നേരം നന്നേ ഇരുട്ടിത്തുടങ്ങിയിരിക്കുന്നു .ഇനി പൂങ്കാവനം കഴിഞ്ഞു വേണം പാലാഴിക്കടവിൽ എത്താൻ.അവസാനത്തെ കടത്തുതോണി മണിച്ചേട്ടന്റെ ആണ്.അതും പോയി കഴിഞ്ഞാൽ പിന്നെ അക്കരെ എത്താൻ ഒരു വഴിയും ഇല്ല .രാത്രിയിൽ അക്കരേക്ക് പോകാൻ ഞങ്ങൾ എട്ട് ഒൻപതു ആളുകൾ കാണും .ടോർച്ചിന്റെ വെട്ടം മെല്ലെ കുറയുന്നു .ജോലിത്തിരക്കിനിടയിൽ ബാറ്ററി മാറാൻ മറന്നു .
നല്ല മഴക്കാറുണ്ട് ,മുത്തച്ചി ഇപ്പൊ മുറ്റത്തിറങ്ങി എന്നെ നോക്കിനിക്കാൻ തുടങ്ങിക്കാണും .എന്താണെങ്കിലും മഴയ്ക്ക് മുൻപ് അക്കരെ എത്തണം . വനത്തിനുള്ളിലെ ഇടവഴിയിലൂടെ നടന്നപ്പോ ..മനസ്സാകെ മണിച്ചേട്ടൻപറയാറുള്ള യക്ഷി കഥകൾ ഉടലെടുക്കാൻ തുടങ്ങി .തോണിയിൽ കയറുന്നവർക്കൊക്കെ എരിവും പുളിയും ചേർത്ത യക്ഷികഥകൾ മണിച്ചേട്ടൻ പറഞ്ഞുകൊടുക്കാറുണ്ട് .ഇത്രമാത്രം പേടിപ്പെടുത്തുന്ന രൂപമുള്ള ഈ വനത്തിന് പൂങ്കാവനം എന്ന് പേര് വരാൻ കാരണം ഇതിനുള്ളിലെ മിക്ക മരങ്ങളും പൂക്കുന്നവയാണ് .നാനാ നിറത്തിലുള്ള പൂക്കളും ,കായ്കളും,കിളികളും ..ഒക്കെയായി വളരെ മനോഹാരിയാണ് പൂങ്കാവനം ,എങ്കിലും രാത്രിയിൽ പൂക്കുന്ന പാലമരവും ഇരുട്ടിനെ വിഴുങ്ങിയ രുപലാവണ്യവും ഒക്കെകൊണ്ട് ഒരു നിഗുഢമായ ദുരൂഹത ആർക്കും തോന്നിപ്പോകും .
പൂങ്കാവനത്തിന്റെ മദ്ധ്യേ ഉള്ള പടുകിളവൻ ആൽ മരച്ചോട്ടിൽ എത്തിയപ്പോഴേക്കും ടോർച്ചിന്റെ വെട്ടം എന്നോട് വിടപറഞ്ഞു.സീൽക്കാര ശബ്ദത്തിൽ കാറ്റ് ആഞ്ഞടിക്കുന്നു ,കുറച്ച് മിന്നാമിനുങ്ങുകൾ കൂട്ടമായി മുൻപിൽ പറക്കുന്നുണ്ട്.ഈ ഭീകര അന്ധകാരത്തിൽ അതെനിക്ക് നിലാവിന് തുല്യമായി തോന്നി.
പെട്ടെന്ന് കാറ്റ് വൃക്ഷ ശിഖരങ്ങളെ പറിച്ചെറിയും വിധം അമ്മാനമാട്ടൻ തുടങ്ങി.ആകാശത്തുനിന്ന് ആരോ അമ്പെയ്യും പോലെ കൊള്ളിയാൻ മിന്നുന്നു .ഇടിമുഴക്കം കുടെ ആയപ്പോഴേക്കും എന്റെ ഉള്ളിൽ ഭീതി ചിറകുവിരിക്കാൻ തുടങ്ങി .ആ രാത്രിയിലും ഞാൻ വിയർക്കുകയായിരുന്നു .അപ്പോൾ എവിടെനിന്നോ ഒരു മാസ്മര ഗന്ധം എന്റെ നാസികകളെ തേടിയെത്തി ,അതെ പാലപ്പൂവിന്റെ സുഗന്ധം .അത് എന്റെ സമീപത്തേക്ക് വരുന്നതുപോലെ ,...എന്റെ ഹൃദയമിടിപ്പുകൾ വർധിച്ചു ....പെട്ടെന്ന് ഒരു കൊള്ളിയാൻ വീശി .ആ വെളിച്ചത്തിൽ ഞാൻ കണ്ടു ...പാലപ്പൂവിന്റെ നിറമുള്ള സൂര്യകാന്തി പോലെ മെയ്യഴകുള്ള ഒരു ഗാന്ധർവ്വ സുന്ദരി .....അവളുടെ നനുനനുത്ത മയിൽപീലിപോലെ മാർദ്ദവമാർന്ന കൈകൾ എന്റെ വിരലുകളിൽ സ്പർശിച്ചു ...അവളെ അനുഗമിച്ചുകൊണ്ട് ഞാൻ നടന്നു .
കാറ്റത്താടുന്ന മരങ്ങളോ ,കുത്തഴിച്ച് വിട്ട പേമാരിയോ ,അന്ധകാരത്തിന്റെ ആറാട്ടോ ....ഞാൻ ഒന്നും അറിഞ്ഞില്ല .ഭാരം കുറഞ്ഞ ശരീരവുമായി ആ വശ്യ ഗന്ധത്തിൽ ഉന്മാദനായി ഒരു ചിത്രശലഭത്തെ പോലെ ഞാൻ പറക്കുകയായിരുന്നു. പാലപ്പൂവിന്റെ ഗന്ധവും ...ആദ്യത്തെ മഴത്തുള്ളിയെ ആർത്തിയോടെ ആലിംഗനം ചെയ്യുന്ന വരണ്ട മണ്ണിന്റെ കുളിർത്ത മണവും .....ഞാൻ ഒരു മഞ്ഞുതുള്ളിപോലെ അലിയുകയായിരുന്നു......
ഭയങ്കര ശബ്ദകോലാഹലം കേട്ടാണ് ഞാൻ കണ്ണുതുറന്നത് .ആരൊക്കെയോ ഉറക്കെ നിലവിളിക്കുന്നു .പാലാഴിക്കടവിൽ നിറയെ ആൾക്കൂട്ടം ...ഞാൻ ചുറ്റും നോക്കി ..കുറെ പാലപ്പൂക്കൾ പരവതാനി വിരിച്ചപോലെയുള്ള മണ്ണിൽ ഞാൻ ഉറങ്ങുകയായിരുന്നു .ഒന്നും ചിന്തിക്കാതെ ഞാൻ കടവിലേക്ക് ഓടി ....കാര്യം അന്വേഷിച്ചപ്പോ മനസൊന്നു പിടഞ്ഞു . ഇന്നലത്തെ കൊടുംകാറ്റും പേമാരിയും കൂടെകൊണ്ടുപോയത് മണിച്ചേട്ടന്റെ കടത്തുവള്ളവും അതിലുള്ള മറ്റ് ആളുകളെയും ആയിരുന്നു .....ഇപ്പോൾ മൃതുദേഹങ്ങൾക്കായുള്ള തിരച്ചിൽ നടക്കുകയാണ് ...
ഞാൻ ഒന്നും മനസിലാവാതെ തരിച്ചു നിന്നു.പെയ്തൊടുങ്ങിയ ആദ്യത്തെ മഴക്ക് പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പൂങ്കാവനത്തിൽ മൊട്ടുകൾ വിരിയുന്നു ,...എന്റെ കൈത്തലത്തിൽ അമർന്നു ഞെരിഞ്ഞ ഒരു പാലപ്പൂ ......അവൾ ആരായിരുന്നു ??? മണിച്ചേട്ടൻ പറയുന്ന കഥകളിലെ യക്ഷിയോ ??അതോ ആരും ഇതേ വരെ പറഞ്ഞിട്ടില്ലാത്ത ഏതോ കഥയിലെ മാലാഖയോ ??
ഒന്നും പറയാനാവാതെ നിർവികാരതയോടെ ഞാൻ പൂങ്കാവനത്തിലേക്ക് നോക്കി .....നേർത്ത സൂര്യ കിരണങ്ങൾക്കൊപ്പം കാറ്റത്താടി ഒരു നിഴൽ അപ്പോൾ പാലമരത്തിൽ ഒളിച്ചുവോ ????.......
jaya .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക