Slider

ഒരു ചിന്ത.......

0
ഒരു ചിന്ത.......
നോമ്പ് എന്നു കേൾക്കുമ്പോൾതന്നെ വിവിധ തരം പലഹാരങ്ങളുടേയും വിഭവങ്ങളുടേയും ചിത്രമാണോ നമ്മുടെ കൺമുൻപിൽ തെളിയുക...? അതോ വ്രതശുദ്ധിയുടേയും, ആത്മനിയന്ത്രണത്തിന്റേയും നാളുകൾ എന്ന ചിന്തയോ.. ?എങ്കിൽ ആ ആത്മസംയമനം നാം എല്ലാ കാര്യത്തിലും പാലിക്കുന്നുണ്ടോ....? ഇല്ല എന്ന് ഉത്തരം നൽകേണ്ടിവരും അല്ലെ? കരണം ആഹാരക്കാര്യത്തിൽ നാമത് മനപൂർവ്വം ഒഴിവാക്കുന്നു.... ഇത്രയും മഹത്തരമായ ദിനങ്ങൾക്ക് എങ്ങനെയാണ് തീറ്റനോമ്പ് എന്നൊരു പേര് വന്നത്??? അങ്ങനെ പറയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതെന്താണ്? നമ്മളിലോരോരുത്തരുമല്ലേ അതിനുത്തരവാദികൾ.....
സത്യത്തിൽ എന്താണ്റമളാൻ....? പുണ്യങ്ങളുടെ പൂക്കാലം.... എല്ലാവിധ തെറ്റുകുറ്റങ്ങളിൽ നിന്നും മനസ്സും, ശരീരവും നിയന്ത്രിച്ച് ,ഓരോ വാക്കുകളിലും , ചലനങ്ങളിൽ പോലും സൂക്ഷ്മത പുലർത്തുന്ന ദിനരാത്രങ്ങൾ..... ഒരു പൈതലിന്റെ മനസ്സെന്ന പോലെ നമ്മുടെ മനസ്സും നിഷ്കളങ്കമായിരിക്കണം എന്നാഗ്രഹിക്കുന്ന നന്മയുടെ ദിനങ്ങൾ....
അവിടെ ശത്രുതയില്ല, അഹങ്കാരമില്ല, കോപമില്ല, ദുഷ്പ്രവർത്തികളില്ല.. പകരം നന്മയും, സ്നേഹവും, വിനയവും, വിട്ടുവീഴ്ചയും, സഹതാപവും, കരുണയും മാത്രം.... ദാനധർമങ്ങളും, സൽപ്രവൃത്തികളും, പ്രാർത്ഥനകളും അധികരിപ്പിക്കുന്ന മാസം... ഇതിനെല്ലാം പുറകിൽ നമുക്കൊരുദ്ദേശമുണ്ട്.... അല്ലാഹുവിൽ നിന്ന് നമുക്ക് ലഭിക്കാൻ പോകുന്ന നന്മയേ കുറിച്ച്..
ഓരോ പ്രവർത്തിയിലും ലഭിക്കുന്ന നാൽപതിരട്ടി പ്രതിഫലത്തെക്കുറിച്ച്..... എന്നിട്ടുമെന്തേ ഈയൊരു കാര്യത്തിൽ മാത്രം നമുക്ക് തെറ്റ് പറ്റിപ്പോയി ??
ഒന്ന് ചിന്തിക്കു........
ഇത്രയും മഹത്തരമായ നോമ്പുദിനങ്ങളെ തീറ്റ നോമ്പ് എന്ന് വിളിപ്പിക്കുവാൻ പ്രേരിപ്പിച്ചതാരാണ്? മിതത്വവും, സംയമനവും പാലിക്കേണ്ടിടത്ത് ആർഭാടത്തിന്റെയും, അഹങ്കാരത്തിന്റെയും ദിനങ്ങളാക്കി മാറ്റുന്ന നമ്മൾ ഒന്ന് ചിന്തിക്കുക... നമ്മെ ആരാണിത് പഠിപ്പിച്ചത്..?ആരെയാണ് നാം പിൻ പറ്റുന്നത്?
താഴെ വീണുപോയ അൽപം ഭക്ഷണം കളയാൻ മനസ്സു വരാതെ അതെടുത്ത് വൃത്തിയാക്കി കഴിച്ചു കാണിച്ചു തന്ന നമ്മുടെ പ്രവാചകനേയോ? അതോ ഇതെല്ലാം
അല്ലാഹുവിന് ഇഷ്ടമായ പ്രവർത്തിയാണെന്ന് നാം ചിന്തിക്കുന്നുവോ?
തെറ്റാണെന്നറിഞ്ഞിട്ടും,ടേബിൾ മുഴുവൻ നിറക്കുന്ന വിവിധതരം ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ആവശ്യമുള്ളത് കഴിച്ച് ബാക്കി കുറേ അനാവശ്യമാക്കുന്ന പ്രവർത്തി ഈ മാസം തന്നെ ചെയ്യുന്നതിലെ അതിശയോക്തിയെന്താണ്? നമുക്ക് ചുറ്റുമുള്ള പട്ടിണി പാവങ്ങളെ നാം ഓർക്കുന്നുണ്ടോ?അതോ അത്തക്കാരെയെല്ലാം കുറച്ച് സഹായിച്ച ശേഷം എനിക്ക് ഇത്തരം ആർഭാടമെല്ലാം കാണിക്കാം എന്നാണോ ചിന്തിക്കുന്നത്? നമ്മുടെ നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലം പോലെതന്നെ തെറ്റുകൾക്കും ലഭിക്കുന്ന ശിക്ഷ എത്ര ഇരട്ടിയാണെന്ന് ചിന്തിക്കാതെ പോകുന്നതെന്ത്? ഇതെല്ലാം വാരിവലിച്ചു കഴിക്കാൻ മാത്രം നമ്മളെല്ലാം പട്ടിണി കിടന്നു നരകിച്ചുവോ? സത്യത്തിൽ ഈ കാണിക്കുന്നതെല്ലാം ആഹാരത്തോടുള്ള അമിത താൽപര്യം മാത്രമാണോ?ആർഭാടത്തിന്റെ മനോവൈകല്യം ബാധിക്കുന്നതല്ലേ...? അല്ലെങ്കിൽ തന്നെ ഇക്കാര്യത്തിൽ പരസ്പരമൊരു മൽസരമെന്തിന്? മുൻകാലങ്ങളിൽ നമ്മുടെ മുൻഗാമികൾ ഇത്രയധികം ആർഭാടം കാണിച്ചിരുന്നുവോ? കഴിക്കുവാനുള്ള ഭക്ഷണമുണ്ടാക്കുമെന്നല്ലാതെ...
ഒരു സംശയം മാത്രം..........
നോമ്പു പിടിക്കുമ്പോൾ നമ്മൾ അത്ര പട്ടിണി അനുഭവിക്കുന്നുണ്ടോ? ഒരു വീട്ടമ്മയായ ഞാൻ എന്റെ ചിന്ത നിങ്ങളുമായി ഷെയർ ചെയ്യുക മാത്രമാണ് കേട്ടോ..?
ആ ചിന്ത ഇതാണ്....
സാധാരണ ഒരു മനുഷ്യന്റെ ഭക്ഷണ രീതി മൂന്നു നേരമാണ്... രാവിലെ, ഉച്ചക്ക്, രാത്രി...
അതിൽ രാവിലെ എട്ടിനുള്ളിൽ കഴിക്കുന്ന ഭക്ഷണം, നോമ്പുകാലത്ത് വെളുപ്പിന് നാലിനുള്ളിൽ കഴിക്കുന്നു.... ഉച്ചക്ക് ഒരു നേരം ഒഴിവാക്കുന്നുവെങ്കിലും വൈകുന്നേരം 6.30ന് ശേഷം കഴിക്കുന്നുമുണ്ട്.... അതായത് കുറച്ച് മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും മാറുന്നുവെന്നല്ലേയുള്ളു? രാത്രി ഭക്ഷണം ഒഴിവാക്കുന്നുമില്ല.... പിന്നെയെവിടെയാണ് ഈ പട്ടിണി? ഇത്രമാത്രം ആഹരിക്കുവാൻ..?
ആകെയുള്ള പ്രശ്നം പകൽ ഒഴിവാക്കുന്ന വെള്ളം മാത്രമാണ്.... അപ്പോൾ സത്യത്തിൽ നമ്മുടെ പ്രശ്നമെന്താണ്... മനസ്സിന്റെ നിയന്ത്രണമില്ലായ്മ മാത്രമല്ലേ അത്?....
അൽപസമയത്തെ വിശ്രമം കൊടുക്കുന്ന നമ്മുടെ ആമാശയത്തിന് അതിനു താങ്ങാവുന്നതിലധികം ആഹാരം ഒരുമിച്ചു നൽകി കഷ്ടപ്പെടുത്തുന്നു.സ്വന്തം ശരീരത്തോട് എന്തോ പ്രതികാരം ചെയ്യുന്ന പോലെയുള്ള ഭക്ഷണ രീതി ആരോഗ്യത്തെപോലും തകരാറിലാക്കും..
നോമ്പുകാലത്ത് ഭക്ഷണ നിയന്ത്രണമെങ്കിൽ ചിലവുകൾ കുറയുകയല്ലേ വേണ്ടത്? പകരം ചിലവുകളും ആർഭാടവും കുറക്കേണ്ടിടത്ത്
വീട്ട ചിലവുകൾ ഇരട്ടിയിലധികമാവുന്നു...
ഇതിനുവേണ്ടി കുടുംബനാഥൻമാർ നെട്ടോട്ടമോടുന്ന അവസ്ഥയും കാണേണ്ടി വരുന്നു... ഇക്കാര്യത്തിൽ സ്ത്രീകൾക്കും നല്ലൊരു പങ്കുണ്ട് നാം എന്തു കൊണ്ടാണിങ്ങനെയെന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു...
ഈ മാസം നമ്മൾ 'എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്നു? അതിന്റെ പ്രതിഫലം ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ..... മറ്റെല്ലാ കാര്യങ്ങളിലും മനസ്സും, ശരീരവും നിയന്ത്രിക്കുന്ന നമുക്ക് ഭക്ഷണകാര്യത്തിലും ആ നിയന്ത്രണം കൊണ്ടുവരാൻ സാധ്യമാകട്ടെ.....തീറ്റ നോമ്പ് എന്ന വാക്ക് തൂത്തെറിയപ്പെടട്ടെ.... പകരം 'നന്മയുടെയും, സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും, നന്മാർഗ്ഗത്തിന്റേയും മാസമായിത് അറിയപ്പെടട്ടെയെന്നും ആഗ്രഹിക്കുന്നു.....
ഈ ചെറിയ ചിന്തകളിൽ തെറ്റുകുറ്റങ്ങൾ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക...
റമളാൻ ആശംസകളോടെ....
(Raziya Maju)
.,,,,,,,,,,,,,,,,,,,,,,,,,,,,,,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo