Slider

വെളിപാടുകൾ

0
Image may contain: 1 person

'ചേച്ചീ അമ്മയെ വിളിച്ചിട്ട് ഒന്നും മിണ്ടുന്നില്ല, കണ്ണു തുറക്കുന്നില്ല, ഒന്നിങ്ങോട്ട് വരാമോ...?'
അതിരാവിലെയുള്ള ഫോൺറിങ് കേട്ടപ്പോൾ പതിവുപോലെ പരിഭ്രമത്തോടെയാണ് എടുത്തത്.
സ്വരൂപ് , അടുത്തവീട്ടിലേ പയ്യനാണല്ലോ. ഓ അവന്റെ അമ്മയ്ക്ക് വീണ്ടും വയ്യായ്മ കൂടിയിട്ടുണ്ടാകും എന്നോർത്തു രേണുക കാര്യം തിരക്കി.
ഓ. വരാലോ. ദാ ഇപ്പോ എത്താം എന്നു പറഞ്ഞിട്ട് ഫോൺ താഴെ വച്ച് ഭർത്താവിനോട് കാര്യം പറഞ്ഞ് രേണുക അടുത്ത വീട്ടിലേക്ക് പോയി. അവിടെയെത്തുമ്പോൾ ഒന്നോരണ്ടോ അയൽപക്കത്തെ സ്ത്രീകൾ, ഒറ്റനോട്ടത്തിൽ ശാന്തമായി കിടക്കുന്ന സ്വരൂപിന്റെ അമ്മ സീതേടത്തി, രേണുക പതുക്കെകുനിഞ്ഞു ഒരു ഡോക്ടറെപ്പോലെ അവരുടെ മൂക്കിനടുത്തേക്ക് വിരലുകൾ മുട്ടിച്ചു. എന്തോ പന്തികേട് ,പൾസ് പരിശോധിക്കാനായി കൈകൾ തൊട്ടപ്പോൾത്തന്നെ അവൾക്ക് കാര്യം മനസ്സിലായി. മരണത്തിന്റെ തണുപ്പ് അവളിലേക്ക് അരിച്ചിറങ്ങിയപ്പോൾ ഒരു ഞെട്ടൽ, വിശ്വസിക്കാനാകാത്തത്പോലെ നിഷേധരൂപത്തിൽ തല ഇരുവശത്തേക്കും ചലിപ്പിച്ച് അവൾ മുറിക്ക് പുറത്തിറങ്ങി. ഒരു നിമിഷം എന്തോ മറന്നതുപോലെ വീണ്ടും
സീതേടത്തിയുടെ കിടക്കയ്ക്ക് സമീപം എത്തി.
ശാന്തമായമുഖം ഇനിയൊരു കാഴ്ചകളെയും കാണാൻ ആഗ്രഹമില്ലാത്തവളെപ്പോലെ തോന്നിച്ചു. ഇരുവശങ്ങളിലുമായി തുറന്നുവച്ച ഉള്ളംകൈകൾക്ക് ഏറെക്കാര്യങ്ങൾ പറയാനുണ്ടെന്ന് തോന്നി. സ്നേഹത്തിന്റെ തലോടൽ ഉള്ള , പ്രണയത്തിന്റെ വരികൾ എഴുതിച്ചേർത്ത വിരലുകൾ. ദാരിദ്ര്യത്തിന്റെ ഗതികേടിൽ യാചകവേഷം കെട്ടിയതോടൊപ്പം നൃത്തകലയിലെ ഭാവങ്ങളെക്കൊണ്ടുവന്ന വിരലുകൾ
ഇരുപത്തൊന്നുകാരനായ മകൻ അന്യനാട്ടുകാരി പതിനെട്ടുകാരിയെ പാതിരാവിൽ കൈപിടിച്ചു കൂട്ടികൊണ്ടുവന്നപ്പോൾ , അവളുടെ ഊരോ,പേരോ, ജാതിയോ, ജാതകമോ നോക്കാതെ അകത്തേക്ക് സ്വീകരിച്ച
സീതേടത്തി, തന്നെക്കാൾ ഇരുപത് വയസ്സ് പ്രായക്കൂടുതലുള്ള കലാകാരനെ പ്രണയിച്ച് ഭർത്താവായി സ്വീകരിച്ച്, അയാളുടെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനുശേഷവും, 'എന്റെ' ചേർത്തിട്ടുമാത്രം ഭർത്താവിനെപ്പറ്റി പറയുന്ന സീതേടത്തി, ഒടുവിൽ അതേ ഭർത്താവിന് അസുഖം ബാധിച്ചപ്പോൾ നാടു മുഴുവൻ അദ്ദേഹത്തിനുവേണ്ടി നാട്ടുകാരുടെ മുമ്പിൽ കൈനീട്ടി പരിഹാസം ഏറ്റു വാങ്ങിയ സീതേടത്തി, ഓണാഘോഷപ്പരിപാടികളിൽ അടഞ്ഞുപോയ തൊണ്ടയോട് പരിഭവംപറഞ്ഞ്‌ പാടാൻശ്രമിച്ചതും,
ഒടുങ്ങാത്ത അഭിനിവേശത്താൽ തളർച്ചയുള്ള കാലുകളെയും കൈവിരലുകളിലെ ദ്രുത ചലനങ്ങളെയും വേദനമറന്ന് വേദിയിലാടിത്തിമിർത്ത സീതേടത്തി.
അവർ പോവുകയാണ്. എന്നന്നേയ്ക്കുമായി...
മടക്കമില്ലാത്ത യാത്ര.
പണമില്ലാത്തതിന്റെ പേരിൽമാത്രം മരണത്തെ മനസ്സുകൊണ്ട് സ്വീകരിക്കാനായി തയ്യാറെടുക്കുന്നവരുടെ കൂട്ടത്തിൽ അവസാനം അവരും ചേർന്നു.
ആദ്യമൊക്കെ അവർക്ക് മരണത്തോടൊപ്പം
പോകാൻ മടിയായിരുന്നു.
'എന്നെയൊന്ന് മംഗലാപുരത്ത് കൊണ്ടുപോകുമോ... ഞാൻ രക്ഷപ്പെടും.'
പണംഉള്ളവൻ വിദേശത്ത് ചികിത്സയ്ക്കു പോയാൽ രക്ഷപ്പെടും. എന്നാഗ്രഹിക്കുന്നത്പോലെ ഇടത്തരക്കാരന്റെ വിശ്വാസം...!
'പണമുണ്ടെങ്കിൽ നീ പറയാതെത്തന്നെ നിന്നെ
എവിടെവേണമെങ്കിലും കൊണ്ടുപോകില്ലേ...' ചന്ദ്രേട്ടന്റെ നിസ്സഹായതയിൽ പൊതിഞ്ഞ മറുപടി ആവർത്തിച്ചപ്പോൾ ഒരുപക്ഷേ സീതേടത്തി ഉള്ളാലെ മരണത്തെ സ്വീകരിക്കാൻ തയ്യാറായിക്കാണും. അതായിരിക്കാം ഈയടുത്ത കാലത്തായി അവർ നിശ്ശബ്ദയായി വേദന കടിച്ചമർത്തിയത്.
പൂർണ്ണമായി നിശ്ശബ്ദയായി എന്നും പറയാൻ പറ്റില്ല. പകരം ആവശ്യപ്പെട്ടത് സദാസമയവും 'എന്റെ ചന്ദ്രേട്ടൻ എന്റെയടുത്തിരിക്കണം എന്നായിരുന്നു... അതാകട്ടെ ഒരു കൊച്ചുകുട്ടിയുടെ വാശിപോലെയും ആയിരുന്നു.
ചന്ദ്രേട്ടനാവട്ടെ സീതേടത്തിയെക്കാൾ മുൻപേ മരണത്തിലേക്ക് നടക്കേണ്ട ആളായിരുന്നു. പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുന്ന കിഡ്‌ണികളുമായി വർഷങ്ങളായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആഴ്ചയിൽ രണ്ടുവീതം. കൈയിൽ ഘടിപ്പിച്ച ചിപ്പിനെ അവഗണിച്ച് സീതേടത്തിയുടെ വായിൽ ഭക്ഷണം വാരിക്കൊടുക്കും. അല്ലെങ്കിൽ കുളിമുറിയിലേക്ക് പോകേണ്ടി വരുമ്പോൾ ചേർത്തുനിർത്തി
ബലംകുറഞ്ഞ ഒരുകൈയിൽ താങ്ങിപ്പിടിച്ച് മെല്ലെ നടത്തിക്കും. കുളിമുറിയിൽ നിന്നും തിരികെ കിടക്കയിലേക്കെത്തിക്കുമ്പോഴും ഇടയ്ക്കവരെ ഒരു കസേരയിലിരുത്തി കാൽവിരലിൽ പറ്റിയ വെള്ളത്തുള്ളികളെ തുണികൊണ്ട് ഒപ്പിയെടുക്കും. കിടക്കയിൽ കിടത്തിയ നിമിഷം തന്നെ ചന്ദ്രേട്ടാ... എനിക്ക് ശർദ്ദിക്കാൻ തോന്നുന്നു എന്നു
സീതേടത്തി പറഞ്ഞാൽ തിടുക്കപ്പെട്ട് ശർദ്ദിൽപാത്രം
കൊണ്ടുകൊടുക്കും. പറ്റിയില്ലെങ്കിൽ നീയിതിൽ ശർദ്ദിച്ചോളൂ സീതേ, എന്നു പറഞ്ഞിട്ട് സ്വന്തം കൈകാണിച്ചുകൊടുക്കും.
കാഴ്ചക്കാർമാത്രം നെറ്റിചുളിക്കും.
ഷാജഹാന് മുംതാസിനോടുള്ള പ്രണയത്തേക്കാൾ എത്രയോ തീവ്രമായതാണ് ചന്ദ്രേട്ടന് സീതേടത്തിയോട് എന്നു തോന്നിയ നിമിഷങ്ങൾ... ഏതൊരു ഭാര്യയ്ക്കും അസൂയ ഉണ്ടാക്കുന്നത്.
എല്ലാ മോഹങ്ങളും ഇന്നിവിടെ തീരുകയാണ്. ഈ തുറന്നുവച്ചിരിക്കുന്ന കൈകളിൽ എന്നോർത്തപ്പോൾ രേണുക അറിയാതെ ഏങ്ങിപ്പോയി...
'ഈ ഭൂമിയിൽ ഏതൊരു പണക്കാരനാകട്ടെ, പാവപ്പെട്ടവനാകട്ടെ വെറുംകൈയാലെ വന്നു, വെറും കൈയാലെ പോകുന്നു...' എന്ന വെളിപാടിൽ രേണുകപുറത്തേക്കു തുളുമ്പിയകണ്ണീർ ഷാളുകൊണ്ടു മെല്ലെ തുടയ്ക്കവെ ആരൊക്കെയോചേർന്ന് സീതേടത്തിയുടെ തള്ളവിരലുകൾ കൂട്ടിച്ചേർത്ത് കെട്ടുകയായിരുന്നു...
- ബിന്ദു സുന്ദർ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo