Slider

രമേശേട്ടന്റെ പ്രസവം

0
Image may contain: 1 person, tree, sky, outdoor and nature

രമേശേട്ടാ.... ഇന്ന് പ്രസവിക്കാൻപറ്റുമോ?",
"ഇന്നാടീ നല്ലദിവസം".
"അതെന്താ ,രമേശേട്ടാ"
"ഇന്ന് വെള്ളിയാഴ്ചയല്ലേ...സുമേ..",
"ഇന്ന് ഉച്ചയ്ക്കുശേഷം പ്രസവം നടന്നാ രക്ഷപ്പെട്ടു".
"പോ.. ഈ രമേശേട്ടന്റെകാര്യം",
"അതെന്താ വെള്ളിയാഴ്ച തന്നെ വേണോന്നിത്ര നിർബന്ധം?".
"എടീ,മരക്കഴുതേ, നിനക്കിത്ര കാലായിട്ടും പിടികിട്ടീല്ല"
"ഉം കേൾക്കട്ടെരമേശേട്ടാ.."സുമതി സ്നേഹത്തോടെരമേശേട്ടന് ഒരു ഗ്ളാസ് പൈനാപ്പിൾ ജ്യൂസ് നൽകി.
"എന്താ, പെണ്ണിന്റെ ആകാംക്ഷ".
"വെള്ളിയാഴ്ചയാകുമ്പം ബിരിയാണിയൊക്കെ കഴിച്ച് ഉച്ചയ്ക്ക് ശേഷം എല്ലാരും ഫ്രീ...
അതു കൊണ്ട് ഉച്ചയ്ക്കുശേഷം പ്രസവിക്കുന്നതാ സുമേ നല്ലത്".
"നമ്മുടെ കുഞ്ഞിനെകാണാൻ കുറേയാളുവരും".
"എന്നാലും രമേശേട്ടാ ഞായറാഴ്ചയല്ലേ നല്ലത്.."
നഖം കടിച്ച് അല്പം നാണത്തോടെ സുമതി മൊഴിഞ്ഞു.
"എടീ... വെള്ളിയാഴ്ചയാകുമ്പം ഗൾഫുകാരു മുഴുവൻ കാണും
ശനിയും ഞായർ ദിവസങ്ങളിൽ കുഞ്ഞിനെക്കാണാൻ നമ്മടെ നാട്ടുകാരും വരും..,
അപ്പം നമ്മടെ കുഞ്ഞിനോടായിരിക്കും ഇത്തവണ കൂടുതലിഷ്ടം...".
സുമ കൊച്ചു കുഞ്ഞിനെപ്പോലെ തുള്ളിച്ചാടി.
"എന്നാൽ ഞാൻ ലേബർ റൂമിലേക്ക് കേറട്ടെ.."
"എല്ലാം നേരത്തേം കാലത്തേം ശരിയാക്കണം രമേശേട്ടാ..".
"എന്താ,രമേശേട്ടാ ഇങ്ങനെ നോക്കണത്
ആദ്യായിട്ട് കാണുകയാണോ".
"പിറക്കാൻപോണ കുഞ്ഞ് നിന്നെപ്പോലെ സുന്ദരിയായിരിക്കണം അതാലോചിച്ചതാ"
"ജിയോ നെറ്റ്വർക്ക് തകരാറൊന്നുമാകല്ലേ ഭഗവാനേ... ".സുമതിയുടെ പ്രാർത്ഥന.
"ഫോണ് ഫുൾ ചാർജായിട്ടുണ്ട്.. ഹാവൂ ആശ്വാസമായി.. ".രമേശേട്ടൻ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.
"ലേബർ റൂമിൽ അത്യാവശ്യം വെട്ടോം വെളിച്ചോം വേണം സുമേ,
ഞാൻ നിന്നോടെപ്പോം പറേണതല്ലേ".
"ഞാനിപ്പം ശരിയാക്കാം രമേശേട്ടാ".
"അത്യാവശ്യം കാറ്റും വെളിച്ചോം കിട്ടീല്ലെങ്കിലേ ഞാൻ പ്രസവം കഴിയുമ്പത്തേക്കും ക്ഷീണാകും".
"എന്നാൽ തുടങ്ങിക്കോരമേശേട്ടാ".
"അച്ഛാ... ഒരു കാക്കേടെ ചിത്രം വരച്ചു തരണേ...". ചിണുങ്ങിക്കൊണ്ട് ചിന്നുമോൾ.
"മോൾക്ക് നാളെ രാവിലെ വരച്ച് തരാട്ടോ..."
"നമ്മുടെ കുഞ്ഞാവയെക്കാണാൻ ഒരു പാടാളു വരും
അവരോടൊക്കെ നന്ദി പറയേണ്ടേ മോളേ..".
"വേണ്ടച്ഛ... ",ചിന്നുമോൾ അക്രമാസക്തയായി.
"അച്ഛനെന്റെ കൂടെ കളിക്കാൻ കൂടുന്നില്ലല്ലോ...
ചിന്നുമോൾക്ക് പിണക്കാ".
"നാളെ കളിക്കാം മോളേ".
"അല്ല രമേശേട്ടാ നിങ്ങള് കുറേ സമയായല്ലോ ലേബർ റൂമിൽ കേറീട്ട്",
"ലേബർ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ എന്തു കാര്യം രമേശേട്ടാ".
"എടീ പ്രസവത്തിനു മുമ്പ് ഡോക്ടർ നടക്കാൻ പറേണത് വെറുതെയല്ല എന്നാലേ സുഖപ്രസവം നടക്കൂ".
"അയ്യോ,എന്റെ പയറുതോരൻ കരിഞ്ഞു പോയി". സുമതി അടുക്കളയിലേക്കോടി.
ചിന്നുമോൾ പിണങ്ങിക്കിടപ്പാണ്.
"രമേശേട്ടാ.. പാലില്ല..."
"പ്രസവസമയത്താണോടീ_ പാലുവാങ്ങാൻ പോകേണ്ടത്".
"നമ്മടെ കുഞ്ഞെങ്ങനെയായിരിക്കും രമേശേട്ടാ".
"സുമേ,കഴിഞ്ഞനാലുതവണത്തേം കുഞ്ഞുങ്ങൾ ആരും തിരിഞ്ഞുനോക്കാതെ കിടക്കുന്നുണ്ട്,
ഇടയ്ക്ക് സങ്കടംതോന്നി കേട്ടെഴുത്തിൽ ഞാനവരെ ചെന്നുനോക്കും".
"എടീ.. എന്റെ വിശുദ്ധ പ്രണയമെന്ന കുഞ്ഞിനെ കേട്ടെഴുത്തിൽ ഇരുപതാളാ ആകെക്കാണാൻ വന്നത്"
"ഓർക്കുമ്പം തന്നെ വിഷമമാകുന്നു".
"അല്ല രമേശേട്ട.. അമ്മ സ്നേഹമോ?
"എന്റെ സുമേ... അതാർക്കും വേണ്ട ആകെ നാലു പേരാ നോക്കിയത്".
"കഷ്ടം ഞാനൊരമ്മയല്ലേ എനിക്കു സങ്കടാകുന്നുണ്ട്".
"സങ്കടം എന്നെക്കൊണ്ട് പറയിക്കേണ്ട_
നീ ആ മൊബൈൽചാറ്റിങ്ങ് കുഞ്ഞിനെ എത്രയാൾക്കാരെയാ വിളിച്ചുകാണിച്ചത്,
നിന്നെപ്പോലെതന്നെയാ എല്ലാവർഗങ്ങളും,
ഈ പ്രാവശ്യം നിനക്കൊരു സർപ്രൈസാടീ ഞാൻ കാണിക്കാൻ പോകുന്നത്".
"രമേശേട്ടാ... പൊളിച്ചു... സൂപ്പർ...
ഭാര്യയുടെ കാമുകൻ.... അയ്യോ സൂപ്പർ രമേശേട്ടൻ".
."ഈ പ്രാവശ്യത്തെ കുഞ്ഞ് സൂപ്പർ....".
"ഭാര്യയുടെ കാമുകന് ആയിരം ലൈക്ക് കടന്നു..
താങ്ക് യൂ രമേശേട്ടാ.. സുമയുടെ വക സ്പെഷ്യൽ ഉമ്മ".
"സുമേ,കമന്റ് നൂറു കടന്നു".
"പ്രവാസികളെല്ലാം വന്നു നോക്കിയിട്ടുണ്ട്".
"നമുക്കിനി അമ്മ സ്നേഹം.... വിശുദ്ധ പ്രണയമൊന്നും വേണ്ട രമേശേട്ടാ.... ഭാര്യയുടെ കാമുകൻ മതി....,
അടുത്തതവണ ഭർത്താവിന്റെ കാമുകി..".
"അതു മാത്രം പോരടീ സുമേ, പീഡനത്തിനു നല്ല മാർക്കറ്റാ",
"ഭാര്യയുടെ കാമുകനെന്ന കുഞ്ഞിന്റെ പ്രസവം നല്ലസുഖപ്രസവായിരുന്നു".
"ഹോ!അമ്മ സ്നേഹം എന്ന കുഞ്ഞിനെ ഞാനെത്ര നൊന്തു പ്രസവിച്ചതാ, ആർക്കും വേണ്ട".
"ചിന്നു മോളേ അച്ഛനു ആയിരം ലൈക്ക് കിട്ടി".
"ഹായ് ആയിരം ലൈക്കോ?തുള്ളിച്ചാടിക്കൊണ്ട് ചിന്നുമോൾ.... കുഞ്ഞിളം പല്ലുകാട്ടി ചിരിച്ചു കൊണ്ടവൾ രമേശേട്ടനെയും സുമതിയെയും കെട്ടിപ്പിടിച്ചു.
"എന്നാൽ മിൽമപ്പാലു വാങ്ങീട്ടു വാരമേശേട്ടാ....."
"ഹോ, നാശം ഇന്നു വേണോടീ"
"മര്യാദയ്ക്ക് മേടിച്ചോണ്ട് വാ... മോൾക്ക് കൊടുക്കേണ്ടതാ..."
രമേശേട്ടൻ പുറത്തേക്കിറങ്ങി... ലൈക്കുകൾ ആയിരത്തിയഞ്ഞൂറു കഴിഞ്ഞിരുന്നു.രമേശേട്ടന്റെ കുടുംബം സ്വർഗ്ഗമായി. സന്തോഷത്തിന്റെ രാവുകൾ! കേട്ടെഴുത്ത് ഗ്രൂപ്പിന് നന്ദി.
Writenby Saji Varghese.
Copy right protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo