Slider

ഇഷ്ടം I Ammu Santhosh

0

 "സത്യത്തിൽ ഇപ്പോൾ കല്യാണം വേണ്ട എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നതാ. ഞാൻ ഒരു പാട് ആഗ്രഹിച്ചു കിട്ടിയ ഒരു ജോലിയാണ്. സ്വാതന്ത്രത്തോടെ കുറച്ചു നാൾ ഇത് മാത്രമായ് പോകണമെന്നാണ്. പിന്നെ സാധാരണ ഒരു പെൺകുട്ടി ആഗ്രഹിക്കും പോലെ എപ്പോഴും ഒപ്പമിരിക്കാൻ പറ്റാത്ത ജോലിയാണല്ലോ പോലീസ്.. കുറച്ചു റിസ്ക് ഉണ്ട് താനും.. പേരെന്താണെന്നാ പറഞ്ഞത്?"
"അലീന "അവൾ പുഞ്ചിരിച്ചു.
"ങാ അലീന.. അപ്പൊ നിങ്ങൾ പറഞ്ഞോളൂ ഇഷ്ടായില്ലെന്ന് "
"അതിപ്പോ സാറിനും പറയാമല്ലോ. എന്നെ ഇഷ്ടമായില്ലെന്ന്.. എനിക്കും ഇപ്പൊ കല്യാണം വേണ്ടെന്ന് പറഞ്ഞിട്ട് വീട്ടുകാർ കേൾക്കുന്നില്ല. അച്ഛന് കഴിഞ്ഞയാഴ്ച്ച ഒരു അറ്റാക് വന്നപ്പോൾ തൊട്ട് പേടിയാ അതാണ്‌ ഈ പ്രൊപോസൽ.. ഇത് അല്ലെങ്കിൽ മറ്റൊന്നു എന്തായാലും അച്ഛൻ നടത്തും. അശ്വിൻ സാർ എന്നെ ഇഷ്ടായില്ലന്നങ് പറഞ്ഞോളൂ "
അയാൾ ഒന്ന് തലയാട്ടി..
"ഞാൻ അങ്ങനെ പറഞ്ഞാൽ തന്റെ അച്ഛന് വിഷമമാകുമോ?"അയാൾ സംശയത്തോടെ ചോദിച്ചു
"ഹേയ് ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ. അച്ഛൻ പോലിസ് ആയിരുന്നത് കൊണ്ടാണ് ഈ പ്രൊപോസൽ അച്ഛനത്ര ഇഷ്ടായത്. പക്ഷെ അച്ഛൻ സ്ട്രോങ്ങ്‌ ആണ്
പറഞ്ഞോളൂ. ഇന്ന് തന്നെ രണ്ടു പേര് കൂടി കാണാൻ വരുന്നുണ്ട്. ഒരു ടീച്ചർ, പിന്നെ ഒരു ബാങ്കുദ്യോഗസ്ഥൻ.ആരെയെങ്കിലും ഫിക്സ് ചെയ്യും.. വിഷമിക്കണ്ടന്നെ "
അയാൾ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി.
നിഷ്കളങ്കമായ മുഖം.
കൗതുകം നിഴലിക്കുന്ന വലിയ കണ്ണുകൾ.
ചെറിപ്പഴത്തിന്റ നിറമുള്ള നേർത്ത ചുണ്ടുകൾ..
അവൾ ധരിച്ചിരുന്ന ഇളം മഞ്ഞ കോട്ടൺ സാരിയുടെ തുമ്പു കാറ്റിൽ പറക്കുന്നത് കാണാൻ പോലും നല്ല ഭംഗി..
ഇത്രയും പാവമായ ഒരു പെൺകുട്ടിക്ക് തന്നേ സഹിക്കാനാവില്ല എന്നയാൾക്ക് തോന്നി.
തന്റെ മുൻകോപം, വാശി, ആരെയും പെട്ടെന്ന് വെറുപ്പിക്കുന്ന സ്വഭാവം. പിന്നെ തന്റെ ജോലി. ഉറപ്പായും ശത്രുക്കൾ കൂടുതലാവും.. അത്ര നല്ല സ്വഭാവമാണല്ലോ.. ഇവൾ കുറച്ചു കൂടി പാവമായ ഒരാളെ കല്യാണം കഴിക്കട്ടെ.
"എന്താ ചെയ്യണേ?അത് ചോദിക്കാൻ മറന്നു "അയാൾ നടക്കാൻ തുടങ്ങവേ പെട്ടെന്ന് ചോദിച്ചു
"പത്രത്തിലാണ്. ജേർണലിസ്റ്റ് "
അവൾ വീണ്ടും ചിരിച്ചു
"ഓ.. ഓക്കേ. ശരി "
"സാറിനെ ഞാൻ കണ്ടിട്ടുണ്ട്... കോഴിക്കോട് ഒരു റയറ്റ് ഉണ്ടായില്ലേ? അന്ന് ഞാനാണ് ആ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ വന്നത്. സാറന്ന് എന്നെ പ്രൊട്ടക്റ്റ് ചെയ്തിരുന്നു. ഓർക്കാഞ്ഞിട്ടാണ്."
അയാൾ വിടർന്ന കണ്ണുകളോടെ നോക്കി.
"സാറിന്റെ കൈ അന്ന് മുറിഞ്ഞില്ലേ വലതു കൈ. അത് എന്റെ മുഖത്തിന്‌ നേരെത്തെ വന്ന ഒരു ഗ്ലാസ്‌ ബോട്ടിൽ തടഞ്ഞതാണ്."
അയാൾ തന്റെ വലതു കയ്യിലെ മുറിപ്പാടിലേക്ക് നോക്കി.
", ഞാൻ ഓർക്കുന്നില്ല "
"അന്ന് സാറെന്റെ മുഖത്ത് നോക്കിയില്ല. "അവൾ ചിരിച്ചു
"താൻ എന്നെ ഇത്രയും കൃത്യമായി ഓർത്തു വെച്ചല്ലോ താങ്ക്സ് "
"ജോലി അതല്ലേ സാർ..?പിന്നെ സാറിനെ ഞാൻ ഹോസ്പിറ്റലിൽ വന്നു കണ്ടിരുന്നു. ഉറക്കമായിരുന്നു. "
അച്ഛൻ വാതിൽക്കൽ വന്നപ്പോൾ ആ സംഭാഷണം അവിടെ മുറിഞ്ഞു
പോകാനിറങ്ങിയപ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കി. രണ്ടാമത്തെ നിലയുടെ ബാൽകണിയിൽ അവൾ. അതേ ചെറിയ ചിരി.
താല്പര്യമില്ല എന്ന് അമ്മാവൻ മുഖേന അറിയിച്ചു
എന്തൊ ഒരു നഷ്ടബോധം തോന്നുണ്ടായിരുന്നു അയാൾക്ക്. ആ വലിയ കണ്ണുകൾ.. കോർത്തു വലിക്കും പോലെ. പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാൾ അത് മറന്നു തുടങ്ങി.
മിനിസ്റ്റർ രാമചന്ദ്രന്റെ കാബിനിലേക്ക് കൊടുങ്കാറ്റ് പോലെ അബ്കാരി ജോസഫ് മാമച്ചൻ കയറി വന്നത് ഒരു ഉച്ചക്കായിരുന്നു
"ആരാണ് ഈ അശ്വിൻ? വെറുമൊരു സർക്കിൾ ഇൻസ്‌പെക്ടർ അല്ലെടോ? അവനെ പോലും നിയന്ത്രിക്കാൻ പറ്റുന്നില്ലെടോ "
മിനിസ്റ്റർ ജാള്യതയോടെ മാമച്ചന്റെ മുഖത്ത് നോക്കി
"മാസമാസം ഇവിടെ കിട്ടുന്നതിന് കുറവ് വല്ലോമുണ്ടോ? പാർട്ടി ഫണ്ട്‌ സ്വന്തം ഫണ്ട്‌.. കൃത്യമായി കിട്ടുന്നുണ്ടല്ലോ അല്ലെ? അപ്പൊ എന്റെ കാര്യങ്ങളും കൃത്യമായി നടക്കണം.."
"ജോസഫ് സാറെ ആ ചെക്കൻ ഒരു ബോംബാണ്.. തൊട്ടാൽ പൊട്ടുന്ന ഒരു ബോംബ്. സൊസൈറ്റി യിൽ നല്ല ഇമേജ് ഉള്ള പോലീസ് ഓഫീസറാ. അയാളെ തൊട്ടാൽ പാർട്ടിക്ക് ക്ഷീണമാ അത്.പിന്നെ അവന്റെ അച്ഛനെ അറിയാമല്ലോ.. തന്നേ ക്കാൾ വലിയ തെമ്മാടിയാ. ചെക്കനെ തൊട്ടാൽ തന്നെ അയാൾ തട്ടും "
"ഓ പിന്നെ ഞൊട്ടും.ഞാൻ അവനെയങ്ങ് തട്ടിയാലോന്നു ആലോചിക്കുവാ .."അയാൾ കുറുക്കന്റെ കൗശലത്തോടെ പറഞ്ഞു
"അതൊക്കെ നിങ്ങളുടെ വകുപ്പാ.."മിനിസ്റ്റർ ഒരു കള്ളച്ചിരി ചിരിച്ചു
"എന്റെ എത്ര ലോഡ് സാധനങ്ങളെന്നോ അവൻ പിടിച്ചിട്ടിരിക്കുന്നത് കോടികളാ എനിക്ക് നഷ്ടം.. അവൻ ഈ ഭൂമിക്ക് വേണ്ടാ.. ഇനി "
അയാൾ വാതിൽ വലിച്ചടച്ചിറങ്ങി പോയി.
"നിന്റെ സാറിന് ഒരു ഭീഷണി ഉണ്ടല്ലോ മോളെ.."
ഒരു ലേഖനം എഴുതുകയായിരുന്നു അലീന.
സഹപ്രവർത്തകയായ ലീന പറഞ്ഞപ്പോൾ അവൾ നടുക്കത്തോടെ മുഖമുയർത്തി.
ലീനയുടെ മൊബൈലിൽ അശ്വിന്റെ ഫോട്ടോ.
കണ്ട കാഴ്ച തൊട്ട് ഭ്രാന്ത് പോലെ ഉള്ളിൽ കയറിയ മുഖം..
കാണാൻ വന്നപ്പോൾ കുറെ സന്തോഷം തോന്നി. പക്ഷെ ആളുടെ മനസ്സറിഞ്ഞപ്പോൾ മെല്ലെ ഒഴിഞ്ഞു മാറാനാണ് തോന്നിയത്. പിന്നെ എത്രയോ ആലോചനകൾ വന്നു
കഴിയുന്നില്ല ഒന്നിനും..
അവൾ ലീനയ്ക്കരികിലേക്ക് ചെന്നു.
"ആരാണ്?എന്താണ്? എപ്പോ കിട്ടി ന്യൂസ്‌?"
"പറയാം "ലീന ചിരിച്ചു
സമരമുഖത്തായിരുന്നു അശ്വിൻ. വളരെയധികം ആൾക്കാർ അതും വളരെ വയലന്റ് ആയ ആൾക്കാരുടെ ഒരു കൂട്ടം.
പൊടുന്നനെയാണ് ഒരു വാൾതലയുടെ തിളക്കം മിന്നൽ പോലെ കണ്ണിലടിച്ചതും അവൻ തിരിഞ്ഞതും. ആ നേരം തന്നെയാണ് അവന്റെ കൈകളിലേക്ക് അവൾ വന്നു വീണതും . ഉദരത്തിലൂടെ ചോര.. കുതിച്ചോഴുകുന്ന ചോര...വാൾ വലിച്ചൂരി അക്രമി ഓടി മാറുന്നത് അവൻ കണ്ടു.. അവൻ സർവം മറന്നു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.
"അലീന..."അവന്റെ ശബ്ദം ഇടറി.
"സാറിനെ അവരു കൊല്ലും..പ്ലീസ് take care..."ബോധം മറയും മുന്നേ അതിന് കാരണമായവന്റെ പേര് പേര് അവന്റെ കാതിൽ വീഴുകയും ചെയ്തു.
ആശുപത്രിയിൽ നിൽക്കുമ്പോൾ ഹൃദയം പിടഞ്ഞടിക്കുന്നത് അവന് കേൾക്കാമായിരുന്നു.
ഇഷ്ടമായിരുന്നു അലീനയെ.ആ ഒരു പെണ്ണിനെയെ കാണാൻ പോയിട്ടുള്ളു. പിന്നീട് അവൾ മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ .
പക്ഷെ തനിക് വേണ്ടി മരിക്കാൻ പോലും തയ്യാറുള്ളവളാണെന്നു അറിഞ്ഞില്ല. അത്രേം ഇഷ്ടം ഉള്ളിലുണ്ടായിരുന്നു എന്നും അറിഞ്ഞില്ലായിരുന്നു.
അവന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു..അവനൊരു നീണ്ട അവധി എടുത്തു.
ദിവസങ്ങൾ കഴിഞ്ഞു
അവർ ഒറ്റയ്ക്കായ ഒരു ദിവസം
"ഞാൻ... ഞാൻ കാരണം... സോറി.. എന്തിനാ അങ്ങനെ..എന്തിനാ എന്നെ രക്ഷിക്കാൻ സ്വയം..?"
അവൻ അവളോട് ചോദിച്ചു
അവൾ മെല്ലെ ചിരിച്ചു
"ഇങ്ങനെ ഒക്കെ ആയത് കൊണ്ട് സാറിന്റെ തീരുമാനം മാറ്റണ്ടാട്ടോ.. സഹതാപം കൊണ്ടുള്ള ഇഷ്ടം എനിക്ക് വേണ്ട "
അവൻ ചിരിക്കാൻ ശ്രമിച്ചു
ഉള്ളിൽ എന്നുമുണ്ടായിരുന്നു എന്ന് പറയണമെന്നുണ്ടായിരുന്നു.
നിന്റെ നന്മയെ കരുതി പിന്മാറിയതാണെന്നു പറയണം ന്നുണ്ടായിരുന്നു
എന്നെ പോലൊരു മുരടനെ, തെമ്മാടിയെ നിനക്ക് സഹിക്കാൻ കഴിയില്ലെന്ന് തോന്നിയിട്ട പിന്നെ കാണാഞ്ഞത് എന്നും പറയണമെന്നുണ്ടായിരുന്നു.
"അയാളെ എന്ത് ചെയ്തു?ജോസഫ് മാമച്ചനെ?"അവൾ ചോദിച്ചു
അവൻ അതിനും മെല്ലെ ചിരിച്ചതേയുള്ളു. പിന്നെ ടീവി ഓൺ ചെയ്തു വെച്ചു
വ്യവസായ പ്രമുഖനും അബ്കാരിയുമായ ജോസഫ് മാമച്ചനെ കാറപകടത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവൾ ഞെട്ടലോടെ നോക്കി
"ജീവിക്കില്ല.. ഇപ്പോൾ തീർന്നിട്ടുണ്ടാകും.ഞാൻ ഡോക്ടറോട്
സംസാരിച്ചു "അവൻ സാധാരണ പോലെ പറഞ്ഞു
"ഇത്രയും ഒക്കെ വേണോ?"അവൾ പേടിയോടെ ചോദിച്ചു
"വേണ്ടി വരും ചിലപ്പോൾ... ഞാൻ ഇങ്ങനെ ആണ്. അത് കൊണ്ടാണ് നിന്നേ മാറ്റി നിർത്തിയതും. അല്ലാതെ.."
"അല്ലാതെ?"
"ഒന്നുല്ല "
"പറ അല്ലാതെ..?"
അവൻ പെട്ടെന്ന് കുനിഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു..
പിന്നെ നെറ്റിയിൽ. കണ്ണുകൾക്ക് മുകളിൽ..
"എനിക്ക് വലിയ ഇഷ്ടാണ് കൊച്ചേ നിന്നേ.. പോരെ?"
അവൾ നിറഞ്ഞ കണ്ണുകളോടെ അയാളുടെ മുഖം പിടിച്ചു താഴ്ത്തി..
"എത്ര ഇഷ്ടം?"
"ഒത്തിരി "
"എന്ന് വെച്ചാ..""
"എന്റെ ജീവനോളം തന്നെ.."
അവൾ കണ്ണീരിനിടയിലൂടെ ചിരിച്ചു.. പിന്നെ അവന്റെ നെറ്റിയിൽ ചുംബിച്ചു..
"ലവ് യു "
"അങ്ങനെ പറയാനൊന്നും അറിയില്ല...കൂടെ ഉണ്ടാവും എന്നും "
അവൾ ഇമ വെട്ടാതെ അവനെ നോക്കിക്കിടന്നു..

Written by Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo