Slider

മനസമ്മതം

0
Image may contain: 1 person, smiling, sunglasses and closeup
'ഇത് എന്റെ അവസാനത്തെ കാൾ ആണ്, ഇനി ഒരു മുന്നറിയിപ്പുണ്ടാവില്ല. ഞാൻ പറഞ്ഞത്പോലെ ചെയ്തില്ലെങ്കിൽ നിന്റെ ഫോട്ടോസ് നെറ്റിൽ നാട്ടുകാർ കാണും'
'നിങ്ങൾക്ക് എന്താ വേണ്ടത്? എന്നെ ദ്രോഹിച്ചത്കൊണ്ട് എന്ത് കിട്ടാനാ?'
'ഞാൻ പറഞ്ഞില്ലേ, പണം, എനിക്ക് ഇരുപത്തിഅയ്യായിരം രൂപ വേണം. എപ്പോ എങ്ങനെ എന്നൊക്കെ ഞാൻ പറയാം'
'എന്റെ കയ്യിൽ പൈസ ഇല്ല'
'നിന്നെപ്പറ്റി എല്ലാം എനിക്കറിയാം. അടുത്ത ആഴ്ച്ച നിന്റെ മനസമ്മതം അല്ലേ? കല്യാണത്തിനും മറ്റുമായി പൈസ മാറ്റിവച്ചിട്ടുണ്ടാകും, അതിൽനിന്ന് എനിക്ക് വേണ്ടത് തന്നാൽ എന്റെ ശല്യമുണ്ടാവില്ല'
'നിങ്ങളുടെ കയ്യിൽ എന്ത് ഫോട്ടൊയാ ഉള്ളത്, എവിടുന്നാ കിട്ടിയത്?'
'രണ്ടാഴ്ച്ച മുൻപ് നീ പഴയ ഫോൺ കൊടുത്ത് പുതിയത് ഒരെണ്ണം എടുത്തിരുന്നില്ലേ, ആ പഴയത് ഇപ്പൊ എന്റെ കയ്യിലാ'
'അതിന് അതിൽ ഒന്നുമില്ലല്ലോ'
'എല്ലാം ഡിലീറ്റ് ചെയ്താലും വീണ്ടെടുക്കാൻ ഇപ്പൊ പറ്റും. നിന്റെ എല്ലാ പേർസണൽ ഫോട്ടോയും എന്റെ കയ്യിലുണ്ട്'
'ഓഹോ അത് കയ്യിൽ വച്ച് എന്നെ ഭീഷണിപ്പെടുത്താമെന്നാണോ?'
'എന്തേ അത് പോരെ?'
'ഞാൻ പൊട്ടിയാണെന്നാണോ നീ കരുതിയത്? ഒരിക്കലും വിവരങ്ങൾ തിരിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ എനിക്കറിയാം. നീ പറഞ്ഞത് പോലെയുള്ള ചതിക്കുഴികൾ ഉണ്ടെന്ന് എനിക്കും അറിയാം. പിന്നെ ഫോട്ടോസ്, ആ ഫോണിൽ എന്റെ മോശം ഫോട്ടോകൾ ഒന്നുമില്ല, ശരീരത്തിന്റെ ഫോട്ടോ എടുക്കുന്ന ശീലം എനിക്കില്ല. നീ വേറെ ആളെ നോക്ക് '
'അതിലെ നിന്റെ ഫോട്ടോകൾ ഞാൻ മോർഫ് ചെയ്ത് വച്ചിട്ടുണ്ട്, അത്പോരെ മോളെ? നിന്റെ കല്യാണം ഉറപ്പിച്ചതാ അത് ഓർമ്മ വേണം'
'അതിന് ഞാനെന്ത് വേണം?'
'നിന്നെ കെട്ടാൻ പോകുന്ന ആളുടെ പേര് ജെറി എന്നല്ലേ? അയാളുടെ നമ്പർ എന്റെ കയ്യിലുണ്ട്, ലാസ്റ്റ് 2502 അല്ലേ?'
'അയ്യോ അത് ഇച്ചായന്റെ പേർസണൽ നമ്പർ ആണ്. വാട്‌സ്ആപ്പ് നമ്പർ ഉണ്ട് അത് വേണോ? അതാണെങ്കിലല്ലേ ഫോട്ടോസ് അയക്കാൻ പറ്റൂ?'
'നീയെന്താടീ എന്നെ കളിയാക്കാ? ഞാനൊന്ന് മനസ്സ് വച്ചാൽ നീയെന്റെ അടുത്ത് കിടന്ന് തരും'
'ഓഹോ, അതാ തന്റെ ഉദ്ദേശം? നടന്നത് തന്നെ. ഒരു ഫോൺ കാൾ വന്നാൽ ഉടനെ പൈസ തരാനും കൂടെ കിടന്ന് തരാനും കുറേ പൊട്ടത്തികൾ ഉണ്ടാകും, ഈ ഗ്രിൻഷയെ അതിന് കിട്ടില്ല. താൻ തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്യ്. ഇന്ന് ഞാൻ നിനക്ക് പൈസ തന്നാൽ നാളെയും നീ വരും. അത് എനിക്ക് ബുദ്ധിമുട്ടാണ്. പിന്നെ നീ ഉണ്ടാക്കിയ ഫോട്ടോ കണ്ട് ജെറിച്ചായൻ എന്നെ സംശയിക്കുന്നെന്ന് തോന്നുന്നില്ല. അങ്ങനെ സംശയിച്ചാൽ ഈ ബന്ധം ഇപ്പൊ തീരട്ടെ അതല്ലേ നല്ലത്, അല്ലെങ്കിൽ കല്യാണശേഷമാണ് നീ വന്നതെങ്കിലോ, അപ്പോഴും ഇച്ചായൻ എന്നെ സംശയിക്കില്ലേ?'
'അപ്പൊ നീ രണ്ടും കൽപിച്ചാണല്ലേ, കാണിച്ച് തരാം ഞാൻ'
'ഒന്ന് പോടാ ചെക്കാ'
ഫോൺ കട്ടായി, ഒരു കുപ്പി വെള്ളം മുഴുവനും കുടിച്ച് തീർത്തു.
ആരാണാവോ ഇങ്ങനെ വിളിക്കുന്നത്? പൈസ തട്ടിയെടുക്കാനും ഭീഷണിപ്പെടുത്തിയുള്ള സെക്സിനും വേണ്ടി ഇങ്ങനത്തെ കുറെ ആളുകൾ ഇറങ്ങിട്ടുണ്ടെന്ന് വാർത്തയിൽ കണ്ടിരുന്നു, പക്ഷെ എനിക്ക് ഇങ്ങനെ വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.
എന്റെ മാതാവേ, ഇന്ന് വരെ അറിഞ്ഞ് കൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല, പിന്നെന്തിനാ എന്നെ പരീക്ഷിക്കുന്നത്?
ഇത്രയും നേരം അവനോട് സംസാരിച്ചത് എങ്ങനെയോ കിട്ടിയ ധൈര്യത്തിന്റെ പുറത്താണ്, അത് നഷ്ടപ്പെട്ടു. ഭീഷണിപ്പെടുത്തുന്നവർക്ക് മുന്നിൽ പേടിച്ച് കൊടുത്താൽ അത് അപകടം കൂട്ടുകയേ ഉള്ളൂ. കുരയ്ക്കും പട്ടി കടിക്കില്ല എന്നല്ലേ, അവന് പണമാണ് ആവശ്യം അത്കൊണ്ടാണ് വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഫോട്ടോസ് നെറ്റിൽ ഇട്ടത്കൊണ്ട് അവന് ഒരു ലാഭവുമില്ല. അത്കൊണ്ട് അവൻ ഇനിയും വിളിക്കും. അവന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ ബ്ലോക്ക് ചെയ്യാമായിരുന്നു, ഇത് പ്രൈവറ്റ് നമ്പർ ആണ്.
അവന്റെ ശല്യം ഇനിയുമുണ്ടാകും, എന്താ ചെയ്യാ? എല്ലാരോടും പറഞ്ഞാലോ? പോലീസിൽ കംപ്ലൈന്റ് കൊടുക്കാം. ഇതുവരെ ആരെയും അറിയിക്കാതിരുന്നു, ഇനിയും റിസ്ക് എടുക്കാൻ വയ്യ. വീട്ടിൽ പറയുന്നതിന് മുൻപ് ജെറിച്ചായനോട് പറയാം. ഈ കാര്യം ഞാൻ പറയുന്നതിന് മുൻപ് അവൻ ഇച്ചായനോട് പറഞ്ഞാൽ ആകെ കുഴപ്പമാകും. ആരോടും പറഞ്ഞില്ലെന്ന് പറഞ്ഞ് ചീത്ത പറയും.
ഇത്രയും ദിവസമായിട്ടും ഇച്ചായന്റെ സ്വഭാവം പൂർണ്ണമായി മനസിലാക്കാൻ പറ്റിയിട്ടില്ല, ചിലപ്പോൾ കർക്കശക്കാരനും ചിലപ്പോൾ നല്ലൊരു കാമുകനാണ്. അധികം സംസാരിക്കില്ല, പെട്ടന്ന് ദേഷ്യം വരും, കുറച്ച് അഹങ്കാരവും ഈഗോയും ഉള്ള ആളാണ് . ഈ കാര്യം ഞാൻ പറയാതെ അറിഞ്ഞാൽ എങ്ങനെയാ പ്രതികരിക്കുക എന്നറിയില്ല. വീട്ടുകാരുടെ കണ്ടെത്തലാണ് ഇച്ചായൻ, തെറ്റായിപ്പോകാൻ വഴിയില്ല, എന്തായാലും ഇച്ചായനെ വിളിച്ച് കാര്യം പറയാം. എന്നിട്ട് വീട്ടിലും പോലീസിലും പറയാം.
ജെറിയുടെ നമ്പർ ഡയൽ ചെയ്തു, ഫോൺ ബെല്ലടിക്കുമ്പോൾ അവളുടെ ചങ്കിടിപ്പ് കൂടി, മാതാവേ എങ്ങനെയാ ഇതൊക്കെ ഒന്ന് പറയാ...
'ഹായ് ഗ്രീനൂ'
'ഹലോ ഇച്ചായാ'
'എന്താ മോളൂ പരിപാടി?'
'ഒന്നൂല്ല്യ, ചുമ്മാ ഇരിക്കാ'
'ഉം, പറ എന്തൊക്കെയാ വിശേഷങ്ങൾ?'
'ഇച്ചായാ എനിക്കൊരു കാര്യം പറയാനുണ്ട്'
'എന്താ?'
'ഇച്ചായൻ ദേഷ്യപ്പെടരുത് ട്ടോ'
'ഇല്ല, മോള് പറ'
അവൾ ഉണ്ടായ കാര്യങ്ങളൊക്കെ ജെറിയോട് പറഞ്ഞു
'എനിക്ക് എന്താ ചെയ്യേണ്ടതെന്നറിയില്ല ഇച്ചായാ'
'നീയെന്താ ഇത് നേരത്തെ പറയാഞ്ഞത്? അവൻ ആദ്യം വിളിച്ചപ്പോൾ നിനക്ക് എന്നോട് പറയാമായിരുന്നില്ലേ?'
ജെറിയുടെ ശബ്ദം ഇത്തിരി ഗൗരവത്തിലായി. അതോടെ ഗ്രിൻഷയും സങ്കടത്തിലായി
'ഇച്ചായാ ഞാൻ...'
'എന്തെങ്കിലും ഉണ്ടായാൽ ആദ്യം എന്നെ അറിയിക്കണ്ടേ. നിങ്ങൾ പെണ്ണുങ്ങളുടെ കുഴപ്പമിതാ, ആരോടും ഒന്നും തുറന്ന് പറയില്ല, എന്നിട്ട് അപകടത്തിൽ പോയി ചാടും'
'അത് ഇച്ചായാ ഞാൻ... എനിക്ക് പേടിയായിട്ടാ'
'ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ നിനക്ക്. എന്നിട്ട്, നിന്റെ ഫോണിൽ എന്തെങ്കിലും ഫോട്ടോസോ മറ്റോ ഉണ്ടോ?'
'ഇല്ല'
'ഉണ്ടെങ്കിൽ തുറന്ന് പറയ്, എന്തെങ്കിലും ഉണ്ടെങ്കിൽ അവൻ അതൊക്കെ പുറത്ത് വിട്ടാൽ ആകെ നാണക്കേടാകും'
'അതിൽ ഒന്നുമില്ല. എല്ലാം ഞാൻ ഫോർമാറ്റ് ചെയ്തതാ'
'നീ ഒന്ന്കൂടി ഓർത്ത് നോക്കിക്കേ, ഏതെങ്കിലും ഹോട്ട് ഫോട്ടോയോ അല്ലെങ്കിൽ നീ ആർക്കെങ്കിലും അയച്ച മെസ്സേജോ? നിനക്ക് പ്രേമമൊന്നും ഉണ്ടായിരുന്നില്ലെന്നാ നീ പറഞ്ഞത്. എന്നാലും ബോയ് ഫ്രണ്ട്സ് ആരോടെങ്കിലും ഹോട്ട് ചാറ്റോ മറ്റോ ചെയ്തിട്ടുണ്ടോ?'
'ഇല്ല, എനിക്ക് അങ്ങനെയൊന്നുമില്ല'
'അവസ്‌ഥ ഇങ്ങനെ ആയത് കൊണ്ടാണ് ഞാൻ ചോദിക്കുന്നത്, എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ എന്നോട് തുറന്ന് പറയ്. എനിക്ക് നിന്നെ മനസിലാക്കാൻ പറ്റും'
'ഇല്ല ഇച്ചായാ, ഞാൻ ഇച്ചായനോട് മുൻപ് പറഞ്ഞതൊക്കെ സത്യാ. എനിക്ക് പ്രേമവും ഫോട്ടോ എടുക്കലും ഒന്നുമില്ല. അവന്റെ കയ്യിൽ അങ്ങനെ ഒരു ഫോട്ടോയുമില്ല. മോർഫ് ചെയ്തത് ഉണ്ടെന്നാണ് അവൻ പറഞ്ഞത്, അതിനുള്ള ഫോട്ടോ വേണമെങ്കിൽ എന്റെ ഫേസ്‌ബുക്കിൽ നിന്ന് കിട്ടുമല്ലോ'
'ഉം, അങ്ങനെയുമാവാം. എന്തായാലും അവൻ ഫോട്ടോസ് പുറത്ത് വിട്ടാൽ കുഴപ്പമാണ്. നാട്ടുകാരോടും വീട്ടുകാരോടും എന്ത് പറയും?'
'ഇച്ചായാ ഞാനൊരു തെറ്റും ചെയ്തിട്ടില്ല, അതെനിക്കുറപ്പാണ്. അപ്പൊ ഞാൻ എന്തിന് പേടിക്കണം? ഞാൻ ഈ കാര്യം ഇച്ചായനോട് മാത്രേ പറഞ്ഞിട്ടുള്ളു. ഇനി പപ്പയോടും മമ്മയോടും പറയണം എന്നിട്ട് പോലീസിൽ പറയണം. അവനെയൊന്നും അങ്ങനെ വെറുതെ വിടാൻ പറ്റില്ല. എന്റെ ജീവിതം പോയാലും വേണ്ടില്ല അവൻ കാരണം വേറെ ഒരു പെൺകുട്ടിയ്ക്കും ജീവിതം നഷ്ടപ്പെടരുത്'
'പോലീസിൽ പറയാനൊന്നും നിൽക്കണ്ട, അത് പിന്നെ വാർത്തയാകും ആകെ നാണക്കേടാകും'
'എന്തായാലും പപ്പയോട് പറയട്ടെ, എന്നിട്ട് തീരുമാനിക്കാം'
'നീ ആരോടും പറയണ്ട. ഇത്....'
'ഹലോ... ഹലോ... ഇച്ചായാ...'
കാൾ കട്ടായിരിക്കുന്നു, അങ്ങോട്ട് വിളിച്ച് നോക്കി, ഫോൺ ഓഫാണ്. ചാർജ് തീർന്നിട്ടുണ്ടാകും. ഈ കാര്യം പപ്പയോട് മറച്ച് വെക്കാൻ പറ്റില്ല. എന്തായാലും പോലീസിൽ പറയുകയും വേണം. ഇച്ചായനേം പപ്പയെയും കൂട്ടി പോകാം.
അരമണിക്കൂറിന് ശേഷം ജെറിയുടെ കാൾ വന്നു
'ഹലോ,'
'ആ, ഗ്രീനൂ ഫോണിലെ ചാർജ് തീർന്നു'
'ഉം, എനിക്ക് തോന്നി. പിന്നെ, ഞാൻ പപ്പയോട് എല്ലാം പറഞ്ഞിട്ടുണ്ട്, ഇച്ചായൻ ഇങ്ങോട്ട് വാ, നമുക്ക് മൂന്നാൾക്കും കൂടി സ്റ്റേഷനിൽ പോകാം'
'ഛെ, നീയെന്തിനാ പപ്പയോട് പറഞ്ഞത്, ആരോടും പറയണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ? കേസും കൂട്ടവുമൊന്നും വേണ്ട. അതൊക്കെ നാണക്കേടാ'
'അവനെ വെറുതെ വിടണമെന്നാണോ ഇച്ചായൻ പറയുന്നത്? ഇന്ന് എനിക്ക് വന്ന ഈ അവസ്‌ഥ നാളെ വേറെ ആൾക്ക് വരില്ലേ? ഇത്തരം കാര്യങ്ങളിൽ നമ്മൾ പ്രതികരിച്ചേ മതിയാകൂ. പപ്പയും അത് തന്നെയാ പറഞ്ഞത്. ഇപ്പൊ നാണക്കേട് നോക്കിയാൽ ജീവിതം തകരും. ഞങ്ങൾ എന്തായാലും കംപ്ലൈന്റ് കൊടുക്കാ'
'ഗ്രീനൂ.. ഒരു മിനുട്ട് ഞാൻ പറയുന്നത് കേൾക്ക്. നീ വിഷമിക്കണ്ട'
'എന്താ ഇച്ചായാ?'
'നിന്നെ വിളിച്ചത് ഞാൻതന്നെയാ. ആ നമ്പർ എന്റെയാ'
'എന്താ ഇച്ചായാ പറയുന്നത്?'
'നിന്നെ ഒന്ന് പരീക്ഷിക്കാൻ ചെയ്തതാ'
'എന്നെയോ? എന്തിന്?'
'നിന്നെപ്പറ്റി കൂടുതൽ അറിയാൻ'
'എന്നെപ്പറ്റി എല്ലാം ഞാൻ ഇച്ചായനോട് പറഞ്ഞതല്ലേ. എന്റെ എല്ലാകാര്യവും അറിയുന്ന ആള് ഇച്ചായൻ മാത്രാ'
'അതൊക്കെ ശരിയാണ്, പക്ഷെ നീ പറഞ്ഞ പലതും എനിക്ക് വിശ്വാസമായില്ല. ഇത് വരെ ആരെയും പ്രേമിച്ചിട്ടില്ല, ബോയ് ഫ്രണ്ട്സ് ഇല്ല, പിന്നെ സെക്സ് സംബന്ധമായ കാര്യങ്ങൾ അങ്ങനെ പലതും. അപ്പൊ അതൊക്കെ ശരിയാണോ എന്നറിയാൻ ചെയ്തതാ'
അവൾക്ക് ആ കേട്ടത് വലിയ ഷോക്ക് ആയി. സങ്കടം കൊണ്ട് ചുണ്ടുകൾ വിതുമ്പി, കണ്ണുകൾ നിറഞ്ഞു.
'എന്താ ഇച്ചായാ ഇത്,, ഞാൻ എല്ലാം ഇച്ചായനോട് പറഞ്ഞതല്ലേ? ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഇനിയും എന്നെ വിശ്വാസമായിട്ടില്ലേ?'
'നിങ്ങൾ പെണ്ണുങ്ങളെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. സിംപിൾ ആയി ആണുങ്ങളെ പറ്റിയ്ക്കും. ഒരുത്തനെ പ്രേമിക്കാനും വേറെ ഒരുത്തനെ കെട്ടാനും ഒരു മടിയുമില്ല'
'ഇച്ചായാ അങ്ങനെയൊന്നും പറയരുത്, അത് ശരിയല്ല'
'അതിൽ തെറ്റൊന്നുമില്ല. ഈയിടയ്ക്ക് ഒരു വാർത്ത കണ്ടു, ഗൾഫുകാരന്റെ ഭാര്യ സ്ഥിരം യാത്രചെയ്യുന്ന ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടി, എന്നിട്ട് ആ ഓട്ടോക്കാരന്റെ വീട്ടിൽ പണിക്ക് വന്ന ഇലക്ട്രീഷ്യന്റെ കൂടെയും പോയി. എനിക്ക് എന്റെ ജീവിതത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ വയ്യ'
' കണ്ടവന്റെയൊക്കെ കൂടെ പോകുന്ന പെണ്ണിന്റെ വാർത്തയേ ഇച്ചായൻ കേട്ടുള്ളൂ? ഭർത്താവിന്റെ ഓർമ്മകളിൽ ജീവിക്കുന്ന വിധവകളായ പെണ്ണുങ്ങളുടെ കഥ കേട്ടില്ലേ? തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മലവും മൂത്രവും എടുക്കുന്ന ഭാര്യയുടെ കഥ കേട്ടില്ലേ? '
'നീ ചൂടാവണ്ട. നിന്നെ എനിക്ക് വിശ്വാസമാണ്. ഈ പരീക്ഷണത്തിൽ നീ വിജയിച്ചപ്പോൾ പൂർണ്ണ വിശ്വാസം'
'എന്തിനാ ഇച്ചായാ എന്നെയിങ്ങനെ പരീക്ഷിക്കുന്നത്?'
'ഏതൊരു പെണ്ണിനേയും ഞാൻ കണ്ണടച്ച് വിശ്വസിക്കില്ല. പരിശോധിച്ച് ബോധ്യപ്പെടണം'
'എനിക്ക് ഭയങ്കര സങ്കടായി ട്ടോ'
'എന്റെ കുട്ടി സങ്കടപ്പെടണ്ട ട്ടോ. എനിക്കിപ്പോ നിന്നെ വിശ്വാസമാണ്. ഇനി നമുക്ക് നമ്മുടെ മനസ്സമ്മതത്തിന് കാത്തിരിക്കാം'
'ഇനിയെന്നെ അവിശ്വസിക്കോ ഇച്ചായാ?'
'അങ്ങനെ ഉണ്ടാകാതെ നീ നോക്കണം. എന്നാൽ നമ്മുടെ ജീവിതം നന്നായി മുന്നോട്ട് പോകും'
'ഞാൻ ഒരു തെറ്റും ചെയ്യില്ല, തെറ്റ് പറ്റിയാൽ അത് ഉടനെ തിരുത്തും'
'ഗുഡ്. എന്നാ മോള് ഫോൺ വച്ചോ. പപ്പയെ എന്തെങ്കിലും നുണ പറഞ്ഞ് ഒഴിവാക്ക്, ഞാനാണ് വിളിച്ചതെന്ന് പറയണ്ട ട്ടോ'
'ഉം'
'എന്നാ ശരി. ബൈ ബൈ. ഉമ്മ'
#രജീഷ് കണ്ണമംഗലം
'ഇച്ചായാ, ഒരു മിനുട്ട്'
'എന്താ മോളേ?'
'മനസ്സമ്മതത്തിന് മുൻപ് ഇച്ചായൻ ഒരു കാര്യം ചെയ്യണം'
'എന്താടാ?'
'ഇച്ചായന്‌ ഒരു പെണ്ണിനേയും വിശ്വാസമില്ലല്ലോ, പക്ഷെ ഒരു പെണ്ണിന്റെ വാക്ക് ഇച്ചായൻ കുറേ കാലമായി വിശ്വസിക്കുന്നു. അതൊന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം.
ഇച്ചായന്റെ അമ്മ. ആ അമ്മ ചൂണ്ടിക്കാണിച്ച് തന്ന ആളെ ആ വാക്കിന്റെ പുറത്ത് പപ്പായെന്ന് വിളിച്ചില്ലേ, അത് ശരിയായിരുന്നോ എന്ന്, ആ പെണ്ണിന്റെ വാക്കിനെ വിശ്വസിക്കാൻ പറ്റുമോ എന്ന് പരിശോധിച്ച് ഉറപ്പിച്ച് അതിന്റെ തെളിവ് കൊണ്ട് വാ. എന്നിട്ടാകാം നമ്മുടെ മനസമ്മതം.
മനസിലായില്ലേ?
നിന്റെ അമ്മയുടെ കെട്ടിയോൻ തന്നെയാണോ നിന്റെ തന്ത എന്ന് അന്വേഷിച്ച് വാടാ!!!!
THE END
*തെറ്റ് പറ്റിയാൽ അത് ഉടനെ തിരുത്തും*

By: Rajesh Kannamangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo