
രാവിലെ ഓഫിസിലേക്ക് പോകാനായി ബൈക്കെടുക്കുമ്പോൾ പുതിയ അസൈമെന്റ് എന്തായിരിക്കും എന്ന് അറിയില്ലായിരുന്നു.
എഡിറ്റർ കൃഷ്ണൻ സാറാണു വിളിച്ചത്. വായിൽ മുറുക്കാനും ഇട്ടുകൊണ്ടാണു സാർ എപ്പോഴും നടക്കുക. അതുകൊണ്ടുതന്നെ ഫോണെടുത്തു കഴിഞ്ഞാൽ ഇടക്കിടെ ഒന്നു പുറത്തേക്ക് തുപ്പിയോ അകത്തേക്ക് ഒന്നിറക്കിയോ അല്ലാതെ സംസാരം കേൾക്കില്ല.
ഫോണിൽ സാറിന്റെ നമ്പർ സൂക്ഷിച്ചിട്ടുള്ളതുകൊണ്ട് കോളു വന്നപ്പോഴെ മനസ്സിലായി. എന്തെങ്കിലും പ്രത്യേക കാര്യത്തിനല്ലാതെ സാര്‍ വിളിക്കില്ല. ഇതിനു മുൻപ് വിളിച്ചിട്ട് ആറുമാസമായി.
കഴിഞ്ഞ ബോട്ടുദുരന്തം കഴിഞ്ഞപ്പോൾ കേരളത്തിൽ ഉടനീളം ഉള്ള ബോട്ടുകളുടെ സുരക്ഷിതതത്വത്തെക്കുറിച്ചുള്ള ഒരു ഫീച്ചറിനു പടം എടുക്കാനായിരുന്നു ഫോട്ടോ എടുത്തു കൊടുത്തുകഴിഞ്ഞാൽ എന്റെ പണി കഴിഞ്ഞു. ഒരു മാസത്തേക്കു നല്ല പണിയും ആവശ്യത്തിനു പണവും കിട്ടി. ഇങ്ങനെ ഇടക്കിടെ വർക്കില്ലെങ്കില്‍ തന്റെ പഴയ സ്റ്റുഡിയോ കൊണ്ട് കാര്യങ്ങൾ നടക്കില്ലെന്ന് ഈശ്വരനറിയാം.
എന്നാലും ആ സ്റ്റുഡിയോ അടക്കാൻ പറ്റില്ലല്ലോ.
കൃഷ്ണൻ സാർ എനിക്ക് അച്ഛനെപ്പോലെയാണ്. സ്വീകരണമുറിയിലെ ഭിത്തിയിൽ മാലയിട്ട് തൂക്കിയിരിക്കുന്ന ഇരട്ടവാലൻ പകുതിയിലേറെ തിന്നിരിക്കുന്ന അച്ഛന്റെ ഫോട്ടോയ്ക്ക് കൃഷ്ണൻ സാറിന്റെ സാദൃശ്യമുണ്ടെന്ന് ചിലപ്പോൾ തോന്നാറുണ്ട്..
ഓര്‍മ്മയുറക്കും മുമ്പേ തനിക്ക് അച്ഛൻ നഷ്ടപ്പെട്ടതാണ്. അതുകൊണ്ടാവും അച്ഛനെന്നതു ഫോട്ടോയിൽ കണ്ടുള്ള പരിചയവും അതിനുതക്കതായ അടുപ്പവുമേയുള്ളൂ. അതല്ലാതെ, അച്ഛനുമായി തന്നെ ബന്ധിപ്പിക്കുന്ന ഘടകം തന്റെ മൂന്നാമത്തെ വയസ്സിൽ അച്ഛൻ എങ്ങോട്ടോ പോകുമ്പോൾ ബാക്കിവെച്ച ആ പഴയ സ്റ്റുഡിയോയും പിന്നെക്കുറെ പഴയ ഫിലിം റോളുകളും മാത്രം. അച്ഛൻ പോയതിനുശേഷം കുറെ നാൾ സ്റ്റുഡിയോ വാടകക്കു കൊടുത്തിരുന്നു. പിന്നെ കുറെനാൾ അടച്ചു കിടന്നു.
അമ്മക്കും എന്തോ സെന്റിമെന്റൽ വാല്യൂ ഉള്ളതു കൊണ്ടാവാം അതു വിൽക്കാനൊ പൊളിച്ചുകളയാനോ തോന്നാഞ്ഞത്. ഒരു പക്ഷേ വീടിന്റെ മുന്നിലെ സ്റ്റുഡിയോയിൽ ഒരു കാവൽക്കാരനെപ്പോലെ അച്ഛൻ ഉണ്ടാവും എന്ന ആശ്വാസമാവും അമ്മയെ ബുദ്ധിമുട്ടുകൾ പലതും വന്നിട്ടും ചുറ്റിനും പല പുതിയ കടകൾ വന്നിട്ടും താൻ പ്രായമാവും വരെ ഒരു നിധികാക്കും ഭൂതം പോലെ ആ കെട്ടിടം കാക്കാൻ പ്രേരിപ്പിച്ചത്.
അമ്മ അത് എന്നിലേക്ക് കൈമാറി. ഇപ്പോൾ തനിക്കും അച്ഛൻ അവിടെവിടെയൊക്കെയോ ഉണ്ടെന്നൊരു തോന്നൽ. വല്ല വിസക്കുവേണ്ടിയോ പാസ്പോർട്ടിനുവേണ്ടിയോ അല്ലാതെ ഇപ്പോൾ ആരും സ്റ്റുഡിയോയിൽ വരാറില്ല. കുഗ്രാമങ്ങളിൽ പോലും എല്ലാവരും ഡിജിറ്റൽ ക്യാമറകളും സെൽ ഫോണുകളും ഉപയോഗിച്ച് ശീലിച്ചു പോയി. പ്രിന്റിംഗ് തീരെ ഇല്ലെന്നു പറയാം.
ബൈക്ക് ഓഫിസിന്റെ മുന്നിൽ നിന്നതോടെ, ചിന്തകൾക്കും ബ്രേക്ക് വീണു. നേരേ കൃഷ്ണൻ സാറിന്റെ മുറിയിലേക്ക് നടന്നു. സാറിന്റെ മുറിയിൽ സുമിയും ഉണ്ടായിരുന്നു. സ്വതസിദ്ധമായ ചിരിയോടെ വായിലേ മുറുക്കാൻ താഴെയിരുന്ന കോളാമ്പിയിലേക്ക് നീട്ടി തുപ്പി.
മുഖം തുടച്ചുകൊണ്ട്,
മുഖം തുടച്ചുകൊണ്ട്,
‘‘ഹാ, ഇരിക്കെടോ. തന്നെ കാണാനില്ലല്ലോ’’.
മറുപടി പെട്ടെന്നായിരുന്നു
, ‘‘സാറു വിളിക്കേണ്ടയോ’’.
സാറിന്റെ ചിരി അൽപം ഉച്ചത്തിലായി, എന്നിട്ട് തലകുലുക്കിക്കൊണ്ട്,
‘‘അതല്ലിയോ വിളിച്ചത്, ഇത് സുമിയുടെ പ്രോജക്ടാ. താൻ തന്നെ വേണം ഫോട്ടോയെടുക്കാനെന്ന് സുമിയ്ക്ക് നിർബന്ധം.’’
നന്ദി സൂചകമായി ഒരു ചിരി സുമിയ്ക്ക് നൽകിക്കൊണ്ട് അടുത്ത കസേരയിൽ ഇരുന്നു.
സാർ കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി
. ‘‘ഇതൊരു സോഷ്യലി ആൻഡ് പൊളിറ്റിക്കലി പ്രധാനപ്പെട്ട പ്രശ്നമാണ്. ആലപ്പുഴയ്ക്കടുത്ത്, കോട്ടക്കൽ എന്ന ഗ്രാം, ഗ്രാമം എന്നു പറയാൻ പറ്റില്ല. ഒരു ചെറിയ ടൗൺ. സുമി കുറെയൊക്കെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്തിട്ടുണ്ട്.’’
സാറിനു മുറുക്കാൻ തുപ്പാൻ സമയം കൊടുക്കാനെന്നോണം ബാക്കി പറഞ്ഞത് സുമിയാണ് ....
‘‘അവിടമാണു ഇപ്പോൾ കേരളത്തിലെ ഏറ്റവും കൂടുതൽ ഹോലസ് ആളുകൾ ഉള്ള സ്ഥലം. അവിടെ രാജ്യത്തിന്റെ എല്ലാ കോണീന്നും ഉള്ള ആളുകളെ കാണാം. ഈ ഒഴുക്ക് തുടങ്ങിയിട്ട് ഏതാണ്ടു അഞ്ചു വർഷത്തോളമായിക്കാണും. പക്ഷേ കഴിഞ്ഞ രണ്ടുവർഷമായിട്ടാണു ഇത്രയും കൂടിയത്. ആരോരും ഇല്ലാത്ത അനാഥർ. അവർക്കായി ഒന്നുരണ്ടു ഷെൽട്ടറുകൾ ഈ സർക്കാർ തുടങ്ങിയിട്ടുണ്ട്. ആളുകളുടെ എണ്ണം ദിവസം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആളുകൾ റോഡിലും കടത്തിണ്ണകളിലും തീരത്തുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവരുടെ മറവിൽ നടക്കുന്ന മോഷണവും മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമാണു ഇപ്പോഴത്തെ പ്രധാന പ്രശ്നം. നാട്ടുകാർ എന്തുചെയ്യണമെന്ന് അറി യാതെ വലയുന്നു. വർഷങ്ങളായി താമസിച്ചു വരുന്ന നാട്ടുകാരിൽ പലരും അവിടം വിട്ടൊഴിഞ്ഞു പോകാൻ തുടങ്ങുന്നു. ഇങ്ങനെ പോയാൽ ഒരു വർഷത്തിനുള്ളിൽ അവിടുത്തെ സ്ഥിതി എന്താവുമെന്ന് ഊഹിക്കുന്നതിനും അപ്പുറത്താണ്’’
വളരെ കാലിക പ്രാധാന്യമുള്ള വിഷയം.
ഒരു പൊതു താത്പര്യത്തിന്റെ പേരിലോ, മാസികയുടെ വരിക്കാരെ കൂട്ടുന്നതിന്റെ ഭാഗമായിട്ടോ, അതിലുമപ്പുറം വഴിമുട്ടി നിന്ന ജീവിതത്തിൽ അല്പം കാശു സമ്പാദിക്കാമെ ന്നോർത്തിട്ടോ, ഞാൻ കോട്ടക്കൽ ഗ്രാമത്തിലെത്തി
പറഞ്ഞുകേട്ടതിലും ഭീകരമായിരുന്നു അവിടുത്തെ സ്ഥിതി. ഒരു നേരത്തെ പോലും ആഹാരം കഴിക്കാൻ വകയില്ലാത്തവർ. പലവിധമായ അസുഖങ്ങളായി ഒന്നു നിവർന്നു നിൽക്കാൻ പോലും ത്രാണിയില്ലാത്തവർ. തെണ്ടിയും മോഷ്ടിച്ചും ജീവൻ കിടക്കാനായി എന്തെങ്കിലും കിട്ടുമോയെന്ന് പരതി നടക്കുന്ന വീടും വീട്ടുകാരും ഇല്ലാത്ത കുറെ ജന്മങ്ങൾ. സ്വന്തം അസ്ഥിത്വം പോയിട്ട് സ്വന്തം പേരുകൂടി ഓർമ്മയില്ലാത്ത പലരും. അവരുടെ ഓരോരുത്തരുടേയും കഥകൾ അല്ല ജീവിതങ്ങള്‍ കിട്ടാവുന്നിടത്തോളം പകർത്താനായി സുമി ഓടിനടന്നു. ഒപ്പം ഞാനും.
ആദ്യം ഞങ്ങളുടെ മുന്നിൽ വന്നുപെട്ടത് അയാളായിരുന്നു. അയാളെന്നു പറയാനെ കഴിയു. അയാൾക്കു പോലും അയാളുടെ പേരറിയില്ലായിരുന്നു. സ്ഥലത്തെത്തിയ ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്ക് ഒരു മുന്നറിയിപ്പും കൂടാതെ അയാൾ ചാടിയപ്പോഴാണു ആദ്യമായി അയാളെ കണ്ടത്.
ഡ്രൈവർ വേണു ആഞ്ഞു ബ്രേക്കു ചവിട്ടിയെങ്കിലും വണ്ടി അയാളെ ചെറുതായി തട്ടി. അയാൾ മുന്നോട്ട് മറിഞ്ഞു വീണെങ്കിലും ഒന്നും തിരിച്ചു പറയാൻ പോലും കൂട്ടാക്കാതെ മെല്ലെ എഴുന്നേറ്റ് മുന്നോട്ടു നടന്നു പോയി
സുമിയും വേണുവും നന്നായി പേടിച്ചു.
പേടിക്കപ്പുറം അയാളുടെ പ്രതികരണമാണു എന്നെ ചിന്തിപ്പിച്ചത്. ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്ന സാധുമനുഷ്യൻ. പിന്നീടുള്ള ദിവസങ്ങളിൽ ആ കവലയിലെ കടൽത്തീരത്തേക്കു കടക്കുന്നതിനുമുമ്പുള്ള ഇടിഞ്ഞ മതിൽകെട്ടിൽ ചാരിയിരിക്കുന്ന അയാളെ ഞാനെന്നും ശ്രദ്ധിച്ചു.
നീണ്ട താടിയും, പകുതി മുഖം മറച്ച് മുന്നിലേക്ക് കിടന്നിരുന്ന വെട്ടിവെടിപ്പാക്കാത്ത മുടിയും വായിച്ചു മറന്ന ഏതോ കഥയിലെ നിരാശാകാമുകനെ ഓർമ്മിപ്പിച്ചു. ചെളിപുരണ്ട നിറം മാറിയ വെള്ളമുണ്ടും, ചെറിയ നീളത്തിലുള്ള വരകളോടുകൂടിയ കൈയിറക്കമുള്ള ഷർട്ടും എന്റെ മനസ്സിൽ ഇടം പിടിച്ചു.
മിക്കവാറും ദിവസങ്ങളിൽ സുമി പ്രതിഫലമായെന്നോണം ഭക്ഷണ പൊതികളുമായാണ് ഓരോരുത്തരുടേയും കഥകൾ കേൾക്കാനായി എത്തിയത്. എന്തുചോദിച്ചാലും മറുപടി പറയുകയോ തിരിച്ച് ചോദിക്കുകയോ ചെയ്യാത്ത അയാൾക്കും അതിൽ നിന്നൊരു പൊതി കൊടുക്കാൻ ഞാൻ മറന്നില്ല.
എന്തോ മുൻജന്മ ബന്ധം പോലെ അയാൾ എന്റെ മനസ്സിൽ കടന്നുകൂടി. മറുപടിയൊന്നും കിട്ടില്ലന്നറിയാമെങ്കിൽ കൂടി രാവിലെ ചെല്ലുമ്പോഴും വൈകിട്ട് തിരികെ പോകുമ്പോളും അയാളോട് പുഞ്ചിരിച്ച് എന്തെങ്കിലും കുശലം ചോദിക്കാതിരിക്കാൻ കഴിയാതെയായി.
എന്തോ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുത്തതും അയാളുടേതാണെന്നു തോന്നുന്നു.
സുമിയും അതു ശ്രദ്ധിച്ചു. പക്ഷേ അവൾ അതിനെ വേറൊരു തലത്തിലാണു കണ്ടത്.
‘‘രവിക്ക് പ്രായമുള്ളവരെ കാണുമ്പോൾ ഒരു പ്രത്യേക താത്പര്യമാണല്ലോ’’
അവളോടും ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. അവൾ ഉടനെ അച്ഛന്റെ തിരോധാനത്തെക്കുറിച്ച് ചോദിക്കുമെന്ന് കരുതി.
ഇതിനുമുൻപും പലവട്ടവും അവൾ ചോദിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. എനിക്കറിയാത്തത് ഞാൻ എങ്ങനെ പറയും. ആരുടെ ഫോട്ടോയാണെടുക്കേണ്ടത് എന്നു ചോദിച്ച് ക്യാമറയുടെ ലെൻസും മാറ്റിക്കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.
വീട്ടിലെത്തിയിട്ടും അയാളെ ഓർക്കാതിരിക്കാൻ സാധിച്ചില്ല. അമ്മയോടും അയാളെപ്പറ്റി പറഞ്ഞു. അമ്മ മൂളിക്കേട്ടിരുന്നു. അമ്മയും തന്റെ അച്ഛനില്ലാതെ വളർന്നതുകൊണ്ടുള്ള മനസ്സിന്റെ വിഷമം ഓർത്തു കാണും.
പെട്ടെന്നാണു ക്യാമറയിൽ അയാളുടെ ഫോട്ടോ ഓർത്തതും അമ്മയ്ക്ക് കാണിച്ചു കൊടുത്തതും.
അമ്മയുടെ മുഖത്തെ മാറിമറിയുന്ന ഭാവങ്ങൾ ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു
അമ്മയുടെ മുഖത്തെ മാറിമറിയുന്ന ഭാവങ്ങൾ ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു
ഞാനെന്തെങ്കിലും ചോദിക്കും മുമ്പ് അമ്മ പറഞ്ഞു
‘‘നിന്റെ അച്ഛന്റെ ഒരു ഛായയുണ്ട്.’’
അമ്മ അച്ഛനെപ്പറ്റി ഒരുപാടു നാളുകൾക്കുശേഷമാണു സംസാരിക്കുന്നത്. അമ്മയും അച്ഛനെ നഷ്ടപ്പെട്ടതിൽ ഇപ്പഴും വിഷമിക്കുന്നുണ്ടെന്ന് മനസ്സിലായി.
തനിക്ക് മൂന്നു വയസ്സുള്ളപ്പോൾ കാണാതായതാണ്
പലയിടത്തും അമ്മയുടെ ആങ്ങളമാര്‍ അന്വേഷിച്ചു. പക്ഷേ, പിന്നീട് ഒരു വിവരവും കിട്ടിയില്ല.
ഭിത്തിയിലെ അച്ഛന്റെ ഫോട്ടോയിലേക്കും ക്യാമറയിലേക്കും മാറി മാറി നോക്കി.
എനിക്ക് ഒരു സാദൃശ്യവും തോന്നിയില്ല.
ഒറ്റ നോട്ടത്തിൽ അമ്മക്ക് തോന്നിയതാവാം.
പിന്നീടൊന്നും പറയാതെ അമ്മ ക്യാമറ തിരികെ തന്നിട്ട് അടുക്കളയിലെ ജോലിയിൽ മുഴുകി.
എന്റെ സംശയം എവിടൊക്കെയോ ഉടക്കി.
ഭിത്തിയിലെ ഫോട്ടോയിലെ പടം കല്യാണത്തിനു എടുത്ത പടത്തിൽ നിന്നാണ്. ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പുള്ള ചിത്രം. പെട്ടെന്നാണു സ്റ്റുഡിയോയില്‍ വച്ച് ആദ്യമായും അവസാനമായും അച്ഛൻ എന്നെ മടിയിലിരുത്തി എടുത്ത ഫോട്ടോയുടെ കാര്യം ഓർമ്മ വന്നത്.
നേരേ സ്റ്റുഡിയോയിലേക്ക് പോയി.
എനിക്കേതാണ്ട് രണ്ടു വയസ്സുള്ളപ്പോഴുള്ള ചിത്രം. അച്ഛനു അൽപം കൂടി പ്രായം തോന്നിക്കുന്നു. കുറ്റിത്താടിയും ഉണ്ട്. പക്ഷേ ആ ചിത്രത്തിനും അയാളുമായി ഞാനൊരു സാമ്യവും കണ്ടില്ല.
പക്ഷേ പിറ്റേന്ന് അയാളെ കാണാൻ പോയത് തികച്ചും വേറിട്ടൊരു മനസ്സോടെയാണു മറക്കാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ വേണ്ടാന്നു വിചാരിക്കുന്നിടത്തേക്ക് വലിച്ചടിപ്പിക്കുന്ന മനസ്സിന്റെ പ്രഹേളിക.
ഓരോ ഫോട്ടോ ഷൂട്ടും കഴിയുമ്പോഴും അയാളുടെ അരികിൽ ചെന്നിരുന്നു. എന്തിനാണെന്ന് എനിക്കു തന്നെ തിട്ടമില്ല. ഒരു പക്ഷേ അയാൾ എന്തെങ്കിലും ഓർത്തെടുത്തെങ്കിലോ എന്നൊരു ചിന്ത മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടായിരുന്നിരിക്കണം.
വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ അമ്മ അയാളെപ്പറ്റി ചോദിച്ചു.
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കഴിഞ്ഞ ഇത്രയും കാലം ഒരിക്കൽ അച്ഛനെ തിരയണമെന്ന് തോന്നിയിട്ടില്ല.
എന്നിട്ടിപ്പോൾ.
അമ്മയ്ക്ക് എന്റെ നീറ്റൽ മനസ്സിലായി.
‘‘നിനക്ക് അത്രയ്ക്ക് സംശയം തോന്നുന്നെങ്കിൽ. നിന്റെ അച്ഛന്റെ മുതുകത്ത് ഒരു രൂപാ തുട്ടിന്റെ വലുപ്പത്തിൽ ഒരു കറുത്തു തടിച്ച മറുകുണ്ട്. നിന്റെ സംശയം മാറ്റാമല്ലോ’’.
അന്നുരാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ പതിവിലും നേരത്തെ സുമിയുടെ വീടിനു മുന്നിലെത്തി ബൈക്ക് വച്ച് കാത്തിരുന്നു. സുമിയോട് ഒന്നും പറയാൻ തോന്നിയില്ല. പോകുന്ന വഴിക്കും അധികം സംസാരിക്കാൻ തോന്നിയില്ല.
മനസ്സില്‍ നിറയെ, അയാളുടെ ഉടുപ്പു മാറ്റി പുറത്ത് മറുകുണ്ടോ എന്ന് നോക്കുന്നതിനെപ്പറ്റിയുളള ചിന്തകളായിരുന്നു.
അമ്പലപ്പുഴ കഴിഞ്ഞപ്പോൾ വേണുവിനോട് ഏതെങ്കിലും ഒരു തുണിക്കടയുടെ മുന്നിൽ നിർത്താൻ പറഞ്ഞു. കടയിലേക്കു പോയി അയാൾ ഇട്ടിരിക്കുന്നതുപോലെയൊരു വരയൻ ഷർട്ടു വാങ്ങി തിരികെയെത്തിയപ്പോൾ സുമിയോട് ഷർട്ട് അയാൾക്ക് മേടിച്ചതാണെന്നു മാത്രം പറഞ്ഞു.
തന്നോടുള്ള മതിപ്പു കൂടിക്കാണും. പ്രായംചെന്ന ഒരനാഥനോടുള്ള മാനുഷിക പരിഗണന അത്രമാത്രമായിട്ടേ സുമി കണ്ടൊള്ളൂ.
ആ ഷർട്ട് അയാൾക്ക് നൽകുമ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത അച്ഛനു സമ്മാനം കൊടുക്കുന്നതുപോലൊരു വികാരം.
കൈകൾ വിറച്ചുവോ.
അതു മേടിച്ച് ചുരുട്ടി മടിയിൽ വെച്ചതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല.
ഒന്നു ചിരിക്കുക കൂടി ചെയ്തില്ല.
എന്തു പറയണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണു സുമി പറഞ്ഞത്,
‘‘ഇട്ടിരിക്കുന്നത് മാറിയിട്ട് ഇതിട്. ഇട്ടിരിക്കുന്ന ഒരുപാട് അഴുക്കാ.’’
മടിച്ചു മടിച്ച് കൈയ്യിലെ കവര്‍ അയാൾ മതിലിന്റെ പുറത്ത് വെച്ചിട്ട് സാവധാനം ഇട്ടിരിക്കുന്ന മുഷിഞ്ഞ ഷർട്ടിന്റെ ബട്ടനുകൾ സാവധാനം അഴിക്കാൻ തുടങ്ങി.
എന്റെ നെഞ്ചിടിപ്പിന്റെ വേഗത ഇരട്ടിച്ചു.
നിന്നിടത്തു നിന്ന് പിന്നിലേക്ക് മാറി അയാളുടെ മുതുകു കാണത്തക്കവണ്ണം നീങ്ങി നിന്നു.
ആ മുതുകത്തെ മറുക് ഉണ്ടെങ്കിൽ എന്താണു ചെയ്ക എന്നൊരു തിട്ടവുമില്ല.
സുമിയോടു എന്താ പറയുക.
വൈകിട്ട് വീട്ടിലെത്തി അമ്മയോട് എന്താ പറയുക
ചിന്തകള്‍ കാടു കയറി.
അയാൾ ഷർട്ട് വലി ച്ചൂരി കുനിഞ്ഞ് പുതിയ ഷർട്ടെടുത്തു.
അയാളുടെ പുറകുവശം മുഴുവൻ കാണാം.
ഇല്ല,
അങ്ങനെയൊരു മറുകില്ല.
മനസ്സിൽ പെട്ടൊന്നൊരു വിഷാദം തളം കെട്ടിയതു പോലെ.
നഷ്ടപ്പെട്ട അച്ഛനെ കണ്ടുകിട്ടിയെന്ന് അറിയാതെ ആശിച്ചുവോ.
വർഷങ്ങൾക്കു മുൻപ് തനിച്ചാക്കി യാത്രയായ അച്ഛനെ പെട്ടെന്ന് കൈയെത്തും ദൂരത്ത് തിരികെകിട്ടുമെന്ന് വെറുതേ മോഹിച്ചുവോ.
‘‘രവി. ഇന്നുകൊണ്ട് തീര്‍ക്കണം, വാ’’.
സുമിയുടെ വാക്കുകൾ കാതിൽ വീണപ്പോഴാണു മനസ്സ് തിരിച്ചെത്തിയത്. അയാൾ പുതിയ ഉടുപ്പിട്ടു കഴിഞ്ഞു. പഴയ ഉടുപ്പ് ആ കവറിനുള്ളിൽ തിരുകി ചുരുട്ടി കൈയ്യിൽ പിടിച്ച് അയാൾ മിണ്ടാതെ നിന്നു. നടന്നകലുമ്പോൾ ഒന്നു തിരിഞ്ഞുനോക്കി.
അപ്പഴും ആ പൊളിഞ്ഞ മതിലിനരികിൽ കൈയ്യിൽ പിടിച്ച പൊതിയുമായി തിരമാലകളെ നോക്കി അയാൾ വെറുതെ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ അയാൾ ആദ്യമായി പുഞ്ചിരിച്ചതു പോലെ തോന്നിച്ചു.........
#ആദി...
#ആദി...
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക