നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്വാറൻ്റയിൻ പൂക്കൾ (ഒരു കൊച്ചുകഥ )


അർച്ചന വാതിൽ തുറന്ന് തോട്ടത്തിലേക്ക് നോക്കി..... മൊട്ടിട്ടിട്ടുണ്ട് ..... അർച്ചനയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി.... കുഞ്ഞു മുള്ളുകളുള്ള ആ റോസാച്ചെടിയുടെ അടുത്തേക്ക് അവൾ പതിയെ നടന്നു.നേരിയ പച്ച പുതപ്പിനുള്ളിൽ നിന്ന് പുറത്തേക്ക് തലയിട്ടു നോക്കുന്ന ചുകന്ന പൂമൊട്ട് '... കൗതുകത്തോടെ നോക്കി..... മെല്ലെ ആ റോസാ മൊട്ടിൻ്റെ തലയിൽ ഒന്നു തട്ടി.... കാതിലെ ലോലാക്ക് പോലെ അതൊന്നാടി.....

"എനിക്ക് ഒരു ദിവസം കൂടി താ.... ഞാൻ വിരിഞ്ഞ് കാണിച്ചു തരാം"

അത് പറയുന്നത് പോലെ അർച്ചനക്ക് തോന്നി

എത്ര ദിവസമായി ഇതിന് വെള്ളവും വളവും നൽകുന്നു.... തൻ്റെ പ്രിയപ്പെട്ട റോസാച്ചെടിക്ക് ....അതിൽ വിരിയുന്ന ആദ്യത്തെ പൂ.... ഹായ് എന്ത് രസായിരിക്കും കാണാൻ .... നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം അത് കാണണം :..ഒത്തിരി കിന്നാരം പറയണം... കഥകൾ പറയണം :..റോസാപ്പൂവിനെ നോക്കി മൂളി പാട്ട് പാടണം ......

പിറ്റെ ദിവസം അതിരാവിലെ അവൾ ചാടിയെഴുന്നേറ്റ് വാതിൽ തുറന്ന് മുറ്റത്തേക്കോടി.....

"അയ്യോൻ്റെ റോസാപ്പൂ "
അർച്ചന അറിയാതെ ഉറക്കെ പറഞ്ഞു പോയി

"ഊം ന്താ ..." കുളി കഴിഞ്ഞ് തലയിൽ ഈറൻ തോർത്തും കെട്ടി വാതിൽക്കൽ ചാരി നിൽക്കുന്നു ഗോമതിയക്ക

" അക്കാ ഞാൻ ഇന്നലെ നോക്കി വെച്ചതാ... ഇന്ന് വിരിയും ന്ന് എനിക്ക് ഉറപ്പായിരിന്നു.... ദേ ആരോ പറിച്ചു കളഞ്ഞു "

അർച്ചനക്ക് വിഷമം സഹിക്കാനായില്ല

" ആരോ അല്ല ---- ഞാനാ പറിച്ചത്..." ഗോമതി തുടർന്നു
" ദേ ആ കൃഷ്ണ ബിംബത്തിൻ്റെ പാദങ്ങളിൽ "

അർച്ചന അകത്തേക്ക് ഓടി ചെന്ന് നോക്കി..... കഴുത്ത് മുറിഞ്ഞ് വേദനയോടെ നിർജ്ജീവമായി കിടക്കുന്നു നല്ല പോലെ വിരിഞ്ഞ തൻ്റെ പ്രിയപ്പെട്ട റോസാപ്പു ..... പുല്ലാങ്കുഴൽ ഊതി നിൽക്കുന്ന കൃഷ്ണ ബിംബത്തിൻ്റെ കാൽപാദങ്ങളിൽ

" വിരിഞ്ഞാൽ പിന്നെ ഏതെങ്കിലും കാൽക്കീഴിൽ സമർപ്പിക്കാനുള്ളതാണ് പൂവും പെണ്ണും "

ഗോമതിയക്ക അർച്ചനയുടെ വെളുത്തു തുടുത്ത കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു

"നീയൊന്ന് വേഗം വിരിഞ്ഞെ" കണ്ണിറുക്കി കാണിച്ചു കൊണ്ട് ഗോമതിയക്ക അകത്തേക്ക് നടന്നു

അർച്ചനക്ക് എന്തോ മനസ്സിലായി ....എന്നാൽ എന്തോ മനസ്സിലായില്ല

കാറിൻ്റെ ശബ്ദം കേട്ടപ്പോൾ അർച്ചന പുറത്തേക്ക് നോക്കി..... വില്ല്യം മുതലാളി..... ഇവിടുത്തെ നിത്യസന്ദർശകൻ....മുതലാളി അകത്തേക്ക് കയറി

" ങ്ങാ മുതലാളി'' ഗോമതിയക്ക നിറഞ്ഞ പുഞ്ചിരിയോടെ വില്യം മുതലാളിയോട് ചേർന്ന് നിന്നു

അർച്ചനയെ അടിമുടി വീക്ഷിച്ചു കൊണ്ട് മുതലാളി ഗോമതിയക്കയോടായി പതിയെ ചോദിച്ചു

" ഇവൾ ഇനിയും വിരിഞ്ഞില്ലെ ഗോമതി "
"അതെന്തൊരു ചോദ്യമാ മുതലാളി... വിരിഞ്ഞാൽ മുതലാളി അറിയാതിരിക്കുമൊ .... ഒന്നു വിരിഞ്ഞുകിട്ടാൻ ഞാൻ ദിനവും വെള്ളവും വളവും നൽകിക്കൊണ്ടിരിക്കയല്ലെ "

വില്ല്യം മുതലാളികുലുങ്ങി ചിരിച്ചു കൊണ്ട് ഗോമതിയക്കയെ ചേർത്തു പിടിച്ച് ഗോവണി കയറി മുകളിലേക്ക് പോയി

അർച്ചനക്ക് എന്തോ കുറച്ച് മനസ്സിലായി.... എന്നാൽ മുഴുവൻ മനസ്സിലായില്ല ....

ബാൽക്കണിയിൽ താൻ നട്ടുവളർത്തുന്ന മഞ്ഞ ജമന്തിയിൽ വിരിയാൻ പാകത്തിൽ ഒരു മൊട്ട്..... അവൾ അതിലേക്ക് സൂക്ഷിച്ച് നോക്കി...ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ നീ വിരിയും ----- നിന്നെയും ഏതെങ്കിലും കാൽക്കീഴിൽ സമർപ്പിക്കും ----- മണവും നിറവും സൗന്ദര്യവും നിന്നിൽ നിറഞ്ഞു നിൽക്കും വരെ .....

അർച്ചന ആ പൂമൊട്ട് മെല്ലെ കയ്യിലെടുത്തു..... ചെത്തിമിനുക്കി വൃത്തിയാക്കിയ തൻ്റെ നഖങ്ങളാൽ ആ പൂമൊട്ടിൻ്റെ കഴുത്തിലവൾ ആഞ്ഞമർത്തി :.

"നീ വിരിയണ്ട... നിനക്ക് ശാപമോക്ഷം ഞാൻ തരാം ''

... കഴുത്തൊടിഞ്ഞ ആ പൂമൊട്ട് അവളുടെ കയ്യിലേക്ക് പൊഴിഞ്ഞു വീണു - - - ഒരു ചെറുപുഞ്ചിരിയോടെ അവൾ അതിനെ നീട്ടി വലിച്ചെറിഞ്ഞു

തൊട്ടടുത്ത മുറിയിൽ നിന്ന് ഗോമതിക്കയുടെ അടക്കം പറച്ചിലുകളും കുലുങ്ങിച്ചിരികളും ചെവിയിൽ വന്നു പതിച്ചപ്പോൾ അർച്ചന ആരോടെന്നില്ലാതെ പറഞ്ഞു

"ഞാൻ... ഞാൻ .... ഒരിക്കലും ..... ഒരിക്കലും വിരിയില്ല ഗോമതിയക്കാ"

അവൾക്കപ്പോൾ ഏതാണ്ട് എല്ലാം മനസ്സിലായി വരികയായിരുന്നു

(അവസാനിച്ചു)

സുരേഷ് മേനോൻ
6/9/2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot