നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പ്രേതകഥ..


അന്നൊരു ക്രിസ്മസ് രാവായിരുന്നു. രാജാധിരാജന്റെ പിറവിയെ അനുസ്മരിക്കാനായ് എല്ലാ വീടുകളിലെയുംനക്ഷത്രങ്ങൾ പ്രകാശം പരത്തി നിൽക്കുന്നു. പതിവിലേറെ അന്ന് മദ്യപിച്ചിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്നും ക്രിസ്മസ് വിരുന്ന് കഴിഞ്ഞുള്ളവരവാ.
ബ്രാണ്ടി ,റം ,ഓഡ്ക്കാ അങ്ങനെ എല്ലാം കൂടി വലിച്ച് കേറ്റി.കൂടാതെ സിജുവിന്റെ അമ്മയുടെ വൈനും.. അതും കൂടീ അങ്ങ് ചെന്ന് കഴിഞ്ഞപ്പോൾ .. ഭൂമി മുഴുവൻ കറങ്ങുന്നത് പോലെ തോന്നി..
വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴെ അമ്മ പറഞ്ഞതാ ..
" പാതിര കുർബാന ഉണ്ട് .നീഷേർളിയെയും കൂട്ടി അങ്ങ് വന്നെര് "
പാവം ഷേർലി എന്നെ കാത്തിരിക്കുവായിരിക്കും.
വിവാഹം കഴിഞ്ഞ അന്നു മുതൽ പറയുന്നതാ
"ഇച്ചായാ ഈ നശിച്ച കുടി ഒന്ന് നിർത്തു ... "
"പിന്നെ ... എന്റെ ചാച്ചനും ,അമ്മച്ചിയും പറഞ്ഞിട്ട് നിർത്തിയില്ല .പിന്നെയല്ലെ നീ ? ഒന്ന് പോടീ "
സിജുവിന്റെ വീട്ടിൽ നിന്നും ഒരു വിധം പുറത്ത്ഇറങ്ങി. കാലുകൾ നിലത്തുറയ്ക്കുന്നില്ല.
" നീ ഫിറ്റായോടാ .വീട്ടിൽ കൊണ്ട് വിടണോ ?"
എന്റെ അവസ്ഥ കണ്ട് സിജുവിന്റെ ചാച്ചൻ ചോദിച്ചു. അയാൾ കളിയാക്കിയതാണോ ? ഒരു സംശയം.
അഭിമാനം സമ്മതിച്ചില്ല.
"വേണ്ടാ.. ഞാൻ പൊയ്ക്കൊള്ളാം ... "
"വണ്ടി കൊണ്ട് പോകണ്ട. ജംഗ്ഷനിൽ പോലീസ് കിടപ്പുണ്ട് "
മനുവിന്റെ ഉപദേശം .
നടക്കാവുന്ന ദൂരമെ ഉള്ളു. പതിയെ നടന്നു. നക്ഷത്രങ്ങൾ മിന്നി മിന്നി നിൽക്കുന്നു..
ശാന്തരാത്രി...
ശുഭരാത്രി..
ഇടറോഡിന്റെ അളവ് എടുക്കുന്ന പോലെ നടന്നു. വീതി പോരാ എന്ന് തോന്നി. കാണുന്നതെല്ലാം അഞ്ചോ ആറോ ഉള്ളത് പോലെ. പെട്ടെന്ന് മുൻപിലേയ്ക്ക് എന്തോ വന്ന് വീണു.. ഒന്നെ നോക്കിയുള്ള ഭായനകമായ ഒരു ഭീകരജീവി.
ഒരു അലർച്ചയോടെ ബോധംകെട്ട് വീണുപോയ്..
ആരോ കുലുക്കി വിളിക്കുന്നു. കണ്ണ് തുറക്കാൻ പറ്റുന്നില്ല. ദേഹംബന്ധിച്ചിരിക്കുന്നത് പോലെ.
ചുറ്റിനും ആള് കൂടുന്നത് അറിയുന്നു.പക്ഷെ നാവ് അനങ്ങുന്നില്ല.
ആരോ പറയുന്നത് കേട്ടു.. "കാറ്റ്പോയെന്നാ തോന്നുന്നത് "
ഷക്കീറാണ്. തെണ്ടി അവന് പണ്ടെ എന്നെ ഇഷ്ട്ടല്ല. പണ്ട് ജാനു ചേച്ചി കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയതിന് ഷക്കീറിന്റെ പിടലിക്ക് ആദ്യം വീണ കൈ എന്റെതായിരുന്നു.
ആരോ വന്ന് ശ്വാസം ഉണ്ടോ പരിശോദിക്കുന്നു. തമ്പിച്ചായൻ ആണ് .പാൻപരാഗിന്റെമണം ആ വിരലുകളിൽ. കരിങ്കൽ പണിക്ക് പോയ് തഴമ്പ് പിടിച്ച് മരം പോലെ ഇരിക്കുന്ന വിരലുകൊണ്ടാ ശ്വാസം ഉണ്ടോ എന്ന് നോക്കുന്നത്. മണ്ടൻ
" സത്യാ ഇത് തീർന്നു.. "തമ്പിച്ചായനും എന്റെ മരണംശരിവച്ചു.
അടക്കിപിടിച്ച സംസാരങ്ങൾ.
എല്ലാവരും ചേർന്ന് എടുത്ത് ഉയർത്തുന്നത് ഞാൻ അറിയുന്നു. വീട്ടിലേയ്ക്ക് ശവം കൊണ്ട് പോകുകയാണ്..
സത്യത്തിൽ ഞാൻ മരിച്ചോ ?ഇല്ല.. എല്ലാം അറിയുന്നുണ്ട്.. ശബ്ദങ്ങൾ ,മണം പക്ഷെ എല്ലാം നിശ്ചലമായിരിക്കുന്നു. കണ്ണ് പോലും തുറക്കാൻ കഴിയുന്നില്ല..
വീട്ടിലെത്തി എന്ന് തോന്നുന്നു.
നിലവിളികൾ ... അലർച്ചകൾ
ഷേർലിയുടെ ബോധം പോയെന്ന് തോന്നുന്നു.
അവളുടെ ശബ്ദം മാത്രം കേൾക്കുന്നില്ല.
ആരോ പറയുന്നത് കേട്ടു " ഡോക്ടർ വന്നു "
എന്റെ ദൈവമെ സുശീലൻ ഡോക്ടർ. 85 വയസ്സുള്ളകിളവനാണ്. ഡോക്ടർ നാഡിഇടിപ്പ് പരിശോധിക്കുന്നു.രണ്ട് വർഷം മുൻപ് ബൈക്കിൽ നിന്നും വീണു ഇടത് കൈയുടെഅസ്ഥിഒടിഞ്ഞിരുന്നു.അന്ന് സ്റ്റീൽ ഇട്ടാണ് ശരിപ്പെടുത്തിയത്.കൃത്യം സ്റ്റീലിട്ട ആ ഭാഗത്ത് തന്നെ സുശീലൻ ഡോക്ടർ പിടിച്ചു നാഡി ഇടുപ്പ് നോക്കുന്നു..
സ്റ്റെതസ്ക്കോപ്പ് എന്റെ നെഞ്ചിൽ പലവുര അമരുന്നുണ്ട്.. ചെവി കേൾക്കാൻ പറ്റാത്ത ഇയാളെ ആരാണോ വിളിച്ചത്..അവനെ ഒന്ന് കാണണം .
" സോറി ഇയാൾ മരിച്ചിട്ട് രണ്ട് മണിക്കൂർ ആയിരിക്കുന്നു. അറ്റാക്ക് ആണ് "
ഭയങ്കരമായ കാര്യം പറയുന്നത് പോലെ പറഞ്ഞു..
നിലവിളികൾക്ക് ശബ്ദം കൂടുന്നു.
"എന്റെ അച്ചായനെ എന്തിനാണ് ദൈവമെ വിളിച്ചത്.. എന്നെ വിളിച്ചാൽ പോരായിരുന്നോ ??"
വലിയ വായിൽ നിലവിളിക്കുന്നുആലീസ്..
പിന്നെ കോപ്പാണ് .. കഴിഞ്ഞ ആഴ്ച കുറച്ച് പൈസാ കടം ചോദിച്ചപ്പോൾ കണ്ടതാ സഹോദരിയുടെ സ്നേഹം.
പോസ്റ്റുമാർട്ടം ചെയ്യുമോ ??? അതെ പറ്റി ഓർത്തപ്പോൾശരിക്കും അറ്റാക്ക് ഉണ്ടാകും എന്ന് തോന്നി..
"അതൊന്നും വേണ്ടാ ഞാൻ സ്റ്റേഷനിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് "
പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് സാർ വെറെ ആരോടോ പറയുകയുന്നത് കേട്ടു.
ആരക്കെയോ ചേർന്ന് കുളിപ്പിച്ചു.തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ഒരു സുഖം. പിറന്നപടി ഇവരുടെ മുന്നിൽ ശ്ശോ.നാണമാകുന്നു.
കുളിപ്പിച്ച് കഴിഞ്ഞപ്പോൾ ക്ഷീണം. സുഖമായ്ഒന്നുറങ്ങാൻ തോന്നുന്നു. ദാഹം കൊണ്ട് തൊണ്ട വരളുന്നു. കുറച്ച് മോരുംവെള്ളം കിട്ടിയാൽ കൊള്ളാമെന്ന് തോന്നി. എങ്ങനെ ചോദിക്കും.?
ഷേർളിയുടെ നിലവിളി കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. എഴുന്നേറ്റ് ചെന്ന് അവളെ ആശ്വസിപ്പിക്കാൻ തോന്നി .. പക്ഷെ പറ്റുന്നില്ല.
കൈകൾ ചലിപ്പിക്കാൻ ഒരു ശ്രമം നടത്തി. ഇല്ല സാധിക്കുന്നില്ല..
പുതിയ ഡ്രസ്സുകൾ അണിയിച്ചു. കോട്ടും ,സൂട്ടും..
കൊള്ളാല്ലോ ഇത്.. ശ്ശെ...കൂളിംഗ് ഗ്ലാസ് കൂടിവയ്ക്കെണ്ടതായിരുന്നു..
" മങ്ങിയൊരന്തിവെളിച്ചത്തിൽ.."
തെങ്ങിൽ വച്ച് കെട്ടിയ കോളാമ്പിയിലൂടെ ദുഃഖം കലർന്ന പാട്ട് ഒഴുകി വരുന്നു.
ശവപെട്ടിയിലേയ്ക്ക് കിടത്തുമ്പോൾ മുതുക് ഭാഗത്തായ് ഒരു വേദന .മുള്ളാണി കൊണ്ടതാ..
ശവപ്പെട്ടി ഉണ്ടാക്കാൻ സമർത്ഥനായ കോരം പള്ളി തൊമ്മിച്ചനെ മനസ്സിൽ തെറി പറഞ്ഞു..
അന്ത്യയാത്ര തുടങ്ങി.. പെട്ടി എടുക്കും മുൻപ് ഒരു കരച്ചിൽ.. കോറസ്സായ് അതും നല്ല ശബ്ദത്തിൽ..
നാട്ടിൽ അറിയപ്പെടുന്ന കുടുംബക്കാരായതിനാൽ കല്ലറയിൽ ആണ് അടക്കുക.
അവസാനമായ് ഒരു നോക്ക് കാണുവാൻ എല്ലാവരും വന്നു..ഷേർളി ദേഹത്തേയ്ക്ക് വീണ് കരഞ്ഞുകൊണ്ട് രണ്ട് ഇടി നെഞ്ചത്ത്...
"എന്റിച്ചായോ ഞങ്ങൾക്കിനി ആരുണ്ട് ??????"
ആ ഇടിയിൽ ഒരു കാര്യം മനസ്സിലായ്.ഇവൾക്ക് നല്ല ആരോഗ്യമുണ്ട്.
പെട്ടി മൂടി... ഇരുട്ട് ... പതിയെ താഴെയ്ക്ക് ഇറക്കുന്നത് അറിഞ്ഞു.
മരണം ... എന്റെ മരണം ... പതിയെ
നിദ്രയിലേയ്ക്ക് ...
ഉറക്കം വിട്ട് കണ്ണ് തുറന്നു. ദൈവമെ നന്ദി.. തുറക്കാൻ കഴിയുന്നുണ്ട്.
കൈകൾ ചലിപ്പിക്കാൻ കഴിയുന്നുണ്ട്..
ഇരുട്ട്.. എത്ര ശ്രമിച്ചിട്ടും പെട്ടിയുടെ മൂടീ മാറ്റാൻ പറ്റുന്നില്ല.. ഒരു വിധം അത് തള്ളി നീക്കി.. പുറത്ത് വന്നു. ഇനി സിമന്റ് കൊണ്ടുണ്ടാക്കിയ സ്ലാബ് നീക്കണം.
ഒരു ഹിന്ദുവായ് ജനിക്കാതിരുന്നത് മഹാഭാഗ്യം. അങ്ങിനെ ആയിരുന്നെൽ ഇപ്പോൾ ഒരു പിടി ചാരമായാനെ..
ദൈവത്തിന് സ്തുതി..
നീണ്ട പരിശ്രമത്തിനൊടുവിൽ സ്ലാബ് നീക്കി പുറത്ത് കടന്നു.
ശുദ്ധവായു..
ആസ്വദിച്ചു.
സെമിത്തേരിയുടെ അരികിലെപൈപ്പിൽ നിന്നും. വെള്ളം.വലിച്ച് കുടിച്ചു..
പതിയെ വീട് ലക്ഷ്യമാക്കി നടന്നു. അമാവാസി ആണെന്ന് തോന്നുന്നു. നല്ല ഇരുട്ട്.ഏകദേശം പന്ത്രണ്ട് മണി ആയിക്കാണും.
നന്നായ് വിശക്കുന്നു. ഒരു ദിവസം കഴിഞ്ഞിരിക്കുന്നു ഭക്ഷണം കഴിച്ചിട്ട്..
ദൂരെ നിന്നും ഒരു സൈക്കിളിൽ വരുന്നു..
തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ കണ്ടു..
ഷെക്കീർ ആണ്...
അവൻ അടുത്തെത്തി....
"ആരാടാ അത് ...? "
ഷെക്കീറിന്റെ അ ശബ്ദത്തിൽ ഭയം കലർന്നിരുന്നു.
ഇരുട്ടിൽ നിന്നുംവെളിച്ചത്തിലേയ്ക്ക് നീങ്ങി നിന്നു.
എന്റെ മുഖം കണ്ടതും.. അവൻ ഭയന്നു....
"പ്രേതം...." അവൻ സൈക്കിളുമായ് മലർന്നടിച്ച് വീണു.ബോധം പോയിരിക്കുന്നു.. അവന്റെ
ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു..
വീട്ടിലെ നംബർ ഡയൽ ചെയ്തു.
കോൾ ആരും അറ്റൻഡ് ചെയ്യുന്നില്ല..
നാലാമതും കോൾ ചെയ്തപ്പോൾ എടുത്തു..
ഷേർളി ആണ്....
"ഹലോ.... "എന്റെ ശബ്ദം അവൾ തിരിച്ചറിഞ്ഞു..
"ഇച്ചായാ.... "ഒരു നിലവിളിയോടെ ഫോൺ കട്ടായ്..
വീണ്ടും വിളിച്ചു. അളിയൻ ആണ് ഫോൺ എടുത്തത്..
ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു..
വിശ്വാസം വരാതെയുള്ള അളിയന്റെ മൂളലുകൾ..
ഈ സമയം വീടെത്തിയിരുന്നു..
എന്നെ കാത്ത് എല്ലാവരും പുറത്ത് നിൽപ്പുണ്ടായിരുന്നു.
എല്ലാം പറഞ്ഞ് മനസ്സിലാക്കാൻ സമയമെടുത്തു..
മരണവീട് ജനന വീട് ആയി മാറി..
[വെറും കഥയാണ് ....]
ശുഭം...
നിസാർ VH

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot