"മാഷൊന്നും പറഞ്ഞില്ല..." ദിവാകരൻ പോറ്റി അകലെ കണ്ണും നട്ട് ഇരിക്കുന്ന വേണു മാഷിനോടായി ചോദിച്ചു...
എന്തോ ആലോചനയിൽ മുഴുകിയിരുന്ന വേണുമാഷിനോട് വീണ്ടും ഒന്നും ചോദിക്കാൻ പോറ്റിക്ക് തോന്നിയില്ല..അയാൾ അവിടെ കൂടിയിരിക്കുന്ന മക്കളുടെ മുഖത്തേക്ക് മാറി മാറി നോക്കി...അച്ഛന്റെ മൗനം മക്കളിൽ വീണ്ടും ദേഷ്യത്തിനു വഴിമാറി....മൂത്ത മകൻ ചവിട്ടി തുള്ളി അകത്തോട്ട് പോയി...ഫോണെടുത്തു ട്രാവൽസിൽ വിളിച്ചു ...."മറ്റന്നാൾ ഒരു ടിക്കറ്റ്....ഡീറ്റൈൽസ് വാട്‌സ് ആപ്പ് ചെയ്യാം...
രണ്ടാമനും ഒന്നും മിണ്ടാതെ റൂമിലേക്ക് പോയിരുന്നു...ഇളയവൾ അവളുടെ രണ്ടു വയസായ കൊച്ചിനെ മടിയിലിരുത്തി കളിപ്പിച്ചു അവിടെ തന്നെയിരുന്നു...
വേണുമാഷ് അടുത്തു തന്നെ സ്കൂളിലെ മലയാളം അദ്ധ്യാപകൻ ആയിരുന്നു..ഇപ്പോൾ പെൻഷൻ പറ്റി... ഭാര്യ സുധർമ്മ ...ഒരു പാവം വീട്ടുകാരി... അമ്മയുടെ മരണം അറിഞ്ഞിട്ടു വന്നതാണ് മക്കൾ...ഇപ്പോൾ രണ്ടാഴ്ച്ച കഴിഞ്ഞിരിക്കുന്നു...
മൂത്ത മകൻ നന്ദു ദുബായിൽ എഞ്ചിനീയറാണ്......ഭാര്യ അവിടെ തന്നെ സ്കൂളിൽ ടീച്ചറാണ്....രണ്ടു മക്കൾ....
രണ്ടാമൻ ജീവൻ ദുബായിൽ തന്നെ മാനേജർ ആയി ജോലി ചെയ്യുന്നു...ഭാര്യയും കൂടെയുണ്ട്..
മകൾ നന്ദിനി ഖത്തറിലാണ്...ഒരു വർഷം മുൻപ് ഭർത്താവ് ആക്‌സിഡന്റിൽ മരിച്ചു....ഒരു മകൾ...
എല്ലാവർക്കും അവരുടെ ജോലി സ്ഥലത്തേക്ക് പോകണം...അതുകൊണ്ട് അച്ഛൻ അവരുടെ ആരുടെയെങ്കിലും കൂടെ വരണം...അതാണ് അവരുടെ ആവശ്യം....അല്ലങ്കിൽ "അച്ഛനെ തനിച്ചാക്കിയ മക്കൾ "എന്നു നാട്ടുകാർ പറയും..അതു മാത്രമല്ല അച്ഛനെ ഒറ്റക്കാക്കി പോകാൻ ഒരു മടി ...
പക്ഷെ ആ നാടും വീടും വിട്ട് ഒരു ജീവിതം മാഷിനില്ല...അതു നന്നായി മക്കൾക്കറിയാം... എന്നിരുന്നാലും മാഷിന്റെ കൂട്ടുകാരൻ ദിവാകരൻ പോറ്റിയെ കൂട്ടുപിടിച്ചു മാഷിന്റെ മനസു മാറുമോ എന്നറിയാൻ ഒരു അവസാന ശ്രമമെന്നോണം മക്കൾ നടത്തി...മാഷിന്റെ മൗനം അവരെ കൂടുതൽ അസ്വസ്ഥരാക്കി ...
"അച്ഛന് ഞങ്ങളുടെ കൂടെ വരുന്നോ ഇല്ലയോ ഇപ്പോൾ അറിയണം."..വൈകീട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നന്ദു ദേഷ്യത്തോടെ ചോദിച്ചു....
ഇല്ല....മാഷ് സാവധാനം പറഞ്ഞു..
അച്ഛന് വാശിയാണ്.... അതല്ലേ ഇങ്ങനെ....
"എനിക്ക് ഒരു വാശിയുമില്ല... നിങ്ങളുടെ അമ്മയാ അപ്പുറത്ത് ഉറങ്ങുന്നത്...അവിടെ അവൾക്ക് കൂട്ടായി ഞാൻ ഇവിടെ കഴിഞ്ഞോളാം"..വേണുമാഷ് പതിയെ പറഞ്ഞു...
"ഞങ്ങൾ അച്ഛനെ തനിച്ചാക്കി പോയാൽ നാട്ടുകാർ പലതും പറയും..."
"നാട്ടുകാർ പറയുന്നതാണോ മക്കൾക്ക് പ്രശനം...എന്നു മുതലാണ് നാട്ടുകാർ പറയുന്നത് മക്കൾ കേൾക്കാൻ തുടങ്ങിയത്"...വേണുമാഷിന്റെ ശബ്ദം കനത്തു..
"അല്ലാതെ അച്ഛനോടുള്ള സ്നേഹം കൊണ്ടല്ല അല്ലേ..".. മാഷ് മൂന്നുപേരെയും മാറി മാറി നോക്കി...
"ഞങ്ങൾ നാളെ പോകും...ജീവൻ തല താഴ്ത്തികൊണ്ടു പറഞ്ഞു.."
മാഷ് ഒന്നും മിണ്ടിയില്ല ...
പിറ്റേന്ന് കാലത്തു വീടിന്റെ മൂലയിലുള്ള ഒരു ചായ്പ്പിൽ അനക്കം കെട്ടുകൊണ്ടാണ് മകൾ നന്ദിനി അവിടേക്ക് ചെന്നത്...അച്ഛൻ ഒരു പെട്ടിയിൽ പഴയ ഫോട്ടോകളും നോക്കിയിരിക്കുന്നു...അവൾ ചെന്നു അച്ഛന്റെ കയ്യിൽ നിന്നും ഫോട്ടോകൾ വാങ്ങി ...
'അമ്മ' അവൾ മന്ത്രിച്ചു....ഒരു മലയാള പത്രതത്തിന്റെ തലക്കെട്ട്... മോഹിനിയാട്ടം രണ്ടാം സമ്മാനം....'അമ്മ അതേ വേഷത്തിൽ നിൽക്കുന്നു..ഇതുവരെയും അവർ ആ ഫോട്ടോകൾ കണ്ടിട്ടുണ്ടായിരുന്നില്ല...
"അച്ഛാ ഇതൊക്കെ എപ്പോൾ ."..അവൾ ആശ്ചര്യത്തോടെ ചോദിച്ചു...
കുറച്ചു നേരത്തെ മൗനത്തിനു ശേഷം മാഷ് പറഞ്ഞു....
"ഒരു ഉൽസവത്തിന്റെ അന്നാണ് നിങ്ങളുടെ അമ്മയെ ആദ്യമായി കാണുന്നത്...അതിനു ശേഷം പല വേദികളിൽ ...അവൾ ഒരു നല്ല നർത്തകിയായിരുന്നു...ചിലങ്ക അവൾക്ക് ജീവനായിരുന്നു ...കുറച്ചുനാളുകൾക്ക് ശേഷം ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ പോയി വരുമ്പോഴായിരുന്നു ഒരു വീട്ടിൽ ബഹളം കേൾക്കുന്നത്.അത് അവളുടെ വീടായിരുന്നു...പലിശക്കാർ അവളുടെ വീട് വളഞ്ഞിരിക്കുകയായിരുന്നു...ആരും അങ്ങോട്ട് എടുത്തിരുന്നില്ല....വേദിയിൽ പല ഭാവങ്ങൾ ആടിയിരുന്ന അവളുടെ മുഖത്തപ്പപ്പോൾ ഒരു ഭാവമേ ഉണ്ടായിരുന്നുള്ളു....യാചന....ഞങ്ങളെ ഉപദ്രവിക്കല്ലേ എന്ന ഭാവം....കണ്ടു നിൽക്കാൻ കഴിഞ്ഞില്ല....കടങ്ങൾ അതു എല്ലാവർക്കും ഒരുപോലെയാണല്ലോ...
പിന്നീട് അവളുടെ ഏക ആശ്രയമായ അച്ഛൻ മരിച്ചു എന്ന വിവരം അറിഞ്ഞു ചെല്ലുമ്പോൾ അവൾ തനിച്ചായിരുന്നു...ഒരു പെണ്കുട്ടിയെ ഏറ്റെടുക്കാൻ സ്വന്തക്കാർ ഒന്നു ചിന്തിക്കും...പക്ഷെ എനിക്ക് ചിന്തിക്കാൻ ഒന്നുമുണ്ടായിരുന്നില്ല...അവളെയും കൊണ്ടു ഞാൻ ഈ വീടിന്റെ പടി കേറുമ്പോൾ ഈ പെട്ടി മാത്രമായിരുന്നു അവളുടെ കയ്യിൽ ഉണ്ടായിരുന്നത്."..
എല്ലാം അത്ഭുദത്തോടെ കേൾക്കുകയായിരുന്നു മക്കൾ മൂന്നു പേരും....കാരണം അവർക്കത് പുതിയ അറിവായിരുന്നു...
ജനലിന്റെ ഇടയിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് മാഷ് തുടർന്നു...
"ഞാൻ ഒരുപാട് നിർബന്ധിച്ചിരുന്നു ചിലങ്ക വീണ്ടും അണിയാൻ... പക്ഷെ അപ്പോഴേക്കും നന്ദുവിന്റെ ജനനം... അവളുടെ തീരുമാനങ്ങളെ തിരുത്തി...മക്കളും ഈ വീടും മാത്രമായി അവൾ ഒതുങ്ങി....പിന്നെ നിങ്ങളായിരുന്നു അവളുടെ ലോകം...അവളുടെ ആഗ്രഹങ്ങൾ എല്ലാം മാറ്റിവെച്ചു... എന്റെയും നിങ്ങളുടെയും ലോകത്തിലേക്ക് അവൾ ഒതുങ്ങി....മരിക്കുന്നതിന് മുൻപ് അവൾ ഒരേ ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ...മരിച്ചു കഴിഞ്ഞാലും ഒറ്റക്കാക്കല്ലേട്ടാ...ഞാൻ ഇവിടെ തന്നെ കാണും...എനിക്ക് നിങ്ങളെ വിട്ടു പോകാൻ കഴിയില്ലന്നു"...അതു പറയുമ്പോൾ മാഷിന്റെ സ്വരം വിറച്ചു...കണ്ണുകൾ നിറഞ്ഞു..
അച്ഛന്റെ വിഷമം കണ്ടു മക്കളുടെ കണ്ണുകളും നിറഞ്ഞു....
"നിങ്ങളെ പുറത്തേക്ക് വിടാൻ അവൾക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല...നിങ്ങളുടെ ഭാവിയെ ഓർത്തു അവൾ മിണ്ടിയില്ല...ഓരോരുത്തർ ഓരോ വഴിക്ക് പോകുമ്പോഴും അവൾ തനിച്ചിരുന്നു കരയുമായിരുന്നു"....അതും പറഞ്ഞു മാഷ് കണ്ണടയെടുത്തു കണ്ണു തുടച്ചു...
"എന്നെ വിട്ട് നിങ്ങളും പോകരുത്...മരണത്തിൽ ആയാലും...ഞാൻ മരിച്ചിട്ട് നിങ്ങൾ മരിച്ചാൽ മതി...എന്ന്... അവൾ എപ്പോഴും പറയുമായിരുന്നു...ഒറ്റപ്പെടൽ അവൾക്കു പേടിയായിരുന്നു ...അവൾ പറഞ്ഞപോലെ തന്നെ സംഭവിച്ചു...ആദ്യം അവൾ തന്നെ പോയി"..
അതും പറഞ്ഞു തിരിഞ്ഞു മൂന്നുപേരെയും മാറി മാറി നോക്കി... എന്നിട്ട് തുടർന്നു...
"മക്കളുടെ വിചാരം കല്യാണം കഴിഞ്ഞാൽ അമ്മയും അച്ഛനുമല്ല അവരുടെ ലോകമെന്ന...ശരിയാ നിങ്ങളുടെ ലോകം ഭാര്യയും കൊച്ചുങ്ങളുമാ...എന്നിരുന്നാലും നിങ്ങൾ എത്ര വലുതായാലും അമ്മക്കും അച്ഛനും നിങ്ങൾ മക്കൾ തന്നെയാ...നിങ്ങൾ എപ്പോഴും അടുത്തു വേണം എന്ന് തന്നെയാ ഓരോ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത്....അവസാന നാളിലെങ്കിലും ....അങ്ങനെ ആഗ്രഹിക്കാൻ ഞങ്ങൾക്ക് അവകാശമില്ലേ."..അതും പറഞ്ഞു മാഷ് നിയന്ത്രണം വിട്ടു കരഞ്ഞു...
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം മാഷ് തുടർന്നു...
"എന്തൊക്കെ സംഭവിച്ചാലും എന്റെ അവസാന ശ്വാസം വരെ അവളുടെ കൂടെ ഇവിടെത്തന്നെ ഞാൻ കാണും....മരണം കൊണ്ട് മറക്കാൻ പറ്റുന്ന ബന്ധങ്ങൾ ഉണ്ടാകാം... പക്ഷെ അവളുമായുള്ള ബന്ധം മരണത്തിൽ കൂടി അവസാനിക്കുന്നതല്ല ...അതു പറയുമ്പോൾ വേണുമാഷിന്റെ ശബ്ദം ഉറച്ചിരുന്നു...
"എന്നോട് ക്ഷമിക്കച്ച."...നന്ദു മാഷിനെ കെട്ടിപ്പിടിച്ചു കരഞ്ഞു...കൂടെ ബാക്കിയുള്ളവരും..
"നിങ്ങൾക്ക് ധൈര്യമായി പോകാം..ആരും ഒന്നും പറയില്ല...എന്നെ കുറിച്ചു നിങ്ങൾക്ക് പേടി വേണ്ട...പോറ്റിയൊക്കെ ഇവിടെയുണ്ടല്ലോ"..അതും പറഞ്ഞു മാഷ് നന്ദിനിയുടെ കൊച്ചിനേയുമെടുത്തു കല്ലറ ലക്ഷ്യമാക്കി നടന്നു...
അപ്പോഴേക്കും മക്കൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു...ആ തീരുമാനങ്ങൾ മാഷിന് ഒരു പുതുജീവൻ നൽകുമായിരിക്കും ..
റഹീം പുത്തൻചിറ .......
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക