നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്മൃതി (4) വാർഡ് നംമ്പർ 4 . S 6

സ്മൃതി (4) വാർഡ് നംമ്പർ 4 . S 6
അലീനയ്ക്കും അനീറ്റയ്ക്കും ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ .....
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷൻമാരുടെ നാലാം വാർഡ് . S 6 . ആ കളളിയിൽ ആകെ 10 ബെഡ് മാത്രമേ ഉള്ളു . എനിക്കൊരു ഓപ്പറേഷൻ ഉണ്ട് അതിനു വേണ്ടി അഡ്മിറ്റായതാണ് . ബെഡ് എല്ലാം ഫുള്ളായതിനാൽ താഴെ ഞങ്ങൾ സ്ഥലം കണ്ടെത്തി . അധികം വൈകാതെ തന്നെ എന്റെ ഇരുവശങ്ങളിലും വേറെ രണ്ടു പേർ കൂടി വന്നു . വളരെ പെട്ടെന്ന് സൗഹൃദങ്ങൾ വേരുപിടിക്കുന്ന സ്ഥലമാണ് ആശുപത്രികൾ അതേ പോലെ തന്നെ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ എല്ലാം അവിടെ അവസാനിക്കുകയും ചെയ്യുന്നു . 7-1-17 നാണ് ഞാനിവിടെ എത്തുന്നത് . എന്തായാലും പുതുവത്സരം കലക്കി , ആശുപത്രിവാസം . ഇവിടെ കിടന്നു കൊണ്ട് വാർഷിക വാരഫലം വായിക്കാൻ നല്ല രസമുണ്ട് . വ്യാഴ്ചയാണ് ഓപ്പറേഷൻ . ഇനി അഞ്ചു ദിവസം . ഓപ്പറേഷന്റെ തലേ ദിവസമേ മരുന്നുകൾ ചെയ്യൂ അതുവരെ വെറുതെ ഈ കിടപ്പ് തന്നെ . പുറത്തിറങ്ങി സമയം കളയാനും പറ്റില്ല . ഏത് നേരത്താണ് ഡോക്ടർമാർ എത്തുകയെന്ന് പറയാൻ പറ്റില്ല . സമയം കളയാൻ നല്ലൊരു മാർഗം ഞാൻ കണ്ടെത്തിയതായിരുന്നു . നല്ലെഴുത്തിൽ മുഴുവൻ സമയം മുഴുകുക . കുറേ വായിക്കാം കുറേ എഴുതാം . പക്ഷേ നെറ്റ്വർക്ക് ചതിച്ചു . എന്റെ സിം ഒട്ടും റേയ്ഞ്ച് കാണിച്ചില്ല . കൂട്ട് വന്ന മാമന്റെയും അമ്മായിയുടെയും ഫോണുകൾ റേയ്ഞ്ച് കാണിക്കാതിരിക്കാൻ കൂടുതൽ പരിശ്രമിച്ചു . കൊണ്ടുവന്ന പുസ്തകങ്ങൾ പലകുറി വായിച്ചു . നനഞ്ഞു തീർത്ത മഴകൾ ആയിരുന്നു പ്രധാന കൂട്ട് . ഡയറിയിൽ എന്തൊക്കയോ കുത്തിക്കുറിച്ചു . ഇതിനിടയ്ക്കും കിട്ടുന്ന ഇടവേളകളിൽ വാർഡിലെ മറ്റു രോഗികളുടെ കഥകളിലേക്ക് കടന്നു ചെല്ലും . ഈ മുറിയിലെ പ്രധാന പത്രം ഒരു അമ്മായിയാണ് . എല്ലാവരുടെ കഥകളും അവർ പഠിച്ചു വെച്ചിരിക്കുന്നു , എന്നാൽ ആളുടെ ജീവിതം പഠിച്ചതുമില്ല . രോഗിയായ ഭർത്താവിനെ ശുcശു ഷിക്കാതെ അവർ വാർഡിൽ കഥകൾക്കായി അലഞ്ഞു തിരിഞ്ഞു . നോക്കാൻ ആളില്ലാതെ മൂന്നു പേർ അവിടെ ഉണ്ടായിരുന്നു . അവർക്ക് വേണ്ട ഭക്ഷണം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നവർ എത്തിച്ചു കൊടുത്തു . ഒരാൾ വളരെ അവശനായിരുന്നു അയാളെ ബന്ധുക്കൾ ക്വാഷാലിറ്റിയിൽ കൊണ്ടു വന്നിട്ട് പോവുകയായിരുന്നു . മറ്റൊന്ന് അംഗവൈകല്യമുളള ഒരാളായിരുന്നു . സൗഹ്യദ സംഭാഷണത്തിനിയ്ക്ക് വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ അവൻ മൗനം പൂണ്ട് എന്തോ ആലോചനയിൽ മുഴുകി . അവൻ കുറേ സമയം അതേ ഇരുപ്പിരുന്നു .
മൂന്നാമത്തെ ആൾ ജോസഫ് എന്നൊരാൾ ആയിരുന്നു . അതിരാവിലെ എഴുന്നേറ്റ് കുളിയും മറ്റു കാര്യങ്ങളും ചെയ്ത ശേഷം അയാൾ പുറത്ത് പോകും . വെളളം ചില സമയങ്ങളിലെ ഉണ്ടാകു അതു കൊണ്ടു തന്നെ മിക്കവരും നേരത്തെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കും . ഭക്ഷണം കൊണ്ടു വരുന്ന നേരമാകുമ്പോൾ ജോസഫ് ബെഡിൽ എത്തും . ഭക്ഷണശേഷം നീണ്ടു നിവർന്ന് പുതച്ചുമൂടി ഉറങ്ങും . വന്ന അന്നു മുതൽ അയാളിൽ ഞാൻ കാണുന്ന കാഴ്ച ഇതെല്ലാമാണ് . രാത്രി ഭക്ഷണശേഷം അയാൾ അധികാര ഭാവത്തിൽ ലൈറ്റ് ഓഫ് ചെയ്ത് ഫാനും ഓൺ ചെയ്ത് പുതച്ചുമൂടി കിടക്കും . മുറിയിലെ ഞരക്കങ്ങളും അലർച്ചകളൊന്നും അയാൾ ശ്രദ്ധിച്ചില്ല . അയാൾക്ക് സുഖിച്ച് കിടക്കാൻ ഒരിടം അതാണ് ആശുപത്രിയെന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി . രണ്ട് ദിവസമായി ജോസഫിനോട് ബന്ധത്തിലെ ആരെയെങ്കിലും കൊണ്ടുവരാൻ ഡോക്ടർമാർ പറയുന്നു അവരോട് രോഗവിവരം പറയണമത്ര . അതിനു മാത്രം ഇയാൾക്ക് എന്തു രോഗം ? ജോസഫ് ഉത്തരമില്ലാതെ നിന്നു . നാളെ തീർച്ചയായും ആരെയെങ്കിലും അറിയിക്കു ഡോക്ടർ അവസാനമെന്നോണം പറഞ്ഞു . ഡോക്ടർ പോയ ശേഷം അയാളും പുറത്ത് പോയി . എപ്പോഴോ തിരികെ വന്നു . പാതി മയക്കത്തിൽ ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ജോസഫ് കട്ടിലിൽ ഇരുപ്പുണ്ട് . നേർത്ത വെളിച്ചത്തിൽ അയാൾ കണ്ണുകൾ തുടക്കുന്നത് കണ്ടു . എന്തോ എനിക്കും സങ്കടമായി . ഒന്നും അറിയാതെയാണ് ഞാനൊരാളെ വിലയിരുത്തുന്നത് . പിറ്റെന്ന് ഒരു ചെറുപ്പക്കാരൻ ജോസഫിനേ തേടിയെത്തി . ഡോക്ടറുടെ വരവും കാത്ത് അക്ഷമയോടെ അയാൾ ആ മുറിയിൽ നടന്നു . മകനായിരിക്കണം വീണ്ടും വിലയിരുത്തൽ . ഭാര്യയും മക്കളും ആയപ്പോൾ അച്ഛനെ അടിച്ചു പുറത്താക്കിയതായിരിക്കണം . എല്ലാവരും പരസ്പരം കഥകൾ മെനഞ്ഞു . പക്ഷേ എല്ലാവരുടെയും ഊഹാപോഹങ്ങൾ ഡോക്ടറുടെ വരവോടെ മാറി .
നിങ്ങൾ ജോസഫിന്റെ ആരാണ് ? ആ ചെറുപ്പക്കാരനോട് ഡോക്ടർ തിരക്കി .
ഞാൻ......
മറുപടി പറയാൻ കഴിയാതെ ചെറുപ്പക്കാരൻ നിന്നു
എന്റെ അയൽവക്കത്തുള്ളതാണ് , ജോസഫിന്റെ തോണ്ട ഇടറുന്നുണ്ടായിരുന്നു
അപ്പോൾ നിങ്ങൾക്ക് സ്വന്തമായി ആരുമില്ലേ ?
രണ്ട് മക്കളുണ്ട്
അവരെവിടെ ?
ഒരു ഓർഫനേജിൽ നിർത്തിയിരിക്കുന്നു
എത്ര വയസ്സുണ്ട് അവർക്ക് ?
ചെറിയ കുട്ടികളാണ്
ഈ അമ്പതുകാരന് ചെറിയ മക്കളാണെന്ന് കേട്ടപ്പോൾ ഞങ്ങൾക്ക് അകാംക്ഷയുണ്ടാകാം ഒരു വൈദ്യൻ എന്തിന് സംശയിച്ചു നിൽക്കണം .
അടുത്ത കാലത്താണ് ഞാൻ കല്ല്യാണം കഴിച്ചത് , ജോസഫ് പറഞ്ഞു .
അപ്പോൾ ഭാര്യ ?
മരിച്ചു , കിഡ്നിക്ക് അസുഖമായിരുന്നു വീടും പറമ്പും വിറ്റ് അവളെ ചികിത്സിച്ചു , എന്നിട്ടും
അയാളുടെ കണ്ണ് നിറഞ്ഞു തുളുമ്പി .
പ്രായമായ അമ്മയുണ്ട് ബുദ്ധിമാന്ദ്യമുളള ഒരു സഹോദരിയും അവർ ഒരു പളളി വക സദനത്തിലാണ് .
കേട്ടതെല്ലാം വിശ്വസിക്കാനാവാതെ ഞാനിരുന്നു . എല്ലാവരുടെയും അവസ്ഥ അതു തന്നെ ആയിരുന്നു .
ഡോക്ടർ ആ ചെറുപ്പക്കാരനെയും കൂട്ടി പുറത്ത് പോയി . അവർ സംസാരിച്ചു .
തിരികെ വന്ന ചെറുപ്പക്കാരനും ജോസഫും സംസാരിച്ചു . ജോസഫ് എല്ലാം കേട്ടിരുന്നു .
യാത്ര പറഞ്ഞ് ചെറുപ്പക്കാരൻ പുറത്തിറങ്ങി . ഞാൻ പുറകെ ചെന്നു . പുറത്ത് മാമനും അയാളും സംസാരിച്ചു നിൽക്കുന്നതു കണ്ടു ഞാൻ അവരുടെ അടുത്ത് ചെല്ലുമ്പോഴെക്കും ആ ചെറുപ്പക്കാരൻ നടന്നു .
അയാൾ എന്താ പറഞ്ഞെ ? ഞാൻ മാമനോട് തിരക്കി .
ജോസഫ് ചേട്ടന് ക്യാൻസറാണ് , ഡോക്ടർമാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല
ഒരു പ്രഹരം കൂടി .
ഞാൻ വാർഡിലേക്ക് കയറി , ചിലർ ജോസഫിന് ചുറ്റുമുണ്ട് .
അദ്ദേഹം ആരോടെന്നില്ലാതെ പറഞ്ഞു " എന്റെ ഇളയ മോൾ അനീറ്റ ഞാൻ വിളിക്കുന്നതും നോക്കി കാത്തിരിക്കുന്നുണ്ടാകും . കുറച്ച് ദിവസമായി പുതിയൊരു ഉടുപ്പ് വാങ്ങിക്കൊടുക്കാൻ പറയുന്നു . അദ്ദേഹം കീശയിൽ കയ്യിട്ട് കുറച്ച് കാശ് പുറത്തെടുത്തു , നിങ്ങളിലെ ചില നല്ല മനുഷ്യർ തന്നതാ . എന്റെ മക്കളെ കാണാൻ വയ്യ . ഉടുപ്പ് വാങ്ങി അയച്ചുകൊടുക്കണം . അതും പറഞ്ഞ് കണ്ണും തുടച്ച് അയാൾ പുറത്തേക്ക് പോയി . എല്ലാം ഒരു ശിലാ പ്രതിമ പോലെ നോക്കി നിൽക്കാനേ എനിക്ക് ആകുമായിരുന്നുളളു . ആ പൊന്നുമക്കൾക്കു വേണ്ടി ഈ പ്രാർത്ഥന മാത്രം . അവരുടെ അച്ഛന് ആയുസ്സ് നീട്ടികൊടുക്കട്ടെ . അലീനയ്ക്കും അനീറ്റയ്ക്കും ദൈവം നല്ലൊരു ജീവിതം കൊടുക്കട്ടെ.......!
എഴുതിയത് - ശ്രീജിത്ത്
(ശുഭം)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot