീരത്തിൽ സ്പർശിച്ചത്?"അശ്വതി ചോദിച്ചു.
"എനിക്ക് അതിന് ആരുടെയും അനുവാദം ആവശ്യമില്ല ബ്രോ..."രാഹുൽ ചിരിച്ചുകൊണ്ട് പറഞ്ഞു.
അശ്വതി അയാളെ രൂക്ഷമായി നോക്കിയിട്ട് അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി.
പിറ്റേദിവസത്തെ പത്രത്തിൽ റെയ്ഡിന്റെ വാർത്ത വിശദമായി എഴുതിയിട്ടുണ്ടായിരുന്നു.
ജിഷ്ണുവിന്റേയും ചെല്ലപ്പൻ മാഷിന്റെയും വസതികളിൽ നിന്നും പണവും രേഖകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആ വാർത്തയും പ്രമുഖ പത്രങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ടായിരുന്നു.
ചെല്ലപ്പൻ മാഷ് മുഖ്യമന്ത്രിയെ വിളിച്ചു തന്റെ വായിൽ തോന്നിയതൊക്കെ പറഞ്ഞു എന്നുള്ളതാണ് ജന സംസാരം!!!
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

വൈദേഹി - Part 20



അദ്ധ്യായം ഇരുപത്
രാഹുലിനെ ആരോ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയ വിവരം രാജേഷ് അശ്വതിയെ ഫോണിൽ അറിയിച്ചു.
"രാജേഷ്....പോലീസിൽ അറിയിച്ചോ? അശ്വതി ചോദിച്ചു.
"ഇല്ല....ആദ്യം അശ്വതിയെ അറിയിക്കാം എന്ന് കരുതി..."രാജേഷ് പറഞ്ഞു.
"എങ്കിൽ പോലീസിൽ അറിയിക്കേണ്ട...അറിയിച്ചാലും അവർ അന്വേഷിക്കുവാൻ സാധ്യതയില്ല.. രാഹുൽ വിവാഹത്തിന്റെ ആദ്യനാളിൽ ഒരു തട്ടിക്കൊണ്ടുപോവൽ നാടകം നടത്തിയത് അവർ മറക്കുവാൻ സാധ്യതയില്ല" അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജേഷിന് അത്ഭുതം തോന്നി..
ഇവൾ ഒരു സ്ത്രീ തന്നെയാണോ? അയാൾ ചിന്തിച്ചു. അവൾ തുടർന്നു.
"വിഷമിക്കേണ്ട രാജേഷ്...നിങ്ങളൊക്കെ പരിഹസിക്കുന്ന എന്റെ ബ്രോസ് അയാളെ അവിടെനിന്നും രക്ഷിച്ചതാണ്...." അശ്വതി പറഞ്ഞു...രാജേഷിന്റെ മനസ്സിൽ അമ്പരപ്പാണ്
തോന്നിയത്.
"എനിക്ക് മനസ്സിലായില്ല.."അയാൾ പറഞ്ഞു.
"രാഹുൽ ഇപ്പോൾ വേറൊരു മാനസികാവസ്ഥയിൽ ആയി മാറിയിരുന്നു....രാജേഷ് ഇവിടെ വന്ന ദിവസം തന്നെ എല്ലാം മറന്ന് രാഹുലിനെ വിളിക്കുവാൻ ഞാൻ സിറ്റിയിൽ പോയതാണ്....മദ്യപിച്ചു ബോധംകെട്ട അയാൾ എന്നെ തിരിച്ചറിഞ്ഞതുപോലുമില്ല....ഈ അവസ്ഥയിൽ അയാളെ വീട്ടിൽ നിർത്തുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്"
അശ്വതി പറഞ്ഞു.
"എനിക്ക് മനസ്സിലാകും....പക്ഷെ...."
അവൾ തുടർന്നു.
"എന്നാൽ ഇലക്ഷൻ അടുത്തു വരുമ്പോൾ രാഹുൽ ഒരു രക്തസാക്ഷി ആകുവാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയ എന്റെ ചങ്കു ബ്രോസ് രാഹുലിനെ അവിടെ നിന്നും മാറ്റിയതാണ്"
"ഇങ്ങനെ ബലമായി പിടിച്ചുകൊണ്ട് പോയത് മോശമായിപ്പോയി" രാജേഷ് തന്റെ അനിഷ്ടം മറച്ചു വെച്ചില്ല.
"അത് ശരിയല്ല എന്ന് എനിക്കും അറിയാം...പക്ഷെ ഞാൻ അപ്പോൾ വിളിച്ചാൽ രാഹുൽ എന്റെകൂടെ വരില്ല.. ഇപ്പോഴത്തെ തെരുവിലെ ജീവിതവുമായി രാഹുൽ നന്നായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു." അശ്വതി പറഞ്ഞു.
"എന്തായാലും ഇതു കുറച്ചു കൂടിപ്പോയി...
എനിക്ക് ഇതിനോട് യോജിക്കുവാൻ സാധിക്കില്ല"രാജേഷ് ഫോൺ കട്ട് ചെയ്തു.
പിന്നീടുള്ള ദിവസങ്ങളിൽ ന്യു ജെൻ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ രൂപീകരണവും...അതിന്റെ വളർച്ചയും.....റെവല്യൂഷനറി പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയും ....എല്ലാം രാജേഷ് കൗതുകത്തോടെയാണ് പത്രങ്ങളിൽ വായിച്ചുകൊണ്ടിരുന്നത്...
ഒരു ദിവസം അശ്വതി രാജേഷിനെ ഫോണിൽ വിളിച്ചു.
"രാജേഷ്....നിങ്ങൾക്ക് നിങ്ങളുടെ പഴയ സുഹൃത്ത് രാഹുലിനെ കാണേണ്ടേ?"
"കാണണം....അവൻ എവിടെയാണ്‌?" രാജേഷ് ചോദിച്ചു.
"ഞാൻ അഡ്രെസ്സ് തരാം..." അശ്വതി ഒരു അഡ്രസ്സ് പറഞ്ഞു കൊടുത്തു.
"അത് ഇവിടുത്തെ പ്രശസ്തമായ ഒരു ഡി അഡിക്ഷൻ സെന്റർ ആണെല്ലോ?" രാജേഷ് ചോദിച്ചു.
"അതേ....ഡി അഡിക്ഷൻ സെന്റർ മാത്രമല്ല..സൈക്കോളജിക്കൽ ട്രീട്മെന്റും അവിടെ ലഭ്യമാണ്... രാഹുലിന് ചികിത്സ ആവശ്യമായിരുന്നു......രാഹുൽ സ്വയം അവിടെ പോകുമെന്ന് രാജേഷിന് തോന്നുന്നുണ്ടോ?"
അശ്വതി ചോദിച്ചു.
"ഒരിക്കലുമില്ല....അശ്വതി ചെയ്തത് ഒരു നല്ല കാര്യമാണ്....ആട്ടെ നിങ്ങൾ തമ്മിൽ സംസാരിച്ചോ?"
"ഇല്ല....ആദ്യ ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ കണ്ടിരുന്നു....എന്നെ മനസ്സിലായോ എന്ന് തന്നെ എനിക്ക് തോന്നുന്നില്ല... ഇപ്പോൾ രാഹുൽ തികച്ചും നോർമൽ ആയെന്നാണ് ഡോക്ടർ പറഞ്ഞത്."
അവൾ പറഞ്ഞു. രാജേഷിന് അശ്വതിയോട് ബഹുമാനമാണ് തോന്നിയത്.
"ഐ റെസ്‌പെക്ട് യു അശ്വതി...
രാഹുലിനോട് ക്ഷമിക്കുവാനും അയാളെ രക്ഷിക്കുവാനും തോന്നിയ അശ്വതിയുടെ മനസ്സ് വളരെ വിശാലമാണെന്ന് എനിക്ക് മനസ്സിലായി." രാജേഷ് പറഞ്ഞു.
"ക്ഷമിച്ചു എന്ന് ആരാണ് പറഞ്ഞത്? പിന്നെ ഞാൻരക്ഷിച്ചത് എന്റെ ഭർത്താവിനെ അല്ല...എന്റെ മോളുടെ ഡാഡിയെ ആണ്...ഒരു ഭാര്യക്ക് പെട്ടെന്നൊന്നും മറക്കുവാൻ സാധിക്കുന്ന കാര്യങ്ങളല്ലല്ലോ രാഹുൽ ചെയ്തിരിക്കുന്നത്" അശ്വതി പറഞ്ഞു. ഒരു നിമിഷം അവരുടെയിടയിൽ നിശബ്ദത പരന്നു.
"ചികിത്സക്ക് ധാരാളം പണം ആവശ്യമാണെന്ന് എനിക്കറിയാം.....എന്റെ ഹെല്പ് വേണമെങ്കിൽ പറയുവാൻ മടിക്കരുത്" രാജേഷ് പറഞ്ഞു.
"എന്റെ സ്വർണ്ണത്തിന് ഒരു ഉപയോഗം വേണ്ടേ രാജേഷ്...പണം ആവശ്യത്തിനുണ്ട്...പിന്നെ ആവശ്യം വന്നാൽ ഞാൻ രാജേഷിനോട് മാത്രമേ ചോദിക്കുകയുള്ളൂ" അവൾ ഫോൺ കട്ട് ചെയ്തു.
രാജേഷ് വിവരങ്ങളെല്ലാം ഹേമയോട് പറഞ്ഞു.
"എനിക്ക് അശ്വതിയെ ശരിക്കും മനസ്സിലാക്കുവാൻ പറ്റുന്നില്ല" രാജേഷ് പറഞ്ഞു.
"എനിക്ക് മനസ്സിലാകും...ഒരു ഭാര്യക്ക് മാത്രമേ മറ്റൊരു ഭാര്യയെ പൂർണ്ണമായും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ" ഹേമ പറഞ്ഞു.
രാജേഷും ഹേമയും ഉടനെ തന്നെ രാഹുലിനെ കാണുവാനായി പുറപ്പെട്ടു.
കിച്ചുവും, കൂട്ടരും രാഹുലിനെ കാണുവാൻ ചെല്ലുമ്പോൾ രാജേഷ് രാഹുലിനരുകിൽ ഉണ്ടായിരുന്നു.
രാഹുലിന്റെ പഴയ സുന്ദരമായ രൂപമാണ് അവർ അവിടെ കണ്ടത്!!!
"ബ്രോ...നമ്മുടെ മിഷൻ വിജയിച്ചു. ഇനി മിഷൻ ആണ് വേണ്ടത്....ബ്രോ ഉടനെ തന്നെ നാമനിർദ്ദേശ പത്രിക കൊടുക്കണം..."കിച്ചു രാഹുലിനോട് പറഞ്ഞു.
"നിങ്ങൾ ക്ഷമിക്കണം...ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല" രാഹുൽ പറഞ്ഞു.
"ബ്രോ ..എന്തു വർത്തമാനമാണ് പറയുന്നത്? ചുമ്മാ സീനാക്കല്ലേ? ഞങ്ങൾ എന്തു കഷ്ടപ്പെട്ടാണ് ഇത്രയും ഒപ്പിച്ചെടുത്തത്?". പ്രാഞ്ചി ചോദിച്ചു.
"ഒരു മൂവ്മെന്റ് തന്നെ ഉണ്ടായത് ബ്രോയെ രക്ഷിക്കുവാൻ വേണ്ടിയല്ലേ?" അപ്പു ചോദിച്ചു.
"നിങ്ങൾ ചെയ്ത നല്ലകാര്യങ്ങൾക്ക് എനിക്ക് അതിയായ നന്ദിയുണ്ട്....പക്ഷെ എനിക്ക് ഒരു ജോലി കിട്ടി....പത്തു വർഷം മുൻപ് എഴുതിയ ടെസ്റ്റാണ്.ഇപ്പോഴാണ് നിയമനം കിട്ടുന്നത്.ഒരു മന്ത്രി ആ വകുപ്പിൽ തന്നെ ലാസ്റ്റ് ഗ്രേഡ് ആയി ജോലി ചെയ്യുന്നത് പത്രക്കാർ ശരിക്കും ആഘോഷിക്കും." രാഹുൽ ചിരിച്ചു..
ആരും ഒന്നും പറഞ്ഞില്ല. അയാൾ തുടർന്നു
"കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി കാണുവാനാണ് എനിക്ക് ഇഷ്ടം."
"ഇയാളെ വിശ്വസിക്കുവാൻ കൊള്ളില്ലെന്നു ഞാൻ പറഞ്ഞതല്ലേ?"കീരു രാഹുലിനെ രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു.
"അപ്പോൾ അച്ചുവും മോളും സ്വപ്നത്തിലെ കഥാപാത്രങ്ങൾ മാത്രമാണോ?' അപ്പു ചോദിച്ചു.
രാഹുൽ ഒന്നും പറഞ്ഞില്ല. അയാളിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.
"അച്ചു....ഇനി എന്നെ സ്വീകരിക്കുമെന്ന് തോന്നുന്നില്ല....ഇവിടെ രണ്ടുപ്രാവശ്യം അവൾ വന്നിരുന്നെന്നു ഡോക്ടർ പറഞ്ഞിരുന്നു. മോളെ ഒന്ന്‌ കാണാൻ പോലും എനിക്ക് സാധിച്ചില്ല." രാഹുൽ സങ്കടത്തോടെ പറഞ്ഞു.
"നീ സമാധാനമായിട്ടിരിക്ക് എല്ലാം ശരിയാകും.."രാജേഷ് അയാളെ സമാധാനിപ്പിച്ചു.
ഡോക്ടർ പറഞ്ഞത് എനിക്ക് ഇന്ന് വീട്ടിൽ പോകാമെന്നാണ്....പക്ഷെ ഞാൻ എങ്ങിനെ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകും?" രാഹുൽ ചോദിച്ചു.
"ബ്രോ ധൈര്യമായിട്ട് അച്ചുവിന്റെ അടുത്തേക്ക് പൊയ്ക്കോളൂ....അവൾ പാവമാണ്" പ്രാഞ്ചി പറഞ്ഞു.
"ഞാനാണെല്ലോ തെറ്റുകാരൻ. അവളോട് ഞാൻ എല്ലാം മറച്ചു വെച്ചു. അച്ചുവിന്റെയടുക്കൽ ഞാൻ ഇന്ന് പോകും...അവൾ സ്വീകരിച്ചില്ലെങ്കിൽ ഞാൻ ഇനി ജീവിച്ചിരിക്കില്ല"
രാഹുൽ പറഞ്ഞു.
"ബ്രോ...നിരാശ്ശനാകാതെ....അച്ചു ബ്രോയെ സ്വീകരിച്ചില്ലെങ്കിൽ അവളെ ഞങ്ങൾ ശരിപ്പെടുത്തും..ബ്രോ ധൈര്യമായിട്ട് പൊയ്ക്കോളൂ...വേണമെങ്കിൽ ഞങ്ങളും വരാം"
അപ്പു പറഞ്ഞു.
"അതു വേണ്ട...ഞാൻ തനിയെ പൊയ്ക്കൊള്ളാം...." രാഹുൽ പറഞ്ഞു.
രാജേഷ് രാഹുലിനെ അശ്വതി താമസിക്കുന്നിടത്തു ഡ്രോപ്പ് ചെയ്തതിനു ശേഷം സ്വന്തം വീട്ടിലേക്ക് പോയി.
രാഹുൽ കാളിങ് ബെല്ലിൽ വിരൽ അമർത്തി... കുറച്ചു സമയം കഴിഞ്ഞപ്പോൾ അകത്തു നിന്നും കതകിനടുത്തേക്കുള്ള കാലടി ശബ്ദം അയാൾ കേട്ടു.അയാളുടെ ഹൃദയമിടിപ്പ്‌ വർദ്ധിച്ചു.
അശ്വതി കതകു തുറന്ന് പുറത്തു വന്നു. രാഹുൽ അവളെ നോക്കിയപ്പോൾ നിലാവ് തൂകി നിൽക്കുന്ന തന്റെ അച്ചുവിനെയാണ് അയാൾ കണ്ടത്.
"അച്ചൂ"..അയാൾ വിളിച്ചു.
"രാഹുൽ കയറി വരൂ" 'ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
രാഹുൽ അകത്തേക്ക് കയറി...അയാളെ കണ്ടപ്പോൾ അമ്മു പേടിച്ച് പുറകോട്ടു മാറി.
"മോളെ ഡാഡിയുടെ അടുക്കൽ ചെല്ല്.."അശ്വതി അമ്മുവിനോട് പറഞ്ഞു...പക്ഷെ അമ്മു രാഹുലിന്റെ അടുക്കൽ പോകുവാൻ മടിച്ചു നിൽക്കുകയാണ് ചെയ്തത്.
"അവൾ രാഹുലിനെ ആദ്യം കാണുന്നതുകൊണ്ടാണ് ....കുറച്ചു ദിവസം കഴിയുമ്പോൾ അവൾക്ക് പരിചയമാകും"അശ്വതി അകത്തേക്ക് പോയി.
അശ്വതിയുടെ പെരുമാറ്റം രാഹുലിനെ അത്ഭുതപ്പെടുത്തി. പാവം അവൾ എല്ലാം മറന്നിരിക്കുന്നു!!! അയാൾ ഓർത്തു.
അശ്വതി രാഹുലിനായി വാങ്ങി വെച്ചിരുന്ന ഡ്രെസ്സുകൾ എടുത്തു കൊടുത്തു..
രുചിയുള്ള ഭക്ഷണം പാകം ചെയ്തു.കുളിക്കുവാൻ ചൂട് വെള്ളം തയാറാക്കി....അയാളുടെ മനസ്സിൽ അവളോടുള്ള സ്നേഹവും നന്ദിയും കൂടിക്കൂടി വന്നു.
രാത്രിയിൽ ഉറങ്ങുവാൻ സമയമായി... ഭക്ഷണത്തിനു ശേഷം അശ്വതി അയാളോട് ചോദിച്ചു.
"രാഹുലിന് ഉറങ്ങുവാനുള്ള സമയം ആയില്ലേ?"
"ഞാൻ വരുകയാണ്....അയാൾ പ്രതീക്ഷയോടെ അവളെ നോക്കി.
അശ്വതി സ്വന്തം മുറിയിലേക്ക് അമ്മുവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് കയറി...രാഹുൽ അവളുടെ പുറകെ ചെന്നു.
"സോറി രാഹുൽ...അതാണ് നിങ്ങളുടെ മുറി"അടുത്തുള്ള മുറി ചൂണ്ടി ക്കാണിച്ചുകൊണ്ട് അശ്വതി പറഞ്ഞു.
"അച്ചൂ....."രാഹുൽ അമ്പരപ്പോടെ അവളെ വിളിച്ചു.
"ഇത് അശ്വതിയാണ്....നിങ്ങളുടെ മകൾ അമ്മുവിന്റെ അമ്മ....നിങ്ങളുടെ അച്ചു മരിച്ചുപോയി....ആ ദിവസം നിങ്ങൾക്കോർമ്മയില്ലേ?" അശ്വതി ചോദിച്ചു.
"നീ എന്നെ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു ഇതിലും ഭേദം"
രാഹുൽ വിഷണ്ണനായി അവളോട് പറഞ്ഞു.
"ഞാൻ നിങ്ങളെ സ്വീകരിച്ചത് എന്റെ മകൾക്ക് അവളുടെ അച്ഛനെ വേണം....അതുകൊണ്ടു മാത്രമാണ്....അല്ലാതെ നിങ്ങളെ ഭർത്താവായി സ്വീകരിക്കുവാനല്ല" അവൾ വിദൂരതയിൽ നോക്കികൊണ്ട്‌ പറഞ്ഞു.
"അച്ചൂ....സോറി ...
അശ്വതി.....ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല"രാഹുൽ വിഷമത്തോടെ പറഞ്ഞു.
"അതെനിക്ക് ബോധ്യമാകുന്നത് വരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും'അതും പറഞ്ഞ് അവൾ തന്റെ മുറിയുടെ വാതിൽ കൊട്ടിയടച്ചു.
ദുഃഖിതനായ രാഹുൽ അവൾ കാണിച്ച മുറിയിലേക്ക് സാവധാനം നടന്നു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

വൈദേഹി - Part 19



അദ്ധ്യായം പത്തൊൻപത്
രാഷ്ട്രീയത്തിലെ അതികായനായ ചെല്ലപ്പൻ മാഷാണ് പള്ളിപ്പുഴയിൽ ഇലക്ഷന് നിൽക്കുന്നതെന്ന് ജനസംസാരം തുടങ്ങിയിട്ട് രണ്ടു ദിവസമായി.
ചെല്ലപ്പൻ മാഷിന്റെ പ്രസംഗം ആണ് ആളുകളെ പിടിച്ചിരുത്തുന്നത്...പാവപ്പെട്ടവന്റെ മനോവികാരം മനസ്സിലാക്കിയുള്ള അയാളുടെ പ്രസംഗം കേൾക്കുവാൻ ആളുകൾ തടിച്ചു കൂടുന്നത് പാർട്ടിക്ക് എന്നും ആവേശം നൽകിയിരുന്നു.
"ഡാ...കിളവന്റെ പ്രസംഗം ഇന്ന് ചന്തക്കവലയിൽ ഉണ്ട്... നീ അറിഞ്ഞോ?"
അപ്പു കീരുവിനെ വിളിച്ചു.
"എത്ര മണിക്കാണ്?" കീരു ചോദിച്ചു .
"വൈകുന്നേരം അഞ്ചു മണിക്ക്"അപ്പു പറഞ്ഞു.
"കൊളാക്കണ്ടേ?"
"കൊളം ആക്കിയാൽ മാത്രം പോരെ...കിളവൻ ഇനി ഈ മണ്ഡലത്തിൽ കാലുകുത്തുവാൻ പാടില്ല."
"പിള്ളേർ റെഡിയല്ലേ?"
"റെഡിയാണ്...പക്ഷെ എല്ലാം നല്ല തീറ്റയാണ്..
കുറെ പണം ചിലവാകും" അപ്പു പറഞ്ഞു.
"സാരമില്ല...രാഹുൽ ബ്രോ മന്ത്രിയാകുമ്പോൾ നമുക്ക് കണക്കു പറഞ്ഞു മേടിക്കാം"
അധികാര മോഹം തൊട്ടുതീണ്ടിയില്ലെന്നു പറഞ്ഞു നടന്ന ചെല്ലപ്പൻ മാഷ് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ പാർട്ടിയുടെ യുവജന വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു...എന്നാൽ ജയന്തിയോടും വിഷ്ണുവിനോടും എതിർത്ത രാഹുലിനുണ്ടായ അനുഭവം അവരെ തീർത്തും നിശ്ശബ്ദരാക്കി.
നാമനിർദ്ദേശ പത്രിക നൽകുന്നതിന് ഇനി ഒരു മാസം ഉണ്ടെങ്കിലും ചെല്ലപ്പൻ മാഷ് പ്രചരണം നേരത്തെതന്നെ തുടങ്ങിയിരുന്നു.
കൃത്യം നാലരക്ക് തന്നെ ചെല്ലപ്പൻ മാഷ് യോഗസ്ഥലത്തേക്കു തിരിച്ചു.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ വല്ലാത്ത ട്രാഫിക് ബ്ലോക്ക്‌!!!!
"എടൊ....അഞ്ചുമണിയാകുവാൻ പത്തുമിനിറ്റ് കൂടിയേ ഉളളൂ.. വേഗം വിട്ടോ" ചെല്ലപ്പൻ മാഷ് തിരക്കുകൂട്ടി.
"ട്രാഫിക് ബ്ലോക്ക്‌ ആണ് മാഷെ...മുന്നോട്ട് ഒരിഞ്ചു പോലും നീങ്ങുകയില്ല" ഡ്രൈവർ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടിയുടെ എഞ്ചിൻ ഓഫ് ചെയ്തു.
ചെല്ലപ്പൻ മാഷ് കാറിൽ നിന്നും പുറത്തിറങ്ങി.....തന്റെ പടം വെച്ച ഫ്ലക്സ് പാർട്ടിക്കാർ നേരത്തെ തന്നെ പള്ളിപ്പുഴയുടെ പലഭാഗങ്ങളിലും പ്രദർശിപ്പിച്ചു തുടങ്ങിയിരുന്നു.
കുറെ ആളുകൾ ഒരു ഫ്ളക്സിന് മുന്നിൽ കൂടിനിൽക്കുന്നതുകണ്ട ചെല്ലപ്പൻ മാഷ് അങ്ങോട്ട് നടന്നു.
ഒരു ഊശാൻ താടിവെച്ച ഒരാളുടെ പടമായിരുന്നു ആ ഫ്ലെക്സിൽ മാഷ് കണ്ടത്.
നമ്മുടെ സ്ഥാനാർത്ഥി കിച്ചുവിനെ വിജയിപ്പിക്കുക....ഫ്ലെക്സിൽ വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു.
"ആരാണ് ഈ കിച്ചു..?" ചെല്ലപ്പൻ മാഷ് അടുത്തു കണ്ട തട്ടുകടക്കാരനോട് ചോദിച്ചു.
"മാഷെ....അതാണ് കിച്ചു....നമ്മുടെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്" കടക്കാരൻ ഭവ്യതയോടെ പറഞ്ഞു.
'നമ്മുടെ' എന്ന് കടക്കാരൻ പറഞ്ഞത് മാഷിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
"ഇവനൊന്നും വേറെ പണിയില്ലേ?" മാഷ് ചോദിച്ചു.
"അയ്യോ...അങ്ങിനെ പറയുവാൻ സാധിക്കില്ല. അവരുടെ പ്രകടനം കണ്ടില്ലേ?...
അതാണ് വഴി ബ്ലോക്ക്‌ ആയിരിക്കുന്നത്."
കടക്കാരൻ പറഞ്ഞു.
"നൂറു കണക്കിന് ബൈക്കല്ലേ പ്രകടനത്തിന് വന്നിരിക്കുന്നത്....എല്ലാം ചെറുപ്പക്കാർ ആണ്"
ചായ കുടിച്ചുകൊണ്ടിരുന്ന ഒരാൾ പറഞ്ഞു.
ചെല്ലപ്പൻ മാഷിന്റെ മനസ്സിൽ ചെറിയ ഒരു അസ്വസ്ഥത തോന്നി...
മൊബൈൽ വൈബ്രേറ്റ് ചെയ്തപ്പോൾ അയാൾ നോക്കി. ജിഷ്ണു ആണ്.
"മാഷ് മൈതാനത്ത് എത്തിയോ?"ജിഷ്ണു ചോദിച്ചു.
"ഇല്ല....ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടുപോയി..ഏതോ ഒരു കിച്ചുവിന്റെ പ്രകടനം നടക്കുന്നു" ചെല്ലപ്പൻ മാഷ് പറഞ്ഞു.
"മാഷെ മീറ്റിംഗ് ക്യാൻസൽ ചെയ്യുവാൻ സാധിക്കുമോ?" ജിഷ്ണു ചോദിച്ചു.
"താൻ എന്താണ് പറയുന്നത്?..,മീറ്റിംഗ് ക്യാൻസൽ ചെയ്യുവാനോ? അതിന്റെ ആവശ്യം എന്താണ്? എന്റെ പ്രസംഗം കേൾക്കുവാൻ തടിച്ചു കൂടിയവരോട് പാർട്ടിക്കാർ എന്തു പറയും?"ചെല്ലപ്പൻ മാഷിന് ദേഷ്യം വന്നു.
"മാഷെ...സ്ഥാനാർത്ഥി നിർണയത്തിൽ ഒരു കൺഫ്യൂഷൺ പറ്റി. മാഷിന് കുറ്റിപ്പുഴ തന്നാലോ എന്ന് ഒരു ആലോചന"ജിഷ്ണു പറഞ്ഞു.
"അതങ്ങു പള്ളിയിൽ പറഞ്ഞാൽ മതി...ഞാൻ പള്ളിപ്പുഴയിൽ തന്നെ നിൽക്കും... എന്നോടിത് പറയുവാൻ തനിക്ക് ധൈര്യം വന്നതെങ്ങനെ"
മാഷ് കലിതുള്ളി.
"മാഷെ....ചെറിയ പ്രശ്നമുണ്ട്...
പള്ളിപ്പുഴ രാഹുൽ ചോദിച്ചിരിക്കുകയാണ്" ജിഷ്ണു പറഞ്ഞു...
"ഹാ...തനിക്കെന്താണ് തലയിൽ കളിമണ്ണ് ആണോ? സിറ്റിയിൽ തെണ്ടി നടക്കുന്ന അവന്‌ സീറ്റ് നൽകേണ്ട ആവശ്യമെന്താണ്?" മാഷ് ചോദിച്ചു.
"മാഷെ...സിറ്റിയിൽ തെണ്ടി നടന്നാലും അവന്റെ പിറകിൽ ധാരാളം ആളുകൾ ഉണ്ട്...ഇപ്പോൾ ട്രാഫിക് ബ്ലോക്ക്‌ ആയ പ്രകടനം കണ്ടോ? അത് അവന്റെ ആൾക്കാരാണ്" ജിഷ്ണു പറഞ്ഞു.
"താൻ പോടോ...അത് സ്വതന്ത്രൻ കിച്ചുവിന്റെ ആൾക്കാരാണ്"ചെല്ലപ്പൻ മാഷിന് ജിഷ്ണുവിനോട് വല്ലാത്ത കാലിയാണ് തോന്നിയത്...
"കിച്ചുവും കൊച്ചുവും എല്ലാം അവന്റെ ആൾക്കാർ തന്നെ...മാഷ് ഇന്ന് മീറ്റിങ്ങിന് പോകാതിരിക്കുകയായിരിക്കും ഭംഗി" ജിഷ്ണു പറഞ്ഞു.
ചെല്ലപ്പൻ മാഷിന്റെ നിയന്ത്രണം വിട്ടു.
"എടൊ.....താനൊക്കെ പുതുവെള്ളത്തിലെ പരൽ മീനുകൾ ആണ്...ഈ ചെല്ലപ്പൻ ഈ പണി തുടങ്ങിട്ടു വർഷം അറുപത്തിയഞ്ച് ആകുന്നു.."
"മാഷെ...ഞാൻ പറയുന്നത് ഒന്ന്‌ കേൾക്കൂ.."
"താൻ ഒന്നും പറയേണ്ട....ഞാൻ ചന്തക്കവലയിൽ ഇന്ന് പ്രസംഗിക്കും....പള്ളിപ്പുഴയിൽ നോമിനേഷൻ കൊടുക്കുകയും ചെയ്യും....
എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് കാണാം" മാഷ് ഫോൺ കട്ട് ചെയ്തു.
മാഷ് വീണ്ടും കാറിൽ കയറി....
കാറിന്റെ മുൻവശത്തും പിൻ ഭാഗത്തും ബൈക്കുകളുടെ നീണ്ട നിരയാണ് അയാൾക്ക്‌ കാണുവാൻ സാധിച്ചത്!!!
അയാൾ ചന്തക്കവലയിലെ മൈതാനത്ത് എത്തിയപ്പോൾ സമയം എട്ടു മണി...
പകുതിയിലധികം ആളുകൾ പിരിഞ്ഞു പോയിരുന്നു.....റെവല്യൂഷനറിക്കാർ മാത്രം അവിടെ ചുറ്റിപ്പറ്റി നിന്നു.
"എന്തു പറ്റി....ആളുകൾ ഇല്ലാതെ പ്രസംഗിച്ചിട്ട് എന്തുകാര്യം?....ഞാൻ താമസിക്കുമെന്നു പറഞ്ഞു ആളുകളെ പിടിച്ചു നിർത്താൻ നോക്കാത്തതെന്താണ്?"
മാഷ് കമ്മറ്റിക്കാരനോട് ചോദിച്ചു.
"ആളുകൾ ഇവിടെ ധാരാളം തടിച്ചു കൂടിയിരിന്നു.അപ്പോഴാണ് ന്യൂജെൻകാരുടെ പ്രകടനം വന്നത്..." കമ്മറ്റിക്കാരൻ പറഞ്ഞു.
"അനുജന്റെ പ്രകടനമോ?" ചെല്ലപ്പൻ മാഷ് ചോദിച്ചു.
"അനുജൻ അല്ല...ന്യു ജെനെറേഷൻ പിള്ളേർ..നല്ല രസമായിരുന്നു....ഡാൻസും പാട്ടും എല്ലാം ഉണ്ടായിരുന്നു.....ഇവിടെ ഉണ്ടായിരുന്നവരെല്ലാം അവരുടെ പിറകെ പോയി....മാഷ് വരുന്നത് കൊണ്ട് മാത്രമാണ് ഞാൻ പോകാത്തത്" കമ്മറ്റിക്കാരൻ പറഞ്ഞു.
മീറ്റിംഗ് തുടങ്ങിയപ്പോൾ ഒറ്റക്കും പെട്ടെക്കും ആളുകൾ വരുവാൻ തുടങ്ങി...ചെല്ലപ്പൻ മാഷിന് ആവേശം കുറേശ്ശേ കൂടിത്തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ സദസ്സിന്റെ ഒരു മൂലക്കുനിന്നു കൂവലുകൾ ഉയർന്നു....താൻ അബദ്ധം ഒന്നും പറഞ്ഞില്ലല്ലോ? മാഷ് ഓർത്തു.
മാഷ് അധ്യക്ഷനെ നോക്കി...
അയാൾ മാഷിനോട് തുടർന്നുകൊള്ളാൻ പറഞ്ഞു. കമ്മറ്റിക്കാരൻ കൂവൽ ഉയർന്ന ഭാഗത്തേക്ക്‌ ഓടിപ്പോയി.
വീണ്ടും കൂവലുകൾ ഉയർന്നു...കുറെ ചെറുപ്പക്കാർ പ്ലക്കാഡുകൾ ഉയർത്തിപ്പി ടിച്ചിരിക്കുന്നു.
ചെല്ലപ്പൻ മാഷിന് ദേഷ്യം വന്നു...
അയാളും മൈക്കിലൂടെ ഉറക്കെ കൂവി..
മൂലയിൽ നിന്നുള്ള കൂവൽ നിന്നു.
കമ്മറ്റിക്കാർ ഓടി വന്നു ചെല്ലപ്പൻ മാഷിന്റെ ചെവിയിൽ പറഞ്ഞു.
"മാഷെ സംഗതി അപകടമാണ്...മാഷ് ചെയ്ത അഴിമതിയാണ് അവർ പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത്. പത്രക്കാർ അങ്ങോട്ട് പോയിട്ടുണ്ട്."
ചെല്ലപ്പൻ മാഷിന് കലിയിളകി....അയാൾ മുണ്ട് മടക്കികുത്തി വേദിയിൽ നിന്നും ഇറങ്ങി.
തിടുക്കത്തിൽ കാറിൽകയറിയ അയാൾ ഡ്രൈവറോട് പറഞ്ഞു.
"വേഗം...ജിഷ്ണുവിന്റെ വീട്ടിൽ നമുക്ക് പോകണം"
ചെല്ലപ്പൻ മാഷ് ഒരു ഭൂലോക തോൽവി ആയി എന്നവിധത്തിലുള്ള വാർത്തകൾ മുൻപേജിൽ തന്നെ പിറ്റേദിവസം പ്രമുഖ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ന്യൂജെൻ പ്രകടനങ്ങൾ പത്രക്കാർ ഒരു ആഘോഷമാക്കി.
ഇതുകണ്ട് ആവേശം മൂത്ത കേരളത്തിലെ മറ്റു സ്ഥലങ്ങളിലുള്ള ന്യൂജെൻസ് കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനം നടത്തി.
ചെല്ലപ്പൻ മാഷിനെ സമാധാനമായി പ്രസംഗിക്കുവാൻ ന്യൂജെൻ ഒരിക്കലും അനുവദിച്ചില്ല.
സംസ്ഥാനത്തു ന്യുജെൻ ഒരു തരംഗമായി മാറുവാൻ ദിവസങ്ങൾ വേണ്ടിവന്നില്ല.അഴിമിതിക്കെതിരെ ന്യുജെൻസിന്റെ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണ് ലഭിച്ചത്.
പരമ്പരാഗത രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ചു സംസ്ഥാനത്തെ രക്ഷിക്കുവാനും പുതിയൊരു മൂവേമെന്റ് ഉണ്ടാക്കുവാനും കിച്ചുവിനും കൂട്ടർക്കും സാധിക്കും എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ന്യുജെൻ പാർട്ടിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു.
റെവല്യൂഷനറി പാർട്ടിയിലെ ന്യുജെൻസ് അവരുടെ ആവശ്യങ്ങൾ കമ്മറ്റിയിൽ പറയുവാൻ ധൈര്യം കാണിച്ചു.സ്ഥാനാർത്ഥി പട്ടിക പൊളിച്ചെഴുതണമെന്ന ആവശ്യം സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുവാൻ അധികം താമസം വേണ്ടിവന്നില്ല.!!"
ന്യുജെൻസിനെ ഇളക്കിവിട്ടതിനു പാർട്ടിയിലെ തലമൂത്ത കാരണവന്മാർ ജിഷ്ണുവിനെ കുറ്റപ്പെടുത്തുവാൻ തുടങ്ങി.
കിച്ചുവിന്റെ നേതൃത്വത്തിൽ ന്യുജെൻ ഡെമോക്രാറ്റിക്‌ മൂവേമെന്റ് എന്ന സംഘടന രൂപം കൊണ്ടപ്പോൾ റെവല്യൂഷനറി പാർട്ടിയിലെ ചെറുപ്പക്കാർ പാർട്ടിയിൽ പുതിയ ഡിമാന്റുകൾ വെക്കുവാൻ തുടങ്ങി. ജിഷ്ണുവിനോടും ജയന്തിയോടും എതിർപ്പുണ്ടായിരുന്നവർ ഈ അവസരം നോക്കി പതുക്കെ തലപൊക്കുവാൻ നോക്കി.
മറ്റു പാർട്ടികളിൽ നിന്നും ന്യുജെനിലേക്കുള്ള ഒഴുക്ക് തുടർന്നുകൊണ്ടിരുന്നു.
പള്ളിപ്പുഴയിലെ സ്ഥാനാർത്ഥിയെ മാറ്റണമെന്ന ആവശ്യം പാർട്ടിയിലെ ന്യുജെൻസ് മുന്നോട്ട് വെച്ചു . മാത്രമല്ല മാഷ് നിന്നാൽ കിച്ചു അവരുടെ വോട്ടുകൾ മറിക്കുവാനുള്ള സാധ്യത പാർട്ടി തള്ളിക്കളഞ്ഞതുമില്ല. ന്യൂജെൻ മറ്റു മണ്ഡലങ്ങളിലെ വോട്ടുകൾ കൂടി മറിക്കുമോ എന്ന ഭയം പാർട്ടിയിൽ ഉണ്ടായി.
ന്യൂജെൻ പിള്ളേരെ സ്വാധീനിക്കുവാൻ രാഷ്ട്രീയ നേതാക്കൻമാർ നെട്ടോട്ടമാരംഭിച്ചു.
കുറച്ചു ദിവസംകഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു.
പള്ളിപ്പുഴയിൽ ചെല്ലപ്പൻ മാഷിൻറെ സ്ഥാനത്തു രാഹുലിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു!!!!

(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo