ഓർമ്മകളുടെ ആ അങ്ങേയറ്റത്ത്, ആദ്യം അറിഞ്ഞ എന്തെന്തെല്ലാം അനുഭവങ്ങളും അനുഭൂതികളുമുണ്ട്! പക്ഷേ, പേരെടുത്തു ചോദിച്ചാല്‍ അതിനൊന്നിനെക്കുറിച്ച് പറയാന്‍, ശേഷിക്കുന്ന ഓര്‍മയുടെ ചില്ലുകള്‍ക്ക് വ്യക്തത പോര.......
ഓര്‍ക്കായ്കകള്‍, ഓര്‍ത്തെടുത്താലും ഉടഞ്ഞു ചിതറിക്കിടക്കുന്നവയാണേറെയും. ആദ്യ ചുംബനത്തെക്കുറിച്ച്, ഇതാ എന്ന് തുടങ്ങാന്‍ വെമ്പുന്ന മനസ്സില്‍ ഏതാണാദ്യം?
സ്‌നേഹവാത്സല്യങ്ങളുടെ ആയിരം
ചുംബനപരാഗങ്ങള്‍ അലിഞ്ഞലിഞ്ഞ് ആര്‍ദ്രമായതാണ് ഓരോ ജീവകോശവും. അതില്‍ത്തന്നെ നിലാവുള്ള രാത്രിയില്‍ , കൂമ്പിനിന്ന ഒരു പനിനീര്‍ മൊട്ടിന്റെ വിടരാന്‍ തുടങ്ങുന്ന ശോണദളം പോലെ ഒരു ചുംബനം അതിലെവിടെയോ ഉണ്ടാകും.......,
ചുംബനപരാഗങ്ങള്‍ അലിഞ്ഞലിഞ്ഞ് ആര്‍ദ്രമായതാണ് ഓരോ ജീവകോശവും. അതില്‍ത്തന്നെ നിലാവുള്ള രാത്രിയില്‍ , കൂമ്പിനിന്ന ഒരു പനിനീര്‍ മൊട്ടിന്റെ വിടരാന്‍ തുടങ്ങുന്ന ശോണദളം പോലെ ഒരു ചുംബനം അതിലെവിടെയോ ഉണ്ടാകും.......,
ശരീരത്തെ ആ ചുംബനം ആര്‍ദ്രമാക്കിയപ്പോള്‍ ആത്മാവിനെയത് കിളിത്തൂവല്‍ പോലെ ഭാരമില്ലാതാക്കുകയായിരുന്നു. ...
പുറകോട്ടുപായുന്ന നൂറായിരം ദൃശ്യങ്ങള്‍, ഒരു ചലച്ചിത്രത്തിന്റെ അനന്തമായ ഫ്രെയിമുകള്‍ പോലെ ഇപ്പോള്‍ നിലയ്ക്കാതെ കണ്‍മുമ്പില്‍,..... ഇതിലേതാണ് ആ സുന്ദരസുരഭിലമായ അനുഭവം?
പുറകോട്ടുപായുന്ന നൂറായിരം ദൃശ്യങ്ങള്‍, ഒരു ചലച്ചിത്രത്തിന്റെ അനന്തമായ ഫ്രെയിമുകള്‍ പോലെ ഇപ്പോള്‍ നിലയ്ക്കാതെ കണ്‍മുമ്പില്‍,..... ഇതിലേതാണ് ആ സുന്ദരസുരഭിലമായ അനുഭവം?
തീരെ പ്രതീക്ഷിക്കാത്തൊരു നിമിഷം, .....ഒരു ഞൊടിയില്‍ കവിളിലൂടെ ആത്മാവില്‍ മുത്തി ഓടിയകലുമ്പോള്‍, പാതിവഴിയില്‍ ഒളികണ്ണിട്ട് ചിരിച്ചുചിതറിയ ആ പ്രണയം. ''#അന്നെന്നോട് #ചോദിച്ചില്ലേ, #അതിതാ.....''
എന്നൊരാമന്ത്രണത്തോടെ കവിളിലോ അതോ ചൊടിയില്‍ത്തന്നെയോ മുത്തിപ്പറിച്ചെടുത്ത ഹൃദയത്തിന്റെ ഒരു തൂവല്‍. .......
എന്നൊരാമന്ത്രണത്തോടെ കവിളിലോ അതോ ചൊടിയില്‍ത്തന്നെയോ മുത്തിപ്പറിച്ചെടുത്ത ഹൃദയത്തിന്റെ ഒരു തൂവല്‍. .......
അതിപ്പോഴും ആത്മാവിന്റെ അപാരഗഗനത്തില്‍ നിലംതൊടാതെ തത്തിപ്പറക്കുന്നുണ്ടാവണം.
അങ്ങനെത്തന്നെയാണോ ആ മന്ത്രണമെന്നറിയില്ല. ..........അടുത്തപ്പോള്‍, എങ്ങനെയെന്നറിയാതെ, എപ്പോഴാണാവോ ചോദിച്ചത്; വാക്കില്ലാത്ത, വാക്കിനേക്കാള്‍ തരംഗദൈര്‍ഘ്യം കൂടിയ ഒരാംഗ്യത്തിലോ അതല്ലെങ്കില്‍ നോക്കിലോ- അതെന്തായാലും അതിന്റെ പൊരുള്‍ മധുരചുംബനമെന്നായിരുന്നു. എന്നിട്ട്?
ഒന്നുമുരിയാടാതെ, പക്ഷേ, പിടച്ച നെഞ്ചകത്തിന്റെ തുടിപ്പും അടക്കിപ്പിടിച്ച നിശ്വാസത്തില്‍ തുടലുപൊട്ടാത്തൊരു കാറ്റിന്റെ മര്‍മരവും പൊടുന്നനെ ഉതിര്‍ന്നുപോയ ഒരു ദീര്‍ഘശ്രുതിയുടെ ഊഷ്മളതയും ഇപ്പോഴും ഹൃദയത്തെ പരിരംഭണം ചെയ്യുന്നുണ്ട്. ...
അവസാനം അതിന്റെ ഉഷ്ണം വാടാത്ത തിളപ്പില്‍ ഉരുകിയൊലിച്ചത് ഞാന്‍ തന്നെയായിരുന്നു. പിന്നെ ഉരുകിയും വീണ്ടും ഉറഞ്ഞും പിന്നേയും ഉരുകിയും ഉറഞ്ഞും കൈവന്ന നിര്‍വൃതിയുടെ നക്ഷത്ര സ്പര്ശങ്ങള്...
"പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍ ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു"എന്ന് എന്റെ രഹസ്യങ്ങളെ കവി കട്ടെടുത്തത് ഏത് ഇടനാഴിയില്‍വെച്ചായിരുന്നു?
ഒരു ഉച്ചതിരിഞ്ഞ നേരം, പോക്കുവെയില്‍ പൊന്നുരുക്കി പുല്ലിലും പൂക്കളിലുമെല്ലാം പൂശുന്ന പുറംലോകത്തുനിന്ന്, വെളിച്ചം കടന്നുവരാന്‍ മടിച്ചുനിന്ന അകത്തെ ഇടനാഴി. അകമുറികളില്‍ ഉച്ചയുടെ ആലസ്യം മയക്കിക്കിടത്തിയവരൊന്നും അറിയാതെ, ഇടനാഴി തളത്തിലേക്ക് തിരിയുന്നിടത്തുവെച്ച്, വിറയാര്‍ന്ന്, ശബ്ദത്തിനുപോലും ശബ്ദമില്ലാതെ, കൈയും കണ്ണും കരളും ദേഹമാകെയും ശബ്ദമാക്കി ചോദിച്ച ആ ചുംബനം. മടിച്ചുമടിച്ച്, സുരക്ഷയുടെ ആ ഇരുള്‍പ്പൊത്തിലും പതറി പരതിനോക്കി, വേഗത്തേക്കാള്‍ വേഗത്തില്‍, അവളും ഞാനും അറിയാതെ തന്ന ചുംബനത്തിന്റെ അനുഭൂതിദായകമായ അനുഭവം പറയുന്നതെങ്ങനെ?
പറഞ്ഞാലും അറിയുന്നതെങ്ങനെ?
ആ മധുരാര്‍ദ്രമായ അനുഭവത്തിനുമീതെ മിടിച്ച ഹൃദയം, ആരും കാണാന്‍ ഇടയില്ലെങ്കിലും കരുതിയ ഭയത്തിന്റെ പുതപ്പിനുള്ളില്‍ ഞൊടിയിടയില്‍ പതിഞ്ഞ ആ കൊടും തീവ്രമായ കനല്‍പ്പൊള്ളലിന്റെ തിളക്കം. ചുമരിലെ കാലണവട്ട തുളയിലൂടെ ഇടനാഴിയുടെ കിഴക്കെ അറ്റത്ത് വട്ടമിട്ട ഒറ്റവെയില്‍മുട്ട അന്നേരം കണ്ണുപൊത്തിയത് എന്തിനാണാവോ?
കുതറി ഓടുമ്പോലെ ഇടനാഴിയുടെ അറ്റത്തെവിടെയോ മറഞ്ഞുപോയ അവളും അവള്‍തന്ന ആ പൊള്ളുന്ന മധുരവും ഒരു സ്വപ്നമെന്നുതന്നെ തോന്നി, അവള്‍ പിന്നെ എത്രനാള്‍ മുഖംതരാതെ മാഞ്ഞും മറഞ്ഞും...
മലയാളം ക്ലാസില്‍ ലജ്ജയെ വിശദീകരിക്കുമ്പോള്‍ പറയാന്‍ തോന്നി ലജ്ജ എന്താണെന്ന്, എങ്ങനെയാണെന്ന് എനിക്കറിയാം, ഞാന്‍ കണ്ടിട്ടുണ്ട്, അന്നവളുടെ മുഖത്ത് കളമെഴുതിയ, ഒരു വാക്കിലും ഒതുങ്ങാത്ത ഭാവമാണ് ലജ്ജയെന്ന്! അതവളെ കൂടുതല്‍ സുന്ദരിയാക്കിയില്ലേ
അതിനുമേലെ നിറംചാര്‍ത്തിയ ആയിരം ചുംബനങ്ങള്‍ക്കും ആ ചുംബനത്തിന്റെ താരള്യത്തെ മായ്ക്കാനും മറയ്ക്കാനും മറക്കാനും കഴിയാതെ പോയതില്‍ അദ്ഭുതമില്ല.
ഒരുനാളും വിടര്‍ന്നുപൊഴിയാത്ത അടരാത്ത രണ്ടിതളുകളാക്കി ചുംബിച്ചത് ആയിരം ചുണ്ടുകളും ചുംബനം കൊണ്ടത് ഒരേയൊരുടലുമെന്നാലും ചുംബിച്ചതെല്ലാം ഒരേയൊരു ചൊടിയും അതുകൊണ്ട് പൊള്ളിപ്പിളര്‍ന്നത് ഒരായിരം ഉടലും ആത്മാവുമായതെങ്ങനെയാവോ?
ചുംബിച്ചത് ചുണ്ടുകൊണ്ടല്ലല്ലോ, ആദ്യം, കണ്‍മുനകൊണ്ടും വിരല്‍ത്തുമ്പുകൊണ്ടും നിറഞ്ഞ മാറിടംകൊണ്ടും യൗവനം കൊണ്ടും കൗമാരം കൊണ്ടും ദേഹമാകെക്കൊണ്ടും പിന്നെ ആത്മാവുകൊണ്ടുതന്നെയുമല്ലോ! രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നല്ല ഈ ലോകമാകെയും പൂത്തുലയുന്നതല്ലേ കണ്ടത്... ഓരോ ചുംബനവും സ്‌നേഹം മാത്രമാണ്
ജീവിതത്തിന്റെ കൊടും ശീതളിമയില്‍ ജീവനെ ഊഷ്മളമാക്കിയ മാസ്മരികാനുഭൂതികള്‍. ഇനിയും എത്രയോ ചുംബനങ്ങള്‍ക്ക് ആത്മാവ് ത്രസിക്കുന്നുണ്ട്, ഓരോ ഇതളിലും. ഒടുവില്‍ ചുംബിച്ചും ചുംബനമേറ്റും മരിച്ചുതീരുമ്പോളും ആ ചുംബനങ്ങളുടെ, വിരമിക്കാത്ത വസന്തസൗരഭങ്ങള്‍ ശേഷിക്കും. പ്രണയത്തിന്റെ മാസ്മരികത മുറ്റിനില്‍ക്കുന്ന ഈ ജീവപ്രപഞ്ചത്തില്‍ നിന്ന് ആ ദിവ്യാനുഭൂതിയെ ആവോളം കോരിക്കുടിക്കാന്‍. ...
പരസ്പരം ചുംബിക്കാന്‍ ആഞ്ഞുനില്‍ക്കുന്ന, ഇനിയും ചുംബിച്ചിട്ടില്ലാത്ത കാമിനിമാരുടെ ശില്പം, 'നിങ്ങളെത്ര ഭാഗ്യവാന്മാരെ'ന്ന ആഹ്ലാദമല്ല തീര്‍ത്തത്, ഉള്ളിന്റെയുള്ളില്‍ കണ്ണീരാണുതിര്‍ത്തത്. മധ്യവേനലവധിയിലേക്ക് ചായുന്ന ഒരു മധ്യാഹ്നത്തില്‍ കാമ്പസ് വരാന്തയുടെ കല്‍ത്തൂണുകളെ സാക്ഷിനിര്‍ത്തി ഒടുവില്‍ തന്ന ആദ്യ ചുംബനത്തിന്റെ, ആ ഓര്‍മച്ചുംബനത്തിന്റെ തിരുമുറിവില്‍ തലോടി, ....
അനിവാര്യമായ വേര്‍പാട് ആത്മാവിനെ കീറിമുറിക്കാന്‍ ഒരുങ്ങവേ: ''രാവിലെ തമ്മില്‍ പിരിയും. വീണ്ടും കാണുക എന്നൊന്നില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കണം. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക''- എന്നു തേങ്ങിയ ഹൃദയത്തിന്റെ നിലവിളിയാണോ ആ ശില്പം ഉള്ളിലുണര്‍ത്തിയത്
ആയിരമായിരം ചുംബനങ്ങള്‍ക്കുള്ളിലും സ്വപ്നത്തില്‍പ്പോലും കൊടുക്കാതെയും കിട്ടാതെയും പോയ ആ ഏതോ ഒരു ചുംബനം തന്നെയാണ് ഏറ്റവും മധുരതരമായ ചുംബനമെന്ന് ഇപ്പോഴും അറിയുന്നു. ഒരു ദാഹമാണ് ചുംബനം. മോഹം തീരാത്ത ആത്മാക്കള്‍ക്ക് ചുംബിക്കുവാനും ചുംബനമേല്‍ക്കാനും പുനര്‍ജനിക്കാതിരിക്കാന്‍ ആവില്ല. അതുകൊണ്ട് നമുക്ക് പുനര്‍ജനിക്കാം, എണ്ണമറ്റ ജന്മങ്ങള്‍... ഇപ്പോള്‍ ഒരു കടം ബാക്കിയാവുന്നു, അമൃതുപോലൊരു ചുംബനത്തിന്റെ വീട്ടാക്കടം.....
#ആദി
#ആദി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക