നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാവി I AadhiWarrier

 ഭാവിയിൽ ആരാകണമെന്നാണ്
ആഗ്രഹമെന്നാണ് ചോദ്യം ...
കറുത്ത ബോർഡിൽ നല്ല കയ്യക്ഷരത്തോടെ
മാലിനി ടീച്ചർ അതെഴുതിവച്ചു ....
എല്ലാവരും നാളെ മറക്കാതെ ഇതെഴുതികൊണ്ടുവരണം ...
നല്ല കുറിപ്പുകൾക്കു സമ്മാനമുണ്ട് ......
ബെല്ലടിയുടെ ആരംഭത്തിനു മുമ്പേതന്നെ
സഞ്ചിയിലേക്കു ബുക്ക് തിരുകുന്ന
തിരക്കിലായിരുന്നു അപ്പുണ്ണി .....
ഇനിയിപ്പൊ നേരെ പോവേണ്ടത് അമ്മ
വേലയ്ക്കു നിക്കണ വീട്ടിലേക്കാണ്..
അവിടെ എണ്ണയാട്ടുന്ന ഒരു ചക്കുണ്ട് ....
അവിടെനിന്നു എണ്ണയൊക്കെ പാത്രത്തിലാക്കി
കവലയിലെ തോമസ്സുമാഷിന്റെ കടയിൽ
കൊടുക്കണം എന്നിട്ട് വയ്‌ക്കോലെടുത്തു
തിരിച്ചെത്തി പശൂനെ കുളിപ്പിക്കണം ....
അപ്പുണ്ണിയ്ക്ക് പേടിയാണ് പശൂനെ ....
പക്ഷെ അങ്ങനെ ചെയ്തിലെല് നാരായണിത്തള്ള
അനാവശ്യം വിളിച്ചു പറയും ....
അമ്മയെ പണ്ടേതോ പണ്ടിച്ചെക്കൻ
കെട്ടിക്കൊണ്ടു വന്നിട്ട് ഇവിടെ ഉപേക്ഷിച്ചതാണെത്രെ ....
അങ്ങാനാവുമ്പോ അപ്പുണ്ണിടെ
അച്ഛനൊരു തമിഴനാത്രേ .....
അതിലൊന്നും അപ്പുണ്ണിക്ക് സങ്കടമില്ല ...
പക്ഷെങ്കി മൂപ്പരിന്നേവരെ അപ്പുണ്ണിയെ കാണാൻ വന്നിട്ടേയില്ലത്രേ ....അപ്പുണ്ണിയുടെ ചങ്ങായിയുണ്ട്
അവന്റെ അച്ഛനങ് തമിഴ്നാട്ടിലാണ് ...
അവിടെയുള്ളോരൊക്കെ വല്യ ദേഷ്യക്കാരാണത്രെ .....
അങ്ങനെ വരുമ്പൊ അപ്പുണ്ണിടെ അച്ഛനും വല്യ ദേഷ്യക്കാരനാകും ......
ചക്കിലേക്കുള്ള ഓട്ടത്തിൽ
വെള്ളാട്ടുകടവിലെ വല്യ മരത്തിന്റെ
വേരില് തട്ടി അപ്പുണി വീണു ....
കരയാനൊന്നും നേരമില്ല ...
അല്ലേലും അപ്പുണ്ണി കരയാറില്ല ....
അമ്മ പറഞ്ഞേക്കുന്നത് ഒന്നിനും
കരയരുതെന്നാണ് ...
പരിയാരം വീടിനോടു ചേർന്നുള്ള
തോട്ടുവക്കില് തത്തപ്പച്ച നിറത്തിലെ
ചെടി പറിച്ചെടുത്തു വച്ചാല് മുറിവൊക്കെ വേഗം ഉണങ്ങുമെന്നു അപ്പുണ്ണിയ്ക്കറിയാം ....
ഇന്നാളൊരു ദീസം പണിചെയ്യുന്ന
വീട്ടിലെ ഓട്ടുരുളി ആരാണ്ടൊ കട്ടോണ്ടു
പോയപ്പൊ അവിടത്തെ പണിക്കരമ്മാവൻ
അമ്മെടെ പുറത്തു ചൂരലു കൊണ്ടു തല്ലുന്നത്
അപ്പുണ്ണിയും കണ്ടു നിന്നതാണ് .....
തൊണ്ടയിലേക്കു വന്ന നിലവിളി
പുറത്തേക്കു വരാതെ അമ്മയെന്ന്
കണ്ണുകളൊക്കെ ഇറുക്കിയടച്ചു നിന്നതാണ് .....
രാത്രി പെരുമഴ പെയ്യുമ്പോ പൊട്ടിയ
ഓലകീറിലൂടെ വെള്ളമിങ്ങനെ താഴേക്കു വീഴും ...
അവിടെയാ സ്ഥാനത്തു അമ്പാട്ടിലെ
പഴയൊരു ഇഡ്ഡലിപാത്രം വച്ചിട്ട് വെളളം പിടിക്കും ...
മഴയെക്കാൾ അമ്മെടെ കണ്ണീരുണ്ടെന്നു
അപ്പുണ്ണിക്ക്‌ തോന്നി ....
ബ്ലൗസ് മാറ്റി പുറം തിരിഞ്ഞു നിന്നിട്ട് അമ്മ
അപ്പുണ്ണിയോട് ചോയ്ക്കും ...
" ചോയ്പ്പുണ്ടോ ഉണ്ണിയേയ് .....
അപ്പുണ്ണി മൂളികൊണ്ടു തലയാട്ടും ....
തറയിലൂടെ അട്ട പോവുന്നപോലെയാണ്
അമ്മെടെ പുറത്തു പാടുകൾ ....
"ഉണ്ണീ പോയി പരിയാരത്തെ
ഇലയെടുത്തുവാ ...
നനയാതെപോകാൻ അപ്പുണ്ണിക്കു
കഴിയാറില്ല ...നനഞ്ഞ തോർത്തെടുത്തു
തലയിട്ടു ചെമ്മനത്തെ പഴയ വാറുപൊട്ടിയ
ചെരുപ്പ് ഒരണ്ണം കാലിലും മറ്റേതു
വാറുകയറ്റിക്കൊണ്ടും ഇരുട്ടിലേക്കു
അപ്പുണ്ണി ഓടിമറയും ......
തല്ലിയെടുത്ത ഇലച്ചാറിടുത്തു
അമ്മെടെ പുറകിലേക്കൊഴിക്കുമ്പോ
അപ്പുണ്ണി ശബ്ദമിടറിക്കൊണ്ട് ചോയിക്കും ...
"നീറ്റലുണ്ടോ അമ്മെ ....."
വിങ്ങിപ്പൊട്ടിയ ശബ്ദത്തോടെ
ഇറുക്കെ കണ്ണുകളടച്ചു
അമ്മ നുണപറയും ......
അവധിദിവസങ്ങളിൽ പരിയാരത്തെ
തൊടിയിലെ കശുമാവിൻ ചുവട്ടിലാണേൽ
കുട്ട്യോളൊക്കെ കാണാറുണ്ട് ....
എന്നാലവരൊന്നും അപ്പുണ്ണിയെ കളിക്കാൻ കൂട്ടാറില്ല ....എന്നുവച്ചാല് അന്നൊന്നും
കളിച്ചുനടക്കാനൊന്നും അപ്പുണ്ണിക്കു
സമയമില്ല ...
തൊടിയിലെ ഉണങ്ങിയ ഓലയും
വീണുകിടക്കുന്ന തേങ്ങയുമൊക്കെ
പെറുക്കികൂട്ടി അങ്ങേക്കില്ലേ പഴയ
ഓടുകെട്ടിടത്തിൽ കൊണ്ടിടണം ..
ഉച്ചവെയിലത്തു ഊരണതെന്തെലും
കാണുമെന്നു പറഞ്ഞു അപ്പുണ്ണിയുടെ
അമ്മയും കൂടെകാണും ...
അന്നാണ് അപ്പുണ്ണിക്കു പണിക്കത്തു
നിന്നു ചോറും കൂട്ടാനും കിട്ടുന്നത് ....
വക്കുപൊട്ടിയ ഒരു പ്ലാസ്റ്റിക് പാത്രമുണ്ട് ...
നിറയെ പൂക്കളുടെ ചിത്രമുള്ള ഒരു പാത്രം ...
അതിന്റെ നിറമൊക്കെ മങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നാലും അപ്പുണി പറയണത് അതിനു അവന്റെ വീട്ടിലെ പാത്രങ്ങളേക്കാൾ ഭംഗിയുണ്ടെന്നാണ് .....
പഴകിയ ചോറും കൂട്ടത്തില് ഇന്നലത്തെ
കറികളുമൊക്കെ ഒരുമിച്ചാക്കി
അപ്പുണ്ണിക്കു കൊടുക്കും ....
അവനതു ഒരു പറ്റുപോലും ബാക്കിവയ്ക്കാതെ കഴിക്കും ....ഒന്നിനും പരാതി പറയാൻ അവനാകുമായിരുന്നില്ല ....
പാത്രം കഴുകുന്ന നേരത്തു
അമ്മയവനോടു ചോയ്ക്കും ..
ഉണ്ണീ ...ചോറു മതിയോ ...
ഇല്ലെന്നു പറഞ്ഞാലും ചൊറിനി
കിട്ടില്ലാന്നു അവനു നന്നായറിയാം ...
ചിരിച്ചുകൊണ്ട് അവനും നുണപറയും .....
സന്ധ്യയ്ക്കു മഴപെയ്യുന്നത് നന്നല്ലെന്നു
അവനോടു അമ്മ പറഞ്ഞിട്ടുണ്ട് ...
പക്ഷെ നല്ലതായുള്ള എന്താണു
അപ്പുണ്ണിയ്ക്കുള്ളതെന്നു ചിന്തിക്കാറുണ്ട് .....
കവലയില് എണ്ണ കൊടുക്കാൻ പൊവുന്ന നേരത്തൊക്കെ വാസുവേട്ടന്റെ ചായക്കടയില് തമിഴര് പൊറോട്ട കഴിക്കുന്നത് കണ്ടിട്ടുണ്ട് ...
അപ്പുണ്ണി വെറുതെയെങ്കിലും അവിടെയാ കഴുക്കോലിന്റെ അറ്റത്തു പിടിച്ചോണ്ട് നില്ക്കും ...
"കൊതിക്കാണ്ട് പോടാ ചെറുക്കാ ...."
വാസുവേട്ടന്റെ പണിക്കാരൊക്കെ
ആട്ടും ....
അപ്പുണ്ണിക്കു കൊതിയായിട്ടല്ല ...
അക്കൂട്ടത്തിൽ അപ്പുണ്ണിയുടെ അച്ഛനെങ്ങാനുമുണ്ടാകുമോ
എന്നോർത്താണ്‌ അവനവിടെ നില്ക്കുന്നത് തന്നെ .....
ഇന്നാളൊരു ദീസം അമ്പലത്തിലെ
എംബ്രാന്തിരി അവിടെ പറയണത് കേട്ടുവത്രെ ...
മോൾക്ക് വിശേഷമുണ്ടെന്നും ഇപ്പൊ പലഹാരങ്ങളൊക്കെ ഒത്തിരി വരുന്നുണ്ടെന്നും ....
പഞ്ചറായ കീറിയ ടയറുമുരുട്ടി അപ്പുണ്ണി
അമ്മെടെ അടുത്തേക്കു ഓടിച്ചെന്നു ചോദിച്ചു ....
"അമ്മെ വയറ്റിൽ വിശേഷമുണ്ടച്ചാ എന്തിനാ ഇങ്ങനെ പലഹാരങ്ങൾ കൊടുക്കണേ ....."
"അതോ ...അതവർ സ്നേഹം കൊണ്ടല്ലേ ഉണ്ണിയേയ് ....."
"അപ്പൊ അമ്മയ്ക്കു കിട്ടീട്ണ്ട ....."
മറുപടിയായി അമ്മയൊന്നും പറഞ്ഞില്ല ....
നാളെ മാലിനി ടീച്ചർ പറഞ്ഞ
കുറിപ്പിന് അപ്പുണ്ണി രണ്ടു വാചകമേ
എഴുതിയുള്ളൂ ....
അമ്മെടെ ദീനം മാറ്റണം ....പണിക്കത്തു വീട്ടിലെ ചോറു കൂടുതല് കിട്ടണം ...
തമിഴ്‌നാട്ടിലേക്ക് പോവാൻ അച്ഛനെ കണ്ടുപിടിക്കാൻ അപ്പുണ്ണി ഇനീം വലുതാവണമെന്നാണ് കടവിലെ
ചേട്ടനും പറഞ്ഞത് അതോണ്ട് പെട്ടെന്നു വലുതാവണം ...
പിറ്റേന്നു മാലിനി ടീച്ചർ
അവനെയെഴുന്നേല്പിച്ചു നിർത്തി എന്നിട്ട് അപ്പുണ്ണിയോടു ചോയ്ച്ചു ...
"ഡാ നിനക്കാരാകണമെന്നാണ്
ആഗ്രഹമെന്നല്ലേ ചോദിച്ചത് ...
അല്ലാതെ നിന്റെ മോഹങ്ങളല്ലലോ ...."
തലതാഴ്ത്തി നിന്ന അപ്പുണ്ണി പെട്ടെന്നു
ടീച്ചറോട് പറഞ്ഞു ....
"ടീച്ചറെ അമ്മ പറഞ്ഞത് ഭാവിയില്
ആരായാലും എല്ലാവരോടും സ്നേഹം കാണിക്കണമെന്നാണ് ...."
"എന്നിട്ട് നീയതെന്താ എഴുതാത്തെ ....."
"അത് ...അമ്മ പറഞ്ഞത് ...
അച്ഛനു അമ്മയെ ഒരുപാടു
സ്നേഹമുണ്ടെന്നാണ് ...
എന്നിട്ട് അച്ഛൻ എന്നെയോ
അമ്മയെയോ കാണാൻ ഇന്നുവരെ വന്നില്യ ...അതോണ്ട് എനിക്കാരേം സ്നേഹിക്കണ്ട ......
അങ്ങനെയുള്ള സ്നേഹോം വേണ്ട ......"
അപ്പുണ്ണി കരഞ്ഞുതുടങ്ങി ......
കരയാൻ പാടില്ലായെന്ന
അമ്മയുടെ വാക്കുകൾ അവനപ്പോ ഓർത്തു .....
കണ്ണുനീർ തുടച്ചവൻ കവിളുകളും അമർത്തിതുടച്ചു .....
പരിയാരത്തെ തത്തപ്പച്ചയിലകൾ
അപ്പാടെ മണ്ണിലടിയിലാവുന്ന തരത്തില്
തോട്ടിലെ വെളളം കരയ്ക്കു കയറി ....
മഴ പെയ്തുകൊണ്ടേയിരുന്നു ........
By Aadhi Warrier

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot