Slider

ഇരകൾ

0

ഇരകൾ
+++++++
വൈകുന്നേരം ചായ കുടിക്ക്ശേഷം ഒരു മയക്കംകഴിഞ്ഞ്,എണീറ്റിരിക്കുമ്പോഴാണ് മക്കളോടൊപ്പം സായാഹ്നസവാരിക്കു പോയ ഭാര്യ തിരിച്ചെത്തിയത്.
"ഈ വീട്ടിൽ സാധനങ്ങളൊന്നുമില്ല.. "
"ങ്ങ് ഹേ.... ഒന്നുമില്ലേ?
"അരിയില്ല.. പഞ്ചസാരയില്ല... പച്ചക്കറിയില്ല ഒന്നുമില്ല!
'ഹോ.. പൊതുവെ സ്ത്രീ ജനങ്ങളങ്ങനെയാണ്... എല്ലാം തീർന്നതിന് ശേഷമേ അറിയിക്കൂ'.
"ഇനിയിപ്പം നാളെ വാങ്ങാം...".
ഒന്നുകൂടി ചുരുണ്ടുകൂടിക്കിടന്നു.
"നാളെ ഹർത്താലാ.. ഒരാളെ കൊന്നിട്ടുണ്ട്".
ചാടിയെഴുന്നേറ്റു.മാർക്കറ്റിലേക്ക് പോയി.
പലചരക്ക് കടയിലൊക്കെ നല്ല തിരക്ക്.
അരിയുൾപ്പടെയുള്ള സാധനങ്ങളും പച്ചക്കറികളും വാങ്ങി.
"ഹർത്താലിന്റെ കച്ചവടമായിരിക്കുമല്ലേ?.
"അതെ... നാളെ ഹർത്താലായതുകൊണ്ടാ ഇത്രയെങ്കിലും കച്ചവടം,
ബിസിനസ്സൊക്കെ വളരെ കുറവാ". പല ചരക്ക്കടക്കാരൻ പറഞ്ഞു.
'മത്സൃമാർക്കറ്റിലേക്ക് പോയി നോക്കാം'.
'നാളെ ഹർത്താലല്ലേ.. നല്ല പൊരിച്ച മീൻ കഴിക്കാം'.
നല്ല ജനക്കൂട്ടം! മത്സൃം മുഴുവൻ തീർന്നു കൊണ്ടിരിക്കുന്നു.'
അല്പം ചെമ്മീനും മത്തിയും കിട്ടി.
ചിക്കൻകടയിൽ നല്ലതിരക്ക്!
കഴുത്തറത്ത് ചിക്കന്റെ തൊലി വേഗത്തിൽ പൊളിച്ച് മാറ്റി കഷ്ണങ്ങളാക്കുകയാണ് ചിക്കൻ കടക്കാരൻ യൂസഫ്..
ചിക്കൻ കടയിലെ ആൾക്കൂട്ടവും തിരക്കും...
'ഹോ,.. ഹർത്താലാ ഘോഷിക്കുന്ന കണ്ണൂർ ജനത...'
'ചിക്കൻ വാങ്ങിയാലോ....' ഒരു നിമിഷം ആലോചിച്ചു...
'മക്കൾക്ക് പൊരിച്ചു നൽകാം
അല്ലെങ്കിൽ വേണ്ട.'.
കഷ്ണങ്ങളാക്കിയ ചിക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ടയാളുടെ മാംസഭാഗങ്ങളായി തോന്നി... വല്ലാത്ത ഒരു മനംപുരട്ടൽ...
ചിക്കൻ കടയിൽ നിന്നും വേഗം പുറത്തേക്കിറങ്ങി.
മാർക്കറ്റിലേക്ക് ആൾക്കൂട്ടം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.
വേഗം തന്നെ ഓട്ടോറിക്ഷ പിടിച്ച് സാധനങ്ങൾ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടയിൽ ആരോ പറയുന്നത് കേട്ടു,പകരത്തിനു പകരമാ...
ആ പകരത്തിന് കഴിഞ്ഞ പകരം കഴിഞ്ഞ പകരത്തിന് അന്ന് തന്നെ വേറെ പകരം.... കഴിഞ്ഞ പകരത്തിന് ഈ പകരം... എന്നു തീരും... പകരങ്ങൾ!
"മത്തിക്ക് അമോണിയയുടെ ചുവ".
ഭക്ഷണം കഴിക്കുന്നതിനിടയിൽ ഭാര്യ പറഞ്ഞു.
"പൊരിച്ചതും കറിവെച്ചതുമെല്ലാം ചട്ടിയോടെ എടുത്തു കളഞ്ഞേക്ക്... ".
"ശവം കേടുകൂടാതെ സൂക്ഷിക്കുന്ന കെമിക്കൽസാ... മത്തിയിൽ ഒഴിച്ചിരിക്കുന്നതെന്നു തോന്നുന്നു.".
കൈ കഴുകുന്നതിനിടയിൽ ഭാര്യയോട് പറഞ്ഞു.
രാത്രിയിൽ ഓരോന്നാലോചിച്ചു കിടന്നു.'ഓരോ പാർട്ടിക്കാരും കരുതുന്നത് അവരുടെ പാർട്ടിക്കാർക്കു മാത്രമേ അഛനുമമ്മയും സഹോദരങ്ങളും ഉള്ളൂവെന്നാണ്... അവരുടെ കണ്ണുനീരെ കണ്ണുനീരാകുന്നുള്ളൂ...'
ഹർത്താലാ ഘോഷിക്കാൻ മാർക്കറ്റിലെ ചിക്കൻ കടയിൽ കൊത്തി നുറുക്കി കൂട്ടിയിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ മനുഷ്യ ശവത്തിന്റെ ഭാഗങ്ങളായി മനസ്സിൽ തോന്നി... ഞാൻ ഛർദ്ദിച്ചു.
തൂവെളള വസ്ത്രം ധരിച്ച നേതാക്കൾ സമാധാന ചർച്ചയിൽ ബിസ്ക്കറ്റും ചായയും കുടിച്ച് പുറത്തിറങ്ങി.
ഇനി മുതൽ സമാധാനം... സംഘർഷ ബാധിത പ്രദേശങ്ങൾ ഒരുമിച്ച് സന്ദർശിക്കുമെന്ന പ്രഖ്യാപനവും ഒരുമിച്ച് നടത്തി.
മാധ്യമങ്ങളുംവാർത്ത ആഘോഷിക്കുവാൻ തുടങ്ങി...
കൊല്ലന്റെആലയിൽ നിന്നും അറക്കവാൾ മൂർച്ച കൂട്ടുന്ന ശബ്ദം കാതുകളിൽ മുഴങ്ങി കേൾക്കുന്നുണ്ടോ? അടുത്ത ഇരക്കായി......
അടുത്ത ഹർത്താലിനായി കാത്തിരിക്കുന്ന ജനങ്ങൾ!
Written by Saji Varghese.
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo