Slider

കേയ പുത്രി

0
Image may contain: 1 person, beard, outdoor and closeup

സ്വർണ്ണ നിറമുള്ള പട്ടു മുലക്കച്ചയോടപ്പം റാണിയുടെ ഉത്തരീയവും അഴിഞ്ഞു വീണു. പൂർണ്ണ നഗ്നതയിൽ തച്ചൻ കൊത്തിവച്ച ദേവി ശിൽപ്പം പോലെ അന്തപുരത്തിലെ അരണ്ട വെളിച്ചത്തിലും കേയ സാമ്രാജ്യത്തിലെ മഹാറാണി രത്ന ദേവി തിളങ്ങി നിന്നു. നിതംബം വരെ എത്തുന്ന കാർക്കുന്തൽ ജനൽ വഴി ഒഴുകി എത്തുന്ന മന്ദമാരുതനിൽ ഇളകിയാടി. ചന്ദന കട്ടിലെ പതുപതുത്ത ഉന്ന കിടക്കയിൽ രത്ന ദേവി വലത് കാൽ അൽപ്പമൊന്നുർത്തി വികാരപരവശയായി മുറുമുറുത്തു. ഊർദ്ധസ്ഥായിലുള്ള റാണിയുടെ ശ്വാസഗതിയിൽ രതിദേവിയുടെ മലർശരം ലക്ഷ്യസ്ഥാനത്ത് തന്നെ പതിച്ചു.
'കേയ സാമ്രാജ്യ'ത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ മഹാരാജാവ് കണ്ടെത്തിയ മാർഗ്ഗം, തനിക്കൊരു പുത്ര ഭാഗ്യമില്ലെന്ന് കൊട്ടാരം വൈദ്യനും, ജ്യോതിഷിയും ഗണിച്ചു പറഞ്ഞതാണ്. ഏക പത്നി സംമ്പ്രാദായ രാജ്യമായ കേയ സാമ്രാജ്യം തന്റെ കാലശേഷം സാമ്രാജ്യം നശിച്ചു പോകുമല്ലോ എന്ന് തപിച്ചപ്പോൾ രാജഗുരു പറഞ്ഞ് തന്ന മാർഗ്ഗം. ഉന്നതകുലജാതനും,ആരോഗ്യ ദൃഡ ഗാത്രനും, സർവ്വ ഗുണ സമ്പന്നനുമായി റാണി രഹസ്യ വേഴ്ച്ച ചെയ്ത് തിരുവയർ പുഷ്പ്പിക്കുക.
മഹാറാണി രത്ന ദേവിക്ക് ഇംഗിതം പോലെ ആ ബീജദാതാവിനെ തിരഞ്ഞെടുക്കാം. ആ ബീജദാതാവാണ് ഇന്ന് റാണിയുടെ അന്തപുരത്തിൽ അരണ്ട വെളിച്ചത്തിൽ രഹസ്യ വേഴ്ച്ചക്കെത്തിയത്.കുടമുല്ലപ്പൂവും, സർവ്വ സുഗന്ധിയും, മനം മയക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ വാസനയും ആരുടെ വികാരത്തേയാണ് ഉത്തേജിപ്പിക്കാതിരിക്കുന്നത്. ചന്ദന കട്ടിലിലെ ഉന്നക്കിടക്കയിലെ കുടമുല്ല പൂക്കൾ ഞെരിഞ്ഞമർന്നു. സീൽക്കാരങ്ങൾ കൊണ്ട് അന്തപ്പുരം മുഖരിതമായി. മൂടിക്കെട്ടിയ കാർമേഘം വർഷം ഉഗ്രശബ്ദത്തോടെ വരണ്ട മണ്ണിലേക്ക് കുതിച്ചിറങ്ങി.തരിശ്ശു ഭൂമി ജലധാരയാൽ തരളിതമായി. അനിർവചീയ നിർവൃതിയിൽ രത്ന ദേവി മിഴിപ്പൂട്ടി കിടന്നു. മഴ ചിന്നൽ തെറിച്ച പോലെ വിയർപ്പ് കണങ്ങൾ തിരുനെറ്റിയിൽ നിന്ന് നിലംപുൽകാൻ വെമ്പൽ കൊണ്ടു. തുറന്ന് കിടക്കുന്ന ജനൽ വഴി അങ്ങ് ദൂരെ മലമടക്കുകളിൽ നിന്ന് കുയിൽ നാദം കേൾക്കുന്നു. സൂര്യോദയത്തിന് സമയമായിരിക്കുന്നു. കേയ സാമ്രാജ്യത്തിന്റെ പാരമ്പര്യം നിലനിർത്താൻ പര്യാപ്തമായ ഒരുദയം കൂടി മഹാറാണി രത്ന ദേവിയുടെ തിരു വയറിൽ തെളിഞ്ഞു.
രത്നസിംഹൻ. സിംഹഗർജ്ജനം പോലെ ശബ്ദമുള്ളവൻ, ദേവേന്ദ്രന്റെ സൗന്ദര്യം, യുദ്ധതന്ത്ര വിദ്യകളിൽ അതിനിപുണൻ' കേയ സാമ്രാജ്യ'ത്തിന്റെ യുവരാജാവ്.മഹാറാണി രത്ന ദേവിയുടെ മകൻ. ഇനി കേയ സാമ്രാജ്യത്തിന്റെ പ്രതാപം ഉദ്ഘോഷിക്കുന്നത് രത്നസിംഹനിലൂടെയാണ്. തന്റെ പൂർവ്വിക രേക്കാൾ രാജനീതിയും, രാജതന്ത്രവും, രാജ്യ വിസ്തൃതിയും വർദ്ധിപ്പിക്കാൻ രത്നസിംഹന് കഴിഞ്ഞിട്ടുണ്ട്.
ആയുധ പരിശീലനവും, യുദ്ധ നീതിയും തന്ത്രവും സ്വായത്തമാക്കിയത്, അച്ഛൻ മഹാരാജാവിന്റെ കാലത്തെ സർവ്വസൈന്യാധിപൻ വീര ധർമ്മനിൽ നിന്നാണ്. തന്റെ നയതന്ത്രജ്ഞത ഉദ്ദീപിപ്പിക്കുന്നതിൽ വീര ധർമ്മൻ ചെലുത്തിയ സ്വാധീനം ചെറുതല്ല. അതോടൊപ്പം തന്നെ വീര ധർമ്മന്റെ പുത്രി ദീക്ഷണയുമായി പ്രണയത്തിലുമായി രത്നസിംഹൻ.
മഹാറാണി രത്ന ദേവി ആ പ്രണയം എങ്ങനെയോ മണത്തറിഞ്ഞു. സർവ്വസൈന്യാധിപൻ വീര ധർമ്മനെ രഹസ്യമായി അന്തപുരത്തിലേക്ക് വിളിച്ചു വരുത്തി.
''കേയ സാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപാ വീര ധർമ്മാ.... രാജ്യത്തിന്റെ യശസ്സും വിസ്തൃതിയും നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വീരപുത്രൻ രത്നസിംഹന്റെ കഴിവും, നൈപുണ്യവും അക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവന്റെ ദൃഡനിശ്ചയവും, ധൈര്യവും താങ്കൾക്കറിയാവുന്നതല്ലേ..''
മഹാറാണി ഒന്ന് നിശ്വസിച്ച് വീണ്ടും തുടർന്നു.
'' വീര ധർമ്മാ.. കാര്യത്തിലേക്ക് വരാം.താങ്കളുടെ പുത്രി ദീക്ഷണയുമായി രത്നസിംഹൻ പ്രണയത്തിലാണ്. ചാരന്മാർ രഹസ്യമായി അറിയിച്ച കാര്യം. താങ്കൾക്ക് തോന്നുന്നുണ്ടോ ഈ ബന്ധം സ്വാർത്ഥകമാകുമെന്ന് ?ഈ പ്രണയബന്ധം പൂവണിയണമെന്ന് താങ്കൾക്ക് ആഗ്രഹമുണ്ടോ..? ദൃഡ ചിത്തനായ രത്നസിംഹൻ ഒരിക്കലും ഈ ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് എനിക്കും, താങ്കൾക്കുമറിയാം. അതു കൊണ്ട് ഉചിതമായ ഒരു തീരുമാനം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. കേയ സാമ്രാജ്യത്തിന്റെ കീർത്തി നിലനിർത്തേണ്ടത് താങ്കളുടെയും കടമയാണ്.. '' രത്ന ദേവി പറഞ്ഞു നിർത്തി.
" കേയ സാമ്രാജ്യം അതിന്റെ പ്രതാപത്തിലൂടെ തന്നെ അറിയപ്പെടും, മഹാറാണി.രാജ്യത്തിന് ഹാനി വരുത്തുന്ന ഒന്നും തന്നെ അടിയന്റെ കുടുംബത്തിൽ നിന്നും ഉണ്ടാവില്ല.ഞാൻ നോമ്പു നോറ്റ് കാത്തിരുന്നു കിട്ടിയ, ആ അമ്മയില്ലാത്ത കുഞ്ഞ് ദീക്ഷണയായാലും ഞാനതിന് അനുവദിക്കില്ല. രാജ്യമാണ് വലുത്, രാജ്യത്തിന്റെ നീതിയാണ് വലുത്, വരും തലമുറകൾ കേയ സാമ്രാജ്യത്തിന്റെ വീരഗാഥകൾ ഏറ്റു പാടുമ്പോൾ ' ദീക്ഷണ' എന്ന അപശ്രുതി ഉണ്ടാവാൻ പാടില്ല, മഹാറാണി. " അവസാന വാചകങ്ങൾ പൂർത്തിയാക്കുമ്പോൾ വിസ്തൃതിയേറിയ കേയ സാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപന്റ കണ്ണിൽ നിന്ന് ഉതിർന്ന കണ്ണീർ കണങ്ങൾ ആരും കണ്ടില്ല.
മട്ടുപാവിൽ നൃത്തചുവടുകൾ പരിശീലിക്കുന്ന പ്രിയപുത്രി ദീക്ഷണയുടെ അടുത്തേക്ക് വീര ധർമ്മൻ നടന്നു വന്നു. അച്ഛനെ കണ്ടപാടെ പരിശീലനം മതിയാക്കി ഓടി വന്ന് കാൽതൊട്ട് വന്ദിച്ചു. മകളെ അയാൾ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു.
"പ്രിയപുത്രി... നിന്റെ ജനനത്തോടെ ഇഹലോകവാസം വെടിഞ്ഞ അമ്മ, അമ്മയുടെ ഒരു കുറവും വരുത്താതെ ഞാൻ വളർത്തി വലുതാക്കി. നമ്മുടെ എല്ലാ സൗഭാഗ്യങ്ങളും കേയ സാമ്രാജ്യത്തിന്റെ ദയാവായ്പാണ്.രാജ്യ ഹിതത്തിനും, രാജ ഹിതത്തിനും എതിരായി നമ്മൾ ഒന്നും ചിന്തിക്കുക പോലും ചെയ്യരുത്. പ്രിയപുത്രി എന്നോട് പൊറുക്കണം, കേയ സാമ്രാജ്യത്തിന്റെ, കീർത്തിക്ക് ഭംഗം വരുത്തുന്നത് ഒന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്.''
പറഞ്ഞ് തീർന്നതും മട്ടുപ്പാവിന്റെ ഉയരം കുറഞ്ഞ കൈവരികൾക്ക് മുകളിലൂടെ വീര ധർമ്മൻ മകളെ താഴേക്ക് തള്ളിയിട്ടു. നിലവിളിയോടെ താഴേക്ക് തെന്നി പറന്ന് പോകുന്ന മകളെ നോക്കി നിറഞ്ഞ മിഴിയോടെ കേയ സാമ്രാജ്യത്തിന്റെ സർവ്വസൈന്യാധിപൻ ഉരുവിട്ടു.
''സഹോദരിയെ സ്വയംവരം ചെയ്ത രത്നസിംഹൻ എന്ന പേരിലറിയപ്പെടരുത് കേയ സാമ്രാജ്യം..''

By: James Vinod
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo