Slider

പേക്കിനാവുകൾ : (കഥ )

0

പേക്കിനാവുകൾ : (കഥ )
------------------------------------------------------------------------ദുബായ് നഗരത്തിലെ അറുപത്തിയൊന്ന് നിലയുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയിലുള്ള ഓഫീസിൽ നിന്നും ഞാൻ താഴെ ഒഴുകുന്ന നിരത്തിലേക്ക് നോക്കി .സമയം പാതിരാത്രി കഴിഞ്ഞെങ്കിലും വാഹനങ്ങളുടെ തിരക്ക് കുറഞ്ഞിട്ടില്ല.റോഡിനിരുവശവും അംബരചുംബികളായ കെട്ടിടങ്ങളുടെ പലഭാഗത്തും ഇപ്പോഴും വെളിച്ചമുണ്ട് .ഡാൻസ് ബാറുകളുടെ ഉള്ളിൽ നിന്നും വെളിയിലേക്ക് നിറമുള്ള ജാലകങ്ങളിൽ തട്ടി പ്രകാശം വരുന്നുണ്ട് .നിറമുള്ള ജീവിതങ്ങൾ പലതും ആടിയാടി ടാക്സി കാറുകളിലേക്ക് കയറുന്നുണ്ട് .
പോക്കറ്റിൽ നിന്നും ഫോണെടുത്ത് വീണ്ടും ആ നമ്പർ ഡയൽ ചെയ്തു .വീണ്ടും ബിസി ടോൺ ആണ് കേൾക്കുന്നത് .ഭാര്യയാണ് .ഇത് പന്ത്രണ്ടാമത്തെ തവണയാണ് വിളിക്കുന്നത് .അപ്പോഴെല്ലാം അവളുടെ ഫോൺ ബിസിയാണ് ,എന്നത്തേയും പോലെ .ഒരിക്കലും അവൾ തിരിച്ചു വിളിക്കാറുമില്ല .
ഒരു പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായുള്ള ,മീറ്റിംഗിന് വേണ്ടിയാണ് രാത്രി ഇവിടെ തങ്ങിയത് .എന്റെ പേര് കൃഷ്ണ .ഈ മഹാനഗരത്തിൽ വന്നിട്ട് നീണ്ട പന്ത്രണ്ട് വർഷങ്ങൾ .അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസിയിലാണ് ജോലി ചെയ്യുന്നത് .ഇവിടെ ഭാര്യയുമൊത്ത് താമസിക്കുന്നു .മക്കളില്ല .
ഭാര്യയുടെ പേര് പറഞ്ഞില്ലല്ലോ ..സുലേഖ ..
നഗരത്തിലെ പ്രമുഖ വ്യവസായിയുടെ ഏകമകൾ .പലവട്ടം ചികിത്സ തേടിയെങ്കിലും ഇതുവരെ സന്താനഭാഗ്യം ഉണ്ടായിട്ടില്ല .നടത്തിയ ടെസ്റ്റുകളിലെല്ലാം കുഴപ്പം എനിക്കാണെന്നായിരുന്നു ഫലം .
ആദ്യമൊക്കെ വളരെ സന്തോഷകരമായിരുന്നു ജീവിതം .എന്നാൽ വളരെപ്പെട്ടെന്ന് തന്നെ താളപ്പിഴകൾ തുടങ്ങി .ചെറുപ്പത്തിലേ പിതാവ് മരിച്ച എന്നെ അമ്മയായിരുന്നു വളർത്തിയതും പഠിപ്പിച്ചതും .എനിക്ക് വിദ്യാഭ്യാസം തരാൻ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പെട്ടു .അയൽവീടുകളിൽ അടുക്കളപ്പണി വരെ ചെയ്തു .ജോലി കിട്ടിക്കഴിഞ്ഞപ്പോൾ അമ്മയുടെ നിർബന്ധപ്രകാരമാണ് ,സമ്പന്നകുടുംബത്തിൽ നിന്നുള്ള സുലേഖയുടെ ആലോചന സ്വീകരിക്കുന്നത് .കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ സുലേഖയുടെ തനിനിറം പുറത്ത് വന്നു .അമ്മയുമായി എപ്പോഴും വഴക്കായി .അവസാനം അമ്മയുടെ നിർബന്ധപ്രകാരമാണ് ഞങ്ങൾ വേറെ വീടെടുത്ത് താമസിച്ചത് .വീട്ടിൽ നിന്നും മാറുമ്പോൾ അമ്മയുടെ നിറമിഴികൾ കാണാനാവാതെ ഞാൻ മുഖം തിരിച്ചു .എന്നെ സുലേഖ വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്ന് എനിക്ക് മനസിലായി .ഈ മഹാനഗരത്തിലെത്തിയശേഷം അമ്മയ്ക്ക് ഞാൻ പണമയച്ചു കൊടുക്കുന്നതോ ഫോൺ ചെയ്യുന്നതോ അവൾക്കിഷ്ടമല്ലായിരുന്നു .
അതിന്റെ പേരിൽ വഴക്കുകൾ പലവട്ടം നടന്നു .ക്രമേണ ഞാൻ അവളിൽ നിന്നും അകന്നു ,എല്ലാ അർത്ഥത്തിലും .ഉറക്കം രണ്ട് മുറികളിലായി .
കഴിഞ്ഞ ഒരു വർഷമായി ,അവളുടെ ഫോൺ എപ്പോഴും തിരക്കിലാണ് .എന്റെ കാൾ കണ്ടാലും എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാറില്ല .രാത്രിയും പകലുമില്ലാതെ തിരക്കിലാണ് അവളുടെ ഫോൺ .
കഴിഞ്ഞാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിൽ ചെന്നപ്പോൾ ,കെട്ടിടത്തിലെ സെക്യൂറിറ്റി എന്നോട് ചോദിച്ചു " ആപ് കാ ബീവി സിഗരറ്റ് പീനെ സുരു കിയാ .." (താങ്കളുടെ ഭാര്യ സിഗരറ്റ് വലി തുടങ്ങിയോ ..?) എനിക്കൊന്നും മനസിലാവാതെ ഞാൻ അവന്റെ മുഖത്തേക്ക് തുറിച്ച് നോക്കി ." നഹീ ..ആപ്കാ ഗർ മേ കൽ രാത് കോ ഫയർ അലാറം ബജ്‌രെ ദ്ധീ ..ഹം ജാകെ ദേഖാ ,തബി മാലും പാഡ് ഗയാ കി ,കിസിനെ അന്തർ സിഗരറ്റ്‌ പിറെ ധീ .." ( ഇന്നലെ രാത്രി താങ്കളുടെ ഫ്ലാറ്റിൽ ഫയർ അലാറം അടിച്ചു ..ഞങ്ങൾ ചെന്ന് നോക്കിയപ്പോൾ അകത്താരോ സിഗരറ്റ് വലിച്ചതാണ് കാരണമെന്ന് മനസിലായി ) അവൻ വെപ്രാളപ്പെട്ടുകൊണ്ട് പറഞ്ഞു .ഞാൻ മറുപടി പറയാതെ ലിഫ്റ്റിലേക്ക് കയറി .
ഫ്ലാറ്റിൽ ചെന്നപ്പോൾ അവൾ ഉറങ്ങുകയായിരുന്നു .ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ചാണ് ഞാൻ കതക് തുറന്നത് .ഉള്ളിൽ ചെന്നപ്പോൾ അവൾ ഉറങ്ങുന്നത് കണ്ടു .അലങ്കോലപ്പെട്ട കിടക്കമുറി .ടീപ്പോയിൽ ഒഴിഞ്ഞ മദ്യക്കുപ്പി ..താഴെ കത്തിത്തീർന്ന സിഗരറ്റ് കുറ്റികളും ,കത്തിയമർന്ന സിഗരറ്റിന്റെ ചാരവും .
ടോയ്‌ലെറ്റിനുള്ളിലെ കുപ്പത്തൊട്ടിയിൽ ഉപയോഗിച്ച ഗർഭനിരോധന ഉറകൾ .കൈ അറിയാതെ അരയിലെ തുകൽപ്പട്ടയിൽ സൂക്ഷിച്ചിരുന്ന തോക്കിലേക്ക് നീണ്ടതാണ് .പക്ഷെ പിൻവലിച്ചു .അവളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു .മദ്യം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലായപ്പോൾ ,ആ ഉദ്യമത്തിൽ നിന്നും പിന്തിരിഞ്ഞു .
നേരെ ബാൽക്കണിയിലേക്ക് നടന്ന് അവിടുത്തെ കസേരയിലിരുന്ന് ഒരു സിഗററ്റിന് തീ കൊളുത്തി .മനസ്സ് വല്ലാതെ വിങ്ങുന്നു .എന്തൊരു ജീവിതമാണിത് ..ഞാനെന്ത് തെറ്റാണ് ചെയ്തത് .എന്തിനാണീശ്വരാ ഇത്രയും വേദനകൾ എനിക്ക് തന്നത് . കണ്ണുകൾ നിറഞ്ഞൊഴുകി .
എത്രനേരം അങ്ങനെ ഇരുന്നുവെന്നറിയില്ല .ഫോണെടുത്ത് അമ്മയെ വിളിച്ചു ." മോനെ ..സുഖമാണോടാ ..നീ എന്തെടുക്കുവാ ..എന്താ നിന്റെ സ്വരം വല്ലാതിരിക്കുന്നത് ..സുലേഖ എവിടെ ..." അമ്മയുടെ ചിലമ്പിച്ച സ്വരം കാതിൽ വീണപ്പോൾ ഹൃദയത്തിലെവിടെയോ കുളിർമഴ പെയ്യുന്നതുപോലെ തോന്നി .കരഞ്ഞുകൊണ്ടും ,
ചിരിച്ചുകൊണ്ടും അമ്മയോട് സംസാരിച്ചിട്ട് ഫോൺ വച്ചു .തിരിച്ച് റൂമിൽ വന്നപ്പോഴും അവൾ എഴുന്നേറ്റിരുന്നില്ല .
വൈകിട്ടത്തെ മീറ്റിംഗ് നടക്കുമ്പോഴാണ് നാട്ടിൽ നിന്നും ആ സന്ദേശമെത്തിയത് .നടുങ്ങിപ്പോയി .
അമ്മ ഇനിയില്ല .ആ വിവരം പറയാനാണ് ഇപ്പോൾ അവളെ വിളിച്ചത് .പക്ഷെ ഫോൺ ഇപ്പോഴും തിരക്കിലാണ് .ഒരിക്കലും അവസാനിക്കാത്ത തിരക്ക് .
തിരിച്ചുനടന്ന് ഓഫീസിലെ കസേരയിലിരുന്നു .കുറേനേരം ചിന്തിച്ചു ,ഓരോ കാര്യങ്ങൾ ,ബാല്യം മുതൽ ഇതുവരെയുള്ള ജീവിതം .കഷ്ടതകൾ ,പ്രയാസങ്ങൾ .അമ്മയെ ഓർത്തു .നഷ്ടങ്ങളും ,ലാഭങ്ങളും ഓർത്തു .എല്ലാം മായ പോലെ തോന്നി. അരയിലെ ബെൽറ്റും കൈത്തോക്കും അഴിച്ച് മേശപ്പുറത്ത് വച്ചു .മേശതുറന്ന് നേരത്തെ കരുതിയിരുന്ന സിറിഞ്ചും ഇൻസുലിൻ ബോട്ടിലും കയ്യിലെടുത്തു .ഇൻസുലിൻ നിറച്ച സിറിഞ്ച് ഇടതുകൈയിലെ ഞരമ്പിൽ കുത്തിയിറക്കുമ്പോൾ കൈ ഒട്ടും വിറച്ചില്ല ..അല്ലെങ്കിലും ഇനിയെന്തിന് വിറക്കണം .ഒരു പ്രാവശ്യം കൂടെ സിറിഞ്ച് നിറച്ച് ഞരമ്പിലേക്ക് കുത്തിക്കയറ്റി ...
ശരീരം ആകെ വെട്ടിവിറക്കുന്നത് പോലെ..
തൊട്ടടുത്ത് അമ്മയല്ലേ നിൽക്കുന്നത് ..
അമ്മയെന്തിനാണാവോ കരയുന്നത് ..വായ അടക്കാൻ കഴിയുന്നില്ലല്ലോ ...വായിൽ നിന്നും പത വരുന്നുണ്ടല്ലോ ..കൈ പൊക്കാൻ കഴിയുന്നില്ല ..
താഴെ നിരത്തിൽ നിന്നും വാഹനങ്ങളുടെ ഒച്ച തീരെ നേർത്തല്ലോ ....അതോ വാഹനങ്ങളൊന്നും ഓടുന്നില്ലേ ..ഞാനിപ്പോൾ കസേരയിലല്ല ,അമ്മയുടെ മടിയിലാണ് കിടക്കുന്നത് .അമ്മ എന്നെ ചേർത്തുപിടിച്ചിരിക്കുന്നു .....
------------------------------------------------------------------------
NOTE : ആത്മഹത്യ ഒന്നിനും പരിഹാരമല്ല ..ഏത് ബുദ്ധിമുട്ടിലും ധൈര്യമായി മുന്നോട്ട് ജീവിക്കുകയാണ് വേണ്ടത് .ഇത് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി എഴുതിയതാണെങ്കിലും ,ഇത് വെറുമൊരു കഥയാണ് എന്ന് പറയാനാണ് എനിക്കിഷ്ടം .
------------------------------------------------------------------------
ബിനു കല്ലറക്കൽ ©
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo