നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബന്ധങ്ങൾ

ബന്ധങ്ങൾ
************
'ഇക്കാ... അറിയാഞ്ഞിട്ടു ചോദിക്ക്യാ...അഞ്ചു മണി വരെയല്ലെ നിങ്ങടെ ഓഫീസ് ടൈം.. പിന്നെ ഇത്രേം നേരം നിങ്ങൾക്കെന്താ പരിപാടി '
ഈ വൈകി വരവ് ഒരു ശീലമാക്കിയപ്പോൾ സഹികെട്ടാണ് ഞാൻ ചോദിച്ചത് ...
'ആ.... ഒരു കോൺഫറൻസ് ഉണ്ടായിരുന്നു' ഇക്ക എന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
'രാത്രി പന്ത്രണ്ടു മണിക്കോ' അദ്ദേഹം ക്ലോക്കിലേക്കു നോക്കി.,,.. പന്തണ്ടു കഴിഞ്ഞിരിക്കുന്നു.
'ആ ... അതു കഴിഞ്ഞ് ഞങ്ങളോരോന്ന് പറഞ്ഞിരുന്ന് നേരം പോയി ... അല്ലെങ്കിലും നീയെന്തിനാ ഇങ്ങനെ ചോദ്യം ചെയ്യുന്നത്?'
എന്റെ ചുണ്ടുകൾ വിറച്ചു .... എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും എന്റെ നാവ് മരവിച്ച പോലെ ...
എന്നും കൃത്യം ആറിനു വീട്ടിലെത്തിയിരുന്ന ആളാ... ഇപ്പോൾ രാത്രി ഒത്തിരി വൈകുന്നു .... ഭക്ഷണം കഴിച്ചിട്ടേ വരൂ... രാവിലെ നേരത്തെ പോകുന്നു.... എന്താ ഇതിന്റെയൊക്കെ അർത്ഥം? എന്റെ മനസിൽ സംശയത്തിന്റെ വിത്ത് വീണ് മുള പൊട്ടിത്തുടങ്ങിയിരുന്നു.ഇതേതായാലും ഇങ്ങനെ വിട്ടാൽ പറ്റില്ല...???
പിറ്റേന്നു രാവിലെയും ഇക്ക നേരത്തേ ഇറങ്ങി. ഞാൻ ഒന്നും ചോദിച്ചില്ല... അല്ലെങ്കിൽ തന്നെ ചോദിച്ചിട്ടെന്തു കാര്യം....??
അന്ന് മക്കളെ സ്കൂളിൽ പറഞ്ഞു വിട്ട ശേഷം ഞാൻ വിറക്കുന്ന കൈകളോടെ ഫോണെടുത്ത് ഇക്കാടെ കൂടെ ജോലി ചെയ്യുന്ന ജയാ മാഡത്തിന്റെ നംബർ ഡയൽ ചെയ്തു .
'ഹലോ.... ഐഷൂ... ഞാൻ നിന്നെ വിളിക്കാനിരിക്കയായിരുന്നു... '
'എന്താ മാഡം...??'
'അതേയ്.....ഷരീഫിന്റെ പോക്കത്ര ശരിയല്ലാ ട്ടൊ ' ഞാൻ ഇടി വെട്ടേറ്റതു പോലെ നിന്നു. അങ്ങനൊരു സംശയം തോന്നിയതു കൊണ്ടു തന്നെയാണ് അവരെ വിളിച്ചത്.... എങ്കിലും 'നീ അവനെ തെറ്റിദ്ധരിച്ചിരിക്കയാ ഐഷൂ'ന്ന് ളള മറുപടിയാണ് പ്രതീക്ഷിച്ചത്... ഇതിപ്പോൾ...
' ഐഷു... നീയെന്താ ഒന്നും മിണ്ടാത്തെ.... ഞാൻ പറയുന്നതു കേൾക്കുന്നുണ്ടോ....??' അതും കൂടി കേട്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി.
കുറച്ചു ദിവസങ്ങളായി ഇക്ക ജോഗിങ്ങിനു പോലും പോവാതെ അതിരാവിലെ വീട്ടിൽ നിന്നിറങ്ങുന്നതും.... വരാൻ ഒത്തിരി താമസിക്കുന്നതും ......ചോദിച്ചാൽ എവിടെം തൊടാതെ മറുപടി പറയുന്നതും ..... ചില ദിവസങ്ങളിൽ അസമയത്ത് ഫോൺ കാൾ വരുന്നതും എല്ലാം ഞാൻ മാഡവുമായി പങ്കു വെച്ചു.
മാഡം എന്നോടു പറഞ്ഞ കാര്യങ്ങൾ അതിനേക്കാൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.
' ഐഷു..... ഞങ്ങൾക്കും ചില സംശയങ്ങളൊക്കെയുണ്ട്.... ഇവിടെ അടുത്തൊരു വീട് അവൻ വാടകയ്ക്കെടുത്തിട്ടുണ്ട്...... രാവിലെ നേരത്തെ അവനവിടെ എത്തുന്നുണ്ട്... അതുപോലെ ഓഫീസിലെത്തിയാൽ സമയം കിട്ടുമ്പോഴൊക്കെ അവിടെ പോവും.... ഓഫീസ് ടൈം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പഴും അവന്റെ വണ്ടി ആ മുറ്റത്തുണ്ടാവും. പിന്നെ.... പിന്നെ..... ഒരു പെൺകുട്ടിയാണ് അവിടെ താമസിക്കുന്നത്...' എന്റെ കണ്ണിൽ ആകപ്പാടെ ഇരുട്ടു കേറി...... ഒന്നു കരയാൻ പോലും മറന്ന് അങ്ങനെ നിന്നു.....
വിഷമിക്കേണ്ടെന്നും... ഇതെങ്ങനെയെങ്കിലും പരിഹരിക്കാൻ സഹായിക്കാമെന്നും ഉറപ്പു തന്ന് ജയാ മാഡം ഫോൺ വെച്ചെങ്കിലും... എനിക്ക് ഒരു സമാധാനവുമുണ്ടായിരുന്നില്ല.....
അന്ന് ഞാൻ ആറു മണി കഴിഞ്ഞപ്പോഴേക്കും ഇക്കാനെ നിരന്തരം ഫോൺ ചെയ്തു കൊണ്ടിരുന്നു. 'ഞാൻ അൽപം വൈകു 'മെന്നു തന്നെയാണ് മൂപ്പർക്ക് പറയാനുള്ളത്......
'ഇന്നും വൈകിയാൽ ഈ ഐഷു ആരാന്ന് നിങ്ങളറിയും...'
എന്റെ സ്വരത്തിലെ ഭീഷണി ഇഷ്ടപ്പെടാഞ്ഞിട്ടാവണം ...... ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.... ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു.... പക്ഷെ ഫോൺ സ്വിച്ച്ഡ് ഓഫ് ..... ഞാൻ ആകെ പുകഞ്ഞു....
അന്ന് പക്ഷെ ഇക്ക അൽപം നേരത്തെ എത്തി. ജയാ മാഡം പറഞ്ഞ കാര്യങ്ങൾ ഓർത്തപ്പോൾ എനിക്കാ മുഖത്തേക്കു പോലും നോക്കാൻ തോന്നിയില്ല......
'എന്താടീ ...???ഗൗരവത്തിലാണല്ലോ... '
ഒരു തുടക്കം കിട്ടാൻ കാത്തിരിക്കയായിരുന്നു ഞാൻ ........
'രാവിലെ ഒരുങ്ങിക്കെട്ടി കണ്ടവളോടൊപ്പം അഴിഞ്ഞാടാൻ പോകുന്ന നിങ്ങളോടൊക്കെ പിന്നെങ്ങനാ വേണ്ടത്....'
പറഞ്ഞു തീരുന്നതിനു മുമ്പെ ' ടീ ' എന്നൊരലർച്ചയോടെ ഇക്ക എന്റെ കഴുത്തിന് പിടിച്ചു...... ആ കൈകൾ മുറുകി.... എനിക്കു ശ്വാസം മുട്ടി..... കണ്ണു നിറഞ്ഞു..... മക്കൾ പേടിച്ചു കരയാൻ തുടങ്ങി......
ഇക്കാന്റെ ഫോൺ റിംഗ് കേട്ടപ്പോഴാണ് ആ കൈ വിട്ടത്...... ഞാൻ വെപ്രാളത്തോടെ ശ്വാസമെടുക്കുമ്പോൾ കുട്ടികൾ എന്നെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. ഇക്ക ഫോൺ കട്ട് ചെയ്ത് ധൃതിയിൽ കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് പോയി...... എന്നെ ഒന്നു ശ്രദ്ധിച്ചത് പോലുമില്ല. കാറിന്റെ ശബ്ദം അകന്നു പോകുന്നതിനനുസരിച്ച് എന്റെ തേങ്ങൽ ഉയർന്നുയർന്നു വന്നു.
ഞാൻ അപ്പോൾ തന്നെ ജയാ മാഡത്തെ വിളിച്ചു. ഇന്നുതന്നെ ഇതിനു തീരുമാനമുണ്ടാക്കണം.... ഒന്നുകിൽ അവൾ.... അല്ലെങ്കിൽ ഞാൻ ....
ഞങ്ങൾ ഓഫീസിലെ മറ്റുള്ളവരേം കൂട്ടി ആ വീടിനു മുന്നിലെത്തി... കാർ മുറ്റത്തു തന്നെയുണ്ട്. ഞാൻ അവിടുത്തെ കുറച്ച് നാട്ടുകാരെം വിളിച്ചു കൂട്ടി... ഇന്ന് രണ്ടിന്റെം തൊലിയുരിക്കണം.... ഒരു തേവിടിശ്ശിക്കു വേണ്ടി എന്നെ ഉപദ്രവിച്ച അയാൾ നാണം കെടണം...... ഈ പണി ഇതോടെ നിർത്തിക്കണം...... എന്റെ വാശി നുരഞ്ഞു പൊങ്ങി.
ഞാൻ തന്നെയാണ് ബെല്ലടിച്ചത്...... അയാൾ വാതിൽ തുറന്നു..... ആദ്യം എന്നെയും പിന്നെ മറ്റുള്ളവരെയും കണ്ട് ആ കണ്ണുകളിൽ അമ്പരപ്പ് നിറയുന്നത് എനിക്ക് കാണാമായിരുന്നു.... പിന്നാലെ അവളും.....
'ആരാ ഇവരൊക്കെ....??'
'ഓ...ചോരേം നീരുള്ള ഞാനവ്ടെണ്ടായിട്ടും നിങ്ങക്ക് കെടന്ന്ട്ട് കെടപ്പൊറക്കാത്തത് ഇവളെ കണ്ടിട്ടാ ലെ....'
'അനാവശ്യം പറയരുത് '
'ഓ.. നമ്മളു പറയുന്നില്ലേ... നിങ്ങളു ചെയ്തോളിം'
അതോടെ അവിടെ കൂടിയവരും മുറുമുറുപ്പ് തുടങ്ങി.
' ഐഷൂ ... വായിത്തോന്നിയതു വിളിച്ചു പറയാതെ ഞാൻ പറയുന്നതൊന്ന് കേൾക്ക് ' എന്നും പറഞ്ഞ് അയാളെന്റെ കൈ പിടിച്ച് അകത്തേക്ക് വലിച്ചുകൊണ്ടു പോയി അടഞ്ഞു കിടന്ന മുറിയുടെ വാതിൽ തുറന്നു...
അതിനകത്തെ കട്ടിലിൽ ചുരുണ്ടു കിടക്കുന്ന രൂപത്തെ കണ്ട് ഞാൻ ഞെട്ടിപ്പോയി...... ഇക്കയുടെ ഉമ്മ....!!!
കഴിഞ്ഞ കുറെ വർഷങ്ങൾ ഉമ്മ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. എന്റെ മക്കളേം നോക്കി പണികളും ചെയ്തു തന്ന്...... അതിനിടെ ഉമ്മ കിടപ്പിലായതാണ്.,,, പരാശ്രയമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ... അപ്പോഴാണ് ഉമ്മ ഒരു ശല്യമായി എനിക്കു തോന്നിയത്.... ഇക്കാക്ക് ഉമ്മയോട് ഒത്തിരി സ്നേഹമായിരുന്നിട്ടും എന്റെ വാശിക്കു വഴങ്ങിയാണ് ഉമ്മയെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയത്...... പിന്നെ ഉമ്മയെങ്ങനെ ഇവിടെയെത്തി...... എനിക്കൊരെത്തും പിടിയും കിട്ടിയില്ല......
ഞങ്ങളുടെ പിറകെ വന്ന ജയാ മാഡം ഏതാണ്ട് കാര്യങ്ങൾ മനസ്സിലാക്കി ആൾക്കൂട്ടത്തെ പിരിച്ചു വിട്ടിരുന്നു.അവർ ഇക്കയോട് വിവരങ്ങൾ തിരക്കി......
'മാഡം.....ഇവൾക്ക് വെറുപ്പാണെന്നു വെച്ച് എനിക്കെന്റെ ഉമ്മയെ ഉപേക്ഷിക്കാൻ പറ്റില്ല... ഉപ്പയില്ലാത്ത എന്നെ ഞാനാക്കിയത് എന്റെ ഉമ്മയാണ്.... അതു പറഞ്ഞാൽ ഇവൾക്കു മനസിലാവില്ല..... അതെങ്ങനെ..... സ്നേഹത്തിന്റെ വില ഇവൾക്കറിയില്ലല്ലോ.... '
എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
'ഇനിയൊരു പെറ്റുമ്മയെ എനിക്കു കിട്ടില്ല......... പക്ഷെ ഭാര്യയെ വെറെയും കിട്ടും....... എന്നിട്ടും അത് ചെയ്യാത്തത് ........ ഇവളെ എനിക്കത്രേം ഇഷ്ടായതോണ്ടാ.......' തല കുനിച്ച് നിൽക്കുന്ന എന്നെ ചൂണ്ടി ഇതു പറയുമ്പോൾ ഇക്കാന്റെ ശബ്ദമിടറിയിരുന്നു..... ഒരു മരവിപ്പോടെ നിൽക്കുമ്പോഴും എന്റെ കണ്ണുകളിലെ രോഷം മാഞ്ഞ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.... ജയാ മാഡം ഇക്കയോട് സോറി പറഞ്ഞിറങ്ങി....
എന്റെ ഉമ്മയെ ആങ്ങളമാർ സദനത്തിൽ ചേർത്തപ്പോഴും 'നിന്റുമ്മയല്ലെ.... ഇങ്ങോട്ടു കൊണ്ടു പോരെന്ന് ' പറഞ്ഞ ആളാണ് ഇക്ക... അതൊരു ശല്യമാവുമെന്ന് ഭയന്ന് ഞാൻ വിലക്കി്.... എന്നെ വളർത്തിയെന്നു മാത്രമല്ല.... എന്റെ രണ്ടു ഗർഭകാലത്തും പൂർണ വിശ്രമം ആവശ്യമായിരുന്നതിനാൽ എന്റെ ഉമ്മ എന്നെ എത്രമാത്രം പരിചരിചരിച്ചിരുന്നു.... അതു ഞാൻ ഓർത്തതു പോലുമില്ലല്ലോ......എനിക്കു വല്ലാത്ത കുറ്റബോധം തോന്നി.....
' ഐഷൂ..... താനാരാണെന്നു പോലും ഓർമ്മയില്ലാത്ത എന്റെ ഉമ്മയെ നോക്കാൻ എന്നെക്കാൾ ഉത്തരവാദിത്വമുള്ള വേറാരാ ഉള്ളത്...... ആരെയാ ഞാൻ വിശ്വാസത്തോടെ ഏൽപിക്കേണ്ടത്.......?? '
ഞാൻ ഒരു നെടുവീർപ്പുമായി ഒരു നിമിഷം ഉമ്മയെ നോക്കി നിന്നു... എന്നിട്ട് അവരെ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിച്ചു.. ആ പെൺകുട്ടിയും ഒരു ചെറുചിരിയോടെ എന്നെ സഹായിക്കുന്നുണ്ടായിരുന്നു...... ഞാൻ ക്ഷമിക്കണേയെന്ന ഭാവത്തോടെ അവളെ നോക്കി...... പണത്തിനു വേണ്ടിയാണെങ്കിലും തന്റെ ആരുമല്ലാത്ത ഒരു ഉമ്മയെ വളരെ നന്നായി പരിചരിച്ച അവളോട് എനിക്ക് ബഹുമാനമാണ് തോന്നിയത്.
'നിനക്കൊരു സഹായത്തിന് അവളെക്കൂടി കൂട്ടിക്കോ'
കാറിൽ കയറുമ്പോൾ ഇക്ക നിറഞ്ഞു വരുന്ന തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു....
കാറിന്റെ പിൻസീറ്റിൽ അവളോടൊപ്പമിരിക്കുമ്പോൾ ഞാൻ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ എന്റെ ഉമ്മയെ കൊണ്ടാക്കിയ വൃദ്ധസദനത്തിലെ ഫോൺ നമ്പർ തിരയുകയായിരുന്നു.......
മാജിദ നൗഷാദ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot