നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബോസ് ഈസ്‌ ഓൾവെയ്‌സ് റൈറ്റ്‌!(കഥ)


ഞാൻ എന്റെ കരിയർ ആരംഭിച്ചത് ഒരു ഐടി ഫാക്കൽറ്റി ആയിട്ടായിരുന്നു. കേരളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് കഫേ ആയിരുന്ന എറണാകുളം കോൺവെന്റ് ജംക്ഷനിലെ ടൈംസ് ഇന്റർനെറ്റ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ ആയിരുന്നു ജോലി.

പിന്നെ, പല കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജോലി ചെയ്തു. വിദേശത്ത് ഒരു ജോലി ശരിയായപ്പോൾ അതുവരെ ഉണ്ടായിരുന്ന ജോലികൾ എല്ലാം അവസാനിപ്പിച്ചതോടൊപ്പം അദ്ധ്യാപന ജോലിയും അവസാനിച്ചു.

പഠിപ്പിക്കലുമായി ബന്ധപ്പെട്ട ഒരു ഓർമ്മ വളരെ വിചിത്രമാണ്. പെരുമ്പാവൂർ താമസിച്ചിരുന്ന എനിക്ക് ജോലി കിട്ടിയതെല്ലാം എറണാകുളത്തായിരുന്നു. നാൽപ്പതോളം കിലോമീറ്റർ യാത്ര എല്ലാ ദിവസവും. അതിനു പുറമെ ആയിരുന്നു ക്ലാസ് ടൈമിങ്ങുകൾ. രാവിലെ ജോലിക്കോ ക്ലാസുകൾക്കൊ പോകും മുൻപ് ഏഴരയ്ക്ക് ക്ലാസ് തുടങ്ങുന്ന ബാച്ചിൽ ഒരിക്കലും എനിക്ക് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഏഴരയ്ക്ക് എറണാകുളത്ത് എത്തണം എങ്കിൽ ആറിന് മുൻപ് പെരുമ്പാവൂർ എത്തണമായിരുന്നു. അത്രയും നേരത്തെ, എന്റെ വീടിന്റെ പരിസരത്ത് നിന്നും പെരുമ്പാവൂർക്ക് ബസ് ഉണ്ടായിരുന്നില്ല.

ഒരിക്കൽ സ്ഥാപനത്തിലെ സെന്റർ ഹെഡ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. പുതിയതായി തുടങ്ങുന്ന ഒരു ബാച്ചിനെ, എന്നെ ഏൽപ്പിക്കാൻ ഉള്ള വിളി ആയിരുന്നു അത്.

ബാച്ചിന്റെ പ്രത്യേകതകൾ രസകരമാണ്. അവർക്ക് പഠിക്കേണ്ടത് ഡ്രീം വീവർ എന്ന, ആയിടെ മാത്രം ഇന്ത്യയിൽ ലോഞ്ച് ആയ വെബ് ഡിസൈനിങ് സോഫ്റ്റ്‌ വെയർ ആയിരുന്നു. എന്നാൽ അധികം പൈസ മുടക്കാൻ പറ്റില്ല. ബാർഗെയിൻ ചെയ്തു ചെയ്ത്‌ നാലായിരം രൂപ പറഞ്ഞ കോഴ്സ് രണ്ടായിരം രൂപയ്ക്ക് സമ്മതിപ്പിച്ചിരിക്കുകയാണ്. മൂന്നാഴ്ച കൊണ്ട് പഠിക്കേണ്ട കോഴ്സ്, ക്രാഷ്‌ കോഴ്സ് ആയി രണ്ടാഴ്ച കൊണ്ട് പഠിപ്പിക്കണം. എല്ലാവരും ജോലിക്ക് പോകും മുൻപ് രാവിലെ ഏഴരയ്ക്ക് തന്നെ ക്ലാസ് തുടങ്ങണം.

ഒളിമ്പ്യന്റെ അടികൊണ്ട് ഇരു ചെവികളിലൂടെയും പുക പോയി നിൽക്കുന്ന വട്ടോളിയുടെ പോലെയുള്ള എന്റെ നിൽപ്പ് കണ്ട്‌ ഹെഡ് എന്നോട് ചോദിച്ചു.

"അപ്പൊ നാളെ മുതൽ അവരോട് വരാൻ പറയട്ടെ?"

"അല്ല സാറേ രാവിലെ ഏഴര?"

"എടാ നീ എങ്ങനെയെങ്കിലും എത്തണം"

"അപ്പൊ ഡ്രീം വീവർ?"

"നീ പേടിക്കണ്ട. ഇന്ന് ക്ലാസ് ഒക്കെ കഴിഞ്ഞ്‌ ഇഷ്ടം പോലെ സമയം കിട്ടും പഠിക്കാൻ"

"അതല്ല സാറേ ഈ സംഗതി ഞാൻ ഇതുവരെ കണ്ടിട്ടില്ല"

"അത് സാരമില്ലെടാ ലാബിൽ അങ്ങേ മൂലയിൽ ഉള്ള കമ്പ്യൂട്ടറിൽ അത് ലോഡ് ചെയ്തിട്ടുണ്ട്"

"അല്ല സാറേ ലാബ് മാത്രല്ലല്ലോ ക്ലാസും എടുക്കണ്ടെ"

ഹെഡ് മേശയുടെ വലിപ്പിൽ നിന്ന് ഒരു അദ്ധ്യാത്മരാമായണം സൈസിലുള്ള ഒരു പുസ്തകം പുറത്തെടുത്തു. യാതൊരു അന്തവും കുന്തവും ഇല്ലാതെ നിൽക്കുന്ന എന്റെ മുന്നിലേക്ക് വെച്ചു.

"ഇത് ഒന്ന് വായിച്ച് നോക്കിയാ മതി"

എനിക്ക് എന്തെങ്കിലും മറുപടി പറയാൻ പറ്റും മുൻപ് പുള്ളിക്കാരന് ഒരു ഫോൺ വന്നു. ഫോണിൽ എന്തൊക്കെയോ ഘോര ഘോരമായി സംസാരിക്കുന്നതിനിടയിൽ മൗത്ത് പീസ് പൊത്തിപ്പിടിച്ച് ഇവൻ ഇതുവരെ പോയില്ലേ എന്ന മട്ടിൽ എന്നെ നോക്കി ഹെഡ് പറഞ്ഞു .

"നാളെ രാവിലെ ട്ടോ. ഏഴര. വൈകരുത്. ഈ പുസ്തകം പഠിക്കണം. ലാബിലെ മൂലേലെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.."

പിന്നെ എനിക്ക് ഒരു ടാറ്റയും തന്നു.

പട്ടിക്ക് മുഴുവൻ തേങ്ങാ കിട്ടിയ പോലെ ഡ്രീം വീവർ ഫോർ ഡമ്മീസ്‌ എന്ന പുസ്തകവും കൊണ്ട് ഞാൻ ഹെഡിന്റെ വാതിൽ കടക്കാൻ തുടങ്ങി.

"ഡാ "

എന്നോട് എടുക്കണ്ട എന്ന് പറയാനായിരിക്കും എന്ന് വിചാരിച്ച് ഞാൻ ഞെട്ടിത്തിരിഞ്ഞു.

വീണ്ടും മൗത്ത് പീസ് പൊത്തിപ്പിടിച്ച് ഒച്ച താഴ്ത്തി ഹെഡ് പറഞ്ഞു.

"ഡാ ആ പുസ്തകം മൊത്തം ഒന്നും പഠിപ്പിച്ചേക്കരുത്‌. ആകെ രണ്ടായിരം രൂപേടെ കോഴ്സാ"

ഒരു നിമിഷം ഹെഡിനെ ഒന്നുകൂടി നോക്കിയിട്ട് വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ട് ബാക്ഗ്രൗണ്ടിൽ ഇട്ട് നടന്നു നടന്നങ്ങനെ പോയി...

ഡ്രീം വീവർ പഠിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. കുറേക്കാലമായി ക്ലാസുകൾ എടുത്തിരുന്നതുകൊണ്ട് ഒന്നോ രണ്ടോ ക്ലാസിൽ ഇടത്ത് മാറി വലത്ത് ചവിട്ടി വെട്ടിയൊഴിയാനുള്ള സംഗതി ഒക്കെ പെട്ടെന്ന് സംഘടിപ്പിക്കും. അല്ലെങ്കിലും ആദ്യത്തെ ദിവസം പരിചയപ്പെടൽ ആണല്ലോ...

പിറ്റേന്ന് അതിരാവിലെ തന്നെ എഴുന്നേറ്റു. ഞങ്ങളുടെ സ്റ്റോപ്പിൽ നിന്നും പെരുമ്പാവൂർക്ക് അന്നേരം ബസ് ഇല്ലാത്ത കാരണം, വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ടൗണിലേക്കുള്ള ആദ്യ ബസ് പിടിച്ചു. കൃത്യം ഏഴരയ്ക്ക് തന്നെ ഇൻസ്റ്റിട്ട്യൂട്ടിൽ എത്തി. അറ്റൻഡൻസ് മാർക്ക് ചെയ്യാൻ കൗൺസിലറുടെ റൂമിൽ എത്തിയപ്പോൾ തന്നെ അറിയിപ്പ് കിട്ടി. ബാച്ച് റെഡിയാണ്. നാല് പേരാണ് ബാച്ചിൽ. രണ്ടാണും രണ്ട് പെണ്ണും. വെബ് ഡിസൈനേഴ്സ് ആണ്. സ്വന്തമായി സ്ഥാപനം നടത്തുന്നു. എല്ലാവരെയും മൂലയിലുള്ള കംപ്യൂട്ടറിന്റെ മുന്നിൽ ഇരുത്തിയിരിക്കുകയാണ്.

ബെസ്റ്റ്‌! കൊല്ലക്കുടിയിൽ ആണ് സൂചി വിൽക്കാൻ പോകുന്നത്..

ഞാൻ ചെന്നപ്പോൾ തന്നെ നാലു പേരും എഴുന്നേറ്റ് അഭിവാദ്യം ചെയ്തു. ഞാൻ ആകെ ഒന്ന് സ്കാൻ ചെയ്തു. ഒരാൾ നല്ല പ്രായം ഉള്ള ഒരു പുരുഷനാണ്. അവരുടെ സ്ഥാപനത്തിലെ മുതലാളി ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. ഏകദേശം എന്റെ അന്നത്തെ പ്രായം, അതായത് ഇരുപത്തി രണ്ടോളം വയസുള്ള മറ്റൊരാൾ. അധികം പ്രായം ഇല്ലാത്ത രണ്ട് സുന്ദരി പെൺകുട്ടികൾ. രണ്ടാളും ട്രെയിനീസ് ആയിരിക്കും.

എല്ലാവരെയും വിശദമായി പരിചയപ്പെട്ട്‌ ആദ്യ ദിവസം അടിപൊളിയാക്കണം എന്റെ പ്ലാനിനെ തവിടുപൊടിയാക്കിക്കൊണ്ട്, ഇരിക്കുന്ന എന്റെ വലത്തെ കൈ ബലമായി കവർന്ന്, അതി ശക്തിയായി പിടിച്ച് കുലുക്കിക്കൊണ്ട് പ്രായമുള്ളയാൾ പറഞ്ഞു.

"ഞാൻ ജോർജ്. ഒരു വെബ് ഡിസൈനിങ് സ്ഥാപനം നടത്തുന്നു. ഇത് എന്റെ സ്റ്റാഫ് ആണ്. ഞങ്ങൾ ഞങ്ങളുടെ ഡ്രീം വീവർ നോളജ്‌ ഒന്ന് മെച്ചപ്പെടുത്താം എന്ന് വെച്ചു. "

ഞാൻ വെട്ടിവിയർത്തു. അത്യാവശ്യം വിഷയം അറിയാവുന്നവർക്കാണ് ഞാൻ ക്ലാസ് എടുക്കേണ്ടത്. എങ്കിലും എന്റെ മനസ്സിലെയും ശരീരത്തിലെയും വിറ വിരലിൽ കാണിക്കാതെ ഞാൻ കമ്പ്യൂട്ടറിൽ ഡ്രീം വീവർ ഐക്കൺ ക്ലിക്ക് ചെയ്തു.

അപ്പോൾ വീണ്ടും ജോർജ്.

"ഇത് ഡ്രീം വീവർ വേർഷൻ 3 അല്ലെ?"

ഞാൻ ഒന്നുകൂടി നോക്കി കൺഫേം ചെയ്തു.

"അതെ"

"ഞങ്ങൾ 4 ആണ് ഉപയോഗിക്കുന്നത്"

നമ്മുടെ വിവരമില്ലായ്മ കൊണ്ട് ഒരു ക്ലാസ് നഷ്ടപ്പെടുത്തുന്നത് വലിയ കുറ്റമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലം ആയിരുന്നു അത് എങ്കിലും അന്നത്തെ ക്ലാസ് എങ്ങനെയെങ്കിലും തീർത്ത്, അടുത്ത രണ്ടാഴ്ച ചിക്കൻ പോക്സ് ആണെന്നും പറഞ്ഞ്‌ ലീവെടുക്കാൻ വരെ എനിക്ക് ടെണ്ടൻസി ഉണ്ടായി. എങ്കിലും ഞാൻ ഏതുവിധേനയും ഇങ്ങനെ പറഞ്ഞൊപ്പിച്ചു.

"ഞാൻ ഇവിടെ തുടങ്ങിയിരിക്കുന്നത് 3 ആണ്. 4 നാളത്തേക്ക് റെഡി ആക്കാം. വലിയ വ്യത്യാസം ഒന്നുമില്ല. ചെറിയ ടൂൾസിന്റെ വ്യത്യാസങ്ങളും വിൻഡോയിലെയും വെൽക്കം സ്‌ക്രീനിന്റെയും വ്യത്യാസവും മാത്രമേ ഉള്ളൂ.."

എന്തായാലും അത് അവർ അംഗീകരിച്ചു. അന്നത്തെ എന്ന് മാത്രമല്ല, ഒരാഴ്ചയോളം വിജയകരമായി ഞാൻ ഡ്രീം വീവർ പഠിപ്പിക്കാൻ ശ്രമിച്ചു. പകരം അവർ അവർക്കറിയാവുന്നത് എന്നെയും പഠിപ്പിച്ചു. ഞങ്ങൾ വലിയ കൂട്ടായി. രാവിലെ ഒരു കിലോമീറ്റർ നടക്കുന്നതും അതിരാവിലെ എണീക്കുന്നതും ഈ ക്ലാസിനു വേണ്ടി ആയതു കൊണ്ട് എനിക്ക് വലിയ സന്തോഷവും ആയിരുന്നു...

അങ്ങനെ സമാധാനമായി പോയിക്കൊണ്ടിരുന്നപ്പോൾ ഒരു ദിവസം, ക്ലാസ് കഴിഞ്ഞ്‌ ബാച്ച് പിരിഞ്ഞ ശേഷം ഒന്ന് ഫ്രഷ് ആയി താഴെ പതിവായി ഒരു കാലിച്ചായ കുടിക്കുന്ന കടയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി.

"ശ്...ശ്"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ ബാച്ചിലെ ഒരു പെൺകുട്ടിയാണ്.

"ആഹാ താൻ അവരുടെ കൂടെ ഓഫീസിൽ പോയില്ലേ?"

"ഇല്ല സാർ, ഇന്ന് ലീവാക്കി"

"ഓഹ്.. അപ്പൊ വീട്ടിലേക്കായിരിക്കും. എന്താ വിശേഷം വീട്ടിൽ? താൻ ഒരു ചായ കുടിക്കുന്നൊ?"

അന്നൊക്കെ ആണും പെണ്ണും കൂടി ചായ കുടിക്കുന്നത് പബ്ലിക് ആയാലും പ്രൈവറ്റ് ആയാലും മഹാ പാതകം ആയിരുന്ന കൊണ്ട് അവൾ വരില്ല എന്ന കൊടും ആത്മവിശ്വാസത്തിൽ ആയിരുന്നു എന്റെ ചോദ്യം. പക്ഷെ അവൾ കുടിക്കാം എന്ന് പറഞ്ഞു. ഒന്ന് ഞെട്ടി എങ്കിലും ഞാൻ ഒരു ചായ അവൾക്കും കൂടി വാങ്ങി അവളെയും കൂട്ടി കടയുടെ അല്പം മാറി സമാധാനമായി ഇരുന്നു കുടിക്കാവുന്ന ഒരു സീറ്റിൽ ചെന്നിരുന്നു.

"പറ എന്താ ലീവ്"

"വീട്ടിൽ പ്രശ്നം ഒന്നുമില്ല സാർ. ഞാൻ സാറിനോട് ഒന്ന് സംസാരിക്കാൻ നിന്നതാ"

ഞാൻ ഒരു നിമിഷം കൊണ്ട് ഒരു മോട്ടിവേഷണൽ സ്പീക്കർ ആയി മാറി. എന്ത് വിഷയം തന്നെയായാലും ഒരു അദ്ധ്യാപകൻ എന്ന നിലയിൽ ഇവളെ ഞാൻ ഉപദേശിച്ച് തകർക്കും എന്ന് തീരുമാനമെടുത്തു.

"പറ കുട്ടീ "

"സാറിനെ എനിക്കിഷ്ടാ"

മജീഷ്യന്റെ കൈയിൽ ഇരുന്ന മുട്ട മുയൽ ആയ പോലെ എന്റെ ചായ ഞങ്ങൾക്ക് ചുറ്റും ഒരു വലിയ മരം സൃഷ്ടിച്ചു. ലോട്ടറിയടിച്ചു എന്ന് കേട്ട കിട്ടുണ്ണിയേട്ടനെ പോലെ ഞാൻ ആദ്യം ചിരിച്ചു. പിന്നെ കരഞ്ഞു. പിന്നെ ചോദിച്ചു..

"എന്താ പറഞ്ഞെ?"

"എനിക്ക് സാറിനെ ഇഷ്ടാന്ന്. ഇത് പറയാൻ വേണ്ടിയാ ഞാൻ ലീവ് എടുത്തത്."

അല്പസമയം കൊണ്ട് തന്നെ ഞാൻ ആത്മസംയമനം പാലിച്ചു. മുഖത്ത് ആകാവുന്നത്ര മയം വരുത്തി ഞാൻ പറഞ്ഞു.

"ഞാൻ ഫ്രീയല്ല കുട്ടി. വിവാഹം പറഞ്ഞു വെച്ചിരിക്കുകയാണ്. "

അവൾ ഞെട്ടി എന്നെ നോക്കി. പിന്നെ ശക്തിയായി ചായപ്പാത്രം ടേബിളിൽ വെച്ചു. ചാടി എഴുന്നേറ്റു. പിന്നെ വെട്ടിത്തിരിഞ്ഞു കൊണ്ട് ചായക്കട വിട്ടുപോയി.

പിറ്റേന്ന് അതിരാവിലെ ക്ലാസിൽ പോകാനായി ഞാൻ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു മനസ്സുഖം ഇല്ലായിരുന്നു. എങ്കിലും എങ്ങനെയോ ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി. അറ്റൻഡൻസ് രേഖപ്പെടുത്തിയ ശേഷം നടന്ന് മൂലയിലുള്ള കംപ്യൂട്ടറിന്റെ അടുത്തെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകം ആയിരുന്നു. എന്റെ സഹപ്രവർത്തകനായ ഒരു സുഹൃത്ത് എന്റെ ബാച്ചിന് ക്ലാസ് എടുക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അയാളെ അടുത്തേക്ക് വിളിച്ച് ചോദിച്ചു. അയാൾ പറഞ്ഞു

"രാവിലെ ഹെഡ് പറഞ്ഞിട്ടാടാ... എനിക്കാണെങ്കിൽ ഡ്രീം വീവർ ഒരു കുന്തവും അറിയില്ല എന്നു നിനക്കറിയാല്ലോ"

ഞാൻ ആകെ കുപിതനായി ഹെഡിന്റെ മുറിയിലേക്ക് പോയി. എന്നെ കണ്ടതും പതിവില്ലാതെ ഹെഡ് എന്നോട് ഇരിക്കാൻ പറഞ്ഞു. പിന്നെ എന്നെ സംസാരിക്കാൻ സമ്മതിക്കാതെ പറഞ്ഞു.

"ഡാ... നിന്റെ ബാച്ച്‌ കംപ്ലെയിന്റ് ആയി. പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല എന്നാണു പരാതി. കാരണം അതാവില്ല എന്നെനിക്കറിയാം. എങ്കിലും ഇങ്ങനത്തെ കാരണം കൊണ്ട് ഒരു ബാച്ച് പോകുന്നത് ഒട്ടും നല്ലതല്ലല്ലോ... എത്രയോ കാലമായി ഈ പ്രസ്ഥാനം കൊണ്ടുനടക്കുന്നത് ബാച്ചുകളുടെ ബലത്തിലാണ്. കുട്ടികൾ ആണ് ബിസിനസിന് വലുത് സ്റ്റാഫ് അല്ല. നീ നാളെ മുതൽ പഴയ പോലെ ഒൻപത് മണിക്ക് വന്നാ മതി"

ദേഷ്യം കാരണം തല പൊളിയുന്ന പോലെ തോന്നിയ ഞാൻ എന്തോ പറയാനായി തല ഉയർത്തി നോക്കിയപ്പോൾ ഹെഡ് കൈയിൽ തിരുപ്പിടിച്ചിരുന്ന ഒരു ചെറിയ ക്വൊട്ട്‌ സ്റ്റാൻഡ് ശ്രദ്ധയിൽ പെട്ടു. രണ്ട് ഭാഗങ്ങളായി തിരിച്ചിരുന്ന അതിലെ ആദ്യ ഭാഗത്ത് ഇങ്ങനെ എഴുതിയിരുന്നു.

“Boss is always right.”

മറ്റേ ഭാഗത്ത് ഇങ്ങനെയും.

“If boss is wrong, see the first statement!”

എന്റെ ദേഷ്യം പതിന്മടങ്ങായി വർദ്ധിച്ചു. ഞാൻ ചാടിയെഴുന്നേറ്റു. ഒറ്റ കുതിപ്പിന് ഹെഡിന്റെ കൈയിൽ നിന്ന് ആ ക്വോട്ട്‌ സ്റ്റാൻഡ്‌ തട്ടിപ്പറിച്ചു. പിന്നെ ശക്തിയായി താഴേക്കെറിഞ്ഞു. ചവിട്ടിക്കൂട്ടി.
പിന്നെ പറഞ്ഞു.

"ഞാൻ പോണു"

അന്ന് മുഴുവൻ എവിടെയൊക്കെയോ ചുറ്റിക്കറങ്ങി വൈകിട്ട് ഞാൻ വീട്ടിൽ ചെന്ന് കയറുമ്പോൾ ഹെഡും എന്റെ ഒന്നുരണ്ട് സഹപ്രവർത്തകരും വീട്ടിൽ ഉണ്ടായിരുന്നു. അവരോടൊപ്പം എന്റെ അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഞാൻ പിറ്റേന്ന് മുതൽ ജോലിക്ക് പോകാം എന്ന് സമ്മതിച്ചു.

പിറ്റേന്ന് മനസ്സില്ലാ മനസ്സോടെ അതിരാവിലെ എഴുന്നേറ്റ് ഒരു കിലോമീറ്റർ നടന്ന് ഹെഡ് പറഞ്ഞ പ്രകാരം ഏഴരയ്ക്ക് ഞാൻ ഇൻസ്റ്റി സ്റ്റ്യൂട്ടിൽ ചെന്നപ്പോൾ മറ്റൊരു മൂലയിൽ മറ്റൊരു കമ്പ്യൂട്ടറിൽ ഡ്രീം വീവർ 4 ഇൻസ്റ്റാൾ ചെയ്ത്‌ ഞാൻ വരുന്നതും കാത്ത് മറ്റൊരു ബാച്ച് ഇരിക്കുന്നുണ്ടായിരുന്നു...

പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot