മനുഷ്യൻ ദുർബലമനസ്കൻ.ചെറിയ ചെറിയ നിരാശകൾക്ക് മേൽ വലിയ വലിയ പ്രതികരണങ്ങൾ നടത്തുന്നവർ. ചിലർ സ്വയം ഹത്യയെ തിരഞ്ഞെടുക്കുന്നു. ചിലർ മനസ്സും ശരീരവും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുത്തി സ്വയം നശിക്കുന്നു.
ദുർബ്ബലമനസ്കൻ അവന്റെ മനസിന് ഏൽക്കുന്ന ആഘാതങ്ങളെ തരണം ചെയ്യാൻ കഴിയാത്ത നിസ്സഹായതയിൽ വെന്തുരുകുമ്പോൾ ശരീരത്തിന് ആ ദു:ഖത്തിൽ പങ്കു ചേരാതിരിക്കാൻ കഴിയാതെ വരുന്നു.
ശരീരം ആശകളാൽ ബന്ധിതമാണ്. ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും പറുദീസയാണ് ശരീരം. ഭക്ഷണത്തോടുള്ള താൽപര്യം, ലൈംഗികതയോടുള്ള താൽപര്യം, കണ്ണ് കൊണ്ടും കാത് കൊണ്ടും മൂക്ക് കൊണ്ടു മുള്ള ആസ്വാദനങ്ങൾ, ഉറക്കം പോലെയുള്ള ശരീരത്തിന്റെ മറ്റു ആസ്വാദനങ്ങളും ശരീരത്തിന്റെ ആശയുടെ ഉദാഹരണങ്ങളാണ്.
ശരീരത്തിന്റെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി മനസ്സ് നടത്തുന്ന പ്രയാണമാണ് പ്രണയം.ഒരു മഹാപ്രയാണം. ശരീരത്തിന് ഒരു വസ്തുവിന്റെ മേൽ ആശജനിക്കുകയും മനസിനെ ആ വസ്തുവിന്റെ പിന്നാലെ തന്നെയാക്കുകയും കാലങ്ങൾക്ക് ശേഷം ആ വസ്തു ശരീരത്തിന് ലഭിച്ചു എന്നിരിക്കുകയും ചെയ്യട്ടെ എന്നാലും അടങ്ങുകയില്ല ശരീരം. വീണ്ടും പുതിയതിന് വേണ്ടി ആഗ്രഹിച്ചു കൊണ്ടിരിക്കും.
കപ്പയും കഞ്ഞിയും ചമ്മന്തിയും മാത്രം കഴിച്ചിരുന്ന ശരീരത്തിന്റെ മാറ്റം നമ്മൾ ഒന്ന് ചിന്തിച്ചു നോക്കുക. വയറ് നിറയെ രുചികരമായ ഭക്ഷണം കഴിച്ചാലും അതിനേക്കാൾ രുചിയുള്ള ഭക്ഷണത്തിന് വേണ്ടി മനസ് തുടിക്കുന്നു. ആ ആഗ്രഹ സഫലീകരണത്തിനായി നമ്മൾ കട്ടൻ ചായ കുടിക്കുന്നു. അല്ലെങ്കിൽ പഴങ്ങൾ കഴിക്കുന്നു. ഐസ്ക്രീം കഴിക്കുന്നു. ചിലർ പുകവലിക്കുന്നു. ഇതൊക്കെ ശരീരത്തിന്റെ ആശയുടെ ഉദാഹരണമാണ്.
ശരീരത്തിന്റെആശകളുടെ മേൽ മനസ് നടത്തുന്ന യാത്രയിൽ ലക്ഷ്യം കാണാതെ മടങ്ങുന്ന അവസ്ഥയ്ക്കാണ് നിരാശ എന്ന് പറയുന്നത്. നിരാശ ശരീരത്തിന്റെ സ്വഭാവമല്ലാത്തതിനാൽ അത് മനസ്സിന്റെ ഒരു അവസ്ഥയായി നാം മനസിലാക്കണം. നിരാശയിൽ നിന്ന് രക്ഷപ്പെടാൻ മനസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിന് മനസിനെ പറ്റി ആദ്യം പഠിക്കണം.. മനസ്, ആത്മാവ്,സ്നേഹം ഈ വിഷയങ്ങളെ കുറിച്ചൊക്കെ അടുത്ത ഭാഗങ്ങളിൽ ചർച്ച ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക