അയല്പക്കത്തും ബന്ധുവീടുകളിലും അമ്മായിയമ്മ മരുമകൾ പോര് കൊടുമ്പിരി കൊള്ളുമ്പോൾ ലീലാമ്മ പറയുമായിരുന്നു.
"എന്റെ മോൻ പെണ്ണ് കെട്ടിയാൽ ഞാൻ അവളെ പൊന്നു പോലെ നോക്കും, ഒരു പോരുമെടുക്കാതെ സ്നേഹിക്കുകയും പരിപാലിക്കുകയും, വിട്ടു വീഴ്ച്ച ചെയ്യുകയും , പ്രശ്ങ്ങൾ ഉണ്ടായാൽ ക്ഷമിച്ചു മുന്നോട്ടു പോകുമെന്നും എന്തൊക്കെയോ കുറേ പറഞ്ഞിരുന്നു"
ലീലാമ്മയുടെ ഭാവി മരുമകളോടുള്ള സ്നേഹ പ്രസ്താവന കേട്ടപ്പോൾ കെട്ട് പ്രായമെത്തിയ മകൻ മോനായി ആനന്ദനൃത്തമാടി മനസ്സിൽ പറഞ്ഞു.
"ഹോ രക്ഷപെട്ടു വരാൻ പോകുന്ന പെണ്ണിന്റെ ഭാഗ്യം"
അങ്ങനെ മോനായിയുടെ കല്യാണമുറപ്പിച്ചു. സുന്ദരിയായ മരുമകൾ, പേര് ലാലി. കല്ല്യാണത്തിന് നാല് മാസം കാത്തിരിക്കണം. നാല് മാസത്തെ മോനായിയുടെയും ലാലിയുടെയും പ്രണയകാലം തുടങ്ങി.
അവരുടെ പ്രണയത്തെക്കാളും മരുമകളെ സ്നേഹിക്കാൻ ലീലാമ്മയും കെട്ട്യോനും മത്സരമായിരുന്നു. നമ്മുടെ ലാലി കൊച്ചിനെ അവർ വിളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ മോനായി അന്തം വിട്ട് നിന്നിട്ടുണ്ട്.
തന്നേക്കാൾ കൂടുതൽ അവർ ലാലിയെ സ്നേഹിക്കുന്നോ ..തന്നെക്കാൾ കൂടുതൽ ലാലി അമ്മയെയും അപ്പനെയും സ്നേഹിക്കുന്നോ എന്ന് പോലും മോനായിക്ക് തോന്നിപോയി.
കാരണം അമ്മ ലീലാമ്മ രാവിലെ വിളിക്കുന്നു, വൈകീട്ട് വിളിക്കുന്നു. മോള് കഴിച്ചോ, മോള് കുളിച്ചോ, മോള് കിടന്നോ, മോള് പെടുത്തോ എന്നൊക്കെ ദിവസവും വിളിച്ച് ചോദിക്കും. ലീലാമ്മാമയുടെ സ്നേഹവും പരിലാളനയും കണ്ടപ്പോൾ ലാലി പേടമാനിനെപ്പോലെ തുള്ളിച്ചാടി.
അത് കണ്ടു മോനായിയും സന്തോഷിച്ചു. എന്തൊരു നല്ല അമ്മായിയമ്മ എന്തൊരു നല്ല അമ്മായിയപ്പൻ, ലാലിയുടെ പുത്രി മനസ്സ് പീലി വിടർത്തിയാടി.
അമ്മായിയമ്മയുടെ സ്നേഹം അനുഭവിക്കാൻ, എത്രയും പെട്ടെന്ന് കല്യാണം കഴിഞ്ഞിരുന്നെങ്കിലോയെന്ന് ലാലി ശരിക്കും വിചാരിച്ചു പോയി.
അങ്ങനെ കാത്തിരുന്ന ദിവസമെത്തി. സുന്ദരിയായ ലാലിയും മോനായിയും ഈശോമിശിഹായുടെ നാമത്തിൽ വിവാഹിതരായി. ഭർതൃവീട്ടിൽ വന്ന അന്ന് തന്നെ ലീലാമ്മ മരുമകൾക്ക് വെള്ളമൊഴിക്കാത്ത നല്ല പശുവിൻ പാല് കൊണ്ടൊരു ചായയും, അത് പോരാഞ്ഞിട്ട് അതിൽ ഹോർലിക്‌സും കലക്കിക്കൊടുത്തു.
ആദ്യരാത്രിയുടെ കിനാവിനേക്കാൾ മധുരം അമ്മായിയമ്മയുടെ ചായക്കുണ്ടോ എന്നൊരു ശങ്കയിൽ ലാലി കുറച്ച് നേരം ഒന്നും മിണ്ടാനാവാതെ നിന്നു.
അങ്ങനെ, ലീലാമ്മ ഇനി മരുമോളെ പിരിയാൻ വയ്യാതെ മോനായിയുടെയും ലാലിയുടെയും നടുക്ക് കിടക്കുമോ എന്ന പേടിയിൽ മോനായി ശ്രദ്ധ തിരിക്കാൻ വേണ്ടി തമാശകളൊക്കെ പറയാൻ തുടങ്ങി.
മോനായി പറയുന്ന തമാശയിൽ കൂടെയുള്ളവരൊക്കെ ചിരിക്കുന്നുണ്ടെങ്കിലും ലീലാമ്മയുടെ ശ്രദ്ധമുഴുവൻ ലാലിയിലായിരുന്നു. ഏറ്റവും നല്ല അമ്മായിയമ്മ എന്ന പുരസ്കാരം നേടിയെടുക്കാൻ ലീലാമ്മ ചെയ്യുന്ന ഓരോരോ കാര്യങ്ങളേ.
അങ്ങനെ ദിവസങ്ങൾ കുറച്ച് മുന്നോട്ട് പോയി. മോനായി ജോലിക്കു വേണ്ടി വിദേശത്ത് പോയി. അവൻ പോയെങ്കിലും അവളെ ശ്രദ്ധിക്കാനും അവളുടെ കാര്യം നോക്കാനും തങ്കപ്പെട്ട അമ്മയും അപ്പനുമുണ്ടല്ലോ എന്ന ആശ്വാസത്തിൽ മോനായിക്ക് അവളെക്കുറിച്ച് ഭാരമൊന്നും തോന്നിയില്ല.
കുറച്ച് മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം മോനായി അമ്മയെ വിളിച്ചപ്പോൾ അമ്മയുടെ സംസാരത്തിലെന്തോ ഒരു പന്തികേട് പോലെ. അവളെ വിളിച്ചപ്പോഴും അവളൊന്നും പറഞ്ഞില്ല.
അതവന്റെ തോന്നലാവുമെന്നു കരുതി അവൻ കൂടുതലൊന്നും ചിന്തിച്ചില്ല.
പിന്നെ കുറച്ച് കഴിഞ്ഞപ്പോഴല്ലേ മോനായിക്ക് മനസ്സിലായത് , അടുക്കളയിൽ ചില മാലപ്പടക്കങ്ങൾ പൊട്ടിത്തുടങ്ങിയെന്ന്.
ലീലാമ്മയുടെ ഭാവവും വിധവും മാറിയെന്നോ ലീലാമ്മയോട് പറയാതെ ഒരു ദിവസം ലാലി എന്തോ കറി വെച്ചെന്നോ. ലീലാമ്മ വെക്കുന്ന രീതിയിലായില്ലെന്നോ അങ്ങനെന്തോ പറയുന്നത് കേട്ടു.
അടുക്കള ആണേൽ ചട്ടിയുണ്ടാവും, ചട്ടി ഉണ്ടേൽ തട്ടിയെന്നോ മുട്ടിയെന്നോ ഇരിക്കും എന്ന് വിചാരിച്ച് അതൊരു പ്രശ്‌നമായി ചോദിക്കാനോ പറയാനോ മോനായി നിന്നില്ല. അതൊക്കെ നിസ്സാര കാര്യമാണല്ലോയെന്നു കരുതി മോനായി ഗൗനിച്ചില്ല.
എന്നാൽ ആ ചെറിയ തട്ടലും മുട്ടലും വലിയൊരു അന്താരാഷ്ട്ര പ്രശ്നമാവുമെന്നു മോനായി ഒരിക്കലും വിചാരിച്ചില്ല.
പിന്നെ മാലപ്പടക്കം മാറി ഗുണ്ടും കദന വെടിയുമൊക്കെ പൊട്ടിയെന്ന് മോനായി മനസ്സിലാക്കിയപ്പോഴേക്കും സമയമൊരുപാട് അതിക്രമിച്ചിരുന്നു.
എന്താ ഉണ്ടായെന്ന് ചുരുക്കി പറയാം.
ലാലിയുടെ രീതി അവൾ ഒരു ജോലി ചെയ്യുമ്പോൾ പിന്നാലെ ചെന്ന് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്നൊന്നും പറയുന്നത് ഇഷ്ടമല്ല. അവൾക്കറിയാത്തത് അവൾ ചോദിക്കും.
എന്നാൽ ലീലാമ്മയുടെ സ്വഭാവം നേരെ തിരിച്ചായിരുന്നു. ലീലാമ്മയുടെ കൈ തൊട്ടാലേ എല്ലാത്തിനും പൂർണ്ണതയുണ്ടാവുകയുള്ളു എന്നും , ലീലാമ്മയുടെ മനസ്സിലുള്ളത് പോലെ മറ്റുള്ളവർ പെരുമാറണമെന്നുമുള്ള ഒരു പഴയ ചിറ്റമ്മ നയം ലീലാമ്മക്കുണ്ടായിരുന്നെന് അപ്പോഴാ മനസ്സിലായത്.
കുറേയൊക്കെ കണ്ടില്ല കെട്ടില്ലായെന്നു നടിച്ചെങ്കിലും , ലാലി ജോലി ചെയ്യുയുമ്പോൾ, തുണിയലക്കുമ്പോൾ, മുറ്റമടിക്കുമ്പോൾ, പുര തുടയ്ക്കുമ്പോൾ ഒന്നും പൂർണ്ണതയായില്ല, ശരിയായില്ല എന്നൊക്കെ പറഞ്ഞ് പിന്നാലെ ചെന്നു ശല്യപ്പെടുത്തരുതെന്നു ഒരു ദിവസം സഹികെട്ട് തിരിച്ച് പറഞ്ഞതാണ് പ്രശ്‍നങ്ങളുടെ തുടക്കം.
ഒരു പ്രാവശ്യം പറയുന്നത് നൂറു വട്ടം പറയുന്ന ശീലം ലീലാമ്മക്കുള്ളത് കൊണ്ട്, പറഞത് തന്നെയും പിന്നെയും പറഞ്ഞ് ലാലിയെ വേട്ടയാടാൻ തുടങ്ങി.
അപ്പോൾ ലാലി തിരിച്ചു പറയും. പിന്നെ ഒന്നും പറയണ്ട ... ലാലിക്ക് ലാലിയുടെ ഭാഗവും ലീലാമ്മക്ക് ലീലാമ്മയുടെ ഭാഗവും ന്യായികരിക്കാൻ ഇഷ്ടം പോലെ കാരണങ്ങളും.
അവിടെ തുടങ്ങിയ ആ ചെറിയ ചട്ടി പ്രശ്‌നം ഇന്ന് പരസ്പരം കാണാനിഷ്ടമില്ലാത്ത അവസ്ഥയിലെത്തി നില്കുന്നു.
അമ്മായിയമ്മ മരുമകൾ പ്രശ്‌നം കണ്ടു ഒരിക്കൽ വിലപിച്ചിരുന്ന ലീലാമ്മ പറയുന്നത് ഇത് പോലത്തെ നശിച്ച മരുമോൾ ആ പരിസരത്തില്ലെന്നാ. അത് പോലെ ലാലി പറയുന്നത് ലീലാമ്മക്ക് വട്ടാണെന്നും ചികിത്സ ആവശ്യമാണെന്നും.
എന്തോരോ ആവൊ...ഇപ്പൊ ഇന്ത്യക്കും പാകിസ്താനും പോലും ഇത്രയും വൈരാഗ്യം കാണില്ലെന്ന് തോന്നുന്നു.
ഈ സ്നേഹത്തെക്കുറിച്ചൊക്കെ വാ തോരാതെ സംസാരിക്കുന്നവരുടെ പിന്നാമ്പുറങ്ങളിൽ സത്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു.
വേറൊരാൾ അടുക്കളയിൽ വന്നു കയറുമ്പോഴാ , വർഷങ്ങൾ ഒറ്റയാൾ ഭരണം നടത്തിയ അമ്മമാരുടെ ഈഗോ പുറത്തിറങ്ങുന്നത്. അതൊരു സത്യമാണ്.
അതുകൊണ്ടാണ് മരുമകൾ വന്നു കയറിയതിൽ പിന്നെ കുടുംബത്തിന്റെ സമാധാനം പോയെന്ന് പലരും പറയുന്നത് ( മരുമകൾ വരുമ്പോഴാണല്ലോ അടുക്കളയിൽ മറ്റൊരു രൂപവും പ്രത്യക്ഷപ്പെടുന്നത്. അത് വരെ സമാധാനമുണ്ടായിരുന്ന വീട്ടിലെ അമ്മയുടെ വാക്കുകൾ പൂർണ്ണമായി ശരിയാണെന്നു വീട്ടിലെ എല്ലാവർക്കും തോന്നുകയും ചെയ്യും. ആ തോന്നിപ്പിക്കലാണ് ചില അമ്മായിയമ്മമാരുടെ വിജയവും)
എന്നാൽ ചില മരുമക്കളുടെ വായിലെ നാവിനു 10 മീറ്റർ നീളമാണെന്നുള്ള സത്യവും സ്മരിക്കേണ്ടതാണ്.
എന്തൊക്കെയായിരുന്നു സ്നേഹം, ശാന്തി സ്വസ്ഥത , സമാധാനം ..
മാങ്ങാത്തൊലി ..
ഈഗോ ..ഈഗോ ഈഗോ ഈഗോ . അല്ലാതെന്തു പറയാനാ.
.....................
ജിജോ പുത്തൻപുരയിൽ
ഈഗോ ..ഈഗോ ഈഗോ ഈഗോ . അല്ലാതെന്തു പറയാനാ.
.....................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക