വീട്ടില്‍ ടിവി ഇല്ലാതിരുന്ന സമയത്ത് ഞായറാഴ്ച്ചയിലെ ദൂരദര്‍ശന്‍ പരിപാടികള്‍ തൊട്ടയല്‍പ്പക്കത്തെ വീട്ടില്‍ പോയാണ് കണ്ടിരുന്നത്. ആ ചുറ്റുവട്ടത്തുള്ള ഒരു മാതിരി പേരൊക്കെ അവിടെ സന്നിഹിതരായിരിയ്ക്കും, എല്ലാരും ചേര്‍ന്ന് ഒരാഘോഷമായിത്തന്നായിരുന്നു ആ ടിവി കാണല്‍. കാര്‍ട്ടൂണ്‍ ഷോ ഒക്കെ നിറഞ്ഞ സദസ്സില്‍ ഓടുമായിരുന്നു. ആവേശം മൂത്ത്, മൂകര്‍ക്കും ബധിരര്‍ക്കും ഉള്ള വാര്‍ത്ത വരെ വിടാതെ കാണുമായിരുന്ന ആ സുന്ദരദിനങ്ങള്‍. രാമായണം/ മഹാഭാരതം, ചന്ത്രകാന്ത, ഹീമാന്‍, മന്ത്രവാദക്കഥകള്‍, ഉച്ചക്കലത്തെ അവാര്‍ഡ് സിനിമ, വിക്രമാദിത്യന്‍, വൈകീട്ടത്തെ മലയാളം സിനിമ അങ്ങനങ്ങനെ ഒരു നീണ്ട നിര. ഏതാണ്ട് ഞായറാഴ്ച്ച ദിവസം ആ വീട്ടുകാര്‍ക്ക് ഞങ്ങളെയൊക്കെ ദത്ത് കൊടുത്ത മാതിരി.
ആ വീട്ടില്‍ ഒരു അമ്മൂമ്മയുണ്ടായിരുന്നു, അവര്‍ക്കാകട്ടെ തീരെ ചെവിയും കേള്‍ക്കുമായിരുന്നില്ല. അതിനാല്‍ത്തന്നെ വളരെ ഉച്ചത്തിലാണവരുടെ സംസാരവും മറ്റും. കൂട്ടത്തില്‍, വെറുതെ ഇങ്ങനെ ചവച്ചുകൊണ്ടിരിയ്ക്കുന്ന ഒരു പ്രകൃതവും ഉണ്ടാര്‍ന്നതായാണ് ഓര്‍മ്മ. അവരുടെ തുമ്മലാവട്ടെ അനന്യസാധാരണമായ ഒരു ഉച്ചസ്ഥായിയിലും. വാക്കുകളിലൂടെ ആ ശബ്ദത്തെ അവതരിപ്പിക്കുക പ്രയാസം, കര്‍ണ്ണകഠോരം എന്നൊക്കെ പറഞ്ഞാല്‍ അത് കുറഞ്ഞുപോകും..... അവരുടെ വീട്ടില്‍നിന്നും ആ ശബ്ദമിറങ്ങി, ഞങ്ങള്‍ടെ പറമ്പും കടന്നിങ്ങ് വീട്ടിലെത്തി ഞങ്ങളെ ഇടയ്ക്ക് ഞെട്ടിയ്ക്കാറുണ്ട് എന്ന് പറഞ്ഞാല്‍ ഊഹിക്കാമല്ലോ.
അങ്ങനെ ഒരു ഞായറാഴ്ചയില്‍, അന്ന് പദ്മരാജന്‍ ചിത്രമായിരുന്നു, "മൂന്നാം പക്കം". നല്ല സിനിമയായതിനാല്‍ തന്നെ പതിവില്‍ക്കവിഞ്ഞ കാണികളുമുണ്ടായിരുന്നു. തുടക്കത്തിലെ സന്തോഷവും തമാശകളും നിറഞ്ഞ സീനുകള്‍ക്കൊടുവില്‍, ജയറാമിനെ തിരകള്‍ കവര്‍ന്നതിനു ശേഷമുള്ള കരളുലയ്ക്കുന്ന രംഗങ്ങളാണിപ്പോള്‍ സ്ക്രീനില്‍. കടലെടുത്ത ആളുടെ ശവം മൂന്നാം പക്കം തിരികെ തരുമെന്ന കടലിന്‍റെ സമ്പ്രദായം, പ്രമേയമായെടുത്ത ചിത്രം. പോരാഞ്ഞിട്ട് സംവിധായകരുടെ തന്നെ കുലപതിയായ പദ്മരാജന്റെ ചിത്രം. ഇക്കാരണങ്ങളെക്കൊണ്ട് തന്നെ എല്ലാരും വളരേ നിശ്ശബ്ദമായി, സശ്രദ്ധം ഉറ്റുനോക്കുകയാണ്. ഇപ്പോള്‍ രംഗത്ത് ജഗതി ശ്രീകുമാര്‍ വളരെ ദുഃഖാര്‍ത്തനായി ഓടിവന്ന് തിലകനെ, "കടപ്പുറത്ത് ഒരു ശവമടിഞ്ഞിരിയ്ക്കുന്നു"വെന്ന വിവരം ധരിപ്പിക്കുന്നതാണ്. മൂകത തളംകെട്ടി നിന്നിരുന്ന ആ വീടിന്റെ, അകത്തളം പൊട്ടുമാറുച്ചത്തില്‍ അവിടെ ഒരു ഭീകരദ്ധ്വനി മുഴങ്ങി. എല്ലാരും അക്ഷരാര്‍ത്ഥത്തിലും അല്ലാതെയും നടുങ്ങിത്തെറിച്ചു. ഭയത്തില്‍ ചില കുട്ടികള്‍ പുറത്തേയ്ക്കോടുവാനാഞ്ഞു, പക്ഷെ അടഞ്ഞ വാതിലില്‍ ഇടിച്ചു വീണു. പുറകിലായിരുന്നവര്‍ രക്ഷപ്പെടാനെന്നോണം ജന്നല്‍ക്കമ്പിയിലും മറ്റും പിടുത്തമിട്ടു. പിന്നെയാണ് മനസ്സിലായത്, ആ അമ്മൂമ്മ തുമ്മിയതാണെന്ന്.
എല്ലാരും പരസ്പരം അടക്കം പറഞ്ഞു, "ഈ തള്ള ഇപ്പൊ മനുഷ്യനെ പേടിപ്പിച്ചു കൊന്നേനെ ല്ലോ !!". അവരാകട്ടെ അതൊന്നും അറിഞ്ഞതേയില്ല. തുമ്മലും കഴിഞ്ഞ് സ്വതസിദ്ധമായ ആ ചവയ്ക്കലിലേക്കും അവരപ്പോള്‍ കടന്നിരുന്നു.
(കൃഷ്ണകുമാര്‍ ചെറാട്ട്)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക