DXB To CCJ
* * * * * * * * *
ദുബൈയിൽ നിന്നും വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഫ്ലൈറ്റ്. അയൽപക്കത്ത് കല്യാണത്തിന് പോകുന്ന പോലെ കുറെ നേരത്തെത്തന്നെ എയർപോർട്ടിലെത്തി.... കരിപ്പൂരിലെപ്പോലെ ഫസ്റ്റ് ഗെയിറ്റ് കടക്കുന്നിടത്ത് തോക്കേന്തിയ കാവൽക്കാരൊന്നുമില്ല. യാത്രക്കാരെ അനുഗമിക്കുന്നവർക്കും കൂടെ കയറി വരാം...
ഞാനും ഗമയിൽ ട്രോളിയും തള്ളി അകത്ത് കയറി.. രണ്ട് വലിയ ബാഗുകൾ ട്രോളിയിൽ അട്ടിയിട്ട് വെച്ചിട്ടുണ്ട്... മനോഹരമായി പാക്ക് ചെയ്ത് ടേപ്പൊട്ടിച്ച് വലുതായി പേരെഴുതി വെച്ചിരിക്കുന്നു.. താഴെ DXB to CCJ എന്നുമുണ്ട്..
വിസിറ്റിന് വന്നതായിരുന്നു. രണ്ടാഴ്ചയോളമായി അലക്കാതെയിട്ട ജീൻസും ഷർട്ടുമൊക്കെയാണ് ഈ പെട്ടിക്കുള്ളിലെന്ന് കാണുന്നവർക്കറിയില്ലല്ലോ.. ഫ്രീയായി കിട്ടിയ ഒരു ട്രാവൽ ബാഗ് തോളത്തുമിട്ട് ഗമയിലങ്ങനെ നടക്കവെ കാക്ക കുളിച്ചാൽ കൊക്കാകില്ലായെന്ന് പിന്നിൽനിന്നാരോ പറയുന്ന പോലെ..
ബോഡിംഗ് പാസെടുത്തു. എമിഗ്രേഷൻ കൗണ്ടറിലെത്തി. അറബിപ്പോലീസുകാരനെന്തോ ചോദിച്ചു. എന്തരോ എന്തോ.. പക്ഷേ അറബി അറിയാത്തതിന്റെ ഗമയൊന്നും ഞാൻ കാണിച്ചില്ല കേട്ടോ.. അതുകൊണ്ട് തന്നെ കാര്യങ്ങൾക്ക് പെട്ടെന്നൊരു തീരുമാനവുമായി.
പിന്നെയെത്തുന്നത് ദുബായ് ഡ്യൂട്ടിഫ്രീ ഷോപ്പിലേക്കാണ്.. വെറുതെയൊന്ന് കയറി നോക്കി.. പകുതിയിലധികം സ്ഥലത്തും വെള്ളമാണ്. ജോണിവാക്കർ ,വാറ്റ് 69 അങ്ങനെ പോകുന്നു.. നമ്മൾ പിന്നെ വെള്ളത്തിൽ ചവിട്ടാനൊന്നും പോയില്ല... പൈസയില്ലാത്തപ്പോഴൊക്കെ അത് നമുക്ക് ഹറാം തന്നെയാണ്...
പിന്നെ എനിക്ക് പോകാനുള്ള F1 ഗേറ്റിനടുത്ത് പോയിരുന്നു.. തൊട്ടടുത്തിരിക്കുന്നവർ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുന്നു.. കാസർകോട്ടുള്ളവൻ തിരുവനന്തപുരത്തുള്ളവനെ പരിചയപ്പെടുമ്പോഴും ചോദിക്കും തിരുവനന്തപുരത്തെവിടെയെന്ന്... നെടുമങ്ങാടെന്ന് ഉത്തരം പറഞ്ഞാൽ ഉടൻ വരും അടുത്ത ചോദ്യം നെടുമങ്ങാട് ടൗണിൽ തന്നെയാണോയെന്ന്.... ഒരുതരം ചൊറിയുന്ന പരിചയപ്പെടലാണത്. അതു കൊണ്ട് തന്നെ ഞാനിത്തരക്കാരെ വിട്ട് വല്ല പെമ്പിള്ളേരും തനിച്ചിരിക്കുന്നിടത്തേക്ക് മാറിയിരിക്കും.. അവർക്ക് വേണമെങ്കിൽ എന്നെ പരിചയപ്പെടാം.. നെടുമങ്ങാടോ കന്യാകുമാരിയോ ആയാലും എനിക്ക് നോ പ്രോബ്ലം...
യാത്രക്കാർക്ക് വിമാനത്തിൽ കയറാനുള്ള അറിയിപ്പ് വന്നു... ബീവറേജ് തുറന്നത് പോലെ എല്ലാവരും പൊടുന്നനെ ചാടിയെഴുന്നേറ്റ് ഗേറ്റിന് മുന്നിൽ ക്യൂ നിൽക്കാനായി ഓടുന്നു.. ചിലർ ബാഗുമായി തട്ടിത്തടഞ്ഞുവീഴുന്നതും കണ്ടു. ഇവരുടെ ഓട്ടം കണ്ടാൽ തോന്നും വിമാനം ഇപ്പൊ തീർന്നു പോകുമെന്ന്, അല്ലെങ്കിൽ അവരെ കയറ്റാതെയെങ്ങാനും പറന്നു പോകുമെന്ന്. എന്നെപ്പോലെ വിവരമുള്ളവർ തിരക്കൊഴിയാനായി ഇരിപ്പിടത്തിൽ തന്നെ DXB നൽകുന്ന ഫ്രീ വൈ ഫൈയിൽ മാന്തിക്കളിച്ചുകൊണ്ടിരുന്നു. ഏതാണ്ട് തിരക്കൊഴിഞ്ഞു തുടങ്ങി.. ഞാനുമെണീറ്റ് ക്യൂവിലൊരാളായി നിന്നു.. ഇനിയഥവാ ഞാൻ കയറുന്നതിന് മുമ്പെങ്ങാനും വിമാനം പോയാലോ.ബസിൽ കയറിട്ട് വേണം വിമാനത്തിനടു ത്തെത്താൻ.എയറിന്ത്യയാണ് ഫ്ലൈറ്റ്. ഫ്ലൈറ്റിൽ കയറിയപ്പോഴാണ് മനസിലായത് ഇതിനെക്കാൾ സൗകര്യം നേരത്തെ കയറിയ ബസിൽ തന്നെയായിരുന്നെന്ന്.
നമുക്ക് വിധിച്ച സീറ്റിൽ ചെന്നിരുന്നു. എമർജൻസി എക്സിറ്റിനടുത്താണ് സീറ്റ്. വിമാനം പുറപ്പെടാൻ സമയമായി.
സ്ഥിരം കേൾക്കുന്നതും ആർക്കുമിതുവരെ മനസിലാക്കാൻ കഴിയാത്തതുമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള അറിയിപ്പു തുടങ്ങി.അതിനനുസരിച്ച് എയർ ഹോസ്റ്റസും ഒരു ഹോസ്റ്റനും കഥകളിയും തുടങ്ങി.
"ഇതെന്താ ഇവരീ പറയുന്നത് മോനേ.. "
എന്റെടുത്തിരുന്ന പ്രായം ചെന്നൊരാൾ ചോദിച്ചു.
അഥവാ വിമാനം വെള്ളത്തിലെങ്ങാനും ഇറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിപ്പറഞ്ഞു തരുന്നതാ.. "
" അപ്പോ ഇത് വെള്ളത്തിലുമിറക്കാൻ പറ്റുമല്ലേ... അങ്ങനെയാണെങ്കിൽ പിന്നെ ഇത്രയധികം പണം ചിലവഴിച്ച് ഗവൺമെന്റ് ജില്ലകൾ തോറും വിമാനത്താവളങ്ങളുണ്ടാക്കുന്നതെന്തിനാ....?
കാസർകോട്ടു മുതൽ തിരുവനന്തപുരം വരെ വെള്ളമങ്ങനെ പരന്നു കിടക്കുകയല്ലെ.. എവിടെ വേണമെങ്കിലും ഇറക്കാമല്ലോ...''
അയാളോടുള്ള വാർത്താവിനിമയ ബന്ധം വിഛേദിക്കാനായി ഞാൻ പെട്ടെന്ന് തന്നെ ഇയർഫോണെടുത്ത് ചെവിയിൽ തിരുകി... ഫോൺ ബാഗിലാണ് എന്നാലും സാരമില്ല. ഇയർഫോണിന്റെ മറ്റേയറ്റമെടുത്ത് പാൻറ്സിന്റെ പോക്കറ്റിൽ തിരുകി. പിന്നെയും അയാളെന്തോ പറയുന്നുണ്ടായിരുന്നു.
സീറ്റ് ബെൽറ്റിടാനുള്ള നിർദ്ദേശം വന്നു. എന്റടുത്തിരുന്നയാൾ എന്താണ് ചെയ്യേണ്ടെതെന്നറിയാതെ ബെൽറ്റും പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്നത് കണ്ട സുന്ദരിയായ വിമാനപ്പെണ്ണ് അയാളുടെ ബെൽറ്റ് ശരിയായി ഇട്ടു കൊടുക്കാനായി എന്റെ അരികിലെത്തി. എന്റെ ദേഹത്ത് മുട്ടി പെണ്ണിന്റെയാ കുനിഞ്ഞുള്ള നിർത്തം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല... അതു കൊണ്ട് തന്നെ ഞാൻ അനങ്ങാതെയിരുന്നു.. അയാളുടെ സീറ്റ് ബെൽറ്റ് അടുത്തൊന്നും ശരിയാവല്ലേ എന്ന പ്രാർത്ഥനയോടെ...
പക്ഷേ സെക്കന്റുകൾക്കുള്ളിൽ അവൾ ക്ലിക് എന്ന ശബ്ദത്തോടെ ബെൽറ്റും കുടുക്കി തലയുയർത്തി. പിന്നെ എന്നെയൊരു നോട്ടം.ടിക്കറ്റിൽ പരാമർശിക്കാത്ത ഒരു ടച്ചിംഗ്സ് അതിനിടെ ഞാനെടുത്തോ എന്നൊരു സംശയം എനിക്കുമുണ്ടായിരുന്നു.
വിമാനം പതിയെ നീങ്ങിക്കൊണ്ടിരുന്നു. പൈലറ്റിന്റെ സ്ഥിരം ഡയലോഗ് ഉയർന്നു കേൾക്കാൻ തുടങ്ങി. കോഴിക്കോട്ടേക്കുള്ള വണ്ടിയാണ്.. മുഴുവൻ മലയാളികളും. അതാലോചിച്ചിട്ടെങ്കിലും ഇനിയെന്നാണാവോ ഇത്തരം അറിയിപ്പുകൾ എല്ലാവർക്കും തിരിയുന്ന വിധം മലയാളത്തിലാക്കുന്നത്.
വിമാനം പതിയെ ഉയർന്നു. ഞാനാണെങ്കിലോ കാത്തു കാത്തു കാത്തു നിന്നു... നോക്കി നോക്കി നോക്കി നിന്നു.... മന്ദാരപ്പൂവിരിയണതെങ്ങിനാണെന്നറിയാനൊന്നുമല്ല.. ആ വിമാനപ്പെണ്ണിന്റെ വരവും കാത്ത് കാത്ത് കാത്തുനിന്നു..... നോക്കി നോക്കി നോക്കി നിന്നു.....
_________________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക