Slider

അഫ്ഗാനി I ഹക്കീം മൊറയൂർ

0
 

ആ അഫ്ഗാനി എനിക്കെങ്ങനെയാണ് അത്രക്ക് പ്രിയപ്പെട്ടവനായത്.
അഫ്ഗാനി എന്ന് കേൾക്കുമ്പോഴേ ഭീകരനാണെന്നായിരുന്നു എന്റെ മനസ്സ് പറഞ്ഞിരുന്നത്. സൗദിയിൽ വെച്ചാണ് ഞാൻ അഫ്ഗാനികളെ ആദ്യമായി കാണുന്നത്.
ഞാൻ കണ്ട അഫ്ഗാനികൾക്കെല്ലാം എന്നേക്കാൾ ഉയരമുണ്ടായിരുന്നു. നീണ്ട താടിയും തീക്ഷ്ണമായ കണ്ണുകളും അവരുടെ വ്യത്യസ്തമായ വേഷവിധാനങ്ങളും ചുമലിലൂടെ പൊതിഞ്ഞ കരിമ്പടവും തലയിലെ തലപ്പാവും എന്ത് കൊണ്ടോ എന്നെ അവരിൽ നിന്നും അകറ്റി നിർത്തി.
കടയിൽ ഇടക്കിടെ ചില അഫ്ഗാനികൾ സാധനങ്ങൾ വാങ്ങാൻ വരും. പൊളിഞ്ഞു പാളീസായ ഗല്ലാബിലാണ് അവർ വരുക. കൈകളിൽ അഴുക്കും ഉടുപ്പുകളിൽ ചെളിയും ഉണ്ടാവും. വാർക്ക പണിക്കുള്ള കമ്പികൾ വളരെ നിസ്സാരമായി അവർ കൈ കൊണ്ട് വളച്ചെടുക്കും.
ളുഹർ സലക്ക് കട അടക്കുമ്പോൾ സ്ഥിരമായി കമ്പി എടുക്കാൻ വന്നിരുന്ന ഒരു അഫ്ഗാനിയുണ്ട്. ആജാനുബാഹുവായ ഒരു മനുഷ്യൻ. അയാളുടെ വണ്ടിയിൽ എപ്പോഴും പാതി കഴിച്ച അഫ്ഗാൻ റൊട്ടിയും ഫൂലും കാണും. അഫ്ഗാനികളിലെ ഒറ്റയാൻ ആണയാൾ. ഏത് ഭാരപ്പെട്ട ജോലിയും ഒറ്റക്ക് ചെയ്യും. പെരുന്നാൾ ദിവസം പോലും ജോലി ചെയ്യുന്ന ഒരു അഫ്ഗാനി ഉണ്ടെങ്കിൽ അത്‌ അയാൾ മാത്രമായിരിക്കും.
തഴമ്പു മൂത്തു കരിങ്കല്ല് പോലെയായ കൈകൾ ആയിരുന്നു അയാൾക്ക്. കറുത്ത വെട്ടി ഒതുക്കാത്ത വലിയ താടി കഴുത്തിനു താഴേക്ക് വളർന്നിരുന്നു. വെയിലേറ്റ് കരുവാളിച്ച മുഖത്തെ കണ്ണുകളിൽ വന്യമായ ഒരു കനൽത്തരി വീണു കിടന്നിരുന്നു. പുറത്ത് കാണുന്ന ഭാഗത്തെല്ലാം അസാമാന്യമായ രോമ വളർച്ചയായിരുന്നു അയാൾക്ക്.
എപ്പോഴും ധൃതി ആയിരുന്നു അയാൾക്ക്. സിമന്റ്‌ കയറ്റാനും കമ്പി മുറിക്കാനും എല്ലാം ഭയങ്കര ധൃതി. അയാളുടെ ധൃതി കാരണം പലപ്പോഴും ഞാൻ അയാളോട് മുഷിഞ്ഞു സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അയാൾ എന്നോട് ക്ഷമാപണം നടത്തും.
അയാൾ കൈ ഒന്ന് വീശിയാൽ പൊടിഞ്ഞു പോവാൻ മാത്രമേ ഉള്ളൂ ഞാൻ. എന്ത് കൊണ്ടോ അയാൾ തിരിച്ചെന്നോടു ഒന്നും പറയാറില്ല.
കടയിൽ വരുന്ന മറ്റു അഫ്ഗാനികൾ എല്ലാം അയാളോട് അല്പം അകലം പാലിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. പരിചയമുള്ള ഒരു അഫ്ഗാനിയോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അയാൾ വേറെ ഏതോ ഗോത്രക്കാരൻ ആണെന്നാണ്. ആരോടും അധികം അടുക്കാത്ത പ്രാകൃത വർഗ്ഗക്കാരിൽ പെട്ടയാൾ. അവർ സംസാരിക്കാൻ ശ്രമിച്ചാലും കുറച്ചു മാത്രം സംസാരിച്ചു അയാൾ ഒഴിഞ്ഞു നിൽക്കും.
ഒരു പെരുന്നാൾ ദിവസം ഒരു ചെറിയ കോൺക്രീറ്റ് ചെയ്യാൻ സിമന്റ്‌ ചോദിച്ചു വന്നപ്പോഴാണ് ഞാൻ അയാളോട് കൂടുതൽ സംസാരിച്ചത്.
പെരുന്നാൾ ദിവസവും പണിക്ക് പോവാൻ മാത്രം ആക്രാന്തം വേണോ എന്നായിരുന്നു എന്റെ സംശയം. എന്റെ ചോദ്യം കേട്ട് അയാൾ കുട്ടികളെ പോലെ നിഷ്കളങ്കമായി പുഞ്ചിരിച്ചു.
ഈ പണി ചെയ്താൽ അയാൾക്ക് നൂറ്റമ്പത് റിയാൽ അധികം കിട്ടുമത്രെ. അത്‌ കൊണ്ടാണ് പെരുന്നാൾ നിസ്കാരം കഴിഞ്ഞ ഉടനെ അയാൾ പണിക്കിറങ്ങിയത്.
ഈ പൈസയൊക്കെ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് അയാൾ ഒന്നും മിണ്ടിയില്ല. സിമെന്റും കമ്പിയും എടുത്തു പൈസയും തന്നു അയാൾ പോയി.
അന്ന് രാത്രി അയാൾ വീണ്ടും വന്നു രണ്ട് ചാക്ക് സിമന്റ്‌ കൂടെ കൊണ്ട് പോയി. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അയാൾ കടയിൽ വന്നത്. ഇത്തവണ നല്ല വൃത്തിയായിട്ടാണ് വന്നത്. ധരിച്ച വസ്ത്രങ്ങൾ എല്ലാം പുതിയതായിരുന്നു. താടിയും മീശയും വെട്ടി ഒതുക്കിയിരുന്നു. തലപ്പാവും കമ്പിളിയും പക്ഷെ പഴയത് തന്നെയായിരുന്നു.
അന്നാദ്യമായി അയാൾ കുറെ സംസാരിച്ചു. അയാളെ കുറിച്ചും അയാളുടെ നാടിനെ കുറിച്ചും മാതാ പിതാക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം.
ആറു വർഷമായി അയാൾ നാട്ടിൽ പോയിട്ടില്ല. ഇത്തവണത്തെ പോക്കിന് ഒരു പ്രത്യേകതയുണ്ട്. സന്ദർശക വിസയിലോ മറ്റോ കുടുംബത്തെ മൊത്തം അയാൾ സൗദിയിലേക്ക് കൊണ്ട് വരുന്നുണ്ട്. ആ സന്തോഷം എന്നോട് പങ്കു വെക്കാനാണ് അയാൾ വന്നത്.
കോടയിൽ മുങ്ങി കുളിച്ച ഒരു ദിവസമായിരുന്നു അന്ന്. കടയിൽ തീരെ ആളുണ്ടായിരുന്നില്ല. കുറെ സംസാരിച്ചു ഒടുവിൽ എന്നെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു അയാൾ പോയി.
ദിവസങ്ങൾ കടന്നു പോയി. അയാളെ കണ്ടില്ല. പോകെ പോകെ ഞാൻ അയാളെ മറന്നു പോയി.
അഞ്ചാറു മാസം കഴിഞ്ഞപ്പോൾ അയാളുടെ കൂടെ ഇടക്ക് ജോലി ചെയ്തിരുന്ന വേറെ ഒരു അഫ്ഗാനിയെ സൂപ്പർ മാർക്കറ്റിൽ വെച്ച് ഞാൻ കണ്ടു. അയാൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ച് കലങ്ങി പോയി.
അബ്ദുൽ ഭാക്കി മരിച്ചു പോയി എന്നാണയാൾ പറഞ്ഞത്. അയാളുടെ കുടുംബം ജീവിച്ചിരുന്ന നാട് എപ്പോഴും സംഘർഷ ഭരിതമായിരുന്നു. പട്ടാളവും ഭീകരരും പരസ്പരം പോരാടുന്ന മലമടക്കുകൾ നിറഞ്ഞ നാട്. പട്ടാളവും ഭീകരരും മാറി മാറി ഗ്രാമീണരുടെ ജീവിതം നരക തുല്യമാക്കി.
ഏതൊരു അഫ്ഗാനിയെയും പോലെ അബ്ദുൽ ഭാക്കിയും സൗദിയിൽ വന്നത് തന്റെ കുടുംബത്തിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി മാത്രമായിരുന്നു.
ആറു വർഷം ചോര നീരാക്കി അധ്വാനിച്ചു അയാൾ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എങ്ങനെയെങ്കിലും കുടുംബത്തെ സൗദിയിൽ എത്തിച്ചു പിന്നീട് സന്ദർശക വിസ പുതുക്കി ഇവിടെ തന്നെ തുടരാനായിരുന്നു അയാളുടെ തീരുമാനം.
അബ്ദുൽ ഭാക്കി നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം ഉണ്ടായ വെടി വെപ്പിൽ അയാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും അവരുടെ യാത്ര മുടങ്ങുകയും ചെയ്തു.
അയാൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്റെ ചെവികൾ അടഞ്ഞു പോയിരുന്നു.
പിന്നീട് കുറെ നാൾ എന്റെ മനസ്സിൽ ഒരു നോവായി അബ്ദുൽ ഭാക്കിയും ഇന്നെ വരെ ഞാൻ കാണാത്ത അയാളുടെ കുടുംബവും ഒരു വേദനയായി.
അങ്ങനെ എത്രയോ ആളുകൾ ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം പോലുമില്ലാതെ നരകിച്ചു ജീവിക്കുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള നമ്മളൊക്കെ അഹങ്കാരത്തോടെ അവരുടെ രക്തവും കണ്ണീരും വീണ ഭൂമിയുടെ മറ്റൊരു അറ്റത്തു സസന്തോഷം വാഴുന്നു.
ഇന്നലെ വീണ്ടും അബ്ദുൽ ഭാക്കിയെ ഓർക്കാനുള്ള കാരണം റാഷിദ്‌ ഖാനാണ്.
വെടിയുണ്ടകൾ കഥ പറയുന്ന അഫ്ഗാൻ മല നിരകളിൽ നിന്നും ഒരിക്കലും തളരാത്ത പോരാട്ട വീര്യവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച റാഷിദ്‌ ഖാൻ.
ഇന്നലെ നടന്ന മത്സരത്തിൽ എട്ടാമനായി അയാൾ ക്രീസിൽ എത്തുമ്പോൾ ടീമിന് വിജയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. 13 ബോളിൽ 21 റൺസ് മാത്രം മതിയായിരുന്നു അപ്പോൾ.
എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഔട്ടായി നിസ്സഹായനായി അയാൾ മടങ്ങുമ്പോൾ സ്‌ക്രീനിൽ കണ്ട അയാളുടെ മുഖത്തെ പോരാട്ട വീര്യത്തിന് അല്പം പോലും കുറവ് വന്നിരുന്നില്ല.
ഇത് പക്ഷെ ഒരു ഗെയിം മാത്രമാണ്. നാളെ അയാൾക്ക് വീണ്ടും അവസരം ലഭിച്ചേക്കാം.
പക്ഷെ,
അബ്ദുൽ ഭാക്കിക്ക് അങ്ങനെയല്ലല്ലോ.
മുറിച്ചു മാറ്റിയ കാലുകളുമായി അഫ്ഗാന്റെ മല മടക്കുകളിൽ എവിടെയോ തന്റെ കുടുംബത്തെയും ചേർത്തു പിടിച്ചു ഒരിക്കലും തളരാത്ത പോരാട്ട വീര്യവുമായി അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.
Written by Hakeem Morayoor
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo