എട്ടാം ക്ലാസ്സിനു ശേഷമുള്ള വേനലവധിക്കാലത്ത് സൈക്കിള്‍ ചവിട്ട് പഠിയ്ക്കണമെന്ന മോഹമങ്ങു കലശലായി. ആ മോഹം കൊണ്ടെത്തിച്ചതോ അമ്മായീടെ മകന്‍റെ "ഹീറോ പോലെയുള്ള" ഒരു സൈക്കിളിലും. അനേകം തവണ രൂപമാറ്റം നടത്തിയിട്ടുള്ളതിനാല്‍ ഹീറോ സൈക്കിള്‍ക്കമ്പനിക്കു പോലും, അത് സ്വന്തം ഉത്പന്നമെന്ന്‍ തിരിച്ചറിയുക പ്രയാസം. ആ വിദ്യ പഠിയ്ക്ക്വേം വേണം, എന്നാല്‍ പഠിയ്ക്കുന്നതാരും കാണാനും പാടില്ല, എന്നൊരു രഹസ്യ അജണ്ട (ബ്ലഡി നാണം) ഉള്ളിലുള്ളതിനാല്‍ റോഡില്‍ ആരുടെയും നടമാട്ടം ഇല്ലാത്ത "നട്ടുച്ച" നേരമാണ് പരിശീലത്തിനു തെരഞ്ഞെടുത്തത്. പരിശീലകന്‍ ഇല്ലാത്തതിനാല്‍ ബാലന്‍സ് കിട്ടാനൊരുപാടു സമയമെടുത്തെങ്കിലും, ദിവസങ്ങള്‍ക്കൊണ്ട് ഒരു വിധം "സീറ്റിനു മുന്നിലായുള്ള തണ്ട്"-ല്‍ ഇരുന്ന് ചവിട്ടാമെന്നായി. പൊക്കക്കൊറവില്ലായ്മക്കൊറവ് വേണ്ടോളമുണ്ടായിരുന്നതിനാല്‍, ഈ തണ്ടിലിരുന്നാല്‍ പോലും നിലത്തേയ്ക്ക് കാലെത്തുന്ന കാര്യം ശൂന്യ ശൂന്യഹ. അതിനാല്‍ത്തന്നെ റോഡ് സൈഡിലെ സര്‍വ്വേക്കല്ലോ അല്ലെങ്കില്‍ അത് പോലെ പൊക്കമുള്ള എന്തേലുമോ റഫറന്‍സ് പോയിന്റ് ആക്കി ഏന്തിവലിഞ്ഞിട്ടാണെങ്കിലും ആ ചവിട്ടല്‍ തുടര്‍ന്നു.
ഈ പ്രവൃത്തി പരിചയം വച്ച് ഒരിക്കല്‍ അമ്മവീട്ടില്‍ പോയപ്പോള്‍ അമ്മാവന്‍റെ സൈക്കിള്‍, അനുവാദമില്ലാതെ എടുത്തങ്ങ് ചവിട്ടി. പരിചയമില്ലാത്ത വഴിയായതിനാല്‍ കാലുകുത്താന്‍ പറ്റിയ ഒരു സര്‍വ്വേക്കല്ല് തേടിയലഞ്ഞു തളര്‍ന്നപ്പോള്‍ ദാ ഒരു കല്ല്, ശ്രീരാമന്‍റെ പാദസ്പര്‍ശത്തിനായി കാത്തുകിടക്കുന്ന അഹല്ല്യയേപ്പോല്‍, കണ്മുന്നില്‍. ഒറ്റക്കുതിപ്പിന് കല്ലിനരികിലെത്തി, കാലുകുത്തിയത് മാത്രം ഓര്‍മ്മേണ്ട്... അലറിക്കരഞ്ഞ് കെട്ടിമറിഞ്ഞു വീഴുകയായിരുന്നു മ്മടെ ശ്രീരാമന്‍. ഏതോ സാമദ്രോഹി ആ സര്‍വ്വേക്കല്ലിന്‍റെ പുറത്തൊരു മുട്ടന്‍ മുള്ള് വച്ചിരുന്നു, അത് കാലില്‍ തറഞ്ഞു കേറിയതായിരുന്നു. ചെരിപ്പിടീലൊന്നും അന്നില്ലായിരുന്നൂന്ന് പ്രത്യേകം പറയേണ്ടല്ലോ. ചുറ്റും നോക്കി, ഭാഗ്യം !! ആരും കണ്ടില്ല... പിന്നെ ആ മുള്ളൂരിക്കളഞ്ഞ് അതവിടെ വച്ചവന്‍റെ പിതാവിനെ മനസ്സില്‍ സ്മരിച്ച്, പിന്നേം കസര്‍ത്ത്. ചെറിയമ്മേടെ വീട്ടിലേയ്ക്കിറങ്ങുന്ന വഴിയില്‍ വര്‍ത്തമാനം പറഞ്ഞു നിന്നിരുന്ന ഏതോ രണ്ടുപേര്‍ക്കിടയില്‍ ഇടിച്ചുകേറി, അതിലൊരാളുടെ നെഞ്ചത്തോട്ട് വീണതോടെ സംഭവം ക്ലീന്‍. ഏറെ വൈകാതെത്തന്നെ, അനന്തരവന്‍ ആളെക്കൊല്ലാന്‍ നടക്ക്വാന്നുള്ള ആ വാര്‍ത്ത, ഇടിത്തീ പോലെ അമ്മാവന്‍റെ കാതിലുമെത്തി, അതോടെ ആ സൈക്കിള്‍ കിട്ടില്ലെന്നുറപ്പായി. സൈക്കിള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച്‍, അമ്മവീട്ടിലെ പൊറുതി മതിയാക്കി തിരിച്ചു പോരുകയായിരുന്നു.
പിന്നെ വീണ്ടും മ്മടെ ഹീറോ സൈക്കിളില്‍ യജ്ഞം തുടര്‍ന്നു. ഞങ്ങളുടെതന്നു നാട്ടുവഴിയായിരുന്നു, ഇടയ്ക്ക് കാളവണ്ടിയൊക്കെ പോയിരുന്ന ഒരു മണ്‍പാത. കാളവണ്ടി ഒരിക്കല്‍ കടന്നുപോയാല്‍ അതിന്‍റെ ചക്രത്തിന്‍റെ ആഴത്തിലുള്ള പാട്, ഒരു ചാലു പോലെ ദിവസങ്ങളോളം കിടക്കുമല്ലോ. അങ്ങനെ ചാലു രൂപപ്പെട്ടു കിടന്നിരുന്ന ഒരു നാള്‍, സൈക്കിളില്‍ കേറിയുള്ള ഈ കസര്‍ത്തിനിടയില്‍ ദേ ഒരു മീന്‍കാരന്‍ എതിരെ വരുന്നു. അയാള് തന്‍റെ സൈക്കിള്‍ തള്ളിക്കൊണ്ടാണ് വന്നിരുന്നത്, എന്നാല്‍പ്പോലും ഒരാളെ എതിരേക്കണ്ടതിന്‍റെ ടെന്‍ഷനില്‍ കൈവിറച്ച്, മേല്‍പ്പറഞ്ഞ ചാലില്‍ സൈക്കിളിന്‍റെ മുന്‍ചക്രം കുരുങ്ങി ദാ കെടക്ക്‌ണു. അവിടന്ന്‍ തട്ടിപ്പെടഞ്ഞെണീറ്റ ശേഷം, വീഴുന്നത് കണ്ടുനിന്ന അയാളോടന്ന് "സോറി, കൊഴപ്പോന്നും പറ്റീല്ലല്ലോ" എന്ന് ചോദിച്ചതിന്‍റെ ലോജിക് എന്തായിരുന്നോ എന്തോ...
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക