Slider

പൊള്ളുന്ന മണലാരണ്യങ്ങൾ"

0
Image may contain: 1 person
അജിയേട്ടന്റെ അമ്മ നാട്ടിൽ നിന്നും കൊടുത്തുവിട്ട പൊതിയഴിച്ചു കല്ലുമ്മക്കായ അച്ചാറിന്റെ രുചി നോക്കുകയായിരുന്നു ഞങ്ങൾ.പ്രവാസജീവിതത്തിനിടയ്ക്കു വീണുകിട്ടുന്ന ചില കുഞ്ഞു സന്തോഷങ്ങളിലൊന്ന്.
ഈ കമ്പനിയിലേക്ക് ഇലക്ട്രിഷ്യനായി ജോലിക്കു വന്ന മംഗലാപുരംകാരനായ എനിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയുന്നത് കൊണ്ടുതന്നെ മലയാളികളോടായായിരുന്നു കൂടുതൽ അടുപ്പം .ലേബർ ക്യാമ്പിലെ ഒരു കുഞ്ഞുമുറിയിൽ ഞാനും അജിയേട്ടനും പിന്നെ രണ്ടു ബംഗാളികളും ഒരുമിച്ചായിരുന്നു താമസം.
"എടാ ജിൻസാ നീയാ മൊബൈൽ തന്നേ..അമ്മയെ ഒന്ന് വിളിക്കട്ടെ".അച്ചാറിന്റെരുചി അറിഞ്ഞപ്പോ അമ്മയെ ഓർമ്മവന്നതുകൊണ്ടാവാം അജിയേട്ടൻ പ്രീ പെയ്ഡ് കാർഡ് നമ്പർ അടിച്ചു അമ്മയെ വിളിക്കാൻ തുടങ്ങി.
അക്കാലത്ത് ഡ്രൈവർമാർക്ക് കമ്പനി വാങ്ങിച്ചുകൊടുക്കുന്ന മൊബൈൽ ഫോൺ അല്ലാതെ വേറെ ആർക്കും ഫോൺ ഇല്ലായിരുന്നു.ഇലക്ട്രിഷ്യൻ കം ഡ്രൈവർ ആയതിനാൽ എനിക്കും കിട്ടി ഒരെണ്ണം.മലയാളികൾ മുഴുവൻ നാട്ടിലേക്ക് വിളിക്കാനും തിരിച്ചും എന്റെ ഫോണിനെയാണ് ആശ്രയിച്ചിരുന്നത്.അതിനു മുൻപ് പാക്കിസ്ഥാനി ഫോർമാന്റെ റൂമിലെ ലാൻഡ് ഫോണിന് മുന്നിൽ വെള്ളിയാഴ്ച്ചദിവസങ്ങളിൽ ക്യു നിൽക്കേണ്ടുന്ന അവസ്ഥയായിരുന്നു.
"ഹലോ അമ്മേ..കൊടുത്തുവിട്ട സാധനങ്ങൾ കിട്ടിയപ്പോ അമ്മയെ ഓർമ്മ വന്നു അങ്ങിനെ വിളിച്ചതാണ്..ഇവിടെല്ലാവരും അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി പറയുകയാ..."
"നീയിങ്ങനെ അവിടിരുന്നു അമ്മയെ ഓർത്താൽ മതിയോടാ...എനിക്ക് വയസ്സായി വരുവാ...നീ എത്രയും പെട്ടെന്ന് വന്നൊരു കല്യാണം കഴിയ്ക്കാൻ നോക്ക് .എനിക്കിങ്ങനെ ഒറ്റയ്ക്ക് വയ്യ.നിന്റെ ചേച്ചിക്കാണേൽ ഇപ്പൊ മക്കളുടെ സ്കൂളെല്ലാം കാരണം വന്നു നിക്കാനൊന്നും പറ്റാറില്ല."
"ഞാൻ ലീവിന് കൊടുത്തിട്ട് കുറെ നാളായി അമ്മേ..അറബി സമ്മതിക്കണ്ടേ...ഏതായാലും നാളെത്തന്നെ ഒന്നുകൂടി പോയി അന്വേഷിക്കാം.ശരി അമ്മേ ഇനി നാളെ വിളിക്കാട്ടോ"
ഫോൺ വെച്ചപ്പോ അജിയേട്ടന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
"പാവം ആണെടാ എന്റെ അമ്മ.അച്ഛൻ മരിച്ചപ്പോ മുതൽ എന്നേം ചേച്ചിയേം വളർത്താൻ കുറെ കഷ്ടപ്പെട്ടു.ചേച്ചിയുടെ കല്യാണവും കഴിഞ്ഞു ബാധ്യത തീർക്കാൻ ഞാനും ഇങ്ങോട്ട് വന്നതോടെ അമ്മ ഒറ്റയ്ക്കായി.തൊട്ടടുത്താണ് എന്റെ കൂട്ടുകാരൻ സുധിയുടെ വീട്.അത്യാവശ്യ കാര്യങ്ങൾ എല്ലാം അവൻ വേണ്ടവിധം ചെയ്തോളും അതാണ് ആകെയുള്ള ഒരു സമാധാനം.അടുത്ത ലീവിൽ ചെന്നു ഞാൻ കല്യാണം കഴിച്ചിട്ടുവേണം അമ്മയ്‌ക്കൊരു കൂട്ടായി നിർത്താൻ.നാലു വർഷം കഴിഞ്ഞവർക്കു പോലും ലീവ്‌ കൊടുക്കാത്ത കമ്പനി എനിക്കിനി എപ്പോ ലീവ് തരാനാ"
അടുത്ത ദിവസം രാവിലെ അജിയേട്ടനേയും വേറെ രണ്ടു ജോലിക്കാരെയും കൊണ്ട് സൈറ്റ് ലേക്ക് പോവുന്ന വഴി നാട്ടിലെ അറിയാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു.
"ഹാലോ അജിത്തിന്റെ കൂട്ടുകാരൻ അല്ലെ...അജിത്തിന്റെ അമ്മ മരിച്ചുപോയി...അറ്റാക്ക് ആയിരുന്നു.ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു"
ഞാൻ ഇടിവെട്ടേറ്റത് പോലെ അജിയേട്ടനെ നോക്കി.
"എന്താടാ ജിൻസാ....ആരാ വിളിച്ചത്"
ഞാൻ കാര്യം പറഞ്ഞു മുഴുമിച്ചപ്പോൾ ഷോക്കേറ്റതുപോലെ സ്തംഭിച്ചിരിക്കുന്ന അജിയേട്ടനെയാണ് കണ്ടത്.ഞാൻ വണ്ടി നേരെ കമ്പനിയിലേക്ക് തിരിച്ചു.ഓഫീസിൽ ചെന്ന് 'അർബാബിനെ' കണ്ട് കാര്യം പറഞ്ഞു അജിയേട്ടനു പോകാനുള്ള കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കണം.
ഞങ്ങളുടെ താമസ സ്ഥലത്തോട് ചേർന്നുള്ള കമ്പനി ഓഫീസ് ൽ എത്തിയപ്പോൾ 'അർബാബ്' അകത്ത് തന്നെയുണ്ടായിരുന്നു.ഞാൻ കയറി കാര്യങ്ങൾ അവതരിപ്പിച്ചപ്പോൽ അജിയേട്ടനെ അകത്തോട്ട് വിളിപ്പിച്ചു.
"ഹായ് അജിത്ത് ....സങ്കടമുള്ള കാര്യം തന്നെയാണ് ...പക്ഷെ അമ്മ മരിച്ചല്ലോ ഇനിയിപ്പോ നീ ചെന്നിട്ട് എന്ത് ചെയ്യാനാ....മരിച്ചയാളെ ജീവിപ്പിക്കാൻ പോവാണോ?ഇവിടെ അല്ലെങ്കിൽ തന്നെ സൈറ്റ് ൽ ജോലി മുഴുവൻ ബാക്കി കിടക്കുവാണ്. ഇതിനിടയ്ക്ക് ലീവ് തരാനൊന്നും പറ്റില്ല.ഇന്നൊരു ദിവസം അവധി എടുത്തോളൂ.നാളെമുതൽ ജോലിക്ക് വരണം."
ദയയെന്ന വികാരം അശേഷമില്ലാതെയുള്ള അയാളുടെ സംസാരം കേട്ടപ്പോൾ എനിക്ക് ദേഷ്യം കൊണ്ട് കൈ തരിച്ചുവന്നു.പാസ്പോർട്ട് ൽ സ്റ്റാമ്പ് പതിഞ്ഞപ്പോൾ പ്രതികരണ ശേഷി പണയം വെക്കേണ്ടിവരുന്ന പ്രവാസികളിൽ ഒരാളാണ് ഞാനും എന്ന ബോധം എന്നെ ശാന്തനാക്കി..
ഞാൻ അജിയേട്ടനു വേണ്ടി സംസാരിക്കാൻ ശ്രമിച്ചു.
"നിനക്ക് സൈറ്റ് ൽ വർക്ക് ഉള്ളതല്ലേ...ഇവിടിരുന്നു ന്യായം പറയാതെ പെട്ടെന്ന് പോകാൻ നോക്ക്" ആ ദുഷ്ടൻ എനിക്ക് നേരെ ആക്രോശിച്ചു.....
അജിയേട്ടൻ അയാളുടെ കാല് പിടിച്ചു കരഞ്ഞപേക്ഷിച്ചിട്ടും ഒന്നും വകവെക്കാതെ അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി.അല്ലെങ്കിലും സ്വന്തം അച്ഛനെ തല്ലിച്ചതച്ചും പട്ടിണിക്കിട്ടും കമ്പനി പിടിച്ചടക്കിയ അയാളിൽനിന്നും എന്ത് ദയ പ്രതീക്ഷിക്കാനാണ്.
"എന്നെ കാണാനുള്ള അതിയായ ആഗ്രഹം ബാക്കിയാക്കി പോയ അമ്മയുടെ ചിതയ്ക്ക് കൊള്ളിവെക്കാൻ പോലും യോഗമില്ലാത്ത മകനായിപ്പോയല്ലോ ജിൻസാ ഞാൻ"
എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പുന്ന അജിത്തേട്ടനെ ഞാൻ എങ്ങിനെ ആശ്വസിപ്പിക്കാനാണ്.
"എന്റെ വിഷമം ഒന്നും സരമില്ലാ .....അമ്മയുടെ കാര്യങ്ങൾ എല്ലാം സുധി ഭംഗിയായി ചെയ്തോളും.....അവനാണല്ലോ എല്ലാം ചെയ്യാറ്"....
സ്വയം അശ്വസിപ്പിച്ചെന്നുവരുത്തി കണ്ണ്തുടച്ചുകൊണ്ട് റൂമിലേക്ക് നടന്നു നീങ്ങുന്ന അജിയേട്ടനെ നിർവികാരതയോടെ നോക്കി നിൽക്കാനേ എനിക്കും കഴിഞ്ഞുള്ളു....
(കുറച്ചു നാളത്തെ പ്രവാസ ജീവിതത്തിൽ കണ്ട ചില നൊമ്പരക്കാഴച്ചകൾ പകർത്താനുള്ള ഒരു ചെറിയ ശ്രമം മാത്രം)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo