Showing posts with label സജിവർഗ്ഗീസ്. Show all posts
Showing posts with label സജിവർഗ്ഗീസ്. Show all posts

അവൾ


അവൾ
*******
അവൾ വയസ്സറിയിച്ചിട്ടില്ല. അതിനു മുമ്പേ
അയാളെത്തി. ഒരു വിശിഷ്ടാതിഥി. അവൾക്കാശ്ചര്യമായിരുന്നു.അത്ഭുതമായിരുന്നു.
ചുവന്ന തെരുവിലെ കൊട്ടാരത്തിലെ കിടപ്പറ സുഗന്ധപൂരിതമായി.അവളിൽ മതിലുംഗോപുരങ്ങളും ഉയർന്നുവന്നു.
മന്ത്രിമാർ, എഞ്ചിനീയർമാർ, ഡോക്ടർമാർ തുടങ്ങിയവരെല്ലാം വന്നു കൊണ്ടേയിരുന്നു.
അവൾ ജനിച്ചത് ചുവന്നതെരുവിലാണ്. അവളുടെ മാഡം അവളുടെ വളർച്ചയറിയുന്നതും കാത്തിരിക്കുകയായിരുന്നു.
പക്ഷേ വന്ന പ്രമാണിമാർക്ക് അക്ഷമ മാത്രം. അവളുടെ മാഡത്തിന്റെ ഹൃദയവും ഇടയ്ക്കിടെ തേങ്ങി. അവരും അവിടെയാണ് ജനിച്ചുവീണത്. നോട്ടുകെട്ടുകൾ അവരുടെ തേങ്ങലുകൾക്ക് മീതെ പുതിയ രാഗങ്ങൾ തീർത്തു.
"നിന്നെ ഞാൻ രാജ്ഞിയാക്കും". മുന്തിരിത്തോട്ടത്തിലെ മധുര മുന്തിരിച്ചാറിന്റെ മധുരം നുകരുന്നതിനിടയിൽ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പോരാടുന്ന നേതാവ് അവളോട് പറഞ്ഞു. പ്രതീക്ഷയുടെ മുന്തിരിമൊട്ടുകൾ വീണ്ടും വിടർന്നു.
അവൾക്ക് ലഭിച്ച വാഗ്ദാനങ്ങൾ പലതരത്തിലുള്ളതായിരുന്നു.
ഒരു ദിവസം അവളെ പ്രാപിക്കുവാൻ വന്നത് അവളുടെ 'രക്തം' തന്നെയായിരുന്നു.
പക്ഷേ അയാൾ അറിഞ്ഞില്ല.
വികാര ഗോപുരത്തിന്റെ മുകളിലേക്കയാൾ നടന്നുകയറുമ്പോൾ അവൾ അനക്കമില്ലാതെ മരവിച്ചുകിടന്നു. ആ മരവിപ്പിനൊരു പഴയ ഗന്ധം!
അവളുടെ അമ്മയുടെ നാഭിച്ചുഴിയിൽ അയാൾ സിഗരറ്റ്കൊണ്ട് പൊള്ളിക്കുമ്പോൾ ഉദരത്തിൽക്കിടന്നവൾ അതറിയുന്നുണ്ടായിരുന്നു. അയാൾ പടർന്നുകയറുമ്പോൾ അതേ വേദന, അതേ ഗന്ധം, അവളുടെ ഉപബോധമനസ്സിൽ അറിഞ്ഞു കഴിഞ്ഞിരുന്നു. മരവിച്ചുകിടന്ന അവളെ അയാൾ ആഞ്ഞുതൊഴിച്ചു.
രക്തത്തിൽ കുളിച്ചു കിടന്ന അവളെ കോരിയെടുക്കുമ്പോൾ ഊർന്നിറങ്ങിയ കണ്ണുനീർ തുടയ്ക്കാൻ അയാൾ മാഡത്തിന്റെ മുഖത്തേക്ക് നോട്ടുകെട്ടുകൾ വീണ്ടും വിതറി.
ഗോപുരത്തിന്റെ പ്രകാശം കുറഞ്ഞു വന്നു. ഇടിഞ്ഞുതൂങ്ങിയ ഗോപുരവും പൊളിഞ്ഞു വീഴാറായ മതിലും ഉള്ളിടത്തേക്ക് പ്രമാണിമാർ വന്നില്ല.
മുന്തിരിച്ചാറിന്റെ മാധുര്യം അവർക്ക് കാഞ്ഞിരം പോലെ കയ്പ്പുള്ളതായ് തോന്നി.
അവർ അടുത്ത ഗോപുരമുയരുന്നതും കാത്തിരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞു.
കോർപ്പറേഷനിലെ പൊതുശ്മശാനത്തിൽ അവളുടെ കത്തിതീരാത്ത സ്തനങ്ങൾ നായ്ക്കൾ കടിച്ചുപറിക്കുന്നുണ്ടായിരുന്നു.
.
കോർപ്പറേഷൻ ശ്മശാനം സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായ് ശ്മശാനം സന്ദർശിക്കാനെത്തിയ മന്ത്രിയും എഞ്ചിനീയർമാരും അതു കണ്ട് കാർക്കിച്ചു തുപ്പി.
ഗോപുരങ്ങൾ പണിതുയർത്തപ്പെടുന്നു. ഗീതകങ്ങൾ വീണ്ടും.
പുതിയൊരാൾ അപ്പോഴേക്കും വയസ്സറിയിച്ചിരുന്നു.ഉദയവും അസ്തമയനവും വന്നു കൊണ്ടേയിരിക്കുന്നു.
സജി വർഗീസ്.
Copyright protected.

പുതിയ പ്രഭാതം.

പുതിയ പ്രഭാതം.
****************
ഞാൻ ദാഹജലമില്ലാതെയലയുന്നു;
എന്റെ അസ്ഥികളുരുകുന്നു;
ഞാൻ നിദ്രാവിഹീനനാണ്;
എന്റെ കോശങ്ങളുടെ ശവഘോഷയാത്ര .
ഞാൻ ഏകനായ് കരയുന്നു;
എന്റെ ഹൃദയം ചോർന്നൊലിക്കുന്നു.
ഞാൻ ഭയത്തിന്റെ സിംഹാസത്തിലാണ്;
എന്റെ ശത്രുക്കളട്ടഹസിക്കുന്നു.
ഞാൻ നീതിതേടിയലയുന്നു;
എന്റെ നീതിദേവത കണ്ണടയ്ക്കുന്നു.
ഞാൻ മരുഭൂമിയിലലയുന്നു;
എന്റെ വിയർപ്പു രക്തമായൊഴുകുന്നു.
ഞാൻ കരിഞ്ഞ പനിനീർപുഷ്പം പോലെ;
എന്റെ വേരറുക്കുവാൻ കത്തിമിനുക്കുന്നു .
ഞാൻഏകനാണ്;
എന്റെശത്രുക്കൾ കടലുപോലെ.
ഞാൻ ഭരണകൂടവാതിലുകളിൽ മുട്ടുന്നു;
എന്റെ ശത്രുക്കൾ വലയുമായ് അകത്തുണ്ട്.
ഞാൻ വിലപിച്ചു ഇതെന്തുലോകം!
എന്റെ ശത്രുക്കൾ കോമാളിയെന്നുവിളിക്കുന്നു.
ഞാൻ കണ്ട ലോകം സ്നേഹത്തിൻലോകം;
എന്റെ വൈരികൾ കണ്ടതോ,വിഷമനസ്സുകളുടെ ലോകം.
ഞാൻ ഏകനായ് കരയുന്നു;
എന്റെ മേലാളന്മാർ ഉന്മാദലോകത്താണ്.
ഞാൻ പുതിയൊരു പ്രഭാതം കാണുന്നു;
എന്റെ വൈരികൾ ചെളിയിൽതാഴുന്നു.
സജിവർഗീസ്.

ജീവിത തീവണ്ടി

ജീവിത തീവണ്ടി
****************
ഓടുന്ന തീവണ്ടി,
ഓടിക്കയറുന്ന ജീവിതങ്ങൾ!
ഓട്ടത്തിലെന്തൊക്കെയോ വീണുടയുന്നു;
ഓടുന്ന തെങ്ങോട്ട് ?
ഓട്ടത്തിന് ലക്ഷ്യമുണ്ടോ?
ഓടിക്കയറുന്നവൻ തൻ ദൃഷ്ടിതെറ്റുന്നു;
ഓടാനുള്ള പാദങ്ങളിലൊന്നറ്റുപോയി;
ഓടുവാൻ വയ്യ!
ഓടിക്കയറിയതെന്തിനെന്നു ചോദിച്ചവർ
ഓടിക്കയറിയതുകൊണ്ടല്ലേയെന്ന്.
ഓടുന്ന ജീവിതത്തിൽ;
ഓടാതിരിക്കാനാവില്ലല്ലോ.
ഓടുന്നജീവിതവണ്ടി,
ഓടിവരാത്തവനെ കാത്തിരിക്കില്ല.
ഓടിയതെന്തിനെന്നു ചോദിച്ചവർ;
ഓടിക്കൊണ്ടേയിരുന്നു,
ഓടിവരുന്നവനെ തട്ടിയിട്ടു.
ഓടുന്നവനാർത്തിയാലന്ധത.
ഓടുമ്പോൾ ഒന്നായിട്ടോടേണ്ടേ!
ഓടുമ്പോൾ കാണേണ്ടേജീവിതങ്ങളെ !
ഓട്ടത്തിനിടയിലെന്തുകാണാൻ
ഓടുന്നജീവിതത്തോടൊപ്പം ,
ഓടുന്നവനെന്തു കേൾക്കാൻ!
ഓടുന്നവനെന്തിനു കാണണം വേദനകൾ,
ഓടുന്ന ജീവിതതീവണ്ടിയിൽ,
ഓടിക്കയറേണ്ടതല്ലേ.
ഓട്ടത്തിനിടയിൽ കാൽവഴുതിയാൽ,
ഓടിവരുന്നവൻ തട്ടി മാറ്റും.
ഓടുന്ന ജീവിതതീവണ്ടിയിൽ
ഓടിക്കയറിയാലേ രക്ഷയുള്ളൂ.
ഓടാത്തവനെയാർക്കു വേണം;
ഓടിക്കോ, ഓടിക്കോ..
ഓട്ടത്തിനിടയിൽ വീണിടല്ലേ.
സജി വർഗീസ്.

ഉണ്ടല്ലോ..

ഉണ്ടല്ലോ..
**********
ശലഭങ്ങളില്ല
തുമ്പികളില്ല
കുരുവികളില്ല
തവളകളില്ല
കൊക്കുകളില്ല
വണ്ടുകളില്ല
ഈയലുകളില്ല
പുഷ്പങ്ങളില്ല
മനുഷ്വത്വമില്ല
പ്രകൃതിയില്ല
ബന്ധങ്ങളില്ല
കാൻസറുണ്ട്
പ്രഷറുണ്ട്
പ്രമേഹമുണ്ട്
പനിയുണ്ട്
ബാറുണ്ട്
മൊബൈലുണ്ട്
ടവറുണ്ട്.
സജി വർഗീസ്

നിഴൽ മാത്രം


നിഴൽ മാത്രം
************
മനുഷ്യൻ നിഴൽമാത്രം
ക്ഷണികമായ ജീവിതം!
ഞാൻ സമ്പാദിച്ചുകൂട്ടുന്നു;
അനുഭവിക്കുന്നതാര്?
വിശന്ന വയറിന് നൽകിയോ ഞാനെന്റെ സമ്പാദ്യം?
കൊട്ടാരത്തിലെ അകത്തളങ്ങളിൽ വസിക്കുന്നവന് വിരുന്നുനൽകി ഞാൻ;
ഒട്ടിയ വയറുമായ് പോയ ബാലനെ ഞാൻ കണ്ടില്ല;
കാണുന്നതെന്തിന് പത്രാസില്ലാത്തവനെ.
സിൽക്ക് സാരിയിലും പട്ടുമെത്തയിലും രമിച്ചു ഞാൻ;
കീറിയ ഓയിൽ സാരി ഞാൻ കണ്ടില്ല, പുൽപ്പായ ഞാൻ കണ്ടില്ല;
പെർഫ്യൂമിന്റെ സുഗന്ധമെന്നെ മാടി വിളിച്ചു;
മുല്ലപ്പൂവിന്റെ സുഗന്ധമെന്റെ ഇഡ നാഡി അടച്ചു കളഞ്ഞു.
കൊടി വച്ച കാറാണെന്റെ നയനങ്ങളെ ത്രസിപ്പിച്ചത്!
ഓട്ടോറിക്ഷയിൽ വന്നവനെ നോക്കി മുഖം തിരിച്ചു.
വിപ്ളവമെന്റെ സിരകളിലിന്നില്ല;
അധികാര ലഹരിയിൽ;
പ്രകൃതിയെ ഞാൻ കണ്ടില്ല;
ഭൂമിദേവി സങ്കല്പമെനിക്കില്ല.
വികസനമാണെന്റെ വജ്രായുധം;
കൊടിപിടിക്കുന്നവനെന്റയടിമ,
ഞാൻ ഗർജ്ജിക്കുമ്പോൾ മാത്രമുയരട്ടെ കൊടികൾ!
പ്രതിഷേധിക്കുന്നവന് കാരാഗൃഹം;
പ്രശംസിക്കുന്നവന് അധികാരത്തിന്റെ വീഞ്ഞു നുണയാം.
അയ്യോ, എന്റെ അസ്ഥികൾ ക്ഷയിച്ചിരിക്കുന്നു;
അധികാരചെങ്കോൽ വലതുഭാഗത്തിരുന്നവൻ തട്ടിയെടുത്തു.
എന്റെ ദുഷ്കർമ്മങ്ങളെന്റെ തലയ്ക്ക് മുകളിൽ;
ഞാനെന്റെ ഭാരം താങ്ങാൻ കഴിയാതെ ഇഴയുന്നു;
കാൽ വ്രണങ്ങളഴുകി ദുർഗന്ധം!
ഞാൻ ബധിരനും മൂകനുമായിരിക്കുന്നു;
കൊട്ടാരസുഖത്തിൽ ശീലിച്ചയെന്റെ - പാതിയെന്നെ തൊഴിച്ചുമാറ്റുന്നു;
കുടിലിൽ തളർന്നുകിടക്കുന്ന കണവന്റെ നെഞ്ചകംതടവുന്ന പത്നിയെക്കണ്ടുഞാൻ കരയുന്നു.
ആരവങ്ങളില്ല, അനുയായികളില്ല;
എ.സി മുറിയിലസ്ഥിപഞ്ജരമായ് ഞാൻ കിടക്കുന്നു;
എന്റെ ആയുസിന്റെ ദൈർഘ്യമറിയാതെ ഞാൻ കരയുന്നു.
അധികാരവീഥിയൊരുക്കിയ അധ്വാനവർഗമെന്നെനോക്കി പുഞ്ചിരിക്കുന്നു.
മനുഷ്യജീവിതമെത്ര ക്ഷണികമാണെന്നു ഞാനറിയുന്നു.
ഒന്നുറങ്ങിയാൽ മതിയായിരുന്നു.
Written by Saji Varghese

ആത്മകേളി


ആത്മകേളി
+++++++++
ആത്മാക്കളുടെ സംഗമമാണ് നടക്കുന്നത്. പ്രണയനൈരാശ്യത്തിൽ മരിച്ചവർ, കമിതാക്കൾ, കാമുകനാൽ കൊല്ലപ്പെട്ടവർ എല്ലാവരുമുണ്ട്.
"എല്ലാവരും അവരവർക്ക് പറ്റിയ ഇണകളെ കണ്ടെത്തുക".
ആത്മാക്കളുടെ ലോകത്തെ രാജാവ് പറഞ്ഞു.
പ്രണയജോഡികളെല്ലാം രാജാവിന് വലയം ചെയ്തുനിന്നു.
"നിങ്ങൾക്ക് ഭൂമിയിലേക്ക് പോകുവാൻ ഒരവസരം ഞാൻതരുന്നു".
"എല്ലാവരും പോവുക, ഭൂമിയിലെ വേദനിക്കുന്ന മനുഷ്യരെ തിരിച്ചറിയുക. അവരുടെ വിശദവിവരം തിരിച്ചു വന്ന് എന്നെ അറിയിക്കുക".
എല്ലാവരും ഭൂമിയിലേക്ക് യാത്രതിരിച്ചു.
നല്ല ചാറ്റൽമഴയിൽ ആത്മാക്കൾ പറന്നു നടന്നു.
അത്താഴപട്ടിണിക്കാരെ ആത്മാക്കൾ കണ്ടെങ്കിലും അവരെ ശ്രദ്ധിക്കാൻ തോന്നിയില്ല. അനാഥാലയങ്ങളിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർ, മാരകമായ രോഗത്താൽ വലയുന്നവർ, ഒറ്റപ്പെട്ടുപോയ വാർദ്ധക്യങ്ങൾ, മണ്ണിൽ പണിയെടുത്ത് തളർന്നവർ, പീഡനത്തിരയായ് വിതുമ്പിക്കരയുന്ന കൗമാരങ്ങൾ.. ഇവയൊക്കെകണ്ടെങ്കിലും ആത്മാക്കൾക്ക് താല്പര്യം തോന്നിയില്ല.
"ഇതൊക്കെ ആർക്കു വേണം..".
ആത്മാക്കൾ അടക്കം പറഞ്ഞു.
കാമുകി കാമുകന്മാരുടെ സംഗമം, ഭാര്യമാരും രഹസ്യകാമുകന്മാരുമൊത്തുള്ള മൈഥുനം, പ്രണയ പുഷ്പങ്ങളുടെ പരാഗണം.. തിരമാലകളെ സാക്ഷിയാക്കി ആലിംഗനം ചെയ്യുന്ന കമിതാക്കൾ ഇവരെയൊക്കെ കണ്ടപ്പോൾ ആത്മാക്കൾ ആത്മഹർഷപുളകിതരായി..
അവർ പരസ്പരം ആലിംഗനം ചെയ്യുവാനാഗ്രഹിച്ചു.
ഭൂമിദേവി അവർക്ക് ആവശ്യമായ ലഹരി നല്കി, പ്രകൃതിയുടെ താളം അവരെ മദോന്മത്തരാക്കി..
ആലിംഗനം ചെയ്യുവാൻ ശരീരമില്ലാതെ അവർ കൊടുങ്കാറ്റായ് മാറി.
തിരകൾ ഉയർന്ന് ഭൂമിയെ പുല്കി. കടൽക്കരയിലിരുന്ന കമിതാക്കളെ തിരകൾ കടലാഴങ്ങളിലേക്ക് കൊണ്ടുപോയി. അവരുടെ ആത്മാക്കൾ ആത്മാക്കളുടെ ലോകത്തേക്ക് പറന്നു പോയി.
ഭൂമി വിറച്ചു... കപ്പലുകൾ മുങ്ങിപ്പോയി... ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ ദിശതെറ്റി തലകീഴായ് മറിഞ്ഞു. കാമകേളിയിലേർപ്പെട്ടവർ അഗ്നിയാലും വായുവാലും ജലത്താലും ആത്മാക്കളെ നഷ്ടപ്പെട്ടു.
അവരുടെയെല്ലാം ആത്മാക്കൾ പറന്നു പോയിക്കൊണ്ടിരുന്നു
.
ഭൂമിയിലേക്ക് വന്ന ആത്മാക്കൾ അവരുടെ പഞ്ചഭൂത ശരീരത്തിൽക്കയറി ആലിംഗനബദ്ധരായി.
ഒരു നിമിഷത്തിന്റെ നിർവൃതിക്കുശേഷം അവർക്ക് തിരിച്ചറിവുണ്ടായി.അവർ ശരീരത്തിൽ നിന്നും പുറത്തു കടന്നു. ആത്മാക്കളുടെ രാജാവ് പറഞ്ഞത് വേദനിക്കുന്നവരുടെ അടുത്ത് പോകണമെന്നായിരുന്നല്ലോ..
"രാജൻ ഞങ്ങൾക്ക് തെറ്റുപറ്റി... ഞങ്ങളെ അങ്ങോട്ട് വരുവാനനുവദിച്ചാലും... ഞങ്ങൾ രഹസ്യസംഗമം നടത്തുന്നവരുടെ മാംസത്തിൽ ലയിച്ചുപോയി...ക്ഷമിക്കണം..".
"ഇല്ല,നിങ്ങൾക്ക് പ്രവേശനമില്ല...".
മേഘപാളികളാൽ രാജാവ് പ്രവേശന കവാടമച്ചു.
വേദനിക്കുന്നവരുടെ ശരീരത്തിലൂടെ കുളിർക്കാറ്റ് തലോടിക്കടന്നു പോയി.
വേദനിക്കുന്നവരുടെ ആത്മാക്കൾ ദേഹത്തിൽനിന്നും വേർപെട്ട് ചെന്നപ്പോൾ
ആത്മാക്കളുടെ രാജൻ പറഞ്ഞു.
"നിങ്ങളെ ഞാൻ പഞ്ചഭൂതശരീരം സ്വീകരിക്കുവാൻ ഭൂമിയിലേക്ക് ഒരിക്കൽ കൂടി അയക്കും, മാംസത്തിൽ മതിമറന്നവർ അലഞ്ഞു തിരിയട്ടെ".
തുറന്നിട്ടയെന്റെ ജനാലയിലൂടെ ഒരാത്മാവ് കിടപ്പറയിലേക്ക്കയറി...
"നിനക്കിനിയും മതിയായില്ലേ...".
ആർത്തിയോടെ നോക്കുന്ന ആത്മാവിനോട് ഞാൻ ചോദിച്ചു.
കൂരിരുട്ട്.. നിശബ്ദത.. കനത്ത മഴയിൽ മാളങ്ങൾ കുതിർന്നതിനാൽ കാമനാഗങ്ങൾ സുരക്ഷിത സ്ഥാനം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി.
Written by Saji Varghese.
Copyright protected.

തറവാട്.


തറവാട്.( ചെറുകഥ - സജി വർഗീസ്)
+++++++
"മേരിക്കുട്ടീ......."
"ജോമോൻ വിളിച്ചിരുന്നോടീ...",
"എടീ മേരിക്കുട്ടിയേ... നിനക്ക് ചെവി കേൾക്കാൻ മേലേ.....",
കൊട്ടാരം തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിലിരുന്ന് വിളിക്കുകയാണ് മത്തായി ചേട്ടൻ.
"എന്നാ, മനുഷ്യാ,കിടന്നു തൊള്ളതൊറക്കണേ".
"നിന്റെയപ്പനാടീ..തൊള്ളതൊറക്കണെ...
എന്നേക്കൊണ്ടൊന്നും പറയിക്കേണ്ട.. ങ്ങ്ഹാ....".
"എന്നാ, മനുഷ്യാ.... ഞാനീ മുറ്റമടിച്ചുവാരുവാരുന്നു",
"എല്ലാം കാടുകേറികെടക്കുവല്ലേ... മക്കളും മക്കടെ മക്കളുമായി,ആരും ഒരു കൈ സഹായത്തിനില്ലാതായി....",
"കണ്ണടയ്ക്കുന്നവരെ ഞാൻ നയിച്ച് ജീവിക്കും".
അമ്പതുവർഷങ്ങൾക്ക് മുമ്പ് മത്തായി ചേട്ടന്റെ കൈയും പിടിച്ച് മലബാറിലേക്ക് കുടിയേറിയതുമുതലുള്ള ജീവിതം പോരാട്ടം തന്നെയായിരുന്നു മേരിക്കുട്ടിയമ്മയ്ക്ക്.ആ അനുഭവത്തിന്റെ കരുത്ത് കണ്ണുകളിൽ കാണുവാൻ കഴിയും.
ന്യൂയോർക്ക്സിറ്റിയിലെ ബോഗൺവില്ല ഫ്ളാറ്റിൽ ആൻ മരിയയുടെ പതിനഞ്ചാം ജന്മദിനാഘോഷമാണ്.ആൻ മരിയയുടെ പപ്പ റോബർട്ട് മാത്യു എല്ലാവരെയും സ്വീകരിച്ചിരുത്തുന്നു.
റോബർട്ട് മാത്യുവിന്റെ ഭാര്യ ആലീസ് ജോലിചെയ്യുന്ന ന്യൂയോർക്ക്സിറ്റി ഹോസ്പിറ്റലിലെ നഴ്സിങ് ജീവനക്കാരെല്ലാവരുമുണ്ട്. റോബർട്ടിന്റെ റയിൽവേയിലെ സഹപ്രവർത്തകരുമുണ്ട്.
ആൻമരിയ തന്റെ സുഹൃത്തുക്കൾക്ക് വീഞ്ഞ് ഒഴിച്ചു നൽകുന്നു. ആഘോഷത്തിന്റെ ദിനം! ജന്മദിനാഘോഷ പരിപാടികൾ പൊടിപൊടിക്കുന്നു. ഉച്ചമുതലാണ് ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചത്.
നാവിൽ കൊതിയൂറുന്ന രുചികരമായ മംഗോളിയൻ ഭക്ഷണമാണ് തയ്യാറാക്കി വച്ചിരിക്കുന്നത്. പലതരത്തിലുള്ള മത്സ്യങ്ങൾ, ചെമ്മീൻ, പച്ചക്കറികൾ ,ബീഫ്, ചിക്കൻ എന്നിവയെല്ലാം ആവോളമുണ്ട്.
താമരപ്പൂ പോലെയുള്ള മനോഹരമായ കേക്ക് ആൻമരിയ മുറിച്ചു.ഹാപ്പി ബർത്ത് ഡേ..ആൻമരിയാ...
ആഫ്രിക്കൻ നൃത്തച്ചുവടുകൾ!
സന്തോഷത്തിൽ പങ്കുചേരുവാൻ റോബർട്ടിന്റെ അനുജൻ ജോമോനും കുടുംബവുമുണ്ട്.
ന്യൂയോർക്ക് വിഭിന്ന സംസ്ക്കാരങ്ങളുടെ സംഗമഭൂമി... മലയാളികൾക്ക് ആഘോഷങ്ങളെല്ലാം ഒത്തുചേരലുകളാണ്.
"മേരിക്കുട്ടീ.... എന്തു ചെയ്യുവാടീ.... ",
"കഞ്ഞി യെടുക്കുന്നില്ലേടീ....",
" അത്താഴപ്പട്ടിണി കിടന്ന്മരിക്കണോടീ..."
മത്തായിചേട്ടന്റെ വായിൽനിന്ന് സരസ്വതി മുഴുവൻ മുഴങ്ങുന്നുണ്ട്.
റോബർട്ടും ജോമോനുംറോസിമോളും ഓടിക്കളിച്ചുവളർന്ന തറവാട്വീട്.
മണ്ണിനോടും മലമ്പാമ്പിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച്നീങ്ങിയ നാളുകൾ മത്തായിചേട്ടൻ ഓർത്തു കിടന്നു.
ആ വൃദ്ധന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്.
വിയർപ്പൊഴുക്കി കപ്പയും ചേനയും ചേമ്പും റബ്ബർതൈയുമൊക്കെ നട്ടുപിടിപ്പിച്ച്... ഉപ്പിട്ട കഞ്ഞി വെള്ളം മാത്രം കുടിച്ച് വിശപ്പടക്കിയ നാളുകൾ!
തറവാട് വീടിന്റെ ഒരുഭാഗം മെല്ലെ അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു.
അടുക്കളയുടെ വടക്കുഭാഗത്ത് കരിയിലകൾ വീണുകിടക്കുന്നു. വള്ളിപ്പടർപ്പുകൾ ചുമരുകളിലേക്ക് കയറി തുടങ്ങിയിരിക്കുന്നു. കുളിമുറിയുടെ വാതിലുകൾ പൊട്ടിയടർന്നു തൂങ്ങിയാടുന്നു. കടവാവലുകൾ പറക്കുന്ന കലപിലശബ്ദം...
കാലിയായ ഗ്യാസ്കുറ്റിയും ഗ്യാസടുപ്പും പൊടിപിടിച്ചു കിടക്കുന്നു.
അടുപ്പത്ത് മൺകലത്തിൽ തിളച്ചു കൊണ്ടിരിക്കുന്ന കഞ്ഞിക്കൊപ്പം മേരിക്കുട്ടിയമ്മയുടെ മനസ്സുംതേങ്ങി.
അതേ സമയംന്യൂയോർക്കിലെ ബോഗൺവില്ലഫ്ളാറ്റിൽ മൈക്രോവേവ് ഓവനിൽനിന്നെടുത്ത ചിക്കൻകടിച്ചു വലിച്ച് വീഞ്ഞ്കുടിക്കുന്ന റോബർട്ട്...
അടിപ്പിലൂതി പുകയേറ്റ്കലങ്ങിയ കണ്ണുകൾ... പക്ഷേ ഒരിക്കലും തോൽക്കാത്ത മനോവീര്യം മേരിക്കുട്ടിയമ്മയുടെ മുഖത്തുണ്ടായിരുന്നു.
പുതുമഴയിൽ പെയ്ത മഴത്തുള്ളികൾ മത്തായി ചേട്ടന്റെ മുഖത്തേയ്ക്ക് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഇറ്റിറ്റുവീണു കൊണ്ടിരുന്നു.
ശക്തമായകാറ്റും ഇടിമിന്നലും.. പഴകിയ മരവാതിലുകൾ അടയുന്നശബ്ദം....
നായയുടെ നീണ്ട ഓരിയിടൽ...
തിരയടങ്ങിയ കടലിന്റെയടിത്തട്ടു പോലെ ശാന്തമായ മനസ്സുമായി മത്തായിചേട്ടൻ മരക്കട്ടിലിൽ കിടന്നു.
"ഇച്ചായാ... അമ്മച്ചിക്ക് നല്ല സുഖമില്ല".
"അയാം,സോറി റോസീ..പിന്നീട് വിളിക്കാം..., അല്പംതിരക്കിലാണ്".
റോസിയുടെ കണ്ണുകൾനിറഞ്ഞു.
റോബർട്ടിച്ചായന്റെ കാലൊടിഞ്ഞ് പ്ളാസ്റ്റ റിട്ടപ്പോൾ അപ്പച്ചൻ തോളിലിരുത്തി സ്ക്കൂളിലേക്ക്കൊണ്ടുപോയത് റോസിയുടെ മനസ്സിൽനിന്നും മാഞ്ഞിരുന്നില്ല.
മത്തായിചേട്ടൻ ഏകമകളായ റോസിയെ പീറ്റർ എന്ന റബ്ബർ കച്ചവടക്കാരനുമായിട്ടായിരുന്നു വിവാഹം നടത്തിക്കൊടുത്തത്.
"അമ്മച്ചിക്ക് തീരെ വയ്യ.. ഏതെങ്കിലും നല്ല ആശുപത്രിയിലും കാണിക്കണം".
"നീ മിണ്ടാതെപോയ്ക്കോണം... നാളെ രാവിലെ മൂന്നു നാലു ലോഡ് റബ്ബറ് കയറ്റിയയക്കാനുള്ളതാ..",
"വേറെ രണ്ടാൺ മക്കളുണ്ടല്ലോ.. ഹോ, വല്യ അമേരിക്കക്കാരല്ലേ..".
പീറ്റർ റബ്ബർ കണക്ക് പരിശോധിക്കുന്നതിനിടയിൽ പറഞ്ഞു.
മത്തായിചേട്ടൻ കവലയിലെ ചായക്കടയിലിരുന്ന് അത്യാവശ്യം പൊങ്ങച്ചംപറയാറുണ്ട്.
"റോബർട്ടും ജോമോനുംഅമേരിക്കയിലാ... അവരുടെ പെമ്പറോന്നോത്തിമാര് അമേരിക്കയില് നഴ്സാ..".
പല്ലു പോയ മോണകാട്ടിച്ചിരിച്ചു കൊണ്ടുള്ള
ദേവസ്യയുടെ ചോദ്യം,"ഒബാമയെ കണ്ടിട്ടുണ്ടോ?
"പിന്നെ പറയാനുണ്ടോ... എത്ര വട്ടം അവർ കണ്ടിട്ടുണ്ടെന്നോ... തീവണ്ടിയില് ഒബാമയുടെ കൂടെ നിൽക്കുന്ന ഫോട്ടോ അയച്ചു തന്നിരുന്നു".
"നീ ഇങ്ങനെ നിന്നാലോ പീറ്ററേ... നിനക്ക് ന്യൂയോർക്കിലേക്ക് പോകാൻ പാസ്പോർട്ടും വിസയുമെല്ലാം ജോമോൻ ശരിയാക്കിത്തന്നതല്ലേ.., ഓ... ക്ലീനിങ്ങ് ജോലി നിനക്കുപറ്റത്തില്ലല്ലോ.. ".
"എനിക്കീ റബ്ബറിന്റെ മണമടിച്ച് സെമിത്തേരീ പോയാൽ മതി.. അമേരിക്കയൊന്നും വേണ്ട... അപ്പച്ചാ..". പീറ്റർ മത്തായി ചേട്ടനോട് എപ്പോഴും പറയും.
പിശുക്കനാണെങ്കിലും തന്റെ മലഞ്ചരക്ക് കടയുടെ അടുത്തുള്ള കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയിൽനിന്ന് ധന്വന്തരംകുഴമ്പ് എല്ലാമാസവും മത്തായി ചേട്ടന് പീറ്റർവാങ്ങിനല്കും.
"മോനേ,ജോമോനേ.....വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴാറായി...".
"എനിക്ക് കേൾക്കേണ്ട... അപ്പച്ചാ.. ഞാൻ അങ്ങോട്ടില്ല.. പൊളിഞ്ഞു വീഴട്ടെ..",
"എനിക്കാവീട് ആവശ്യമില്ല... മാത്രമല്ല മക്കൾക്കും അവിടുത്തെകൾച്ചർ ഇഷ്ടപ്പെടില്ല...".
"ഉം... ശരി...". മത്തായി ചേട്ടൻ തലയാട്ടിക്കൊണ്ട് ഫോൺവച്ചു.
ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ഫാർമസിസ്റ്റാണ് ജോമോൻ.അതേ ആശുപത്രിയിൽതന്നെയാണ് ഭാര്യ ലീനയും ആലീസിന്റെ കൂടെനഴ്സായി ജോലിചെയ്യുന്നത്.
രണ്ടു കുട്ടികളാണവർക്കുള്ളത്. മൂത്ത മകൻ ജസ്വിൻ ഏഴാംക്ളാസിലും ഇളയ മകൻ ജെറോം നാലാംക്ളാസിലുമാണ് പഠിക്കുന്നത്.
"ഇല്ലമ്മച്ചീ,ലീവില്ല.. മാത്രമല്ല ഇവരുടെ പഠിത്തോം നോക്കണ്ടേ..".
"കൊച്ചു മക്കളെ കാണാനൊരാഗ്രഹം...".
"അമ്മച്ചീ,പിന്നീട് വിളിക്കാം, ആശുപത്രിയിൽ തിരക്കാ.. ".ഇതാണ് ലീനയുടെ സ്ഥിരം മറുപടി.
'മക്കളും കൊച്ചു മക്കൾക്കും ആപത്തൊന്നും വരുത്തരുതേ..' മേരിക്കുട്ടിയമ്മ മാതാവിന്റെ രൂപത്തിനു മുൻപിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കും.
"എടീ... മേരിക്കുട്ടീ..കഞ്ഞിയില്ലേടീ... ഈ എരണംകെട്ടവൾ.. വിളിച്ചാലും കേൾക്കില്ലേ... ".മത്തായി ചേട്ടൻ തോളത്തുള്ള തോർത്തുമുണ്ടുകൊണ്ട് മുഖംതുടച്ച് അടുക്കളയിലേക്ക് നടന്നു നീങ്ങി.
"മേരിക്കുട്ടീ... എന്നാ,പറ്റിയെടീ.... ".ആ ഹൃദയംപൊട്ടുമാറുച്ചത്തിൽ മത്തായി ചേട്ടൻ അലറിവിളിച്ചു കരഞ്ഞു.
"എന്റെ മാതാവേ... ഒന്നും വരുത്തല്ലേ..."
അടുക്കളയിൽ വീണു കിടക്കുന്ന മേരിക്കുട്ടിയമ്മ..
ആ കണ്ണുകൾ അപ്പോഴും ന്യൂയോർക്കിലുള്ള കൊച്ചു മക്കളെ തിരയുകയാണെന്ന് തോന്നി..... രാത്രിയിൽ വിദൂരതയിൽ നിന്നേതോ ഭ്രാന്തൻ നായയുടെ വിലാപം മുഴങ്ങി കേൾക്കുന്നുണ്ട്.
ന്യൂയോർക്കിൽ ഉച്ചയ്ക്കുള്ള പാർട്ടിയും കഴിഞ്ഞ് ആൻമരിയയുടെ ജന്മദിനത്തിനു വന്നയാളുകൾ മടങ്ങിത്തുടങ്ങിയിരുന്നു.
കൊച്ചു മക്കളെ കാണുവാനുള്ള ആഗ്രഹം ബാക്കിയാക്കി ഭൂമിയാം അമ്മയുടെ മാറിൽ തലചായ്ച്ചു കിടക്കുന്ന മേരിക്കുട്ടിയമ്മയുടെ നിശ്ചല ശരീരത്തിനടുത്തിരുന്ന് മത്തായി ചേട്ടൻ വിലപിച്ചു." എടീ.. മേരിക്കുട്ടീ എണീക്കെടീ... കഞ്ഞിയെടുത്തുതാടീ.... നിന്റെ മത്തായിച്ചനു വിശക്കുന്നെടീ...".
മൺകലത്തിലെകഞ്ഞി തിളച്ചുമറിഞ്ഞ് അടുപ്പിലെ തീ കെട്ടുപോയിരുന്നു.
വീണ്ടും ഭ്രാന്തൻനായയുടെ നീണ്ട ഓരിയിടൽ....
കനത്തകാറ്റിൽ തറവാടിന്റെ വലതുഭാഗം ഇടിഞ്ഞു വീണു.
മത്തായി ചേട്ടന്റെ വലതുകരവും തളർന്നു...
കാടുപിടിച്ച മുറ്റത്തെ കാട്ടുചെടിക്കുള്ളിൽ ഞെരിഞ്ഞമർന്നുനിന്ന നിശാഗന്ധി പൂക്കൾവിടരുന്ന സുഗന്ധം...
ലോകത്തിന്റെയേതുകോണിലായാലും വൃദ്ധമാതാപിതാക്കളെ കൊച്ചു മക്കളെയൊന്നു കാണിച്ചുകൊടുക്കുക... സ്നേഹത്തോടെയൊന്നാശ്വസിപ്പിക്കുക... ഇല്ലെങ്കിൽ ദൈവത്തിന്റെ കണക്കു പുസ്തകത്തിൽ കണക്കു പറയേണ്ടി വരും.. തീർച്ച!
Written by Saji Varghese
Copyright protected.

ന്യൂജൻ രതിനിർവ്വേദം


ന്യൂജൻ രതിനിർവ്വേദം
+++++++++++++++++
ഫോൺസന്ദേശത്തിനായ് കാത്തിരിക്കുന്നു..
"രാത്രി പതിനൊന്നു മണിയായി ശ്ശോ... ഈ പണ്ടാരക്കാലനെവിടെപ്പോയി".
'ശരതേട്ടൻ കോൺഫറൻസിനു പോയപ്പോൾ ഒത്തു കിട്ടിയ ചാൻസാ...'
മനു ഓൺലൈനിൽവരുന്നുണ്ടോയെന്ന് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്.
"ഹാവൂ ആശ്വാസം.. മനു ഓൺലൈനിൽ എത്തി... ,എന്താടാ ഇത്ര വൈകിയത്?
" ഞാനെത്ര സമയമായി കാത്തിരിക്കുന്നു.."
"ഒന്നൂല്ല.. അല്പം തിരക്കായിപ്പോയി..."
മണിയറയിലെ പുതുമണവാട്ടിയെപ്പോലെ നാണിച്ചു കിടന്നു..
'മൊബൈലിലെ ചാർജ് തീരാറായല്ലോ..
കഷ്ടകാലം!
'ഹോ ഭാഗ്യം ശരതേട്ടൻ പവ്വർ ബാൻഡ് ചാർജർ കൊണ്ടുപോയിട്ടില്ല'.
'ഹായ് ഡിയർ...' മനുവിന്റെ മെസഞ്ചർ മെസേജ് കണ്ട് അനാമിക ആനന്ദ പുളകിതയായി..
"ശരതേട്ടന് കോൺഫറൻസായതു ഭാഗ്യം..".
"ഉം....
അപ്പോൾ ഇന്ന് മധുവിധു..."മനു പൊട്ടിച്ചിരിച്ചു.
മനസ്സും മനസ്സും തമ്മിൽ സംഗമിച്ചു... അനുരാഗകരിക്കിൻവെള്ളം അനാമികയിൽ മനു നിറച്ചു... ഫോൺ മെസഞ്ചറിലൂടെ ആവോളം ഇരുവരും മോന്തിക്കുടിച്ചു.
'മധുരസ്വപ്നങ്ങൾക്കായ് ഞാനിയും വരാം... നിന്റെ ശരതേട്ടന് കോൺഫറൻസുകൾ ഇനിയുമുണ്ടാകട്ടെ പ്രിയേ... 'എന്ന മെസേജിൽ ശുഭരാത്രി അവസാനിച്ചു.
"അനാമികാ... നീ ഇന്നലെ രാത്രി മുഴുവൻ ഓൺലൈനിലാണല്ലോ...".
"ഓ..... അത്.. ശരതേട്ടാ ഞാൻ ഡാറ്റ ഓഫാക്കാൻ മറന്നതാ".
"അല്ല. .. ശരതേട്ടനെന്തിനാ രാത്രി ഓൺലൈനിൽ വന്നത്.." അനാമിക മുഖം കറുപ്പിച്ചു.
പതിവ്രതമായ ഭാര്യയുടെ പിണക്കം മാറ്റാൻ ശരത് പരമാവധി ശ്രമിച്ചു.
"അത് ഞാൻ ന്യൂസ് നോക്കിയതല്ലേ മോളേ.. നീയില്ലാതെ എനിക്ക് ഉറക്കം വരില്ലായെന്ന് അറിയില്ലേ.... ",അനാമികയ ശരത് തന്റെ കരവലയത്തിലാക്കികൊണ്ട് പറഞ്ഞു. പിണക്കങ്ങൾ മഞ്ഞു പോലെ ഉരുകിയൊലിച്ചുപോയി.
"മനൂ ശരതേട്ടൻ ഇപ്പം ഇറങ്ങിയതേയുള്ളൂ...
രാത്രി പതിനൊന്ന് മണിക്ക്‌ ചാറ്റാം.... ".
ശുഭരാത്രി സ്വപ്നം കണ്ടു കൊണ്ട് മനു കട്ടിലിൽകിടന്നു..
'ഇതാരാ ഈ സമയത്ത് കോളിംഗ്‌ ബെല്ലടിക്കുന്നത്...'.
"ങ് ഹേ.... ശരതേട്ടനോ... ഡൽഹിയിൽ പോകാന്ന് പറഞ്ഞിട്ട്".
"മീറ്റിങ് ഇല്ല മോളേ.... നമ്മുടെ കമ്പനി കൊറിയൻ കമ്പനിയുമായുള്ള കരാർ പുതുക്കണ്ടായെന്ന് തീരുമാനിച്ചു",
"അല്ലെങ്കിലും കുളിച്ച് പുറത്തേക്കിറങ്ങിയ നിന്നെക്കണ്ടപ്പോൾ എല്ലാം റദ്ദ് ചെയ്താലോയെന്നാലോചിച്ചതാ...".
ശരത് അനാമികയെ ചേർത്തു പിടിച്ചു..
അതാ ഒരു കുയിൽനാദം.. അനാമികയുടെ ഫോണിൽ നിന്നും.....
അനാമിക അടുക്കളയിലേക്ക് പോയ സമയമായിരുന്നു.. ശരത് മെല്ലെ മെസേജ് നോക്കി..
'കാത്തിരുന്നു മടുത്തു കെട്ടോ.... നിന്റെ കെട്ടിയോൻ പണ്ടാരക്കാലന്റെ ഫോൺവിളി കഴിഞ്ഞില്ലേ...'.
'ഇല്ല മോനേ.. നീ പെണ്ണ് കെട്ടുമ്പം ഞാൻ കാണിച്ചു തരാടാ.. ദുഷ്ടാ...... വേദനിക്കുന്നൊരു ഭർത്താവ് എന്നൊരടിക്കുറിപ്പും നൽകി, തിരിച്ചൊരു സന്ദേശമങ്ങയച്ചു.
സന്ദേശം ശരത് ഡിലീറ്റ് ചെയ്തു.
അനാമിക ഫോണിലേക്ക് നോക്കുമ്പോൾ ശരത് നോക്കി പുഞ്ചിരിച്ചു.
മനു പ്ളിങ്....ശുഭരാത്രി അവസാനിച്ചു..
അനാമിക ശരതിന്റെ കരവലയത്തിലുമായി...
വല്ലപ്പോഴും ഭാര്യമാരെ സന്തോഷിപ്പിക്കുക.. കുറുക്കന്മാരുടെ കണ്ണ് കോഴിക്കൂട്ടിലായിരിക്കും.....
ശുഭരാത്രി... സുഖനിദ്ര....
Written by Saji Varghese

ഒരു നിമിഷം


ഒരു നിമിഷം
++++++++++
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്ട്രെയിൻ നമ്പർ12432 തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് ഒന്നാംനമ്പർ പ്ളാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കണ്ണൂർ സ്റ്റേഷൻ നിങ്ങളെ സ്വാഗതംചെയ്യുന്നു".
"ചായ.. കാപ്പി,,,.ഉഴുന്നുവട.... ചായ....".
"ഒരുചായ"
അലക്സ് ചായവാങ്ങി.
നീണ്ടമുടിയും താടിയും കാഷായവസ്ത്രം. ഒന്നും ആഗ്രഹിക്കാത്ത കണ്ണുകൾ....
പ്രതീക്ഷകൾ ആ മുഖത്തുണ്ടായിരുന്നില്ല.
തന്റെ എതിർവശത്തിരുന്ന യുവതിയുടെ കൈതട്ടി ചായ അയാളുടെ ശരീരത്തിലേക്ക് വീണു.
"അയാം സോറി, സർ...".
"നോ പ്രോബ്ളം... ഇറ്റ് ഈസ് ഒകെ...".
"ഡാഡീ.... പുറത്ത് മയിലുകൾ...".
അഞ്ചു വയസ്സുകാരൻ, മധ്യവയസ്ക്കനായ ആളെ പിടിച്ചുകുലുക്കി കൊണ്ട്പറഞ്ഞു.' വെള്ളാരം കല്ലുപോലുള്ള കണ്ണുകളാണ് അവന്റേത്.
അവൻ സീറ്റിൽ ഇരുപ്പുറയ്ക്കാതെ കാഴ്ചകൾ കണ്ട് രസിക്കുകയാണ്.
അലക്സ് അവരെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.അയാൾ ഒരു പേപ്പറെടുത്തു. ട്രെയിൻ ജനാലയിലൂടെ പുറത്തേയ്ക്ക്നോക്കുന്ന കുട്ടിയുടെയും പുറത്തെകാഴ്ചകളായ തെങ്ങിൻ കൂട്ടങ്ങളെയും അയാൾ മിനുറ്റുകൾ കൊണ്ട് വരച്ചു.
അവനു നേരെ നീട്ടി.
ഒരുമാജിക്കുകാരനെപ്പോലെ അവൻ അയാളെ നോക്കി.
"മോന്റെ പേരെന്താ? "വിഷ്ണു" അവൻ പുഴുപ്പല്ലുകൾകാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ വേഗതയേക്കാൾ വേഗത്തിൽ അലക്സിന്റെ മനസ്സും സഞ്ചരിച്ചുകൊണ്ടിരുന്നു.
ആ കണ്ണുകൾ നിറഞ്ഞു.
"എന്താണ് സാർ? എന്തു പറ്റി". യുവതി ചോദിച്ചു.
"പറയാൻ പറ്റാത്തതാണെങ്കിൽ വേണ്ട സാർ".
"കുട്ടിയുടെ പേരെന്താ?.
"അപർണ്ണ".
"ദു:ഖങ്ങൾ ഇല്ലാത്തവരില്ലല്ലോ സാർ ഈ ഭൂമുഖത്ത്".
"ഉം.. അയാൾ തലയാട്ടി ,പുറത്തെ കാഴ്ചകൾ നോക്കികൊണ്ടിരുന്നു.
"അപർണ്ണ എങ്ങോട്ട് പോകുന്നു?
"കോഴിക്കോട്".
"കൊയിലാണ്ടിയാണ് വീട്".
"സാർ, ഒന്നിനും മറുപടിപറയുന്നില്ലല്ലോ...",
'പുരുഷന്മാർ കരയണമെങ്കിൽ മനസത്രയുംവേദനിക്കണം, അതു കൊണ്ടാണ് ഞാൻ ചോദിച്ചത്..".
"ഹൃദയംനിറയെ വേദനകൾ ഒളിപ്പിച്ചവളാണല്ലോ, അപർണ്ണാ നീ".
"അതെങ്ങനെ മനസ്സിലായി,
ഓ... നിങ്ങൾ കലാകാരന്മാർ മനസ്സു വായിക്കുന്നവരാണല്ലേ?.
"ഞാൻ മുംബൈയിൽ നിന്നും വരുന്നു,മുംബൈയിൽ ഷേണായീസ് ഹോസ്പിറ്റലിൽ മെഡിക്കൽ ലാബ് ടെക്നീഷ്യനാണ്",
"എന്റെ അമ്മ ഈശ്വരസന്നിധിയിലേക്ക് പോകുവാൻ സമയമായിക്കൊണ്ടിരിക്കുന്നു",
"പാൻക്രിയാസ്കാൻസറാണ്".
"കുട്ടിക്ക് വേറെയാരുമില്ലേ?
"ആരുണ്ടാകാൻ... ആരുമില്ല..
ബന്ധുക്കൾ ഉണ്ടെങ്കിലും ഇല്ലാത്തതുപോലെയാണ്",
"പണമുണ്ടെങ്കിലല്ലേ ബന്ധുത്വത്തിന് ബലമുള്ളൂ... ഇല്ലെങ്കിൽ കണ്ണികൾ തമ്മിലകലും".
"ശരിയാണ് കുട്ടീ".
"ഹലോ അപർണ്ണ","എന്താണ് മാഡം". "എത്താറായോ".
"രണ്ടു മണിക്കൂറിനുള്ളിലെത്തും മാഡം".
"പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെഡോക്ടറാണ്".
അപർണ്ണയുടെ കണ്ണുകൾ ഈറനണിഞ്ഞു.
"കുട്ടി കരയാതിരിക്കൂ,
മുകളിലുള്ളവനറിയാതെ, ഒന്നും സംഭവിക്കില്ല",
"എവിടെയാണ് ,അമ്മയുള്ളത്?.
"കോഴിക്കോട് പെയിൻ & പാലിയേറ്റീവ് കെയറിലാണ് സാർ".
"കരയാതെ കുട്ടീ".
"സാർ, ഒന്നുമില്ല".
"സഹോദരങ്ങൾ അരുമില്ലേ....?
"ആരുമില്ല സാർ".
"അച്ഛന്റെ പേര് വിശ്വനാഥൻ. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
എനിക്ക് പത്ത് വയസ്സുള്ളപ്പോൾ ഈ ഭൂമിയിൽ നിന്നു പോയി.
കരളൾ രോഗമായിരുന്നു. കടം വാങ്ങിയും ബ്ലേഡ് പലിശക്കെടുത്തും കുടിച്ചു.വീടും സ്ഥലവും ജപ്തി ചെയ്തു. ഒരു ദിവസം ഒരു മുഴം കയറിൽ ജീവനൊടുക്കി".
"കൂലിവേല ചെയ്താണ് അമ്മ എന്നെ പഠിപ്പിച്ചത്.ബി എസ് എസി എംഎൽടി കോഴ്സ്കഴിഞ്ഞ് മുംബൈ ഹോസ്പിറ്റലിൽ ജോലിക്ക്കയറിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ.
നല്ലൊരു വീട് വച്ച് അമ്മയ്ക്കൊരു സന്തോഷം നല്കണമെന്ന് ആഗ്രഹിച്ചിരുന്നു.. അസുഖം അറിയാൻ വൈകി".
"ഈശ്വരനെന്താ, എന്നോട്മാത്രമിങ്ങനെ പെരുമാറുന്നത് സാർ".
"ഇഷ്ടമുള്ളവരെ ദുരിതകയത്തിലാക്കും കുട്ടീ,
ദൈവത്തിന്റെ വികൃതികൾ... ദുഷ്ടനെ പനപോലെ വളർത്തുമെന്ന്‌ കേട്ടിട്ടില്ലേ". അലക്സ് നിർവ്വികാരതയോടെ ചിരിച്ചു.
"സാർ എറണാകുളത്തല്ലേ ഇറങ്ങേണ്ടത്?.
"സാർ... ആരും കൂടെയില്ലാത്തതുപോലെ.. വല്ലാത്ത ഭയംതോന്നുന്നു,
കണ്ണുകളിൽ ഇരുട്ടുകയറുന്നത്പോലെ ".
"ആപർണ്ണാ... ".കുഴഞ്ഞുവീണ അപർണ്ണയെ അലക്സ്താങ്ങിപ്പിടിച്ചു സീറ്റിൽക്കിടത്തി.
"അല്പനേരംകിടക്കട്ടെ.. മനപ്രയാസം കൊണ്ടാണെന്നു തോന്നുന്നു".അടുത്തിരുന്ന വൃദ്ധൻ പറഞ്ഞു.
"യാത്രക്കാരുടെശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ12432 തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് ഒന്നാം നമ്പർ പ്ളാറ്റ്ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കാലിക്കറ്റ്സ്റ്റേഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു".
"സാർ., ഞാനിറങ്ങട്ടെ".
ഒരു നിമിഷം അപർണ്ണ അലക്‌സിന്റെ കണ്ണുകളിലേക്ക് നോക്കി.ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"ഒന്നു ചോദിച്ചോട്ടെ സാർ,
സാർ, എന്റെ കൂടെ വരുമോ?.
"ആരുമില്ലായെന്നതോന്നലാണ് സാർ".
അപർണ്ണ ആ കൈകളിൽപിടിച്ച് കരഞ്ഞു.
സമയം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു.
"ഉം.. പോകാം".
"അമ്മേ...".അപർണ്ണവിളിച്ചു.
ചുക്കിച്ചുളിഞ്ഞ ശരീരം.. വിറകു കൊള്ളിപോലെ കട്ടിലിൽകിടക്കുന്നു.
കണ്ണുതുറന്ന് അപർണ്ണയെനോക്കി. ആ കണ്ണുകൾ നിറഞ്ഞൊഴുകി.
"ദാക്ഷായണിയമ്മ മകളെ കാണണമെന്ന് പറഞ്ഞ് ഒരേകരച്ചിലായിരുന്നു.അതു കൊണ്ടാണ് ഡോക്ടർ വിളിച്ച് ഉടൻ വരണമെന്ന് പറഞ്ഞത്". സിസ്റ്റർ പറഞ്ഞു.
"മോളേ..നിന്നെ തനിച്ചാക്കിയിട്ട് പോകുന്നത്..". ദാക്ഷായണിയമ്മ വിങ്ങിപ്പൊട്ടി.
"ഒരാളുടെ കൈപിടിച്ച് തരാൻ ഈ അമ്മയ്ക്കായില്ലല്ലോമോളേ..".
"ഇല്ലമ്മേ.... അമ്മ വിഷമിക്കേണ്ട..".
അലക്സ് അമ്മയുടെ കൈകളിൽ പിടിച്ചു
.
"എന്റെ മോളെ വിഷമിപ്പിക്കല്ലേ...".
ആ കണ്ണുകളിൽ സന്തോഷാശ്രുക്കൾ.
ആ കണ്ണുകൾ സാവകാശമടഞ്ഞു.
അപർണ്ണ ഒരു കൊച്ചുകുട്ടിയെപ്പോലെ അലക്സിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
പൊതുശ്മശാനത്തിൽ അഗ്നിനാളങ്ങളേറ്റ് വാങ്ങുമ്പോൾ സാക്ഷിയായി അലക്സും അപർണ്ണയും മാത്രം. ശ്മശാന കാവൽക്കാരൻ അവസാന തുള്ളി മദ്യവും അകത്താക്കി ശ്മശാന ഓഫീസിന്റെ വരാന്തയിൽ ചുരുണ്ടുകൂടിക്കിടന്നിരുന്നു.
ഇനിയെങ്ങോട്ട്? ഒരു ചോദ്യചിഹ്നം പോലെ അപർണ്ണ അലക്സിനെ നോക്കി.
എറണാകുളം പ്രതീക്ഷാ മനോരോഗാശുപത്രിയുടെ പടവുകൾ കയറുമ്പോൾ അലക്‌സിന്റെ മനസ്സ് തിരമാലകൾപോലെ അലയടിക്കുകയായിരുന്നു.
"അലക്സ്.. ആനിയമ്മ,ഇപ്പോൾ നോർമൽ സ്റ്റേജിലാണ്",
"നല്ല മാറ്റംവന്നിട്ടുണ്ട്,മോനെയൊന്ന് കാണണമെന്ന് പറഞ്ഞു.
ദൈവാദീനത്താൽ... അലക്സിനെ കണ്ടെത്തിയത് ഭാഗ്യം... ".ഫാ. ആൽഫർട്ട് പറഞ്ഞു.
"ദി ഹിന്ദുദിനപ്പത്രത്തിലെ എന്റെ ചികിത്സാലയത്തെക്കുറിച്ചുള്ള ആർട്ടിക്കിൾവന്നത് ദൈവനിയോഗമാണ്,
അത് കൊണ്ടാണല്ലോ അത് വായിച്ച് അലക്സിനിവിടെ എത്തിച്ചേരുവാൻ കഴിഞ്ഞത്,
എല്ലാം ദൈവനിശ്ചയമെന്നു കരുതി സമാധാനിക്കൂ അലക്സ്...".
"അമ്മേ.....".അലക്സ് എല്ലാംമറന്ന് ഉച്ചത്തിൽ വിളിച്ചു.
വികാരനിർഭരമായ രംഗങ്ങൾ!
ജീവിത സ്വപ്നങ്ങൾ തച്ചുടയ്ക്കപ്പെട്ട അമ്മ...
യൗവനത്തിന്റെ പരിമളപ്രായത്തിൽ വിധവയാക്കപ്പെട്ടവൾ..
"ഞാൻ പാപിയാണമ്മേ...".
അലക്സ് കൊച്ചുകുട്ടിയേപ്പോലെ അനിയമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കാൽക്കൽ വീണു കിടന്നു.
ആനിയമ്മ മകനെ എഴുന്നേറ്റ് മാറോട് ചേർത്തു പിടിച്ചു.അവരുടെ കണ്ണുകളിൽ നിന്ന് ഹൃദയരക്തം പുറത്തേക്കൊഴുകി.
അവർക്കിപ്പോഴും പത്തുവയസ്സുകാരൻ മകനാണ് അലക്സ്..
നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമുള്ള അമ്മയുടെയും മകന്റെയും കൂടിക്കാഴ്ച.കണ്ടുനിന്നവരെ ആ രംഗം കണ്ണീരിലാഴ്ത്തി.
ഫാ.ആൽബർട്ടിന്റെ കണ്ണുകൾനിറഞ്ഞു. കരച്ചിൽ വരാതിരിക്കാൻ അദ്ദേഹം പാടുപെട്ടു.
"അല്പസമയം അവർ തനിച്ചിരിക്കട്ടെ,
കുട്ടി അപ്പുറത്ത് ഓഫീസ്റൂമിലിരുന്നോളൂ".
"അലക്സിന്റെ ജീവിതത്തിൽ ,എന്താണ് സംഭവിച്ചത് ഫാദർ".അപർണ്ണ ആകാംക്ഷയോടെ ചോദിച്ചു.
"എന്തു പറയാനാ കുട്ടീ.. ദൈവത്തിന്റെ വികൃതിയോ.. വിധിയോ...".
ആനിയമ്മയുടെയും ജോസിന്റെയും പ്രണയവിവാഹമായിരുന്നു.ചെറിയ കോൺട്രാക്റ്റ്പണിയായിരുന്നു ജോസിന്.
സന്തോഷത്തിന്റെ നാളുകൾ.അവരുടെ സ്വർഗ്ഗലോകത്തേക്ക് അലക്സ് മോനും കൂടി വന്നു.
"ഇവനെഞാൻ ഡോക്ടറാക്കുമെടീ...".
കൈകാലിട്ടടിക്കുന്ന കുഞ്ഞിനെനോക്കി ജോസ് പറഞ്ഞു.
ആദ്യമായി കുഞ്ഞിളംപല്ലുകൾ വന്നപ്പോൾ എല്ലാവരെയും വിളിച്ചുകാണിച്ചു.
അലക്സ്മോൻ പിച്ചവച്ച് നടക്കുവാൻ തുടങ്ങി.
അലക്സ് മോന്റെ മൂന്നാം ജന്മദിനം.അന്നേ ദിവസം ഉച്ചഭക്ഷണത്തിനു ശേഷം ജോസ് ഒരു ഉച്ചമയക്കത്തിനായ് കിടന്നു. അലക്കിയ തുണി വിരിച്ചിടുന്നതിനു വേണ്ടി അലക്സിനെ ജോസിന്റെയടുത്താക്കി ആനിയമ്മ പുറത്തേക്ക് പോയി.
അലക്സിന്റെ കരച്ചിൽ കേട്ടാണ് ആനിയമ്മ ഓടി വന്നത്.
"അപ്പാ... അപ്പാ എണീക്കപ്പാ...".
"ജോസ്ച്ചായാ... ".ആനിയമ്മ ഹൃദയം നുറുങ്ങുമാറുച്ചത്തിൽ വിളിച്ചു. അനക്കമില്ലാതെ കിടക്കുന്ന ജോസച്ചായൻ... കരഞ്ഞുകൊണ്ടിരിക്കുന്ന അലക്സ്മോൻ..
അടുത്തുതന്നെ ഇരുമ്പു തൂക്കുകട്ടയും കിടക്കുന്നു.
ആനിയമ്മ മനോനില തെറ്റിയവളായി മാറിയിരുന്നു.
അപ്പനെ കൊലപ്പെടുത്തിയവനെന്ന ബന്ധുക്കളുടെ വാക്കുകൾ കേട്ട് മടുത്ത് പത്താംവയസ്സിൽ നാട്വിട്ടതാണ്. നിസ്സഹായനായ ബാലനെ മുംബൈ മഹാനഗരത്തിൽനിന്നും ആരോ ശ്രീരാമകൃഷ്ണപരമഹം സാശ്രമത്തിലെത്തിച്ചു.
"എന്തുപറയുവാനാ... വിധിയെന്ന് പറഞ്ഞ് സമാധാനിക്കാം,മുറിയുടെ മൂലയ്ക്കിട്ടിരുന്ന തൂക്കുകട്ടയെടുത്ത് അലക്സ് കളിക്കുമ്പോൾ ജോസിന്റെ തലയിൽ വീഴുകയായിരുന്നു".ഫാ.ആൽബർട്ട് പറഞ്ഞു നിർത്തി.
'ഇത്രയും വലിയദു:ഖവും വേദനയും മനസ്സിലൊളിപ്പിച്ച ആളായിരുന്നോ സാർ, ഈശ്വരൻ എന്തിനിങ്ങനെ പരീക്ഷിക്കുന്നു'.
അപർണ്ണ ആലോചിച്ചു.
"അച്ഛനെകൊന്ന നശിച്ചജന്മമാണെന്റേത് അപർണ്ണാ... ".അലക്സ് പൊട്ടിക്കരഞ്ഞു.
"സ്വന്തം അമ്മയെ വിധവയാക്കിവൻ..അമ്മയുടെ ജീവിതസ്വപ്നങ്ങൾ തച്ചുടച്ചവൻ.... ". അയാൾ പത്തു വയസ്സുകാരനെപ്പോലെ കരഞ്ഞു.
ആനിയമ്മ അലക്സിനെയും അപർണ്ണയെയും തന്നോട് ചേർത്ത് നിർത്തി തലോടി.
ഫാ. ആൽബർട്ടിന്റെ ഓഫീസ്റൂമിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിത രൂപത്തിലേക്ക് നോക്കികണ്ണടച്ചു.
Written by Saji Varghese.
Copyright protected.

ഇരകൾ


ഇരകൾ
+++++++
വൈകുന്നേരം ചായ കുടിക്ക്ശേഷം ഒരു മയക്കംകഴിഞ്ഞ്,എണീറ്റിരിക്കുമ്പോഴാണ് മക്കളോടൊപ്പം സായാഹ്നസവാരിക്കു പോയ ഭാര്യ തിരിച്ചെത്തിയത്.
"ഈ വീട്ടിൽ സാധനങ്ങളൊന്നുമില്ല.. "
"ങ്ങ് ഹേ.... ഒന്നുമില്ലേ?
"അരിയില്ല.. പഞ്ചസാരയില്ല... പച്ചക്കറിയില്ല ഒന്നുമില്ല!
'ഹോ.. പൊതുവെ സ്ത്രീ ജനങ്ങളങ്ങനെയാണ്... എല്ലാം തീർന്നതിന് ശേഷമേ അറിയിക്കൂ'.
"ഇനിയിപ്പം നാളെ വാങ്ങാം...".
ഒന്നുകൂടി ചുരുണ്ടുകൂടിക്കിടന്നു.
"നാളെ ഹർത്താലാ.. ഒരാളെ കൊന്നിട്ടുണ്ട്".
ചാടിയെഴുന്നേറ്റു.മാർക്കറ്റിലേക്ക് പോയി.
പലചരക്ക് കടയിലൊക്കെ നല്ല തിരക്ക്.
അരിയുൾപ്പടെയുള്ള സാധനങ്ങളും പച്ചക്കറികളും വാങ്ങി.
"ഹർത്താലിന്റെ കച്ചവടമായിരിക്കുമല്ലേ?.
"അതെ... നാളെ ഹർത്താലായതുകൊണ്ടാ ഇത്രയെങ്കിലും കച്ചവടം,
ബിസിനസ്സൊക്കെ വളരെ കുറവാ". പല ചരക്ക്കടക്കാരൻ പറഞ്ഞു.
'മത്സൃമാർക്കറ്റിലേക്ക് പോയി നോക്കാം'.
'നാളെ ഹർത്താലല്ലേ.. നല്ല പൊരിച്ച മീൻ കഴിക്കാം'.
നല്ല ജനക്കൂട്ടം! മത്സൃം മുഴുവൻ തീർന്നു കൊണ്ടിരിക്കുന്നു.'
അല്പം ചെമ്മീനും മത്തിയും കിട്ടി.
ചിക്കൻകടയിൽ നല്ലതിരക്ക്!
കഴുത്തറത്ത് ചിക്കന്റെ തൊലി വേഗത്തിൽ പൊളിച്ച് മാറ്റി കഷ്ണങ്ങളാക്കുകയാണ് ചിക്കൻ കടക്കാരൻ യൂസഫ്..
ചിക്കൻ കടയിലെ ആൾക്കൂട്ടവും തിരക്കും...
'ഹോ,.. ഹർത്താലാ ഘോഷിക്കുന്ന കണ്ണൂർ ജനത...'
'ചിക്കൻ വാങ്ങിയാലോ....' ഒരു നിമിഷം ആലോചിച്ചു...
'മക്കൾക്ക് പൊരിച്ചു നൽകാം
അല്ലെങ്കിൽ വേണ്ട.'.
കഷ്ണങ്ങളാക്കിയ ചിക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ടയാളുടെ മാംസഭാഗങ്ങളായി തോന്നി... വല്ലാത്ത ഒരു മനംപുരട്ടൽ...
ചിക്കൻ കടയിൽ നിന്നും വേഗം പുറത്തേക്കിറങ്ങി.
മാർക്കറ്റിലേക്ക് ആൾക്കൂട്ടം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
വേഗം തന്നെ ഓട്ടോറിക്ഷ പിടിച്ച് സാധനങ്ങൾ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടയിൽ ആരോ പറയുന്നത് കേട്ടു,പകരത്തിനു പകരമാ...
ആ പകരത്തിന് കഴിഞ്ഞ പകരം കഴിഞ്ഞ പകരത്തിന് അന്ന് തന്നെ വേറെ പകരം.... കഴിഞ്ഞ പകരത്തിന് ഈ പകരം... എന്നു തീരും... പകരങ്ങൾ!
"മത്തിക്ക് അമോണിയയുടെ ചുവ".
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഭാര്യ പറഞ്ഞു.
"പൊരിച്ചതും കറിവെച്ചതുമെല്ലാം ചട്ടിയോടെ എടുത്തു കളഞ്ഞേക്ക്... ".
"ശവം കേടുകൂടാതെ സൂക്ഷിക്കുന്ന കെമിക്കൽസാ... മത്തിയിൽ ഒഴിച്ചിരിക്കുന്നതെന്നു തോന്നുന്നു.".
കൈ കഴുകുന്നതിനിടയിൽ ഭാര്യയോട് പറഞ്ഞു.
രാത്രിയിൽ ഓരോന്നാലോചിച്ചു കിടന്നു.'ഓരോ പാർട്ടിക്കാരും കരുതുന്നത് അവരുടെ പാർട്ടിക്കാർക്കു മാത്രമേ അഛനുമമ്മയും സഹോദരങ്ങളും ഉള്ളൂവെന്നാണ്... അവരുടെ കണ്ണുനീരെ കണ്ണുനീരാകുന്നുള്ളൂ...'
ഹർത്താലാ ഘോഷിക്കാൻ മാർക്കറ്റിലെ ചിക്കൻ കടയിൽ കൊത്തി നുറുക്കി കൂട്ടിയിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ മനുഷ്യ ശവത്തിന്റെ ഭാഗങ്ങളായി മനസ്സിൽ തോന്നി... ഞാൻ ഛർദ്ദിച്ചു.
തൂവെളള വസ്ത്രം ധരിച്ച നേതാക്കൾ സമാധാന ചർച്ചയിൽ ബിസ്ക്കറ്റും ചായയും കുടിച്ച് പുറത്തിറങ്ങി.
ഇനി മുതൽ സമാധാനം... സംഘർഷ ബാധിത പ്രദേശങ്ങൾ ഒരുമിച്ച് സന്ദർശിക്കുമെന്ന പ്രഖ്യാപനവും ഒരുമിച്ച് നടത്തി.
മാധ്യമങ്ങളുംവാർത്ത ആഘോഷിക്കുവാൻ തുടങ്ങി...
കൊല്ലന്റെആലയിൽ നിന്നും അറക്കവാൾ മൂർച്ച കൂട്ടുന്ന ശബ്ദം കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ടോ? അടുത്ത ഇരക്കായി......
അടുത്ത ഹർത്താലിനായി കാത്തിരിക്കുന്ന ജനങ്ങൾ!
Written by Saji Varghese.
Copyright protected.

രമേശേട്ടന്റെ പ്രസവം

Image may contain: 1 person, tree, sky, outdoor and nature

രമേശേട്ടാ.... ഇന്ന് പ്രസവിക്കാൻപറ്റുമോ?",
"ഇന്നാടീ നല്ലദിവസം".
"അതെന്താ ,രമേശേട്ടാ"
"ഇന്ന് വെള്ളിയാഴ്ചയല്ലേ...സുമേ..",
"ഇന്ന് ഉച്ചയ്ക്കുശേഷം പ്രസവം നടന്നാ രക്ഷപ്പെട്ടു".
"പോ.. ഈ രമേശേട്ടന്റെകാര്യം",
"അതെന്താ വെള്ളിയാഴ്ച തന്നെ വേണോന്നിത്ര നിർബന്ധം?".
"എടീ,മരക്കഴുതേ, നിനക്കിത്ര കാലായിട്ടും പിടികിട്ടീല്ല"
"ഉം കേൾക്കട്ടെരമേശേട്ടാ.."സുമതി സ്നേഹത്തോടെരമേശേട്ടന് ഒരു ഗ്ളാസ് പൈനാപ്പിൾ ജ്യൂസ് നൽകി.
"എന്താ, പെണ്ണിന്റെ ആകാംക്ഷ".
"വെള്ളിയാഴ്ചയാകുമ്പം ബിരിയാണിയൊക്കെ കഴിച്ച് ഉച്ചയ്ക്ക് ശേഷം എല്ലാരും ഫ്രീ...
അതു കൊണ്ട് ഉച്ചയ്ക്കുശേഷം പ്രസവിക്കുന്നതാ സുമേ നല്ലത്".
"നമ്മുടെ കുഞ്ഞിനെകാണാൻ കുറേയാളുവരും".
"എന്നാലും രമേശേട്ടാ ഞായറാഴ്ചയല്ലേ നല്ലത്.."
നഖം കടിച്ച് അല്പം നാണത്തോടെ സുമതി മൊഴിഞ്ഞു.
"എടീ... വെള്ളിയാഴ്ചയാകുമ്പം ഗൾഫുകാരു മുഴുവൻ കാണും
ശനിയും ഞായർ ദിവസങ്ങളിൽ കുഞ്ഞിനെക്കാണാൻ നമ്മടെ നാട്ടുകാരും വരും..,
അപ്പം നമ്മടെ കുഞ്ഞിനോടായിരിക്കും ഇത്തവണ കൂടുതലിഷ്ടം...".
സുമ കൊച്ചു കുഞ്ഞിനെപ്പോലെ തുള്ളിച്ചാടി.
"എന്നാൽ ഞാൻ ലേബർ റൂമിലേക്ക് കേറട്ടെ.."
"എല്ലാം നേരത്തേം കാലത്തേം ശരിയാക്കണം രമേശേട്ടാ..".
"എന്താ,രമേശേട്ടാ ഇങ്ങനെ നോക്കണത്
ആദ്യായിട്ട് കാണുകയാണോ".
"പിറക്കാൻപോണ കുഞ്ഞ് നിന്നെപ്പോലെ സുന്ദരിയായിരിക്കണം അതാലോചിച്ചതാ"
"ജിയോ നെറ്റ്വർക്ക് തകരാറൊന്നുമാകല്ലേ ഭഗവാനേ... ".സുമതിയുടെ പ്രാർത്ഥന.
"ഫോണ് ഫുൾ ചാർജായിട്ടുണ്ട്.. ഹാവൂ ആശ്വാസമായി.. ".രമേശേട്ടൻ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.
"ലേബർ റൂമിൽ അത്യാവശ്യം വെട്ടോം വെളിച്ചോം വേണം സുമേ,
ഞാൻ നിന്നോടെപ്പോം പറേണതല്ലേ".
"ഞാനിപ്പം ശരിയാക്കാം രമേശേട്ടാ".
"അത്യാവശ്യം കാറ്റും വെളിച്ചോം കിട്ടീല്ലെങ്കിലേ ഞാൻ പ്രസവം കഴിയുമ്പത്തേക്കും ക്ഷീണാകും".
"എന്നാൽ തുടങ്ങിക്കോരമേശേട്ടാ".
"അച്ഛാ... ഒരു കാക്കേടെ ചിത്രം വരച്ചു തരണേ...". ചിണുങ്ങിക്കൊണ്ട് ചിന്നുമോൾ.
"മോൾക്ക് നാളെ രാവിലെ വരച്ച് തരാട്ടോ..."
"നമ്മുടെ കുഞ്ഞാവയെക്കാണാൻ ഒരു പാടാളു വരും
അവരോടൊക്കെ നന്ദി പറയേണ്ടേ മോളേ..".
"വേണ്ടച്ഛ... ",ചിന്നുമോൾ അക്രമാസക്തയായി.
"അച്ഛനെന്റെ കൂടെ കളിക്കാൻ കൂടുന്നില്ലല്ലോ...
ചിന്നുമോൾക്ക് പിണക്കാ".
"നാളെ കളിക്കാം മോളേ".
"അല്ല രമേശേട്ടാ നിങ്ങള് കുറേ സമയായല്ലോ ലേബർ റൂമിൽ കേറീട്ട്",
"ലേബർ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ എന്തു കാര്യം രമേശേട്ടാ".
"എടീ പ്രസവത്തിനു മുമ്പ് ഡോക്ടർ നടക്കാൻ പറേണത് വെറുതെയല്ല എന്നാലേ സുഖപ്രസവം നടക്കൂ".
"അയ്യോ,എന്റെ പയറുതോരൻ കരിഞ്ഞു പോയി". സുമതി അടുക്കളയിലേക്കോടി.
ചിന്നുമോൾ പിണങ്ങിക്കിടപ്പാണ്.
"രമേശേട്ടാ.. പാലില്ല..."
"പ്രസവസമയത്താണോടീ_ പാലുവാങ്ങാൻ പോകേണ്ടത്".
"നമ്മടെ കുഞ്ഞെങ്ങനെയായിരിക്കും രമേശേട്ടാ".
"സുമേ,കഴിഞ്ഞനാലുതവണത്തേം കുഞ്ഞുങ്ങൾ ആരും തിരിഞ്ഞുനോക്കാതെ കിടക്കുന്നുണ്ട്,
ഇടയ്ക്ക് സങ്കടംതോന്നി കേട്ടെഴുത്തിൽ ഞാനവരെ ചെന്നുനോക്കും".
"എടീ.. എന്റെ വിശുദ്ധ പ്രണയമെന്ന കുഞ്ഞിനെ കേട്ടെഴുത്തിൽ ഇരുപതാളാ ആകെക്കാണാൻ വന്നത്"
"ഓർക്കുമ്പം തന്നെ വിഷമമാകുന്നു".
"അല്ല രമേശേട്ട.. അമ്മ സ്നേഹമോ?
"എന്റെ സുമേ... അതാർക്കും വേണ്ട ആകെ നാലു പേരാ നോക്കിയത്".
"കഷ്ടം ഞാനൊരമ്മയല്ലേ എനിക്കു സങ്കടാകുന്നുണ്ട്".
"സങ്കടം എന്നെക്കൊണ്ട് പറയിക്കേണ്ട_
നീ ആ മൊബൈൽചാറ്റിങ്ങ് കുഞ്ഞിനെ എത്രയാൾക്കാരെയാ വിളിച്ചുകാണിച്ചത്,
നിന്നെപ്പോലെതന്നെയാ എല്ലാവർഗങ്ങളും,
ഈ പ്രാവശ്യം നിനക്കൊരു സർപ്രൈസാടീ ഞാൻ കാണിക്കാൻ പോകുന്നത്".
"രമേശേട്ടാ... പൊളിച്ചു... സൂപ്പർ...
ഭാര്യയുടെ കാമുകൻ.... അയ്യോ സൂപ്പർ രമേശേട്ടൻ".
."ഈ പ്രാവശ്യത്തെ കുഞ്ഞ് സൂപ്പർ....".
"ഭാര്യയുടെ കാമുകന് ആയിരം ലൈക്ക് കടന്നു..
താങ്ക് യൂ രമേശേട്ടാ.. സുമയുടെ വക സ്പെഷ്യൽ ഉമ്മ".
"സുമേ,കമന്റ് നൂറു കടന്നു".
"പ്രവാസികളെല്ലാം വന്നു നോക്കിയിട്ടുണ്ട്".
"നമുക്കിനി അമ്മ സ്നേഹം.... വിശുദ്ധ പ്രണയമൊന്നും വേണ്ട രമേശേട്ടാ.... ഭാര്യയുടെ കാമുകൻ മതി....,
അടുത്തതവണ ഭർത്താവിന്റെ കാമുകി..".
"അതു മാത്രം പോരടീ സുമേ, പീഡനത്തിനു നല്ല മാർക്കറ്റാ",
"ഭാര്യയുടെ കാമുകനെന്ന കുഞ്ഞിന്റെ പ്രസവം നല്ലസുഖപ്രസവായിരുന്നു".
"ഹോ!അമ്മ സ്നേഹം എന്ന കുഞ്ഞിനെ ഞാനെത്ര നൊന്തു പ്രസവിച്ചതാ, ആർക്കും വേണ്ട".
"ചിന്നു മോളേ അച്ഛനു ആയിരം ലൈക്ക് കിട്ടി".
"ഹായ് ആയിരം ലൈക്കോ?തുള്ളിച്ചാടിക്കൊണ്ട് ചിന്നുമോൾ.... കുഞ്ഞിളം പല്ലുകാട്ടി ചിരിച്ചു കൊണ്ടവൾ രമേശേട്ടനെയും സുമതിയെയും കെട്ടിപ്പിടിച്ചു.
"എന്നാൽ മിൽമപ്പാലു വാങ്ങീട്ടു വാരമേശേട്ടാ....."
"ഹോ, നാശം ഇന്നു വേണോടീ"
"മര്യാദയ്ക്ക് മേടിച്ചോണ്ട് വാ... മോൾക്ക് കൊടുക്കേണ്ടതാ..."
രമേശേട്ടൻ പുറത്തേക്കിറങ്ങി... ലൈക്കുകൾ ആയിരത്തിയഞ്ഞൂറു കഴിഞ്ഞിരുന്നു.രമേശേട്ടന്റെ കുടുംബം സ്വർഗ്ഗമായി. സന്തോഷത്തിന്റെ രാവുകൾ! കേട്ടെഴുത്ത് ഗ്രൂപ്പിന് നന്ദി.
Writenby Saji Varghese.
Copy right protected.

പൂച്ച

Image may contain: 1 person, tree, sky, outdoor and nature

"എന്താമ്മേ... അമ്മയുടെ കൂടെ വേറൊരു മാമൻകിടക്കുന്നേ... അച്ഛനല്ലല്ലോ?".അനുമോൾ നിന്നു തേങ്ങി.
"മിണ്ടാണ്ടു കിടക്കടീ... ഇതെങ്ങാനും അച്ഛനോടു പറഞ്ഞാലുണ്ടല്ലോ.. കൊന്നുകളയും ഞാൻ പറഞ്ഞേക്കാം".
ഒന്നാം ക്ളാസ് വിദ്യാർത്ഥിനിയായ അനുവിന്റെ സംശയം തീരുന്നില്ല.
'എന്നാലും അമ്മയോടൊപ്പം ആ മാമൻ കിടന്നതെന്തിനായിരിക്കും...
അച്ഛനോട് ചോദിച്ചാലോ...'

"മോളേ... അനുമോളേ... ".
"ഹായ് അച്ഛാ...",
"അച്ഛനെനിക്കു വിമാനം വാങ്ങിയോ...,
ഹായ് നല്ല രസം.. പറക്കുന്ന വിമാനം...",
"അമ്മേ ഇതു കണ്ടോ...".
"പോ അസത്തേ..
നീ അച്ഛനോടെങ്ങാനും പറഞ്ഞാൽ .. ഓർത്തോ..".
അനുമോൾ പേടിച്ചു മാറി.
"രാധികേ..
നിനക്കെന്താ?ഒരു മൂഡോഫ്".
മഹേഷ് രാധികയെ ചേർത്തു പിടിച്ചു.
"ങ്ങ്ഹും.. മാറ്..."
"എന്തു പറ്റിയെടോ..?".
"ഒന്നുമില്ല.. ചായവേണമെങ്കിൽ എടുത്തു കുടിക്ക്".
"ബാംഗ്ളൂരിലെ കച്ചവടം ഇപ്പോൾ പഴയതുപോലെ നടക്കുന്നില്ല, രാധികേ.. അടുത്തടുത്ത് ഒരു പാട് ഹോട്ടലുകളായി".
"അടുത്ത തവണ എല്ലാ കണക്കും തീർത്ത് നാട്ടിൽ തന്നെ കച്ചവടം തുടങ്ങാം,
മോളെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല".
"അമ്മേ ഫോണടിക്കുന്നു.. ".അനുമോൾ ഓടി വന്നു.
"രഞ്ജിത്ത്, നീ എന്തിനാ ഇപ്പം വിളിച്ചത്?,
മഹേഷ് ഇവിടെയുണ്ട്".
"നിന്റെ മോൾ പ്രശ്നമാക്കുമോ?'.
"അച്ഛനോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്".
"ഒകെ ഗുഡ്".
"ബാങ്കിലെ കടമൊക്കെ ആറു മാസം കൊണ്ട് തീർക്കണം രാധികാ.. ".
മഹേഷ് രാത്രി കിടപ്പറയിൽ അവളുടെ മുടിയിഴകളിൽ തലോടി.
"മാലിനിയുടെ കല്യാണം കൂടിക്കഴിഞ്ഞാൽ സ്വസ്ഥമായി ജീവിക്കാം".
"ഒറ്റ പെങ്ങളല്ലേ.. അവളിങ്ങനെ ഒറ്റത്തടിയായി നില്ക്കുന്നതു കാണുമ്പോൾ മനസ്സിനൊരു ആധി".
"എന്താടോ.. ഒരു മാസം കൂടുമ്പോൾ കാണുന്നതല്ലേ.. ഒരടുപ്പമില്ലാത്തതെന്താ?".
"മഹേഷിനു തോന്നുന്നതാ.. ",രാധിക മഹേഷിന്റെ കഴുത്തിനു ചുറ്റിപ്പിടിച്ചു.
"നാശം ഒന്നു പോകാൻ കാത്തിരിക്കുകയായിരുന്നു".
രാധിക രഞ്ജിത്തിന്റെ മടിയിൽക്കിടന്നു കൊണ്ടു പറഞ്ഞു.
"അനുമോൾ പാരയാകുമോ?.
"ഇല്ല, രാധികേ,അടുത്ത തവണ അച്ഛനേം മകളേം തീർക്കണം".
"ഞാൻ ആർമിയിൽ നിന്നു വി ആർ എസ് എടുത്തല്ലോ... ഇനി ഞാനും നീയും മാത്രം..,
ആർമിയിൽ നിന്നും നല്ലൊരു തുക കിട്ടാനുണ്ട്,
പിന്നെ നമ്മുടെ കൊട്ടാരത്തിലെ രാജകുമാരനും കുമാരിയും നീയും ഞാനും ".
രഞ്ജിത്ത് അവളുടെ നിതംബത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
"അമ്മേ ,പൂച്ചയും കുഞ്ഞുങ്ങളും...". അനുമോൾ തുള്ളിച്ചാടി.
"നാലുപൂച്ചക്കുട്ടിയുണ്ടല്ലോ..."
"എവിടെയാ?അനുമോളേ".
അടുക്കളയുടെ വരാന്തയുടെ മൂലയ്ക്കിരുന്ന് അമ്മപൂച്ച കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു.
"നാശം, ഇവിടെയാണല്ലോപ്രസവിക്കാൻ കണ്ടത്".
രാധികയെ കണ്ടതും അമ്മപൂച്ച മുരണ്ടു.
"പൂച്ചക്കുഞ്ഞേ... ".
അനുമോൾ സന്തോഷത്തോടെ നീട്ടി വിളിച്ചു.
"അച്ഛാ, നമ്മുടെ വീട്ടിൽ പൂച്ച പ്രസവിച്ചല്ലോ...."
"എവിടെയാ മോളേ....".
അനുമോൾ അടുക്കയുടെ പുറകിലേക്കോടി.
'അതിനെ ശല്യപ്പെടുത്തേണ്ട, അവിടെ നിന്നോട്ടെ മോളേ...".
"ഇല്ലച്ഛാ.... അനുമോൾക്ക് കൂട്ടായല്ലോ".
"ഇന്നു ഞാൻ അച്ഛനും മോൾക്കും സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കുന്നുണ്ട്".
"ഹായ് ബിരിയാണി..... നല്ലമ്മ.. ".
അനുമോൾ രാധികയെ കെട്ടിപ്പിടിച്ചു, "ചക്കരയുമ്മ...".
"നല്ല ബിരിയാണി...".
അനുമോൾക്ക്‌ രാധിക വാരി വായിൽ വച്ചു കൊടുത്തു.
"അമ്മ മോൾക്ക് അച്ഛനില്ലാത്തപ്പം ചോറ് വാരിത്തരില്ലച്ഛാ....".
"മിണ്ടാണ്ട് അച്ഛനും മോളും കഴിക്ക്".
***************************
"ഇതു കണ്ടോ, പത്രത്തിലെ വാർത്ത".
മാതൃഭൂമി പത്രവുമായി ഭാര്യ.
"എന്താടീ",
കടക്കെണി.. ഗൃഹനാഥനും മകളും വിഷം കഴിച്ച് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ .
"ഹോ.. ആ മകൾക്ക് വിഷം കൊടുക്കാനയാൾക്കെങ്ങനെ തോന്നി". ഭാര്യയുടെ ആത്മഗതം.
മഹേഷിന്റെയും അനുമോളുടെയും മൃതശരീരത്തിനടുത്ത് നിർവ്വികാരമായിരിക്കുന്ന രാധികയെ നോക്കി രഞ്ജിത്ത് കണ്ണിറുക്കി.
അമ്മ നൽകിയ സ്പെഷ്യൽബിരിയാണി രുചിയോടെ കഴിച്ചതിന്റെതിളക്കം അനുമോളുടെ മുഖത്തപ്പോഴുമുണ്ടായിരുന്നു.
അമ്മപ്പൂച്ച തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് വിറകുപുരയിലെ സുരക്ഷിതസ്ഥാനത്തേക്ക് താമസം മാറിയിരുന്നു.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo